Saturday, January 22, 2011

ദി മെട്രോ (The Metro )

ഹലോ അണ്ണാ ഇവിടെയൊക്കെ ഉണ്ടോ ? കാണാന്‍ ഇല്ലല്ലോ .

എന്ത് പറയാന്‍ ? മലയാള സിനിമയിലെ നിക്കര്‍ - കൂളിംഗ്‌ ഗ്ലാസ്‌ ആരാധകരുടെ മനം ഉരുകി ഉള്ള ശാപം അന്നെന് തോന്നുന്നു . കഴിഞ്ഞ ആഴ്ച മദര്‍ ബോര്‍ഡ്‌ ഡിം !!! പിന്നെ നമ്മുടെ നാട് ഒരു ഉപഭോക്ത പ്രാധാന്യമുള്ള നാടായതു കൊണ്ട് ഒരു ആഴ്ച ശയന പ്രദിക്ഷണം നടത്തിയപ്പോള്‍ സംഗതി ശരിയായി.ഭാഗ്യത്തിന് കഴിഞ്ഞ ആഴ്ച നല്ല മലയാള ചിത്രങ്ങളൊന്നും തന്നെ ഇറങ്ങിയും ഇല്ല.പോരാത്തതിനു കഴിഞ്ഞ ആഴ്ച മുഴുവനും ബ്ലോഗില്‍ ഭയങ്കര യുദ്ധവും ആയിരുന്നു . അവസാനത്തെ പോസ്റ്റിന്റെ ബഹളം.

അതിരിക്കട്ടെ അണ്ണന്റെ മുഖതെന്താ ഒരു ഇളിഞ്ഞ ഭാവം ? ഒരു ഇളിഭ്യത പോലെ .........

നീ ശ്രദ്ധിച്ചു അല്ലെ ? എടേ ഈ ആഴ്ച രണ്ടു മൂന്ന് പടം ഇറങ്ങിയല്ലോ പുതുമുഖങ്ങളെ പ്രോഹത്സഹിപ്പികുക എന്ന നമ്മുടെ നയത്തിന്റെ ഭാഗമായി ആദ്യം പോയി കണ്ടത് ദി മെട്രോ എന്ന പടമായിരുന്നു .

അത് .... നമ്മുടെ ദിലീപ് നിര്‍മ്മിച്ച പടം അല്ലിയോ ?

ഓ തന്നെ ദിലീപ് തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണവും വിതരണവും എന്നാണ് എനിക്ക് മനസിലായത് . സംവിധാനം വിപിന്‍ പ്രഭാകര്‍ .വണ്ണ്‍ വേ ടിക്കറ്റ്‌,സമസ്ത കേരളം പി ഓ മുതലായ സിനിമ സംവിധായകന്‍റെ മാത്രം കലയാണെന്ന് വിളിച്ചറിയിക്കുന്ന സിനിമകള്‍ (പണി അറിയാത്തവന്‍ ചെയ്താല്‍ കൈ പൊള്ളും എന്നും വ്യാഖ്യാനം) ആണ് അദേഹം സംവിധാനം ചെയ്തത്.

അത് കൊണ്ട് എന്താ അണ്ണാ?ട്രാഫിക്‌ എന്ന പടം വന്നതോടെ ഏതു സംവിധായകനും എപ്പോള്‍ വേണേലും നന്നാകാം എന്ന് മലയാളിക്ക് മനസിലായില്ലേ ?

അത് തന്നെയാ അനിയാ എനിക്ക് പറ്റിയത്. ചിലര്‍ നന്നാകാം എന്ന് പറയുന്നത് പോലെ ചിലര്‍ ഒരിക്കലും നന്നാകില്ല എന്നും ഞാന്‍ ഓര്‍ക്കണം ആയിരുന്നു .ഇനി പറഞ്ഞിട്ടെന്താ?

ഇങ്ങേര്‍ എങ്ങനെ സെന്റി അടിക്കാതെ.വിശദമായി ഒന്ന് പറഞ്ഞെ കാര്യങ്ങള്‍ ....അല്ല പിന്നെ

ശരി നിര്‍മാണം വിതരണം ദിലീപ്.സംവിധാനം ബിപിന്‍ പ്രഭാകര്‍ കഥ തിരകഥ വസനം വ്യാസന്‍ ഇടവനകാട്‌ സംഗീതം ഷാന്‍ .സംഗതി ത്രില്ലെര്‍ ആണെന്നാണ് മധ്യമ കുഴലൂത്ത് . അഭിനയിക്കുന്നവര്‍ ശരത് കുമാര്‍ , ഭാവന ,ജഗതി , ജി കെ പിള്ള ,സുരാജ് വെഞ്ഞാറാന്‍ മൂട്, പിന്നെ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ പിള്ളേരും . മാത്രമല്ല കൊച്ചി നഗരത്തില്‍ ഒരു രാത്രി നടക്കുന്ന രണ്ടു മൂന്ന് സംഭവങ്ങളും ഒടുവില്‍ അവയെല്ലാം ചേരുന്ന ഒരൊറ്റ ക്ലൈമാക്സ്‌ അങ്ങനെ ചുരുക്കത്തില്‍ കാണാന്‍ കേറുന്നവനെ ത്രില്ലടിപ്പിച്ചു കൊല്ലും എന്ന മട്ടിലുള്ള അവകാശ വാദങ്ങള്‍ ഇവയൊക്കെയാണ് ഈ ചിത്രത്തിന്റെ ബാക്ക് ഗ്രൌണ്ട് ഇന്‍ഫര്‍മേഷന്‍.

