Sunday, May 1, 2011

മേല്‍വിലാസം (Melvilasam )

അതേ....... മനുഷ്യനായാല്‍ ഇത്ര അഹങ്കാരം പാടില്ല.

അനിയാ നീയോ? എന്താടെ രാവിലെ ഇത്ര ചൂടായി ...?

അണ്ണാ ദിവസം രണ്ടായി നിങ്ങളെ കാണാന്‍ ഞാന്‍ ഈ വീട്ടില്‍ കയറി ഇറങ്ങുന്നു . എപ്പോള്‍ വന്നാലും ഇയാള്‍ സ്ഥലത്തില്ല . അല്ല അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവാ... താന്‍ ആരുവാ ?

അടങ്ങേടെ .. ചില ഫാന്‍സ്‌ വക സ്വീകരണവും മറ്റുമായി തിരക്കിലായിരുന്നു.നീ കാര്യം പറ .

ഈ നാട്ടില്‍ ഇത്ര പടം ഇറങ്ങി എന്ന് വല്ല വിവരവും ഉണ്ടോ നിങ്ങള്‍ക്ക്? അപ്പീസില്‍ പത്രാധിപര്‍ ഇരുത്തി പോറുപ്പിക്കുന്നില്ല . ഏതിന്റെ എങ്കിലും റിവ്യൂ കൊടുത്തില്ലേല്‍ അങ്ങേര എന്നെ പറഞ്ഞു വിടും .

എന്നാല്‍ പിന്നെ നിനക്ക് പടം കണ്ടു റിവ്യൂ എഴുതികൂടെ ?

പിന്നെ എന്‍റെ പട്ടി വരും ഇക്കാലത്തെ മലയാള പടം കണ്ടു അഭിപ്രായം പറയാന്‍ .മാത്രമല്ല പടം കണ്ടാണ്‌ ഞാന്‍ അഭിപ്രായം പറയുന്നത് എന്ന് നിരൂപക വൃത്തങ്ങളില്‍ പുറത്തു അറിഞ്ഞാല്‍ എന്നിക്ക് ചില്ലറ ക്ഷീണം വല്ലതും ആണോ .അണ്ണന്‍ വെയിറ്റ് ഇടാതെ ഇന്നലെ കണ്ട പടത്തിന്റെ കാര്യം ഒന്ന് പറഞ്ഞെ .

അനിയാ ഇന്നലെ കണ്ടത് മേല്‍വിലാസം എന്ന ചിത്രമാണ്.

മേല്‍വിലാസമോ ....? അതേതു പടം ......? ഓ കിട്ടിപോയി നമ്മുടെ സുരേഷ് ഗോപിയുടെ പട്ടാള പടം .എങ്ങനെയുണ്ട് സംഭവം അണ്ണാ .പൊട്ടാസ് പടം തന്നെ ? തുടക്കം മുതല്‍ ഷിറ്റും ഇംഗ്ലീഷും ......അങ്ങനെ ?

അനിയാ ....പിടയ്ക്കാതെ . ഈ ചിത്രം മലയാളത്തിലെ മറ്റൊരു പുതിയ പരീക്ഷണം ആണ് .നല്ലൊരു പരീക്ഷണം എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ .ഈ ചിത്രം ഒരു കോര്‍ട്ട് മാര്‍ഷല്‍ (കുറ്റം ചെയ്ത ഒരു പട്ടാളക്കാരനെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന പരിപാടി ) ലിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് . സംവിധായകന്‍ നവാഗതനായ ശ്രീ മാധവ രാംദാസ് . ശ്രീ സൂര്യ കൃഷ്ണ മൂര്‍ത്തി യുടെ ഒരു നാടകം അവലംബിച്ചാണ് ഈ ചിത്രത്തിന്റെ തിരകഥ എഴുതിയിരിക്കുന്നത് .പൂര്‍ണമായും പട്ടാള കോടതിയുടെ നാലു ചുവരുകളുടെ അകത്താണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.തന്‍റെ രണ്ടു സുപ്പീരിയര്‍ പട്ടാള ഉദ്യോഗസ്ഥരെ വെടിവെച്ച , (അതില്‍ ഒരാള്‍ മരിക്കുകയും മറ്റെയാള്‍ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു ) ജവാന്‍ രാമചന്ദ്രനെ (പാര്‍ഥിപന്‍) വിചാരണ ചെയുന്ന കോര്‍ട്ട് മാര്‍ഷല്‍ ആണ് കഥാ സന്ദര്‍ഭം. ഈ ചിത്രത്തില്‍ സുരേഷ് ഗോപിയെ കൂടാതെ പാര്‍ഥിപന്‍ ,തലൈവാസല്‍ വിജയ്‌,കക്ക രവി,അശോകന്‍,കൃഷ്ണകുമാര്‍ എന്നിവരും ഉണ്ട് .മാര്‍ക്ക്‌ മൂവീസ്ന്റെ ബാനെര്‍ ല്‍ സലിം ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .

