Monday, November 29, 2010

ഗുസാരിഷ് (Guzaarish)

"നീണ്ട സപര്യക്കൊടുവില്‍ പാരീസിലെ ഇരുണ്ട വീഥികളില്‍ അലഞ്ഞു നടക്കവേയാണ് എല്ലാം കീഴടക്കിയവന് ജീവിതത്തോടു ഒരു വിരക്തി തോന്നും എന്ന് ഞാന്‍..."
"ഡാ, നിറുത്തടാ ...പാരീസില്‍ അലഞ്ഞു നടന്ന് പെണ്ണ് പിടിച്ചും , വെള്ളമടിച്ചും വിരക്തനാവാന്‍ നീയാര് അഭിനവ ബുദ്ധി ജീവി താടി രഞ്ചിത്തോ?"
"അല്ലണ്ണാ, ഒരു ബുദ്ധിജീവി ലൈന്‍ ഉണ്ടാക്കിയെടുത്താല്‍ പിന്നെ ഞാന്‍ എഴുതുന്നതും പറയുന്നതും നമ്മുടെ നാട്ടിലെ കഴുതകള്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയാ ഞാന്‍..."
"അത് ശരി തന്നെ ...പക്ഷെ തത്കാലം നിനക്കതിന് പ്രായമായില്ല. ആകുമ്പോ പറയാം. അത് പോട്ട്, ഇപ്പൊ എന്തോന്ന് എഴുതാനുള്ള പട പുറപ്പാടായിരുന്നടെ ഈ കേട്ടത്"
"അണ്ണാ ഗുസാരിഷ് പടത്തിന്റെ ഒരു നിരൂപണം കാച്ചണം"
"ഓ , നമ്മുടെ സഞ്ജയ്‌ ലീലാ ബന്‍സാലി സംവിധാനം ചെയ്ത പടം . ഹൃതിക്ക് റോഷനല്ലേടെ നായകന്‍ ?"
"തന്നെ . ഐശ്വര്യാ റായി നായികയും "
"പൊളപ്പന്‍ ഡാന്‍സും സ്റ്റണ്ടും ഒക്കെ ഉണ്ടോടെ പടത്തില് ?"
"അണ്ണാ എന്ന് വിളിച്ച നാക്കിനു ഇങ്ങേരു വേറെ വല്ലതും വിളിപ്പിക്കും . അണ്ണാ ഹൃതിക് റോഷന്‍ അവതരപ്പിക്കുന്ന ഈതന്‍ മാസ്ക്കരേനിയസ് എന്ന കഥാപാത്രം ഒരു അപകടത്തില്‍ പരിക്കേറ്റു കഴുത്തിനു താഴേക്ക്‌ ശരീരം തളര്‍ന്ന ലോക പ്രശസ്തനായ ഒരു മജീഷ്യന്‍ ആണ് . സ്റ്റണ്ട് ഒന്നും പടത്തില്‍ ഇല്ല . പക്ഷെ ഈതന്‍ അവതരിപ്പിക്കുന്ന മാജിക് ഷോകള്‍ ഫ്ലാഷ് ബാക്കില്‍ കാണിക്കുമ്പോള്‍ നാലഞ്ച് കലക്കന്‍ ഡാന്‍സുകള്‍ ഉണ്ട്.
അത് ഹൃതിക്ക് ഉഗ്രനായി അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല കഥയുമായി നല്ലത് പോലെ ചേര്‍ന്ന് പോകുന്നുണ്ട് "
"പടത്തിന്റെ കഥ എന്തോന്നടെ? "
"മാജിക് ഷോക്കിടെ സംഭവിക്കുന്ന ഒരു അപകടത്തില്‍ ശരീരം തളരുന്ന ഈതന്‍ എന്ന മജീഷ്യന്‍ പതിനാലു വര്‍ഷങ്ങള്‍ അതെ അവസ്ഥയില്‍ , ജീവിതത്തെ കീഴടക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കൊടുവില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു . അതിനായി മേര്‍സി കില്ലിംഗ് അഥവാ യൂതനേഷ്യക്കുള്ള അനുവാദം തനിക്കു നല്‍കണം എന്ന് ആത്മ സുഹൃത്ത് കൂടിയായ വക്കീല്‍ വഴി അയാള്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നു. കോടതി അയാളുടെ അപേക്ഷ നിരസിക്കുന്നു. താന്‍ അവതരിപ്പിക്കുന്ന റേഡിയോ ഷോയുടെ ആരാധകര്‍ക്കിടയില്‍ തന്റെ ആവശ്യം പ്രചരിപ്പിക്കുന്ന ഈതന്‍ വീണ്ടും അതെ ആവശ്യവുമായി കോടതിയെ സമീപിക്കുന്നു. ആ കേസും , അതിന്റെ വിധിയും , തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ"
"ഹൃതിക്ക് എങ്ങനെ ഉണ്ടെടെ ? നല്ല ചുള്ളന്‍ പയ്യന്‍ വീല്‍ ചെയറിലും കിടക്കയിലും ഒക്കെയായി വൃത്തികേടായി കാണും അല്ലെ?"
'ഉള്ളത് പറഞ്ഞാല്‍ ഹൃതിക് തകര്‍ത്തിട്ടുണ്ട് അണ്ണാ. നിഗൂഡതയുടെ പരിവേഷമുള്ള മജീഷ്യനായും, നിസഹായനായ ക്വാഡ്രാപ്ലീജിക്ക് രോഗിയുമായി ഉഗ്രന്‍ പെര്‍ഫോമന്‍സ്"
"അപ്പോള്‍ ഐശ്വര്യാ റായിയും പൊലിപ്പിച്ച് കാണുമല്ലോ?"
"കുന്തം...അവരെ ഈ പടത്തില്‍ കുറച്ചു നേരം സ്ക്രീനില്‍ കണ്ടിരുന്നാല്‍ ചൊറിഞ്ഞ് വരും അണ്ണാ. ഒരു മാതിരി അറുപതുകളിലെ നാടകങ്ങളില്‍ ഒറ്റ മൈക്കിനു മുന്നില്‍ നിന്നുള്ള 'പ്രാണനാഥാ!!!' ലൈന്‍ അഭിനയം. അവര്‍ മാത്രമേ ഈ പടത്തില്‍ ഒരു ഏച്ചു കെട്ടല്‍ ഉള്ളു. ബാക്കിയുള്ളവരൊക്കെ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഈതന്റെ സുഹൃത്ത് വക്കെലായി അഭിനയിച്ച ഷേര്‍നാസ് പട്ടേല്‍ "
"അപ്പൊ ബന്‍സാലി സാവരിയയുടെ ക്ഷീണം മാറ്റി , അല്ലെ?"
"ഉഗ്രന്‍ ക്യാമറ , നല്ല രസികന്‍ പശ്ചാത്തലങ്ങള്‍ , അങ്ങേര്‍ തന്നെ സംഗീത സംവിധാനം ചെയ്ത നല്ല പാട്ടുകള്‍ , ഇത്രയൊക്കെ ബന്‍സാലി ഈ പടത്തില്‍ വൃത്തിയായി ഉത്കൊള്ളിച്ചിട്ടുണ്ട് "
"അപ്പൊ ധൈര്യമായിട്ട് പോയി കാണാം , അല്ലെടെ?"
"എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന പടമാണോ ഇത് എന്ന് ചോദിച്ചാല്‍ അല്ല. പക്ഷെ ഹൃതിക്കിന്റെ കലക്കന്‍ അഭിനയം , കണ്ണിനു സുഖമുള്ള കാഴ്ച്ചകള്‍ , മേര്‍സി കില്ലിംഗ് ആണ് കഥാതന്തുവെങ്കിലും ട്രാജഡിക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ , നല്ല പാട്ടുകള്‍ , ഉഗ്രന്‍ ഡാന്‍സുകള്‍ , അതും കഥക്ക് ഒരു കോട്ടവും വരുത്താത്ത രീതിയില്‍ , ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ പോരെ അണ്ണാ നമുക്ക് ഒരു പടം ധൈര്യമായി പോയി കണ്ടോ എന്ന് വേറെ ഒരാളോട് പറയാന്‍ "
"ഇന്നത്തെ കാലത്ത് ഇത്രയുമൊക്കെ വളരെ കൂടുതലാണ് ചെല്ലാ!!!"
"എന്നാ ധൈര്യമായി പോയി ഗുസാരിഷ് കണ്ടോ "

