Saturday, June 18, 2011

അവന്‍ ഇവന്‍ (Avan Evan )

അവന്‍ ഇവന്‍ മറ്റവന്‍ ....

എന്താ അണ്ണാ ഒറ്റക്കിരുന്നു പിറുപിറുക്കുന്നെ ?

അനിയാ, നിനക്കുള്ളത് നിനക്ക് തന്നെ കിട്ടും . വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങില്ല . ഇങ്ങനെ ഒക്കെ വല്ലതും കേട്ടിട്ടുണ്ടോ ?

പിന്നെ ഇല്ലേ ചിത്രവിദ്വേഷം കോളം എഴുതുന്നതിനു മാസം ശമ്പളം തരുമ്പോള്‍ കാളകൂടം പത്രത്തിന്‍റെ മുതലാളി ഇപ്പോഴും ഇതു പറയുന്നത് കേട്ടിട്ടുണ്ട് . എന്താ അതിനര്‍ഥം അണ്ണാ?

അതൊക്കെ അവിടെ നില്കട്ടെ ഇപ്പോള്‍ വന്ന കാര്യം ?

അണ്ണാ അത് പുതിയ പടം...

എടെ നിനക്കൊക്കെ വേണ്ടി ഈ രതിനിര്‍വേദം കാണാന്‍ പോയതോടെ നാട്ടുകാര്‍ എന്നെ ഒരുമാതിരി പീഡന കേസിലെ ഒന്നാം പ്രതിയെ പോലെയാണ് നോക്കുന്നത് .അത്രയും പോരെടെ ?

അണ്ണാ എത്ര പ്രാവശ്യം പറഞ്ഞു നമുക്ക് വേണ്ടത് ഉദാത്ത സിനിമകളാണ്. ഇതേ പടം രഞ്ജിത് , മോഹന്‍ലാലിനെ നായകനാക്കി എടുത്തു നോക്കട്ടെ (അങ്ങനെ എടുത്താല്‍ എന്നിക്ക് വലിയ ആശ്ചര്യം ഒന്നും ഇല്ല) ഞാനടക്കം സകലവനും അത് ആദ്യ ദിവസം തന്നെ കാണും നിരൂപണം എഴുത്തും അഭിനയത്തിന് പത്തില്‍ പത്തു മാര്‍ക്ക് കൊടുക്കുകയും ചെയും . അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? നിങ്ങളുടെ തലയില്‍ കയറിയിട്ട് വേണ്ടേ കുറഞ്ഞ പക്ഷം നാലു ഇംഗ്ലീഷ് പടങ്ങളെ കുറിച്ച് എങ്കിലും എഴുതികൂടെ ?

അനിയാ നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ. ഇവിടെ മോഹന്‍ലാല്‍ എന്നെഴുതി ഒപ്പിക്കാന്‍ പെടുന്ന പാട് എനിക്കറിയാം അപ്പോളാണ് ഇനി ഹോളിവൂഡിലെ നികോളാസ് ലിറ്റില്‍ബീക്കുകളുടെ പേരുകള്‍ എഴുതേണ്ട പരിപാടികള്‍

ശരി വേണ്ടെങ്കില്‍ വേണ്ട ഇന്നലെ അവന്‍ ഇവന്‍ എന്ന പടം ഇറങ്ങിയത്‌ അറിഞ്ഞോ ?

അറിഞ്ഞെടെ മാത്രമല്ല മഴയെ ഒക്കെ പുല്ലു പോലെ അവഗണിച്ചു ഇന്നലെ തന്നെ ആ പടം കാണുകയും ചെയ്തു .

അന്നോ നന്നായി നമ്മുടെ ബാലാ അല്ലെ സംവിധാനം ? സേതു , പിതാമഹന്‍ , നാന്‍ കടവുള്‍ , നന്ദ അങ്ങനെ കുറെ വന്‍ പടങ്ങള്‍ എടുത്ത ആളു അല്ലെ കക്ഷി ? ഈ പടം ...

