Saturday, April 3, 2010

ഏപ്രില്‍ ഫൂള്‍

പണ്ടു പണ്ടു വായിച്ച ഒരു ബോബനും മോളിയും കാര്‍ട്ടൂണ്‍ ഓര്‍മ വരുന്നു. അപ്പി ഹിപ്പി എന്ന കഥാപാത്രത്തിന് ഡിഗ്രി പരീക്ഷ പാസാകണം . പിറ്റേന്നാണ് പരീക്ഷ . ബിറ്റ് ഉണ്ടാക്കാന്‍ പുസ്തകം എവിടെയാണെന്ന് പോലും അറിയില്ല . അവസാനം പരീക്ഷ ഹാളില്‍ കേറുന്ന അപ്പി പരീക്ഷ കഴിഞ്ഞു തുള്ളി ചാടി പുറത്തു വരുന്നു. എന്തായാലും ജയിച്ചിരിക്കുമെന്നു ഉറപ്പിച്ചു പറയുന്ന ഹിപ്പിയോടു കാരണം ചോദിക്കുമ്പോള്‍ പറയുന്നത് അടുത്തിരുന്ന ജോര്‍ജ് കുട്ടിയുടെ ഉത്തര കടലാസ്സ്‌ അത് പോലെ താന്‍ പകര്‍ത്തി വെച്ചു എന്നതായിരുന്നു . അപ്പോളാണ് ഞെട്ടിക്കുന്ന ആ വിവരം അപ്പി ഹിപ്പി അറിയുന്നത് ജോര്‍ജ് കുട്ടി പി ജി കാണു പരീക്ഷ എഴുതിയതെന്നു !!!!!!

ഏതാണ്ട് ഇതു പോലെയാണ് ശ്രീ വിജി തമ്പി സംവിധാനം ചെയ്ത ( അഥവാ ചെയ്തതായി എഴുതി കാണിക്കുന്ന ) ഏപ്രില്‍ ഫൂള്‍ എന്ന ചിത്ര ത്തിന്റെ അവസ്ഥ. കുറച്ചു കാലം മുന്‍പ് സാഗര്‍ ബല്ലാരി എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയ ഭേജ ഫ്രൈ എന്ന ഹിന്ദി ചിത്രത്തിന്റെ ഈച്ച കോപ്പി (ഈച്ച എന്ന് പറയുന്നത് തെറ്റാണ് കാരണം ഫ്രെയിം ബൈ ഫ്രെയിം അടിച്ചു മറ്റിയിരിക്കയാണ്) ആണ് ഈ ചിത്രം. ശരിക്കും പറഞ്ഞാല്‍ എല്ലാ സിനിമ പ്രേമികളും ഏപ്രില്‍ ഫൂള്‍ എന്ന ചിത്രം കാണണം എന്നാണ് ഈയുള്ളവന്റെ അഭിപ്രായം . അതിനു ശേഷം ഭേജ ഫ്രൈ കൂടെ ഒന്ന് കണ്ടാല്‍ എന്ത് കൊണ്ട് മലയാള സിനിമയുടെ നിലവാരം താഴേക്ക്‌ പോകുന്നു എന്ന് മനസിലാകും . ഭേജ ഫ്രൈ എന്ന പടം ഒരു ഫ്രഞ്ച് Le Diner De Cons (The Dinner Game)(ആണെന്ന് തോന്നുന്നു ) പടത്തിന്റെ ഇന്ത്യന്‍ വെര്‍ഷന്‍ ആണെന്ന് കുടി അറിയുമ്പോഴാണ്, കോപ്പി അടിക്കാന്‍ പോലും അറിയാത്തവരാണ് നമ്മള്‍ എന്ന് മനസിലാകുന്നത്.

