Thursday, June 16, 2011

രതിനിര്‍വേദം - Rathinirvedam

അണ്ണാ ,നിങ്ങള്‍ എന്തോ സംഘടന രൂപീകരിച്ചു എന്നോ,ഔദ്യോഗികമായി അനൌണ്‍സ് ചെയ്യും മുന്‍പേ തന്നെ റെക്കോര്‍ഡ്‌ മെമ്പര്‍ഷിപ്പ് വിതരണമായിരുന്നെന്നോ,ആയിരം രൂപ ഫീസ്‌ തലയെണ്ണി ചേരാന്‍ വെച്ചിട്ടും ഒടുക്കം നാട്ടുകാരെ പിരിച്ച് വിടാന്‍ ലാത്തി ചാര്‍ജ് വേണ്ടി വേണ്ടി വന്നെന്നോ ഒക്കെ കേട്ടല്ലോ? എന്തര് സംഭവങ്ങള്‍ ?

ഡേ,കാലാകാലങ്ങളായി നമ്മുടെ സുപ്പര്‍ അപ്പുപ്പന്മാരുടെ ഫാന്‍സ്‌ എനിക്കെതിരെ പല കൊട്ടേഷനുകളും കൊടുത്തിരുക്കുന്നത് നിനക്കറിയാമല്ലോ ? അതിനെയൊക്കെ പ്രതിരോധിക്കാന്‍,നല്ല ആള്‍ബലമുള്ള ഒരു ഫാന്‍സ്‌ അസോസിയേഷന്‍ ഞാനും ഉണ്ടാക്കി.

രജനി ഫാന്‍സ്‌,ചിറ്റാഴ യുണിറ്റ് തന്നെ ?

ഡേ,രജനി അണ്ണന്‍റെ പേരില്‍ ഒന്നലോചിച്ചതാണ്.അപ്പോഴാണ്‌ അതീന്നും എളുപ്പത്തില്‍ ആളെക്കിട്ടാനും,നമുക്ക് പത്തു ചക്രം ഉണ്ടാക്കാനുമുള്ള വഴി കിട്ടിയത്.ആള്‍ കേരള രതി ചേച്ചി ഫാന്‍സ്‌ അസോസിയേഷന്‍ (എസ്).എങ്ങനെയുണ്ട് അനിയാ ഐഡിയ ?

തള്ളെ!!!കിടിലം ...എസ് ശ്വേതാ മേനോന്‍ തന്നല്ല് ?എങ്കി അണ്ണാ എനിക്ക് ഒരു മെമ്പര്‍ഷിപ്പും,മോശമല്ലാത്ത ഒരു സ്ഥാനവും തരണം,പ്ലീസ് .

ഉം ...നീ നമ്മുടെ പയ്യനല്ലേ. നോക്കാം. അതിരിക്കട്ടെ ,നീ പുതിയ രതിനിര്‍വേദം കണ്ടാ ?

രാവിലെ എട്ടരക്ക് തിയറ്ററില്‍ പോയി അണ്ണാ. കുറെ എരണം കെട്ടവന്മാര്‍ എന്നെ ഗേറ്റിന് മോളീക്കൂടി പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. അണ്ണന്‍ പടം കണ്ടാ ?

ആദ്യത്തെ ഷോ തന്നെ കണ്ടഡേ.ശ്വേതാ മേനോന്‍റെ രതി ചേച്ചിക്ക് തിയറ്ററില്‍ കിട്ടുന്ന സപ്പോര്‍ട്ട് കണ്ടപ്പോള്‍ അല്ലെ ഞാന്‍ ഈ ഫാന്‍സ്‌ അസോസിയേഷന്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

അണ്ണന് എന്താ ഈ ശ്വേതാ മേനോനോട് ഒരു പുച്ഛം? പണ്ട് അവരെ ഏതോ പടത്തില്‍ ബൌധിക സില്‍ക്ക് എന്ന് വിളിച്ചത് ഒരു ആരാധകനായ ഞാന്‍ മറന്നിട്ടില്ല.അല്ലെങ്കില്‍ പറഞ്ഞെ മലയാളത്തില്‍ കാമ്പുള്ള ഒരു വേഷം ചെയ്യാന്‍ വേറെ ആരിരിക്കുന്നു . അതൊക്കെ കാണാന്‍ നല്ല സിനിമക്ക് വേണ്ടി ദാഹിക്കുന്ന ജനം തള്ളുമ്പോള്‍ നിങ്ങള്‍ക്കെന്തിനാ ഈ അസൂയ ?

അനിയാ കാമ്പും കായും ഒക്കെ നില്‍ക്കട്ടെ നാളെ വിശുദ്ധ അല്‍ഫോന്‍സാമ്മ ആയി ശ്വേത മേനോന്‍ ഈ പറയുന്ന കാമ്പുള്ള അഭിനയം കാഴ്ച വെച്ചാല്‍ ഇതു പോലെ തിയറ്ററില്‍ കിടന്നു ജനം തള്ളും എന്ന് നീ സത്യമായും കരുതുന്നുണ്ടോ ?

അല്ലാ ‍ അത് പിന്നെ .....

അപ്പോള്‍ കാണാനുള്ളത് പോയി കണ്ടോളു. പക്ഷെ അതിനു മുകളില്‍ ബുദ്ധിജീവി പെയിന്‍റ് അടിക്കരുത് അത്രേയുള്ളൂ

അത് നില്‍ക്കട്ടെ .ക്ലാസിക് പടത്തിന്റെ പുന:ആവിഷ്കാരം അല്ലേ അണ്ണാ ? പൊളപ്പന്‍ പടം ആയിരിക്കും അല്ലേ ?

നീ എഴുപത്തിയെട്ടില്‍ ഇറങ്ങിയ രതിനിര്‍വേദം കണ്ടിട്ടുണ്ടോ ?