അതൊക്കെ ഇരിക്കട്ടെ അണ്ണാ. ഈ ചിത്രത്തെ പറ്റി പറഞ്ഞെ . അവാര്‍ഡ്‌ സാധനം തന്നെ സംഗതി ? മുഴുവന്‍ സമയവും കോര്‍ട്ട് റൂമില്‍ തന്നെ? ഒരു ഫ്ലാഷ് ബാക്ക് പോലും ......?

എടേ ഇങ്ങനത്തെ പരീക്ഷണം ലോകത്തില്‍ ആദ്യമായൊന്നുമല്ല 12 Angry Men , ഏക്‌ രുക ഹുവ ഫൈസല,എന്നിവ പോലെ യുള്ള ചിത്രങ്ങള്‍ ഏതാണ്ട് ഈ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. (ശരിക്കും ഓര്‍മ പോര.ഈ ചിത്രങ്ങള്‍ കുട്ടിയായിരിക്കുമ്പോള്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടി വി യില്‍ കണ്ട ഓര്‍മയെ ഉള്ളു ).

ചിത്രം തുടങ്ങുമ്പോള്‍ (അഥവാ കോര്‍ട്ട് മാര്‍ഷല്‍ ആരംഭിക്കുമ്പോള്‍) രാമചന്ദ്രന്‍ കുറ്റം സമ്മതിച്ച അവസ്ഥയിലാണ് . ഏതാണ്ട് എല്ലാവരും രാമചന്ദ്രനെ തൂക്കില്‍ ഏറ്റാനുള്ള ശിക്ഷ ഔപചാരികമായി പ്രഖ്യാപിച്ചാല്‍ മതി എന്ന പക്ഷക്കാരാണ് .ജഡ്ജിക്ക് തുല്യനായ പ്രേസൈടിംഗ് ഓഫീസര്‍ സൂരജ് സിംഗ് (തലൈ വാസല്‍ വിജയ്‌ ) അടക്കം . Govenment pleeder (അഥവാ വാദി ഭാഗം വക്കീല്‍)ക്യാപ്റ്റന്‍ അജയ് ശര്‍മയായി കക്കരവിയും പ്രതിഭാഗം വാദിക്കുന്ന ക്യാപ്റ്റന്‍ വികാസ് റായ് ആയി സുരേഷ് ഗോപിയും രംഗത്ത് വരുന്നു.ഏതാണ്ട് രണ്ടു മണികൂറോളം നീളുന്ന (ഒട്ടും ബോര്‍ അടിപ്പിക്കാതെ എന്ന് കൂടി പറഞ്ഞോട്ടെ ) വിചാരണയുടെ അവസാനം ചിത്രം അവസാനിക്കുന്നു.

ശരി അതൊക്കെ ഇരിക്കട്ടെ പടം എങ്ങനെയുണ്ട് ?

