Thursday, February 17, 2011

പയണം (Payanam)

"അണ്ണാ "

"ഡേ, നീ കോയമ്പത്തൂര്‍ പോയിട്ട് നീ എപ്പോ വന്നു?"

'ഇന്നലെ രാത്രി"

" ഫ്രണ്ടിന്റെ കല്യാണത്തിന് തല കാണിക്കാന്‍ എന്ന് പറഞ്ഞു പോയ നീ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞാണല്ലോടെ പൊങ്ങുന്നത്? നീ ജോലിയൊക്കെ രാജി വെച്ചാ?"

"ഇല്ല അണ്ണാ. കുറച്ചു ലീവ് ബാക്കി ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ പഴയ രണ്ടു മൂന്ന് ദോസ്തുക്കളെ കണ്ടു . പിന്നെ രണ്ടു ദിവസം അവന്മാരുടെ കൂടെ അവിടെ കൂടി "

"അപ്പൊ, വെള്ളമടി ഉഷാറായിക്കാണുമല്ലോ?"

"പിന്നെ കോയമ്പത്തൂര്‍ പോയി വെള്ളമടിക്കാന്‍ ഇവിടെ ബാറും,ബിവറേജസ്സും പൂട്ടിക്കിടക്കുകയല്ലേ? രണ്ടു തമിഴ് പടങ്ങള്‍ കണ്ടു. കുറെ കറങ്ങി "

"ഓ ...നീ അല്ലെങ്കിലും തമിഴ് പടങ്ങളുടെ ആരാധകന്‍ ആണല്ലോ .ഏതെഡേ കണ്ടത് , വല്ലഭനുക്ക് വല്ലഭനും , കട്ടബൊമ്മനും തന്നെ?"

"ഒവ്വ...ആ രണ്ടു പടങ്ങളും ഇപ്പൊ ഇറങ്ങുന്ന പല മലയാളം പടങ്ങളെക്കാള്‍ ഭേദമാണ് അണ്ണാ. പക്ഷേ ഞാന്‍ കണ്ടത് പയണം ,യുദ്ധം സെയ് ഈ രണ്ടു പടങ്ങളുമാണ്"

"പയണം ഏതാണ്ട് പ്ലൈന്‍ ഹൈജാക്കിംഗ് കഥ അല്ലേഡേ ? ഞാന്‍ നെറ്റില്‍ പ്രിവ്യൂ വായിച്ചിരുന്നു.ഖാണ്ടഹാറിന്റെ കോപ്പിയടി തന്നെ സാധനം?"

"നാഗാര്‍ജുന അഭിനയിച്ച പടത്തിനെ കുറിച്ച് പറയുമ്പോള്‍ അതുമായി താരതമ്യം ചെയ്തു നിക്കര്‍ , കൂളിങ്ങ്ഗ്ലാസ് താരങ്ങളെ കളിയാക്കിയാല്‍ അവരുടെ ഫാന്‍സ്‌ ചിലപ്പോള്‍ നാഗര്‍ജ്ജുനയുടെ കഞ്ഞികുടി മുട്ടിക്കും എന്നത് കൊണ്ട് മാത്രം ഞാന്‍ കാറി തുപ്പുന്നില്ല . അണ്ണാ ഖാണ്ടഹാര്‍ മുട്ടന്‍ കോമഡി പടമല്ലായിരുന്നോ. ക്ലൈമാക്സ് സീനില്‍ ഒക്കെ ജനം ഇങ്ങനെ കമഴ്ന്നു കിടന്ന് ചിരിച്ച വേരെയൊരു സിനിമ ഞാന്‍ അടുത്തകാലത്ത് കണ്ടിട്ടില്ല."