7 comments:

  1. Illa anna, ee padam jnan kaanilla. aakasmikamaayi TVyil ithinte oru paattu kandu. Aishwarya bachhan maadam oru drum play cheyyunna pole okke abhinayichu oru paattil muzhukunnathokke poleyulla scene ulla paattu. Entallo. Ithilum moshamaayittu oru professionalinu aa scene over act cheyyaan pattilla. Bansaliyude Devdas kandathode thanne adhehathinte cinemakal ini kaanilla ennu theerumaanichathaanu.

    ReplyDelete
  2. ഹൃതിക്ക് ഇത്രയും നന്നായി അഭിനയിക്കുമെന്ന് ഞാനും കരുതിയില്ല,അദ്ധേഹത്തിന്റെ മേക്കപ്പും കൊള്ളാം ഒരു Holly wood ലുക്കുണ്ട്,Location അതിലും കേമം..ആഷിന്‍റെ അഭിനയം...ഇത്രക്കാലം അഭിനയിച്ചിട്ടും അവളൊന്നും പഠിച്ചില്ലേ അണ്ണാ....

    ReplyDelete
  3. ഇതേതോ ഇംഗ്ലീഷ് ചിത്രത്തിന്റെ ഹിന്ദിവല്‍ക്കരണമാണെന്ന് കേട്ടായിരുന്നു, അതേതെന്ന് അറിയാമോ?

    ReplyDelete
  4. അണ്ണാ.. നല്ല പടം കാണണം എങ്കില്‍ അന്യഫാഷ തന്നെ ശരണം അല്ലെ..

    ReplyDelete
  5. @ചെലക്കാണ്ട് പോടാ
    'The Sea Inside' എന്ന സ്പാനിഷ്‌ ചിത്രം

    http://www.youtube.com/watch?v=dVRnG1MddAM

    ReplyDelete
  6. "The Prestige" ആണെന്നാ കേട്ടത് :)

    ReplyDelete
  7. surely not prestige. It's a story of rivalry of two magicians. Definitely looks like the story is from "The Sea Inside". May have copied some scenes from "Prestige".

    ReplyDelete