Saturday, March 27, 2010

പ്രമാണി

മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ്‌ വേതാളം ചാനല്‍ അവതരിപ്പിക്കുന്ന ഇന്നത്തെ സിനിമ എന്ന പരിപാടിയിലേക്ക് സ്വാഗതം . ഇന്നിവിടെ നമ്മള്‍ പ്രമാണി എന്ന ചലചിത്രം കണ്ട പ്രേക്ഷകനുമായി സംസാരിക്കാം . നമസ്കാരം പ്രേക്ഷകന്‍ .

നമസ്കാരം .

ആദ്യമായി ഈ ചിത്രത്തെ കുറിച്ച് ചുരുക്കമായി ഒന്ന് പറയാമോ ?

തീര്‍ച്ചയായും . താഴെ കീഴ്പാടം എന്ന പഞ്ചായത്തും അത് പത്തു കൊല്ലമായി ഭരിക്കുന്ന വിശ്വനാഥ പണിക്കര്‍ എന്ന പഞ്ചായത്ത് പ്രസിഡന്റ്‌ നെയും ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത് . സ്ഥലം മുന്‍നിര (?) സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ ആണ് സംവിധായകന്‍ . ഒരു ലക്ഷണം കണ്ടിട്ട് തിരകഥയും അദേഹം തന്നെ രചിച്ചതാകനാണ് സാധ്യത.

ഒരു നിമിഷം പ്രേക്ഷകന്‍ . ഈ ചിത്രം ശ്രീ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരിക്കും എന്നും ആദ്യമായാണു അദേഹം ഒരു നെഗറ്റീവ് ഇമേജ് ഉള്ള പഞ്ചായത്ത്‌ പ്രസിഡന്റിനെ അവതരിപ്പികുന്നതും എന്നാണല്ലോ മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞത്.അതിനെ കുറിച്ച് താങ്ങളുടെ അഭിപ്രായം ?