വിറ്റ്നെസ് , ന്യൂ ഇയര്‍ , സത്യമേവ ജയതേ മുതലായ ത്രില്ലെര്‍ , ആക്ഷന്‍ പടങ്ങള്‍ സാമാന്യം തെറ്റില്ലാതെ ചെയ്ത വിജി തമ്പി കുണുക്കിട്ട കോഴി എന്ന പടം വിജയിച്ചതോടെ ആണ് ഹാസ്യ ചിത്രങ്ങളും തനിക്കു വഴങ്ങും എന്നൊരു തെറ്റിധാരണ ഉണ്ടായതു . പിന്നെ സിംഹവാലന്‍ മേനോന്‍ വരെ ഹാസ്യ ചിത്രങ്ങളുടെ ഒരു ഒഴുക്കായിരുന്നു (മലയാളികളുടെ ഭാഗ്യം !!!!) .ഗോല്‍മാല്‍ എന്ന ഒരു നല്ല സിനിമയെ സിംഹവാലന്‍ മേനോന്‍ ആക്കി അവതരിപ്പിച്ചതില്‍ (വികൃതവല്കരിച്ചതില്‍ എന്ന് തിരുത്തണം എന്ന് ഒരു അഭിപ്രായം ഉണ്ട് ) നിന്നും ഏറെ മുന്നോട്ടു പോയിരിക്കുന്നു ശ്രീ വിജി തമ്പി ഈ ചിത്രത്തില്‍.

ഇനി ചിത്രത്തിന്റെ കഥയെപറ്റി . ഓഡിയോ രംഗത്തെ പ്രമുഖനായ രാകേഷ് മേനോന്‍ ( സിദ്ദിക് ) ഉള്‍പ്പെടുന്ന ഒരു ക്ലബ്ബിന്റെ പ്രധാന വിനോദം ആണ് വെള്ളിയാഴ്ച ദിവസം വൈകുന്നേരം ഏതെങ്കിലും ഒരു പാവത്തിനെ വിളിച്ചു കുരങ്ങു കളിപ്പിക്കുക എന്നത് .രാകേഷിന്റെ ഭാര്യ ഒരു പിന്നണി ഗായികയാണ് . അവര്‍ക്ക് ഇതു ശരിയല്ല എന്നാണ് അഭിപ്രായം. വഴക്കൊനും ഇല്ലെങ്കിലും അവര്‍ തമ്മില്‍ ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട് ഇതിന്റെ പേരില്‍ . ഒരു വെള്ളിയാഴ്ച തങ്ങളുടെ പരിപാടി അവതരിപ്പികാന്‍ രാകേഷ് തിരഞ്ഞെടുക്കുനത് ഇന്‍കം ടാക്സ് ഉദ്യോഗതനായ കൃഷ്ണന്‍ ഉണ്ണിയെയാണ്.
ജഗതീഷ് അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഹിന്ദിയില്‍ വിനയ് പഥക് അവതരിപ്പിച്ച ഭരത് ഭൂഷന്‍ എന്ന കഥാപാത്രം ആണ് . വിനയ് തന്റെ കഥാ പാത്രത്തെ തികച്ചും സ്വാഭാവികമായി , ഉജ്വലമായി അവതരിപ്പിച്ചപ്പോള്‍ ജഗതീഷിന്റെ കഥാപത്രം ആ പഴയ എച്യുസ് മി നിലവാരത്തില്‍ തന്നെ .ഈ സിനിമയെ കൊന്നു കൊലവിളിക്കുനത്തില്‍ ഈ നടനുള്ള പങ്കു പറയവുന്നതിലും അധികം ആണ് .

