Sunday, September 12, 2010

ദബങ്ങ് (Dabangg)

പുതുമുഖമായ അഭിനവ് കാശ്യപിന്റെ സംവിധാനത്തില്‍ , സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച ദബങ്ങ് കാണാന്‍ പോകുമ്പോള്‍ മറ്റൊരു വാന്‍ടെഡ് പ്രതീക്ഷിച്ചാണ് തിയറ്ററിനുള്ളിലേക്ക് കാലെടുത്ത് വെച്ചത് . നല്ല ജനം. നോര്‍ത്തികള്‍ അല്ലേല്‍ ഹിന്ദിവാലകള്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഐ ടി തൊഴിലാളി വര്‍ഗ്ഗം ആകും മൊത്തം എന്ന് കരുതി.എവിടെ? പകുതിയില്‍ കൂടുതല്‍ നല്ല മുട്ടന്‍ മല്ലുസ്. ചുമ്മാതാണോ അന്യ ഭാഷ ചിത്രങ്ങള്‍ നിരോധിക്കണം എന്ന് സുപ്പര്‍ താരങ്ങള്‍ നിലവിളിക്കുന്നത്. കൊടുക്കുന്ന പൈസക്ക് മുതലാവുന്ന രീതിയില്‍ തട്ട് പൊളിപ്പന്‍ പടമാണേല്‍ അങ്ങനെ, അത് മര്യാദക്ക് കിട്ടണം എന്ന് വാശി പിടിക്കാന്‍ മലയാളി പ്രേക്ഷകന് എന്ത് അവകാശം? അടിക്കണ്ടേ അവനെയൊക്കെ?

അത് പോട്ടെ...പറഞ്ഞു വന്നത് ദബങ്ങ്. സത്യം പറഞ്ഞാല്‍ മലയാളം സുപ്പര്‍ ഫാനുകള്‍ പിണങ്ങരുത്.പ്ലീസ്.നല്ല ഒന്നാന്തരം തട്ട് പൊളിപ്പന്‍ മസാല .ആദ്യാവസാനം സല്‍മാന്‍ ഖാന്റെ പടം. കാര്യം ഇടയ്ക്കിടെ വെള്ളമടിച്ചു വല്ല പെമ്പിള്ളാരുടെ വീടിന്റെ പൈപ്പിലും വലിഞ്ഞു കയറുന്ന ബാഡ് ബോയ്‌ ഇമേജ് (വണ്ടി കയറ്റി ആളെ കൊല്ലല്‍. മാന്‍ വേട്ട തുടങ്ങിയ കേസുകള്‍ വേറെ ) ഉള്ള മനുഷ്യനാണേലും , ചില വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഒടുക്കത്തെ സ്ക്രീന്‍ പ്രസെന്‍സാണ് കക്ഷിക്ക് . ഈ ചിത്രത്തിലെ ചുല്‍ബുള്‍ പാണ്ടേ അഥവാ റോബിന്‍ഹൂഡ് പാണ്ടേ എന്ന കഥാപാത്രവും അത്തരത്തില്‍ ഒന്നാണ്.അഴിമതിക്കാരനായ പോലീസുകാരന്‍ , രണ്ടാനച്ഛന്‍ , രണ്ടാനച്ഛനില്‍ ജനിക്കുന്ന സഹോദരന്‍ , രണ്ടാനച്ഛനോടും പാതി സഹോദരനോടും അയാളുടെ പ്രശ്നങ്ങള്‍ , ആ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ ശത്രുവായ രാഷ്ട്രീയക്കാരന്‍ ; ഒടുക്കം സഹോദരങ്ങള്‍ ഒന്നിച്ചു വില്ലനെ തല്ലിക്കൊല്ലുന്നു. ഇത് തന്നെ കഥ.