അനിയാ ആര്യ വിശാല്‍ എന്നിവരാണ്‌ ഈ ചിത്രത്തിലെ നായകന്മാര്‍. വിശാല്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു എന്ന് മുന്‍പേ മാധ്യമങ്ങളില്‍ നിന്നും കേട്ടിരുന്നു. കോങ്കണ്ണ് (squint eye ) ഉള്ളതും കുറച്ചു സ്ത്രൈണ സ്വഭാവം ഉള്ളതുമായ വാള്‍ട്ടെര്‍ വണങ്ങാമുടി എന്ന കഥപാത്രത്തെയാണ് വിശാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . തമിഴ്നാട്ടിലെ കുഗ്രാമത്തില്‍ നടക്കുന്ന ഈ കഥയില്‍ ഈ കഥാപാത്രം ഒരു കലാകാരന്‍ കൂടിയാണ് വാള്‍ട്ടരിന്റെ അര്‍ദ്ധ സഹോദരനാണ് കുംബിടരെന്‍ സാമി എന്നാ ആര്യ അവതരിപ്പിക്കുന്ന കഥാപാത്രം.മോഷണവും തരികിടയുമായി നടക്കുന്ന സാമിയും (ആര്യ) വാള്‍ട്ടറും അത്ര രസത്തില്‍ അല്ല. ഇവരുടെ അമ്മമാര്‍,അംബിക (വാള്‍ട്ടെര്‍) മറ്റൊരു നടി (പേരറിയില്ല ഒട്ടും മോശമാക്കിയിട്ടില്ല ) നല്ല ഉഗ്രന്‍ ശത്രുതയിലും . ഇവരെല്ലാം ബഹുമാനിക്കുന്ന ഹൈനെസ് എന്ന ഗ്രാമത്തിലെ പ്രമാണിയെയും ചുറ്റിപറ്റിയാണ് സിനിമ കിടന്നു കറങ്ങുന്നത്.

ഒരു മിനിട്ട് , അവിടെ എന്തോ ഒരു അക്ഷരപിശക് ഉണ്ടല്ലോ . കഥ മുന്നോട്ടു പോകുന്നു എന്നല്ലേ ഭംഗി ?

അതിനു കഥ എങ്ങോട്ടെങ്കിലും പോയിട്ട് വേണ്ടേ? ഇടവേള വരെ നിന്നിടത് നിന്ന് ചുറ്റി തിരിയുകയാണ് സിനിമ . ഇതു വരെയുള്ള സമയം നായകന്മാരുടെ പ്രേമവും (വാള്‍ട്ടെര്‍ പ്രേമിക്കുനത് പോലീസുകാരിയായ ജനനി എന്ന നടിയെയും സാമി പ്രേമിക്കുന്നത് തേന്‍മൊഴി (മധുശാലിനി)യെയും ആണ്) അവരുടെ അമ്മമാരുടെ വഴക്കും ഹൈനെസ് മായിആ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക്,പ്രത്യേകിച്ച് നായക കഥാപാത്രങ്ങള്‍ക്ക് ഉള്ള ആത്മ ബന്ധം കാണിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത് . ഇടവേളക്കു ശേഷം പെട്ടന്ന് ഒരു വില്ലന്‍ പൊങ്ങി വരുന്നു . അനധികൃതമായി കാള കച്ചവടം നടത്തിവന്ന വില്ലനെ ഹൈനെസ്ന്‍റെ നേത്രുത്വത്തില്‍ അറെസ്റ്റ്‌ ചെയ്യിപ്പിക്കുന്നു . അയാള്‍ തിരിച്ചു വന്നു ഹൈനെസ്നെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നു .ബാലാ ചിത്രങ്ങളില്‍ കാണാറുള്ള മനം മടുപ്പിക്കുന്ന ക്രൂരത ഇവിടെയുമുണ്ട്. നായകന്മാര്‍ രണ്ടു പേരും ചേര്‍ന്ന് വില്ലനെ അടിച്ചു വീഴ്ത്തി ജീവനോടെ ഹൈനെസ്നൊപ്പം ചുട്ടു കൊല്ലുന്നു. ഇടയ്ക്ക് നടന്‍ സൂര്യ സൂര്യ ആയി തന്നെ ഒരു ചെറിയ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു

അപ്പോള്‍ തല്ലിപൊളി പടം എന്ന് നിസംശയം കാച്ചട്ടെ അണ്ണാ?

അതല്ലേ കഷ്ട്ടം . ഈ ചിത്രത്തിലെ സംവിധായകന്‍ ഒഴിച്ച് എല്ലാവരും നന്നായിട്ടുണ്ട് (അഥവാ പരമാവധി ശ്രമിച്ചിട്ടുണ്ട്) വിശാല്‍ എന്ന നടന്‍ കേരളത്തില്‍ അല്ലാത്തത് കൊണ്ടും ജീവിതത്തില്‍ ഒരിക്കല്‍ പോലും മിമിക്രി കാണിച്ചു ജീവിക്കേണ്ടി വന്നിട്ട് ഇല്ലാത്തത് കൊണ്ടും അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായി ഈ ചിത്രം എണ്ണപ്പെട്ടെക്കാം .(കേരളത്തില്‍ എങ്ങാനും ആയിരുന്നെങ്കില്‍ നമ്മള്‍ കാണിച്ചു കൊടുക്കാമായിരുന്നു !!)

