Friday, December 13, 2013

സൈലൻസ് (ത്രില്ലർ എങ്കിൽ ത്രില്ലർ ... ഇന്നാ )

അണ്ണാ ....സൈലൻസ്

ഞാൻ  ഇപ്പോളെ   സൈലന്റ് ആണല്ലോ ? ഇനിയെന്തോന്നു സൈലൻസ്

അതല്ല അണ്ണാ  നമ്മുടെ വി കെ  പ്രകാശ്‌  സംവിധാനം ചെയ്തു സുപ്പർ താരം ഡോ .മമ്മുട്ടി  യും ജോയി മാത്യു വും പിന്നെ അനൂപ്‌ മേനോനും ഒക്കെ അഭിനയിക്കുന്ന സൈലൻസ്  എന്ന പടത്തെ പറ്റിയാണ്  നായിക  പല്ലവി ചന്ദ്രൻ  സംഗതി ത്രില്ലർ  ആണ് എന്താ പോരെ അണ്ണാ ? കണ്ടില്ലങ്കിൽ മോശമല്ലേ

അത് നില്ക്കട്ടെ  അനിയ നീ മഹാഭാരതം വായിച്ചിടുണ്ടോ ?

ഇയാൾ എന്തോന്ന്  ആന എന്ന് പറഞ്ഞാല ചേന എന്നാണോ കേൾക്കുന്നേ? .. ശരി അത് ഇപ്പോ ചോദിയ്ക്കാൻ കാര്യം

 അതിൽ  ഈ മഹാഭാരത യുദ്ധത്തിനു മുൻപ്  പാണ്ഡവ - കൗരവ ഭാഗത്തുള്ള പ്രധാന യോദ്ധാക്കളെ പറ്റി പറയുമ്പോൾ പറയുന്ന ഒരു സംഗതിയുണ്ട് അത് അറിയാതെ ഓർമ്മിച്ചു പോയതാ  ......

അതെന്താ അത് ....

ഇവര ഓരോരുത്തരും മഹാ ധീരന്മാരും പരാക്രമികളും  ഒറ്റയ്ക്ക് ഒരു അക്ഷൗഹിണിയെ  നശിപ്പിക്കാൻ  പ്രാപ്തിയുള്ളവരും ആണ് എന്നതാണ്   പ്രസ്തുത സംഗതി

അല്ല അത് .... ഇവിടെ .....

പൊന്നനിയാ  ഈ മമ്മൂട്ടിയും  വി  കെ  പ്രകാശും  അനൂപ്‌ മേനോനും  ഒക്കെ ഒറ്റയ്ക്ക് തന്നെ  സിനിമ കാണാൻ വരുന്ന പാവങ്ങളെ വെറുപ്പിച്ചു കൈയിൽ  കൊടുക്കാൻ പ്രാപ്തരാണ്  എന്ന് ഇതിനോടകം പലതവണ  തെളിയിച്ചവരാണ് . എന്നി ഇവരെല്ലാം ഒത്തു ചേരുമ്പോൾ ആ സിനിമയുടെ അവസ്ഥ എന്തായിരിക്കും എന്നോർത്ത് പോയതാ .പിന്നെ ഇത്രയൊക്കെ ഉണ്ടെങ്കിലും സംവിധായകൻ വി കെ പ്രകാശിന് വേണ്ടത്ര ആത്മവിശ്വാസം ഇല്ല എന്ന് തന്നെ പറയേണ്ടി വരും . കാരണം എന്തും സഹിക്കുന്ന മലയാള പ്രേക്ഷകർ ഇനി ഇവരെ ഒക്കെ കേറി അങ്ങ് ഇഷ്ടപ്പെട്ടു കളഞ്ഞാലോ എന്ന് ഭയന്നാകണം ഒരു ധൈര്യത്തിന് തിരക്കഥ എഴുതാൻ ഏൽപ്പിച്ചിരിക്കുന്നത്  ശ്രീ വൈ  വി  രാജേഷിനെ ആണ്  (ഗുലുമാൽ , ത്രീ കിങ്ങ്സ്  ഫെയിം ) പോരെ ?

അണ്ണൻ  തമാശ വിട്ടു കാര്യം പറ പടമെങ്ങനെ ? തകർക്കുമോ ?

