Wednesday, May 25, 2011

രഘുവിന്‍റെ സ്വന്തം റസിയ

ഒരു ഷക്കീല ചിത്രം കണ്ടിട്ട് അതില്‍ അശ്ലീലം ഉണ്ട് എന്ന് പരാതിപ്പെടുന്നത് പോലെയാണ് ഒരു വിനയന്‍ ചിത്രത്തിന് നിലവാരം ഇല്ല എന്ന് പരാതി പറയുന്നത് .............

കലക്കന്‍ തുടക്കം.അണ്ണാ അപ്പോള്‍ അതും കണ്ടു അല്ലെ? നിങ്ങളെ സമ്മതിക്കണം.പക്ഷെ ഇങ്ങനത്തെ കൂറ പടങ്ങള്‍ ഒക്കെ കണ്ടു നടന്നാല്‍ മതിയോ ?നിങ്ങള്‍ക്ക് ഇതൊക്കെ എഴുതുന്ന സമയത്ത് പോയി വല്ല ഹോളിവുഡ് പടങ്ങളുടെ അഭിപ്രായം പറഞ്ഞു കൂടെ?അതാ ഇപ്പോളത്തെ ഒരു ട്രെന്‍ഡ് .പോരാത്തതിനു ഇങ്ങനത്തെ പടങ്ങളൊക്കെ കണ്ടു എന്ന് നാലു പേര്‍ അറിയുന്നത് മോശമല്ലേ ?

അനിയാ മുകളില്‍ പറഞ്ഞ വാചകം സത്യത്തില്‍ എന്‍റെ അല്ല.മുന്‍പ് ഇവിടെ പറഞ്ഞിട്ടുള്ള ശ്രീ ജയകൃഷ്ണന്‍ വിനയന്‍റെ ഏതോ പടത്തെ പറ്റി പറഞ്ഞ വാചകമാണ് ഇതു.പിന്നെ കാണുന്ന പടങ്ങളെ പറ്റിയല്ലേ എഴുതാന്‍ പറ്റു? തല്ക്കാലം ക്ഷമി .

ശരി വെറുതെ വഴക്ക് കൂടണ്ട . സിനിമയെ പറ്റി എന്തെങ്കിലും ഒക്കെ ......

പറയമെടെ .ഒരു നഗരം .അവിടെ ഒരു ട്രെയിനില്‍ വന്നിറങ്ങുന്ന ഭ്രാന്തി (മേഘ്ന) . കൊച്ചിനെ പോലീസ്കാരും തെരുവ് ഗുണ്ടകളും ഒക്കെ പീഡിപ്പിക്കുന്നു/പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു.സംഗതി വാര്‍ത്ത‍ ആകുന്നു.(എന്നിട്ടും കൊച്ചു ചുമ്മാ അലഞ്ഞു തിരിഞ്ഞു നടക്കുന്നു).ആ നഗരത്തിലെ പണക്കാരനായ അബൂബക്കര്‍ (സ്ഫടികം ജോര്‍ജ്) ടി വി യില്‍ ഈ വാര്‍ത്ത‍ കാണുന്നു . കാറും എടുത്തു രാത്രി തന്നെ അദേഹം ആ ഭ്രാന്തിയെ അന്വേഷിച്ചു ഇറങ്ങുന്നു.അവസാനം കണ്ടെത്തുന്ന ഭ്രാന്തിയുമായി അദേഹം ഒരു സ്വകാര്യ ആശുപത്രിയില്‍‍ എത്തുന്നു.അതീവ രഹസ്യമായി കൊച്ചിനെ ചികിത്സിക്കാന്‍ ഏര്‍പ്പാട് ചെയ്യുന്നു .അവിടുത്തെ ഒരു ലേഡി ഡോക്ടര്‍ ഭയങ്കര അനുകമ്പയോടെ പറയുന്നത് സാറിനെ പോലെയുള്ളവര്‍ ഒരു വലിയ കാര്യമാണ് ഈ ചെയ്തത് എന്ന് .പിന്നെ കാണിക്കുന്നത് അതെ ഡോക്ടര്‍ ഭ്രാന്തിയെ ചുമ്മാ ഷോക്ക്‌ കൊടുത്തു തള്ളുന്നതാണ്. ഇങ്ങനെ കുറെ നേരം നടക്കുന്ന ഷോക്ക്‌ കൊടുക്കല്‍ പ്രക്രിയ പേരും മറ്റും ഒന്നും ഒരിടത്തും പറയാത്ത ഒരു പത്രപ്രവര്‍ത്തക ഒളിഞ്ഞു നോക്കുന്നുണ്ട്.കുറെ ഷോക്ക്‌ കൊടുത്തു കഴിയുമ്പോള്‍ കൊച്ചു കുറച്ചു മെച്ചപ്പെട്ടു എന്നും പേര് വിളിക്കു എന്നും ഡോക്ടര്‍ പറയുമ്പോള്‍ (സത്യമായും ഇതു ഇങ്ങനെ തന്നെയാണ് ) അബൂബക്കര്‍ റസിയ റസിയ എന്ന് വിളിക്കുന്നു.ഉടനെ സംഗതി ഫ്ലാഷ് ബാക്കിലേക്ക്‌ അപ്പോളാണ് ഞെട്ടിക്കുന്ന കുറെ കാര്യങ്ങള്‍ നമുക്ക് മനസിലാകുന്നത് .

