Thursday, July 22, 2010

സകുടുംബം ശ്യാമള

എന്താടെ ഇതു? ആകെ അലമ്പ് ആണല്ലോ ?കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി നല്ല ബഹളം ആണല്ലോ ഇവിടെ? ആരാധകരോ അനോണികളോ...... എന്താ പ്രശ്നം ?

അണ്ണാ നമ്മുടെ നാടിന്‍റെ മൂന്ന് പ്രത്യേകതകള്‍ അണ്ണന് അറിയാമോ?

മ്മം.. എന്തൊക്കയാ?

ആര്‍ക്കും ആരെ കുറിച്ചും എന്ത് ആരോപണവും ഉന്നയിക്കാവുന്ന രാജ്യം എന്നതും ,ലക്ഷ്യത്തെ പൂര്‍ണമായും അവഗണിച്ചു മാര്‍ഗമാണ് എല്ലാം എന്ന് കരുതുന്നതും ( ഉദാഹരണം നല്ല സിനിമയിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് സൂപ്പര്‍ ഓ അല്ലാത്തതോ അയ താരങ്ങള്‍ എന്ന് മനസിലാക്കാത്തതും ) പിന്നെ സര്‍വോപരി സ്വന്തം വിശ്വാസം (അതെന്തു തന്നെ ആയിക്കോട്ടെ രാഷ്ട്രീയമോ,മതമോ,കലയോ,സാഹിത്യമോ) മാത്രമാണ് സത്യമെന്നും ബാക്കി എല്ലാരും അത് ഉറച്ചു വിശ്വസിചോണം എന്നും ഓരോ പൌരനും ഉറച്ചു വിശ്വസിക്കുന്ന ഒരു മഹാരാജ്യം ആണ് നമ്മുടേത്‌ . ഈ നല്ല രാജ്യത്തു ഇത്രയും കാലം ജീവിച്ചു പണ്ടാരം അടങ്ങിയതിനാല്‍ ഇതൊക്കെ നിസംഗതയോടെ കാണാന്‍ കഴിയുന്നു .

ഡേ നീ ആരു ബുജിയോ ? അതൊക്കെ വിട് പുതിയ പടം വല്ലതും ?

കണ്ടു അണ്ണാ , സകുടുംബം ശ്യാമള ..ഇന്നലെ രാത്രി .

തന്നെ ? എന്നിട്ട്... പറയെടെ. എങ്ങനെയുണ്ട് സംഗതി

രാധാകൃഷ്ണന്‍ മംഗലത്ത് എന്ന പുതുമുഖ സംവിധയകന്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് . ഉര്‍വശി ,നെടുമുടിവേണു ,സായി കുമാര്‍ കുഞ്ചാക്കോ ബോബന്‍ ,ഭാമ, സിറാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇവര്‍ വിവാഹിതര്‍ ആയാല്‍, ഹാപ്പി ഹസ്ബണ്ട്സ് എന്നെ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് തിരകഥ രചിച്ച കൃഷ്ണ പൂജപ്പര ആണ് പ്രസ്തുത സംഭവം ഇതിനും നിര്‍വഹിച്ചിരിക്കുന്നത് . പിന്നെ സ്പെഷ്യല്‍ അപ്പിയരെന്‍സ് എന്ന് പറഞ്ഞു ഒരു പേര് എഴുതി കാണിക്കുന്നുണ്ട് . വിവരം ഇല്ലാത്തത് കൊണ്ടാക്കും അതാര് എന്ന് മനസിലായില്ല.

