Tuesday, June 7, 2011

വീണ്ടും ചില വിനയ ചിന്തകള്‍

മാപ്പ് നല്‍ക്കു മഹാമതേ ........................

എന്തുവാ അണ്ണാ ഒരു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ലൈന്‍ പാട്ട് ? ഇങ്ങേരെന്താ ദേവാസുരത്തിലെ ഒടുവില്‍ ചെയ്ത വേഷം ചെയ്യാന്‍ പോകുന്നോ?

അനിയാ നിന്നെ കണ്ടത് നന്നായി.നീ എനിക്കൊരു ഉപകാരം ചെയ്യണം.പറ്റുമെങ്കില്‍ ഈ കുറിപ്പ് ദയവു ചെയ്തു ഒന്ന് പ്രസിദ്ധീകരിക്കാമോ? കാളകൂടം പത്രത്തില്‍ വാര്‍ത്തയായി വന്നാല്‍ നാലു പേര് വായിക്കുമല്ലോ എന്നോര്‍ത്തിട്ടാ..

മം.... നോക്കട്ടെ പക്ഷെ........ ഞാന്‍ മാര്‍ക്കിടും സമ്മതിച്ചോ?

എടാ അതിനിത് സിനിമ നിരൂപണം ഒന്നുമല്ല മാര്‍ക്കിടാന്‍.

അത് പറഞ്ഞിട്ട് കാര്യമില്ല . ഞാന്‍ എന്തിനും മാര്‍ക്കിടും.അതാ ശീലം.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ കുറിച്ച് എഴുതിയാല്‍ പോലും ഞാന്‍ മാര്‍ക്കിടും .പറ്റുമെങ്കില്‍ മതി . അല്ല ഇതെന്തോന്ന് ..... മലയാളം അല്ലെ ? മിയ .. മിയ

എടാ അത് ലാറ്റിനാ.മിയാ കുള്‍പ്പ മിയാ കുള്‍പ്പ മിയാ മാക്സിമ കുള്‍പ്പ (എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ ഏറ്റവും വലിയ പിഴ ). സംഗതി ബൈബിള്‍ വചനം.ഒരു തുടക്കത്തിനു വെച്ച് കാച്ചിയതാ. ബാക്കി മലയാളമാ പേടിക്കണ്ട.

അതിരിക്കട്ടെ എന്താ ഈ സംഗതി?

ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഇതൊരു ക്ഷമ ചോദിക്കല്‍ ആണ് .

ക്ഷമയോ? ആരോട് ...... ഓ നമ്മുടെ സൂപ്പര്‍ താരങ്ങളോട് അല്ലെ അല്ലെങ്കില്‍ സ്ഥാലം ബുദ്ധിജീവിയായ താടിയോട്. അല്ലെങ്കിലും ഇവരുടെ ഒക്കെ മഹത്തായ കലാ സൃഷ്ടികള്‍ കൂറ ആണെന്ന് പറഞ്ഞ അണ്ണന്‍ ഒരു നാള്‍ മാപ്പ് പറയേണ്ടി വരും എന്ന് എനിക്ക് അറിയാമായിരുന്നു.

എഴുന്നേറ്റ് പോടാ .... അവന്‍റെ ഒരു കണ്ടു പിടിത്തം . എടാ നീ രഘുവിന്‍റെ സ്വന്തം റസിയ കണ്ടോ?

പിന്നെ, എന്‍റെ പട്ടി പോകും വിനയന്‍റെ പടം കാണാന്‍ ..... അത് കാണാതെ തന്നെ അറിയില്ലേ കൂറ ആണെന്ന് .(നിരൂപണം എഴുതി പ്രസ്സില്‍ കൊടുത്തിട്ടല്ലേ ഞാന്‍ ആ പടം കാണാന്‍ പോയത്).അല്ല അണ്ണനും ആ പടം കണ്ടു കുറെ അധികം തെറി പറഞ്ഞതാണല്ലോ . അല്ലെ ? പിന്നെന്താ?

