Saturday, February 19, 2011

യുദ്ധം സെയ് (Yudham Sei )

"അണ്ണാ"

"ങാ നീ എത്തിയോ...ഇന്നലെ ഓഫീസില്‍ കലിപ്പുകള്‍ വല്ലതും നടന്നോടെ ?"

"ഇല്ലണ്ണാ...എഡിറ്റര്‍ മൂപ്പീന്ന് ഇന്നലെ നല്ല സ്വരൂപത്തില്‍ ആയിരുന്നു"

"ഡേ ...അനിയാ നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരിക്കുകയായിരുന്നു ഞാന്‍ രാവിലെ തന്നെ "

"എന്തിനാ അണ്ണാ?"

"നമ്മുടെ ഒരു സുപ്പര്‍ താരത്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നിരോധിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഒരു നെടുങ്കന്‍ ലേഖനം എഴുതി അവര്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞു. നിന്‍റെ കുറച്ചു ചലച്ചിത്ര വിജ്ഞാനം എനിക്ക് വേണം "

"ഇതു താരത്തിന്റെ ഫാന്‍സ്‌ അണ്ണാ?"

'അത് രഹസ്യമാണ് "

"ഓ ...ഗതികെട്ട് പതാളത്തിലായി വിനൂമോഹനെ പോലെ ഒരു ഗതിയും ഇല്ലാത്തവരെ വരെ കളിയാക്കി സ്വന്തം മേല്‍ക്കോയ്മ തെളിയിക്കേണ്ടി വരുന്ന അമ്മാവന്മാരില്‍ ആരുടെ ശിങ്കിടികള്‍ ആണെങ്കില്‍ എന്താ അല്ലേ? എല്ലാം കണക്കാ. അല്ല അണ്ണാ , നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ? ഈ ഫാന്‍സ്‌ ക്ണാപ്പന്‍മാര്‍ക്ക് ലേഖനം എഴുതിക്കൊടുക്കാന്‍ ? അതും അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നിരോധിക്കേണ്ട ആവശ്യകതയെ കുറിച്ച് ?"

"ഡേ...കാവലന്‍ കണ്ട നൂറില്‍ ഒരാള്‍ പോലും ഖാണ്ടാഹാര്‍ കണ്ടില്ല . ചിരുതക്കുള്ള ഇടി ബെസ്റ്റ് അക്റ്ററിനും കണ്ടില്ല ...അപ്പോള്‍ മലയാള സിനിമയെ രക്ഷിക്കാന്‍ അന്യഭാഷാ ചിത്രങ്ങളുടെ കൊങ്ങക്ക്‌ പിടിക്കണ്ടേ ?"

"അണ്ണാ നിങ്ങള്‍ യുദ്ധം സെയ് എന്ന പടം കണ്ടോ?"

"ഇവിടെ ഇറങ്ങിയിട്ട് വേണ്ടെടെ കാണാന്‍?"

"നിരോധനം ഒന്നും ഇല്ലാതെ തന്നെ നല്ല തമിഴ് പടങ്ങള്‍ നാട്ടില്‍ സമയത്ത് ഇറങ്ങാത്തതിന്റെ വിഷമത്തിലാണ് ഞാന്‍ ."

"പിന്നെ യുദ്ദം സെയ് നല്ല പടം . ഒന്ന് പോടെ ...ആ ചേരനല്ലേ നായകന്‍ ? അവനെയൊക്കെ എങ്ങനെയാടെ തിയറ്ററില്‍ പോയിരുന്നു സഹിക്കുന്നത് ?"

"സത്യമായിട്ടും കോയമ്പത്തൂരില്‍ എന്‍റെ കൂട്ടുകാര്‍ ഈ പടത്തിനു വിളിച്ചോണ്ട് പോയപ്പോള്‍ ഇതേ ചോദ്യം ഞാനും ചോദിച്ചതാണ് അണ്ണാ. പക്ഷേ പടം കണ്ടപ്പോള്‍ 'തള്ളേ, കിടിലം' എന്ന് പറഞ്ഞു പോയി "

"ഒള്ളതാ ?"