ശരി ശരി പടമെങ്ങനെ? അതല്ലേ കാര്യം

വെറുതെ ഒരൂ ഭാര്യ ,മമ്മി ആന്‍ഡ്‌ മീ എന്നെ ചിത്രങ്ങള്‍ നേടിയ വിജയം ആകണം ഇത്തരം ഒരു ചിത്രം എടുക്കാന്‍ ഇതിന്റെ അണിയറക്കാരെ പ്രേരിപ്പിച്ചത്.വീട്ടുകാരെ ധിക്കരിച്ചു, അവര്‍ കണ്ടുവെച്ച അമേരിക്കന്‍ വരനെ വേണ്ടെന്നു വെച്ച് തനിക്കു ഇഷ്ടപെട്ട ഒരു ആളിനെ കല്യാണം കഴിച്ച ശ്യാമള (ഉര്‍വശി)എന്ന വീട്ടമ്മയാണ് ഇതിലെ കേന്ദ്ര കഥാപാത്രം . ഇതൊക്കെ കഴിഞ്ഞു ഒരു ഇരുപത്തി അഞ്ചു + വര്‍ഷം കഴിഞ്ഞാണ് കഥ തുടങ്ങുന്നത് . എന്ന് ശ്യാമളക്ക് ഒരു ആഗ്രഹമേ ഉള്ളു മകനെ (കുഞ്ചാക്കോ ബോബന്‍ ) ഒരു അമേരിക്കന്‍ മലയാളി പെണ്‍കുട്ടിയെ കൊണ്ട് കെട്ടിക്കണം . എന്നിട്ട് തന്നെ ഒറ്റപെടുത്തിയ ബന്ധുക്കളെ തോല്‍പ്പികണം .അയല്‍പക്കത്ത്‌ താമസിക്കുന്ന സ്വന്തം സഹോദരന്‍ ജില്ല കളക്ടര്‍ ശേഖരനുമായി (നെടുമുടി വേണു )നിരന്തരമായി വഴക്കിലാണ് ശ്യാമള.അതിന്റെ ഫലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് ക്ലാര്‍ക്ക് അയ ശ്യാമളയുടെ ഭര്‍ത്താവു വാസുദേവനാണ് . ഇതിനിടെ മകന്‍ ആകാശ് വിപ്ലവ പാര്‍ട്ടിയുടെ പുറം തള്ളപെട്ട സഖാവ് വിശ്വന്‍ (ബാലചന്ദ്രന്‍ ചുള്ളികാട്‌ ) ഇന്റെ മകള്‍ നന്ദന (ഭാമ) യുമായി പ്രേമത്തിലാണ് . ഇതിനിടെ പച്ചക്കറി വാങ്ങി വരുന്ന ശ്യാമള ഒരു ലാത്തി ചാര്‍ജ് ഇന്‍റെ ഇടയില്‍ പെടുന്നു.ചെറിയ പരിക്കേല്‍ക്കുന്ന ശ്യാമളയെ പാര്‍ട്ടി ചോട്ടാ നേതാവ് (സിറാജ്) ആശുപത്രിയില്‍ എത്തിക്കുന്നു.സംഭവത്തിന്‌ കിട്ടുന്ന വന്‍ പബ്ലിസിറ്റി ശ്യാമളയെ പ്രശസ്ത ആക്കുന്നു.പാര്‍ട്ടി ടിക്കറ്റ്‌ ലഭിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു revenew മന്ത്രി ആകുന്നു ശ്യാമള .ഇതിനിടെ ആകാശ്, അച്ഛന്‍ മരിച്ചു അനാഥയായ നന്ദനയെ മുറചെറുക്കന്‍ ല്‍ നിന്നും രക്ഷിച്ചു (പാവം മുറചെറുക്കന്‍ വളരെ സിമ്പിള്‍ ആവശ്യമാണ് അദേഹത്തിന്റെ . നാളെ ഞാന്‍ വരും എന്നെ കല്യാണം കഴിച്ചോണം !!!) വീട്ടില്‍ കൊണ്ട് വരുന്നു .ശ്യാമള പിണങ്ങുന്നു .അഴിമതി ആരോപണത്തില്‍ പെട്ട ശ്യാമള അറെസ്റ്റ്‌ ഭീഷണി നേരിടുന്നു .ഇതിനിടെ സഹോദരന്‍ കളക്ടര്‍ പിണക്കം അവസാനിപ്പിക്കുന്നു (ഏകപക്ഷീയമായി).അവസാനം ചാനല്‍ റിപ്പോര്‍ട്ടര്‍ ആയ മരുമകള്‍ ഒളി ക്യാമറയുമായി ഇറങ്ങി സകല ആരോപണങ്ങളില്‍ നിന്നും അമ്മായിഅമ്മ മന്ത്രിയെ രക്ഷപെടുതുന്നതോടെ പണ്ടാരം അടങ്ങി ശ്യാമള മനസുമാറി നല്ലവളായി അമേരിക്കന്‍ മരുമകള്‍ മോഹം മാറ്റി വെച്ച് നാടന്‍ മരുമകളെ സ്വീകരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു . പ്രേക്ഷകര്‍ പുറത്തേക്കോടുന്നു ശുഭം .

അതെന്താടെ നീ ഒരുമാതിരി ആക്കി കൊണ്ട് നിര്‍ത്തിയത് .പടം മോശമാണോ ?

