അണ്ണാ ഇതെന്തു പറ്റി ? തലയ്ക്കു പിറകില്‍ ഒരു പ്രഭാ വലയം?
എടാ ഇതാണ് ഹാലോ (halo).വളരെ അനുഗ്രഹീതര്‍ക്ക് മാത്രം കിട്ടുന്ന ഒരു സംഗതി ആണ് ഇതു .
ഹ ഇങ്ങേരു കളി നിര്‍ത്തി കാര്യം പറഞ്ഞേ .
നീ പത്രം വായിക്കാറില്ലേ? ഈ ആഴ്ച ഇറങ്ങിയ ഒരു ചിത്രത്തിന്റെ പരസ്യ വാചകം ഇങ്ങനെ "ഇതൊരു മമ്മൂടി ചിത്രം അല്ല .മറിച്ചു മമ്മൂടി യുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചിത്രമാണ് ".സൂപ്പര്‍ താരങ്ങളെ രണ്ടു മിനിട്ട് നേരത്തേക്ക് എഴുന്നള്ളിക്കുന്നതിന്റെ ഉദേശം ഏതൊക്കെ തന്നെ ആണെങ്കിലും ഇത്ര പച്ചക്ക് ആരാധിക്കുന്നത് ആദ്യമായാണ് കാണുന്നത് .ഇത്ര അനുഗ്രഹീത ചിത്രം കണ്ടാല്‍ അത്യാവശ്യം ഹാലോ ഒക്കെ ഉണ്ടായെന്നു വരും .
ഓഹ് അപ്പോള്‍ അതാണ് സംഗതി . താങ്കള്‍ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം കണ്ടു . ഇതല്ലേ പറയാന്‍ വന്നത് . അതിനാണോ ഇത്രയും വളച്ചു കെട്ടു? ശരി ഏങ്ങനെ ഉണ്ട് പടം ?
അനിയാ നീ കുണുക്കിട്ട കോഴി , മാട്ടുപ്പെട്ടി മച്ചാന്‍ ഈ ടൈപ്പ് സാധനങ്ങള്‍ വല്ലതും കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ ഓള്‍ ദി ബെസ്റ്റ് എന്ന പേരിലോ മറ്റോ ഇറങ്ങിയ ഒരു ഹിന്ദി ചിത്രം ഉണ്ട്.(അജയ് ദേവഗനും, സഞ്ജയ് ദത്തും ഒക്കെയനെന്നാണ് ഓര്‍മ്മ )
പിന്നെ ഉണ്ടോന്നോ ? അതെന്താ അങ്ങനെ ചോദിച്ചേ?
മേല്പറഞ്ഞ ചിത്രങ്ങളില്‍ എന്ന പോലെ ഇതിലും രണ്ടു ജോഡി കമിതാക്കള്‍ . സൂര്യ (കൈലാഷ് ), നീതു (അര്‍ച്ചന) ജോടിയും ദിയ (റീമ കല്ലിങ്കല്‍ )മനു (ആസിഫലി) ജോടികളും ആണ് ഇവര്‍ .സൂര്യ സമ്പന്നന്‍ പക്ഷെ സ്വത്തെല്ലാം ചേട്ടന്റെ (പ്രഭു) പേരില്‍ .അങ്ങേരാണെങ്കില്‍ മാസം കുറച്ചു കാശു മാത്രമേ ചെലവിനായി വക്കീല്‍ ഉത്തമന്‍ (ജഗതി) വഴി സൂര്യക്ക് കൊടുക്കു.സംഗീതത്തില്‍ ഉള്ള താല്പര്യം ആണ് സൂര്യയും നീതുവിനെയും അടുപ്പിച്ചത് . നീതുവിന്റെ അച്ഛന്‍ മലേഷ്യയിലെ കോടീശ്വരന്‍.അസിഫലിക്ക് സംവിധായകന്‍ ആകാനുള്ള അടങ്ങാത്ത മോഹം (മമ്മൂടി ആരാധകന്‍ കൂടിയാണ് കക്ഷി.(കടുത്ത ആരാധകര്‍ അല്ലാതെ വേറെ ആരും മമ്മൂടിയെ വെച്ച് ചിത്രം എടുക്കാന്‍ ആലോചിക്കില്ല എന്നൊരു ദുസൂചന ഉണ്ടോ എന്നൊരു സംശയം!!! )) ദിയക്കാകട്ടെ നടിയാകണം എന്നാണ് മോഹം.ആസിഫലി,റീമ ജോടികള്‍ പൊതുവേ ഈ സൂര്യ - നീതു ജോടികളെ പറ്റി കൂടി ജീവിക്കുന്നവര്‍ ആണെന്നാണ് നമുക്ക് മനസിലാകുന്നത് .പിന്നെ ഇവര്‍ താമസിക്കുന്ന വീടിലെ പാചക കാരന്‍ ആയി ഷാന്‍ഹായ് ശശി (സുരാജ്) അഭിനയിക്കുന്നു .
ഓഹോ പിന്നെ ..