ശരി അപ്പോള്‍ ശരിക്കും സംഭവിക്കുന്നതോ ?
പടം തുടങ്ങുന്നത് തന്നെ കുറച്ചു കാലം മുന്‍പ് നടന്ന ഒരു സംഭവം , രാഷ്ട്രീയ യുവ നേതാവായ പടവീടന്‍ ജെയ്മിയെ (പുതു മുഖം) ഗുണ്ടാ തലവനും മുതിര്‍ന്ന നേതാവായ കുമ്പളം വര്‍ക്കിയുടെ (ജി കെ പിള്ള ) വലം കൈയുമായ പരുത്തിക്കാടന്‍ ഷാജി (സുരേഷ് കൃഷ്ണ)യും സംഘവും ഓടിച്ചിട്ട്‌ തട്ടുന്നത് കാണിച്ചാണ്.പൊതു ജന പ്രക്ഷോഭണം മൂലം മുന്‍പ് സ്ഥലം മാറ്റപെട്ട സര്‍ക്കിള്‍ ജേക്കബ്‌ അലക്സാണ്ടര്‍ (ശരത് കുമാര്‍)കൊച്ചിയില്‍ ചജെടുക്കുന്നു .ട്രാക്ക് രണ്ടു. സൌദിയില്‍ ജോലിയുള്ള ഹരി (മലര്‍വാടിയിലെ ഒരു താടി .നവീന്‍ പോളി എന്നല്ല പേരെങ്കില്‍ ക്ഷമി !) അവധിക്കു നാട്ടില്‍ എത്തുന്നു . ഹരിയുടെ സുഹൃത്തുക്കള്‍ (ബാക്കി മലര്‍വാടിയും പിന്നെ സുരാജും)എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിച്ചു നാട്ടിലേക്കു കൊണ്ട് പോകുന്നു.ഇവിടെ ഷാജിയും സര്‍ക്കിളുമായി പതിവ് ഗ്വാ ഗ്വാ (സര്‍ക്കിള്‍ ഷാജിയുടെ അനിയന്‍ ഫ്രെടിയെ പൊക്കുന്നു. ഷാജി പുല്ലു പോലെ വാദിയെ വിരട്ടി പരാതി പിന്‍വലിപ്പിച്ചു അനിയനെ ഇറക്കുന്നു . സര്‍ക്കിളും ആയി ഡയലോഗ് മത്സരം നടത്തുന്നു.ആ ഒരു ലൈന്‍.സര്‍ക്കിള്‍ ഷാജിയെ കുരുക്കാനായി അയാളുടെ പഴയ സഹ പ്രവര്‍ത്തകനായ (ഇപ്പോള്‍ ശത്രു) തട്ടില്‍ ജോണ്‍ നെ മാപ്പ് സാക്ഷി ആക്കാന്‍ ശ്രമിക്കുന്നു . ട്രാക്ക് രണ്ടു: ഹരിയും ബാക്കി മലര്‍വാടി സുഹൃത്തുക്കളും സുരാജും വാഗ മണ്ണിലേക്ക് ഒരു അടിച്ചു പൊളി യാത്ര പ്ലാന്‍ ചെയുന്നു . യാത്ര കഴിഞ്ഞു (യാത്രക്കിടയില്‍ ജഗതിയുമായി തമാശയുള്ള രംഗങ്ങള്‍ ഉണ്ട് .സുരജിനു കണ്ടു പഠിക്കാന്‍ വേണ്ടി ജഗതിയെ കാസ്റ്റ് ചെയതതാകണം ) തിരികെ നാട്ടിലേക്കു തിരിക്കുന്നു സംഘം.തട്ടില്‍ ജോണ്‍ മാപ്പ് സക്ഷിയകാനായി നഗരത്തില്‍ എത്തിയ വിവരം അറിഞ്ഞു ഷാജിയും സംഘവും അയാളെ തേടി ആ രാത്രി നഗരത്തിലേക്ക് ഇറങ്ങുന്നു . ഇതിനിടെ നാട്ടിലേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെത്തുന്ന ഹരിയും സംഘവും സിഗ്നലില്‍ വണ്ടി കൊണ്ടിടിക്കുന്ന ഫ്രെഡിയുമായി ഉടക്കുന്നു . അടി കൊടുത്തിട്ട് പോകുന്ന അവരെ തിരഞ്ഞു ഫ്രെഡിയും ഗുണ്ടകളും. ഇതിനിടെ വണ്ടി കേടായി നന്നാക്കി കൊണ്ടിരിക്കുമ്പോള്‍ മൂത്രമൊഴിക്കാന്‍ പോകുന്ന സംഘത്തിലെ ഒരാള്‍ ഷാജിയും സംഘവും തട്ടില്‍ ജോണ്‍ നെ തട്ടുന്നത് കാണുന്നു .സംഗതി മൊബൈലില്‍ പകര്‍ത്തുന്നു .(ലവന്‍ തുടക്കം മുതലേ ആദ്യമായി മൊബൈല്‍ കാണുന്നവരെ പോലെ ചുറ്റും ഉള്ളതെല്ലാം റെക്കോര്‍ഡ്‌ ചെയുന്നത് കണ്ടപ്പോലെ തോന്നിയതാ ഇതു സംഭവിക്കും എന്ന്). അതോടെ ഷാജിയും സംഘവും ഇവരുടെ പുറകെ.പിന്നെ ഏതാണ്ട് ഒരു മണികൂറോളം ഗുണ്ടകളും ഈ സംഘവും ആയുള്ള സാറ്റ് കളിയാണ്.(പിന്നെ കുറെയധികം നേരം "ദാ അവന്മാര്‍ വരുന്നു ഓടിക്കോ ". "ഇനി നമ്മള്‍ എന്ത് ചെയ്യുമെടാ " തുടങ്ങിയ സംഭാഷണങ്ങള്‍ വീണ്ടും വീണ്ടും കേട്ട് രസിക്കാം . ഈ പ്രക്രിയ കുറെ കഴിയുമ്പോള്‍ സംഘത്തിനു നേരത്തെ വഴിയില്‍ പരിചയപ്പെട്ട അനുപമ (ഭാവന)യുടെ കാര്‍ഡ്‌ കയ്യില്‍ ഉള്ളത് ഓര്‍മ വരുന്നു വിളിച്ചു സഹായം ചോദിക്കുന്നു .അനുപമയുടെ സഹോദരനാണ് സര്‍ക്കിള്‍ ജേക്കബ്‌ അലക്സാണ്ടര്‍ (ഇനി കഥയ്ക്ക് ട്വിസ്റ്റ്‌ ഇല്ല എന്നൊരു പരാതി വേണ്ട ).