പോന്നു സഹോദര ഈ വെറുതെ ഒരു ഭാര്യയും , മമ്മി ആന്‍ഡ്‌ മീ എന്നെ ചിത്രങ്ങളെ ഒക്കെ വിജയിപ്പിച്ചത് അതിലെ സാമൂഹ്യ പ്രസക്തി ആണെന്നാണ് എന്‍റെ വിശ്വാസം. എന്നാല്‍ ആ രീതിയില്‍ ഉള്ള ഒരു ഒരു പടം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആകട്ടെ നല്ല ഒരു തിരകഥയോ,വിശ്വസിനീയമായ ഒരു കഥാ തന്തുവോ പോലും ഇല്ല. ഈ ചിത്രത്തില്‍ ആകെ മാന്യമായി അഭിനയിച്ചിരിക്കുന്നത് സായികുമാറും പിന്നെ കുഞ്ചാക്കോ ബോബനും മാത്രമാണ് . നെടുമുടി വേണുവിനെ പോലെയുള്ള നടന്‍മാര്‍ എന്തിനാണ് ഇങ്ങനത്തെ വേഷങ്ങളില്‍ അഭിനയിക്കുന്നത് എന്ന് സ്വയം ആലോചികേണ്ട സമയം കഴിഞ്ഞു.കളക്ടര്‍ ആയി പണിയെടുക്കുനവര്‍ നെടുമുടിക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ സാധ്യത ഉണ്ട് .ഭാമ പിന്നെ അഭിനയം തുടങ്ങി കഴിഞ്ഞാല്‍ മഞ്ജു വാര്യരും മീര ജാസ്മിനും മാറി മാറി വരും.

അപ്പോള്‍ ഉര്‍വശിയോ അവരല്ലേ കേന്ദ്ര കഥാപാത്രം ?

തികഞ്ഞ അമിതാഭിനയം എന്നാണ് എനിക്ക് തോന്നിയത്. മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ ഉര്‍വശിയുടെ കഥാ പാത്രത്തെ ഇഷ്ടപെട്ടവര്‍ക്ക് ഒരു പക്ഷെ (ഒരു പക്ഷെ മാത്രം ) ഇതിലെ ശ്യാമളയെ ഇഷ്ടപ്പെടാം.എനിക്ക് ഈ ചിത്രത്തില്‍ അവര്‍ മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടികള്‍ തികച്ചും അരോചകം ആയാണ് തോന്നിയത്. (ഉര്‍വശിയും നെടുമുടിയും സിറാജിനു പഠിക്കയാണോ എന്ന് ആരോ പിറകില്‍ നിന്നും ചോദിക്കുനത് കേട്ടു).

അപ്പോള്‍ ....

തീര്‍ന്നില്ല . ഇതിലെ താരം ഇവരാരും തന്നെ അല്ല മറിച്ചു തിരകഥ കൃത്ത് ശ്രീ കൃഷ്ണ പൂജപ്പുര ആണ് എന്നാണ് എന്‍റെ എളിയ അഭിപ്രായം.പിന്നെ സംവിധാനം എന്താണെന്നു അറിയാത്ത ഒരു പുതുമുഖ സംവിധായകനും കൂടിയാകുമ്പോള്‍ ശ്യാമളയുടെ ദുരന്തം പൂര്‍ത്തിയാകുന്നു.

അതെന്താ അങ്ങനെ പറയാന്‍ കാരണം ?

അവിശ്വസിനീയമായ സംഭവങ്ങളിലുടെയാണ് കഥാ മുന്നേറുന്നത് . ഒരു എം എല്‍ എ വരെയൊക്കെ കഷ്ടിച്ച് സഹിക്കാം . മന്ത്രി എന്നൊക്കെ പറഞ്ഞാല്‍ കടുപ്പമല്ലേ . ബന്ധുകളോട് വാശി തീര്‍ക്കാന്‍ അല്ലെങ്കില്‍ ജയിക്കാന്‍ മകനെ ഒരു അമേരിക്കന്‍ മലയാളി പെണ്‍കുട്ടിക്ക് കെട്ടിച്ചു കൊടുക്കുക മാത്രമേ മാര്‍ഗം ഉള്ളോ ? നിങ്ങള്‍ ഒരു അയല്‍വാസി ജില്ലാ കളക്ടര്‍ ആണെന്ന് ഇരിക്കട്ടെ. നിങ്ങള്‍ അടുത്ത ബന്ധുക്കളും ബദ്ധ ശത്രുക്കളും ആണെന്ന് സങ്കല്‍പ്പിക്കു . ഇനി നിങ്ങള്‍ രാവിലെ ചവറു തൂത്ത് വാരി കളക്ടര്‍ന്‍റെ വീട്ടു പറമ്പില്‍ ഇടുക ആണെങ്ങില്‍ കലക്ട്ടെര്‍ എന്ത് ചെയും ? ഉത്തരം അദേഹം രണ്ടാം നിലയില്‍ നിന്നും നേരിട്ട് ഇരട്ടി ചവറു നിങ്ങളുടെ പറമ്പിലേക്ക് ഏറിയും!!!

അയ്യോ.....

