Wednesday, June 29, 2011

180 (തമിഴ് ചിത്രം )

എന്താടെ പുറത്തൊരു ബഹളം ?

അത് അണ്ണാ ഈ മലയാള സിനിമ പ്രവര്‍ത്തകര്‍, നിരൂപകര്‍ ഇവരൊക്കെ ചേര്‍ന്ന് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരെ നടത്തുന്ന വിട്ടുവീഴ്ച ഇല്ലാത്ത സമരത്തിന്‍റെ അലയൊലികളാണ് ആ കേള്‍ക്കുന്നത്.ഈ പ്രശ്നത്തെ കുറിച്ച് ഞാനും ഒരു ലേഖനം എഴുതുന്നുണ്ട് .അല്ല ഈ പ്രശ്നത്തെ അങ്ങനെ അങ്ങ് അവഗണിക്കാന്‍ പറ്റുമോ?

നീ കുറെ നേരമായല്ലോ ഈ പ്രശനം ഈ പ്രശ്നം എന്ന് പറയുന്നു.എന്തുവാടെ മലയാള സിനിമ നേരിടുന്നു എന്ന് നീ പറയുന്ന പ്രശ്നം.താര ആധിപത്യം,അന്യ ഭാഷാ ചിത്രങ്ങള്‍,പൈറസി..... എന്തുവാ സംഗതി?

ഛെ അണ്ണന് തീരെ വിവരമില്ല എന്നതാണ് സത്യം.അണ്ണാ എപ്പോള്‍ മലയാള സിനിമ നേരിടുന്ന പ്രശ്നം ഇവയെ ഒക്കെകാലും ഗുരുതരമായ ഒന്നാണ്. പുതുമ ഉള്ള കഥകള്‍ ഇല്ല എന്നതല്ലേ മലയാള സിനിമ വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശനം? പണ്ട് പ്രിയദര്‍ശന്‍ സാറു പറഞ്ഞ പോലെ മലയാള സിനിമ ഇപ്പോളും നാലുകെട്ടും,നാട്ടുമ്പുറവും,കുളത്തിനും ചുറ്റും കറങ്ങുകയാണ്.ഇതില്‍ നിന്നൊക്കെ മാറി കുറച്ചു കൂടി ഹൈടെക്ക് ആകേണ്ട കാലം ആയില്ലേ?

അത് സത്യം ആ പറഞ്ഞ മഹാന്‍ ഇന്നു ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് ഒരു മെട്രോ പാശ്ചാതലത്തില്‍ എടുത്ത ഹൈ ടെക്ക് ചിത്രമായ കാഞ്ചീപുരം എന്ന ചിത്രത്തിന്റെ പേരിലാണല്ലോ അല്ലെ .

അതൊക്കെ ശരി എന്നാലും പുതുമയുള്ള ഒരു കഥയില്ലാതെ ഈ പാവം സംവിധായക പ്രതിഭകള്‍ എന്ത് ചെയ്യും അണ്ണാ? (പണ്ട് തിരകഥ എഴുതി മാന്യമായി ജീവിച്ചിട്ട് കലയുടെ ഉള്‍വിളി സഹിക്കാന്‍ വയ്യാതെ സംവിധാനം തുടങ്ങിയ മഹാന്മാര്‍ അവിടെ നില്‍ക്കട്ടെ).മലയാളിക്ക് പണ്ടേ ഈ പുതുമ എന്ന് പറഞ്ഞാല്‍ .........


ഗ്രഹണി പിടിച്ച പിള്ളേര്‍ക്ക് ചക്കക്കൂട്ടാന്‍ കണ്ടത് പോലെ ആണ് എന്നല്ലേ.എനിക്ക് അറിയുന്നതാണ് അനിയാ അത് . ശരി ഞാന്‍ ഒരു കഥ പറയാം.ഇതിലെ പുതുമ എങ്ങനെയുണ്ടെന്നു പറഞ്ഞേ?

അണ്ണന്‍ കഥ എഴുത്തും തുടങ്ങിയോ ... കലക്കി . പറഞ്ഞോ കേള്‍ക്കട്ടെ .

സന്തോഷമായി ജീവിക്കുന്ന ഒരാള്‍ ഒരു ദിവസം താന്‍ ഒരു ചികിത്സ ഇല്ലാത്ത രോഗത്തിന് അടിമ ആണെന്നും തനിക്കു അവശേഷിക്കുന്നത് കഷ്ടിച്ച് ആറുമാസം സമയം ആണെന്നും അറിയുന്നു.അവശേഷിക്കുന്ന സമയം അടിച്ചു പൊളിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു.പിന്നെയുള്ള അയാളുടെ ജീവിതത്തിലൂടെ കഥ മുന്നോട്ടു.എങ്ങനെയുണ്ട് സംഗതി ?

