Saturday, June 25, 2011

അദാമിന്‍റെ മകന്‍ അബു

അനിയാ.... ഇവനെ ഒക്കെ കെട്ടിയിട്ടു തല്ലണ്ടേ

മനസിലായി അണ്ണന്‍ പുതിതായി ഇറങ്ങിയ സദാചാര പോലീസുകാരെ പറ്റി അല്ലെ ഈ പറഞ്ഞു വരുന്നേ.

ഒന്ന് പോടെ ഇവിടെ സാധാരണ പോലീസ്കാരെ കൊണ്ട് ജീവിക്കാന്‍ വയ്യ . അപ്പോളാണ് സദാചാര നാറികള്‍. പിന്നെ .... നിന്നോട് ഞാന്‍ സിനിമ കാര്യങ്ങള്‍ അല്ലെ ഇവിടെ സംസാരിക്കാന്‍ വരാറുള്ളൂ .

സിനിമയില്‍ ആരെ തല്ലാന്‍ ........ ഓ... മനസിലായി ഇന്നലെ അണ്ണന്‍ കൈരളി തീയറ്റെരില്‍ നിന്നും ഇറങ്ങിയത്‌ കണ്ടവരുണ്ട് . നിങ്ങള്ക്ക് ഇതിന്‍റെ വല്ല കാര്യവും ഉണ്ടോ. അല്ലെങ്കിലെ നിങ്ങള്ക്ക് ഈ ബുദ്ധി ജീവികളോടു പരമപുച്ഛം ആണല്ലോ.പോരാത്തതിനു സലിംകുമാര്‍ അഭിനയിക്കും പോലും.ഇതൊക്കെ വിശ്വസിക്കാന്‍ പ്രബുദ്ധനായ മലയാളി ഇനി ഒരിക്കല്‍ കൂടി ജനിക്കണം.അല്ല ആരെടെ ഇതൊക്കെ പടച്ചു വിടുന്നത്?ചുമട് എടുക്കുന്നത് യൂണിയന്‍ അംഗങ്ങള്‍ മാത്രം ചെയ്യാവുന്ന ഒരു ജോലി ആക്കിയത് പോലെ ഈ അഭിനയം എന്നതൊക്കെ സൂപ്പര്‍ താരങ്ങള്‍ മാത്രം ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുള്ള സംഗതി ആണെന്ന് ഇവനൊക്കെ അറിയാന്‍ പാടില്ലേ.ഇവിടെ ആബാല വൃദ്ധം മലയാളികളും പ്രാഞ്ചി ഏട്ടന്‍ എന്ന മഹത്തായ മിമിക്രി ചിത്രത്തിന് അവാര്‍ഡ്‌ കൊടുക്കാത്തതിനു ഹര്‍ത്താല്‍ നടത്താനോ മൌനജാഥ മതിയോ അതോ രക്തരൂക്ഷിതമായ ഒരു കലാപം കൊണ്ടേ സംഗതികള്‍ തീരുമാനം അകുകയുളോ എന്ന് ആലോചിച്ചു തല പുകയ്ക്കുമ്പോള്‍ ആണ് അവന്‍റെ ഒക്കെ ആദവും ഔവയും കളി . അണ്ണന്‍ എന്താ ഒന്നും മിണ്ടാതെ

അല്ലെടെ നീ ഇതു വരെ പോകും എന്ന് നോക്കുവായിരുന്നു. ഒരുപാട് കത്തി കയറുമ്പോള്‍ അടങ്ങ്‌ വേലായുധാ പറയാം എന്ന് കരുതി .ഡേ, ആദ്യമേ പറഞ്ഞേക്കാം . ആര്‍ട്ട് പടം എന്ന് ഞാന്‍ പറയുന്നത് ,കാശ് മുടക്കി ഞാന്‍ തിയറ്ററില്‍ പോയി ഇരിക്കുമ്പോള്‍ രണ്ട് മൂന്ന് മണിക്കൂറുകള്‍ വെറുതെ വേസ്റ്റ് ആയി എന്ന് തോന്നിക്കാതെ പകരം ഈ പടത്തിന് വന്നത് നന്നായി എന്ന് തോന്നിക്കുന്ന സിനിമകളാണ് . (തിയറ്ററില്‍ എത്താന്‍ പ്രബുദ്ധ പ്രേക്ഷക/തിയറ്റര്‍/താര സാറന്മാര്‍ അവസരം കൊടുക്കാത്ത , വന്നാല്‍ തന്നെ ആദ്യ ഷോ തീരും മുന്‍പേ കെട്ടി പൂട്ടുന്ന നല്ല സിനിമകള്‍ വിസ്മരിക്കുന്നില്ല )

അല്ല....... അപ്പോള്‍ അണ്ണന്‍ തല്ലണം എന്ന് പറഞ്ഞത് .