പിന്നെയെന്താ? അസിഫ് ഒരു ദിവസം മമ്മൂടിയെ കാണുന്നു .ഒരു കഥയുടെ ത്രെഡ് പറയുന്നു . അത് കേട്ട് ഇതിനെ സ്ക്രിപ്റ്റ് ആക്കി വന്നാല്‍ ആലോചിക്കാം എന്ന് പറയുന്നു സൂപ്പര്‍ താരം.ഉടനെ സ്ക്രിപ്റ്റ് റെഡി ആക്കാനല്ല കാശു ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം.(അതിനു പകരം ഒരു പലചരക്കു കട തുടങ്ങാനായി കാശുണ്ടാക്കാന്‍ ആയിരുന്നു പിന്നീടു കാണിക്കുന്ന പരിപാടികള്‍ എങ്കില്‍ പോലും ഇതിലും വിശ്വസിനീയത ഉണ്ടായിരുന്നു ).
എന്നിട്ടോ?
എന്നിട്ട് എന്തോന്ന്?പടത്തിനു വേണ്ടി ബ്ലേഡ്കാരില്‍ (ഭീമന്‍ രഘു)നിന്നും മീറ്റര്‍ പലിശക്ക് സൂര്യ വീട് പണയം വെച്ച് കാശു കൊടുക്കുന്നു .കാശു പോകുന്നു.ബ്ലേഡ്കാരന്‍ കാശിനായി പുറകെ.കടം വീട്ടാന്‍ ചേട്ടന്റെ കൈയില്‍ നിന്ന് കാശു കിട്ടാനായി നീതുവുമായി കല്യാണം കഴിഞ്ഞു എന്ന് കള്ളം പറയുന്നു.നീതു മലേഷ്യയിലേക്ക് പോയിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി സൂര്യയുടെ ചേട്ടന്‍ വരുന്നു.നിവര്‍ത്തിയില്ലാതെ ദിയയെ നീതുവാക്കി അവതരിപ്പിക്കുന്നു .അപ്പോള്‍ നീതുവിനെ നേരത്തെ കണ്ടിട്ടുള്ള വക്കീലിന് സംശയം.ഇതിനിടെ നീതു തിരിച്ചു വരുന്നു.അപ്പോള്‍ നീതു ആണ് ദിയ എന്നും അസിഫലിയുടെ കാമുകിയും എന്ന് പറഞ്ഞു അവതരിപ്പിക്കുന്നു.പിന്നെ സത്യം തെളിയിക്കാനും കള്ളം പിടിച്ചു നിര്‍ത്താനുമുള്ള പതിവ് പരാക്രമം.അപ്പോള്‍ സ്ഥിരം കഥ അല്ലെ ? രാത്രി ആകുമ്പോള്‍ സ്നേഹിതന്റെ ഭാര്യയുടെ കൂടെ കിടപ്പ് മുറിയില്‍ രാത്രി ചിലവഴിക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്ന നായകനും പുറത്തു വെപ്രാളപ്പെടുന്ന സുഹൃത്തിനെയും ജഗ ദീഷ് -സിദ്ദിക് കാലം മുതല്‍ കാണുനതാണ് എന്നാണ് ഓര്‍മ്മ.ശരിയല്ലേ ?
തന്നെടെ ഈ ചിത്രത്തിലും ഉണ്ട് ഇത്തരം ഒരു രംഗം.പക്ഷെ നീ വിധി എഴുതാന്‍ വരട്ടെ.ഇടവേള കഴിഞ്ഞു ഉര്‍വശി അവതരിപ്പിക്കുന്ന താമര എന്ന ഒരു വേലക്കാരി കഥാപാത്രം ഉണ്ട്.സത്യം പറഞ്ഞാല്‍ ആ കഥാപാത്രം ആണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് . തിരുവനന്തപുരം ഭാഷ എന്ന് നാം പറയുന്ന സാധനം ഇത്ര അനായാസം ആയിയാണ് ഈ നടി അവതരിപ്പിക്കുന്നത് . പ്രസ്തുത സ്ഥലത്ത് ജനിച്ചു വളര്‍ന്ന മനുഷ്യന്‍ എന്ന നിലക്ക് പറഞ്ഞോട്ടെ.പണ്ട് ധിം ധരികിട തോം എന്ന പ്രിയന്‍ ചിത്രത്തില്‍ ജഗതി മാത്രമാണ് ഇതിലും നന്നായി ഈ ഭാഷ അവതരിപ്പിച്ചു കണ്ടിട്ടുള്ളത് .
ചുമ്മാതിരി അപ്പോള്‍ സുരാജോ?
എടേ ഇവര്‍ രണ്ടു പേരും പരസ്പരം തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന രംഗങ്ങള്‍ ഉണ്ട് . സുരാജ് ഉര്‍വശിയുടെ മുന്നില്‍ നില്ക്കാന്‍ പാട് പെടുന്ന കാഴ്ചയാണ് അവിടെ നമുക്ക് കാണാന്‍ സാധിക്കുനത് എന്നാണ് എനിക്ക് തോന്നിയത്.അവസാനം ക്ലൈമാക്സില്‍ ഉര്‍വശി വെറും വേലകാരി അല്ലെന്നും മറ്റുമുള്ള സത്യങ്ങള്‍ പുറത്തു വരുന്നത്.അവസാനം ഈ കഥ തന്നെ സിനിമ ആക്കി മമ്മൂടി അഭിനയിച്ചു ആസിഫലി സംവിധാനം ചെയുന്നതായ് കാണിക്കുന്ന ശുഭ പര്യവസനിയായ അന്ത്യം.