ഇനി കഥ തുടരാം പറഞ്ഞുറപ്പിച്ച വെള്ളിയാഴ്ച രാകേഷ് മേനോന്‍ കൃഷ്ണന്‍ ഉണ്ണിയെ വീട്ടില്ലേക്കു ക്ഷണിക്കുന്നു. അവിടുന്ന് ക്ലബില്ലേക്ക് പോക്കാനാണ് പരിപാടി . എന്നാല്‍ അതിനു തൊട്ടു മുന്‍പ് നടു വെട്ടിയ രാകേഷ് മേനോന് വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുന്നു. അവിടേക്ക് വരുന്ന കൃഷ്ണന്‍ ഉണ്ണിയുമായി ചിലവഴിക്കുന്ന കുറെ മണിക്കൂറുകള്‍ രാകേഷിന്റെ ജീവിതത്തിലും ജീവിത വീക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ഏപ്രില്‍ ഫൂള്‍ എന്ന ഈ ചലച്ചിത്ര കാവ്യത്തിന്റെ (ഭേജ ഫ്രൈ എന്ന കൊള്ളാവുന്ന പടത്തിന്റെയും) പ്രമേയം .

തികച്ചും ഒരു പ്രൈവറ്റ് ഗ്രൂപ്പ്‌ ഇന്റെ വിനോദമായാണ് (ഏറിയാല്‍ ഒരു പത്തു പുരുഷന്മാര്‍ ) ഭേജ ഫ്രൈയില്‍ ഈ കലാ പരിപാടി കാണിക്കുന്നത്. എന്നാല്‍ നമ്മുടെ പ്രബുദ്ധ മലയാളത്തില്‍ ആകട്ടെ ഇതു നടക്കുന്നത് റോട്ടറി ക്ലബ്‌ പോലെയുള്ള ഒരു ജന സമൂഹത്തിനു മുന്നിലും. കച്ചേരി നടത്താന്‍ വരുന്ന ക്ലാരെറ്റ് വിദ്വാന്‍ (ഇന്ദ്രന്‍സ് ) വായിക്കുന്ന ക്ലാരെറ്റില്‍ പേപ്പര്‍ തിരുകി വെച്ചിട്ട് അപസ്വരം വരുമ്പോള്‍ ക്ലബ്‌ അംഗങ്ങള്‍ തല കുത്തി നിന്ന് ചിരിക്കുന്ന രംഗം കണ്ടാല്‍ കാണുന്നവന് ഇവനൊക്കെ വട്ടാണോ എന്ന് തോന്നും .അത് പോലെ ജഗദീഷ്നെ ആദ്യമായി അവതരിപ്പിക്കുന്ന രംഗം എത്ര ബോര്‍ ആയിട്ടാണ് ചിത്രീകരിചിരിക്കുനത്. (സത്യമായും സംവിധായകനോട് അറിയുന്ന പണി ചെയ്തു ജീവിച്ചു കൂടെ എന്ന് ചോദിയ്ക്കാന്‍ തോന്നും )


അനാവശ്യ കഥാപാത്രങ്ങള്‍ എന്ന് നമുക്ക് തോന്നിയേക്കാവുന്ന കുറെ കഥാപത്രങ്ങള്‍ ഏപ്രില്‍ ഫൂള്‍ എന്ന ഈ ചിത്രത്തില്‍ ഉണ്ട് . എന്നാല്‍ അവരുടെ ഒക്കെ ആവശ്യം എന്താണ് എന്ന ചോദ്യം ഒരിക്കല്‍ പോലും ഭേജ ഫ്രൈ കാണുമ്പോള്‍ നമുക്ക് ചോദിക്കേണ്ടി വരുന്നില്ല. പിന്നെ മലയാളത്തിനു വേണ്ടി വരുത്തിയ ചില ചില്ലറ മാറ്റങ്ങള്‍ (കൃഷ്ണന്‍ ഉണ്ണിയുടെ ഭാര്യ , ഞെട്ടിപ്പിക്കുന്ന (അഥവാ ഞെട്ടിപ്പികും എന്ന് ഉറച്ചു വിശ്വസിച്ചു ചെയ്ത) ക്ലൈമാക്സ്‌ , അവസാന രംഗം ) ഇതൊക്കെ ഈ സിനിമയെ സഹിക്കാന്‍ പറ്റുന്നതിലും അപ്പുറം ആക്കുന്നു. കഴിവുള്ള ജഗതിയെ പോലുള്ള നടന്‍മാര്‍ പോലും ഇങ്ങനെ പഴാക്കപെടുമ്പോള്‍ സങ്കടം അല്ലാതെ മറ്റെന്തു തോന്നാന്‍. പിന്നെ ഏപ്രില്‍ ഫൂള്‍ എന്ന പേര് ഈ ചിത്രത്തിന് ഇട്ടതിന്റെ ഉദേശം ഇനിയും മനസിലായില്ല (കാണുന്നവനെ ഫൂള്‍ ആക്കി എന്നാണോ . അതോ ഏപ്രില്‍ ഫൂള്‍ ദിവസം പടം ഇറങ്ങി എന്നത് കൊണ്ടാണോ ).