വേറെ ആരെ? നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി ദാഹിച്ചു നടക്കുന്ന കേരളത്തിലെ പ്രേക്ഷക കഴുവേറികളെ തന്നെ (ഈ പ്രയോഗം മാന്യം ആണെന്ന് ഏതോ നേതാവോ കോടതിയോ പറഞ്ഞതായി വായിച്ചു എന്നാണ് ഓര്‍മ) ഇതു വരെ പേര് പോലും കേട്ടിടില്ലാത്ത ഒരു സംവിധായകന്‍ ചെയ്ത,കോമാളി കളി നടത്തി ജീവിക്കുന്ന ഒരു നടന്‍ അഭിനയിച്ച ചിത്രത്തിന് ദേശീയ അംഗീകാരം കിട്ടിയിട്ട് ഒരു മാസം മുന്‍പ് അഭിമാനിക്കാന്‍ വരി നിന്നവനോക്കെ തിയറ്ററില്‍ വന്നപ്പോള്‍ ആ പടം ഒന്ന് പോയി കാണാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ആദ്യദിവസം സെക്കന്റ്‌ ഷോ ക്ക് കഷ്ടിച്ച് പകുതി നിറഞ്ഞ ഒരു തീയറ്റെരില്‍ ഇരുന്നു ഈ ചിത്രം കാണേണ്ടി വരില്ലായിരുന്നു.അത്രയും ജനം തന്നെ സിനിമ കാണാന്‍ വന്നത് ഒരു പക്ഷെ ദേശീയ അവാര്‍ഡിന്റെ പേരില്‍ ആകണം .എന്നാല്‍ ഇവന്‍റെ ഒക്കെ ഭാവമോ നല്ല സിനിമ മുന്നില്‍ വന്നു മാദക നൃത്തം ചവിട്ടാഞ്ഞിട്ട്‌ ഇവനൊന്നും കിടക്കപ്പൊറുതി കിട്ടുന്നില്ല എന്നാണ് .തല്ലണ്ടേ ഇവനെയൊക്കെ ?

അല്ല അപ്പോള്‍ പടം നല്ലതാണു.....

അനിയാ ഈ പടത്തിന്റെ കഥ ഒറ്റ വരിയില്‍ പറയാം.ആരോരും ഇല്ലാത്ത മുസ്ലിം ദമ്പതികള്‍ (ഒരു മകനുള്ളത് ഗള്‍ഫിലാണ്.ഏതാണ്ട് ഇവരെ ഉപേക്ഷിച്ച മട്ടാണ് )അത്തര്‍ വിറ്റു ജീവിക്കുന്ന അബുവും (സലിം കുമാര്‍)ഭാര്യ ഐശുവും (സറീന വഹാബ് ).ഹജ്ജിനു പോകാനുള്ള അവരുടെ ശ്രമങ്ങള്‍,അതിന്‍റെ പരിസമാപ്തി എന്നിവയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച വശമായി എന്നിക്ക് തോന്നിയത്,മതപരമായ ഒരു സംഗതി ,അതിനോടുള്ള ആ മതത്തില്‍ പെട്ട ഒരാളുടെ മനോഭാവം,ഇവയൊക്കെ മതങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊണ്ട് എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാന്‍ ഒരു നവാഗത സംവിധായകനും അദ്ദേഹത്തിനോടൊപ്പം പണിയെടുത്ത അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു എന്ന് പറയുന്നത് ഒരു നിസാര കാര്യമായി എന്നിക്ക് തോന്നുന്നില്ല.പ്രബുദ്ധനായ മലയാള പ്രേക്ഷനിലേക്ക് അത് എത്തിക്കാന്‍ ഒരു ദേശീയ അവാര്‍ഡും നമ്മുടെ ബൌധിക താടി രഞ്ജിത് വക പരിഭവം പറച്ചിലും വേണ്ടി വന്നു എന്ന് മാത്രം.(കൂട്ടത്തില്‍ പറഞ്ഞോട്ടെ ഈ ചിത്രത്തിന്റെ നിലവാരത്തില്‍,വേണ്ട ഇതിന്‍റെ അടുത്ത് നില്‍ക്കാവുന്ന ഒരു ചിത്രം ഇദ്ദേഹം ഇതു വരെ ചെയ്തിട്ടില്ല.കൂള്‍ ഗുരു കൂള്‍ !!! കടപ്പാട് റോക്ക് ആന്‍ഡ്‌ റോള്‍ )