"ഓ തന്നെ... നല്ല പടം അണ്ണാ "

"സംവിധായകന്‍ ആ മിസ്ക്കിന്‍ അല്ലേ ? ."

"തന്നെ അണ്ണാ . പടം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറും "

"അഞ്ചാതെ പോലെ അല്ലേ ?"

"അല്ല അണ്ണാ ...ഇത് സംഭവം വേറെയാണ് ."

"നീ കഥയൊന്നു ചുരുക്കി പറയഡേ "

'അണ്ണാ നഗരത്തില്‍ തിരക്കുള്ള ...പ്രത്യേകിച്ചും പ്രമുഖരുടെ ശ്രദ്ധ പതിയുന്ന ഭാഗങ്ങളില്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടികളില്‍ ഇലക്ട്രിക് സ്വാ ഉപയോഗിച്ച് മുറിച്ചെടുക്കപ്പെട്ട നിലയില്‍ മനുഷ്യരുടെ ശരീരഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു . വന്‍ കോളിളക്കം ഉണ്ടാക്കുന്ന ഈ സംഭവങ്ങളുടെ അന്വേഷണം സി ബി -സി ഐ ഡി ഓഫീസര്‍ ജെ കേയില്‍ (ചേരന്‍) നിക്ഷിപ്തമാകുന്നു.ട്രെയിനികളായി ക്രൈം ബ്രാഞ്ചില്‍ ചേര്‍ന്ന രണ്ടു പേരോടും, സന്തത സഹചാരിയായ കോണ്‍സ്റ്റബിള്‍ കിട്ടപ്പയോടും ഒപ്പം ജെ കേ കേസ് അന്വേഷണം ആരംഭിക്കുന്നു . മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ സ്വന്തം സഹോദരിക്ക് വേണ്ടിയുള്ള അന്വേഷണം ജെ കേ ഈ കേസിന് സമാന്തരമായി നടത്തുന്നുണ്ട്. സഹോദരിയുടെ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഒരു സാധാരണക്കാരനായ ഏട്ടനായും, തന്നില്‍ നിയമത്താല്‍ നിക്ഷിപ്തമായ അന്വേഷണം നടത്തുമ്പോള്‍ ഒരു സി ബി -സി ഐ ഡി ഉദ്യോഗസ്ഥനായിയും ചേരനെ സ്ക്രീനില്‍ കാണുമ്പോള്‍ ..."

"മിസ്ക്കിന് ചായ മേടിച്ചു കൊടുക്കാന്‍ തോന്നും ,അല്ലേ?"

"തന്നെ അണ്ണാ "

"ഉം...ബാക്കി പറ "

"കഥ ഈ അന്വേഷണങ്ങളും , അതിന്റെ ഭാഗമായുള്ള കണ്ടെത്തലുകളും , ട്വിസ്റ്റുകളും ഒക്കെയാണ് "

"സി ബി ഐ ഡയറിക്കുറിപ്പ്‌ സീരീസിലെ പോലെ ഞെട്ടിപ്പിക്കുന്ന സസ്പെന്‍സുകള്‍ ഉണ്ടോ പടത്തില്‍"

"ഇല്ലണ്ണാ ഒബാമ മുതല്‍ ബിന്‍ ലാദിന്‍വരയുള്ളവരെ വേണമെങ്കില്‍ സംശിയിച്ചോ എന്ന് പറഞ്ഞിട്ട് അവസാനം ചുമ്മാ വഴിയെ പോയോരുത്തനെ പിടിച്ചു നീയല്ലേടാ കൊലപാതകി എന്ന് ചോദിക്കുന്ന പരിപാടി ഈ പടത്തില്‍ ഇല്ല . ഈ പടത്തില്‍, ശരിക്കും ഒരു ക്രൈം ഇനവെസ്സ്റ്റിഗേഷനില്‍ മൂളയുള്ള ഒരു ഉദ്യോഗസ്ഥന്റെ കൂടെ നമ്മളും കേസ് അന്വേഷണത്തില്‍ ഉത്പ്പെട്ടത്‌ പോലെ തോന്നും ചിലപ്പോഴൊക്കെ"

"ഓ ഹോ ,മമ്മൂട്ടിയെക്കാള്‍ മിടുക്കനാണോ ചേരന്‍?"

