Wednesday, December 25, 2013

ഏഴ് സുന്ദര രാത്രികൾ (ഭാഗ്യം ഏഴേ ഉള്ളു !!!)

അനിയാ  ഹാട്രിക്ക്  ഹാട്രിക്ക് ........

അണ്ണാ നിങ്ങൾ  സിനിമ വിട്ടു കായികമായോ ?  ഇവിടെ നാട്ടിൽ സിനിമയുടെ എട്ട് കളി . സച്ചിൻ ദൈവം വിരമിച്ചതോടെ കായിക രംഗത്തിന് താങ്ങ് വില പ്രഖ്യാപിക്കേണ്ട അവസ്ഥ . അപ്പോളാണോ നിങ്ങൾക്ക് കായികജ്വരം?.

അനിയാ  .. ഇതാണ്  നീ ഉൾപ്പെടെയുള്ള  എന്നല്ല സകല മലയാളികളുടെയും കുഴപ്പം കാള പെറ്റെന്നു  കേട്ടാൽ കയർ  എടുക്കും ഞാനിവിടെ  പറഞ്ഞു വന്നത് മലയാളത്തിന്റെ യുഗപ്രഭാവനായ സംവിധായകൻ ലാൽ ജോസ് സമാന നിലവാരത്തിലുള്ള മൂന്നു ചിത്രങ്ങൾ അടുപ്പിച്ചു ചെയ്തു ഹാട്രിക് അടിച്ച കാര്യമാണ്  ഇമ്മാനുവൽ , പുള്ളിപുലി , ഇപ്പോളിതാ ഏഴു സുന്ദര രാത്രികൾ .

അതെന്താ അണ്ണാ ഒരു മാതിരി മുന വെച്ച സംസാരം ....

പിന്നെ എങ്ങനെ സംസാരിക്കണം അനിയാ .. ഇവിടെ മുഖ്യ ധാര പത്രങ്ങളിൽ പോലും ന്യൂസും പെയിഡ് ന്യൂസും തമ്മിലുള്ള വ്യത്യാസം ഇല്ലാതെ ആകുന്ന ഈ കാലത്ത് ആർക്കും സത്യസന്ധമായ അഭിപ്രായം എന്നൊന്ന് എല്ലതയിരുക്കുന്നു  എന്നതല്ലേ സത്യം ?

അങ്ങനെ അടച്ചു പറയാൻ പറ്റുമോ ? അന്നാണ് നല്ലത് എന്ന് തോന്നുന്നത് എല്ലാവർക്കും   തോന്നണം എന്ന് വാശി പിടിക്കുന്നത്‌ ശരിയാണോ ?

ഒരിക്കലും അല്ല അങ്ങനെ  പാടില്ല എന്നാണ് കാലാ കാലമായി ഈ ബ്ലോഗിൽ പറയാറുള്ളതും . എവിടെ പറഞ്ഞത് അതല്ല .ഉദാഹരണത്തിന് വീട്ടിൽ  വരുത്തുന്ന പത്രം മാത്രുഭൂമി ആണ് .ശനിയാഴ്ച സിനിമ സ്പെഷ്യൽ എന്ന് പറഞ്ഞു സിനിമ വാർത്തകൾ മാത്രം ഉൾകൊള്ളിച്ചു നാല് പുറം ഇവർ  എന്നിൽ അടിച്ചു ഏൽപ്പിക്കാറുണ്ട് . അതിൽ ആ ആഴ്ച ഇറങ്ങുന്ന സിനിമയുടെ ഒരു കോളം അഥവാ കോളങ്ങൾ ഉൾപ്പെടുത്താറുണ്ട് . ഇന്നേ വരെ ഒരു സിനിമ പോലും മോശം എന്ന് പറഞ്ഞു ഞാൻ കണ്ടിട്ടില്ല.എന്ന് മാത്രമല്ല ഇവയെല്ലാം തന്നെ ജനങ്ങളെ ആകർഷിച്ചു കൊല്ലുന്നതും രസിപ്പിക്കുന്നതും ആണ്  എന്നാണ് ഇവരുടെ പക്ഷം (കഴിഞ്ഞ ആഴ്ച സൈലൻസ് വരെ മികച്ച ചിത്രം ആയിരുന്നു !!) എന്നിട്ട്  ഇതേ ആൾക്കാരുടെ വാര്ഷിക അവലോകനത്തിൽ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇവയൊന്നും കാണാറില്ല എന്നതും മറ്റൊരു തമാശ . ഇതു ഒരു പത്രത്തിന്റെ മാത്രം കഥയല്ല ബ്ലോഗുകൾ മുതൽ സകല മാധ്യമങ്ങളിലും ഈ പ്രവണത വ്യപകമല്ലേ അനിയാ ? പറഞ്ഞു വരുമ്പോൾ നിന്റെ കാളകൂടം വരെ !!!
 
