Monday, June 27, 2011

കാണാക്കൊമ്പത്ത് -Kaanakombathu

മധു മുട്ടത്തിന്റെ ഉജ്ജ്വല തിരക്കഥയില്‍ ,നവാഗതനായ മഹാദേവന്‍ സംവിധാനം ചെയ്ത് താരതമ്യേന പുതുമുഖങ്ങളായ വിനോദ് കൃഷ്ണന്‍ , ദീപു ശാന്ത് , ശങ്കര്‍ നാരായണന്‍ എന്നിവര്‍ നായകരായി പുറത്തു വന്ന പുതിയ ചിത്രമാണ്‌ കാണാക്കൊമ്പത്ത്. യുവജനങ്ങള്‍ക്ക്‌ വേണ്ടി മൊത്തം സെലിബ്രേഷന്‍ മൂഡിലുള്ള ഒരു ചിത്രമാണ് ഇത്.പിന്നെ പത്തില്‍ ഒരു നാലര മാര്‍ക്കും . എങ്ങനെയുണ്ട് അണ്ണാ ?

കാണാക്കൊമ്പത്ത് എന്ന സിനിമ കാണാതെ ,അല്ല തിയറ്ററില്‍ അനുഭവിക്കാതെ , നീ ഇങ്ങനെ ഒരു റിവ്യൂ നിന്റെ ചിത്രവിദ്വേഷത്തില്‍ കാച്ചിയാല്‍, അത് വായിച്ച് ഒരുത്തനെങ്കിലും ആ സിനിമ പോയി കണ്ടാല്‍ , പൊന്നനിയാ നീ അനന്തകാലത്തേക്ക് നരകത്തില്‍ പോകും.പറഞ്ഞില്ല എന്ന് വേണ്ട.

യ്യോ!!! അത്ര കൂറയാണോ പടം?

കൂറയൊക്കെ ഇത്തരം പടങ്ങളെ വിശേഷിപ്പിക്കാന്‍ വളരെ മയത്തിലുള്ള വാക്കുകളാണ് അനിയാ .

മധു മുട്ടം തിരക്കഥ എഴുതിയ ഒരു പടം അങ്ങനെ വരുമോ ? അല്ലെങ്കിലും നിങ്ങള്‍ക്ക് രഞ്ചിത്ത് , ജയരാജ് ,മധു മുട്ടം തുടങ്ങിയ ബുദ്ധിജീവികളെ പരമ പുച്ഛമാണ്.എനിക്കറിയാം .

അദ്ദ്യം പറഞ്ഞ രണ്ടു ബുദ്ധീസ് ഒകെ .പക്ഷെ അനിയാ മധു മുട്ടത്തിനെ,മണിച്ചിത്രത്താഴിലൂടെ എനിക്ക് ഇഷ്ടമാണ്.സത്യം.പക്ഷെ ഈ പടം ഒരു ഒന്നൊന്നര പടമായി പോയി.എന്ത് ചെയ്യാന്‍ ?

നിങ്ങള്‍ ആ കഥയൊന്ന് പറഞ്ഞേ.എത്ര മാര്‍ക്ക് പടത്തിന് കൊടുക്കാം എന്ന് ഞങ്ങള്‍ പ്രൊഫഷണല്‍ നിരൂപകര്‍ തീരുമാനിച്ചോളാം.

കമ്പ്യൂട്ടര്‍ ഇഞ്ചിനിയറിംഗ് പഠിച്ച ശേഷം മണിമാളിക പോലുള്ള വീട് വെയ്ക്കാനും ബി എം ഡബ്ല്യൂ കാര്‍ വാങ്ങാനുമായി മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ജോലിക്കാര്‍ ആകുന്നതും , തീവ്രവാദികള്‍ ആകുന്നതും ഒരു പോലെയാണ് എന്ന് തീരുമാനിച്ച് തീവ്രവാദികള്‍ (ചാവേറുകള്‍ ) ആകുന്ന മൂന്ന് ചെറുപ്പക്കാരുടെ (വിനോദ് കൃഷ്ണന്‍,ദീപു ശാന്ത്,ശങ്കര്‍ നാരായണന്‍) കരളലിയിക്കുന്ന കഥയാണ്‌ ഈ സിനിമ .

അണ്ണാ...