അനിയാ നല്ലൊരു ചിത്രം . ഈ വര്ഷം ഇതു വരെ മലയാള സിനിമയുടെ പോക്ക് നല്ലൊരു ദിശയിലേക്കാണ് എന്ന് പറയേണ്ടി വരുന്നു. നല്ലതായാലും ചീത്തയായാലും കുറെ നല്ല സിനിമകള്‍ നിര്‍മിക്കാനുള്ള ഒരു ശ്രമമെങ്കിലും ഈ വര്ഷം ഇതു വരെ നടക്കുന്നുണ്ട് . സങ്കടകരം നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഇതിന്‍റെ ഒന്നും ഒരു സ്പിരിറ്റും ഉള്‍ കൊള്ളാതെ തങ്ങളുടെ താരാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ പുതു വഴികള്‍ തേടുന്നു എന്നതാണ് .അതൊക്കെ പോട്ടെ ഈ ചിത്രത്തില്‍ ആദ്യമായി അഭിനടിക്കേണ്ടത് സംവിധായകന്‍ മാധവ് റാം ദാസിനെയാണ് . തുടക്കത്തില്‍ എവിടെയൊക്കെയോ നാടകത്തെ ഓര്‍മിപ്പിക്കുന്നു എന്നതും കപൂറും സിങ്ങും ശര്‍മയും ഒക്കെ മലയാളം എങ്ങനെ സംസാരിക്കുന്നു എന്നും മറ്റുമുള്ള ചില്ലറ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ രണ്ടു മണികൂര്‍ ബോര്‍ അടിപ്പിക്കാതെ കൊണ്ട് പോകാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് .കോര്‍ട്ട് മാര്‍ഷല്‍ എന്ന പരിപാടിയില്‍ സിനിമക്ക് വേണ്ടി ഒരല്‍പം അതിശയീകരണം വരുത്തിയിട്ടുണ്ട് എന്ന് ആദ്യം തന്നെ എഴുതി കാണിക്കുന്നത് സംവിധായകന്‍റെ ഔചിത്യം.നന്ദിയുട് സര്‍.ഏതൊക്കെ ഇന്നത്തെ മലയാളം സിനിമയില്‍ വലിയ കാര്യങ്ങള്‍ തന്നെയാണ് .

അപ്പോള്‍ അഭിനയമോ ? അഭിനയം എന്തായാലും മോശം ആയിരിക്കുമല്ലോ . സൂപ്പര്‍ താരങ്ങള്‍ അല്ലാതെ ആരിവിടെ അഭിനയിക്കാന്‍?

അനിയാ ഈ ചിത്രത്തില്‍ എല്ലാരും അവര്‍ അവരുടെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട് . നടന്‍മാര്‍ മാത്രമല്ല പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും നന്നായി.ശബ്ദ വിന്യാസം , ക്യാമറ തുടങ്ങിയവ ചിത്രത്തിന് കൃത്യമായി ആവശ്യപ്പെടുന്നത് നല്‍കുന്നു . അത് പോലെ തന്നെ നടന്മാരും.സുരേഷ് ഗോപിയടക്കം എല്ലാരും നന്നായിട്ടുണ്ട് .പിന്നെ കുറച്ചെങ്കിലും ബോര്‍ ആയി തോന്നിയത് കൃഷ്ണ കുമാറാണ്. അദേഹത്തിന് പകരം റിയാസ് ഖാന്‍ ആയിരുന്നെകില്‍ പോലും നന്നായേനെ എന്ന് തോന്നുന്നു.

അപ്പോള്‍ ചുരുക്കത്തില്‍ ......

ആളൊഴിഞ്ഞ കസേരകളുടെ കൂടെയാണ് ഈ ചിത്രം ഇന്നലെ കണ്ടത് .ചിത്രങ്ങളുടെ ജയ പരാജയങ്ങള്‍ വിഷയമല്ല എന്ന് എന്നും അഹങ്കാരത്തോടെ പറയാറുണ്ടെങ്കിലും അറിയാതെ ആശിച്ചു പോകുന്നു , നല്ല സിനിമക്ക് വേണ്ടി ദാഹിക്കുന്നു എന്ന് അവകാശപ്പെടുന്ന മലയാള പ്രേക്ഷക സമൂഹമന്ദബുദ്ധികള്‍ , ടി ഡി ദാസന് വേണ്ടി (ആ ചിത്രം തിയറ്റെരില്‍ നിന്നും പോയി കഴിഞ്ഞു) ചന്ദ്രഹാസം ഇളക്കുന്നവര്‍ , ഇതു പോലെയുള്ള ചിത്രങ്ങള്‍ കണ്ടു അഭിപ്രായം പറയാനുള്ള സന്‍മനസ് കാണിച്ചെങ്കില്‍ എന്ന്.

