Saturday, July 31, 2010

രാമരാവണന്‍

ഹലോ കണ്ട്രോള്‍ റൂം , തമ്പാനൂര്‍ ഭാഗത്ത്‌ അത്ര പന്തി അല്ലാതെ റെയില്‍വേ ട്രാക്കിനടുത്തു ഒരുത്തന്‍ കറങ്ങുന്നുണ്ട് . ആത്മഹത്യ ശ്രമം ആണോ എന്ന് സംശയം . ഓവര്‍ ........

(ഒരു മണി കൂറിനു ശേഷം ......)

ഇങ്ങോട്ട് നീങ്ങി നില്‍ക്കെടാ. സത്യം പറഞ്ഞോ നീ അത്മഹത്യ ചെയ്യാന്‍ അല്ലേടാ രാത്രി ഈ സമയത്ത് റെയില്‍വേ ട്രാക്കിനടുത്തു കറങ്ങി നടന്നത് .

സര്‍ അത് .... എനിക്കൊരു അല്‍പ്പം വെള്ളം വേണം . തല കറങ്ങുന്നു ......

മം ഇതാ കുടിച്ചോ . ഇനി പറ എന്തു ആയിരുന്നു നിന്റെ പ്രശ്നം . പ്രേമ നൈരാശ്യമോ , ബ്ലേഡ് മഫിയയോ .. എന്താ ?

പോന്നു ഏമാനെ പ്രേക്ഷകന്‍ എന്ന ഈ ഞാന്‍ ശ്രീ രാവണന്‍ വട്ടപ്പാറ‍ സംവിധാനം ചെയ്ത രാമ ബിജു എന്ന..... ഛീ തെറ്റി ബിജു വട്ടപ്പാറ സംവിധാനം ചെയ്ത രാമരാവണന്‍ എന്ന ചിത്രം കണ്ടിട്ടു വരുന്ന വഴിയാണ്. അത് കണ്ടു കഴിഞ്ഞപ്പോള്‍ എന്താണെന്നറിയില്ല ഈ നശിച്ച ലോകത്ത് ജീവിക്കുന്നതില്‍ വലിയ അര്‍ഥം ഒന്നും ഇല്ലെന്നു തോന്നിപ്പോയി .

അതെന്താടെ അത്രക്ക് കരള്‍ അലിയിക്കുന്ന കഥയാണോ ഈ പടത്തിന്റെ?

ഈ ചിത്രത്തിന്റെ പ്രദര്‍ശനം അരംഭിക്കുനതിനു മുന്‍പ് തമിള്‍ നാട്ടില്‍ ഈ പടത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതായി കേട്ടിരുന്നു .ഇനി ഒരു ഒത്തു തീര്‍പ്പ് ഭാഗമായി എന്തെങ്കിലും ഒക്കെ മുറിച്ചു മാറ്റിയതാണോ എന്നറിയില്ല .നമുക്ക് കാണാന്‍ കിട്ടിയിരിക്കുന്നത് ഒരു ആറു ബോറന്‍ സാധനം ആണ്.മലയാള സിനിമയില്‍ ബോറന്‍ സാധനം എന്നത് ഒരു പുതുമ അല്ല . എങ്കില്‍ കൂടി അത്മഹ്യ ചെയാന്‍ മാത്രം സ്വയം വെറുപ്പ്‌ തോന്നിപ്പിക്കുന്ന ചിത്രം അപൂര്‍വമാണ്. (ലങ്ക , ഫോട്ടോഗ്രാഫര്‍ എന്നിവ ഉദാഹരണം)

ആണോ അതെന്താ അങ്ങനെ തോന്നാന്‍ കാരണം?