പിന്നെ , എത്രവട്ടം ?

ഡാ , ഡി വി ഡിയില്‍ അത്യാവശ്യം സീനുകള്‍ മാത്രം കണ്ട് ബാക്കി ഓടിച്ച് വിടുന്ന പരിപാടിയല്ല ചോദിച്ചത്.പടം മുഴുവന്‍ കണ്ടിട്ടുണ്ടോ ? സത്യം പറ.

അതില്ലണ്ണാ

പിന്നെ എങ്ങനെയാടാ അതിനെ ക്ലാസ്സിക്ക് എന്ന് നീ വിളിക്കുന്നത്‌ ?

അത്...

ഡാ,പഴയ രതിനിര്‍വേദത്തിനെ ഒരു കള്‍ട്ട് ഫിലിം എന്ന് വിളിക്കാം എന്നാണ് എന്‍റെ അഭിപ്രായം. കാരണം അന്ന് ആ പടം ഉണ്ടാക്കിയ ക്രേസ് അങ്ങനെയുള്ളതായിരുന്നു. അല്ലാതെ ക്ലാസ്സിക്ക് ഒന്നുമല്ല ആ പടം

നിങ്ങള്‍ പഴയ പടത്തിന്റെ കാര്യം വിട് . പുതിയതിന്‍റെ കാര്യം പറ.

അങ്ങോട്ട്‌ തന്നെയാ വരുന്നത്. അന്നത്തെ പടം ക്രേസ് ആയതിന്റെ പ്രധാന കാരണം ജയഭാരതിയും , അതിന്റെ വിലക്കപ്പെട്ട ബന്ധം /സുഖം എന്ന തീമിന്റെ അപ്പീലുമായിരുന്നു (പിന്നെ പണ്ട് മുതലേ ഈ പ്രായത്തില്‍ മൂത്ത സ്ത്രീയോട് കൊച്ചു പയ്യന് തോന്നുന്ന അഭിനിവേശം എന്ന തീമിനോട് മലയാളിക്ക് എന്തരോ മാനസിക വിധേയത്വം ഉണ്ടെന്നാണ് എന്‍റെ വിശ്വാസം. രതിനിര്‍വേദം മുതല്‍ കിന്നാരത്തുമ്പി വരെ ഏതു ലെവലില്‍ നോക്കിയാലും സംഗതി സത്യം ) ആ തീം അത്യാവശ്യം ആളുകളെ കുളിര് കോരിക്കുന്ന രീതിയില്‍ ഭരതനും,പത്മരാജനും ചേര്‍ന്ന് സ്ക്രീനില്‍ എത്തിക്കുകയും ചെയ്തു.പുതിയ രതിനിര്‍വേദവും പറയുന്നത് അതെ കൌമാരക്കാരന്‍ പപ്പുവിന് , തന്നെക്കാള്‍ മൂത്തതായ രതി ചേച്ചിയോട് തോന്നുന്ന പ്രണയത്തിന്റെ അല്ലെങ്കില്‍ കാമത്തിന്റെ കഥയാണ് .കഥ നടക്കുന്നതായി പറയുന്നത് എഴുപത്തിയെട്ടില്‍ തന്നെയാണ് താനും.

ഓ ഹോ അപ്പൊ പഴമയോട് നീതി പുലര്‍ത്തി ചെയ്യേണ്ട പടം തന്നെ , അല്ലേ ?

രംഗ സജ്ജീകരണത്തിലും , കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ബാഗ്‌ , സോപ , ചീപ്പ് , കണ്ണാടി തുടങ്ങിയവയുടെ കാര്യത്തിലും ഒക്കെ നീ പറഞ്ഞ നീതി ഏറെക്കുറെ പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ അവതരണത്തിലാണ് പ്രശ്നം.

പ്രശ്നമോ ? അവതരണത്തിലോ ? രാജീവ് കുമാറോ ? അങ്ങേര്‍ ക്ലാസ് സംവിധായകനല്ലേ ?

അനിയാ, ഒരു നാള്‍ വരും ആയിരുന്നു അങ്ങേരുടെ അവസാനത്തെ പടം.

കൂടുതല്‍ ഒന്നും പറയേണ്ട...

ഡേ ,എന്‍റെ അങ്ങേര്‍ അഭിപ്രായത്തില്‍ അങ്ങേര്‍ അകെ എടുത്തിട്ടുള്ള രണ്ടു നല്ല പടങ്ങള്‍ ചാണക്യനും, കണ്ണെഴുതി പൊട്ടും തൊട്ടുമാണ്

നിങ്ങള്‍ ഫോറസ്റ്റ് റേഞ്ചു പിടിക്കാതെ ഈ സിനിമയുടെ കാര്യം പറ.

പത്മരാജന്‍റെ തിരക്കഥ തന്നെ ഉപയോഗിച്ചിരിക്കുന്നതിനാല്‍ , ആ ഭാഗത്ത് വലിയ കുഴപ്പമൊന്നുമില്ല. പക്ഷെ അവതരണം പലപ്പോഴും ഇഴച്ചില്‍ തോന്നിപ്പിക്കുന്നുണ്ട് . പ്രത്യേകിച്ച് ഫസ്റ്റ് ഹാഫ് .പപ്പുവിന് (ശ്രീജിത്ത്‌...ലിവിംഗ് ടുഗെതര്‍ എന്ന ഫാസില്‍ കൊലപാതകത്തില്‍ മുഖം കാണിച്ചിട്ടുണ്ട് ) രതിയോടു (ശ്വേതാ മേനോന്‍ ) താത്പര്യം /പ്രണയം/കാമം തോന്നി തുടങ്ങി കഴിഞ്ഞു ഇടവേള വരെ പടത്തിന്‍റെ നല്ലൊരു ഭാഗം പപ്പുവിന്‍റെ ഒളിഞ്ഞു നോട്ടങ്ങള്‍ മാത്രമായി തീരുന്നു. രണ്ടു മൂന്ന് സീനുകള്‍ കഴിയുമ്പോള്‍ കഥ മുന്നോട്ടു നീങ്ങാത്തതില്‍ (ഓ,പിന്നേ; കഥയെ !!!) പ്രേക്ഷകന് അസ്വസ്ഥത തന്നെ ഉണ്ടാകും എന്ന് കൂട്ടിക്കോ.