"ഡേ ...ഡേ മേജര്‍ രവി സാറിനെ നീ അങ്ങനെ വാരത്തെ...ഒരബദ്ധം ഒക്കെ ആര്‍ക്കും പറ്റും "

"അങ്ങേരുടെ നാല് പടങ്ങള്‍ തിയറ്ററില്‍ പോയി കണ്ടു നിരപ്പിന് അബദ്ധം പറ്റിയ എന്നോട് തന്നെ നിങ്ങള്‍ ഇത് പറയണം. പക്ഷെ ഒന്നുണ്ട് കേട്ടോ അണ്ണാ...മൊഴി , അഭിയും നാനും എന്നാ ഫാമിലീ ഡ്രാമകള്‍ ചെയ്തു പരിചയമുള്ള രാധാമോഹന്‍ എന്ന സംവിധായകന്‍ എടുത്ത ഈ ഹൈജാക്ക് /കമാന്‍ഡോ ഓപ്പറേഷന്‍ പടം മേജര്‍ രവി സാറിനെ ഒരു പത്തു വട്ടം കാണിക്കണം . "

"അത്രയ്ക്ക് കിടിലം പടമാണോഡേ?"

"അണ്ണാ , എനിക്ക് പടം ഇഷ്ടപ്പെട്ടു"

"കിടിലം ആക്ഷന്‍ സീനുകള്‍ ഒക്കെ ഉണ്ടോടെ ?"

"വൃത്തിയായിട്ട് എടുത്തു വെച്ചിരിക്കുന്ന ആക്ഷന്‍ സീനുകള്‍ ഉണ്ട് . പിന്നെ രാധമോഹന്റെ സ്ഥിരം ശൈലിയായ ഡ്രൈ ഹ്യൂമര്‍ ഈ ആക്ഷന്‍ മൂടുള്ള ഫിലിമില്‍ കിടിലമായിട്ട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട് . പടത്തില്‍ തന്നെ പ്രിത്വി (രാജു മോന്‍ അല്ല) എന്ന നടന്‍ അവതരിപ്പിക്കുന്ന ഒരു സുപ്പര്‍ താരമുണ്ട്.സിനിമയില്‍ ഹെലികോപ്ടര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി പിടിച്ചു നിറുത്തുകയും,ബുള്ളറ്റ് പല്ലുകൊണ്ട് തടയുകയും ഒക്കെ ചെയ്യുന്ന ഒരാള്‍ ...പ്ലെയ്നില്‍ യഥാര്‍ത്ഥ തീവ്രവാദികളുടെ മുന്നില്‍ ഭയന്ന് വിറച്ചിരിക്കുന്ന ആ സൂപ്പര്‍താരം,അയാളുടെ കടുത്ത ഒരു ആരാധകന്‍, അങ്ങനെ പ്ലെയ്നിലെ ഓരോ യാത്രക്കാരുടെയും മാനസികാവസ്ഥ, തീവ്രവാദികളോടുള്ള അവരുടെ പ്രതികരണം (തിരിച്ചും) ഒക്കെ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് സിനിമയില്‍ ."

"അതൊക്കെ നിക്കട്ടെ ...നാഗാര്‍ജ്ജുന എങ്ങനെ ? നീ അത് പറ ?"

"അണ്ണാ , അന്പത്തിയോന്നു വയസ്സുള്ള ആ മനുഷ്യനെ കണ്ടു നമ്മുടെ കേരളത്തിലെ പല അമ്മാവന്മാരും പഠിക്കണം എന്ന് ഞാന്‍ പറഞ്ഞാല്‍ അത് അഹങ്കാരമാകുമോ? "

"അത്രയ്ക്ക് കിടിലം അഭിനയമാണോഡേ?"

"ശരീരഭാഷ,സംസാരം ഇതിലൊക്കെ ഒരു പതം വന്ന എന്‍ എസ ജി കമാന്‍ഡോയെ അവതരിപ്പിക്കുക എന്നത് നന്നായി ചെയ്തതിനെ കിടിലം അഭിനയം എന്ന് പറയാമെങ്കില്‍ ...തന്നെയണ്ണാ കിടിലം അഭിനയം തന്നെ"

"ഖാണ്ടഹാറില്‍ അവസാന രംഗങ്ങളില്‍ മോഹന്‍ലാല്‍ അമിതാബ് ബച്ചനോട് വന്നു കാണുന്ന രംഗത്തിലെ പോലെ പോലെ ജന ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടോഡേ നാഗന്റെ കയ്യില്‍ ?"