കഥയെ പറ്റി ആദ്യം . സുരേഷ് ഗോപി അവതരിപ്പിക്കുന്നത്‌ തിരുചെല്‍വന്‍ എന്ന തമിഴ് തീവ്രവാദി കം വിപ്ലവ കവിയെയാണ്‌ . പ്രശസ്തനും നിരവധി തീവ്രവാദി ആക്രമണങ്ങളിലും പങ്കുള്ള ആളാണ് എങ്കിലും തിരുചെല്‍വന്‍ എന്ന പേരിനു അപ്പുറം ഇയാളെ കുറിച്ചൊന്നും പോലീസ്നു അറിയില്ല.(ഇതിനു മുന്‍പ് ഇങ്ങനെ ഒരു കഥ പാത്രത്തെ കുറിച്ച് കേട്ടിട്ടുള്ളത് മാന്‍ഡ്രേക്ക് ചിത്ര കഥയിലെ Octone എന്ന കഥാപാത്രത്തെ കുറിച്ചാണ്).മുന്‍പ് പറഞ്ഞ പ്രതിഷേധം കാരണം ആണോ എന്നറിയില്ല ചിത്രത്തില്‍ ഒരിടത്ത് പോലും തമിഴ് പുലി എന്ന വാക്ക് ഉപയോഗിക്കുന്നില്ല. പിന്നെ കഥാ പത്രങ്ങളുടെ പേരുകള്‍ എല്ലാം തമിഴ് ആണെങ്കിലും (അണ്ണാദുരൈ,കതിരേശന്‍,മുത്ത്‌ ലക്ഷ്മി,ആനന്ദം ......) എല്ലാവരും നല്ല പുല്ലു പോലെ മലയാളം പറയുകയും(ഒരു പൊടിക്ക് പോലും തമിഴ് ചുവയില്ലാതെ) മലയാളീ രീതിയില്‍ ഉള്ള അന്തരീക്ഷത്തില്‍ ജീവിക്കുകയും ചെയുന്നവര്‍ ആണ് .പറഞ്ഞു വന്നപ്പോള്‍ എനിക്കൊരു സംശയം ശ്രീലങ്കയില്‍ മലയാളികളും സിംഹളരും ആയിട്ടായിരുന്നോ പ്രശ്നം ?

നീ ബാക്കി പറയെടെ. ഇതൊക്കെ അറിയാം എങ്കില്‍ ഞാന്‍ എവിടെ എത്തിയേനെ . ഈ സ്റ്റേഷനില്‍ അങ്ങനെ ഒരു പരാതി വന്നിട്ടില്ല പോരെ ?

തീവ്രവാദ പ്രവര്‍ത്തനത്തില്‍ നിന്നും ഒരു ബ്രേക്ക്‌ എടുത്തു അവധി കാലം ആഘോഷിക്കാന്‍ (കണ്ടാല്‍ അങ്ങനെയേ തോന്നു ) തിരുചെല്‍വം കേരളത്തിലേക്ക് ഒളിച്ചു കടക്കുന്നിടതാണ് പടം തുടങ്ങുന്നത്.ഇയാളുടെ ലോക്കല്‍ ഗാര്‍ഡിയന്‍സ് കതിരെശനും (ബാബു രാജ് ) മുത്ത്‌ ലക്ഷ്മിയും (ലെന)അവതരിപ്പിക്കുന്ന പ്രാദേശിക തീവ്രവാദികള്‍ (പ്രാദേശിക ലേഖകന്‍ എന്ന പോലെ )ആണ് . തിരുചെല്‍വം പണ്ട് ഒളിവില്‍ താമസിച്ചിരുന്ന അതെ വീട്ടിലേക്കു ആണ് അവര്‍ ഇയാളെ കൊണ്ട് പോകുന്നത്. ഒരു മാതിരി ഹോസ്റ്റല്‍ വാര്‍ഡെന്‍മാരെ പോലയാണ് രണ്ടു പേരും പെരുമാറുന്നത്.ഒരു ഭീകരന്‍ ഒളിച്ചു കടന്ന വിവരം ചോര്‍ന്നു കിട്ടിയ പോലീസ് അന്വേഷണം തുടങ്ങുന്നു.ചുമതല സൂര്യ നാരായണനു (ബിജു മേനോന്‍ ).എവിടെ തുടങ്ങണം എന്നറിയാതെ കുഴങ്ങുന്ന സൂര്യ നാരായണന് ആദ്യത്തെ തുമ്പു കിട്ടുന്നത് തമാശയാണ് .