പിന്നെ തകർക്കാതെ ? അനിയ കഥയുടെ കാര്യം ആദ്യമേ പറയാം . ഹൈക്കോടതി   ജഡ്ജ്  ആയി ചാർജ്  എടുക്കാൻ ഇരിക്കുന്ന അഭിഭാഷകൻ  അരവിന്ദ്  (വേറെ ആര് )  ആണ് കേന്ദ്ര കഥാപാത്രം . ഇദ്ദേഹം നല്ലവനാണ് , മിടുക്കനാണ് , ആ മഹാനഗരത്തിലെ സകല പരിചയക്കാരുടെയും കണ്ണിലുണ്ണിയാണ് (ചില്ലറ അസൂയക്കാരെ ആദ്യ പത്തു മിനിറ്റിൽ തന്നെ മാപ്പ് പറയിച്ചു ഉണ്ണി ആക്കും !!!) , സാദാ സമയവും ഒരു പരസ്യചിത്രത്തിലെ ചിന്താവിഷ്ടനായി അഭിനയിക്കുന്ന മോഡലിനെ പോലെ നടക്കുന്ന ആളാണ്  (ഇവിടെ ആരാധകർക്ക്  "ഹോ എന്തൊരു അഭിനയം എന്ന് ആർത്തു  വിളിക്കാൻ ഒരു pause ), പതിവ് പോലെ  ഒരു കേസിലും പരാജയപ്പെട്ട ചരിത്രമേ ഇല്ല . മീശയിലെ  രണ്ടു ഇഴ നരപ്പിച്ചു എന്ന പാപത്തിനു പ്രായശ്ചിത്തം എന്ന വണ്ണം മുഴുവൻ സമയ മോഡലിംഗ് ആണ്  താരം  ഈ ചിത്രത്തിൽ .പരസ്യ ചിത്രങ്ങളിൽ നിന്ന് വന്ന , ചിലപ്പോളെങ്കിലും ഇന്നും അതിന്റെ കെട്ട് വിടാത്ത ആളെന്ന്   ഞാൻ കരുതുന്ന ശ്രീ വി കെ പ്രകാശ് കൂടെ ആകുമ്പോൾ കോറം തികയുന്നു .അദ്ദേഹത്തിന്റെ ഭാര്യയായി തെസ്നിഖാൻ ചെറുപ്പം ആയതു പോലെ ഉള്ള  പല്ലവി , സുഹൃത്തും ഭാര്യയുടെ പഴയ ആരാധകനും ആയ നീൽ എന്ന പോലീസ് ഉദ്യോഗസ്ഥനായി അനൂപ്‌ മേനോനും  പിന്നെ തൊഴിൽപരമായ അസൂയ ഉള്ള വക്കീൽ മാർക്കോസ്  ആയി ജോയി മാത്യുവും എത്തുന്നു (അസൂയ ഒക്കെ ആദ്യ പതിനഞ്ചു മിനിട്ട് അത് കഴിഞ്ഞാൽ തെറ്റ് മനസിലാക്കി ആരാധകനായി മാറുന്നു .. അല്ല പിന്നെ !!!!)

ആദ്യ  പകുതിയുടെ ആദ്യ പകുതി കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ആദ്യ പതിനഞ്ചു മിനിട്ട്  ഏതൊക്കെയോ നടക്കും എന്ന് സംശയം തോന്നും എന്നതാണ് ഈ ചിത്രത്തിന്റെ ഒരേ ഒരു നല്ല വശം . ജഡ്ജി ആകാൻ തയ്യാറെടുതിരിക്കുന്ന അരവിന്ദിന് ഒരു അജ്ഞാതന്റെ ഫോണ്‍ വരുന്നു . ഇനി മുതൽ സംഗതി പിടി വിട്ടു പോകുന്നു .. ഈ    അജ്ഞാതനു  എന്താണ് വേണ്ടത് എന്ന് നമുക്കും മനസിലാകുന്നില്ല (അരവിന്ദ് ഫുൾ ടൈം ചിന്തയിൽ  ആയതു കൊണ്ട് അങ്ങേർക്കു മനസിലായോ ഇല്ലയോ എന്ന് ആദ്യം ഒരു പിടിയും കിട്ടില്ല !!!)  നിങ്ങൾ ജഡ്ജി ആകാൻ യോഗ്യനല്ല എന്നു ആണ് നമുക്ക്  ആകെ മനസിലാകുന്നത് .