"ഇല്ല അണ്ണാ ...അറഞ്ഞുള്ള കൂവല്‍ ഒന്നും തിയറ്ററില്‍ കേട്ടില്ല . അപ്പോള്‍ എന്തായാലും നാഗാര്‍ജ്ജുന അണ്ണന്‍ പറഞ്ഞ അത്ര ജന ഹൃദയങ്ങളെ കയറി സ്പര്‍ശിച്ചു കാണില്ല "

"ഉം...ഉം...നീ പടത്തിന്റെ കഥ പറ ...കഥ പറ "

"ഹൈജാക്ക് ചെയ്യപ്പെടുന്ന ചെന്നൈ - ന്യൂ ഡല്‍ഹി വിമാനം . അഞ്ചു തീവ്രവാദികള്‍ . കേന്ദ്ര മന്ത്രി, സിനിമാ നടന്‍ തുടങ്ങിയ പ്രമുഖര്‍ മുതല്‍ ഇന്റര്‍വ്യൂവിന് ഡല്‍ഹിക്ക് പോകുന്ന സാധാരണക്കാരന്‍ (ഒരു അപ്പര്‍ മിഡില്‍ ക്ലാസ് ...വിമാനത്തില്‍ ഡല്‍ഹിക്ക് പോകാം ) വരെയുള്ള യാത്രക്കാര്‍. റാവല്‍പിണ്ടിക്ക് വിമാനം കടത്താനുള്ള തീവ്രവാദികളുടെ ശ്രമം എഞ്ചിന്‍ തകരാറ് മൂലം പാളുന്നു. തിരുപ്പതിയില്‍ ഇറങ്ങുന്ന വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാന്‍ തീവ്രവാദികളുമായി ചര്‍ച്ച നടത്താന്‍ എത്തുന്ന ഉന്നത തല സംഘത്തിലെ ഹോം സെക്രെട്ടറിയായി പ്രകാശ് രാജ്, കമാന്‍ഡോ ഒപരെഷന് തയാറായ എന്‍ എസ ജി സംഘത്തിന്റെ തലവനായി നാഗാര്‍ജ്ജുന . വിമാനം മോചിപ്പിചെടുക്കാനുള്ള ശ്രമങ്ങള്‍, യാത്രക്കാരുടെ അവസ്ഥ (തീവ്രവാദികളുടെയും) , ഇടയ്ക്കു ചില്ലറ ട്വിസ്റ്റുകള്‍ ...ഇത് തന്നെ കഥ. രണ്ടു മണികൂര്‍ പോകുന്നത് അറിയില്ല അണ്ണാ."

"കലക്കന്‍ ദേശഭക്തി ഗാനങ്ങള്‍ ഉണ്ടോഡേ ?"

"അണ്ണാ രാധാമോഹന്‍ എന്നൊരു പാവമാണ് പടത്തിന്റെ സംവിധായകന്‍ . രവിസാര്‍ അല്ല. പെരുമ്പാവൂര്‍ സാര്‍ ഓള്‍ നിര്‍മ്മാതാവ് പ്രകാശ് രാജാണ് . നായകന്‍ നഗാര്‍ജ്ജുനയും (കമ്പാരിസണ് ഇവിടുത്തെ നായകന്റെ പേര് ഞാന്‍ പറയില്ല. പാവം നാഗാര്‍ജ്ജുന , ജീവിച്ചു പൊയ്ക്കോട്ടെ). അതുകൊണ്ട് ദോശ ഭക്തി ഗാനങ്ങള്‍ ഇല്ല . കൊള്ളാവുന്ന ഒരു ടൈറ്റില്‍ സോങ്ങും, ഉഗ്രന്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും ഉണ്ട് "

"അപ്പൊ ചുരുക്കത്തില്‍ ..."

