Friday, September 9, 2011

സെവന്‍സ് (Sevens)

വീണ്ടും ഒരു ഓണക്കാലം വരവായി.പൊന്നോണത്തിന് പ്രേക്ഷകരെ ഹരം പിടിപ്പിക്കാന്‍ ഇതാ മലയാളത്തിലെ അനിഷേധ്യ താരങ്ങള്‍ അങ്കത്തട്ടില്‍ കൊമ്പ് കോര്‍ക്കുന്നു .

എന്താടെ ഈ കാച്ചുന്നത്?

ഒന്നുമില്ല അണ്ണാ ഓണമല്ലേ.എന്തേലും ഓളം ഒക്കെ വേണ്ടേ .

ആവശ്യത്തിനു ഓളം നിനക്ക് പ്രണയത്തില്‍ നിന്നും കിട്ടിയില്ലേ .

അതല്ല അണ്ണാ നിങ്ങള്‍ പുതിയ പടം ഏതെങ്കിലും ഒക്കെ കണ്ടു വരുമ്പോളേക്കും ഞാന്‍ ഒരു പശ്ചാത്തലം ഒരുക്കി വെച്ചാല്‍ പിന്നെ എന്നെ പോലയുള്ള നിരൂപകരുടെ സര്‍ഗശേഷി ഉപയോഗിച്ച് കഴിഞ്ഞാല്‍ സംഗതി അങ്ങ് കേറ്റാം.

ഈ അവസാനം പറഞ്ഞത് മാത്രം മനസിലായില്ല എന്തോന്ന് ശേഷി അനിയാ?

സര്‍ഗശേഷി.സംഗതി നിസാരം.ഇപ്പോള്‍ എല്ലാരും ഉഗ്രന്‍ എന്ന് പറയുന്ന ഒരു പരമ കൂറ സൂപ്പര്‍ താരമോ അല്ലാത്തതോ അയ ചിത്രം ഇറങ്ങുന്നു എന്ന് വിചാരിക്കുക.മറ്റേ ശേഷി ഉള്ള എന്നെ പോലെ ഉള്ള ഒരു നിരൂപകന്‍ എന്ത് ചെയും?വളരെ നിസാരം. റേറ്റിംഗ് , മാര്‍ക്കിടല്‍ എന്നൊക്കെ നിങ്ങള്‍ പരിഹസിക്കുന്ന സംഗതി ഉണ്ടല്ലോ.അത് വെറുതെ വെച്ചിരിക്കുന്നത് ആണ് എന്നാണോ വിചാരം?പടത്തിനെ അടിമുടി തെറി പറഞ്ഞിട്ട് കുഴപ്പം ഇല്ലാത്തൊരു റേറ്റിംഗ് കൊടുക്കും അല്ലെങ്കില്‍ തിരിച്ചും.ഇത്രയും ഓളം ഉണ്ടാക്കിയിട്ടും പടം പൊട്ടിയാല്‍ എന്നിക്ക് പിടിച്ചു നില്‍ക്കണ്ടേ അണ്ണാ ?

വേണമെടാ.നീ ഇവിടെ ഒന്നും ജനിക്കേണ്ടാവനെ അല്ല.അതിരിക്കട്ടെ നീ എന്തോ അങ്കം എന്നോ കൊമ്പ് എന്നോ ഒക്കെ പറയുന്നത് കേട്ടല്ലോ.അപ്പോള്‍ നീ സിനിമ എഴുത്തു നിര്‍ത്തിയോ?

നിങ്ങള്ക്ക് അല്ലേലും സിനിമകളുടെ ചരിത്ര പ്രാധന്യം അറിയില്ല.ഈ ഓണം റമദാന്‍ ക്രിസ്മസ് ഈ സമയങ്ങളിലൊക്കെ ഞങ്ങള്‍ മാധ്യമ പുലികളുടെ ചരിത്രപരമായ കടമയാണ് ഈ അങ്കം അനവുന്‍സ്മെന്‍റ് എങ്കിലല്ലേ ഈ പൊട്ടന്മാരായ ആരാധകര്‍ക്ക് ഒരു ഇതു വരൂ .