മിണ്ടാതെ അവിടെയിരുന്ന് കേള്‍ക്കെടാ. ഞാന്‍ തിയറ്ററില്‍ അനുഭവിച്ചതിന്‍റെ നൂറിലൊന്നെങ്കിലും നീ അനുഭവിക്കണം. കഥ തുടരുന്നു... ഈ ചെറുപ്പക്കാരെ കൂടാതെ , അമ്മയുടെ നിര്‍ബന്ധം കാരണം ഡോക്ടര്‍ ആകാന്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും (പലേരി മാണിക്യം മൈഥിലി ) ഈ സിനിമയില്‍ ഉണ്ട്. വല്യ നര്‍ത്തകിയാകണം എന്ന് ആഗ്രഹിച്ച് ,പോയിരുന്ന് വല്ലതും പഠിക്കാന്‍ നോക്ക് കൊച്ചേ എന്ന് അമ്മ പറയുമ്പോള്‍ (ആ കൊച്ചിന്റെ നൃത്തം കണ്ടാല്‍ ,അങ്ങനെ പറഞ്ഞതിന് അമ്മക്ക് നമ്മള്‍ മുട്ടായി വാങ്ങി കൊടുക്കും) കൊച്ചിന് സങ്കടമാകുന്നു. ആ സങ്കടം കൊച്ച് മാറ്റുന്നത് നേരെ പോയി കോളേജില്‍ മനോജ്‌ കെ ജയന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ എത്തിക്സ് ലംഘിക്കുന്ന മാനേജ്മെന്റിന് എതിരെ സ്വരം ഉയര്‍ത്തുന്ന സംഘടനയില്‍ ചേര്‍ന്നാണ് .

നൃത്തവും മെഡിക്കല്‍ എത്തിക്ക്സും തമ്മില്‍ എന്ത് ബന്ധം അണ്ണാ ? മനോജ്‌ കെ ജയന്‍ ഒരു നൃത്ത അധ്യാപകനായി ആ കൊച്ചിനെ രഹസ്യമായി ഡാന്‍സ് പഠിപ്പിച്ച് ഒരു പത്മാ സുബ്രഹ്മണ്യമോ മറ്റോ ആക്കാന്‍ ശ്രമിച്ചിരുന്നേല്‍ പോട്ടെ എന്ന് വെയ്ക്കാമായിരുന്നു .

അതൊക്കെ മോഹന്‍ലാല്‍ ചെയ്യും .ഇത് പാവം മനോജ്‌ കെ ജയന്‍ .അങ്ങേരെ കൊണ്ട് സാധിക്കുന്ന അക്രമങ്ങള്‍ അല്ലേ പുള്ളിക്ക് ചെയ്യാന്‍ ഒക്കു ? അത് അങ്ങേര്‍ വൃത്തിയായി ചെയ്യുന്നുണ്ട്. കോളേജ് മാനേജ്മെന്റിന് എതിരെ മാത്രമല്ല ,ലോകത്ത് ജനങ്ങളെ അവരറിയാതെ സ്ഥിരം രോഗികള്‍ ആക്കുന്ന തരത്തിലെ പ്രതിരോധ മരുന്നകള്‍ നിര്‍മ്മിക്കുന്ന മരുന്ന് മാഫിയക്ക് എതിരെ കൂടിയാണ് മനോജ്‌ കെ ജയന്റെ സമരം. സമരം മൂക്കുമ്പോള്‍ കോളേജ് മുതലാളി (ലോറി ഡ്രൈവര്‍ കോട്ടും സ്യൂട്ടും ഇട്ടതു പോലത്തെ അനില്‍ മുരളി ) മനോജ്‌ കെ ജയനെ കോളേജില്‍ നിന്നും ചവിട്ടി പുറത്താക്കുന്നു .മുതലാളിക്കും മരുന്ന് മാഫിയയുമായി ബന്ധം ഉണ്ടത്രേ. കോളേജില്‍ നിന്നും പോകും മുന്‍പേ മരുന്ന് മാഫിയയുടെ സബായി ദ്വീപിലുള്ള ഫക്ക്ടറിയെ സംബന്ധിച്ച ചില ഫയലുകള്‍ മനോജ്‌ കെ ജയന്‍ മൈഥിലിയെ ഏല്‍പ്പിക്കുന്നു.അതറിഞ്ഞ അനില്‍ മുരളി മൈഥിലിയെ റേപ്പ്‌ ചെയ്യാനായി കോളേജിലെ തന്നെ ചില സീനിയേര്‍സ്സിനെ നിയോഗിക്കുന്നു .