അണ്ണന്‍ ഇങ്ങനെ അടച്ചു പറയല്ലേ ..

ഈ ചിത്രത്തിലെ അഭിനയത്തിന് സറീനവാഹബിനു കൂടി ഒരു അവാര്‍ഡ്‌ നല്‍കാമായിരുന്നു എന്നാണ് എന്‍റെ എളിയ അഭിപ്രായം . എത്ര ലളിത സുന്ദരമായാണ് ആ നടി ഐഷു എന്ന നാടന്‍ മുസ്ലിം വീട്ടമ്മയെ അവതരിപ്പിച്ചിരിക്കുന്നത്.പറഞ്ഞു വരുമ്പോള്‍ അവര്‍ ഒരു മലയാളി പോലും അല്ല എന്ന് കൂടി ഓര്‍ക്കണം.ഈ ചിത്രത്തില്‍ വര്‍ഗീയതയോ (പറഞ്ഞു വരുമ്പോള്‍ അതാണല്ലോ നമ്മുടെ ബുദ്ധിജീവികളുടെ ഒരു ഹരം) എന്തിനു ,ഒരു ദുഷ്ട്ടകഥപാത്രമോ ഇല്ല എന്നാല്‍ നമ്മുടെ സത്യന്‍ അന്തികാട് ചിത്രം പോലെ ഒരിടത്ത് ഒരിടത്ത് നന്മ നിറഞ്ഞ ഒരു ഗ്രാമം എന്ന മട്ടിലും അല്ല.തിന്മയില്‍ നിന്നും കൃത്യമായ അകലം പാലിച്ചു സ്വന്തം ജീവിത പ്രശനങ്ങളോട് മല്ലടിച്ചു ജീവിക്കുന്ന ഒരു സാധാരണക്കാരനെ പോലെയാണ് ഈ ചിത്രം.