ഓഹോ എന്നിട്ടോ

ഇനി എന്തോന്ന് എന്നിട്ടോ ? ശരത് കുമാര്‍ എത്തുന്നു ഗുണ്ടകളെ എല്ലാം അടിച്ചു താഴെ ഇടുന്നു ആംബുലന്‍സ് നെയും ഫയര്‍ എഞ്ചിനെയും വിളിച്ചു വരുത്തി നാട്ടുകാരെ കൂടുന്നു.എല്ലാരുടെയും സാനിധ്യത്തില്‍ ഒരു ലഘു പ്രസംഗം നടത്തി ഷാജിയെ പരസ്യമായി വെടി വെച്ച് കൊല്ലുന്നു.പിള്ളേരുമായി സ്ലോ മോഷന്‍ല്‍ നടന്നു പോകുന്നു ശുഭം.

ചിത്രം രണ്ടാം പകുതി മുതല്‍ പസ്സെന്‍ജര്‍ എന്ന ചിത്രത്തിന്റെ പ്രേതം കേറിതുടങ്ങും. ഒന്നാം പകുതി താരതമ്യേനെ ഭേദം ആണ് .ഇങ്ങനത്തെ ചിത്രങ്ങളില്‍ ഉണ്ടാവേണ്ട പിരി മുറുക്കം (പ്രത്യേകിച്ച് രണ്ടാം പകുതിയില്‍) സൃഷ്ടിക്കാന്‍ സംവിധായകനും തിരകഥാകൃത്തും ദേനീയമായി പരാജയപ്പെടുന്നു

ശരി ഇനി അഭിനയം ?
ശരീര ഭാഷയിലും രൂപത്തിലും ഒരു പോലീസ് ഓഫീസര്‍ ആയി നന്നകുനുണ്ടെങ്കിലും.കത്തി കേറേണ്ട സീനുകളില്‍ ശരത് കുമാര്‍ പോര എന്നാണ് എനിക്ക് തോന്നിയത് . ഇപ്പോളും ഇത്തരം കഥാപാത്രങ്ങളെ സുരേഷ് ഗോപി അവതരിപ്പികുന്നത് ആണ് ഭേദം എന്നാണ് എനിക്ക് തോന്നാറുള്ളത്. പിന്നെ സുരാജ് നിലവാരം ഇല്ലാത്ത കോമഡി അഭിനയിക്കുന്നു എന്നാ പരാതി ഞാന്‍ ഇതാ പിന്‍‌വലിക്കുന്നു (മാപ്പും ചോദിക്കുന്നു ) . പ്രിയപ്പെട്ട സുരാജ് താങ്കള്‍ ഇഷ്ടം പോലെ കോമഡി ഏതു നിലവാരത്തില്‍ ഉള്ളത് വേണേലും കാണിച്ചു കൊള്ളൂ ദയവായി സെന്റി അഭിനയിക്കരുത് .മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്നാ ചിത്രത്തില്‍ ഭേദം കുട്ടൂസ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു എന്നാണ് പൊതുവേ അഭിപ്രായം . അത് മനസിലാക്കി ആകണം ഇതില്‍ അദേഹം ഭയങ്കരമായി അഭിനയിച്ചിരിക്കുന്നു . ആ പയ്യനെയും സുരജിനെയും കൊല്ലുന്ന രംഗം വരുമ്പോളാണ് ഗുണ്ടകള്‍ എത്ര നല്ലവരാണ് എന്ന് നമ്മള്‍ ഓര്‍ത്തു പോകുന്നത് . അധികം വിസ്ടരിക്കുന്നില്ല തികച്ചും ameture ആണ് ഈ സംഘത്തിലെ എല്ലാരുടെയും അഭിനയം . നിഷാനും ആസിഫലി യും ഒക്കെ ഇതിലും എത്ര ഭേദം എന്ന് പറയാതെ വയ്യ .ശരത് കുമാറിന് ഫോണ്‍ കൊടുക്കാനായി മാത്രം നായികാ എന്നപേരില്‍ അവതരിപ്പിക്കപെടുന്ന ഭാവന വന്നു പോകുന്നു (ആ റോള്‍ കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചാലും ഒന്നുംവരാനില്ല). ജഗതിയും സുരേഷ് കൃഷ്ണയും മാത്രമാണ് അവരുടെ വേഷങ്ങള്‍ അത്മാര്തമായി ചെയാന്‍ ശ്രമിച്ചു കണ്ടത് .സംഗീതത്തെ കുറിച്ച് ഒന്നും പറയാനില്ല . (എനിക്ക് തല പെരുത്ത്‌ എന്നതൊഴിച്ച് !!)