അത് ശരി ഈ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഇതു സിനിമയാണ് ഓണത്തിന് ഒന്നും പറഞ്ഞു കേട്ടില്ലല്ലോ ?

ഇപ്രാവശ്യം പുതുമയുള്ള കൊമ്പ് കോര്‍ക്കല്‍ ആണ്.മോഹന്‍ലാലിന്‍റെ മാക്സ് ലാബും മമ്മുട്ടിയുടെ പ്ലേ ഹൌസും ആണ് അങ്കത്തിനു.ആദ്യത്തെയാള്‍ (മാക്സ് ലാബും) ഇറക്കുന്ന ഡോക്ടര്‍ ലൌ രണ്ടാമത്തെ ആള്‍ ഇറക്കുന്ന സെവന്‍സ് എന്ന ചിത്രവുമാണ് ചേകവന്മാര്‍ ആയി ഇറങ്ങുന്നത്.ഈ ഗതി ആയോ എന്ന് ചോദിക്കല്ലേ പ്ലീസ് . ഇതില്‍ ഏതെങ്കിലും കണ്ടോ?

കണ്ടെടെ മലയാളത്തിലെ സംവിധാന ഭീഷ്മാചാര്യന്‍ ജോഷി വളരെ കാലത്തിനു ശേഷം (അതോ ആദ്യമായോ?) മുന്‍ നിര താരങ്ങളില്ലാതെ ഒരുക്കുന്ന സെവന്‍സ് എന്ന സിനിമയാണ് ഞാന്‍ കണ്ടത് .

ശരി അതെങ്കില്‍ അത് പറഞ്ഞേ.

ആദ്യം സ്ഥിതി വിവരകണക്കുകള്‍ സംവിധാനം ജോഷി തിരകഥ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറം അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബന്‍ , ആസിഫലി , നവീന്‍ പോളി , ഭാമ , റീമ കല്ലിങ്കല്‍, നദിയ മൊയ്തു, വിനീത് കുമാര്‍ , ഗസല്‍ ഖാന്‍. ക്യാമറ അജയന്‍ വിന്‍സെന്റ് സംഗീതം ബിജിബാല്‍ ഇത്ര ഒക്കെയേ എനിക്കറിയു .

ശരി അതിരിക്കട്ടെ . കഥ ...