ഈ ചിത്രത്തില്‍ നന്നായി അഭിനയിച്ചതിനു പുറമേ ഇതിന്‍റെ നിര്‍മാണത്തില്‍ കൂടി പങ്കാളി ആയ ശ്രീ സലിം കുമാര്‍ മലയാള സിനിമക്ക് വലിയൊരു സേവനം ആണ് ചെയ്തിരിക്കുന്നത്.ഈ ചിത്രം കൊണ്ട് അവസാനിപ്പിച്ച പോയിന്റ്‌ ഒരു തിരകഥകൃത്ത് എന്ന നിലക്ക് ശ്രീ സലിം അഹമ്മദ്‌ ഒരു നവാഗതന്‍ എന്ന തോന്നല്‍ തീരെ ഉണ്ടാകുന്നില്ല . അവിടെ മാത്രമല്ല ഒരിടത്ത് പോലും ഇതൊരു സംവിധായന്‍,തിരകഥ കൃത്ത് എന്നീ നിലകളില്‍ പുതുമുഖം ആയ ഒരാള്‍ ചെയ്ത ചിത്രം ആണെന്ന് പറയുകയേ ഇല്ല.ഒരിക്കല്‍ പോലും മുഖം നേരെ കാണിക്കാത്ത ശബ്ദം കൊണ്ട് മാത്രം ചിത്രത്തില്‍ നിറയുന്ന ഉസ്താദ്‌ പോലും എത്ര മനോഹരമായാണ് ഈ ചിത്രത്തില്‍ ചേര്‍ന്ന് പോകുന്നത് . ആ ഒരൊറ്റ കഥാപാത്രം മതി സംവിധായകന്‍റെ ക്രാഫ്റ്റ് മനസിലാക്കാന്‍.പ്ലാവിനെയും മകനെയും ഉപമിപ്പിക്കുന്നിടത്ത് ഒക്കെ ഒരു തഴക്കം വന്ന തിരകഥകൃത്തിനെ ഓര്‍മിപ്പിക്കുന്നു ശ്രീ സലിം അഹമ്മദ്.അബു പഴയ അയല്‍ക്കാരനായ സുലൈമാനോട്‌ പൊരുത്തം ചോദിയ്ക്കാന്‍ പോകുന്ന രംഗങ്ങള്‍, സഹായിക്കാന്‍ എത്തുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ (നെടുമുടി)മായുള്ള രംഗങ്ങള്‍ .(കൂട്ടത്തില്‍ പറഞ്ഞോട്ടെ തന്‍റെ സ്ഥിരം ശാപമായ "അറിഞ്ഞില്ല ആരും പറഞ്ഞില്ല " ടൈപ്പ് റോളുകളില്‍ നിന്നും കുറച്ചു കാലമായി നെടുമുടി രക്ഷപെട്ട മട്ടാണ് . ഈ ചിത്രത്തിലും ചെറുതെങ്കിലും നല്ല വേഷമാണ് ),അവസാന രംഗങ്ങള്‍ അങ്ങനെ മനസ്സില്‍ നിന്നേക്കാവുന്ന എത്ര രംഗങ്ങളാണ് ഈ ചിത്രത്തില്‍. .അബുവും ഐശുവും ഒഴികെയുള്ള കഥാപാത്രങ്ങള്‍ വന്നു പോകുന്നവരാണ് . എങ്കില്‍ പോലും ഓരോരുത്തരും കൃത്യമായ വ്യക്തിത്വങ്ങള്‍ ഉള്ളവരും ചിത്രം കഴിഞ്ഞു പുറത്തിറങ്ങിയാലും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവരും ആണ് എന്ന് പറഞ്ഞാല്‍ ദയവായി അതിശയോക്തി ആയി കാണരുത്.മറ്റു മതങ്ങളെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യാതെ സ്വന്തം വിശ്വാസത്തില്‍ ആത്മാര്‍ഥമായി മുഴുകി നിന്ന് കൊണ്ട് ചുറ്റുമുള്ള സമൂഹത്തെ സ്നേഹത്തോടെ കാണുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ നമ്മുക്ക് നഷ്ട്ടമായി കൊണ്ടിരിക്കുന്ന ഒരു നല്ല കാലത്തേ കുറിച്ചുള്ള നേരിയ നഷ്ട്ടബോധം കാണുന്നവരില്‍ ഉണ്ടാക്കിയേക്കാം .

എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആണ് .എല്ലാ ഗാനങ്ങളും അതിന്‍റെ ചിത്രീകരണവും നല്ല നിലവാരം പുലര്‍ത്തുന്നു.ഈ ചിത്രത്തില്‍ രൂപം കൊണ്ടും ശരീരഭാഷ കൊണ്ടും സലിം കുമാര്‍ അബുവായി ജീവിക്കുകയാണ് എന്ന് നിസംശയം പറയാം (പറഞ്ഞു തേഞ്ഞ ഒരു വാചകം ആണ് ഇതു.മറ്റു ഒന്നും ഇവിടെ പറയാന്‍ തോന്നുന്നില്ല ).സുരാജ് പോലും മര്യാദക്ക് ആണ് അഭിനയിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കഴിഞ്ഞില്ലേ (തൊട്ടു മുന്‍പ് വന്ന ശങ്കരനും മോഹനനിലും സുരാജ് തികച്ചും മാന്യമായിരുന്നു എന്ന് പറയാതെ വയ്യ ).മുസ്ലിം പശ്ചാത്തലത്തില്‍ പറയുന്ന കഥകളുടെ സ്ഥിരം ഘടകമായ തീവ്രവാദം ഈ ചിത്രത്തില്‍ ഇല്ലാത്തത് വലിയൊരു ആശ്വാസം ആണ്

ചുരുക്കത്തില്‍ പറഞ്ഞാല്‍ ....