പിന്നെ വീട്ടുകാരെയും അവരുടെ ഭീഷണിയും ഒക്കെ അതിജീവിച്ചു ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ആളാണ് ശ്യാമള എന്നാണ് പറയപെടുന്നത് . പക്ഷെ നമ്മള്‍ കാണുന്ന സിനിമയില്‍ ശ്യാമള ഈ ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത മന്ദബുദ്ധി എന്ന് വരെ പറയാവുന്ന ഒരു സ്ത്രീയാണ്. സഹോദരന്റെ ശകുനം മുടക്കാന്‍ രാവിലെ (ഇരുപത്തി അഞ്ചു കൊല്ലമായി ) ചൂലും പിടിച്ചു വീടിനു വെളിയില്‍ നില്‍ക്കുന്ന രംഗമൊക്കെ എത്ര ബോധമുള്ള തിരകഥകൃത്ത് കള്‍ക്ക് ആലോചിക്കാന്‍ പറ്റും .ജഗദീഷ് ടു ഹരിഹര്‍നഗര്‍ , ഗോസ്റ്റ് ഹൌസ് എന്നെ ചിത്രങ്ങളില്‍ ഉപയോഗിച്ച അതെ കണ്ണാടിയും മന്ദ ബുദ്ധി പ്രകടനവുമായി രംഗത്തുണ്ട്.സിറാജ് സ്ഥിരം തന്നെ.ആദ്യത്തെ ഗാനരംഗം ചിത്രീ കരിച്ചതില്‍ തന്നെ സംവിധായകന്റെ പ്രതിഭ കാണാനുണ്ട്. ഒരു ചേട്ടന്റെയും അനിയത്തിയുടെയും കുട്ടികാലത്തെ സ്നേഹം ആണ് ഇതില്‍ കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളത് . പക്ഷെ കാണുന്നവര്‍ക്ക് തോന്നുന്നത് ഒരു വലിയ വീട്ടില്‍ രണ്ടു കുട്ടികള്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നു എന്നാണ്. മരുന്നിനു പോലും ആ കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ വേറൊരു അംഗത്തെ കാണിക്കുന്നില്ല.കുറഞ്ഞ പക്ഷം ആ കുട്ടികള്‍ പാട്ട് മുഴുവനും പുറത്തു കളിച്ചു നടക്കുനതായി കാണിച്ചിരുന്നെങ്കില്‍ ഇത്രയും ബോര്‍ ആകില്ലായിരുന്നു

ആകാശ്ന് നായികയെ വീട്ടിലേക്കു വിളിച്ചു കൊണ്ട് വരാന്‍ ഒരു കാരണം ആകാന്‍ വേണ്ടി മാത്രം ഒരു വില്ലന്‍(നായികയുടെ മുറ ചെറുക്കന്‍). അത് പോലെ എല്ലാ പഴിയും ഏറ്റു വാങ്ങാന്‍ വേറൊരു വ്യവസായി വില്ലന്‍ (കളക്ടര്‍ന്‍റെ ഭാര്യയുടെ ബന്ധു ) . അങ്ങനെ പകുതി വെന്ത കുറെ കഥാ പത്രങ്ങള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍ .ശരത് ചന്ദ്ര വര്‍മ എഴുതിയ ഗാനങ്ങള്‍ ശരാശരിയിലും താഴെയാണ്.

അപ്പോള്‍ ചുരുക്കമായി പറഞ്ഞാല്‍ ....

പോന്നു ചേട്ടാ ഈ സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ ഒക്കെ എന്തെങ്കിലും നല്ലത് കണ്ടെത്താന്‍ പരമാവധി ശ്രമിക്കാറുണ്ട് .പക്ഷെ ഇതിനെ കുറിച്ച് ശരാശരിയിലും താഴെയുള്ള ഒരു തട്ടി കൂട്ട് ചിത്രം എന്നേ പറയാന്‍ പറ്റു

2 comments:

  1. പ്രേക്ഷകന്‍ പുറത്തെക്കോടുന്നു ശുഭം.ഹ ഹ ഇതില്‍ കൂടുതല്‍ എന്ത് എഴുതാനാ അല്ലെ :)സിഡി അതും വെറുതെ കിട്ടുകയാണെങ്കില്‍ കാണണം.:)-

    ReplyDelete
  2. ഈ കൃഷ്ണ പൂജപ്പുര എന്ന് പറയുന്ന ആശാന്‍ കേരള കൌമുദി ഫ്ലാഷില്‍ ആണെന്ന് തോന്നുന്നു ഒരു കോളം എഴുതിയിരുന്നു, തമാശ എന്നോ രാഷ്ട്രീയ തമാശ എന്നോ ഒന്നും പറയാന്‍ പറ്റാത്ത ഒരു തരാം വളിപ്പ്. അങ്ങേരെല്ലാം കഥ എഴുതാന്‍ തുടങ്ങിയെങ്കില്‍ ഇനി ഞാന്‍ സിനിമ കാണുന്നത് നിറുത്തുന്നതാ നല്ലതെന്ന് തോന്നുന്നു..കുറച്ചു പേരുടെ കാശ് പോകാതെ നിങ്ങള്‍ കാത്തു.. ആശംസകള്‍..

    ReplyDelete