അണ്ണാ കാട് കേറല്ലേ നമുക്ക് വിഷയത്തിലേക്ക് വരാം . ക്ലാസ്സ്‌ മേറ്റ്സ് എന്ന ചിത്രത്തിന് ശേഷം ജെയിംസ്‌ ആൽബെർട്ട് , ലാൽ  ജോസ് ടീം ചന്തു പൊട്ടും മീശ മാധവനും  തന്ന (രസികൻ , മുല്ല , സ്പാനിഷ്‌ മസാല  ഇതൊക്കെ നമുക്ക് തല്ക്കാലം  മറക്കാം ) ദിലീപ് - ലാൽ  ജോസ് ഇവർ  ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയരുന്നു  (അല്ലെങ്കിൽ നമ്മൾ ഉയർത്തുന്നു ). എങ്ങനെയുണ്ട് അണ്ണാ എന്റെ പഞ്ച് ലൈൻ .പോരെങ്കിൽ ആമേൻ ഫെയിം പ്രശാന്ത്‌ പിള്ളയുടെ സംഗീതം പ്രതീഷ് വര്മയുടെ ചായാഗ്രഹണം  ദിലീപിനെ കൂടാതെ നവയുഗ നായിക റീമ കല്ലിങ്ങൽ , പാർവതി നമ്പ്യാർ  (പുതു മുഖം), മുരളി ഗോപി , ഹരിശ്രീ അശോകൻ, പ്രവീണ,സുരാജ് , ശ്രീജിത്ത്‌ രവി ,വിജയരാഘവൻ , റ്റിനി ടോം , ഡാ തടിയാ ഫെയിം ശേഖർ അങ്ങനെ പോകുന്ന വമ്പൻ  താരനിര.ഇതിൽ കൂടുതൽ എന്ത് വേണമെന്നാ ഈ ദരിദ്രവാസി മലയാളി പ്രേക്ഷകർക്ക്‌?
 
അനിയാ ഇതൊന്നും ഞാൻ ചോദിച്ചതല്ല . എനിക്കാകെ ആവശ്യം ഇല്ലാത്ത കാശും കൊടുത്തു കേറുന്ന എന്നെ രണ്ടു രണ്ടര മണികൂർ പീഡിപ്പിക്കരുത് എന്ന് മാത്രമാണ്  (മറ്റേ പീഡനം അല്ല !!! പഴയ ലിപിയിൽ വായിക്കുക )
 
ശരി ഈ ചിത്രം .. കഥ ....
 