ഫുട്ബാള്‍ കളിയ്ക്കാന്‍ ഇഷ്ടമുള്ള മധ്യ വര്‍ഗ കുടുംബങ്ങളില്‍ നിന്നും വരുന്ന ഏഴു ചെറുപ്പക്കാര്‍ (കുഞ്ചാക്കോ ബോബന്‍ , ആസിഫലി,നവീന്‍ പോളി ,........). മിക്കവര്‍ക്കും (എന്നുവെച്ചാല്‍ ഈ ഗ്രൂപ്പിലെ പ്രമുഖ നടന്മാര്‍ക്ക്) അവരവരുടേതായ പ്രശ്നങ്ങള്‍ ഉണ്ട് .ഈ സംഘത്തിലെ അനാഥനായ ശ്യാമും (കുഞ്ചാക്കോ) നഗരത്തിലെ ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയി ജോലി ചെയുന്ന ഗൌരിയും (ഭാമ) ആയുള്ള പ്രണയം ഒരു ട്രാക്ക്.പോരാത്തതിനു ഗൌരിയുടെ ചേട്ടന്‍ അശോകന്‍ ഒരു ഗുണ്ടയും . പോരെ?. മാതാപിതാക്കള്‍ ഉള്ള അസിഫലിയുടെ അമ്മക്ക് കിഡ്നി പ്രശനം. ഡയാലിസിസ്നു വേണ്ടിയുള്ള കാശിനു ബുദ്ധിമുട്ട് ആണ് അങ്ങേരുടെ പ്രശ്നം .ഒരു മാച്ചിനിടയില്‍ ആളു മാറി ഫുള്‍ ചെയ്തു വീഴ്ത്തുന്ന അരവിന്ദന്‍ (വിനീത് കുമാര്‍) എന്ന വിദ്യാര്‍ഥിയുടെ ചികിത്സക്ക് ആയാണ് ഈ സംഘം ആദ്യമായി, നഗരത്തിലെ എന്തിനും ബ്രോക്കെര്‍ അയ ഹബീബിന്റെ (മണിയന്‍പിള്ള രാജു )സഹായത്തോടെ ആദ്യത്തെ ഗുണ്ടാ പണി അഥവാ കൊട്ടേഷന്‍ പണി ഏറ്റെടുക്കുന്നത്.അറിഞ്ഞോ അറിയാതെയോ ഇവര്‍ ഏറ്റെടുക്കുന്ന പണി അവിടുത്തെ അധോലോക നേതാവായ ബേപ്പൂര്‍ ശ്രീധരന്‍ (ജനകന്‍ എന്ന സിനിമയിലെ പോലിസ്.മുരളി) എന്ന ഗുണ്ടാ തലവനു എതിരെ ഉള്ളത് ആയിരുന്നു.പിന്നീടു എളുപ്പത്തില്‍ പണം കിട്ടും എന്നതിനാല്‍ ഇവരുടെ ഓരോ പ്രശ്നങ്ങള്‍ പരിഹരിക്കാനായി വീണ്ടും ഓരോ പണികള്‍ ഏറ്റെടുക്കുന്നു . അതില്‍ ഒരെണ്ണം കര്‍ണാടകത്തിലെ ഒരു അധോലോക രാജാവിന്റെ മകന്‍റെ കൊലപാതകത്തില്‍ അവസാനിക്കുന്നതോടെ കഥ ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്നു. നിയമവും അധോലോക ഗുണ്ടകളും ഇവരുടെ പുറകെ ആകുന്നതോടെ ഈ സംഘം കൂടുതല്‍ പ്രശ്നത്തില്‍ ആകുന്നു.ഇവരെ കൂടാതെ അരവിന്ദന്റെ പെങ്ങളായി റീമ കല്ലിങ്കലും, സിറ്റി പോലിസ് കമ്മിഷണാര്‍ അമല വിശ്വനാഥ് ആയി നദിയ മോയ്തുവും രംഗത്ത് വരുന്നു.

ശരി. കേട്ടിട്ട് കൊള്ളാമല്ലോ പടം എങ്ങനെയുണ്ട് ?


ഈ ചിത്രത്തില്‍ വില്ലന്‍ എന്ന് വിളിക്കാവുന്ന ഒരാളെ ഉള്ളു . തിരകഥ രചിച്ചു നമ്മെ ധന്യമാക്കിയ ശ്രീ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറം. പിന്നെ ഈ സംവിധാനം എന്ന പണിയില്‍ തിരകഥ ഒന്ന് വായിച്ചു നോക്കുന്നത് ഉള്‍പ്പെടില്ല എന്ന് വിശ്വസിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ശ്രീ ജോഷിക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ആകില്ല എന്നാണ് എന്‍റെ അഭിപ്രായം

ശരി അതിലേക്കു നമുക്ക് വരാം അഭിനയം ....?