ഇപ്പോള്‍ സാറിന് അല്‍ഫോന്‍സ്‌ എന്നൊരു തീവ്രവാദിയെ പിടിക്കണം എന്ന് കരുതുക.പേരല്ലാതെ മറ്റൊന്നും അറിയില്ല എന്ന് ഇരിക്കട്ടെ. വീട്ടില്‍ ചെന്ന് ഭാര്യയോട്‌ സംസാര മദ്ധ്യേ ഈ കാര്യം പറയുമ്പോള്‍ അവര്‍ "എനിക്കാകെ ഒരു അല്‍ഫോന്‍സ്‌നെയെ അറിയൂ അത് ദൈവത്തിന്റെ വികൃതിയിലെ (മുകുന്ദന്‍) അല്‍ഫോന്‍സ് അച്ചനെ ആണ്" എന്ന് പറയുന്നു എന്നും ഇരിക്കട്ടെ .പിറ്റേ ദിവസം ചോര്‍ന്നു കിട്ടിയ ഒരു സന്ദേശത്തില്‍ തീവ്രവാദികള്‍ "അല്ഫോന്സച്ചനെ ഇങ്ങോട്ട് അയച്ചത് മണ്ടത്തരമായി അയാളുടെ മനസ്സില്‍ എപ്പോളും മാഗിയാണ്" എന്ന് കേട്ടാല്‍ സര്‍ ഉടനെ ദൈവത്തിന്റെ വികൃതി മുഴുവന്‍ കുത്തിയിരുന്ന് വായിച്ചു നേരെ മഹിയിലേക്ക് പോയി കുമാരന്‍ വൈദ്യര്‍ എന്ന് പേരുള്ള ഒരാളിനെ കണ്ടു പിടിച്ചു വിരട്ടി, തങ്ങള്‍ക്കു വേണ്ട തീവ്രവാദിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നോക്കുമോ ?എന്താണ്ട് ഇങ്ങനെയാണ് നമ്മുടെ സൂര്യനാരായണന് ആദ്യ തുമ്പ് കിട്ടുന്നത്.

കഥയില്‍ അണ്ണാദുരൈ എന്നയാളിന്റെ വീട്ടില്‍ താമസിക്കുന്ന സമയത്താണ് മനോമിയും തിരുചെല്‍വനും കണ്ടു മുട്ടുന്നത് എന്ന് പറയുന്നത് കൊണ്ട് സൂര്യന്‍ നേരെ പൊയ് അണ്ണാദുരയെ പൊക്കുന്നു.കാണാന്‍ കാത്തിരുന്ന പോലെ അണ്ണാ ദുരൈ (നെടുമുടി വേണു)മനോമി (മിത്രാ കുര്യന്‍)തന്‍റെ സിംഹളകാരിയായ വളര്‍ത്തു മകള്‍ ആണെന്നും . തീവ്രവാദികളുമായി ബന്ധമുള്ള മകന്‍ ഒളിവില്‍ താമസിപ്പിച്ച ,മുറിവേറ്റു അവശനായ തിരുചെല്‍വത്തെ, യദ്രിച്ചികമായി കാണുന്ന മനോമി അയാള്‍ക്ക് ഭക്ഷണവും വെള്ളവും കൊണ്ട് കൊടുക്കുകയും കവിയാണെന്ന് അറിയുന്നതോടെ ആഞ്ഞു പ്രേമിക്കുകയും ചെയ്യുന്നു.(ഇവിടെ യുഗ്മ ഗാനം ഇല്ല. വളരെ നന്ദിയുണ്ട് ബിജു വട്ടപ്പാറ ).