"സി ബി ഐ ഡയറിക്കുറിപ്പ്‌ സീരിസ്സുമായി നിങ്ങള്‍ക്ക് ഇതിനെ താരതമ്യം ചെയ്യണം എന്ന് നിര്‍ബന്ധമാണെങ്കില്‍, അതെ ചേരന്‍ തന്നെയാണ് മിടുക്കന്‍. അണ്ണാ ഒള്ള കാര്യം പറയാമല്ലോ ...ചേരനെ സഹിക്കണമല്ലോ എന്ന് കരുതി പദത്തിന് കയറിയ ഞാന്‍ ക്ലൈമാക്സ് സീനില്‍ അങ്ങേരുടെ അഭിനയം കണ്ട് സത്യത്തില്‍ ആളുടെ ആരാധകനായിപ്പോയി . സഹോദരി ജീവിച്ചിരിക്കുന്നു എന്ന് അറിയുന്ന നിമിഷം തൊട്ട് പുള്ളി കേറിയങ്ങ് തകര്‍ത്തു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ "

"എന്നാലും നമ്മുടെ ബെസ്റ്റ് ആക്ടര്‍ലെ പോലെ ഒരു ഇരട്ട ക്ലൈമാക്സ്‌ ഒന്നും ഇല്ലെങ്കില്‍ എന്തിനു കൊള്ളാം.... ശരി അതിരിക്കട്ടെ ബാക്കിയുള്ള അഭിനേതാക്കള്‍ ഒക്കെ എങ്ങനെയുണ്ടെന്ന് കേള്‍ക്കട്ടെ ?"

"തിരക്കഥയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട് എല്ലാവരും .പക്ഷെ പടം കൊണ്ട് പോകുന്നത് ചേരനാണ്. ചെയ്ത മറ്റു പദങ്ങളില്‍ എല്ലാം ചെറിയ കഥാപാത്രങ്ങളെപ്പോലും കാണികളുടെ മനസ്സില്‍ നില്‍ക്കുന്ന വിധം അവതരിപ്പിച്ച മിസ്ക്കിന്‍ ഈ പടത്തില്‍ ചേരനില്‍ മാത്രമായി ഫോക്കസ് ഒതുക്കുന്നു എന്നതാണ് എന്റെ ഏക പരാതി.പക്ഷേ പടത്തിന്റെ പൂര്‍ണ്ണതക്കോ,കഥയുടെ ഒഴുക്കിനോ അത് കൊണ്ട് യാതൊരുവിധ കോട്ടവും തട്ടുന്നില്ല കേട്ടോ .എന്ന് തന്നെയല്ല ചേരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് ചില സീനുകള്‍ അടാറു സീനുകളുമായി . ഒരു പാലത്തിനു മേലെ വെച്ച് ഒരു ഫയിറ്റ് സീന്‍ ഉണ്ട് . അത് മാത്രം മതി ഉദാഹരണത്തിന് ."

"പാട്ടുകള്‍ ,ക്യാമറാ തുടങ്ങിയ സങ്കേതിക വിഭാഗം പഴശ്ശിരാജ പോലെ പൊലിപ്പിച്ചോ?"