അനിയാ അത് കഴിഞ്ഞാണ് ഞാന്‍ ചില കാര്യങ്ങള്‍ ഓര്‍ത്തത്‌ . ഒരു വിനയന്‍ ചിത്രം ഇറങ്ങുമ്പോള്‍ , പ്രത്യേകിച്ചും ഏറ്റവും അവസാനം ഇറങ്ങിയ കുറച്ചു ചിത്രങ്ങള്‍ കാണുമ്പോള്‍ ഇതൊരു മലയാളി പ്രേക്ഷകനും സ്വയമോ മറ്റുള്ളവരോടോ പറയുന്ന ചില സ്ഥിരം വാചകങ്ങളാണ് ഞാനും ആവര്‍ത്തിച്ചത് . "ഇയാള്‍ക്ക് ഈ പണി നിര്‍ത്തികൂടെ ? ഇയാള്‍ ആരെ തോല്‍പ്പിക്കാന്‍ വേണ്ടിയാ ഇങ്ങനെ പടം ഇറക്കുന്നത്‌ . ഇത്രയും നിലവാരം ഇല്ലാത്ത പടങ്ങള്‍ ഇറക്കുന്ന ഇവനെയൊക്കെ
$%£$£$£"£"£"......". അല്ലെ ?

അത് പിന്നെ .. സത്യമല്ലേ എങ്ങനത്തെ കൂറ പടങ്ങള്‍ കണ്ടിട്ട് പിന്നെ മഹോത്തരം എന്ന് പറയാന്‍ പറ്റുമോ .

അനിയാ ആദ്യമേ ഒന്ന് മനസിലാക്കണം.യക്ഷിയോ,റസിയയോ മഹത്തായ ചിത്രങ്ങള്‍ ആണെന്നും അവ മലയാള സിനിമക്ക് എന്നും അഭിമാനിക്കാവുന്നവ ആണെന്നും അല്ല. മറിച്ചു വിനയന്‍ മാത്രം എന്ത് കൊണ്ട് ക്രൂശിക്കപ്പെടുന്നു എന്നാ ചിന്തയാണ് ഇതിനു പ്രേരകം .

അല്ല അതിപ്പോള്‍ വിനയന്‍റെ ചിത്രങ്ങള്‍ കൂറ പടങ്ങളായ സ്ഥിതിക്ക് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം ? നമുക്ക് നിലവാരം ഉള്ള പടങ്ങള്‍ അല്ലേ വേണ്ടത് ?

ആണല്ലോ? ഇനി മാറ്റി പറയരുത് .മലയാളത്തില്‍ ഇന്നു വിനയന്‍ നേരിടുന്ന അത്രയധികം വെല്ലുവിളികള്‍ ഒരു പുതുമുഖ സംവിധായകന്‍ പോലും നേരിടുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.നിലവാരം ഉള്ള (ഈ വാക്ക് , സംഗതി മലയാള സിനിമയില്‍ തീരെ ഇല്ലാത്തത് കൊണ്ട് ഉപയോഗിക്കുന്നത് ശരിയല്ല എന്നറിയാം) അഥവാ ഉണ്ടെന്നു സ്വയം വിശ്വസിക്കുന്ന ഒരാള്‍ പോലും ഒരു വിനയന്‍ ചിത്രത്തില്‍ സഹകരിക്കാന്‍ ധൈര്യപ്പെടാത്ത കാലമാണ് ഇതു എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . അത് നടന്‍മാര്‍ ആയാലും തിരകഥ കൃത്തുക്കള്‍ ആയാലും മറ്റു ഏതു പിന്നണിപ്രവര്‍ത്തകര്‍ ആയാലും ശരി ഇതൊക്കെ തന്നെയാണ് അവസ്ഥ.ഇതിനെ കുറിച്ചൊന്നും അധികം വിശദീകരികേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