ഇവിടെ സര്‍ എനിക്കൊരു ഉപകാരം ചെയ്യണം .എപ്പോഴെങ്കിലും ഈ ബിജു വട്ടപ്പാറ‍യെ കാണുകാനെങ്കില്‍ ഒരു പതിനഞ്ചു ഇരുപതു വര്ഷം മുന്‍പ് ഹരിഹരന്‍ സംവിധാനം ചെയ്ത ആരണ്യകം എന്നൊരു ചിത്രം ഉണ്ട് . ഒന്ന് കാണാന്‍ പറയണം . ഒരു തീവ്ര വാദിയും ഒരു സാധാരണ പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം എത്ര സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു എന്ന്.

തിരുചെല്‍വത്തിന്റെ സഹപ്രവര്‍ത്തകനായ കതിരേശന് (ഇപ്പോളത്തെ വാര്‍ഡെന്‍) ഈ ബന്ധം ഇഷ്ടമല്ല . (സിംഹളര്‍ ശത്രുക്കള്‍ ആണല്ലോ ). അവസാനം കല്യാണ ആലോചന വരെ കാര്യങ്ങള്‍ എത്തുമ്പോള്‍ അവധി തീര്‍ന്ന പട്ടാളകാരനെ പോലെ തിരുചെല്‍വം പെട്ടിയുമെടുത്ത് ലങ്കയിലേക്ക് ഒരൊറ്റ പോക്ക്.അണ്ണാദുരയുടെ വീട്ടുകാര്‍ ഇറക്കി വിട്ട മനോമി ഏതോ വഴിക്ക് പോയി .പിന്നെ ഒന്നും അറിയില്ല അണ്ണാദുരക്ക്.ഇതെല്ലാം അറിഞ്ഞതോടെ മനോമിയും തിരുചെല്‍വവും കണ്ടു മുട്ടിയ പഴയ വീട്ടില്‍ തിരുചെല്‍വം കാണും എന്ന് ഉറപ്പായ (എങ്ങനെയാണാവോ ) സൂര്യന്‍ പോലീസ്മായി അങ്ങോട്ട്‌ കുതിക്കുന്നു. തിരുചെല്‍വം പോലീസ്കാര്‍ക്ക് അടി കൊടുത്തിട്ട് ഓടി രക്ഷപ്പെടുന്നു .(പിന്നെ സുരേഷ് ഗോപിയും ഒരു ഹീറോ അല്ലെ രണ്ടു ഡയലോഗ് കഴിഞ്ഞു ആണ് തല്ലും ഓട്ടവും .).എന്തായാലും ഇത്രയും ആയി ഇനി പത്തു പതിനഞ്ചു വര്ഷം ആയിട്ടു കാണാതിരുന്ന അമ്മയെ ഒന്ന് കണ്ടു കളയാം എന്ന് കരുതി അമ്മയുടെ കുടിലില്‍ എത്തുന്ന നായകന്‍ കാണുന്നത് സാരിയുടെ പരസ്യ മോഡല്‍നെ പോലെ നില്‍ക്കുന്ന മനോമിയെ ആണ് .ഇത്രയും കാലം മനോമി നായകന്റെ അമ്മയെ നോക്കി കഴിയുകയായിരുന്നു പോലും .(എന്തൊരു ത്യാഗം എന്തൊരു സ്നേഹം !!ത്യാഗം ശരണം ഗച്ചാമി ) കണ്ണ് നിറഞ്ഞു പോയി സര്‍.

കേട്ടിട്ട് എനിക്ക് പോലും സങ്കടം വരുന്നെടെ.എന്നിട്ട് ?