1 റസിയ അബൂബക്കറിന്‍റെ മകളാണ് .(ദോഷം പറയരുതല്ലോ അത് പറയുന്ന നിമിഷം വരെ സ്ഫടികം ജോര്‍ജ്ന്‍റെ മുഖം കണ്ടാല്‍ വിനയന്‍ പോലും പറയില്ല അത് അങ്ങേരുടെ മകള്‍ ആണെന്ന് .അച്ഛനുറങ്ങാത്ത വീട്ടില്‍ അഭിനയിച്ച സലിം കുമാറിനെ കുനിച്ചു നിര്‍ത്തി ഇടിക്കണം.അഭിനയമാണ് പോലും അഭിനയം !! )

2 ഈ റസിയ ആ നഗരത്തില്‍ തന്നെ വളര്‍ന്ന കൊച്ചാണ്‌. (വളരെ അടുത്തറിയാവുന്ന ആളുകള്‍ വരെ അവരെ കാണുന്നുണ്ട് . ആകെയുള്ള വ്യത്യാസം ദേഹത്ത് കുറച്ചു മുറിവും കീറിയ വസ്ത്രവും അഴിഞ്ഞു ഉലഞ്ഞ മുടിയും.തീര്‍ന്നു സ്വന്തം അച്ഛന് പോലും സംശയം മാത്രമേ ഉണ്ടാകു !!)

ഞെട്ടി കഴിഞ്ഞു ഇനി ബാക്കി .........................