ഹാ.. തോക്കില്‍ കേറി വെടിവെക്കല്ലേ. ഒന്ന് പറഞ്ഞോട്ടെ . ഈ പടത്തിന്റെ ആദ്യത്തെ ഒരു പത്തു മിനിട്ട് കഴിയുമ്പോള്‍ തന്നെ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് ഒരുവിധം ബോധം ഉള്ളവന് മനസിലാകും.എല്ലാ തര്‍ക്കങ്ങളിലും വഴക്കുകളിലും സ്വയമോ അല്ലാതെയോ ഇടപെടുകയും അവസാനം ഇരു കക്ഷി കളുടെയും സ്വത്തുക്കളെല്ലാം അടിച്ചു മാറ്റുകയും ആണ് ഈ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്റെ സ്ഥിരം കലാപരിപാടി.പത്തു കൊല്ലമായിട്ടും ഇതൊക്കെ കാണുന്ന മണ്ടന്മാര്‍ വീണ്ടും ഒരു പ്രശ്നം വരുമ്പോള്‍ ഇയാളുടെ അടുത്ത് തന്നെ പോകുന്നു !! പിന്നെ അടിച്ചു മാറ്റുന്ന സ്വത്തെല്ലാം മച്ചുനനന്‍ സിദ്ദിഖ് ഇന്റെ പേരില്‍ എഴുതി വാങ്ങുന്നത് (തനിക്കു സ്വന്തമായി ഒന്നും വേണ്ട എന്ന സ്ഥിരം ( ആറാം തമ്പുരാന്‍ മുതല്‍ കേള്‍ക്കുന്ന) ന്യായം) അവസാനം സിദ്ദിഖ് അവതരിപ്പിക്കുന്ന സോമശേഖര പണിക്കര്‍ക്ക് നായകനെ വീട്ടില്‍ നിന്നും ഇറക്കി വിടാനാണെന്ന് ഏതു കുഞ്ഞിനും മനസിലാകും.വാത്സല്യം മുതല്‍ കുറെ ഈ ജാതി ചിത്രങ്ങള്‍ ശ്രീ മമ്മൂട്ടി തന്നെ ചെയ്തിടുണ്ട് എന്നാണ് ഓര്‍മ്മ.പിന്നെ നെഗറ്റീവ് വേഷത്തിന്റെ കാര്യം പറഞ്ഞാല്‍ അദേഹം ചെയ്യുന്ന ഓരോ അടിച്ചു മാറ്റലിനും കുറെ ന്യായങ്ങള്‍ സംവിധായകന്‍ നിരത്തുന്നുണ്ട്‌ . കുട്ടിക്കാലത്തെ ദാരിദ്രം ,പട്ടിണി,കഷ്ടപ്പാട് അങ്ങനത്തെ സ്ഥിരം ലൈന്‍ . ഇതിനിടയില്‍ എപ്പോളോ അദ്ദേഹം പ്രഭു (അധികം ഇല്ല. ഭാഗ്യം ) അവതരിപ്പിക്കുന്ന വര്‍ക്കിച്ചന്‍ എന്ന എല്ലാം തികഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്റെ അടുത്ത അനുയായിയും സുഹൃത്തും ആയിരുന്നു പോലും.അയാള്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്ത വിശ്വനാഥ പണിക്കര്‍ പിന്നീടാണ് തരികിട ആയതു.അതിനുള്ള പ്രകോപനം എന്താണെന്നു ഒരിടെത്തും പറയുന്നില്ല (ഹാ അത് പിന്നെ മനുഷ്യനല്ലേ എപ്പോള്‍ വേണേലും മാറിക്കൂടെ?) സ്വന്തം അച്ഛന്‍ പെങ്ങളുടെ കുടുംബത്തോടൊപ്പം ജീവിക്കുന്ന ഇയാള്‍ക്ക് ഒരു ദത്തു പുത്രിയും കുടെയുണ്ട് (എവിടുന്നു വന്നു /കിട്ടി എന്നാരും ചോദിച്ചിട്ടില്ല ഇത് വരെ ).അടുത്ത പഞ്ചായത്തിലെ പ്രസിഡന്റ്‌ കാസ്ട്രോ വറീതും ആയി പണിക്കര്‍ ശത്രുതയിലാണ്. ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഒരു സീരിയസ് കഥാപാത്രം ആണോ കൊമാളിയാണോ എന്ന് പടം തീരുന്ന വരെയും കാണുന്നവര്‍ക്ക് മനസിലാകില്ല . അദ്ദേഹം പണിക്കരെ അപകടപ്പെടുത്താന്‍ കൊണ്ടുവരുന്ന മാവോ ആണ് സിറാജ് . തമിഴിലെ പഴയ നടന്‍ ഗൌണ്ട മണിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സിറാജ് പണിക്കരെ കൊല്ലാന്‍ നിരവധി കോമാളി ശ്രമങ്ങള്‍ നടത്തുന്നു.( അത് കാണുന്നവന്‍ ഉടനെ ചിരിച്ചു കൊള്ളണം ).പിന്നെ കുറച്ചു കുടി സീരിയസ് ഹാസ്യം ഇഷ്ടപെടുന്നവര്‍ക്കായി നിരവധി ദ്വയാര്‍ഥ പ്രയോഗങ്ങള്‍ അദ്ദേഹം അടിച്ചു വിടുന്നുണ്ട് (നമ്മുടെ ഭാഗ്യം ).പ്രമാണി എന്ന വാക്കിന്റ്റെ അര്‍ഥം സ്വന്തമായി കുറെ സ്ഥലങ്ങളുടെ പ്രമാണങ്ങള്‍ ഉള്ളവന്‍ ആണ് എന്നൊക്കെ പറയുന്നുണ്ട് . (അങ്ങനെ ഉള്ളവനെ അല്ലെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ , ഭൂ സ്വാമി എന്നൊക്കെ വിളിക്കുന്നത്‌? ഇക്കണക്കിനു പോയാല്‍ സ്വന്തമായി കുറെ സഞ്ചി ഉള്ളവനെ സഞ്ചാരി എന്ന് വിളിക്കുമല്ലോ എന്ന് പിറകില്‍ നിന്നും ഒരാള്‍ ചോദിക്കുനത് കേട്ടു ).