സെക്കണ്ട് ഹാഫോ ?

അനിയാ , പച്ചക്ക് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ സിനിമ കാണാന്‍ തള്ളി ക്കയറുന്ന തൊണ്ണൂറ്റിഒന്‍പത് ശതമാനം പ്രബുദ്ധ പ്രേക്ഷകര്‍ക്കും ക്ലൈമാക്സില്‍ എന്തെങ്കിലുമൊക്കെ നടക്കും എന്ന് അറിയാം.ആ പതിനഞ്ചു മിനിട്ടിനും,പിന്നെ ശ്വേത മേനോനും വേണ്ടി മാത്രമാണ് അവര്‍ (ഞാന്‍ ഉള്‍പ്പെടെ) തിയറ്ററില്‍ കയറുന്നത്.മേല്‍പ്പറഞ്ഞ സീനുകളില്‍ അവര്‍ വളരെ സന്തുഷ്ടരാണ് എന്നാണ് എനിക്ക് തോന്നുന്നത് .

ബാക്കി ഒരു ശതമാനത്തിന് നല്ല പടം തന്നെ വേണ്ടേ? അവര്‍ക്ക് പടം ഇഷ്ടമാകുമോ ?

നല്ല പടം; കോപ്പാണ് . ഡാ, ആ ഒരു ശതമാനം പഴയ രതിനിര്‍വേദത്തിനെക്കുറിച്ച് കേട്ട് മാത്രം അറിഞ്ഞ് തള്ളി കയറുന്നവരാണ് (ശതമാനം അല്‍പ്പം കൂടുതലാണ്. എന്നാലും കിടക്കട്ടെ).അങ്ങനെ ഉള്ളപ്പോള്‍ ,ശ്വേതാ മേനോന്‍ സ്ക്രീനില്‍ വരുന്ന ഭാഗങ്ങളിലും, ക്ലൈമാക്സ്സിലും അല്ലാതെ കാണികളുടെ മനസ്സില്‍ ഈ സിനിമ നിലനില്‍ക്കുന്ന രീതിയില്‍ ഈ സിനിമ അവതരിപ്പിക്കാന്‍ രാജീവ്‌ കുമാറിന് കഴിഞ്ഞോ എന്ന് എനിക്ക് സംശമാണ് .പിന്നെ ഒരല്‍പം ധൈര്യം ഉള്ള സംവിധായകന്‍ ആയിരുന്നെങ്കില്‍ കഥ ഈ കാലഘട്ടത്തിലേക്ക് മാറ്റി ഒരു നല്ല ഒരു മികച്ച അഡാപ്പ്റ്റേഷന്‍ ഒരുക്കമായിരുന്നു .(ദേവദാസും (ഹിന്ദി) ദേവ് ഡി എന്ന ചിത്രവും ഈ അവസരത്തില്‍ പ്രസക്തമായ ഉദാഹരണം ആണെന്ന് തോന്നുന്നു )

അഭിനയത്തിന്‍റെ കാര്യം പറ.

ശ്വേതാ മേനോന്‍ ആണ് പടത്തിന്‍റെ ജീവന്‍. ഭയങ്കര അഭിനയം ഒന്നും വേണ്ട ഈ കഥാപാത്രത്തിന്. ഒരല്‍പ്പം അഭിനയം, വളരെയധികം ശരീര പ്രദര്‍ശനം. അത്രയും മതി.അത് കയ്യില്‍ ഉള്ള രണ്ടു മൂന്ന് ഭാവങ്ങള്‍ കൊണ്ട് അവരെ കൊണ്ട് പറ്റുന്ന പോലെ ചെയ്തിട്ടുണ്ട് \.ആ കഥാപാത്രത്തിന് വേണ്ടതില്‍ ഒരല്‍പം (ഒരല്‍പം എന്ന് കടുപ്പിച്ചു വായിക്കുക) പ്രായകൂടുതല്‍ ശ്വേത മേനോന് തോന്നുന്നു എന്ന് പറഞ്ഞാല്‍ അവരുടെ ആരാധകര്‍ പിണങ്ങരുത്. പിന്നെ ചേച്ചിയുടെ ഡാന്‍സ് തീരെ മോശമാണ്.കരാട്ടെയോ, ജുഡോയോ ഏതാണ്ടൊക്കെ ആ ചേച്ചിക്ക് അറിയാമെന്നു എവിടെയോ വായിച്ച ഓര്‍മ. പ്രസ്തുത സംഭവങ്ങള്‍ ഒക്കെ അറിയുന്നവര്‍ ഡാന്‍സ് ചെയുമ്പോള്‍ കാണുന്ന ഒരു ഗ്രെയിസ് ഒട്ടും ഈ ചിത്രത്തില്‍ കാണാനില്ല (പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത് ഗ്രെയിസ് മാത്രമേ കാണാന്‍ ഇല്ലാതായി ഉള്ളു !!). . പിന്നെ പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ തികച്ചും മോശമായി എന്ന് പറയാവുന്ന ഒരു കഥാപാത്രം പപ്പുവിന്‍റെ പട്ടാളക്കാരനായ ചെറിയച്ഛനായി ഷമ്മി തിലകന്‍ അവതരിപ്പിക്കുനതാണ്.ശ്രീ എം ജി സോമന്‍ വൃത്തിയായി ചെയ്ത ആ കഥാപാത്രത്തെ ഒരു വ്യക്തിത്വവും ഇല്ലാത്ത ഒരു കോമാളിയായി ആണ് അവതരിപ്പിച്ചിരിക്കുന്നത് . പിന്നെ ശ്രീ രാജീവ്‌ കുമാര്‍ സ്വന്തമായി തിരക്കഥയില്‍ നല്‍കിയ സംഭാവനകള്‍ ഇവയാണ്