സംഘടനാപരമായി വിനയന്‍ മലയാള സിനിമ വേദിയില്‍ നേരിടുന്ന ഒറ്റപ്പെടുത്തലുകള്‍ പല വേദികളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.ഒരു തീയറ്റര്‍ ലഭിക്കാന്‍ പോലും,എന്തിനു സിനിമ സെന്‍സര്‍ ചെയ്തു കിട്ടാന്‍ ,പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാന്‍ ലോക മഹാ യുദ്ധങ്ങള്‍ നടത്തേണ്ടി വരുന്ന ആ മനുഷ്യനെ ചീത്ത പറഞ്ഞതില്‍ എനിക്ക് ശകലം നാണം തോന്നണ്ടേ അനിയാ? ഇനി വിനയന്‍റെ സിനിമകളുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതു പോലും വിനയന്‍ നേരിട്ടാണ് ഇന്നു ആരെങ്കിലും പറഞ്ഞാല്‍ സത്യമായും എനിക്ക് അതിശയം തോന്നില്ല. ഉറപ്പ്!! ഇത്രയും നിലവാരം കുറഞ്ഞ (തിലകന്‍,സ്ഫടികം ജോര്‍ജ് തുടങ്ങി സംഘടനയുമായി ഉടക്കി നില്‍ക്കുന്ന അപൂര്‍വ്വം ചിലര്‍ ഒഴിച്ചാല്‍ വിനയന്‍ ചിത്രങ്ങളില്‍ സഹകരിക്കുന്ന ആര്‍ക്കും നിലവാരം ഉണ്ടെന്നു അവര്‍ പോലും പറയില്ല) ഒരു ടീമുമായി തുടക്കം മുതല്‍ ഒടുക്കം വരെ പ്രശ്നങ്ങള്‍ നേരിട്ട് വല്ല വിധേനയും പടം സിനിമ ശാലയില്‍ എത്തിക്കുമ്പോള്‍ അതിനു ഇനി നിലവാരം കൂടി വേണം എന്നു പറഞ്ഞാലോ ?(ഒന്നാമത് ആ മനുഷ്യന് തിരക്കഥ വഴങ്ങില്ല.നിവൃത്തികേട് കൊണ്ട് ചെയ്യുന്നു . അതിന്‍റെ കൂടെ ഒരു കൈ കൊണ്ട് എഴുതുകയും മറ്റേ കൈ കൊണ്ട് ലോകത്തോട്‌ മുഴുവന്‍ യുദ്ധം ചെയുകയും വേണം , അതിനിടയില്‍ പിന്നെ നിലവാരവും !! )

അല്ല ഈ പറയുന്നത് എന്ത് ന്യായമാ അണ്ണാ? വിനയന്‍റെ പ്രശ്നങ്ങള്‍ അങ്ങേരുടെ സ്വന്തം കാര്യം.പ്രേക്ഷകര്‍ എന്ന നിലയ്ക്ക് നമുക്ക് നല്ല സിനിമ വേണം.അത് ഇവന്‍ പടം കഷ്ട്ടപ്പെട്ടു ആണ് എടുത്തത്‌ എന്നു വെച്ച് ഉഗ്രന്‍ എന്നു പറയാന്‍ പറ്റുമോ ?