ശ്രീ പ്രേക്ഷകന്‍ , തങ്ങള്‍ വിഷയത്തില്‍ നിന്നും വ്യതി ചലിക്കുന്നു . പടം എങ്ങനെ മുന്നോട്ടു പോകുന്നു ?

സ്നേഹ അവതരിപ്പിക്കുന്ന പഞ്ചായത്ത് സെക്രെടറി വരുന്നു .പണിക്കരുമായി ഗ്വാ ഗ്വാ രണ്ടു റൌണ്ട് .പിന്നെ ഫാസിലിന്റെ മകനുമായി (ഷാനു ആണെന്ന് തോന്നുന്നു പേര് ചിത്രത്തില്‍ ബോബി എന്നാണ് പേര് ) ചില്ലറ ഉരസ്സല്‍ (അത് സ്നേഹത്തില്‍ പൊതിഞ്ഞു .കാരണം പയ്യന്‍ പഴയ സുഹൃത്ത്‌ വര്‍ക്കിച്ചന്‍ മകനാണല്ലോ ). സുരേഷ് കൃഷ്ണ യുടെ കഥാപാത്രം കൊണ്ടുവരുന്ന ഐ റ്റി പാര്‍ക്ക്‌നായി നൂറേക്കര്‍ നെല്‍പ്പാടം നികത്താനുള്ള പദ്ധതിയെ ആദ്യം അനുകുലിക്കുന്ന പണിക്കര്‍ (ആ പഞ്ചായത്ത് ഭരണ സമിതിയില്‍ പണിക്കര്‍ ഒഴികെ ഭരണ കക്ഷി പ്രതിപക്ഷ ഭേദം ഇല്ലാതെ എല്ലാം മന്ദബുദ്ധികള്‍ ആണ്)പിന്നീടു തിരിയുന്നു.അതിനു കാരണം വര്‍ക്കിച്ചന്റെ അമ്മ (ലക്ഷ്മി) പണിക്കരോട് അടിക്കുന്ന 2 മിനിട്ട് സെന്റിമെന്റല്‍ ഡയലോഗ് !!! തുടര്‍ന്ന് ഇതിനെ ചൊല്ലി വീട്ടുകാര്‍മായി(മച്ചുനന്‍ സിദ്ദിഖ്, അളിയന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു ,പിന്നെ ചിറ്റപ്പന്‍ ശ്രീകുമാര്‍) തെറ്റുന്ന പണിക്കര്‍ വീടിനു പുറത്താകുന്നു .

പുറത്തു വന്ന പണിക്കര്‍ തന്റെ തെറ്റുകള്‍ എല്ലാം പരസ്യമായി ഏറ്റു പറയുന്നതോടെ ജനങ്ങള്‍ അങ്ങേരെ എടുത്തു തലയില്‍ വയ്ക്കുന്നു. അപ്പോള്‍ സിദ്ദിഖ് പണിക്കരാണ് വര്‍ക്കിച്ചനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്നത് എന്ന് പറയുന്നതോടെ അതെ ജനങ്ങള്‍ പണിക്കരെ തലയില്‍ നിന്നും തറയിലേക്കു വലിച്ചെറിയുന്നു. ഇതിനിടയില്‍ ബോബിയെ കാണാനില്ല. ജനങ്ങള്‍ പണിക്കരെ സംശയിക്കുന്നു. അപ്പോള്‍ പണിക്കര്‍ വര്‍ക്കിച്ചന്‍ ട്രെയിനില്‍ നിന്ന് വീണു തന്നെയാണ് മരിച്ചത് എന്നും തന്റെ വളര്‍ത്തുമകള്‍ ശരിക്കും വര്‍ക്കിച്ചന്റെ അവിഹിത സന്തതി ആണെന്നും ഉള്ള ഞെട്ടി പ്പിക്കുന്ന സത്യം തുറന്നു പറയുന്നു . അതോടെ വീണ്ടും പണിക്കരെ ജനങ്ങള്‍ തലയില്‍ ഏറ്റുന്നു.(തലയില്‍ ഏറ്റാതെ പിന്നെ ? അത്രക്ക് ഞെട്ടിപ്പിക്കുന്ന ധീര കൃത്യം അല്ലെ പുള്ളി ചെയ്തത് ?).(അവിഹിത സന്തതിയെ പറ്റി പറയുമ്പോള്‍ ഇന്നലെ എന്റെ നെഞ്ചിലെ .... എന്ന ബാലേട്ടന്‍ ഗാനം ഇടാന്‍ മറന്നതാണ് .ക്ഷമിച്ചുകള).പിന്നെ പണിക്കര്‍ അടികൂടി ബോബിയെ വില്ലന്മാരുടെ കൈയില്‍ നിന്നും രക്ഷിക്കുന്നു.ദോഷം പറയരുതല്ലോ അവസാനത്തെ അടിയില്‍ ആ ചിത്രത്തില്‍ തുടക്കം മുതല്‍ കാണിച്ചിട്ടുള്ള എല്ലാ വില്ലന്‍ കഥാ പാത്രങ്ങളും ഉണ്ട് .അതോടെ എല്ലാം ശുഭം.