1 പപ്പുവും രതിയുമായി സംസാരിക്കുന്നതിനെ കളിയാക്കുകയും വായനശാല ചുവരില്‍ അവരെ പറ്റി കമന്റ്‌ എഴുതുകയും ചെയ്യുന്നവരുമായി പപ്പു നടത്തുന്ന ഉന്തും തള്ളും അഥവാ അടിപിടി.(ഈ പറയുന്ന കാലഘട്ടത്തില്‍ ഒരു നാട്ടിന്‍പുറത്ത് ഇങ്ങനെ ഒരു സംഗതി (ചുവരെഴുത്ത്, തല്ല് ) ഉണ്ടായിട്ട് വേറെ ആരും ഇങ്ങനെ ഒരു സംഗതി ഉള്ളതായി അറിയുന്നു പോലും ഇല്ല എന്നതാണ് രസകരം )

2 ശ്വേതാ മേനോന്‍ അവതരിപ്പിക്കുന്ന കുളിക്കടവിലെ , പപ്പു സ്വപ്നം കാണുന്ന കുളി സീന്‍

3 വലിച്ചു നീട്ടി പരമ ബോര്‍ ആക്കിയ ക്ലൈമാക്സ്‌/ അവസാന രംഗങ്ങള്‍

പിന്നെ ശ്രീജിത്ത്‌.രണ്ടു പടങ്ങളുടെ പരിചയം മാത്രമുള്ള ഒരു നടന്‍ എന്ന നിലയ്ക്ക് ശ്രീജിത്തും തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്. രതിയുടെ അമ്മയായി കെ പി എസ സി ലളിത,അമ്മാവനായി മണിയന്‍പിള്ള രാജു,അമ്മ (പ്രേമ), കുഞ്ഞമ്മ () , പിന്നെ സഹോദരങ്ങളായ ബാല താരങ്ങള്‍, എല്ലാവരും കൊള്ളാം. കല്ല്‌ കടി തോന്നിക്കുന്ന കാസ്റ്റിംഗ് ഗിന്നസ് പക്രുവിന്‍റെ ലോക്കല്‍ മന്ത്രവാദിയാണ്.

അഭിനേതാക്കള്‍,കൊള്ളാം, പക്ഷേ പടം പോരാ.അതെങ്ങനെ ശരിയാകും അണ്ണാ.

ഡാ , അഭിനേതാക്കള്‍ അവരവരുടെ ഭാഗങ്ങള്‍ വൃത്തിയായി ചെയ്താലും, പടം മൊത്തമായുള്ള അവതരണം സംവിധായകന്‍റെ കയ്യിലല്ലേ ? അതില്‍ അങ്ങേര്‍ക്ക് പുതുമയോ,വേഗതയോ ഒന്നും കൊണ്ട് വരാന്‍ പറ്റിയിട്ടില്ല.അത് കൊണ്ട് തന്നെ സിനിമ മൊത്തമായി നോക്കുമ്പോള്‍ വലിയ ഗുണമൊന്നുമില്ല . മാത്രമല്ല ചമ്മന്തി അരയ്ക്കുമ്പോള്‍ മുതല്‍ കാവില്‍ വിളക്ക് കത്തിക്കുമ്പോള്‍ വരെ കണ്ടാല്‍ പപ്പുവിന്‍റെ അല്ല പരമാത്മാവിന്‍റെ വരെ കണ്ട്രോള്‍ പോകുന്ന വേഷങ്ങള്‍ മാത്രമേ രതി ചേച്ചി ധരിക്കൂ.ഇനി സാരി ഉടുത്താലോ?പപ്പുവിനെ കാണുമ്പോള്‍ മുന്താണി താനേ സ്ലിപ്പാകും. ഒരു തവണ അല്ല.എല്ലാ തവണയും.ഇതിലൊന്നും പരാതി ഉണ്ടെന്നല്ല. പക്ഷേ അങ്ങനെ ബോധപൂര്‍വ്വം എന്ന് തോന്നിക്കുന്ന ഏറെ സീനുകള്‍ തിരുകിക്കയറ്റി സിനിമ ഉണ്ടാക്കുന്നയാളെ നല്ല സംവിധയകനെന്നോ,ആ സിനിമയെ നല്ല പടമെന്നോ വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടുണ്ട് .

പിന്നെ ,പറയുമ്പോള്‍ എല്ലാം പറയണമെല്ലോ അനിയാ ,രതി ചേച്ചിയുടെ ഈ സിനിമയിലെ വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ പരാതി ഇല്ലെങ്കിലും ഒരു പരിഭവം ഉണ്ട്. പഴയ രതിനിര്‍വേദത്തില്‍ ജയഭാരതി പിങ്ക് മാക്സി അണിഞ്ഞു ഓടി വരുന്ന ഒരു സീനുണ്ട്. ആ സീനിന്‍റെ ഒരു പുന:ആവിഷ്കാരം ശ്വേതാ മേനോന്‍ വഴി ഞാന്‍ പ്രതീക്ഷിച്ചു. അത് ഈ സിനിമയില്‍ ഇല്ല എന്നൊരു പരിഭവം മാത്രം

നിങ്ങള്‍ മനുഷ്യന്‍റെ കണ്ട്രോള്‍ കളയും. അതിരിക്കട്ടെ ക്യാമറാ,സംഗീതം എന്നിവയൊക്കെ ?