ബാക്കി എന്താ? രഘുവും റസിയയും അയല്‍ക്കാര്‍.പ്രേമത്തില്‍ ആണെന്ന് വേണമെങ്കില്‍ നമുക്ക് സംശയിക്കാം.സ്വതന്ത്രസമര സേനാനിയും, ഗായകനും,നാടകക്കാരനും ഒക്കെയായ ഇപ്പോള്‍ കുട നന്നാക്കിയും,ചെരുപ്പ് കുത്തിയും,പാട്ടു പാടിയും ഒക്കെ കുടുംബം പുലര്‍ത്തുന്ന കുട്ടപ്പ ഭാഗവതരുടെ കൊച്ചുമകനാണ് രഘു.അങ്ങേരുടെ കുടുംബത്തില്‍ ആണേല്‍ മകള്‍ക്ക് കിഡ്നി പ്രശനം, ഒരു കൊച്ചു കുട്ടിക്ക് കാലിനെന്തോ പ്രശ്നം അങ്ങനെ കുറേ. പ്രേമം വീട്ടില്‍ അറിയുമ്പോള്‍ (അറിയുന്നതാണ് തമാശ.റസിയയെ ഓട്ടോയില്‍ പോകുമ്പോള്‍ കൂടെ പഠിക്കുന്ന ഒരുത്തന്‍ കൂട്ടുകാരുമൊത്ത് വന്നു പിടിച്ചിറക്കി ബൈക്കില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിക്കുന്നു . അത് കണ്ടു വഴിയെ വരുന്ന രഘു ചെറിയ സ്റ്റണ്ട് നടത്തി റസിയയെ രക്ഷിക്കുന്നു.നമ്മുടെ അയല്‍പക്കത്തുള്ള ഒരു കൊച്ചിനെ വഴിയില്‍ കുറെയെണ്ണം പിടിച്ചു വലിക്കുന്നത് കണ്ടാല്‍ സ്റ്റണ്ട് ഒന്നും നടത്തിയില്ലെങ്കിലും എന്താ എന്ന് ചോദിക്കുകെങ്കിലും ചെയ്യില്ലേ ?)അതോടെ റസിയയുടെ വീട്ടുകാര്‍ക്ക് എല്ലാം പകല്‍ പോലെ വ്യക്തം.അബൂബെക്കര്‍ നല്ല ജോലിയുമായി വന്നാല്‍ റസിയയെ കെട്ടിച്ചു തരാം എന്ന് പറയുന്നു.ജമാല്‍ എന്ന ആളിന് ഒരു കത്ത് കൊടുത്തു ജോലിക്കായി അബൂബേക്കര്‍ രഘുവിനെ വിടുന്നു.പിന്നെ പഠിക്കാനായി ബംഗ്ലൂര്‍ എത്തുന്ന റസിയ കാണുന്നത് നല്ല ഉഗ്രന്‍ തീവ്രവാദിയായി നടക്കുന്ന രഘുവിനെ ആണ്. ജമാല്‍ ഭയങ്കരനായ ഒരു തീവ്രവാദിയാണ് എന്നും അയാള്‍ രഘുവിനെയും മറ്റുള്ളവരെയും ഉപയോഗിച്ച് മുംബൈ മോഡല്‍ ഒരു ആക്രമണത്തിന് തയ്യാര്‍ എടുക്കുകയനെന്നും നമ്മുക്ക് മനസിലാകുന്നു . നല്ലവനായ നായകന് ഇതില്‍ തീരെ താല്പര്യം ഇല്ല.രഘുവിന്‍റെ സുഹൃത്ത്‌/ സഹതീവ്രന്‍ റസിയയെ രക്ഷപ്പെടുത്തുന്നു എങ്കിലും വെടിയേറ്റ്‌ വീഴുന്നു.(കുറെ നേരം ജമാല്‍ നിരന്തരമായി വെടി വയ്ക്കുന്നു എങ്കിലും അവസാന നിമിഷം ആണ് സംഗതി കൊള്ളുന്നത്‌ !!) റസിയ ബോധം കെട്ടു ഒരു ലോറിയില്‍ വീഴുന്നു.ലോറിക്കാര്‍ റസിയയെ പീഡിപ്പിക്കുന്നു എന്നിട്ട് വഴിയില്‍ ഉപേക്ഷിക്കുന്നു.(സമയം രാത്രി,പടം വിനയന്‍റെ,വീഴുന്നത് മേഘ്ന ,ലോറിക്കാരെ എന്തിനാ വെറുതെ കുറ്റം പറയുന്നേ ).ഇതോടെ സമനില തെറ്റിയാണ് റസിയ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്.ഇതിനിടെ ജമാല്‍ പ്ലാന്‍ ചെയ്ത തീവ്രവാദി ആക്രമണത്തില്‍ പങ്കെടുത്ത ബാക്കി എല്ലാരേയും പോലീസ് വെടിവെച്ചു കൊല്ലുന്നു.രഘു മാത്രം ജീവനോടെ പിടിക്കപ്പെടുന്നു.ഒരു വെടി പോലും വെച്ചിട്ടില്ലെങ്കിലും രഘു ഇന്നു തൂക്കു ശിക്ഷ കത്ത് കിടക്കുകയാണ്.ഇതോടെ കുട്ടപ്പ ഭാഗവതും കുടുംബവും വഴിയാധാരം ആകുകയും ഒറ്റപ്പെടുകയും ചെയ്യുന്നു .ഇത്രയും ഫ്ലാഷ് ബാക്ക്.