പരസ്യ ചിത്രങ്ങളുടെ സംവിധായകനായ എബിയുടെ വിവാഹ നിശ്ചയത്തോടെ ആണ് ചിത്രം തുടങ്ങുന്നത് . സിനി (റീമ കല്ലിങ്ങൽ ) എന്ന പെണ്‍കുട്ടിയുമായി  മുൻപ്  പ്രേമത്തിൽ ആയിരുന്നു  ഇയാൾ .വിവാഹ നിശ്ചയം വരെ എത്തിയ ആ ബന്ധത്തിൽ നിന്ന്  അവസാന നിമിഷം നിഗൂഡമായ സാഹചര്യത്തിൽ ആ പെണ്‍കുട്ടി പിൻവാങ്ങുകയായിരുന്നു. പിന്നീടു  ടൈസണ്‍ അലക്സ്‌ (മുരളി ഗോപി ) എന്ന ബോക്സറിനെ  കെട്ടി ബംഗ്ലൂരിലോ മറ്റോ കഴിയുകയാണ് സിനി . തന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വന്ന ആൻ (പാർവതി നമ്പ്യാർ ) എന്ന മോഡലുമായി വിവാഹ നിശ്ചയം കഴിഞ്ഞ എബി സിനി കുടുംബ സമേതം നാട്ടിൽ സ്ഥിര താമസം ആക്കി എന്നറിയുന്നത്.ബാച്ചിലർ പാർട്ടി കഴിഞ്ഞു അല്പ്പം മദ്യത്തിന്റെ പുറത്തു രാത്രിയിൽ പൂർവ്വ  കാമുകിയെ കല്യാണം ക്ഷണിക്കാൻ  പോകുന്ന നായകൻ .ഫ്ലാറ്റിൽ ഒറ്റക്കുള്ള , ഭർത്താവുമായി അത്ര സന്തുഷ്ടമല്ലാത്ത ദാമ്പത്യ ജീവിതം നയിക്കുന്ന പൂർവ്വ  കാമുകി ... ( ഈ സാഹചര്യം നമ്മുടെ അനൂപ്‌ മേനോന്റെ കയ്യിലോട്ട്  വല്ലതും കിട്ടണം. എഴുതി തകർത്തേനെ  അദ്ദേഹം !!!എന്ത് ചെയ്യാനാ എറിയാൻ അറിയുന്നവന്റെ കൈയ്യിൽ  ദൈവം കൊല് കൊടുക്കില്ലല്ലോ ) .അവിടുന്ന് തുടങ്ങുന്ന പ്രശ്നങ്ങളിൽ നിന്ന് സിനിമ മുന്നോട്ടു പോകുന്നു  എങ്ങോട്ട് പോകുന്നു എന്ന് മാത്രം ചോദിക്കരുത് .എങ്ങോട്ടൊക്കെയോ പോകുന്നു എന്നതാണ് ഉത്തരം .അവസാനം എല്ലാ ചോദ്യങ്ങള്ക്കും വ്യക്തമായി ഉത്തരം തന്നു (ഉത്തരങ്ങൾ ചിരിപ്പിക്കുന്നത് ആകുന്നത്‌  വിട്ടേക്കാം ) ശുഭമായി സിനിമ അവസാനിക്കുന്നു  .പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ പടം മൊത്തം സീരിയസ് ആണ് .(കുറഞ്ഞ പക്ഷം എന്നാണ്  സംവിധായക ൻ ഉൾപ്പെടെ കാണികൾ ഒഴികെയുള്ള സകലരുടെയും ഭാവം !!!!)
 
അല്ല അപ്പൊ ......
 
അനിയാ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി വരുത്തിയിട്ട് ഒന്നും സംഭവിക്കാതെ പോകുന്നത് മനസിലാക്കാം പക്ഷെ .മുകളിൽ പറഞ്ഞ ഘട്ടം മുതൽ (കല്യാണം ക്ഷണിക്കാൻ പോകുന്ന മുതൽ ) ഏതു  കഥപാത്രവും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന അവസ്ഥയെ  തിരക്കഥാക്രിത്തിന്റെ അശ്രദ്ധ എന്നോ സംവിധായകന്റെ ഗതികേട് എന്നോ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ട്ടം
 