ഏങ്ങനെ പറ്റും? ഒരിക്കലും പറ്റില്ല .പക്ഷെ ഒരു ഒറ്റ ചോദ്യം ഈ നിലവാരം ഇല്ലായിമ്മയെ ചോദ്യം ചെയ്യാനും കടിച്ചു കുടയാനും ഉള്ള മാധ്യമങ്ങളുടെയും ബൂലോക സിംഹങ്ങളുടെയും ആക്രാന്തം മറ്റു സംവിധായകരുടെയും താരങ്ങളുടെയും പടം വരുമ്പോള്‍ എവിടെ പോകുന്നു ? ഉദാഹരണമായി മലയാള സിനിമയുടെ അചാര്യനും ഹിറ്റ്‌ മേക്കര്‍ (?) ഉം അയ മലയാളികളുടെ സ്വന്തം പാച്ചിക്ക അഥവാ ഫാസില്‍ എന്ന സംവിധായകനെ എടുക്കാം.വിനയന്‍ നേരിടുന്ന ഒരു വിധ പ്രശ്നങ്ങളും ഇല്ലാത്ത അദേഹം എടുത്ത അവസാന രണ്ടു ചിത്രങ്ങള്‍ മോസ് ആന്‍ഡ്‌ ക്യാറ്റ്,ലിവിംഗ് ടുഗദെര്‍ എന്നീ ചിത്രങ്ങള്‍ ഏതു രീതിയിലാണ്‌ യക്ഷിയും റസിയയെക്കാളും മികച്ചു നില്‍ക്കുന്നത് എന്നു ദയവായി ഒന്ന് പറഞ്ഞു തരാമോ?ഒരു ഉദാഹരണത്തിന് വേണ്ടി ഫാസിലിനെ എടുത്തു എന്നേ ഉള്ളു.അത് പറ്റില്ല എങ്കില്‍ സംഘടനയുടെ നേടും തുണ് അയ ശ്രീ ബി ഉണ്ണികൃഷ്ണന്‍റെ പ്രമാണി,ത്രില്ലെര്‍ എന്നിവ ഏങ്ങനെ യക്ഷിയെയും റസിയയെയും ആയി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ചു നില്‍ക്കുന്നു എന്നു പറഞ്ഞാലും മതി.ഇനി അതും പോരെങ്കില്‍ ഷാജി കൈലാസ് എടുത്ത ദ്രോണ, ഓഗസ്റ്റ്‌ 15 എന്നീ ചിത്രങ്ങളെ താരതമ്യം ചെയ്താലും മതി .മേല്‍ പറഞ്ഞ മഹാന്‍മാരില്‍ ശ്രീ ഫാസില്‍ കുറെയധികം കാലമായി യൂത്തിന് വേണ്ടി മാത്രം ചിത്രം എടുക്കുന്ന ആളാണ് (ചുമ്മാതാണോ പിള്ളേര് അന്യഭാഷാ ചിത്രങ്ങള്‍ തേടി ഓടുന്നത് ?) ഉണ്ണികൃഷ്ണന്‍ ആകട്ടെ മാതൃഭുമി വാരികയില്‍ വന്ന അഭിമുഖത്തില്‍ പറഞ്ഞത്‌ അനുസരിച്ച് ആണെങ്കില്‍ അദേഹം ബോസ്ക്ലോവിസ്കിയുടെ (പേര് വേറെന്തോ ആണ് ഏതാണ്ട് ഇതു പോലെ ഇരിക്കും) സിനിമകള്‍ കണ്ടു വളര്‍ന്ന ആളും മനസ് മൊത്തം ലോകോത്തര ചിത്രങ്ങളുമാണ്.പിന്നെ ഇവിടുത്തെ കൂറകള്‍ക്ക് മനസിലാകാന്‍ വേണ്ടി മാത്രം ഇങ്ങനെ നിലവാരം ഇല്ലാത്ത ചിത്രങ്ങള്‍ എടുക്കുന്നു എന്നു മാത്രം (താടി ലൈന്‍ ). ഷാജി കൈലാസിനാകട്ടെ സംവിധാനം വെറുമൊരു ജോലിയല്ല മറിച്ചു ഒരു ഭ്രാന്ത് തന്നെ ആണെന്ന് എവിടെയോ അദേഹം തന്നെ പറഞ്ഞതായി ഓര്‍ക്കുന്നു (കഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ കണ്ടവര്‍ തീര്‍ച്ചയായും അതിനോട് യോജിക്കും).ഇനിയും പോരെങ്കില്‍ ശ്രീ മേജര്‍ രവി സംവിധാനം ചെയ്ത ......

അയ്യോ ..... അണ്ണാ മതി കൂടുതല്‍ കേട്ടാല്‍ എനിക്ക് തന്നെ പേടിയാകും.