പി സി ശ്രീറാമിന്‍റെ ക്യാമറയും,ഹാന്‍സ് സിമ്മറിന്‍റെ സംഗീതവും ഇല്ലെങ്കില്‍ നീ രതിനിര്‍വേദം കാണില്ലേ ?

അല്ല, എന്നല്ലാ...

ഉം...ചോദിച്ച സ്ഥിതിക്ക് പറയാം . ക്യാമറാ വര്‍ക്കില്‍ വലിയ പുതുമ ഒന്നുമില്ല. എങ്കിലും കൊള്ളാം. പാട്ടുകളില്‍ , കണ്ണോരം എന്ന് തുടങ്ങുന്ന പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു. ബാക്കി ഒക്കെ കണക്കാ.പശ്ചാത്തല സംഗീതം ശരിക്കും നന്നായി എന്ന് പറയാം .

അപ്പൊ പടം കാണാം അല്ലേ അണ്ണാ?

ശ്വേതാ മേനോന് വേണ്ടി മാത്രം പോയി കാണ്‌.അല്ലാതെ വല്ലവനും ക്ലാസ്സിക്കാണ് എന്ന് പറഞ്ഞത് കേട്ടിട്ട് ആ പ്രതീക്ഷയില്‍ (ഒവ്വ!!!) പോയാല്‍ , പിന്നെ എന്നെ കുറ്റം പറയരുത്.ഇനി നാളെ ഈ പടത്തിനു ശ്വേതാ മേനോന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡോ അല്ലെങ്കില്‍ രാജീവ്‌ കുമാറിന് മികച്ച സംവിധയാനുള്ള അവാര്‍ഡോ കൊടുക്കുന്നത് കാണേണ്ടി വരുമ്പോള്‍ ഒരു സാധാരണ മലയാള പ്രേക്ഷകന്‍റെ ദുരന്തം പൂര്‍ത്തിയാകുന്നു

10 comments:

 1. എന്തോന്ന് രതിനിര്‍വേദം? തനി മറ്റേ പടം. അല്ലാതെന്തു? പദ്മരാജന്റെ മറ്റെല്ലാ പടങ്ങളും ക്ലാസിക്കാ... തൂവാനത്തുമ്പികള്‍ മാത്രം പോരെ?
  അത് പോലെ ഒരു പടമെടുക്കാന്‍ രാജീവ്‌ കുമാര്‍ വീണ്ടും ജനിക്കണം.

  ReplyDelete
 2. ക്രിസ്റ്റിJune 17, 2011 at 5:11 AM

  ശരിയാണ്.ലൈബ്രറിയിലെ സീന്‍ ,കുളത്തിലെ സീന്‍ , കാവിലെ സീന്‍ , ഇതെല്ലാം പഴയതില്‍ വൃത്തിയായി അവതരിപ്പിച്ചിരുന്നു. രാജീവ്‌ കുമാര്‍ നടത്തിയ കൂട്ടി ചേര്‍ക്കലുകള്‍ ആയ ലൈബ്രറിയിലെ ചുവരെഴുത്ത് ,കാവിലെ ഡയലോഗുകള്‍ , ക്ലൈമാക്സ്സിലെ പപ്പുവിന്റെ പ്രകടനം എല്ലാം തെറ്റില്ലാതെ ബോറാവുകയും ചെയ്തു

  ReplyDelete
 3. മോഹന്‍ലാല്‍ എന്ന നടന്‍റെ നല്ല കാലത്തേ എന്നും ഓര്‍മിക്കപ്പെടുന്ന ഒരു വേഷമാണ്
  തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ എന്ന് സമ്മതിച്ചു കൊണ്ട് തന്നെ ചോദിച്ചോട്ടെ. ഉദകപ്പോള എന്ന നോവലുമായി നോക്കുമ്പോള്‍ ഒത്തിരി
  വാണിജ്യവല്‍ക്കരിക്കപ്പെട്ടതല്ലേ ഈ തൂവാനത്തുമ്പികള്‍ ?

  ReplyDelete
 4. പഴയ രതിനിര്‍വേദം കണ്ടത് കൊണ്ട് പുതിയത് കാണാന്‍ ഉദ്ധേഷികുനില്ല..ഇതേ അവസ്ഥ തന്നെ ആയിരുനില്ലേ നീല താമര എന്ന സിനിമക്കും...
  സംവിധയര്ക് പുതിയ സിനിമയെടുത് കഴിവ് തെളിയിക്കാനുള്ള കഴിവില്ലാത്തതാണ് ഇത്തരം പഴയ സിനിമകളുടെ പിന്നാലെ പോകുന്നത് ഇതിനു പരീക്ഷണം എന്നല്ല പറയുക ഭീരുത്വം എന്നാണ് പറയുക. പണ്ടത്തെ കാലഘട്ടമല്ല ഇന്നുള്ളത് കാരണം, 25 കൊല്ലം മുമ്പ് പയ്യന്സിന്‍റെ കയ്യില്‍ മൊബൈലും ഇന്‍റര്‍നെറ്റുമൊന്നുമില്ലായിരുന്നു. അന്നു അവര്‍ ഈ പടത്തിന്‌ ലൈന്‍ നിന്നപോലെ ഇന്ന് ഇന്‍റര്‍നെറ്റും എസ് എം എസും എം എം എസ്സും ചാറ്റിംഗുമൊക്കെ ഉള്ള മൊബൈല്‍ കയ്യിലും അതിന്‍റെ വയര്‍ ചെവിയിലും സദാനേരം ഉള്ളപ്പോള്‍ ഇന്നത്തെ പയ്യന്സ് ഈ പടം പോയി കാണും എന്ന് കരുതുന്നില്ല. പഴയ പടത്തിലെ കൃഷ്ണചന്ദ്രന് പയ്യന്‍ ഒരു നിഷ്ക്കളന്കഥ ലുക്കുണ്ടായിരുന്നു. ഈ പടത്തിലെ പയ്യനെ കണ്ടാല്‍ Modern ലുക്കാണ്‌.