തിരുചെല്‍വം വീട്ടില്‍ എത്തിയ വിവരം അറിഞ്ഞു പോലീസ് വീണ്ടും രംഗത്ത്. (നായകന്റെ അമ്മ കടയില്‍ പോകുമ്പോള്‍ രഹസ്യമായി മോന്‍ വന്ന വിവരം ആരോടോ പറയുമ്പോള്‍ പോലീസ് ഒളിച്ചു നിന്ന് കേട്ടാണ് സംഭവം പിടിക്കുന്നത്‌) , നായികയും ഒത്തു ഓടി ഒളിച്ചിരുന്ന് പോലീസ്കാരെ പറ്റിക്കുന്ന നായകനെ അവസാനം സഹപ്രവര്‍ത്തകര്‍ (ലെന ) തന്നെ വെടി വയ്ക്കുമ്പോള്‍ ,പടം അവസാനിക്കുന്നു. ഈ ചിത്രത്തില്‍ ഏറ്റവും അവസാനം പറയപ്പെടുന്ന ഡയലോഗ് നായകന് വെടി കൊണ്ട് കഴിയുമ്പോള്‍ തിരിഞ്ഞു നിന്ന് ." കൊല്ല്" എന്ന് അയാള്‍ അലറുന്നതാണ്. പ്രേക്ഷകര്‍ക്കും ഏറ്റു പറയാന്‍ പറ്റുന്ന ഈ ഡയലോഗ് ഇല്‍ പടം നിര്‍ത്തിയതാണ് ഈ ചിത്രത്തിന്റെ ഏക മേന്മ.

കഴിഞ്ഞോ ? ശരി എന്നാല്‍ ബാക്കി കൂടെ പറ

എന്തോന്ന് പറയാന്‍ . ഇതിന്റെ സംഗീത സംവിധാനം ചെയ്ത ആളിനെ (കൈതപ്രം ആണെന്ന് തോന്നുന്നു ) നമിക്കണം വരികളും ഈണവും ഒരുമാതിരി നല്ല സിനിമയും മലയാളം സിനിമയും പോലെ ഒരു ബന്ധം എല്ലാ ത്തത് പോലെ തോന്നുന്നു . കുറഞ്ഞ പക്ഷം ആ യാത്ര മൊഴി എന്ന പാട്ട് എങ്കിലും നന്നാക്കാമായിരുന്നു. സംവിധായകനും കലാ സംവിധായകനും ജോലി പഠിക്കാന്‍ ഇറങ്ങിയവരെ പോലെ യാണ് പെരുമാറി കാണുന്നത് .

അല്ല അപ്പോള്‍ അഭിനയം ..

ഈ പടത്തില്‍ എന്തോന്ന് അഭിനയം? സുരേഷ് ഗോപി കൂടുതല്‍ തടിയനും വയസനും കഷണ്ടി കയറിയവനും ആയി തീര്‍ന്നിരിക്കുന്നു . ശരീരം, സൌദര്യം എന്നിവ സൂക്ഷികുന്നതില്‍ മോഹന്‍ ലാലിനെ മാതൃക ആക്കാതെ മമ്മൂടിയെ മാതൃക ആകുക ആണെങ്കില്‍ (അതില്‍ മാത്രം) സുരേഷ് ഗോപിക്ക് പോലീസ് പടങ്ങള്‍ ചെയ്തെങ്കിലും ജീവിക്കാം.മിത്രാ കുര്യന്‍,നെടുമുടി,ബിജു മേനോന്‍ എന്നിവര്‍ക്ക് പ്രത്യേകിച്ചു പണി ഒന്നും ഇല്ല .(അത് പിന്നെ ആര്‍ക്കും ഉണ്ടെന്നു തോന്നിയില്ല ).

അപ്പോള്‍ ചുരുക്കത്തില്‍ ....

പുതിയ സംവിധായകര്‍ വളര്‍ന്നു വരണം എന്നും എന്നാല്‍ മാത്രമേ മലയാള സിനിമക്ക് ഒരു നല്ല കാലം വരുകയുള്ളു എന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. സുരേഷ് ഗോപിയുടെ അടി പൊളി പോലീസ് പടങ്ങള്‍ എനിക്ക് ഇഷ്ടവും ആണ് .പക്ഷെ ഈ ചിത്രം പൂര്‍ണമായും സ്വന്തം റിസ്ക്‌ല്‍ പൊയ് കാണുക .(മറ്റൊന്നും ചെയ്യാന്‍ ഇല്ലെങ്കില്‍ മാത്രം )

2 comments:

  1. നല്ല റിവ്യൂ.. നല്ല ശൈലി... തുടരുക....

    ReplyDelete
  2. രസിച്ചു.
    ആദ്യമാണിവിടെ... :)

    ReplyDelete