പക്ഷെ പടം ഒരു മിനിട്ട് പോലും ബോറടിച്ചില്ല എന്ന് മാത്രമല്ല നന്നായി രസിക്കുകയും ചെയ്തു. അതിനു പ്രധാന കാരണം സല്‍മാന്‍ ഖാന്‍ തന്നെ. യു പിയിലെ നിയമമില്ലാത്ത ഗ്രാമത്തിലെ സ്വന്തം നിയമം നടപ്പാക്കുന്ന, ഇഷ്ടം തോന്നിപ്പിക്കുന്ന തെമ്മാടിയായി സല്‍മാന്‍ സ്ക്രീനില്‍ നിറയുമ്പോള്‍ , കഥ ,തിരക്കഥ ഇതൊക്കെ ഒരു മസാല ചിത്രത്തിന് ഉണ്ടേലും ഇല്ലേലും കുഴപ്പമില്ല എന്ന് മുന്‍നിര ആസ്വാദകര്‍ക്ക് തോന്നിയാല്‍ അതില്‍ യാതൊരു കുറ്റവുമില്ല .

ചിത്രത്തില്‍ സല്‍മാന്റെ നായികയായി എത്തുന്നത് ശത്രുഗന്‍ സിന്‍ഹയുടെ മകളായ സൊണാക്ഷി സിന്‍ഹയാണ്.ഒരു ആക്ഷന്‍ മസാല പടത്തിലെ നായികയാവുക എന്ന കര്‍മ്മം പുതുമുഖത്തിന്റെ അരിഷ്ടതകള്‍ യാതൊന്നും അനുഭവപ്പെടാത്ത വിധം സൊണാക്ഷി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.

സല്‍മാന്റെ അമ്മയായി ഡിമ്പിള്‍ കപാഡിയ , രണ്ടാനച്ഛനായി വിനോദ് ഖന്ന (മര്യാദക്ക് ഹിന്ദി സിനിമാക്കാര്‍ പ്രയോജനപ്പെടുത്തിയാല്‍ ,ഇന്ന് അമിതാബ് ബച്ചന്‍ ചെയ്യുന്ന ഏതു കഥാപാത്രവും പുഷ്പം പോലെ ചെയ്യാവുന്ന ഒരു നടനാണ്‌ കക്ഷി ), സഹോദരനായി അര്‍ബാസ് ഖാന്‍ തുടങ്ങിയവരൊക്കെ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട് . നായികയുടെ അച്ഛനായി സംവിധായകന്‍ മഹേഷ്‌ മഞ്ച്രേക്കര്‍ , വില്ലനെ ഒതുക്കാന്‍ ശ്രമിക്കുന്ന സ്വന്തം പാര്‍ട്ടിയിലെ നേതാവായി അനുപം ഖേര്‍ എന്നിവരും സ്ക്രീനില്‍ മിന്നിമറയുന്നുണ്ട്‌.