പേടിക്കാന്‍ വരട്ടെ അനിയാ.ഈ പറയുന്ന മഹാന്മാര്‍ ആര്‍ക്കെങ്കിലും വിനയന്‍ കൊണ്ട് വന്നതിന്‍റെ പത്തിലൊന്ന് വ്യത്യസ്തത കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ ? പ്രേമം വന്നാലും പ്രേതത്തെ കണ്ടാലും ഒരേ പോലെ ഭാവം പ്രകടിപ്പിക്കുന്ന പുതുമുഖത്തെ (അഭിപ്രായം വ്യക്തിപരം )നായകനാക്കി വെച്ച് ആകാശഗംഗ എന്ന ഒരു ഹൊറര്‍ ചിത്രം,അതും ഭയങ്കര അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ലാത്ത ദിവ്യഉണ്ണി എന്ന നടിയെ നായികയാക്കി എടുത്തത്‌ ഇവര്‍ ആരും അല്ലായിരുന്നല്ലോ. വെറും കോമാളി ആക്കി മിമിക്ക്രി കാണിപ്പിച്ചു നടത്തിയിരുന്ന കലാഭവന്‍ മണിയെ നായകനാക്കിയ വാസന്തിയും ലക്ഷ്മിയും ... തുടങ്ങി വെച്ചത് അല്ലേ അനിയാ ഇന്നു ഇവിടെ എല്ലാവരും പാടി പുകഴ്ത്തുന്ന ആദാമിന്‍റെ മകന്‍ അബുവില്‍ എത്തി നില്‍ക്കുന്നത് ?

അല്ല അങ്ങനെ ചോദിച്ചാല്‍ ....? മാത്രമല്ല വിനയന്‍ ചിത്രങ്ങളില്‍ കാണുന്ന ചില സ്ഥിരം ബിംബങ്ങളെ പറ്റി എന്താ ഒന്നും പറയാത്തെ.വികലാംഗര്‍,ബലാത്സംഗം അങ്ങനെ ഉള്ളവയോ ?

അനിയാ ഒരു പീഡനവുമായി ബന്ധപെട്ട ഒരു വാര്‍ത്ത‍ ഇല്ലാത്ത ഒരു ദിനപത്രം ഈ വര്‍ഷം നിനക്ക് കാണിച്ചു തരാമോ? മലയാളി മദ്യപാനം പോലെ ഏറ്റെടുത്ത ഈ സംഭവത്തെ സിനിമകളില്‍ കാണിക്കുന്നത് തെറ്റാണോ ? അതിരിക്കട്ടെ പ്രശസ്തരായ ചില സംവിധായകരുടെയും അവരുടെ ചിത്രങ്ങളില്‍ കാണാറുള്ള ബിംബംങ്ങളുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

രഞ്ജിത് : മിടുമിടുക്കനായ നായകന്‍ . അയാളോട് ബൌധിക വേഴ്ച നടത്തുന്ന അസംതൃപ്ത ആയ വല്ലോരുടെയും ഭാര്യ/കാമുകി, (അയാളെ മാത്രം സ്നേഹിക്കുന്ന സംതൃപ്തയായ ഭാര്യ/കാമുകി വീട്ടില്‍ ഉണ്ടാകും ).

ഷാജി കൈലാസ് : സ്ലോ മോഷന്‍, മദ്യഗ്ലാസ്സിലേക്ക്‌ വീഴുന്ന ഐസ് കട്ടയുടെ ക്ലോസ് അപ്പ്‌ ഷോട്ട് , ആധുനിക ഗാഡ്ജെറ്റ്സ്

പ്രിയദര്‍ശന്‍ : ടോം ആന്‍ഡ്‌ ജെറി കാര്‍ട്ടൂണില്‍ നിന്നും അടിച്ചു മാറ്റിയ ഷോട്ടുകള്‍

അരവിന്ദന്‍ : ആകാശം

സത്യന്‍ അന്തിക്കാട് : ചായക്കട

അങ്ങനെ നോക്കിയാല്‍ എത്ര വേണേലും പറയവുന്നത്തെ ഉള്ളു.അത് വിട് . പിന്നെ ഇപ്പോളും സൂപ്പര്‍ താരങ്ങളില്‍ ഒരാളിന്‍റെ ക്യാമ്പില്‍ നിന്നും മറ്റേ ആളിന്‍റെ ക്യാമ്പിലേക്ക് ശയന പ്രദിക്ഷണം നടത്താന്‍ മാത്രം അറിയുന്ന,അതിനപ്പുറം ഒന്നും ചിന്തിക്കാന്‍ ഉള്ള ധൈര്യം ഇപ്പോളും ഇല്ലാത്ത താടിയെക്കാളും എത്രയോ ഉയരത്തിലാണ് പാവം വിനയന്‍ !!!