അയ്യോ ഇതു വരെ ഫ്ലാഷ് ബാക്ക് കഴിഞ്ഞതേ ഉള്ളോ ? പിന്നെ ...

പിന്നെ അങ്ങോട്ട്‌ സംഭവങ്ങളുടെ ഒരു ബഹളമാണ് . ജമാലിന്‍റെ ആശുപത്രിയില്‍ ആണ് റസിയയെ ചികിത്സിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന സത്യം പഴയ വെടിയേറ്റ സഹതീവ്രന്‍ വഴി നമ്മള്‍ അറിയുന്നു.ജനലിലൂടെ സ്ഥിരം ഒളിഞ്ഞു നോക്കുന്ന പത്രക്കാരിയാണ്‌ ഈ സഹനെ നമ്മുടെ മുന്നില്‍ എത്തിക്കുന്നത്, ഇതിനിടെ റസിയയെ ചികിത്സിക്കാന്‍ വേറൊരു ഭയങ്കര സ്ത്രീ ഡോക്ടര്‍ വരുന്നുണ്ട് (പഴയ ഡോക്റ്റര്‍ കറന്റ്‌ അടിപ്പിച്ചു മടുത്തു എന്നു തോന്നുന്നു) ഒരു നിവര്‍ത്തിയും ഇല്ലാത്ത അഭിനയമാണ് ചേച്ചിയുടെ.ഈ അഭിനയം കണ്ടു പേടിച്ചാണോ എന്നറിയില്ല റസിയ ഭേദമാകുന്നു.അപ്പോളേക്കും വിവരം അറിഞ്ഞു ജമാലും ഒരു ഡോക്റെരും ചേര്‍ന്ന് വിഷം കുത്തിവെച്ചു റസിയയെ കൊല്ലാന്‍ ശ്രമിക്കുന്നു.സഹന്‍ (പഴയ സഹ തീവ്രവാദി) റസിയയെ രക്ഷിക്കുന്നു.ഇനി അങ്ങോട്ട്‌ സിനിമയുടെ നിര്‍ണായകമായ ചില വഴിത്തിരിവുകളും അവസാനവും ആണ്.സിനിമ കണ്ടു തന്നെ ഇതൊക്കെ അനുഭവിക്കണം എന്നു നിര്‍ബന്ധം ഉള്ളവര്‍ ദയവായി മുന്നോട്ടു വായിക്കരുത് .