എന്നിട്ട് അതിനു വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ അതി ഭീകരവും . ഏതൊക്കെ ചെയ്യുന്നത്  പണ്ട്  ഒരു സ്ത്രീ പീഡന കേസിൽ അതിലെ പ്രതികൾ ശിക്ഷ കഴിഞ്ഞു ഇറങ്ങിയതിന്റെ തൊട്ടടുത്ത്‌  പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കൊല്ലപ്പെടുന്നു .പോലീസ്  ആ പെണ്‍കുട്ടിയുടെ ഭർത്താവിനെ അറസ്റ്റ്  ചെയ്യുന്നു . അയാൾ ആണെകിൽ പള്ളി വക കൌണ്‍സിലിംഗ് സെന്ററിലെ കൌണ്‍സിലർ  ആണ്  (ആയിരുന്നു ). കേസ് ഒക്കെ കഴിഞ്ഞു  പഴയ ജീവിതത്തിലേക്ക് മടങ്ങി വരുന്ന പെണ്‍കുട്ടി കൌണ്‍സിലിങ്ങിന് പോയപ്പോൾ ഇവർ  അടുക്കുകയും വിവാഹിതർ ആകുകയും ചെയ്തതാണ്. പോരാത്തതിനു പ്രതികൾ   പുറത്തിറങ്ങി കഴിഞ്ഞു ഒരുമിച്ചു കുട്ടിയെ കാണാൻ വരുന്നും ഉണ്ട്  . പക്ഷെ പോലീസ്  നേരെ  പോയി  കൊച്ചിന്റെ ഭർത്താവിനെ അങ്ങ് പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നു അതിനു കാരണം കേസ് അന്വേഷിക്കുന്ന പോലീസ്  ഉദ്യോഗസ്ഥൻ  സുധീർ കരമന പ്രതികളിൽ  ഒരാളുടെ ബന്ധു ആണെന്ന ന്യായവും!!!  (പണ്ട് മോർച്ചറി എന്നൊരു സിനിമ കണ്ടത് ഓർമ വരുന്നു .ജഡ്ജി  ശ്രീവിദ്യ , വിധി പറയുന്ന കൊലക്കേസിലെ പ്രതി മകൻ  രാമു , കേസ് അന്വേഷിച്ചു പ്രതിയെ അറസ്റ്റ്  ചെയ്തത്  ഉദ്യോഗസ്ഥൻ  ശ്രീവിദ്യയുടെ ഭർത്താവും  രാമുവിന്റെ അച്ഛനുമായ പ്രേംനസീർ ,പ്രതിഭാഗം വക്കീൽ ശ്രീവിദ്യയുടെ പഴയ കാമുകൻ മധു !! സംഗതി  അക്കാലത്തു  കുടുംബ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു  എന്നാണ് ഓർമ്മ ).

ഇങ്ങനത്തെ തികച്ചും  ദുഷ്കരമായ കേസിൽ (?) അന്ന്  പ്രതിക്ക് വേണ്ടി ഹാജരായത്  അരവിന്ദ്  ആയിരുന്നു . തന്റെ  ബുദ്ധി ഉപയോഗിച്ച്  ബോഡി കിട്ടാത്തിടത്തോളം കാലം തന്റെ കക്ഷിയുടെ പേരില് കൊലകുറ്റം  ആരോപിക്കാൻ പറ്റില്ല എന്ന അതീവ ബുദ്ധിപൂർവമായ വാദത്തിൽ (അത് പറയാൻ കാണിക്കുന്ന സർക്കസ്  വേറെ ) കോടതി വീഴുന്നു .പ്രതിയെ വെറുതെ വിടുന്നു എന്ന് മാത്രമല്ല പഴയ പീഡക പ്രതികളുടെ  നേരെ  അന്വേഷണം തിരിയാനും ഇതു ഇടയായി (ഇതാണ് വക്കീൽ വക്കീൽ എന്ന് പറഞ്ഞാൽ ). തങ്ങളല്ല  പ്രസ്തുത കൃത്യം ചെയ്തത് എന്ന്  വക്കീലിനെ ബോധ്യപ്പെടുത്താനാണ് പോലും  പഴയ പ്രതികളുടെ അലുമിനി നേരത്തെ കാണിച്ച  അജ്ഞാതന്റെ നിങ്ങൾ യോഗ്യനല്ല എന്ന പരിപാടി സംപ്രേക്ഷണം  ചെയ്തത്  കാണിച്ചത്‌ . അവർ അന്ന് പീഡിപ്പിക്കപ്പെട്ട  കുട്ടിയെ കാണാൻ പോയതു വെറുതെ മാപ്പ് പറയാനും കുട്ടിക്ക് ഒരു സർക്കാർ ജോലി ഓഫർ ചെയാനും ആയിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം അപ്പോളാണ് നായകന അറിയുന്നത് . (സൂര്യനെല്ലി  കേസിലെ വാദിക്കു സർക്കാർ കിട്ടി എന്ന് വെച്ച് കേരളത്തിൽ സർക്കാർ ജോലി കിട്ടാനുള്ള കുറഞ്ഞ യോഗ്യത ഒരു പീഡന കേസിൽ എങ്കിലും വാദി ആയിരിക്കണം എന്നതായോ ആവോ ?)