  ReplyDelete
 5. പതമരാജണ്റ്റെ ബോറന്‍ തീമുകള്‍ ആണു മറ്റുള്ളവറ്‍ക്കു നല്‍കാറു, രതി നിര്‍വേദം അന്നു ഭയങ്കര വിജയം ആയത്‌ വേറെ സെക്സ്‌ പടങ്ങള്‍ കാണന്‍ ഇല്ലായിരുന്നതിനാലും ജയഭാരതിയുടെ ഒരു കിടപ്പ്‌ (ഭരതന്‍ വരച്ച മാദകമയ ഒരു പോസ്റ്റര്‍) കണ്ടിട്ടും ഒക്കെയാണു

  പടവും അക്കാലത്തെ നിലവരാത്തില്‍ നല്ലതായിരുന്നു ഇണ്റ്റര്‍നെറ്റും മൊബൈലും ഇല്ലാത്ത ആക്കാലം ഒരു കൌമാരപ്രായക്കാരണ്റ്റെ ഇറോട്ടിക പ്രപഞ്ചം എന്നു പറയുന്നത്‌ കുളിക്കടവില്‍ ഉദാരമായ അംഗ പ്രദര്‍ശനം നടത്തി വന്നിരുന്ന മുതിര്‍ന്ന സ്ത്രീകളും സ്റ്റണ്ട്‌ എന്ന പേരില്‍ ഇറങ്ങിയിരുന്ന ഒരു മഞ്ഞ മാസികയും ആയിരുന്നു

  ഇന്നിപ്പോള്‍ കൊച്ചു കുട്ടിക്കുപോലും കേബിള്‍ ടീ വിയും ഇണ്റ്റര്‍നെറ്റും വഴി രതി നിര്‍ദേദത്തെക്കാള്‍ എത്രയോ പതിന്‍മടങ്ങ്‌ സെക്സ്‌ ഉള്ള സിനിമകള്‍ വീട്ടില്‍ കാണാം , നാച്‌ ബലിയേ പോലെ ഉള്ള എല്ലാ ചാനല്‍ പരിപാടികളിലും അംഗ പ്രദര്‍ശനം തന്നെ

  തമ്മില്‍ ഭേദം കേരള ചാനലുകള്‍ ആണു ഇവിടെ തറ കോമഡി ആണു കാണാനുള്ള ഏക ഐറ്റം

  രാജീവ്‌ കുമാര്‍ ഇടക്ക്‌ ഒരു ഹിന്ദി കോമഡി ചെയ്തു ഒരു ദിവസം പോലും ഓടിയില്ല കോമഡി പോലും ഇഴച്ചില്‍ ആയാല്‍ എന്തു ചെയ്യും അതിനാല്‍ ഈ പടം ഞാന്‍ കണുന്നില്ല

  ജയഭാരതി എവിടെ? ശ്വേത മേനോന്‍ എവിടെ? വെള്ളി നക്ഷത്റം എവിടെ പുല്‍ക്കൊടി എവിടെ ?

  ഒരു കുതിര മുഖം ആണു ശ്വേതക്ക്‌ ജയഭാരതിക്കു പാഷന്‍ കാമം സ്നേഹം ലാളനം വാത്സല്യം എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മുഖം , ആ ഓര്‍മ്മകള്‍ അങ്ങിനെ തന്നെ ഇരിക്കട്ടെ

  രതി നിറ്‍വേദം ഇന്നു ഡീ വീ ഡിയില്‍ കാണാന്‍ പരമ ബോറാണു?

  പഠിപ്പിക്കുന്ന ടീച്ചറിണ്റ്റെ അപകടമായ്‌ പോസ്‌ പിടിച്ചു വെസ്‌ സൈറ്റിലും ഫേസ്ബുക്കിലും ഇടുന്ന ഒരു തലമുറക്കു ഈ രതി നിറ്‍വേദം ഒന്നും ഓഫറ്‍ ചെയ്യുന്നില്ല

  പിന്നെ ചിലപ്പോള്‍ ബിഗ്‌ എം ഫ്ളോപ്പായി വരുന്ന സാഹചര്യത്തില്‍ രതി തരംഗം തിരിച്ചു വരുമോ എന്നാണു അറിയേണ്ടത്‌

  ബിഗ്‌ എംസ്‌ ണ്റ്റെ ഉഡാന്‍സു കാണൂന്നതിനെക്കാള്‍ എന്തു കൊണ്ടും ഭേദമാണു ഷക്കീലയുടെ തണ്ടറ്‍ തൈസ്‌

  ReplyDelete
 6. പഴയതും പുതിയതും തമ്മില്‍
  “അലോപ്പതിയും ഹോമിയോപ്പതിയും“ തമ്മിലുള്ള വ്യത്യാസം ഉണ്ട്.

  ReplyDelete
 7. “ശ്രീ രാജീവ്‌ കുമാര്‍ സ്വന്തമായി തിരക്കഥയില്‍ നല്‍കിയ സംഭാവനകള്‍ ഇവയാണ്‘ എന്നു പറഞ്ഞ രണ്ടും ആദ്യ സിനിമയില്‍ ഉണ്ട്. ക്ലൈമാക്സിനു പക്ഷെ ഇത്രയും ദൈര്‍ഘ്യം ഇല്ല. മാത്രമല്ല, കാവിലെ ആ സീനിന്റെ അവസാനം ഉള്ള ജയഭാരതിയുടെ പെര്‍ഫോര്‍മന്‍സ് ഒന്നും ഇതിലില്ല.
  പുതിയ രതിനിര്‍വ്വേദം പഴയതിന്റെ മോശം അനുകരണം മാത്രമാണ്. പഴയത് ക്ലാസിക്ക് ഒന്നുമല്ലെങ്കിലും നല്ലൊരു സിനിമ തന്നെയായിരുന്നു അതില്‍ ക്രിയേറ്റിവിറ്റിയും ആത്മാര്‍ത്ഥതയും കാണാമായിരുന്നു. ഇതില്‍ ശ്വേതയുടേ ശരീരം കാണിക്കാനുള്ള വ്യഗ്രത മാത്രം.