അപ്പൊ അഭിനയം
 
ദിലീപ് പതിവ് പോലെ  (കൂടുതൽ പറയണ്ടല്ലോ ) റീമ കല്ലിങ്കലിനു മിക്ക രംഗങ്ങളിലും നട്ടുച്ചയ്ക്ക് പൊരി വെയിലത്ത്‌   നടു  റോഡിൽ  നിന്ന്  ട്രാഫിക്‌  നിയന്ത്രിക്കുന്ന പോലീസുകാരിയുടെ ഒരു ഭാവമാണ് .(സാരമില്ല കുറച്ചു കൂടി കഴിഞ്ഞാൽ അതും ശീലമായി കൊള്ളും  മലയാളി പ്രേക്ഷകന് !!!)  പുതുമുഖം പാർവതി നമ്പ്യാർ  പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടാകണം അധികം ഉപദ്രവിക്കുന്നില്ല . മുരളി ഗോപിയുടെ ടൈസണ്‍ അലക്സ്‌  ഒരു വ്യക്തിത്വം ഇല്ലാത്ത ഒരു കഥാപാത്രം ആയതു കൊണ്ട് അദ്ദേഹത്തിന് തന്നെ അഭിനയിക്കണോ വെറുതെ നിന്നാൽ മതിയോ എന്ന് ഉറപ്പില്ലാത്ത പോലെയാണ് സംഗതികൾ . ചിത്രത്തിലെ  ഏറ്റവും മിസ്‌ കാസ്റ്റ്  റീമ കല്ലിങ്ങൽ ആണെന്ന് നിസംശയം  പറയാം . മുഖം ഇങ്ങനെ സകല രംഗത്തും  വലിച്ചു പിടിച്ചാൽ  ഈ നടി ഒരു സാധാരണ മലയാളി പെണ്‍കുട്ടി ആയിക്കോളും എന്നാ ധാരണ ആരേലും ഒന്ന് പറഞ്ഞു തിരുത്തി എങ്കിൽ നന്നായിരുന്നു.അടുത്ത കാലത്തായി ദിലീപ് ചിത്രങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം (സ്ഥിരം പ്രശ്നങ്ങ ൾ കൂടാതെ ) നല്ല ഒരു സപ്പോര്ടിംഗ്  കാസ്റ്റിന്റെ അഭാവമാണ്  എന്ന് തോന്നുന്നു 
 
.നടൻ ദിലീപിനോട് ഒരു വാക്ക് ഇത്തരം ചവറു സിനിമകൾ നല്കുന്ന താല്ക്കാലിക വിജയങ്ങളിൽ മതിമറ ന്നവരുടെ ഉദാഹരണങ്ങൾ താങ്കള്ക്ക് മുന്നിലുണ്ട് .അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാൽ സ്വന്തം പരിമിതികളെ മറികടന്ന ഒരു നടനായി താങ്കളെ നാളത്തെ ചരിത്രം വിലയിരിത്തും അല്ലാത്ത പക്ഷം വന്നു പോയ അനേകം മുഖങ്ങളിൽ ഒന്നായി ചരിത്ര ത്തിന്റെ  ചവറ്റു കുട്ടയിൽ ആയിരിക്കും താങ്കളുടെ സ്ഥാനം ഗാനങ്ങൾ ആരുടെയെങ്കിലും മനസ്സിൽ തങ്ങി നിന്നാൽ അവർക്ക് കൊള്ളാം .(എനിക്കൊരെണ്ണം പോലും ഓര്മ വരുന്നില്ല ) പല സ്ഥലത്തും പാട്ടു ചുമ്മാ അങ്ങ് തിരുകുകയാണ്
 
അപ്പൊ ചുരുക്കത്തിൽ .....
 

മറ്റൊരു  നിലവാരം ഇല്ലാത്ത  ചിത്രം  നിലവാരം ഇല്ലാത്തത് എന്നതിനെക്കാൾ  ബോർ അടിപ്പിക്കുന്നത്തു  എന്ന വിശേഷണം ആയിരിക്കും ഈ ചിത്രത്തിന് ചേരുക ...... 

1 comment:

  1. pls post the review of Drishyam.. i heard good reviews about this movie. waiting to hear from you also.

    ReplyDelete