അണ്ണന്‍ എങ്ങനെ കേറി മലയാളികളെ അക്രമിച്ചാലോ? മലയാളികള്‍ ജന്മനാ ബുദ്ധിജീവികള്‍ അല്ലെ ?

അനിയാ ഈ ചിത്രത്തെ കുറിച്ച് വന്ന വാര്‍ത്തകളില്‍ വിശാല്‍, ഈ പടത്തില്‍ കൃഷ്ണമണി മുകളിലേക്ക് പിടിച്ചു അഭിനയിക്കേണ്ടി വന്നത് കൊണ്ട് ഭയങ്കര തല വേദന വരുമായിരുന്നു എന്നും രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഷൂട്ട്‌ ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നും പറഞ്ഞു കണ്ടത് ഓര്‍ക്കുന്നു ആ നടന്‍റെ അഭിനയത്തോടുള്ള അഥവാ ചെയുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത ആയാണ് മാധ്യമങ്ങള്‍ അതിനെ വാഴ്ത്തിയത് .(പാവം കലാഭവന്‍മണിയും വാസന്തിയും ലക്ഷ്മിയും .. എന്ന ചിത്രവും!!).അത് പോലെ വിശാല്‍ സ്റ്റേജില്‍ നവരസങ്ങള്‍ കാണിക്കുന്ന ഒരു രംഗമുണ്ട് .അത് കണ്ടപ്പോള്‍ മുഖം മാത്രം ഉപയോഗിച്ച് നവരസങ്ങള്‍ പുല്ലു പോലെ കാണിക്കുന്ന (പോരെങ്കില്‍ എക്സ്ട്രാ രണ്ടെണ്ണം വേറെയും ) കാണിക്കുന്ന പച്ചാളം ഭാസിയെ (ജഗതി, ഉദയനാണു താരം) ഓര്‍ത്തു പോയി.

അപ്പോള്‍ ... പടം .. നല്ലതാണോ ചീത്തയാണോ ?

ഈ പടത്തില്‍ മുന്‍പ് പറഞ്ഞത് പോലെ എല്ലാ കഥാ പാത്രങ്ങളും നന്നായിട്ടുണ്ട് . ഒറ്റയ്ക്ക് ഒറ്റയ്ക്ക് എടുത്താല്‍ മിക്ക രംഗങ്ങളും നന്നായിട്ടുണ്ട്. പക്ഷെ ഇതെല്ലാം ചേര്‍ന്ന് ഒരു സിനിമ എന്ന രൂപത്തില്‍ വരുമ്പോള്‍ സംഗതി ബോറാണ്. ബാലയുടെ ഏറ്റവും മോശം ചിത്രം എന്ന് പോലും വിശേഷിപ്പിക്കാവുന്നതാണ് ഈ ചിത്രം. ഉദാഹരണമായി വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഉള്ള കോങ്കണ്ണ്, സ്ത്രൈണ സ്വഭാവം എന്നിവ ഇല്ലെങ്കില്‍ ഈ ചിത്രത്തിന് എന്ത് വ്യത്യാസം വരാനാണ്? മാത്രമല്ല നല്ല ഉയരവും മസിലും ഉള്ള ഒരാള്‍ ഒരു സ്ത്രൈണ സ്വഭാവക്കാരന്‍ ആകുമ്പോള്‍ തികഞ്ഞ കോമാളി ആയി തോന്നുകയും ചെയും (അങ്ങനെ തോന്നിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് വിശാല്‍ എന്ന് കൂടി പറയേണ്ടി ഇരിക്കുന്നു).ആര്യയെ താരമൂല്യം നോക്കി മാത്രമാണോ എടുത്തത്‌ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . പ്രത്യേകിച്ചു ഒന്നും ഈ നടന് ചെയ്യാനില്ല .
.ബാല എന്ന സംവിധായകന്‍ ബാലയെ തന്നെ അനുകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്‌ . ഈ ചിത്രത്തിലെ രണ്ടാം പകുതിയിലെ പല രംഗങ്ങളും പഴയ ബാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു.ഇതിന്‍റെ പുറമേ ബാല ചിത്രങ്ങളുടെ മുഖമുദ്രയായ വേഗത ഇല്ലായ്മ കൂടിയാകുമ്പോള്‍ ദുരന്തം പൂര്‍ത്തിയാകുന്നു.ബാലയുടെ എല്ലാ മുന്‍ ചിത്രങ്ങളിലും നല്ല പാട്ടുകള്‍ ഉണ്ടായിരന്നു . യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ പക്ഷെ ഒരു പാട്ട് പോലും ഓര്‍ത്ത്‌ വെയ്ക്കത്തക്ക ഗുണമുള്ളത് ഇല്ല .