എന്നാലും പുതു മുഖങ്ങള്‍ അഭിനയിക്കുന്ന ഒരു പടത്തെ കുറിച്ച് .....

എടേ പടം തുടങ്ങുമ്പോള്‍ ദിലീപ് ഒരു രണ്ടു മിനിട്ട് പ്രത്യക്ഷപ്പെട്ടു സിനിമയെ കുറിച്ച് രണ്ടു വാക്ക് പറയുന്നുണ്ട് . അദേഹം അവസാനിപ്പിക്കുന്നത് സൂക്ഷിചില്ലങ്കില്‍ നിങ്ങള്‍ക്കും ഇതു സംഭവിക്കാം എന്ന് പറഞ്ഞാണ്.പടം കണ്ടു കഴിഞ്ഞപ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്ന് ഞാന്‍ മനസിലാക്കിയത്
1 നിങ്ങള്‍ അപരിചിതമായ ഒരു നഗരത്തില്‍ പൊയി എന്നിരിക്കട്ടെ നിങ്ങളുടെ വാഹനത്തില്‍ വേറൊരു വാഹനം വന്നിടിച്ചാല്‍ . അതോടിക്കുനത് ഏതെങ്കിലും ഗുണ്ട ആയിരിക്കാം എന്ന് മനസിലാക്കി പുറത്തിറങ്ങി പുഞ്ചിരിയോടെ താങ്ക്‌ യു സര്‍ എന്ന് പറയുക .(പ്രത്യേകിച്ചു സ്ഥലം കൊച്ചി ആണെങ്കില്‍ ).
2 നിങ്ങളുടെ ഒരു കൂടുകാരന്‍ അപരിചിതമായ ഒരു നഗരത്തില്‍ (കൊച്ചിയില്‍ ആണെങ്കില്‍ പ്രത്യേകിച്ചും ) കൂടം തെറ്റി പോയി എന്നിരിക്കട്ടെ . അവനെ തിരഞ്ഞു നടക്കുക അല്ലാതെ ഒരിക്കലും അവന്റെ മൊബൈലില്‍ വിളിക്കരുത് .അവന്‍ മിക്കവാറും വല്ല കൊലപാതകമോ കുളി സീനോ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കില്‍ ആകും .

അണ്ണാ ഒന്ന് പറയട്ടെ ഇത് ഇപ്പോള്‍ ഏതാണ്ട് ഒരു കൊല്ലത്തില്‍ കൂടുതല്‍ ആയില്ലേ ഈ പരിപാടി തുടങ്ങിയിട്ട് . ഇനി ഇങ്ങനെ ഒക്കെ ആയാല്‍ മതിയോ കുറച്ചു കൂടി ഒരു ബൌധിക തലത്തില്‍ കേറി നിന്ന് കാച്ചികൂടെ. അതാ മലയാളിക്ക് ഒരു ഇതു...

എന്ന് വെച്ചാല്‍....... ഒന്ന് തെളിച്ചു പറയെടെ

ഓ ഒന്നുമറിയില്ല പാവം . അണ്ണാ ഒരു നാലു കൊറിയന്‍ സിനിമ,പത്തു ലാറ്റിന്‍ അമേരിക്കന്‍ പടം,പേരിനു രണ്ടു ഇറാന്‍ പടം എത്രയും മതി പിന്നെ അക്കിര കുറസോവ,ആല്‍ഫ്രഡ്‌ ഹിച് കോക്ക് തുടങ്ങിയ പേരുകളും അവരുടെ നാലു പടങ്ങളുടെ പേരും മതി ഓരോ പോസ്റ്റിലും ഓരോന്നായി ഇടയ്ക്കിടെ അലക്കുക. എത്രയും മതി ഒരു സിനിമ ബുജി ആകാന്‍ .

എടേ നീ പറയുന്നത് പഴയ ട്രെന്റ് ആണ് . ഇപ്പോള്‍ ലേറ്റസ്റ്റ് ട്രെന്റ് സന്ദേശം ആണ് . നിമാതാവ് പത്തു കാശു ഉണ്ടാക്കണോ അല്ലെങ്കില്‍ കള്ളപണം വെളുപ്പിക്കണോ നിര്‍മിക്കുന്ന പടം ഇതിനോന്നുമല്ല മറിച്ചു ഒരു സന്ദേശം പ്രച്ചരിപ്പികനാണെന്ന് വരുത്തി തീര്‍ക്കുക . എന്നിട്ട് ആ സന്ദേശം ഏതെങ്കിലും മത വിഭാഗങ്ങളെ ആക്ഷേപിക്കാന്‍ ഉണ്ടാക്കിയത് ആണെന്നും കൂടി കാച്ചിയാല്‍ തികഞ്ഞു .ജനങ്ങള്‍ തല്ലി ചാകട്ടെ വിവരം ഇല്ലാത്ത ജന്തുക്കള്‍ നമുക്ക് ബുദ്ധി ജീവി ആകണ്ടേ .നമുക്ക് വേണ്ടത് ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ സ്റ്റൈല്‍ ചിത്രങ്ങള്‍ മാത്രം .(നായകര്‍ മൂന്ന് പേര്‍ ഒരു ഹിന്ദു ഒരു ക്രിസ്ത്യാനി ഒരു മുസ്ലിം വില്ലന്മാരും മൂന്നുപേര്‍ ഒരു ഹിന്ദു ഒരു ക്രിസ്ത്യന്‍ ഒരു മുസല്‍മാന്‍ .ക്ലൈമാക്സില്‍ ഹിന്ദു നായകന്‍ ഹിന്ദു വില്ലനെ കൊല്ലുന്നു ക്രിസ്ത്യന്‍ നായകന്‍ ക്രിസ്ത്യന്‍ വില്ലനെ കൊല്ലുന്നു മുസ്ലിം നായക കഥാപാത്രം മുസ്ലിം വില്ലനെ കാച്ചുന്നു . എല്ലാരും ഹാപ്പി . മത സൌഹാര്‍ദം നീണാള്‍ വാഴട്ടെ ) എപ്പിടി ? ഇത്തരം നിരൂപണം എഴുതുന്ന ബുദ്ധി ജീവികളോടു എനിക്കൊന്നും പറയാനില്ല . ഒരു പൌരന്‍ എന്ന നിലയില്‍ "തൂ " എന്ന് കാര്‍ക്കിച്ചു ഒരു തുപ്പു തുപ്പാന്‍ തോന്നി പോകുന്നു .