പിന്നെ ജഗദീഷ് നായകനായ ഒരു ലോകോത്തര സിനിമ കാണാനാണോ താന്‍ പോയത് എന്നൊരു ചോദ്യം തികച്ചും ന്യായം ആണ് . ഉത്തരം ഈ ആഴ്ച ഇറങ്ങിയ പയ്യ എന്ന തമിള്‍ പടത്തിനു ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ടാണ് ( പോരാത്തതിനു ക്ലാഷ് ഓഫ് titans വന്നതും ഇല്ല) ഈ സാഹസം കാണിക്കേണ്ടി വന്നത്.നിലവാരം കുറഞ്ഞ ഒരു ചിത്രം എന്നതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചതും ഇല്ല . പക്ഷെ നിലവാരം കുറഞ്ഞ ഒരു ഒര്‍ജിനല്‍ (കുറഞ്ഞ പക്ഷം ഒരു നല്ല വിവര്‍ത്തനം ) ആയിരുന്നെങ്ങില്‍ ഭേദം ആയിരുന്നു.

നല്ല വിവര്‍ത്തനം എന്നത് കൊണ്ട് ഉദേശിച്ചത്‌ മനസിലയില്ലെങ്ങില്‍ ഷോലേ എന്ന പടം കണ്ടിട്ടുള്ളവര്‍ രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ചൈന ഗേറ്റ് എന്ന പടം കണ്ടു നോക്കു. അര്‍ഥം മനസിലാകും .

പിന്നെ സല്യൂട്ട് ആണല്ലോ ഇപ്പോളത്തെ ഒരു ഫാഷന്‍ (ലാലേട്ടന്‍ കേണല്‍ ആയതിനു ശേഷം ). ആയതിന്നാല്‍ ഈ പടത്തിന്റെ സംവിധായകന്‍ എന്ന് എഴുതി കാണിക്കുന്ന ശ്രീ വിജി തമ്പിക്കും .തിരകഥ ഉണ്ടാക്കിയ മഹാന്മാര്‍ക്കും (ജഗദീഷ് ഉണ്ടെന്നാ തോന്നുന്നേ ) നീട്ടി ഒരു സല്യൂട്ട്
ജയ് ഹിന്ദ്‌ . ജയ് മലയാള സിനിമ !!!!

3 comments:

  1. നന്നായി എഴുതിയിരിക്കുന്നു. 'പയ്യാ'ക്ക് കിട്ടാതിരുന്നപ്പോള്‍ വീട്ടിപോയിരുന്നേല്‍ ഈ പോല്ലാപ്പെല്ലാം ഉണ്ടാകുമായിരുന്നോ?? :)

    ReplyDelete
  2. പയ്യ കണ്ടിരുന്നേലും അഭിപ്രായം മറ്റൊന്നാകുമായിരുന്നില്ല.......... ഞാന്‍ ബ്ലാക്കില്‍ ടിക്കറ്റ് എടുത്താ കണ്ടേ....... കണ്ടപ്പോ എനിക്കും തോന്നി ടിക്കറ്റ് കിട്ടാഞ്ഞപ്പോ വീട്ടില്‍ പോയാമതിയായിരുന്നു എന്ന്........

    ReplyDelete
  3. രായപ്പാ...താന്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്തതിനൊക്കെ അനുഭവിക്കാതെ പോകുമോ???

    ReplyDelete