പൊന്നണ്ണാ അണ്ണാ എന്‍റെ ഓര്‍മയില്‍ ആദ്യം വരുന്ന പേര് വിട പറയും മുന്‍പേ എന്ന സിനിമയാണ്.ഹിന്ദിയില്‍ ആനന്ദ്‌ (രാജേഷ്‌ ഖന്ന) പിന്നെ മലയാളത്തില്‍ കണ്ടവനെല്ലാം എടുത്തു അലക്കിയതാണ് ഈ കഥാതന്തു. അവസാന കാലത്തൊക്കെ ഡോക്ടര്‍ ആയി സോമന്‍ ഒക്കെ വന്നു "അവന്‍റെ ശാപം അക്യുട്ട് ബ്രെയിന്‍ സെറിബെല്ലോ മെനനജൈട്ടിസ് എന്ന അത്യപൂര്‍വമായ രോഗം" ആണെന്ന് വികാരഭരിതനായി പറയുമ്പോള്‍ കാണികള്‍ ആര്‍ത്തു ചിരിക്കുന്ന അവസ്ഥ വരെ ആയി കാര്യങ്ങള്‍.അപ്പോള്‍ ആണ് ഇങ്ങേരുടെ ഒരു പുതുമയുള്ള കഥ.നാണമില്ലല്ലോ .

അനിയാ,ഞാന്‍ ഇന്നലെ കണ്ട 180 എന്ന തമിഴ് ചിത്രത്തിന്റെ കഥ ഒറ്റ വരിയില്‍ പറഞ്ഞാല്‍ ഇതാണ്.പക്ഷെ അവതരണരീതിയിലൂടെ ഇത്തരമൊരു പ്രമേയം ഒട്ടും ബോര്‍ അടിക്കാതെ നമ്മുടെ മുന്നില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.ജയേന്ദ്ര എന്ന സംവിധായകനു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.സംവിധായകന്‍ എന്ന നിലയില്‍,പരസ്യ ചിത്രങ്ങളുടെ ചിത്രീകരണ രീതിയോടുള്ള അമിതമായ ഒരു സ്വാധീനം ഒഴിച്ചാല്‍ ജയേന്ദ്ര അയാളുടെ ജോലി വൃത്തിയായി ചെയ്തു എന്നു തന്നെ പറയേണ്ടി വരും.തിരകഥ ആണ് ശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊരു മേഖല.ഇത്ര പറഞ്ഞു പഴകിയ ഒരു കഥ ബോര്‍ അടിപ്പിക്കാതെ അവതരിപ്പിക്കുന്നതില്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഉള്ള പങ്കും അതിന്‍റെ വിജയവും കാണുമ്പോള്‍ അവസാന ഭാഗങ്ങളില്‍ ചിത്രത്തിന് വരുന്ന ഒരു വലിവ് സഹിക്കാന്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ തയ്യാറാണ്. അഭിനേതാക്കള്‍ പ്രധാനമായും സിദ്ദാര്‍ത്ഥ് (ബോയ്സ്),നിത്യ മേനോന്‍ (ഉറുമി)പ്രിയ ആനന്ദ്‌ (മോഡല്‍ ആണെന്ന് തോന്നുന്നു) ഗീത,മൌലി എന്നിവര്‍ ആണ് .

അമേരിക്കയില്‍ നിന്നും ആറു മാസത്തേക്ക് ഇന്ത്യയില്‍ എത്തുന്ന മനു (സിദ്ദാര്‍ത്ഥ്) എന്ന ചെറുപ്പക്കാരനില്‍ നിന്നാണ് തുടക്കം.ആറു മാസത്തേക്ക് ഗീത - മൌലി ദമ്പതി മാരുടെ വീടിന്‍റെ ഒരു ഭാഗം വാടകയ്ക്കെടുത്തു മനസിനു ഇഷ്ടപ്പെട്ടതെല്ലാം ചെയ്തു ജീവിക്കുന്ന ഇയാളുടെ ജീവിതത്തിലേക്ക് വിദ്യ (നിത്യ മേനോന്‍) എന്ന ഫോട്ടോഗ്രാഫെര്‍ കം ജെര്‍ണലിസ്റ്റ് കടന്നു വരുന്നു.വ്യത്യസ്തനായ ഒരാളോട് തോന്നുന്ന കൌതുകത്തില്‍ തുടങ്ങി പ്രണയത്തില്‍ എത്തുന്ന ആ ബന്ധത്തിനിടെ ഫ്ലാഷ് ബാക്ക് ആയി ഇയാളുടെ പഴയ ജീവിതവും എന്തിനായി ഇയാള്‍ സ്നേഹിച്ചു വിവാഹം കഴിച്ച പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും തന്‍റെ ജോലിയും ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് വന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും ഘട്ടം ഘട്ടമായി പറഞ്ഞു പോകുന്നു .ഈ ഇട കാഴ്ചകളിലൂടെ അജയ കുമാര്‍ എന്ന അമേരിക്കയില്‍ ജോലി ചെയുന്ന ഡോക്ടറെയും അയാള്‍ പരിചയപ്പെടുകയും പ്രേമത്തില്‍ ആകുകയും ചെയുന്ന രേണു (പ്രിയ ആനന്ദ്‌) എന്ന പെണ്‍കുട്ടിയെയും അവരുടെ ജീവിതത്തെയും ഒക്കെ നമുക്ക് അടുത്ത് കാണാന്‍ കഴിയുന്നു.ഒടുവില്‍ വിദ്യ - രേണു എന്നിവരില്‍ ഒരാളുടെ വഴി തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ നായകന്‍ നടത്തുന്ന തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഒരു വഴി സ്വീകരിക്കലിലൂടെ ചിത്രം അവസാനിക്കുന്നു .