12 comments:

  1. മേല്‍വിലാസം ആദ്യ ദിവസം തന്നെ കണ്ടിരുന്നു . ഒഴിഞ്ഞ കസേരകള്‍ കണ്ടപ്പോള്‍ സങ്കടം എനിക്കുമുണ്ടായി.അധികമാളുകള്‍ ഇല്ലാതെ തിയറ്ററിലെ ഇരുട്ടില്‍ ചെറിയ പേടിയും ഞങ്ങള്‍ കൂട്ടുകാര്‍ക്ക് . പിന്നെ റിയാസ് ഖാന്‍ വരെ പോണോ ? സിദ്ധിഖ് ബി ഡി കപ്പൂര്‍ എന്ന ആ കഥാപാത്രത്തിന് ഒരു നല്ല ചോയിസ് അല്ലേ ? ഒരു പുതുമുഖ സംവിധായകന്റെ ചിത്രം ഇത്തരത്തില്‍ ഒരു ക്ലാസിലേക്ക് ഉയരുമ്പോള്‍ പ്രേക്ഷകന്‍ പറഞ്ഞത് പോലെ തന്നെ മലയാള സിനിമക്ക് രണ്ടായിരത്തി പതിനൊന്നില്‍ പ്രതീക്ഷക്ക് വകയുണ്ട് എന്ന് തോന്നുന്നു .

    ReplyDelete
  2. എല്ലാപേരും ഈ പടം theater നിന്നും മാറുന്നതു വരെ കാത്തിരിക്കും എന്നിട്ടു പരിഭവിക്കും.

    ഒരു കാലത്ത് Super Star ആയിരുന്ന സുരേഷ് ഗോപി (അതോ ഇപ്പോഴും ആണോ? ) ഇന്നു നില്കുന്നിടത്ത് മറ്റുള്ളവരും വന്നോട്ടെ പിന്നെ അവരും നല്ല ചിത്രങ്ങളില് അഭിനയിക്കും.

    ReplyDelete
  3. by hearing the story this movie is the same as the hindi film SHAURYA

    ReplyDelete
  4. പതുക്കെ പതുക്കെ ചിത്രത്തിനെക്കുറിച്ച് നല്ല അഭിപ്രായം എല്ലാരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം...

    പക്ഷേ അത്രയും നാള്‍ ഈ ചിത്രം പിടിച്ച് നില്‍ക്കുമോ?

    നല്ല ചിത്രങ്ങള്‍ നമുക്കിനിയും ഉണ്ടാകും....

    ReplyDelete
  5. നല്ല ചിത്രം മനസ്സ് നിറഞ്ഞു ...കസര്‍ത്തുകള്‍ ഇല്ലാത്ത ഒരു പടം .പോക്കിരി രാജ , കാര്യസ്ഥന്‍ തുടങ്ങിയ ചവറുകള്‍ കണ്ട എന്റെ കണ്ണുകള്‍ ഞാന്‍ കഴുകിയത് ട്രാഫിക്ക് ഉപയോഗിച്ച് ആണെന്കില്‍ ..ചൈന ടൌണ്‍, മയിക്‌ അപ്മാന്‍, ഡബ്ള്‍സ് തുടങ്ങിയവ കണ്ടു മലീമസം ആയ എന്റെ മനസ്സ് കഴുകിയത് ഈ ചിത്രം ആണ്.


    മൂത്ത് നരച്ച രണ്ടു സൂപ്പറുകളും , വില്യം രാജകുമാരന് മുകളില്‍ ഉള്ള യന്ഗ് സുപരും ഒക്കെ ചെയ്യുന്നതിലും മുകളില്‍ ആണ് കൃഷ്ണകുമാര്‍ വരെ ഈ ചിത്രത്തില്‍ പെര്ഫോരം ചെയ്തിരിക്കുന്നത് . കണ്ടു പഠിക്കട്ടെ ഇവര്‍ ഒക്കെ

    ReplyDelete
  6. നല്ല റിവ്യൂ. കാണാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസത്തിനുള്ളില്‍ കാണാന്‍ തീരുമാനിച്ചു കഴിഞ്ഞു.