അതിരിക്കട്ടെ അണ്ണാ കാടു കേറാതെ . ഈ പടം നല്‍കുന്ന സന്ദേശം എന്താണ് .

എനിക്ക് മനസിലായ കാര്യം പറയാം .കൊച്ചി മൊത്തം ഗുണ്ടകളാണ് . ഇരുട്ടു വീണിട്ടു പുറത്തിറങ്ങിയാല്‍ പണി മേടിക്കും .

അപ്പോള്‍ ചുരുക്കത്തില്‍ ....

ശ്രീ ദിലീപ് പറഞ്ഞതേ ഈ ചിത്രം കണ്ട ഒരാളെന്ന നിലക്ക് എന്നിക് പറയാനുള്ളൂ . സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതു പറ്റിയേക്കാം (എനിക്കോ അബദ്ധം പറ്റി !!)

15 comments:

 1. "യാത്രക്കിടയില്‍ ജഗതിയുമായി തമാശയുള്ള രംഗങ്ങള്‍ ഉണ്ട്.സുരാജിന് കണ്ടു പഠിക്കാന്‍ വേണ്ടി ജഗതിയെ കാസ്റ്റ് ചെയതതാകണം"
  അത് കലക്കി ... :) Thanks for the review

  ReplyDelete
 2. "എന്നിട്ട് ആ സന്ദേശം ഏതെങ്കിലും മത വിഭാഗങ്ങളെ ആക്ഷേപിക്കാന്‍ ഉണ്ടാക്കിയത് ആണെന്നും കൂടി കാച്ചിയാല്‍ തികഞ്ഞു".

  ഇങ്ങനെ നിസാരവല്‍ക്കരിക്കാമോ? താങ്കള്‍ ശ്രദ്ധിച്ചുവോ എന്നറിയില്ല, ഈ ചിത്രത്തില്‍ താങ്കള്‍ പരാമര്‍ശിക്കുന്ന ഗുണ്ടകളും സാമൂഹ്യവിരുദ്ധരും എല്ലാം ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണ്. ഇത് ഒരു യാദൃശ്ചികത ആണെന്ന് താങ്കള്‍ പറയുമോ?

  ReplyDelete
 3. അത് തന്നെയാണ് ഞാന്‍ പറഞ്ഞത്.ഇനി ഈ ചിത്രത്തില്‍ കാണിക്കുന്ന ഗുണ്ടകള്‍ പല സമുദായത്തില്‍ നിന്നും ആയിരുന്നു എന്നിരിക്കട്ടെ.അപ്പോളും പ്രശ്നം.ഒരാള്ക്കല്ലേ നേതാവാകാന്‍ പറ്റു. അപ്പോളും ഈ പറയുന്നവര്‍ക്ക് പറയാമല്ലോ അനുയായി ആയി വരുന്ന ആള്‍ക്കാരുടെ സമുദായത്തെ താഴ്തികെട്ടി എന്ന്.നമ്മുടെ അയല്‍വസിയുടെയോ സഹപ്രവര്തകന്റെയോ ജാതി തിരക്കുന്നത് പോലും പ്രയോജനം ഇല്ലാത്ത പരിപാടി ആകുന്ന ഈ കാലത്ത് (എനിക്ക് ഒരു സഹായം ആവശ്യമായി വരുന്ന സമയത്ത് എന്റെ ജാതിയില്‍ ജനിച്ചവര്‍ മാത്രമേ എന്നെ സഹായിക്കാന്‍ മുന്നോട്ടു വരൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നത് കൊണ്ട് )ആരെങ്കിലും ഒക്കെ കാശു ഉണ്ടാക്കാന്‍ എടുക്കുന്ന പടത്തിലെ കഥാപാത്രങ്ങളുടെ ജാതി അന്വേഷിച്ചു അതിലെ സന്ദേശം കണ്ടു പിടിക്കാന്‍ സമയം ചിലവഴിക്കുന്നത് ഒരു തരം മനോരോഗം ആയി മാത്രമേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ . ഇവന്മാരെ ഒക്കെ സന്തോഷിപ്പിക്കാന്‍ നേരത്തെ പറഞ്ഞത് പോലെ ഉള്ള ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ പടങ്ങള്‍ വരട്ടെ എന്നാശംസിക്കാം.