അപ്പോള്‍ ചുരുക്കത്തില്‍ ...

പ്രിയപ്പെട്ട വിനയന്‍ ,ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് തങ്ങളുടെ റസിയയും,യക്ഷിയും മികച്ച ചിത്രങ്ങള്‍ ആണെന്ന് അല്ല . എന്നാല്‍ പ്രസ്തുത ചിത്രങ്ങളുടെ മോശം നിലവാരം പൂര്‍ണമായും താങ്കളുടെ ഉത്തരവാദിത്വം അല്ല എന്ന തോന്നലാണ് ഈ പോസ്റ്റിനു പ്രേരകം.ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല തിരക്കഥാകൃത്തിനെ എങ്കിലും കിട്ടുന്ന പക്ഷം ഒറ്റയ്ക്ക് തന്നെ മലയാള സിനിമക്ക് കുറെയെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരാളാണ് താങ്കള്‍ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതൊന്നു ഉറക്കെ പറയാന്‍ ഈ പോസ്റ്റ്‌ വേണ്ടി വന്നു എന്ന് മാത്രം

11 comments:

  1. ലിവിംഗ് ടുഗതര്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒന്ന് രണ്ടു തവണ പിന്നോട്ട് പോയി സംവിധായകന്റെ പേര് ഉറപ്പു വരുത്തേണ്ടി വന്നു... വിനയന്‍ അല്ലല്ലോ എന്ന്!

    ReplyDelete
  2. വിനയന്റെ യഥാര്‍ത്ഥശത്രു, ഫെഫ്ക്കയോ ഉണ്ണിക്കൃഷ്ണന്‍ ബിയോ ഒന്നുമല്ല, വിനയന്‍ തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, വിനയന്‍ ചെയ്യേണ്ടത് ഭേദപ്പെട്ട, പ്രേക്ഷകരെ വെല്ലുവിളിക്കാത്ത സിനിമകളാണ്. അതിനുപകരം, സ്വന്തം സമധിക്കുള്ള കുഴി സൊയം തോണ്ടുന്ന വിനയനാണ് യക്ഷിയും ഞാനുമിലും ഇപ്പോള്‍ രഘുവിന്‍റെ സ്വന്തം റസിയയിലും ഒക്കെ കാണുന്നത്. പിന്നെ മാക്ടയുടെ തലപ്പത്തെത്തിയ വിനയന്‍, അവിടെ താന്‍പൊരിമയും കാലുവാരലും കാട്ടിയ വിനയനെ കൂടെയുള്ളവരെപോലും വെറുക്കാന്‍തുടങ്ങി. അമ്മയോടെന്നപോലെ മാക്ടയിലെ മറ്റംഗങ്ങളോടും അദ്ദേഹം ഇടഞ്ഞു. അതോടെ മാക്ട തന്നെ പൊല്ലാപിലായി അതിന്‍റെയവസാനം വിനയന്‍റെ പതനവും ഫെഫ്ക്കയുടെ ഉദയവും തുടങ്ങി
    വിനയന്‍ ഇനിയും പടങ്ങള്‍ എടുക്കണം. ആശ തീരും വരെ... പക്ഷെ, സ്വന്തം വീട്ടുകാരെ എങ്കിലും നിര്‍ബന്ധിപ്പിച്ചു കൊണ്ട് പോയി ആ സിനിമകള്‍ കാണിക്കണം കാരണം ഷക്കീലയ്ക്കു ശേഷം അല്‍പം എരിവുള്ളത് വിനയന്‍ പടത്തില്‍ മാത്രമാണ്..