പോലീസ്നും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് നടത്തപ്പെടുന്ന ചില ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ആണ് ഇവയില്‍ പ്രധാനം.അവയില്‍ ചിലത് ഇപ്രകാരം
1 സമൂഹത്തില്‍ മാന്യനായി കഴിയുന്ന ജമാല്‍ ആണ് സകല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ എന്ന് നമ്മുടെ സഹന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു
2 തുടര്‍ന്ന്,രഘുവിനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തനിക്കു വിറ്റത് അബുബേക്കര്‍ ആണെന്ന് ജമാല്‍ നിര്‍ഭയം വെളിപ്പെടുത്തുന്നു.
3 പോരാത്തതിനു ഒരു ആളിനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആയിട്ടു വില്‍ക്കുമ്പോള്‍ നിലവിലുള്ള മാര്‍ക്കറ്റ്‌ വില (അമ്പതു ലക്ഷം )അബുബേക്കര്‍ കൈ പറ്റിയതായും ജമാല്‍ പ്രഖ്യാപിക്കുന്നു.രഘുവിന്‍റെ കാര്യത്തില്‍ അബുബേക്കര്‍ തനിക്കു യാതൊരു ഡിസ്കൌണ്ടും തന്നിട്ടില്ല എന്ന് ധാര്‍മികരോഷത്തോടെ കുറ്റപ്പെടുത്തുകയും ചെയുന്നു.
4 ഇതേ തുടര്‍ന്ന് അബൂ ബക്കറിന്റെ ബാപ്പ താന്‍ ഇവനെ അനാഥാലയത്തില്‍ നിന്നും എടുത്തു വളര്‍ത്തിയത്‌ ആണെന്നും.
അബുബക്കറിന്റെ ശരിയായ പേരോ ജാതിയോ അറിയില്ല എന്നും പ്രഖ്യാപിച്ചു തടി തപ്പുന്നു.(ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന് മനസിലായില്ല.അബു ബേക്കര്‍ എന്നാ കഥാപാത്രം ഒരു മതഭ്രാന്തനോ മറ്റോ ആയിരുന്നെങ്കില്‍ അതിനു പിന്നെയും ഒരു കാര്യമുണ്ടായിരുന്നു.ഇവിടെ അബുബേക്കര്‍ തികഞ്ഞ ഒരു ബിസ്നെസ്സ്കാരനാണ്. അയാള്‍ മുസ്ലിം ആയാല്‍ എന്ത് അല്ലെങ്കില്‍ എന്ത് ?)

എത്രയും ആകുമ്പോള്‍ ഇനി സംഗതികള്‍ മുന്നോട്ടു പോയാല്‍ കണ്ടിരിക്കുന്നവര്‍ മുഴുഭ്രാന്തന്‍മാരായി ആകും പുറത്തു വരുക എന്ന് ഓര്‍ത്തിട്ടാണോ എന്തോ വിദേശ പര്യടനത്തില്‍ ആയിരുന്ന രാഷ്‌ട്രപതി യാത്ര റദ്ദാക്കി തിരിച്ചു വരുകയും.പുന പരിശോധനക്ക് സമര്‍പ്പിക്കപെട്ട ദയാഹര്‍ജി അനുവദിക്കുകയും ചെയ്യുന്നു.(തൂക്കി കൊല്ലുന്നതിനു തൊട്ടു മുന്‍പ് ഓര്‍ഡര്‍ കൈയില്‍ കിട്ടുകയും ചെയ്യുന്നു ). സര്‍വം ശുഭം

ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.എല്ലാ ഘടകങ്ങളും ശരാശരിയില്‍ നിന്നും വളരെ താഴെയാണ് . വിനയന്‍ ചിത്രങ്ങളില്‍ കാണാറുള്ള നിലവാര കുറവ് ചീപ്നെസ്സ് എന്നിവ മിക്ക ഫ്രെമുകളിലും തെളിഞ്ഞു കാണാന്‍ ഉണ്ട് .

അമ്മയോടും,സുപ്പര്‍ താരങ്ങളോടും ഉള്ള വാശി പകയായി വിനയന്‍ കാണികളോട് വീട്ടുകയാണ് എന്ന് ഈ ചിത്രം കണ്ടാല്‍ അമ്മയാണെ ആരും പറഞ്ഞ് പോകും.അങ്ങനെ പറയുന്നവരെ വിനയന്‍ സുപ്പര്‍ താരങ്ങളുടെ പിണിയാളുകള്‍ എന്ന് വിളിച്ചാല്‍ , അങ്ങേരെ ഈ പടം മുഴുവനായി ഒരു പത്തു തവണ കാണിക്കണം . സകല പ്രശ്നവും അതോടെ തീരും .പണ്ടാരം !!! ഒന്നുകില്‍ അങ്ങേര്‍ക്ക് വട്ടാകും,അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും .രണ്ടായാലും പ്രേക്ഷകര്‍ക്ക്‌ രക്ഷ .