ഫയലുകള്‍ തിരിച്ചെടുക്കാന്‍ അല്ലേ അണ്ണാ നിയോഗിക്കേണ്ടത് ?

അത് നീ സംവിധായകന്‍ മഹാദേവനോടോ,മധു മുട്ടത്തിനോടോ പോയി ചോദിക്ക്.പടത്തില്‍ റേപ്പ് ശ്രമമാണ്.നോ ഫയല്‍സ്.അപ്പൊ റേപ്പ്‌ ശ്രമത്തിനിടെ സീനിയേര്‍സ്സില്‍ ഒരുത്തനെ അടിച്ചിട്ട് അവന്‍ മരിച്ചു എന്ന് കരുതി മൈഥിലി നാട് വിടുന്നു .നേരെ പോയി നമ്മുടെ മൂന്ന് തീവ്രവാദി പിള്ളാരുമായി കമ്പിനിയാകുന്നു.അവന്മാര്‍ തീവ്രവാദ സംഘടന ചവേറാകും മുന്‍പേ പോയി അടിച്ചു പൊളിച്ചിട്ട്‌ വാ മക്കളെ എന്ന് പറഞ്ഞത് കാരണം ഒരു റിസോര്‍ട്ടില്‍ കിടന്ന് അറുമ്പാതിക്കുകയാണ്.മൈലുകള്‍ ദൂരെയുള്ള എന്ത് വസ്തുവും തകര്‍ക്കാന്‍ ശക്തിയുള്ള ഒരു മഗ്നെറ്റിക്ക് തരംഗം കണ്ടു പിടിച്ച മിടുക്കന്‍മാര്‍ ആണ് അവന്‍ മൂന്ന് പേരും.ആ തരംഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആണ് തീവ്രവാദ സംഘടനയുടെ പ്ലാന്‍ .

മൈലുകള്‍ ദൂരെ ഇരുന്ന് എന്തും തകര്‍ക്കാന്‍ ശക്തിയുള്ള തരംഗം കയ്യിലുള്ളപ്പോള്‍ അവന്മാര്‍ എന്തിന് ചാവേറുകള്‍ ആകണം എന്നും മഹാദേവനോടോ മധു മുട്ടത്തിനോടോ ചോദിക്കണമായിരിക്കും അല്ലേ അണ്ണാ ?

ഒഫ് കോര്‍സ്. ഈ നാല് പ്രധാന കഥാപാത്രങ്ങളുടെയും കഥകള്‍ എങ്ങനെ തീരുന്നു എന്ന് അറിയാന്‍ ഇത്രയുമൊക്കെ കേട്ടിട്ടും നിനക്ക് താത്പര്യം ഉണ്ടെങ്കില്‍ ,നേരെ തിയറ്ററിലേക്ക് വിട്ടോ. ഞാന്‍ തളര്‍ന്നു .

ഞാനും.കണ്ടിരിക്കാന്‍ പറ്റാത്ത പടങ്ങള്‍ ഉണ്ട്.ഇത് കേട്ടിരിക്കാനെ പറ്റുന്നില്ലല്ലോ അണ്ണാ.അതിരിക്കട്ടെ ജഗതി , സുരാജ് ഇവരുടെയൊക്കെ തലകള്‍ പോസ്റ്ററില്‍ കണ്ടല്ലോ.പൊളപ്പന്‍ കോമഡികള്‍ എങ്കിലും ഉണ്ടോ ?

ഉണ്ടെടാ. കണ്ടാല്‍ കരച്ചില്‍ പോലും വരാതെ മനുഷ്യന്‍ മരവിച്ചിരിക്കുന്ന കോമഡികള്‍ ഉണ്ട് .

സംഗീതം ,ക്യാമറാ , എഡിറ്റിംഗ് , കളറിംഗ് തുടങ്ങിയ സാങ്കേതിക വശങ്ങള്‍ ?

എടാ @#$^&**&&******

എല്ലാം മനസിലായി. സാങ്കേതികം വിട്ടേക്ക്. അഭിനയത്തെക്കുറിച്ചെങ്കിലും പറ അണ്ണാ.ഇല്ലെങ്കില്‍ പത്രാധിപര്‍ എന്നെ കൊല്ലും.