  മുസ്ലിം തീവ്രവാദത്തിന്റെ കഥ പറയുന്ന അന്‍വര്‍ ആയാലും ഹിന്ദു ജാതി വ്യവസ്ഥയുടെ ഭീകര മുഖം കാണിക്കുന്ന ആക്രോശ് പോലെയുള്ള ചിത്രങ്ങള്‍ ആയാലും മറ്റു ജാതികളിലുള്ള തീവ്രവാദികളെയും ഇടയിക്ക് ഒന്ന് കാണിക്കണം.ഇല്ലെങ്കില്‍ ഇതു മാത്രമേ ഉള്ളു എന്ന് കാണുന്നവന്‍ വിചാരിച്ചാലോ?നമ്മുടെ ഈ പുണ്യ ഭൂമിയില്‍ മതം ജാതി ഇവ അവനവന്റെ ആവശ്യത്തിനു ഉപയോഗിക്കനനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നാറികള്‍ എല്ലാ ജാതി മത വിഭാഗങ്ങളിലും ഉണ്ട് .മത വിശ്വാസികള്‍ എത്രത്തോളം പാവങ്ങളും നിഷ്കലങ്ങരും ആകുന്നോ അത്രയും കൂടുതല്‍ ഇവര്‍ക്ക് അവരെ പറ്റിക്കാന്‍ കഴിയുന്നു. ഇവനൊക്കെ പറയുന്നത് കേട്ട് നമ്മള്‍ സ്വന്തം സഹോദരന്മാരെ വെറുക്കാനും സംശയ ദ്രിഷ്ടിയോടെ നോക്കാനും തുടങ്ങുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ സ്വൈര ജീവിതം തന്നെയാണ് . ലളിതമായ ഈ കാര്യം നമ്മള്‍ എന്ന് മനസിലാക്കുന്നോ അന്ന് നമുക്ക് ഈ നാട്ടില്‍ സ്വൈരമായി ജീവിക്കാം

  ReplyDelete
 4. നല്ല റിവ്യൂ ,ആശംസകള്‍

  ReplyDelete
 5. Thanks for the review. പിന്നെ വര്‍ഗീയതയെ അനാവശ്യമായി വലിച്ചിഴക്കുകയാണ് എന്ന സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദിക്കുന്നു. See how narrow-minded we've become from, like, the early '90s?

  ReplyDelete
 6. കൊച്ചിയാണോ രാത്രി പുറത്തിറങ്ങരുത്, പകലും മെച്ചമൊന്നുമല്ല.....

  അത് ഏത് കുഞ്ഞുങ്ങള്‍ക്കും അറിയുന്ന കാര്യമല്ലേ, ഈ സന്ദേശം നല്‍കാന്‍ ഒരു ചിത്രം ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നോ എന്തോ?

  ReplyDelete
 7. ഈ വര്‍ഗീയത വെറുതെ പറഞ്ഞു വാര്‍ത്തയാക്കി..."എന്നാല്‍ ഒന്ന് കണ്ടേക്കാം" എന്ന് നാട്ടുകാരെ കൊണ്ട് ചിന്തിപ്പിക്കാനല്ലേ...ദിലീപേ മോനെ ഇത് കേരളമാ

  ഇനി അതേല്‍ കേറി പിടിക്കേണ്ട...ഒരാഴ്ച തീയറ്റര്‍ നെരങ്ങിയിട്ടു പോട്ടെ...ശല്യം.

  ReplyDelete
 8. ഞാന്‍ ഒരു കാര്യം ഓര്‍ത്തുപോവുകയാണ്‌ . ഏതാണ്ട് ഒരു എട്ടു പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ രഞ്ജിത്തും ഷാജി കൈലാസും മോഹന്‍ലാലും ചേര്‍ന്ന് ചില പക്കാ comercial പടങ്ങള്‍ പിടിച്ചിരുന്നു. നമ്മുടെ ചില ബുദ്ടിജീവികള്‍ ആ ചിത്രങ്ങളെ 'ഹൈന്ദവ ഫാസിസ്റ്റ് ' ചിത്രങ്ങള്‍ എന്ന് മുദ്ര കുത്തി. പണം ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യവും ഇല്ല എന്ന് സംവിധായകനും തിരക്കധക്രുതും ആണയിട്ടെങ്കിലും ബുദ്ടിജീവികള്‍ അടങ്ങിയില്ല . ഹൈന്ദവ പശ്ചാത്തലം ഉണ്ടായി പോയി എന്ന് വച്ച് ഒരു പടം വര്‍ഗീയം ആകുമോ ? അങ്ങനെ എങ്കില്‍ ഇതേ തിരക്കധക്രുതിന്റെ ഈ ഇടെ ഇറങ്ങിയ 'പ്രഞ്ചിയെട്ടന്‍ ' എന്നാ ചിത്രത്തെ ക്രിസ്തീയം എന്ന് വിളിച്ചു കൂടെ ?

  ReplyDelete
 9. ഷാരോണ്‍ , പോസ്റ്റ്‌ ഒന്ന് വായിക്കുക എങ്കിലും ചെയ്തിട്ടു കമന്റ്‌ ചെയ്യൂ പ്ലീസ്.
  "ശ്രീ ദിലീപ് പറഞ്ഞതേ ഈ ചിത്രം കണ്ട ഒരാളെന്ന നിലക്ക് എന്നിക് പറയാനുള്ളൂ . സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതു പറ്റിയേക്കാം (എനിക്കോ അബദ്ധം പറ്റി !!) "

  ReplyDelete
 10. മാഷിനെ പറഞ്ഞതല്ല. വെറും ആവറേജ് പടം ആയ അന്‍വര്‍ മുസ്ലിം വിരുദ്ധത പറഞ്ഞു( മാതൃഭൂമി ആഴ്ചപ്പതിപ്പ്) തെറ്റിദ്ധരിപ്പിച് വാര്‍ത്തയാക്കി തീയട്ടെരില്‍ ആളെ കേറ്റിയത് കണ്ടതല്ലേ.