എന്നാലും ഒരു ചലചിത്രത്തെ ഇങ്ങനെ കുറ്റം പറയാമോ? . പ്രത്യേകിച്ചു മലയാള സിനിമയുടെ നെടും തുണുകള്‍ ആയ ശ്രീ മമ്മൂട്ടി യും ബി ഉണ്ണി കൃഷ്ണനും ചേര്‍ന്നൊരുക്കുന്ന ചിത്രം ?

എടൊ, താന്‍ അല്ലാലോ ഞാനല്ലേ അധ്വാനിച്ചു ഉണ്ടാക്കിയ നാല്‍പ്പതു രൂപ എണ്ണി കൊടുത്തു ഈ സാധനം കണ്ടതു ആ വിഷമം എനിക്ക് കാണും . പിന്നെ പണ്ട് മാടമ്പിമാരായിരുന്നു ഒരു നാട്ടിലെ പ്രമാണിമാര്‍ എന്ന ലളിതമായ സത്യം ഓര്‍ത്തു ഇരുന്നെങ്ങില്‍ എന്നിക്ക് ഈ ഗതി വരില്ലായിരുന്നു.ബാലേട്ടന്‍ ബസ്‌ contecter ആയി വന്ന കാലവും മറന്നു കുടായിരുന്നു. ആ ... ഇനി പറഞ്ഞിട്ടെന്താ കാര്യം .

ഒരുപാടു അര്‍ഥങ്ങള്‍ ഉള്ള വാചകങ്ങളാണ് എപ്പോള്‍ പറഞ്ഞത് . ശരി ഇന്നി അഭിനയത്തെ പറ്റി രണ്ടു വാക്ക് കുടി ?

എന്തോന്നു അഭിനയം .കഥ തന്നെ പത്തു ഇരുപതു പഴയ പടങ്ങളില്‍ നിന്നും ചൂണ്ടിയതാണ് . അപ്പോള്‍ അഭിനയവും അത് പോലെ ഒക്കെ തന്നെ ഉണ്ടാകും . പിന്നെ അഥിതി താരം ആയി എത്തുന്ന കലാഭവന്‍ മണിയുടെ ഒരു കര്‍ഷക നൃത്തം ഉണ്ട് . അതിന്റെ അവസാനം മമ്മൂട്ടി തന്റെ സ്ഥിരം ശൈലിയില്‍ രണ്ടു ചുവടു വയ്ക്കുമ്പോള്‍ ബാക്കിയുള്ളവരെല്ലാം എന്തൊരു അദ്ഭുതം എന്നമട്ടില്‍ കൈ അടിക്കുന്നുണ്ട് . സ്നേഹയും ഷാനുവും പിന്നെ വില്ലന്മാരും ഒഴികെയുള്ളവര്‍ എല്ലാം ചിരിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് . പിന്നെ എന്റെ ഹീറോ യിസം കേരളം മുഴുവന്‍ അഗീകരിച്ചതാണ് എന്ന് പ്രേക്ഷകരെ നോക്കി പറയുന്ന നായകനും . പിന്നെ എനിക്ക് വികാരം അടക്കാന്‍ വയ്യ.ഞാന്‍ പ്രസിഡന്റിനു എന്താ ചെയ്തു തരേണ്ടത്‌ എന്ന് സമ്മേളനത്തിനിടയില്‍ ചോദിക്കുന്ന വനിതാ മെമ്പറും. സിറാജ് പറയുന്ന കുറെ ദ്വയാര്‍ഥ പ്രയോഗങ്ങളും ഒരു തിരകഥാകൃത്ത് എന്ന നിലക്ക് ഉള്ള സംവിധായകന്റെ വളര്‍ച്ചയെ കാണിക്കുന്നു.