ഡേ,പുതിയ പിള്ളര്‍ ലോജിക്ക് എന്നൊരു സാധനമില്ലത്ത സീനുകളില്‍ മനുഷ്യന്‍റെ കഴുത്തു അറുക്കുന്നത് പോലെയുള്ള അഭിനയമാണ് കാഴ്ച വെയ്ക്കുന്നത്.മൂന്നെണ്ണത്തില്‍ ഒരുത്തനും അക്കാര്യത്തില്‍ പിന്നിലല്ല .പോരെ ?

നായികാ മൈഥിലി ?

ശ്രദ്ധിച്ചാല്‍ നന്നാകാം

അല്ലെങ്കിലും ആ കുട്ടിയുടെ അഭിനയം മോശമാകാന്‍ വഴിയില്ല .നമ്മുടെ രഞ്ചിത്ത് സാറിന്റെ കണ്ടു പിടുത്തമല്ലേ ?

അഭിനയത്തിന്റെ കാര്യമല്ലെടാ കോപ്പേ പറഞ്ഞത് .ഗ്ലാമറില്‍ ശ്രദ്ധിച്ചാല്‍ നന്നാകം.കൊച്ച് ഫിഗര്‍ ഒക്കെ കുറച്ചു നന്നാക്കിയ ലക്ഷണം ഉണ്ട് .

അണ്ണാ ...കുടുംബ പ്രേക്ഷകര്‍ വായിക്കുന്ന കോളമാണ്.ആ ഭാഗം ഇത്ര മതി .ശരി ബാക്കിയുള്ളവരുടെ കാര്യം .

ജഗതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.കുറെ അലമ്പ് കോമഡി രംഗങ്ങളില്‍ അഭിനയിച്ച് ,ഇങ്ങേര്‍ക്ക് ഈ പടത്തില്‍ അഭിനയിക്കേണ്ട വല്ല കാര്യവും ഉണ്ടോ എന്ന് കാണികളെക്കൊണ്ട് ചോദിപ്പിക്കുക അല്ലാതെ.സുരാജ് തീര്‍ത്തും അപകടകാരിയായി ഒരു ചെറിയ ഇടവേളക്ക് ശേഷം തിരികെ എത്തിയിരിക്കുന്നു.കലാശാല ബാബു ,കെ പി എ സി ലളിത എന്നിവര്‍ കണ്ണ് ചിമ്മിയാല്‍ മിസ്സാകുന്ന റോളുകളില്‍ .മനോജ്‌ കെ ജയന്‍ പ്രസംഗങ്ങള്‍ നടത്തുന്നു,സ്ലോമോഷനില്‍ നടന്ന് അപ്രത്യക്ഷനാകുന്നു .അവസാനം നീളന്‍ കോട്ടിട്ട കുറെ തീവ്രവാദികള്‍ വന്നു കാണികളെ കുറെ ചിരിപ്പിച്ച് പോകുന്നുണ്ട് .പോരേഡേ ?

മതി. അപ്പൊ ചുരുക്കത്തില്‍ മഴ നനയാതിരിക്കാന്‍ പോലും ഈ പടം ഓടുന്ന തിയറ്ററില്‍ കയറിയാല്‍ പണി എട്ടിന്‍റെ കിട്ടും ,അല്ലേ ?

എട്ടിന്റെ അല്ല പതിനാറേകാലിന്‍റെ പണി കിട്ടും.

5 comments:

  1. കുറെ കാലമായി തിയേറ്ററിൽ പോയി സിനിമ കണ്ട് ക്ഷമപരീക്ഷണം നടത്താറില്ല. ഈ പടത്തിന്റെ സി.ഡി യും അല്പം സമയവും ഫ്രീയായി തന്നാൽ പോലും ഇനി കാണില്ല. എല്ലാം മനസിലായി!

    ReplyDelete
  2. ee Deepusanth sree santh inte brother thanne alle?

    ReplyDelete
  3. അപ്പോ മധുമുട്ടവും ...
    :)

    ReplyDelete
  4. മധുമുട്ടം തന്റെ തിരകഥയില്‍ മാറ്റം വരുത്തി എന്നും പറഞ്ഞു വലിയ ഒച്ചപാട് ഉണ്ടാക്കിയിരുനല്ലോ അത് ഇതിനും വേണ്ടി ആയിരുന്നോ?
    ചിലപ്പോള്‍ തിരകഥയില്‍ മാറ്റം വന്നത് കൊണ്ടായിരികും ഇങ്ങനെ ആയതു

    ReplyDelete
  5. I too had become a big fan of Madhu Muttam after his first movie ... . So, thanks for the heads-up.

    ReplyDelete