  ആ ഒരു മരുന്ന് ഇവിടെ ദിലീപ് ചെയ്തപ്പോള്‍ ബുദ്ധിയുള്ള നമ്മള്‍ അത് മൈന്‍ഡ് ചെയ്യരുത്..അപ്പൊ അത്രേ ഒള്ളു.

  പോസ്റ്റ്‌ എല്ലാം വ്യക്തമായി വായിക്കുന്നു. ഒരു സമാന ഹൃദയന്‍ തന്നെയാണ് ഞാനും.

  ( താങ്കളുടെ പോസ്റ്റുകളില്‍ വിഷയത്തിന് മുന്‍പുള്ള കാടുതല്ലല്‍ ചിലപ്പോഴെങ്കിലും അരോചകം ആകാറുണ്ട്. വിഷയം നേരിട്ട് പറയുന്നതാണ് ഭംഗി എന്ന് എനിക്ക് തോന്നുന്നു. താങ്കളുടെ രചനാ ശൈലിയെക്കാള്‍ സിനിമയെപ്പറ്റി ഉള്ള അഭിപ്രായം വായിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം.....ഞാന്‍ ചുമ്മാ പറഞ്ഞന്നേയുള്ളു )

  ReplyDelete
 11. മത്തായി ഒരു കള്ളനായിരുന്നു. എല്ലാവരും അയാളെ താടിമത്തായി എന്നാണ് വിളിച്ചിരുന്നത്. കാരണം മത്തായി ആരെയെങ്കിലും നോക്കി താടി ചൊറിഞ്ഞാല്‍ അന്ന് അയാളുടെ വീട്ടില്‍ കക്കാന്‍ കയറും എന്നുള്ളത് കൊണ്ടാണ്‌. കള്ളനാണെങ്കിലും നല്ലവനായ മത്തായിയെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. ഇതിനെല്ലാം പുറമേ മത്തായി ഇടവകപ്പള്ളിയില്‍ സ്ഥിരമായി പോകുന്ന ഒരു തികഞ്ഞ ഭക്തനായിരുന്നു. ആയിടയ്ക്കാണ് ആ നാട്ടില്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ക്രൂരനും ആഭാസനുമായ ഒരു എസ്. ഐ. ചാര്‍ജ്ജെടുത്തത്. അയാള്‍ മത്തായിയെ അറസ്റ്റുചെയ്യാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മത്തായി ആ സമയത്ത് പള്ളിയില്‍ ധൂപക്കുറ്റി വീശിക്കൊണ്ടിരിക്കുകയായിരുന്നതിനാല്‍ രക്ഷപെട്ടു. മത്തായിയുടെ ആശാന്‍ തക്കസമയത്ത്‌ അന്യജാതിക്കാരനായ എസ്. ഐ. പള്ളിക്കകത്ത് കയറിയാല്‍ വിവരം അറിയും എന്നുപറഞ്ഞ് ആളുകളെ ഇളക്കിയത് രക്ഷയായി.

  തികഞ്ഞ ക്രിമിനലായ എസ്. ഐ. ശങ്കരന്‍ നമ്പൂതിരിപ്പാട് പിന്നീട് ആ പള്ളിയിലെ പൊന്നുംകുരിശ് മോഷ്ടിക്കുകയും അത് നിരപരാധിയായ മത്തായിയുടെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഒടുക്കം മത്തായിയുടെ മുന്‍പില്‍ അയാള്‍ പരാജയപ്പെടുക തന്നെ ചെയ്തു.

  ശുഭം.

  ReplyDelete
 12. സഹസ്രം കണ്ടത് മുതല്‍ പ്രേക്ഷകന് സുരേഷ്ഗോപിയോടു ഒരു സ്നേഹം കൂടിയല്ലേ? മേലുധ്യോഗസ്തനെ തെറിവിളിക്കുന്ന, പെണ്ണുങ്ങളോട് കേട്ടാല്‍ തോലിപോളിയുന്ന ഗീര്‍വാണം പറയുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ആവും താങ്കള്‍ ഉദ്ദേശിച്ചത് അല്ലെ .