  ReplyDelete
 8. ചാനല്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നല്ല സിനിമയോടു അടങ്ങാത്ത താല്പര്യമുണ്ടെന്നു കളവു പറയുകയും ലാഭം കൊയ്യാന്‍ സിനിമയുടെ ഫോര്‍മാറ്റില്‍ മാംസക്കച്ചവടം നടത്തുകയും ചെയ്യുകയാണ് സുരേഷ്‌കുമാര്‍ എന്ന നിര്‍മ്മാതാവ് രതിനിര്‍വ്വേദം എന്ന സിനിമയുടെ പുതിയ പതിപ്പിലൂടെ.

  നല്ല സിനിമയോടു സുരേഷ്‌കുമാറിന് പ്രതിബദ്ധതയുണ്ടായിരുന്നുവെങ്കില്‍, മലയാളത്തില്‍ അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ ഇറങ്ങിയ എത്രയോ നിലവാരമുള്ള പ്രദര്‍ശനവിജയം നേടിയ ചലച്ചിത്രങ്ങളുണ്ടായിരുന്നു.

  അപ്പോ, അതല്ല ലക്ഷ്യം. സിനിമാകൊട്ടകയുടെ ഇരുട്ടില്‍ സ്ത്രീശരീരത്തിന്റെ നിമ്‌നോന്നതങ്ങള്‍ കൊണ്ടു കേരളത്തിന്റെ കൗമാരയൗവ്വനങ്ങളെ തടവിലാക്കി അവരെ പോക്കററടിച്ചു കൊഴുത്തു തടിക്കുക!

  ദൃശ്യഭാഷയില്‍ പുതിയൊരു സംവേദനശീലവും സംസ്‌കാരവും ഇതള്‍വിരിയുവാന്‍ ശ്രമിക്കേണ്ടിയിരുന്ന ടി.കെ.രാജീവ്കുമാറിനെപ്പോലെയുള്ള ഒരു സംവിധായകന്‍ സുരേഷ്‌കുമാറിന്റെ ഈ ഇറച്ചിക്കച്ചവടത്തിന് പിന്തുണ നല്‍കരുതായിരുന്നു. ഇനി സംവിധായകനാണീ പ്രലോഭനവുമായി സുരേഷ്‌കുമാറിനെ സമീപിച്ചതെങ്കില്‍ സുരേഷ്‌കുമാറും ഇത്തരം സാംസ്‌കാരികാഭാസത്തിന് പണമിറക്കരുതായിരുന്നു. കേരളീയര്‍ ലജ്ജിക്കേണ്ടത് അതിലൊന്നുമല്ല, സ്ത്രീശരീരത്തിന്റെ കച്ചവടസാധ്യതകളെ നിര്‍ലജ്ജം വിപണനം ചെയ്ത് ലാഭം കൊയ്യാനുള്ള രേവതികലാമന്ദിറിന്റെ അശ് ളീല
  ശ്രമങ്ങള്‍ക്ക് ഔദ്യോഗികനിര്‍മ്മാതാവെന്ന നിലയില്‍ ഈ കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുള്ളത് മേനകസുരേഷ്‌കുമാര്‍ എന്ന സ്ത്രീ തന്നെയാണെന്നതാണ്. ഭരതന്‍ എന്ന സംവിധായകനില്‍ അല്ല വ്യക്തിയില്‍ ഒളിഞ്ഞിരുന്ന സെക് ഷ്വല്‍ പെര്‍വെര്‍ട്ടിന്റെ സെല്ലുലോയിഡിലെ ആത്മപ്രകാശനം മാത്രമായിരുന്ന ഒരു നാലാംകിട സിനിമയെ എഴുപതുകളിലെ ക് ളാസ്സിക്ക്‌
  എന്നൊക്കെ വിശേഷിപ്പിക്കുവാനുള്ള മലയാളത്തിലെ ചില ടെലിവിഷന്‍ ചാനലുകളുടെ ഉളുപ്പില്ലായ്മയുടെ പിന്നിലും സിനിമയെന്ന ജനപ്രിയമാധ്യമത്തെ അരാജകത്വത്തിലേക്കു തള്ളിവിട്ടു മടിശ്ശീല വീര്‍പ്പിക്കുന്നവരുടെ ധാര്‍ഷ്ഠ്യം തന്നെയായിരിക്കാം.

  ReplyDelete
 9. ആ പാവം മേനകയെ നിങ്ങള്‍ എന്തിനു കുറ്റം പറയുന്നു എന്നെനിക്കു മനസ്സിലാകുന്നില്ല ഹസ്ബന്‍ഡ്‌ വെറുതെ അവരുടെ പേരു വച്ചിരിക്കുന്നു എന്നല്ലേ ഉള്ളു

  ഒരു നാള്‍ വരും പോലെ ഒരു പരമ കത്തി ഡയറക്ട്‌ ചെയ്ത രാജീവ്‌ കുമാറിനു താന്‍ എ റ്റി ജോയിയെക്കാളും കേ എസ്‌ ഗോപാലക്രിഷ്ണനെക്കാളും പീ ചന്ദ്രകുമാറിനെക്കാലും മികച്ച കമ്പി സംവിധായകന്‍ ആണെന്നു തെളിയിക്കാന്‍ കഴിഞ്ഞോ എന്നതാണു ചോദ്യം?