ഒരു നിമിഷം പോലും ബോര്‍ അടിപ്പിക്കാത്ത നല്ലൊരു ചിത്രം.കാണാതിരുന്നാല്‍ നഷ്ടം


അവസാനമായി ഈ ചിത്രത്തിലെ സഹതാപ ഭാവത്തിനാണ് അവാര്‍ഡ്‌ കൊടുത്തത് എന്നും ജെ പി ദത്ത ഹിന്ദിയിലെ മേജര്‍ രവി ആണെന്നും പരിഭവം പറഞ്ഞ ശ്രീ രഞ്ജിത് നോട് ഒരു വാക്ക്.താങ്കളോട് പറയാന്‍ എന്നിക്ക് ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ എന്ന സിനിമയില്‍ താങ്കള്‍ തന്നെ പറയുന്ന ഒരു ഡയലോഗ് മാത്രമേ പറയാനുള്ളൂ . "നിങ്ങള്‍ ഒരു നല്ല സംവിധായന്‍ ആകും എന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടു ഉണ്ടെങ്കില്‍ എന്നായാലും (എന്നെങ്കിലും എന്ന് വായിക്കുക ) നിങ്ങള്‍ അത് ആയേക്കും.ശ്രമം തുടരുക". (വിജയിക്കുന്നത് വരെ പാവം മലയാളികള്‍ എന്തൊക്കെ സഹിക്കേണ്ടി വരും എന്ന പേടി മാത്രം ബാക്കി )

4 comments:

  1. നല്ല സിനിമ.....മികച്ച അഭിനയം. വെറുതെയല്ല സലീംകുമാറിനു അവാറ്ഡ് കിട്ടിയത്.. കണ്ടു പടിക്കട്ടെ നമ്മുടെ പുതുതലമുറയിലെ ഭിഗ് സ്റ്റാറുകളും, ജനപ്രിയന്മാരും,ഊണിവേഴ്സലുകളും, മെഗാപൊട്ടനും
    പുതിയ ആശയം കണ്ടെത്താന്‍ കഴിവില്ലാത്ത സുപ്പര്‍ നടന്മാരും, സംവിധായകരും നിര്‍മ്മാതാക്കളും പഴയ സെക്സ് അടി പടങ്ങളുടെ രണ്ടാം ഭാഗമെടുത്ത് കാണിക്കളെ പറ്റിക്കുന്ന കാലമാണു ഇത്. ആ സിനിമകളെ പക്ഷെ കാണികള്‍ തള്ളി കളഞ്ഞു. അവര്‍ക്കാവശ്യം ആദാമിന്‍റെ മകന്‍ അബു പ്പോലെയുള്ള ജിവിത ഗന്ധിയായ സിനിമകളാണു. ഈ സിനിമ സ്വന്തമായി റിലീസ് ചെയ്ത് സലീം കുമാറാണു മലയാള് സിനിമയിലെ ഇനി അജയ്യന്‍. ഇതു തമ്മിലടിക്കുന്ന A M M A F E F K A യിലെ ജാഡകള്‍ക്ക് ഒരു പാടമാണു.

    ReplyDelete
  2. saw the film...
    unbelievable performance from Salim Kumar.
    No wonder why he got Bharath....

    Mr Renjith(director) - Abu vinte ezhayalathu ningalude pranjiyettan verilla...

    But i fear whether Abu will lose against rethi chechi!

    Angane sambhavikkalle daivame....

    ReplyDelete
  3. Rethi chechi is a flop it seems!

    ReplyDelete
  4. I loved your post and agrees with you in many things.but i don't understand why you called pranchiyettan a mimicry film.it may not be great as adaaminte makan abu.mammootty's performance may not be good as salim kumar's and renjith shouldn't have talked like that but pranchiyettan was also a good film.a nice attempt from renjith's part.
    ************************************************
    i haven't seen adaminte makan abu.but from the promo i understood that bg score is copied from inception(a small portion).I do't know whether they have used it in the movie.If and only if they have used the music in the movie how could it win the national and state awards for best background music.

    ReplyDelete