ഈ പടത്തിന്‍റെ ഒരു നല്ല വശം പറഞ്ഞു അവസാനിപ്പിച്ച്‌ കൂടെ എന്ന് ശ്രീനിയുടെ വക ഒരു നിര്‍ദേശം.ആലോചിച്ചപ്പോള്‍ ഓര്‍മ വന്നത് ഈ ചിത്രം കാണാന്‍ ഞാനുള്‍പ്പെടെ പല സമയത്തായി വന്ന മൂന്ന് പേരാണ് താഴെ ഉണ്ടായിരുന്നത് . ഇടവേള ആയപ്പോള്‍ ആണ് മറ്റു രണ്ടു പേര്‍ വളരെ കാലമായി കാണാതിരുന്ന കൂട്ടുകാര്‍ ആണ് എന്ന് മനസിലായത് (അവരുടെ സംഭാഷണത്തില്‍ നിന്നും മനസിലാക്കിയത്).ഇടവേളക്കു ശേഷം അവര്‍ രണ്ടു പേരും തകര്‍പ്പന്‍ കത്തി/വിശേഷം പറയല്‍ ആയിരുന്നു . ഈ ചിത്രം ആയതു കൊണ്ടല്ലേ അവര്‍ക്ക് വീണ്ടും കണ്ടു മുട്ടാന്‍ കഴിഞ്ഞത്? (വല്ല സീനിയേര്‍സും ആയിരുന്നെങ്കിലോ ?) ഒരു പക്ഷെ പേരറിയാത്ത അവര്‍ മാത്രമായിരിക്കും ഈ ചിത്രത്തിന് വിനയനെ തെറി പറയാതിരിക്കാന്‍ സാധ്യത ഉള്ളവര്‍

4 comments:

  1. കൊള്ളാം നല്ല വിവരണം.. നാട്ടില്‍ പോയപ്പോള്‍ ഈ സിനിമയ്ക്ക്‌ എന്നെ പിടിച്ചു കൊണ്ട് പോകാന്‍ വീട്ടുകാര്‍ ഒരു ശ്രമം നടത്തിയതാ.. പോസ്റ്റര്‍ കണ്ടപ്പോഴേ മനസ്സിലായി സംഭവം തറയാണെന്ന്. ഏതാണ്ട് നാടക പോസ്റ്റര്‍ ഒക്കെ പോലെ.. ഞാന്‍ വീടുകാരോട് പറഞ്ഞു.. എനിക്കിഷ്ട്ടമില്ലാത്ത കല്യാണം ഉറപ്പിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ സമ്മതിച്ചേക്കും പക്ഷെ ഇങ്ങനത്തെ പടത്തിനു വിളിച്ചാല്‍ ചത്താലും സമ്മതക്കൂല ന്നു .. :)

    ReplyDelete
  2. Nalla cinema Milestone movie of Mollywood just like Chemmeen,yavanika, Amaram, Kireedam, Bharatham, and Traficc

    ReplyDelete
  3. ഇറങ്ങുന്ന എല്ലാ സിനിമകളും കണ്ടാല്‍ കൊള്ളാം എന്ന് എനിക്കുണ്ട്. പക്ഷേ വിനയന്റെ സിനിമകള്‍ കാണണം എന്ന് വീട്ടില്‍ പറഞ്ഞാല്‍ വീട്ടുകാര്‍ എന്നെ തല്ലും . കൂട്ടുകാരെ വിളിച്ചാല്‍ അവര്‍ കൊല്ലും . അത് കൊണ്ട് റസിയയെ കാണാന്‍ ഇതുവരെ സാധിച്ചില്ല .
    പിന്നെ അന്യ ഭാഷാ ചിത്രങ്ങള്‍ കണ്ട് അഭിപ്രായം എഴുതുന്നത്‌ ഒരു മോശം കാര്യമാണോ ? അല്ല എന്നാണ് എന്റെ വിശ്വാസം :)

    ReplyDelete
  4. ഇത്തരം സിനിമകളൊക്കെ കണ്ടിട്ടും താങ്കള്‍ ജീവിചിരിപുണ്ടല്ലോ, എങ്കില്‍ നിങ്ങള്‍ ഒരു ഭാഗ്യവാനാണ്

    ReplyDelete