അപ്പോള്‍ ഇത്തരം സിനിമകള്‍ മലയാളത്തെ വളര്‍ത്തും എന്ന് തന്നെയാണോ താങ്ങളുടെ അഭിപ്രായം ?
തീര്‍ച്ചയായും . ഇത്രയും പറഞ്ഞിട്ടും തനിക്കൊനും അത് മനസിലായില്ലേ .

ശരി പരിപാടി അവസാനിപ്പികുന്നതിനു മുന്‍പ് ഈ ചിത്രത്തില്‍ നിങ്ങളെ ഏറ്റവും ആകര്‍ഷിച്ച മുഹൂര്‍ത്തം ?

പടം തുടങ്ങുന്നതിനു മുന്‍പ് Clash of titans എന്ന പടത്തിന്റെ ട്രെയിലെര്‍ കാണിച്ചു. ഹോ എന്തൊരു സംഭവം . ഇറങ്ങിയാലുടന്‍ കാണണം .എന്നെ ഏറ്റവും ആകര്‍ഷിച്ചത് ആ ട്രെയിലെര്‍ ആണ് .


അപ്പോള്‍ പരിപാടി അവസാനിപ്പിക്കാന്‍ സമയം ആയിരിക്കുന്നു . പ്രമാണി എന്ന ചല ചിത്രം കണ്ടു പൂര്‍ണ തൃപ്തനായ ഒരു പ്രേക്ഷകനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌ . മാറ്റത്തിന്റെ കഹളവുമായി പ്രമാണിയെ പോലെയുള്ള പടങ്ങള്‍ മലയാള സിനിമയെ അതിന്റെ വസന്ത കാലത്തേക്ക് കൊണ്ട് പോകട്ടെ എന്നാശംസിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു . അടുത്ത ആഴ്ച പുതിയ ഒരു സിനിമ വിശേഷവുമായി വീണ്ടും വരാം. നമസ്കാരം.

(പ്രേക്ഷകനോട് : എഴുനേറ്റു പോടാ തെണ്ടി.... അവന്റെ ഒരു അഭിപ്രായം . എടാ നീയൊക്കെ എന്ത് പറഞ്ഞാലും ഞങ്ങള്‍ , അതായിത് ഇവിടുത്തെ ആസ്ഥാന കുഴല്‍ ഊതുകാര്‍ പറഞ്ഞു പറഞ്ഞു കുറെ കഴുതകളെ ഈ പടത്തിനു കേറ്റും. പിന്നെ നൂണ്‍ ഷോ ഇട്ടും നൂറാം ദിവസം ഒന്ന് കൂടെ റിലീസ് ചെയ്തും , എങ്ങനെ എങ്കിലും ഈ പടത്തിന്റെ നൂറാം ദിന പോസ്റ്റര്‍ ഇറക്കും . എന്നിട്ട് അത് നിന്റെയൊക്കെ നെഞ്ചത്ത് കൊണ്ട് ഒട്ടികുകയും ചെയും .നിനകൊക്കെ ചെയാന്‍ പറ്റുന്നത് ചെയ്തോടാ ദരിദ്രവാസി ......)

4 comments:

  1. :D ഇതിലപ്പുറം ഇനി എന്താ പറയാനുള്ളത്?! കലക്കി

    ReplyDelete
  2. :D അലക്കീട്ടാ...

    ReplyDelete