  അല്ലെങ്കില്‍ തകര അവളുടെ രാവുകള്‍ എന്നീ പടങ്ങള്‍ പുനറ്‍ നിറ്‍മ്മിക്കുമ്പോള്‍ സുരേഷ്‌ കുമാറിനു വേറെ ആളെ നോക്കേണ്ടിവരു

  രതി നിറ്‍വേദം സുപ്റിയ പ്റൊഡക്ഷന്‍ ആയിരുന്നു എന്നു വച്ചാല്‍ ഹരി പോത്തന്‍ നിറ്‍മ്മിച്ചത്‌

  ഭാര്യ ജയഭാരതിയുടെ സെക്സ്‌ വിറ്റ്‌ കാശടിച്ച ഒരു മഹാന്‍ ആയിരുന്നു ഹരി പോത്തന്‍

  അക്കാലങ്ങളില്‍ സുപ്റിയയുടെ പടങ്ങളില്‍ മാത്റമേ ജയ ഭാരതി ഇത്റ സെക്സ്‌ കാണിച്ചിരുന്നുള്ളു, വാടകയ്ക്ക്‌ ഒരു ഹ്റദയം, ആലിബാബയും നാല്‍പ്പത്‌ കള്ളന്‍മാരും എന്നിവയിലൊക്കെ ഉദാരമായ ശരീര പ്രദറ്‍ശനം നടത്തിയിട്ടുണ്ട്‌ ജയ ഭാരതി

  ഒടുവില്‍ തന്നെ വിറ്റു കാശടിക്കുക മാത്റം ആയതു കൊണ്ടാണു അവറ്‍ സത്താറിണ്റ്റെ കൂടെ പോയത്‌ പക്ഷെ അയാളൂം അവരെ ചതിച്ചു

  സുരേഷ്‌ കുമാറ്‍ ചില മോഹന്‍ ലാല്‍ പടങ്ങള്‍ നിറ്‍മിച്ചു കൈ പൊള്ളിയപ്പോള്‍ ആണു നീലത്താമര ലാഭം ഉണ്ടാക്കിയത്‌ ഇതു അതിനെക്കാള്‍ ലാഭം ആയിരിക്കും കാരണം മുടക്ക്‌ ഒരു കോടിയില്‍ കൂടില്ല

  ഇനി തകര ജയസൂര്യയെ വച്ചെടുക്കാം എല്ലാം നായിക ശ്വേതാ മേനോന്‍ (വേറെ മുന്‍ നിര നായികമാറ്‍ക്കൊന്നും അവയവ ഭംഗി ഇല്ല എല്ലാം സ്ളിം ബ്യൂട്ടി കോന്തികള്‍ ആകുന്നു) അല്ലെങ്കില്‍ റീമ കല്ലിങ്ങല്‍ കുറെക്കൂടി തടി വച്ച ശേഷം

  മോഹന്‍ ലാല്‍ തന്നെ ഇപ്പോള്‍ ചെലവ്‌ കുറഞ്ഞ പടങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി ഭാവിയില്‍ മോഹന്‍ ലാലും ആണ്റ്റണിയും കൂടി സെക്സ്‌ പടങ്ങള്‍ നിറ്‍മ്മിച്ചു കൂടായ്കയുമില്ല
  (കാസനോവ ഒക്കെ ഇത്റയും വറ്‍ഷം എടുത്ത്‌ നിറ്‍മ്മിച്ചു പൊട്ടാനാണു വിധിയെങ്കില്‍ എന്തു ചെയ്യും?)

  പക്ഷെ മുന്‍ നിരക്കാരും നല്ല സിനിമയുടെ വക്താക്കളെന്നു മേനി നടിച്ചിരുന്നവരുമായ ആള്‍ക്കാര്‍ ഇങ്ങിനെ വ്യവസായലാഭം നോക്കി പുനര്‍ നിര്‍മ്മിതികള്‍ നടത്തി കാശുവാരുമ്പോള്‍ പിന്നോക്കക്കാരായ എ ടി ജോയി കേ എസ്‌ ഗോപാലക്രിഷ്ണന്‍ എന്നിവര്‍ അവരുടെ പഴയ ക്ളാസ്സിക്കുകള്‍ ആയ കിന്നാരത്തുമ്പി, ഗറില്ല, പിടികിട്ടാപ്പുള്ളി, കരിനാഗം എന്നിവ പുനര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം സെന്‍സര്‍ ചെയ്തു കൊടുക്കേണ്ടതല്ലേ?

  കേ എസ്‌ ഗോപാലക്രിഷ്ണന്‍ എന്ന പേരു കണ്ടാല്‍ സെന്‍സര്‍ ചെയ്യില്ല എന്ന അവസ്ഥ വരെ ഒരിക്കല്‍ കേ എസിനുണ്ടായി പിന്നെ ക്രിഷ്ണന്‍ എന്നൊക്കെ വച്ചായിരുന്നു പടങ്ങള്‍

  പാവങ്ങള്‍ എത്റ നാളായി പട്ടിണിയിലാണു അവരെയും ഒരു കൈ സഹായിക്കു

  കരിനാഗം പിടികിട്ടാപ്പുള്ളി ഒക്കെ ഇന്നത്തെ ഡബിള്‍സ്‌ ട്റെയിന്‍ ഒരു നാള്‍ വരും എന്നീ ചിത്റങ്ങളെക്കാള്‍ സഹിക്കാവുന്നവയാണു

  ReplyDelete
 10. ഈ അവസാനം പറഞ്ഞ ചിത്രങ്ങളൊക്കെ എവിടെക്കിട്ടും

  ReplyDelete