അപ്പോള്‍ ചുരുക്കത്തില്‍ ...?

അനിയാ സാധാരണയായി ഒരു പന്ന ചിത്രം കണ്ടു കഴിഞ്ഞു ഞാന്‍ ദേഷ്യത്തോടെയാണ്‌ പുറത്തേക്കു വരുന്നത് . ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസില്‍ ആകെ തോന്നിയത് കുറച്ചു വിഷമം മാത്രമാണ് . കുറെ ആളുകളുടെ പരിശ്രമം ഒരൊറ്റ ആളുടെ കഴിവ്കേടു കൊണ്ട് ഇല്ലാതായല്ലോ എന്ന വിഷമം മാത്രം ...

3 comments:

 1. തമിഴ് സിനിമയ്ക്ക് പുതിയൊരു വ്യാകരണം നല്കിയ സംവിധായകനായാണ് ബാല വിശേഷിപ്പിക്കപ്പെടാറുള്ളത്.മുന്ചിത്രങ്ങളില് നിന്നു വ്യത്യസ്തമായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'അവന് ഇവന്' സംവിധായകന് ബാലയുടെ ആരാധകര് എപ്രകാരം സ്വീകരിക്കുമെന്നറിയാനാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്നത്...അപ്പോള്‍ കാത്തിരിപ്പിന് ഫലമില്ലാതായോ

  ReplyDelete
 2. താങ്കള്‍ എഴുതിയത് വായിച്ചാല്‍ സംവിധായകനല്ല അഭിനയിച്ചവരും ബാക്കിയെല്ലാവരും കൂടിയാണ് സിനിമ എടുത്തതെന്ന് തോന്നുമല്ലോ. സ്മവിധയകന്റെ കഴിവ് തന്നെയാണ് വിശാലിനെ കൊണ്ട് അങ്ങനെയെല്ലാം ചെയ്യിപ്പിചിരിക്കുന്നത് .അത് കൊണ്ട് തന്നെയാണ് ഇത് വിശാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായി ഇത് മാറുന്നത്.

  ReplyDelete
 3. നിങ്ങളെല്ലാം മലയാളത്തിലെ ആള്‍ക്കാരെ ചവിട്ടിത്തേക്കുകയും തമിഴന്‍മാരെ വാഴ്തി സ്തുതിക്കുക്യം ചെയ്യുന്നത്‌ എനിക്കത്ര പിടിക്കുന്നില്ല

  ആ പിതാ മഹന്‍ എന്തു പടം, വിക്രം അതില്‍ തലയും ചെമപ്പിച്ചു ഒരു മന്ദ ബുധി ആയി അഭിനയിക്കുന്നതിനു അവാര്‍ഡും കൊടുത്തു അക്കണക്കിനു ഇരുട്ടിണ്റ്റെ ആത്മാവിലെ പ്രേം നസീറും സൂര്യമാനസത്തിലെ മമ്മൂട്ടിയും ഒക്കെ മര്‍ലന്‍ ബ്രാന്‍ഡൊയെക്കാള്‍ വലിയ അഭിനേതാക്കള്‍ അല്ലെ?

  ബാലയുടെ നന്ദ കൊള്ളാമായിരുന്നു തമിഴില്‍ ഗുണ്ടപ്പടങ്ങള്‍ തുടങ്ങി വച്ചത്‌ ബാല ആണു, പിന്നെ അതു പരുത്തിവീരന്‍ ഒക്കെയായപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത ഉയരം പോയി

  ഈ വിശാല്‍ എന്നു പറയുന്നവണ്റ്റെ ഏതെങ്കിലും പടം കൊള്ളമോ?

  ചണ്ടക്കോഴി തുടങ്ങി കുറെ പടങ്ങള്‍ ഞാന്‍ കണ്ടു നമ്മള്‍ടെ ബിജുക്കുട്ടന്‍ ഇവനെക്കാള്‍ നന്നായി അഭിനയിക്കും

  പക്ഷെ അതു നിങ്ങള്‍ ആരും മാനിക്കില്ല ഇതാണിപ്പോള്‍ കഷ്ടം ആയത്‌

  ReplyDelete