അനിയാ ഈ ചിത്രത്തിലെ പിള്ളേര്‍ എല്ലാരും അവര്‍ക്ക് കഴിയുന്ന ആത്മാര്‍ഥമായി അഭിനയിച്ചിട്ടുണ്ട് . താന്‍ അഭിനയം തുടങ്ങുന്ന കാലത്ത് ഡയപ്പെര്‍ ഇട്ടു നടന്ന അസിഫലിയുടെ ഒക്കെ കൂട്ടുകാരനായി അഭിനയിക്കുമ്പോള്‍ ഒരിടത്തും കുഞ്ചാക്കോ കല്ല്‌ കടിയാകുന്നില്ല.ആസിഫലി,നിതിന്‍ പോളി മറ്റു പുതുമുഖങ്ങള്‍ ഇവരൊക്കെ നന്നായി അഭിനയിച്ചു.ഇങ്ങനത്തെ ഒരു ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറവായിരിക്കണം എന്നാ ഒരു വിശ്വാസം കൊണ്ടായിരിക്കണം ഭാമ,റീമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്ക് കാര്യമായ പണിയൊന്നും ഇല്ല.സഹിക്കാന്‍ തീരെ പറ്റാത്തത് നദിയ അവതരിപ്പിച്ച പോലീസ് കമ്മിഷണറിനെയാണ് . വാണി വിശ്വനാഥ് മര്യാദക്ക് ചെയ്തു പോകുമായിരുന്ന എന്തിനു ശ്വേത മേനോന്‍ പോലും ഇതിലും നന്നാകുമായിരുന്ന വേഷം ഈ ആയമ്മ കൊളമാക്കി.ആദ്യ സീന്‍ മുതല്‍ (കളിക്കാരെ പരിചയ പ്പെടുന്ന രംഗം മുതല്‍) ഈ പണി എനിക്ക് പറ്റിയതല്ല എന്ന് വിളിച്ചു പറയുന്നതായിരുന്നു അവരുടെ പ്രകടനം.എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ശ്രീ മണിയന്‍ പിള്ള രാജു അവതരിപ്പിച്ച ഹബീബ് എന്ന കഥാപാത്രമാണ്.ജഗതി കഴിഞ്ഞാല്‍ ഒരു പക്ഷെ ഏറ്റവും കഴിവുള്ള ഹാസ്യ നടന്മാരില്‍ ഒരാളാണെന്ന് ഞാന്‍ കരുതുന്ന ശ്രീ രാജുവിനെ എന്ത് കൊണ്ട് മലയാള സിനിമ കൂടുതല്‍ ഉപയോഗിച്ചില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .സര്‍വകലാശാല എന്ന ചിത്രത്തില്‍ ബാക്കി എല്ലാ മികച്ച പ്രകടനങ്ങല്‍ക്കൊപ്പം ഞാന്‍ എണ്ണുന്ന ഒന്നാണ് രാജു അവതരിപ്പിച്ച ചക്കര (ആ കഥാപാത്രത്തിന്റെ ശരിക്കുള്ള പേര് ഒരിടത്തും പറയുന്നില്ല എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ആവൊ ?).ശ്രീ രാജു കുറെ അധികം കാലം കൂടി അവതരിപ്പിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലെത് .പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ ബോംബെ അധോലോകം പശ്ചാത്തലം ആക്കി എഴുതിയ ഇവിടെ എല്ലാവര്ക്കും സുഖം എന്ന നോവലിലെ റുസ്തം എന്നൊരു കഥാപത്രം ഉണ്ട് .മുംബൈയിലെ ഏറ്റവും ഉന്നതങ്ങള്‍ മുതല്‍ ഏറ്റവും താഴെ തട്ട് വരെ പരിചയവും ബന്ധങ്ങളും ഉള്ള , ആ നഗരത്തിന്റെ ആത്മാവു പോലെയുള്ള ഒരു സാധാരണ റിപ്പോര്‍ട്ടര്‍.(വായിച്ചിട്ടുള്ളവര്‍ക്ക് ഓര്‍മ കാണണം). ആ ഒരു നിലവാരത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധ്യത ഉള്ള ഒരു കഥാപാത്രം ആയിരുന്നു ഈ ഹബീബ് . പറഞ്ഞിട്ടെന്തു കാര്യം?അല്ല അതിരിക്കട്ടെ തിരകഥ .. എന്തോ ?