  ദിലീപ് മലയാളത്തിന്റെ കമല്‍ ഹാസന്‍ ആണ് . ദിലീപ് എന്ത് ചെയ്യുന്നോ അതായിരിക്കും ശരി . ഒരു കിലവനോടുള്ള തന്റെ സോഫ്റ്റ്‌ കോര്‍ണര്‍ ഞങ്ങള്‍ക്ക് അറിയാമെടോ . ഈ കിളവന്‍ പണ്ട് എന്തോ മലമാരിച്ചു എന്നൊക്കെ ദ്വാനിപ്പിക്കുന്ന ചില വാക്കുകള്‍ താങ്കള്‍ പുലംപിയതയും ഞാന്‍ കേള്‍ക്കാനിടയായി . വേണ്ടെടോ വേണ്ട ആ കാലം തിരിച്ചു വരന്‍ ഞങ്ങള്‍ സമ്മതിക്കില്ല . ഞങ്ങളുടെ ദിലീപ് കഴ്ച്ചവേക്കുന്നതാണ് ഏറ്റവും സ്വാഭാവിക അഭിനയം . പഴയ ചില കൂട്ടുകെട്ടുകള്‍ ഒത്തു ചെര്ന്നലോന്നും ദിലീപിന്റെ രോമത്തില്‍ തൊടില്ല . മലയാളം കണ്ട ഏറ്റവും മികച്ച നടന്‍ ആണ് ദിലീപ് . ഏറ്റവും സ്വാഭാവികം ആയി ഹാസ്യം ചെയ്യ്ത മലയാളത്തിലെ എക്കാലത്തെയും നായകന്‍ ആണ് ദിലീപ് . നിര്‍മാണത്തില്‍ ആയാല്‍ പോലും ദിലീപേട്ടന്റെ പരാജയം ഞങ്ങള്‍ സഹിക്കില്ല ! തന്‍ ദിലീപേട്ടന്റെ ആള്‍ ആണ് എന്നാണ് ഞാന്‍ ഇത്രയും നാള്‍ കരുതിയത്‌ , പക്ഷെ താന്‍ കിലവന്മാരില്‍ ഒരുത്തന്റെ രഹസ്യ ഫാന്‍ ആണ് എന്ന് ഞാന്‍ മനസ്സിലാക്കി .

  ReplyDelete
 13. ഷാരോണ്‍, ഈ ചിത്രവുമായി ബന്ധപ്പെട്ടു അങ്ങനെ ഒരു ശ്രമം ഞാന്‍ ഇതു വരെ കണ്ടില്ല.പക്ഷെ ഇതിനു മുന്‍പിറങ്ങിയ പല ചിത്രങ്ങളും (അന്‍വര്‍ മാത്രമല്ല )ഈ ഒരു ആംഗിളില്‍ നിരൂപണം നടത്തുന്ന ഒരു പ്രവണത കാണുകയുണ്ടായി . ഈ ഒരു പ്രവണത മോശം ആണെന്ന് ആരും പറഞ്ഞു കണ്ടില്ല.(ഈ ബൂലോകത്തെ ബുജികള്‍ സിനിമയിലെ ബിംബങ്ങളെ പറ്റി വാചാലര്‍ ആയി ഈ തീയില്‍ എണ്ണ ഒഴിക്കുന്നതല്ലാതെ മറ്റൊന്നും ചെയുന്നത് കണ്ടിട്ടില്ല ). സിനിമ നിര്‍മിക്കുകയും സംവിധാനം ചെയുകയും ചെയുന്നവര്‍ക്ക് അത് ലാഭം ഉണ്ടാക്കണം എന്നല്ലാതെ ബിംബങ്ങള്‍ ഉണ്ടാക്കുകയും സന്ദേശങ്ങള്‍ പ്രച്ചരിപ്പികുയും ആണ് ഉദേശം എന്ന് പറയുന്നത് എന്തോ എനിക്ക് ദഹിക്കുന്നില്ല.പിന്നെ ഒരു സിനിമയിലെ കുറച്ചു കഥാപാത്രങ്ങള്‍ ഏതെങ്കിലും ഒരു ജാതിയില്‍ പെട്ടവരായി കാണിച്ചാല്‍ ആ ജാതിക്കാര്‍ മൊത്തം നല്ലവരോ ചീത്തയോ ആയി ചിത്രീകരിക്കപെടുന്നതെങ്ങനെ ?നല്ലവര്‍ മാത്രം നിറഞ്ഞ അല്ലെങ്ങില്‍ ചീത്ത ആളുകള്‍ മാത്രം നിറഞ്ഞ ഏതെങ്കിലും ജാതി ഈ ലോകത്തുണ്ടെന്ന് നമ്മളാരും വിശ്വസിക്കുനുണ്ടാവില്ല ഉവ്വോ?.താങ്കള്‍ പറഞ്ഞതു പോലെ പലപ്പോഴും എഴുതി വരുമ്പോള്‍ കാടു കേറി പോകുന്നതാണ് .എഴുതാനുള്ള സ്വാഭാവികമായ കഴിവില്ലാത്തവര്‍ക്ക് പറ്റുന്ന ഒരു ദുരന്തമാകാം സംഭവം

  ReplyDelete
 14. സുരാജ് വെഞ്ഞരംമൂടിന്റെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോയി . ഹോ .....സഹിക്കാന്‍ പറ്റുന്നില്ല. 4 ഫ്രണ്ട്സ് എന്നാ പടത്തില്‍ സലിം കുമാറും ഭീകരമായ പ്രകടനം നടത്തി .

  character വേഷതോടൊപ്പം ഹാസ്യവും നന്നായി ചെയ്യാന്‍ കഴിവുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കുതിരവട്ടം പപ്പു, ശങ്കരാടി എന്നിവരുടെ അഭാവം വേദനയോടു കൂടി ഇത്തരം പരകടനങ്ങള്‍ നമ്മളെ ഓര്‍മിപ്പിക്കും .

  കാലം ചെല്ലുന്തോറും മലയാള സിനിമയിലെ നടന്മാരുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടനല്ലോ ?

  ReplyDelete
 15. "താങ്കള്‍ പറഞ്ഞതു പോലെ പലപ്പോഴും എഴുതി വരുമ്പോള്‍ കാടു കേറി പോകുന്നതാണ്"

  But this "kaaduthallal" is what makes the reviews in this blog different from those on other sites... And makes them more interesting... I think most of the readers would agree with me.

  ReplyDelete