    ReplyDelete
  3. dear prekshakan,
    if u remember everyone was thirsting for the blood of fazil and shaji kailas after the films mentioned above.and fazil admitted that moz and cat was a worst movie .but our great vinayan even after his films becomes disaster he tells in the media that they r great and different movies.thats the difference.he is the grandfather of all egoes.u should think why no producer takes a second film with vinayan.if rape scenes are trade mark of a director like the trade marks of the directors mentioned above then i have nothing to say about your film sense.thank you

    ReplyDelete
  4. നിങ്ങള്‍ വിനയനാണല്ലേ :)

    ReplyDelete
  5. വിനയണ്റ്റെ അപ്പനു അറം പറ്റി പേരിട്ടു വിനയന്‍ പക്ഷെ വിനയം അല്‍പ്പം പോലും ഇല്ല

    രാക്ഷസ രാജാവ്‌ കരുമാടിക്കുട്ടന്‍ വാസന്തി ലക്ഷ്മി ഊമപ്പെണ്ണിനു ഉരിയാടാ പയ്യന്‍, ഇതൊക്കെ ഒരു വിധം നല്ല പടങ്ങള്‍ ആയി കൂട്ടാം ശിപായി ലഹള

    ശരിയാണു വൈവിധ്യം ഉണ്ട്‌ പക്ഷെ അഹം കാരം ആണല്ലോ ഒരുത്തനെ നശിപ്പിക്കുന്നത്‌

    വിനയന്‍ ആണു ഷക്കീലയെ ഔട്ട്‌ ആക്കിയത്‌ രാക്ഷസ രാജാവിണ്റ്റെ കളക്ഷനെ രാക്ഷസ രാജ്ഞിയുടെ കളക്ഷന്‍ ബാധിച്ചപ്പോള്‍ ആ പടത്തിലെ ബിറ്റു പിടിപ്പിച്ചു

    പിന്നെ ഷക്കീലയെ ഔട്ട്‌ ആക്കി (പാവം ഇപ്പോള്‍ പിന്നണി ഗായിക ആയി) ഷകീലയെ തിരികെ കൊണ്ട്‌ വന്നു ശാപമോക്ഷം വാങ്ങാം

    ജനം മുതുക്കന്‍മാരുടെ കോപ്റായം കണ്ട്‌ മടുത്തിരിക്കുന്നു ഷക്കീലക്കു വരാന്‍ പറ്റിയ അവസരം ആണു

    ReplyDelete
  6. പറയുന്നത് കേട്ടാ തോന്നും മുതുക്കന്മാര്‍ അല്ലാത്തവര്‍ക്ക് കോപ്രായം ഇല്ല എന്ന് ..

    ReplyDelete
  7. വിനയന്‍ അഹങ്കാരി ആണെങ്കില്‍ പടം ഇറങ്ങി കഴിഞ്ഞു ഏഴു നിലയില്‍ പൊട്ടി കഴിഞ്ഞു എനിക്ക് തീരെ താല്‍പര്യമില്ലാതെ എടുത്ത പടമാണ് അത് എന്ന് പറയുന്നത് തികഞ്ഞ വിനയത്തിന്റെ മാത്രം ലക്ഷണം ആണല്ലോ (അത് കഴിഞ്ഞു താല്പര്യത്തോടെ എടുത്ത ചലച്ചിത്രത്തിന്റെ കഥ പറയണ്ട.) ജനങ്ങള്‍ക്ക്‌ ഈ മാതിരി തറ പടം കാണാന്‍ ദാഹിച്ചു നില്‍ക്കുന്നത് കൊണ്ട് മാത്രം അലവലാതി ചിത്രങ്ങള്‍ എടുത്തു കൊടുക്കുന്ന ദയലുക്കളുടെ മനോഭാവവും തീരെ അഹംകാരം അല്ലല്ലോ?

    ReplyDelete
  8. വിയോജിക്കുന്നു പ്രേക്ഷകാ. 45 രൂപ കൊടുത്തു ഊണ് കഴിക്കാന്‍ കയറിയിട്ട്, വായില്‍ വയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണം തരുന്ന കടയുടമയോട് പരാതി പറയുമ്പോ "എങ്കില്‍ ഇവിടെ നല്ല പാച്ചക്കാരെ ഒന്നും കിട്ടുന്നില്ല. ഇത്രയും ഒക്കെ ഒപ്പിക്കുന്ന എന്നെ സമ്മതിക്കണ്ടേ" എന്ന് പറയുന്ന മുതലാളിയെ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോ? കഴിയില്ല തന്നെ.