ഇത്രയും സത്യങ്ങൾ അറിയുമ്പോൾ , ആ കേസ്  ഒന്ന് കൂടി സ്വയം അന്വേഷിച്ചു ശരിയായ പ്രതിയെ കണ്ടു പിടിക്കാൻ നായകൻ  തീരുമാനിക്കുന്നു (നായകനായി ജനിച്ചു  പോയാൽ എന്തൊക്കെ അനുഭവിക്കണം ) ജീവിതത്തിൽ  ഇതു  വരെ തെറ്റ് പറ്റാത്ത ഇദ്ദേഹത്തിനു ഒരു തെറ്റ് പറ്റി  എന്ന്  അറിഞ്ഞാൽ   ഉണ്ടാകുന്ന ഭീകരമായ റിസ്കിനെ പറ്റി സകലരും അദ്ദേഹത്തെ ഉപദേശിക്കുന്നു ഹൈകോടതി ജഡ്ജ് ആകാൻ പോകുന്ന ആൾക്ക്  ഇങ്ങനെ ഒരു തെറ്റ് പറ്റി (?)  എന്നറിഞ്ഞാൽ ....പോയില്ലേ സംഗതി ? ഇയാൾക്ക് പറ്റിയ തെറ്റ് എന്താണാവോ ?എങ്കിലും ധീരനായ അദേഹം അതൊക്കെ പുല്ലു പോലെ അവഗണിച്ചു അന്വേഷണത്തിന്   ഇറങ്ങുന്നു (അല്ല പിന്നെ ) .പൊട്ടിച്ചിരിപ്പിക്കുന്ന ആ അന്വേഷണത്തിന്റെ കരളയിപ്പിക്കുന്ന ക്ലൈമാക്സ്‌  ആണ്  ഒരു അവസാന ഇരുപതു മിനിട്ടോളം .(ചുമ്മാ പറയുന്നതല്ല അണ്ടർ വാട്ടർ  സ്ടുണ്ട്  ഒക്കെയാക്കി സംഗതി അങ്ങ് ആറുമാദിച്ചിരിക്കുവാ . ഇതിനിടെ  ശ്രീനി പറഞ്ഞ ഒരു കമന്റ്‌ എനിക്കങ്ങു ബോധിച്ചു  സുപ്പർ  താരം കരയിൽ  നിന്നിട്ടോ വലിയ അഭിനയം ഒന്നും കാഴ്ച വെയ്ക്കുന്നില്ല ഇനി വെള്ളത്തിൽ  ഇറക്കിയാൽ വല്ലതും നടന്നാലോ എന്ന് കരുതിയാകണം ക്ലൈമാക്സ്‌  വെള്ളത്തിൽ  ആക്കിയത്  എന്നായിരുന്നു അത് !!!!!)നായകൻ തികച്ചും ബുദ്ധിപരമായി സത്യം തെളിയിക്കുന്ന രംഗങ്ങൾ കാണുന്നവർ മനസുകൊണ്ടെങ്കിലും  സംവിധായകൻ വിനയനോട്  അങ്ങേരെ എത്രയും കാലം തെറി  പറഞ്ഞതിന്  മാപ്പ് ചോദിച്ചാൽ നന്ന് .നാട്ടിലൊക്കെ  കമ്പ്യൂട്ടർ ക്ലാസ്സിൽ പഠിക്കാൻ വന്നിട്ട് പഠിത്തം കഴിഞ്ഞു  അവിടെ തന്നെ അധ്യാപകൻ  ആയി മാറുന്ന പോലെ .മനോരോഗത്തിന് ചികിത്സ കഴിഞ്ഞു സൈക്യാട്രി സ്റ്റ്  കൌണ്‍സിലർ ആയി ജോലി എടുക്കുന്ന പോലെയുള്ള കോമഡി വേറെ