അനിയാ ചില്ലറ കല്ല്‌ കടികള്‍ ( ഈ മലര്‍വാടിയിലെ സംഗീതം പോലെയാണ് ഇതിലെ ഫുട് ബാള്‍ എന്നത് പോലെ ഉള്ളവ) ഒഴിച്ചാല്‍ ഈ ചിത്രത്തിന്‍റെ ഒന്നാം പകുതി കണ്ടിരിക്കാവുന്നതാണ്.യുവ തലമുറയില്‍ പെണ്‍കുട്ടികള്‍ക്ക് മാംസ വ്യാപാരം എളുപ്പം പണം ഉണ്ടാക്കാനുള്ള വഴി ആകുന്നത്‌ പോലെ ചെറുപ്പക്കാരില്‍ കൊട്ടേഷന്‍ പണി എങ്ങനെ അവരെ പതിയെ ആകര്‍ഷിച്ചു എടുക്കുന്നു എന്നിതില്‍ നന്നായി കാണിച്ചിട്ടുണ്ട് .കുട്ടിക്കാലം മുതല്‍ അധോലോക പരിസരത്ത് ജനിച്ചു ജീവിച്ചു വളരുന്ന ഗുണ്ടകള്‍ക്ക് ഒപ്പം തന്നെ മധ്യവര്‍ഗ്ഗ , ഭേദപ്പെട്ട പശ്ചാത്തലത്തില്‍ നിന്നും വരുന്ന പിള്ളേരെ ഗുണ്ട സംഘങ്ങളും ആയി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വരുന്ന ഈ കാലത്ത് ഈ ചിത്രത്തിന്റെ ഒന്നാം പകുതി തികച്ചു സമകാലീനം ആണെന്നാണ് എന്‍റെ വിശ്വാസം . .അധോലോക രാജാവിന്‍റെ മകന്റെ കൊലപാതകത്തില്‍ കൊണ്ട് നിര്‍ത്തുന്ന ഒന്നാം പകുതി കഴിയുമ്പോള്‍ തിരകഥാകൃത്ത് തന്റെ വിശ്വരൂപം പുറത്തെടുക്കുന്നു. തിരകഥാകൃത്ത് എഴുതി തരുന്നത് ചിത്രീകരിക്കുക അന്നതല്ലാതെ തന്‍റെ കുറെയധികം കാലത്തേ പരിചയം ഒരു തുള്ളി പോലും ഈ ചിത്രത്തിന് വേണ്ടി ഉപയോഗിക്കില്ല എന്ന വാശിയോടെ പ്രവര്‍ത്തിക്കുന്ന സംവിധായകനും കൂടെയാകുമ്പോള്‍ ദുരന്തം പൂര്‍ണ്ണം.ഏറ്റവും വൃത്തികേടായി എനിക്ക് തോന്നിയത് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ ആണ്.വിറ്റ്നെസ് എന്ന ചിത്രത്തിലേത് പോലെ ഒരു ക്ലൈമാക്സ്‌ രംഗമോ(അന്വേഷകന്‍ പ്രധാന സൂത്രധാരന്‍ ആകുന്ന രീതി) . അല്ലെങ്കില്‍ അശോകന്‍റെ സുഹൃത്ത്‌ ഒരു ഗുണ്ടയുണ്ട് .അയാളിലേക്ക് എത്തുന്ന ഒരു ക്ലൈമാക്സ്‌ പോലും ഇതിലും ഭേദം ആയിരുന്നു.രണ്ടാം പകുതിയില്‍ ഉടനീളം മനുഷ്യനെ വടിയാക്കുന്ന രംഗങ്ങള്‍ കൊണ്ട് നിറച്ചു വെച്ചിരിക്കുന്നു.ഉദാഹരണം.ഈ സംഘത്തിനു കിട്ടുന്ന മൂനാമത്തെ പണി സൂരജ് (ആസിഫലി) മറ്റു സുഹൃത്തുക്കളെ അറിയിക്കാതെ ഒറ്റയ്ക്ക് ചെയ്യുന്നുണ്ട്.പതിനാറു ലക്ഷം ആണ് അതിനു പ്രതിഫലം.അത് കഴിഞ്ഞു രണ്ടു ലക്ഷം രൂപ പ്രതിഫലം കിട്ടുന്ന,കൊലപാതകത്തില്‍ അവസാനിക്കുന്ന പണി വരുമ്പോള്‍ ആസിഫലി പഴയ കിഡ്നി സെന്ടിമെന്റുമായി മുന്നിലുണ്ട്. (നേരത്തെ കിട്ടിയ കാശു ഇയാള്‍ എന്ത് ചെയ്തു ആവൊ ?) അത് പോലെ നാദിയയോടു ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കുമ്പോള്‍ പറയുന്നു ബേപ്പൂര്‍ ശ്രീധരന്‍റെ പേരില്‍ ഒരു ക്രിമിനല്‍ കേസ് പോലും ഇല്ല എന്ന് .തൊട്ടടുത്ത സീന്‍ കാണിക്കുന്നത് ശ്രീധരന്റെ ഒളിത്താവളം വളഞ്ഞു ആകെ വെടിയും ബഹളവും ഉണ്ടാക്കുനതാണ്.വഴിയെ പോയ വിനീത് കുമാര്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ഈ സംഘത്തിന്റെ കൂടെയാകുന്നു (പ്രകോപനം എന്താണാവോ?) അവസാനം വില്ലന്മാരെയും അവരുടെ ബന്ധുക്കളെയും എല്ലാവരെയും അകത്താക്കി കഴിയുമ്പോള്‍ സംഘത്തില്‍ ഒരുത്തനെ അച്ഛന്‍ പിടിച്ചു ഗള്‍ഫില്‍ കൊണ്ട് പോകുന്നു. അവന്‍റെ കൊല സെന്റി കഴിഞ്ഞു പോയി തരുമ്പോള്‍ ഓട്ടോയില്‍ ഭാമ വന്നിറങ്ങുന്നു. നിങ്ങള്ക്ക് വേറൊരാളെ തരാം എന്ന് പറയുമ്പോള്‍ അവളുടെ ഗുണ്ട ചേട്ടന്‍ അശോകന്‍ (ശ്രീധരന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് പോലീസ് വെടിയേറ്റ്‌ ഇടയ്ക്ക് കുറെ കാലം തളര്‍ന്നു കിടക്കുവായിരുന്നു) ഇറങ്ങുന്നു ഗുണ്ട ആണെങ്കിലും എനിക്കും ഫുട്ബാള്‍ അറിയാം എന്ന് പറയുന്നു. സംഘത്തില്‍ ഒരാള്‍ മരിച്ച ഒഴിവില്‍ ഇയാളെ എടുക്കുന്നതോടെ സിനിമ തീര്‍ന്നു പണ്ടാരം അടങ്ങുന്നു . പോരെ അനിയാ നിനക്ക് ?