അപ്പോള്‍ കിടിലം പടം എന്നു ധൈര്യമായി പറയാമോ ?

കുറ്റങ്ങളും കുറവുകളും ഇല്ല എന്നല്ല. മുന്‍പ് പറഞ്ഞ വലിച്ചില്‍ പ്രത്യേകിച്ചു അവസാനത്തോട് അടുക്കുമ്പോള്‍ , പിന്നെ ഗാനചിത്രീകരണത്തില്‍ പരസ്യ ചിത്രങ്ങളുടെ സ്വാധീനം എന്നിവയൊക്കെ ഉദാഹരണം ആക്കാവുന്നതാണ് .പക്ഷെ ഇത്ര പഴകിയ വിഷയം ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിച്ച സംവിധായകന്‍റെ/ തിരകഥാക്രിത്തിന്റെ കയ്യടക്കം തികച്ചും അഭിനന്ദിനീയം തന്നെ. സിദ്ദാര്‍ത്ഥ് എന്ന നടന്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം (സന്തോഷ്‌ സുബ്രമണ്യം എന്ന ചിത്ര ത്തിന്‍റെ ഒറിജിനല്‍ തെലുങ്ക് ചിത്രത്തിലും എനിക്ക് ഇയാള്‍ നന്നായി എന്നു തോന്നിയിരുന്നു ) കാഴ്ച വെച്ചിരിക്കുന്നു . നിത്യ മേനോന്‍, പ്രിയ ആനന്ദ്‌ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.ഈ മൂന്ന് കഥാ പത്രങ്ങളെ ചുറ്റിയാണ്‌ കഥാ മുന്നോട്ടു പോകുന്നത് എങ്കിലും ചെറിയ റോളുകള്‍ ചെയുന്ന നടീ നടന്മാരും അവരവരുടെ റോളുകള്‍ ഭംഗിയായി അവതരിപ്പിച്ചു .മുഴച്ചു നില്‍ക്കുന്ന ഒരു കഥാപാത്രം പോലും ഇല്ല എന്നത് ഈ ചിത്രത്തിന്റെ മികവുകളില്‍ ഒന്നായി എണ്ണാം.ക്യാമറ തികച്ചും മനോഹരം .സംഗീതം ചിത്രത്തോട് ചേര്‍ന്ന് പോകുന്നവയയാണ്‌

അപ്പോള്‍ ചുരുക്കത്തില്‍ ...

മലയാളത്തില്‍ പണ്ട് അക്കാലത്തെ ആസ്ഥാന ബുദ്ധിജീവി സംവിധായകന്‍ ആയിരുന്ന ശ്രീ ജയരാജ്‌ ചിത്രശലഭം എന്നൊരു പടം എടുത്തിരുന്നു .കുറച്ചു നല്ല ഗാനങ്ങള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഒരു ഗുണവും ഇല്ലാത്ത , ആനന്ദ്‌ എന്ന പടം അത് പോലെ കോപ്പി അടിച്ച അദേഹത്തെ പോലെ ഉള്ളവര്‍ ഈ ചിത്രം ഒന്ന് കണ്ടിരുന്നെങ്കില്‍ എന്നു അറിയാതെ ആശിച്ചു പോകുന്നു അത്ര മാത്രം

2 comments:

  1. Chithrashalabham was not from Jayaraj. Some Madhu had directed it.

    ReplyDelete
  2. മലയാളത്തില്‍ ഈ വിഷയത്തെ ഊന്നി നിരവധി ചിത്രങ്ങള്‍ വന്നിട്ടൂണ്ട്.

    ചിത്രശലഭം കെ. ബി മധു ഡയറക്റ്റ് ചെയ്ത പടമാണ്. തിരക്കഥ ടി. എ റസാക്ക് ആണെന്നു തോന്നുന്നു. പക്ഷെ നിര്‍മ്മാണം ഈ പറഞ്ഞ ജയരാജ് ആണ്.

    ReplyDelete