അഭിനയം

സുപ്പർ താരത്തെ പറ്റി പതിവ് പോലെ എന്ന് പറയാം അഭിനയിക്കുക എന്നതൊഴികെ  തന്നാൽ കഴിയുന്ന ബാക്കി എല്ലാം ചെയ്യുന്നുണ്ട്  അദ്ദേഹം.നായിക  പല്ലവി  നയൻ താരയുടെ ദേഹത്ത് കാവ്യാ മാധവന്റെ ആത്മാവ് പ്രവേശിച്ച പോലത്തെ സംഭവം , രണ്ടു മിനിട്ടത്തെ പരിഭവത്തിനും കുശുമ്പിനും ശേഷം ജോയ് മാത്യു  സ്തുതി പാഠക  വൃന്ദത്തിൽ പ്രവേശിക്കുന്നു പിന്നെ എങ്ങോ മറയുന്നു . അനൂപ്‌ മേനോൻ  ഗ്രാൻഡ്‌ മാസ്റ്റർ എന്ന സിനിമയിൽ ചെയ്ത നായകന് കുട പിടിക്കുന്ന പണി വൃത്തിയായി ചെയ്തു (ദോഷം പറയരുതല്ലോ ഉള്ളതിൽ ഉപദ്രവം കുറവ് അങ്ങേരെകൊണ്ടാണ് )

അപ്പോൾ ചുരുക്കത്തിൽ ....

പരസ്യ ചിത്രങ്ങളുടെത് പോലുള്ള പശ്ചാത്തലത്തിൽ മോഡലിംഗ്  നടത്തുന്ന മമ്മൂ ട്ടി , പാതി വെന്ത കുറെ സഹ കഥാപാത്രങ്ങൾ , പതിവ് പോലെ അന്തവും കുന്തവും ഇല്ലാത്ത തിരക്കഥ , പൊട്ടിച്ചിരിപ്പിക്കുന്ന ത്രില്ലിംഗ് ക്ലൈമാക്സ്‌ , എന്തിനാണ്  എന്നാർക്കും  പടം കഴിഞ്ഞിറങ്ങുബോളും  മനസിലാക്കാത്ത കുറെ രംഗങ്ങൾ  ഇവയൊക്കെ ആസ്വദിക്കുന്ന ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് നിങ്ങള്ക്ക് വേണ്ടി മാത്രം ഉള്ളതാണ്  . A Real  Must Watch Movie !!!!

7 comments:

 1. Ha ha.the film isnt that bad

  ReplyDelete
 2. ഈ പ്രേക്ഷകന് ഒന്നും അറിയില്ല. മമ്മൂട്ടി കേസ് അന്വേഷിക്കുക ഒന്നും വേണ്ട. മൂപ്പര് ചുമ്മാ ഊഹിച്ചാൽ മതി. ആഗസ്ത് 15 എന്ന സിനിമയിൽ കണ്ടില്ലേ? ഈ ചിത്രം പരാജയപ്പെട്ടെങ്കിൽ അത് ടീം വർക്കിന്റെ കേടാണ്. വിജയിച്ചാൽ അത് നായകൻറെ കഴിവാണ്. അത് അറിയില്ലല്ലേ?

  ReplyDelete
 3. drisyathine kurchu moshamayi ezhuthinnille...padam hit akumennu kelkunnu

  ReplyDelete
 4. ലാലേട്ടന്റെ ദൃശ്യം ഇറങ്ങിയല്ലോ . തരക്കേടില്ലാത്ത അഭിപ്രായമാണ് കേട്ടത്. അതിനെ കൊന്നു കൊല വിളിക്കണ്ടേ??

  ReplyDelete
 5. ദൃശ്യം ഇറങ്ങി. പ്രേക്ഷകന്‍ അറിഞ്ഞില്ലന്ന് തോന്നുന്നു. അതോ, വെറുതെ വല്ലതും എഴുതി വച്ച് ചീത്തവിളി കേള്‍ക്കുമെണ്ണ്‍ പേടിച്ച് മിണ്ടാതിരിക്കുകയാണോ? അതോ ചികഞ്ഞ് ചികഞ്ഞ് കുറ്റങ്ങള്‍ കാണുകയാണോ?

  ReplyDelete
  Replies
  1. അനിയാ വിദ്യഭ്യാസ /പരീക്ഷ സംബന്ധമായ കുറച്ചു തിരക്കുകൾ കാരണം ആണ് കൃത്യമായി അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യാൻ കഴിയാത്തത് . ദൃശ്യം എന്ന സിനിമയെ പറ്റി നല്ല അഭിപ്രായം ഞാനും കേട്ടു. കുറച്ചകലെ ഉള്ള തീയറ്ററിൽ ആയതു കാരണം ആണ് കാണാൻ വൈകുന്നത് .നല്ല സിനിമ ആണെങ്ങിൽ സന്തോഷം മാത്രമേ ഉള്ളു .ഉടനെ എഴുതാമെന്ന് കരുതുന്നു

   Delete