ഇങ്ങനെ ചൂടാവല്ലേ അണ്ണാ?

പിന്നെ ചൂടാവാതെ എന്ത് ചെയ്യും ? മലയാളത്തിലെ ഏറ്റവും സീനിയര്‍ സംവിധായകരില്‍ ഒരാള്‍ കാണിച്ചു വെച്ചിരിക്കുന്ന ഉത്തരവാദിത്വം കണ്ടാല്‍ പിന്നെ രോമാഞ്ചം കൊള്ളണോ? താരങ്ങളുടെ ഭാരം ഇല്ലേല്‍ പാവം ഷാജി കൈലാസ് പോലും ഇതിലും നന്നായി പടമെടുക്കും എന്നാണ് എന്‍റെ വിശ്വാസം .പിന്നെ ആകെ കുളം എന്ന് പറയാവുന്ന രണ്ടാം പകുതിയില്‍ എനിക്ക് ആകെ നന്നായി തോന്നിയത് അമല വിശ്വനാഥ് (നദിയ) ഒരു വികലാംഗനായ മനുഷ്യന്‍റെ പടം കൊടുത്തിട്ട് ഏഴംഗ സംഘത്തോട് അയാളെ ഒരു ദിവസം മുഴുവന്‍ നിരീക്ഷിച്ചിട്ടു വരന്‍ പറയുന്ന ഭാഗമാണ്. സംഗതി സാരോപദേശം ലൈന്‍ ആണെങ്കിലും ഒരു മൈതന പ്രസംഗത്തെക്കാള്‍ വളരെ ഭേദം ആയിരുന്നു

ചുരുക്കത്തില്‍ ...