    അവസാന പാരഗ്രാഫില്‍ “ടി ഡി ദാസന് വേണ്ടി (ആ ചിത്രം തിയറ്റെരില്‍ നിന്നും പോയി കഴിഞ്ഞു) ചന്ദ്രഹാസം ഇളക്കുന്നവര്‍“ എന്നു പറഞ്ഞത് മനസ്സിലായില്ല പ്രേക്ഷകാ. എന്താണ് ഉദ്ദേശിച്ചത്?

    ReplyDelete
  7. നന്ദ കുമാര്‍ ,‍ ടി ഡി ദാസന്‍ എന്ന ചിത്രം മൂനാം ദിവസം ഇവിടെ സിനിമാ ശാലയില്‍ നിന്നും മാറിയതാണ് . എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ നല്ല സിനിമകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം എല്ലാവനും അലക്കുന്ന ഒരു പേരാണ് ഈ ചിത്രത്തിന്റെ .പടം കാണാന്‍ ഒന്ന് ശ്രമിക്കുക പോലും ചെയ്യാതെ ഉള്ള ഈ നല്ല സിനിമാ പ്രേമം കാണുമ്പോള്‍ തോന്നുന്ന ഒരു തമാശ അത്രേയുള്ളൂ

    ReplyDelete
  8. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ആ നാടകം കാണാന്‍ ഭാഗ്യം കിട്ടിയിരുന്നു ,ഏറെ ഇഷ്ടമാവുകയും ചെയ്തു . ഇനി എന്തായാലും സിനിമ കൂടി കണ്ടേക്കാം ; ഇനി എനിക്ക് സമയം കിട്ടുമ്പോഴേക്കും തീയറ്ററു വിടുമോ ? അനുഭവം അങ്ങനാ .

    ReplyDelete
  9. Hmm... Looks like a copy of 'Shaurya' (where Rahul Bose plays the role of Suresh Gopi), which inturn was an adaptation of 'A Few Good Man' which was based on a play by Aron Sorkin. If the story is in the same line as Shaurya, I think the work by Soory Krishnamoorthy itself was an adaptation of Aron Sorkin's play.

    ReplyDelete
  10. വല്ലപ്പോഴുമെങ്കിലും നല്ല പടങ്ങള്‍ ഇറങ്ങുന്നു എന്നറിയുന്നത് തന്നെ സന്തോഷം

    ReplyDelete
  11. കണ്ടൂ , നാടകത്തില്‍ നിന്ന് ഒന്നും കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല . കൃഷ്ണകുമാറിനുപകരം റിയാസ് ഖാന്‍ , ഇത്തിരി കൂടിപ്പോയില്ലേ . കൃഷ്ണകുമാര്‍ തീരെ മോശമായിട്ടൊന്നും തോന്നിയില്ല . മറ്റാരുമായിരുന്നെങ്കില്‍ ....(എന്നാലും ഉരുട്ടി വെച്ച മസിലുമാത്രമുള്ള ..... വേണമായിരുന്നോ ?)

    മലയാള സിനിമയിലെ വ്യത്യസ്ത പരീക്ഷണം (നാടകം കണ്ടിട്ടില്ലാത്തവക്ക് / കാണാത്തവര്‍ക്ക്) , വിദേശ ഭാഷ ചിത്രങ്ങളുടെ മലയാളം കോപ്പി വന്നാല്‍ ഇങ്ങനെയല്ലേ പൊതുവെ പറയാറ് :)

    ReplyDelete
  12. പ്രേക്ഷകാ.. ശൌര്യാ എന്ന ചിത്രത്തിന്റെ റീമേക്കാണിത് എന്നു വേണമെങ്കില്‍ പറയാം. കെ.കെ മേനോന്‍, രാഹുല്‍ ബൊസ് എന്നിവരുടെ നല്ല ഒരു പെര്‍ഫോര്‍മന്‍സ് ആ ചിത്രത്തിലുണ്ട്. എന്നിരുന്നാല്‍ കൂടി, മേല്‍വിലാസം കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നു. ഇതു തീയേറ്ററില്‍ ലാസ്റ്റ് ചെയ്യും എന്നു കരുതാം. ഞാനും കാണും... :)

    ReplyDelete