    ReplyDelete
  9. അലക്സ്‌ , പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു അത് തന്നെയാണ് പറയാന്‍ ശ്രമിച്ചതും
    (വിനയന്‍റെ പ്രശ്നങ്ങള്‍ അങ്ങേരുടെ സ്വന്തം കാര്യം.പ്രേക്ഷകര്‍ എന്ന നിലയ്ക്ക് നമുക്ക് നല്ല സിനിമ വേണം.അത് ഇവന്‍ പടം കഷ്ട്ടപ്പെട്ടു ആണ് എടുത്തത്‌ എന്നു വെച്ച് ഉഗ്രന്‍ എന്നു പറയാന്‍ പറ്റുമോ ?).
    പക്ഷെ വിനയന്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത മഹാന്മാരായ സംവിധായകര്‍ നമുക്ക് വെച്ച് വിളമ്പി തരുന്നതും ഒട്ടും തന്നെ മെച്ച പ്പെട്ട വിഭവങ്ങള്‍ അല്ല എന്ന സത്യവും ഇവിടെ കാണാന്‍ ശ്രമിച്ചിട്ടുണ്ട് . ഒരു പക്ഷെ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വിനയന്‍ ഇവര്‍ ഉണ്ടാക്കിതരുന്ന തിനെക്കാള്‍ മെച്ചപ്പെട്ട സാധനം ഉണ്ടാക്കാനുള്ള സാധ്യതയും കാണാന്‍ ശ്രമിച്ചു എന്നു മാത്രം

    ReplyDelete
  10. "പിന്നെ മാക്ടയുടെ തലപ്പത്തെത്തിയ വിനയന്‍, അവിടെ താന്‍പൊരിമയും കാലുവാരലും കാട്ടിയ വിനയനെ കൂടെയുള്ളവരെപോലും വെറുക്കാന്‍തുടങ്ങി" മാക്ടയുടെ തലപ്പത്തിരുന്നു വിനയന്‍ പറഞ്ഞ ഇതു കാര്യത്തിലാണ് താന്‍പൊരിമയും കാലുവാരലും താങ്കള്‍ കണ്ടത്? ഒരു സംഘടനയുടെ ഉത്തരവാദിത്വമുള്ള നേതാവ് പറയേണ്ട കാര്യങ്ങളെ വിനയന്‍ അവിടെ ഇരുന്നു പറഞ്ഞിട്ടുള്ളൂ . അല്ല എന്നാണ് അഭിപ്രായം എങ്കില്‍ എന്താണ് വിനയന്‍ പറഞ്ഞത് എന്ന് പറയണം .
    ഈ പറച്ചില്‍ കൊണ്ട് വിനയന് നഷ്ടമല്ലാതെ ഒരു ലാഭം ഉണ്ടാകു എന്ന് കരുതാന്‍ അയാള്‍ ഒരു മണ്ടന്‍ ആയിരിക്കണം.

    "ഇത്തരമൊരു സാഹചര്യത്തില്‍, വിനയന്‍ ചെയ്യേണ്ടത് ഭേദപ്പെട്ട, പ്രേക്ഷകരെ വെല്ലുവിളിക്കാത്ത സിനിമകളാണ്"

    ഈ ഒരു സാഹചര്യത്തില്‍ സാക്ഷാല്‍ പത്മരാജന് പോലും ഭേദപ്പെട്ട ഒരു ചിത്രം എടുക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല . പിന്നെ ചെയ്യാവുന്നത് വിനയന്‍ പടമെടുക്കല്‍ നിര്‍ത്തലാണ് . അതാണ് വിനയനെ എതിര്‍ക്കുന്നവര്‍ക്ക് വേണ്ടതും.

    പ്രേക്ഷകന്‍ , നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കതിനോടും ഞാനും യോജിക്കുന്നു . ഓള്‍ ദി ബെസ്റ്റ്

    ReplyDelete
  11. പ്രേക്ഷകന്‍ , നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കതിനോടും ഞാനും യോജിക്കുന്നു

    <<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

    same CHINTHA E LINK -il

    ..............................

    http://www.poriyunda.com/Vina%20vasu%20Story.html

    ReplyDelete