അനിയാ ഗതികേടിന്‍റെ അങ്ങേയറ്റത്ത്‌ നില്‍ക്കുന്ന മലയാളിക്ക് ഈ ചിത്രമൊക്കെ ഒരു നിര്‍വികാരതയോടെ കണ്ടിരിക്കാവുന്നത്തെ ഉള്ളു .പിന്നെ ജോഷി എന്ന വലിയൊരു സംവിധായകനെയും ഈ ചിത്രത്തിന്റെ നല്ല ഒന്നാം പകുതിക്ക് ശേഷം എടുത്തു നശിപ്പിച്ച രണ്ടാം പകുതിയും ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു എന്ന് മാത്രം

11 comments:

 1. ഈ ചിത്രത്തില്‍ പ്രിത്വിരാജോ ദിലീപോ ഇല്ല. ഉണ്ടായിരുന്നെകില്‍ പ്രേക്ഷകന് ഈ ചിത്രം അത്യുത്തമം ആയേനെ
  കരകുളം സാബു

  ReplyDelete
 2. സുരാജ് ഇല്ലാത്തത് കൊണ്ടായിരിക്കും ഇയാള്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടാത്തത് . ഇനി ഈ ബ്ലോഗ്‌ വായിക്കുന്നത് ഞാന്‍ നിര്‍ത്തി .I will never ever dare to read this blog and thsi is my last time here. come on give me a break .
  വൈറ്റില ത്രേസ്യ

  ReplyDelete
 3. അസിഫലിയും, ചാക്കോച്ചനും ഒക്കെ രാജപ്പന് ഭീഷണി അല്ലെ അപ്പോള്‍ പ്രേക്ഷകന് അവരെ ഇഷ്ടപ്പെടാന്‍ പറ്റില്ല. താന്‍ എന്തൊക്കെ പറഞ്ഞാലും സൂപ്പര്‍ താരങ്ങളുടെ വാലില്‍ പിടിക്കാന്‍ ദിലീപിനോ രാജപ്പനോ കഴിയില്ല.മമ്മൂട്ടിയുടെ ചുറുചുറുക്കും ,മോഹന്‍ലാലിന്‍റെ പിലോസഫിക്കള്‍ സോറി ഫിലോസഫിക്കല്‍ ഡയലോഗും ഒന്നും രാജപ്പന് ഒരുകാലത്തും സാധിക്കില്ല എന്ന് എന്റെ വീട്ടില്‍ കറവയ്ക്ക് വരുന്ന വറുതുണ്ണി ഇന്നലെ പ്രണയം കണ്ടിട്ട് പറഞ്ഞതെ ഉള്ളു . ദി ട്രെയിന്‍ വറുതുണ്ണി വ്യാജ സിഡിയിലും കണ്ടായിരുന്നു പ്രണയം സൂപ്പര്‍ ഹിറ്റിലേക്ക് . തേജാ ഭായിക്ക് ആളില്ല പൂഊയി

  പാല സല്‍ഗുണന്‍

  ReplyDelete
 4. മുകളില്‍ പറഞ്ഞിരിക്കുന്ന കമന്റ്‌ ഞാന്‍ തന്നെ വായനക്കാരുടെ സൌകര്യത്തിനായി കൊടുത്തതാണ് . ഇനി വെറുതെ ടൈപ്പ് ചെയ്തു ബുദ്ധിമുട്ടണ്ടല്ലോ :)

  ReplyDelete
 5. ഇനി ഇപ്പൊ പടം കാണണ്ട അല്ലെ.