അപ്പോള്‍ അഭിനയം?
പുതിയ പിള്ളേര്‍ അവര്‍ക്ക് പറ്റുന്ന പോലെ അഭിനയിച്ചിട്ടുണ്ട് (സംഗതി തുമ്പിയും കല്ലും ആണെങ്കിലും ).നിലനില്‍പ്പിനു വേണ്ടിയാണെങ്കില്‍ പോലും ആസിഫലി ജഗദീഷ് മോഡല്‍ വേഷങ്ങളില്‍ പ്രത്യക്ഷപെടുനത് ഒഴിവാക്കിയാല്‍ കൊള്ളം.കഴിവുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു നടന്‍ അയാള്‍ അര്‍ഹിക്കാത്ത റോളുകളില്‍ ഒതുങ്ങുന്നത് കാണുബോള്‍ ഉള്ള ബുദ്ധി മുട്ട് കൊണ്ട് പറഞ്ഞതാ.അര്‍ച്ചന വലിയ കുഴപ്പം ഇല്ലാതെ ഒപ്പിക്കുമ്പോള്‍ .(standerd ഭാവങ്ങള്‍ ഒഴിവാക്കിയാല്‍ കൊള്ളാം) റീമ കല്ലിങ്കല്‍ കോടീശ്വരന്റെ മകളായി അഭിനയിച്ചാലും പിച്ച ക്കാരന്റെ മകളായി അഭിനയിച്ചാലും ഭാവവും ശരീര ഭാഷയും ഒരേ പോലെ ഇരിക്കും എന്നാണ് എന്നിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് . ജഗതിയെ ഒക്കെ ഇതിലും എത്രയോ നന്നായി ഉപയോഗപ്പെടുതമായിരുന്നു എന്ന് തോന്നുന്നത് ഇതു ആദ്യം അല്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല .തമിഴ് നടന്‍ പ്രഭു തന്‍റെ റോള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.നടന്‍ ഭീമന്‍ രഘു ഹാസ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നിയമ പ്രകാരം ഉള്ള മുന്നറിയിപ്പ് എഴുതി വയ്ക്കുന്ന കാര്യം സര്‍കാര്‍ ഗൌരവമായി പരിഗണിക്കണം (അദേഹം ഹലോ എന്ന ചിത്രത്തില്‍ തുടങ്ങിയ ഹസ്യഭിനയം അടുത്തെങ്ങും നിര്‍ത്തുന്ന ലക്ഷണം ഇല്ല) .സുരാജ് എത്ര ബോര്‍ ആണെന് മനസിലാക്കണം (സ്വയം)എങ്കില്‍ ശരിക്കും ഈ ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയം കാണണം എന്നാണ് എനിക്ക് തോന്നുനത് . ഗാനങ്ങള്‍ ശരാശരി നിലവാരത്തിലും താഴെയാണ് .
അപ്പോള്‍ സംവിധാനം , തിരകഥ ഇവയൊക്കെ?
വൈരം പോലെയുള്ള ഭേദപ്പെട്ട സിനിമ എടുത്ത നിഷാദ് എം എ എന്ന വ്യക്തിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അദേഹം ഒരുപാടു പുറകോട്ടു പോയിരിക്കുന്നു . കഥ തിരകഥ മുതല്‍ അയവക്ക് വലിയ പ്രസക്തി ഇല്ലാത്തതിനാല്‍ അതിനെ പറ്റി അധികം പറയുന്നില്ല
അപ്പോള്‍ ചുരുക്കമായി പറഞ്ഞാല്‍ ..
പറഞ്ഞു പഴകിയ ഒരു കഥ , പുതുമയുള്ള രീതിയില്‍ എടുത്തു വിജയിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം , സൂപ്പര്‍ താരത്തിന്‍റെ മൂന്ന് മിനിട്ട് സാന്നിധ്യവും പോസ്റ്ററിലെ വലിയ തലയും കാണിച്ചു വിജയിപ്പിക്കാം എന്ന് വ്യാമോഹിച്ച സംവിധായകന്റെ ചിത്രം
രസകരമായ ഒരു ട്വീറ്റ് "ഒരു കാരണവശാലും ബെസ്റ്റ് ഓഫ് ലക്ക് തിയേറ്ററില്‍ കാര്‍ കൊണ്ട് പോകരുത് ഇന്റെര്‍വല്‍നു ഇറങ്ങി പോകാന്‍ ബുദ്ധിമുട്ടായിരിക്കും "
ReplyDeleteപെറ്റ തള്ളയാണേ എന്നെ തല്ലിക്കൊന്നാലും ഞാൻ പോവില്ല. ആ പ്രിത്വിരായനെ വെറുതെ ഹിറ്റ് മേക്കറാക്കും ഇവന്മാരു.
ReplyDelete