"പടം എനിക്ക് ഇഷ്ടപ്പെട്ടു അണ്ണാ.നല്ല ഒഴുക്കുള്ള കഥയും,സംവിധാന രീതിയും, നായകന്‍ തൊട്ടു എക്സ്ട്രകള്‍ വരെ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയ അഭിനയം,നല്ല ക്യാമറ ...മൊത്തത്തില്‍ നല്ല സിനിമ എന്ന് എനിക്ക് തോന്നി തിയറ്ററില്‍ എന്റെ കൂടെ ഇരുന്ന് പടം കണ്ടവര്‍ക്കും പടം ഇഷ്ടപ്പെട്ടു എന്നാണ് അവരുടെ പ്രതികരണം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. പിന്നെ തമിഴന്മാരുടെ അസ്വാധന നിലവാരം മലയാളികളുടെ (ഇന്നത്തെ ) പ്രേക്ഷകരുടെ ആ ഒരു ലെവലില്‍ അല്ലാത്തത് കൊണ്ട് ഇവിടെ ഉള്ള സാറന്മാര്‍ക്ക്‌ പടം കാണുമ്പോള്‍ ഇഷ്ടപ്പെടുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല.പക്ഷെ എനിക്ക് ഏതായാലും ഖാണ്ടഹാര്‍ കണ്ട ക്ഷീണം മാറി"

"ഇനി യുദ്ധം സെയ്യുടെ വിശേഷങ്ങള്‍ പറയഡേ"

"ഞാന്‍ പോയി ഒന്ന് ഓഫീസില്‍ തല കാണിച്ചിട്ട് വരാം അണ്ണാ.ലീവ് നമ്മുടെ സ്വന്തമാനെങ്കില് അയാളുടെ കുടുംബത്ത് നിന്നും എടുത്തോട് വന്നു തരുന്ന ഭാവമാണ് നമ്മുടെ എഡിറ്റര്‍ക്ക് .ലീവ് തീര്‍ന്ന ദിവസം അഞ്ചു മിനിട്ട് ലേറ്റായാല്‍ അങ്ങേരുടെ മുഖത്തു സുഗ്രീവന്‍ കയറും . ബാകി വിശേഷങ്ങള്‍ നാളെ പറയാം"

5 comments:

  1. SADIQUE M KOYA
    How much did they pay you this time to write this "decent" review??? i think Yudham sei showed much more class, but you were amazingly biased in your review.......
    A great movie which will suit all audience. (but for rural audience this will not suit that much). Every emotions in life got captured wonderfully and truly enjoyable. Congrats to Prakash Raj & Radhamohan.

    ReplyDelete
  2. നല്ല റിവ്യൂ ....നാഗാര്‍ജുന ഞങ്ങളുടെ ദൈവം ആണ് ............!!!

    ReplyDelete
  3. സാദിഖ്‌ എന്ന അനോന്നി , വെള്ളമാണോ ? സത്യമായും ഒന്നും മനസിലായില്ല

    ReplyDelete
  4. കമന്റ് ഇടുന്ന എല്ലാ അനോണി മാരെയും നാണം കെടുത്തുന്ന ഒരേര്‍പ്പാട് അല്ലെ താങ്കള്‍ ചെയ്തത് (മുകളില്‍ കമന്റ് ഇട്ട അനോണി യോട് ) ഇത്തരം അശ്രദ്ധമായി കമന്റ് ഇടരുത് ..കമന്ടടി ഒരു കല ആണ് ..അതില്‍ വെള്ളം ചേര്‍ക്കരുത്

    ReplyDelete
  5. Good Movie......
    Good Direction..
    Good Acting...
    Only thing i found little unusual is terrorists are some what kind to passengers..Not creating much terror to passengers..
    Else everything is simply great..
    hats off to radha mohan for his direction and casting.

    ReplyDelete