സംവിധായകന്‍ അഭിനവ് കശ്യപ് സല്‍മാന്‍ ഖാനെ മനസ്സില്‍ക്കണ്ട് ഒരു ശരിയായ മസാലപ്പടം ഒരുക്കുന്നതില്‍ യാതൊരു പാളിച്ചയും വരുത്തിയിട്ടില്ല എന്ന് മാത്രമല്ല മുന്‍ നിരക്കാരെ (ബാല്‍ക്കണിയിലെ മസില്‍ പിടുത്തം ഇപ്പൊ കുറഞ്ഞു വരുന്ന കാലമായത് കൊണ്ട് അവരെയും) സന്തുഷ്ടരക്കാനുള്ള ചേരുവകള്‍ ചിത്രത്തില്‍ കൃത്യമായി ചേര്‍ക്കാന്‍ മടിച്ചിട്ടുമില്ല.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ (വിജയന്‍ മാസ്റ്റര്‍) ചിലപ്പോഴൊക്കെ കയറും ,ഗ്രഫിക്ക്സും ഉണ്ടേലും നന്നായിട്ടുണ്ട്. പാട്ടുകളില്‍ ( സാജിദ് , വാജിദ് ,ലളിത് പണ്‍ഡിറ്റ് ) മുന്നി ബദ്നാം ഐറ്റം ഡാന്‍സ് നമ്പരുകളില്‍ പുതിയ ഹരമാകുമ്പോള്‍, ഉട് ദബങ്ങ് ചിത്രത്തിന്‍റെ ,പ്രത്യേകിച്ചു നായകന്റെ സ്വഭാവത്തോട് ഇഴുകിച്ചേരുന്ന ഒന്നാകുന്നു. പശ്ചാത്തല സംഗീതം (സന്ദീപ്‌ ഷിരോധ്ക്കര്‍ ) ചിത്രത്തിന്‍റെ വേഗത്തിന് ഒത്തു ഒഴുകുന്നുണ്ട്. ഫറാ ഖാനും , രാജു ഖാനും നൃത്ത സംവിധാനത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ പേരുകളായി വരുന്നുണ്ട്. പക്ഷെ ചിത്രത്തിലെ നൃത്ത രംഗങ്ങളില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സല്‍മാന്റെ സ്വന്തം നമ്പരുകളാണ് കൂടുതല്‍. യു പിയുടെ ഉള്‍പ്രദേശങ്ങള്‍ (അവയുടെ സൗന്ദര്യവും, കാഠിന്യവും )നന്നായി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ ക്യാമറകൈകാര്യം ചെയ്ത മഹേഷ്‌ ലിമയെക്ക്സാധിക്കുന്നുണ്ട്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ,തിരക്കഥയുടെ ഭദ്രത , പാത്ര സൃഷ്ടി , ഇതൊന്നും അന്താരാഷ്ട്ര നിലവാരത്തില്‍ വന്നിട്ടില്ല എങ്കിലും കൊടുക്കുന്ന കാശ് മുതലാവുന്ന ഒരു മസാല എന്റര്‍ടൈനര്‍ , അതാണ്‌ ദബങ്ങ്. ഹിന്ദിയോട് അലര്‍ജി ഇല്ലാത്തവര്‍ക്ക് പോയി കാണാം. കൂട്ടത്തില്‍ , ആദ്യാവസാനം, വെറും സ്റ്റാര്‍ പവര്‍ കൊണ്ട് ഒരു മസാല പടം എങ്ങനെ ബോറടിപ്പിക്കാതെ കൊണ്ട് പോകാം എന്നത് മനസിലാക്കാന്‍ മലയാളം സുപ്പര്‍ താരങ്ങള്‍ക്കും വേണേല്‍ ഈ പടം കാണാവുന്നതാണ്. വേണേല്‍ മതി ,നിര്‍ബന്ധം ഒന്നുമില്ല.

3 comments:

  1. കൂട്ടത്തില്‍ , ആദ്യാവസാനം, വെറും സ്റ്റാര്‍ പവര്‍ കൊണ്ട് ഒരു മസാല പടം എങ്ങനെ ബോറടിപ്പിക്കാതെ കൊണ്ട് പോകാം എന്നത് മനസിലാക്കാന്‍ മലയാളം സുപ്പര്‍ താരങ്ങള്‍ക്കും വേണേല്‍ ഈ പടം കാണാവുന്നതാണ്. വേണേല്‍ മതി ,നിര്‍ബന്ധം ഒന്നുമില്ല.

    ഈ സ്റ്റാര്‍ പവര്‍ കൊണ്ട് മാത്രം മ്മടെ സൂപ്പറുകള്‍ പടം വിജയിപ്പിച്ചിട്ടുണ്ട്..... ഇല്ലെന്ന് പ്രേക്ഷകന് പറയാന്‍ പറ്റുമോ?

    ReplyDelete
  2. എടൊ തനിക്കൊന്നും ബ്ലോഗ്ഗിങ്ങ് നിര്‍ത്തി 'മാങ്ങാ ' പറിക്കാന്‍ പോകരുതോ ?

    ReplyDelete
  3. Salman was quite boring, IMHO. Rajnikanth/Vijay would've rocked. Hope they'll make a Tamil remake...

    ReplyDelete