  ReplyDelete
 6. സൂപ്പര്‍ താരങ്ങള്‍ പ്രയത്തിനോത്ത വേഷം ചെയ്യണം എന്ന് പറയുന്ന പരനാറികള്‍ ...പത്തുമുപ്പത്തി അഞ്ചു വയസ്സും കഴിഞ്ഞു, കഷണ്ടിയും കയറി എന്നിട്ടും കൊച്ചു പയ്യന്മാരോടൊപ്പം അവരുടെ സമപ്രായക്കാരനായി ചിലര്‍ അഭിനയിക്കുന്നത് കാണുന്നില്ലേ ? വിഗ് തലയില്‍ ഫിറ്റ്‌ ചെയ്ത ഇന്ദ്രുമോനും ഇങ്ങനെ തന്നെ ത്രീകിങ്ങിസില്‍ (ക്രിക്കറ്റ്‌ താരങ്ങള്‍ വിരമിക്കുന്ന പ്രായത്തില്‍ സെലക്ഷന്‍ കിട്ടാന്‍ ഓടി നടക്കുന്നു) ..രണ്ടും "യൂത്തന്‍മാര്‍" എന്നാണു ഇപ്പോഴും വെയ്പ്പ് ..ഇവന്റെ ഒക്കെ പ്രായത്തില്‍ ഈ പറഞ്ഞ സൂപ്പറുകള്‍ കന്മദവും , കാലാപാനിയും, സ്ഫടികവും ഒക്കെ ചെയ്യുകയായിരുന്നു ..

  ReplyDelete
 7. താങ്കളുടെ വിവരണം വായിച്ചിട്ട് മാത്രം ഇനി മുതല്‍ ഒരു പടത്തിന്റെ നിലവാരം മനസിലാക്കാന്‍ പറ്റൂല, (തേജാ ഭായിയെ പറ്റി പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ എന്തായാലും അതോടെ നിങ്ങളോട് ള്ള ബഹുമാനം പോയിക്കിട്ടി !)ചുരുക്കത്തില്‍ ഓണത്തിന് കാണാന്‍ കൊള്ളാവുന്ന ഒരു പടവും ഇറങ്ങിയില്ല എന്നര്‍ത്ഥം ആകെ കൂടി കാണാന്‍ കൊള്ളുന്ന സിനിമ ഇതായിരിക്കുമെന്നാ ഞാന്‍ വിചാരിച്ചത്, ഏതയാലും കണ്ടു തന്നെ തീരുമാനിക്കാം

  ReplyDelete
 8. എന്നാലും എന്‍റെ സാദിക്,എന്നോട് ഇത്രയധികം ബഹുമാനം ഉണ്ടായിരുന്നു എന്നൊരു വാക്ക് നേരത്തെ പറയാമായിരുന്നില്ലേ . ഇനി പറഞ്ഞിട്ടെന്താ? പോയത് പോയി .എന്നാലും വലിയ ചതിയായി പോയി :)

  എന്നാല്‍ പിന്നെ കണ്ടിട്ട് കമന്റ്‌ ചെയ്തിരുന്നേല്‍ അഭിപ്രായവും അറിയമായിരുന്നല്ലോ

  ReplyDelete
 9. എന്റെ പൊന്നു മക്കളെ.. ഈ ഓണത്തിനിറങ്ങിയ ഒറ്റപ്പടം പോയിക്കാണല്ലെ. കാശു പോയിക്കിട്ടൂം. ഉലകം ചുറ്റും വാലിബന്‍ ഒക്കെ കളിക്കുന്ന തീയറ്ററിന്റെ അടുത്തുകൂടെ പൊലും പോകാതെ നോക്കുക പറ്റുമെങ്കില്‍ ......

  ReplyDelete
 10. അണ്ണാ,
  ശ്യാം അനാഥന്‍ ആണെങ്കില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിക്കുന്ന ടീച്ചര്‍ ആരാണെന്നു ഒന്ന് പറയാമോ ..?
  അതുപോലെ സിനിമയുടെ ടൈറ്റില്‍ എഴുതിയിരിക്കുന്നത് SEVENES എന്നാണ് .
  ഒരു സിനിമ നിരൂപണം ചെയ്യുമ്പോള്‍ കുറച്ചുകൂടി താങ്കള്‍ ശ്രെദ്ധിച്ചാല്‍ നന്നായിരിക്കും .

  ReplyDelete
 11. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു . ആവര്‍ത്തിക്കാതെ ശ്രദ്ധിക്കാം . ചൂണ്ടി കാണിച്ചതിന് നന്ദി

  ReplyDelete