"അത് പോലെ 'പൊളി'പ്പിച്ചില്ല. സത്യയുടെ ക്യാമറവര്‍ക്കും , കേ യുടെ (അതാണ്‌ പേര് ) പശ്ചാത്തല സംഗീതവും ശരിക്കും പടത്തിന് ബലമാണ്‌ അണ്ണാ. മിസ്ക്കിന്റെ എല്ലാ പടത്തിലും ഉള്ളത് പോലെ ഈ പടത്തിലും മഞ്ഞ സാരിക്കാരിയുടെ (ഇതില്‍ നീതു ചന്ദ്ര) ഡാന്‍സ് ഉണ്ട് . ആ പാട്ട് പോലും നന്നായിട്ടുണ്ട് "
"അപ്പോള്‍ പടം കൊള്ളാം അല്ലേഡേ ?"

"നല്ല ഒരു പടം കണ്ടിറങ്ങുമ്പോള്‍ നമുക്ക് ഒരു സന്തോഷം ഒക്കെ തോന്നില്ലേ. അതെന്തായാലും ഈ പടം കണ്ടിറങ്ങിയപ്പോള്‍ എനിക്ക് തോന്നി .ഇനി പറ അന്യ ഭാഷാ ചിത്രങ്ങള്‍ ..."

"ഫ്ഭാ ...പോകാന്‍ പറയടാ അമ്മാവന്മാരോടു അവന്മാരുടെ ഫാന്‍സ്‌ പുല്ലന്മാരോടും "

അപ്പോള്‍ ചുരുക്കത്തില്‍ .....

ദൈവത്തെ എവിടെ കിട്ടും എന്ന് അന്വേഷിച്ചു നടക്കുന്ന പ്രബുദ്ധനായ മലയാള പ്രേക്ഷകനോട് ഇതൊക്കെ എഴുനള്ളിച്ചിട്ടു വല്ല കാര്യവുമുണ്ടോ എന്നും, കേരളത്തില്‍ റീലീസ് ആകാത്ത ഇങ്ങനത്തെ ചിത്രങ്ങളെകുറിച്ച് എഴുതിയിട്ട് എന്ത് കാര്യം എന്നും ആലോചിക്കാതെ ഇല്ല. പക്ഷെ എന്നെങ്കിലും ഈ ചിത്രങ്ങള്‍ ഇവിടെ റീലീസ് ആകുകയോ കുറഞ്ഞ പക്ഷം സി ഡി ഇറങ്ങുകയോ ചെയുമ്പോള്‍ ഈ നാട്ടില്‍ ആര്‍ക്കെങ്കിലും ഈ ചിത്രങ്ങള്‍ കാണാന്‍ ഇതൊക്കെ ഒരു കാരണം ആകുകയാണെങ്കില്‍ സന്തോഷം അത്ര തന്നെ

3 comments:

  1. പെന്ടിംഗ് പടങ്ങളുടെ ലിസ്റ്റ് കൂടി കൂടി വരുന്നു.എങ്ങിനെയാ ഒന്ന് തളക്കുക.?
    ആടുകളം,യുദ്ധം സേ,പയണം...
    ഇന്നലെ ഗൌതം മേനോന്റെ നാട് നിശൈ നായ്ക്കളും റിലീസ് ആയി.
    എപ്പോഴാ ഒന്ന് കണ്ടു തീര്‍ക്കുക എന്നാ കന്ഫുഷനിലാണ്.എവിടെ നിന്ന് തുടങ്ങണം.
    ഇത് കൂടാതെ മാകെ അപ്പ്‌ മാന്‍,സാറ് ഖൂന്‍ മാഫ്,ഇ സാലി സിന്ദഗി എന്നിവയും കിടക്കുന്നു.

    ReplyDelete
  2. ചേരനെ സഹിക്കാന്‍ അത്ര പ്രയാസമൊന്നുമല്ല, മായക്കണ്ണാടി മാത്രമല്ലേ പൊളിഞ്ഞുള്ളു

    തവമായ് തവമിരുന്ത് കണ്ട് ഞാന്‍ അങ്ങേരുടെ ഫാനായതാ, മായക്കണ്ണാടി കണ്ടുമില്ല

    എന്തായാലും കോയമ്പത്തൂരിലായതോണ്ട് യുദ്ധം സേയ് കാണും....

    ReplyDelete