Saturday, July 14, 2012

ബില്ല 2- Billa 2

അനിയാ, നീ ഉനൈ പോല്‍ ഒരുവനെ കണ്ടിട്ടുണ്ടോ?

എന്നെ പോലെ വേറെ ഒരുത്തനെയോ? ഇല്ല അണ്ണാ.നമ്മ സിംഗിള്‍ പീസ്‌ അല്ലെ ?

അത് നയം .ഞാന്‍ ചോദിച്ചത് തമിഴ് സിനിമയായ ഉനൈ പോല്‍ ഒരുവന്‍ കണ്ടിട്ടുണ്ടോ എന്നാണ് ?

ഓ ...കാര്യം മനസിലായി .അതിന്റെ സംവിധായകന്‍ ചക്രി ടോലെറ്റി സംവിധാനം ചെയ്ത ബില്ല 2 അണ്ണന്‍ കണ്ടു കാണും അല്ലെ ?

നീ പുത്തിയുടെ കാര്യത്തില്‍ സേതുരാമയ്യരുടെ അമ്മായിടെ മോന്‍ തന്നടാ.

അതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാ .പക്ഷെ , ദേ അണ്ണാ ഞാന്‍ വേറെ ഒരു കാര്യം പറഞ്ഞേക്കാം...

പറ ചെല്ലാ

കാര്യം നിങ്ങള്‍ പടം കണ്ടിട്ട് വന്നു പറയുന്ന പോയന്റുകള്‍ എഴുതിയും ,മുക്കിയും ഒക്കെയാണ് ഞാന്‍ കാളകൂടത്തില്‍ വിലസുന്നത്. പക്ഷെ നിങ്ങള്‍ സ്ഥിരം ചെയ്യുന്ന പരിപാടി ചെയ്യാനാണെങ്കില്‍ ബില്ല ഞാന്‍ കഷ്ടപ്പെട്ട് കാശ് മുടക്കി കണ്ട് എന്റെ പൊട്ട ബുദ്ധിയില്‍ തോന്നണ വല്ലതുമൊക്കെ എഴുതി കാലകൂടത്തിന് കൊടുത്തോളാം.

നീ കരയാതെ.എന്‍റെ എന്ത് സ്ഥിരം പരിപാടി ഒഴിവാക്കണം എന്നാണ് ?

ഉനൈ പോല്‍ ഒരുവന്‍ എന്ന സിനിമയില്‍ തുടങ്ങി മോഹന്‍ലാലിനെ പത്ത് തെറി പറഞ്ഞ് ബില്ലയില്‍ എത്തുന്ന സ്ഥിരം പരിപാടി. നിങ്ങള്‍ എഴുതി തന്ന സ്പിരിറ്റിന്റെ റിവ്യൂ ഒന്ന് വായിച്ചു പോലും നോക്കാതെ പബ്ലിഷ് ചെയ്തതിന്റെ തിക്തഫലം ഞാന്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .

ഇന്നത്തെ കാലത്ത് സത്യം പറയുമ്പോള്‍ അങ്ങനെ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും അനിയാ.

തത്കാലത്തേക്ക് എനിക്ക് രാവിലെയും വൈകുന്നേരവും മുടങ്ങാതെ പൊതുക്ക് കിട്ടാനുള്ള സത്യങ്ങള്‍ ഒക്കെ നിങ്ങള്‍ കാരണം ഞാന്‍ ആള്‍റെഡി പബ്ലിഷ് ചെയ്തിട്ടുണ്ട്.മോഹന്‍ലാല്‍ ,മമ്മൂട്ടി , താടി രഞ്ജിത്ത് ഇവരെയൊന്നും സ്മരിക്കാതെ ബില്ല 2 വിന്റെ ഒരു മൊത്ത രൂപം തരാന്‍ നിങ്ങക്ക് പറ്റുവോ ഇല്ലേ ?

അനിയാ,ഡേ,നീ ഈ പറഞ്ഞവരൊക്കെയാണ് മലയാള സിനിമയുടെ നട്ടെല്ല് ,ആമാശയം,പിന്നെ വേറെ എന്തൊക്കെയോ എന്നൊക്കെയല്ലേ നീയും നിന്റെ ഓണ്‍ലൈന്‍ കൂതറകളും പറയുന്നത് ? നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന ഒരു തമിഴ് സിനിമയെക്കുറിച്ച് പറയുമ്പോള്‍ മലയാള സിനിമയുമായി അതിനെ താരതമ്യം ചെയ്യുന്നത് സ്വാഭാവികം . അങ്ങനെ ചെയ്യുമ്പോള്‍ നിന്റെയൊക്കെ ഈ നട്ടെല്ലും,ആമാശയവും ഒക്കെ ഒഴിവാക്കുന്നത് എങ്ങനെ ?

അണ്ണാ ,നിങ്ങക്ക് പറ്റുവോ ഇല്ലേ ?

പിണങ്ങാതെ ചെല്ലാ. അല്ലെങ്കിലും ഞാന്‍ ഉനൈ പോല്‍ ഒരുവന്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചത് നിന്റെയൊക്കെ ലാലേട്ടനെ കുറ്റം പറയാനല്ല. ആ സിനിമ കണ്ടപ്പോള്‍ എ വെനസ്ഡേ എന്ന സിനിമ റീമെയിക് ചെയ്ത് കുളമാക്കിയതിന്റെ ഉത്തരവാദിത്വം കമലഹാസനോ,ചക്രി ടോലെറ്റിക്കോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.ബില്ല 2 കണ്ടപ്പോള്‍ എനിക്ക് മനസിലായി ആ ക്രൂരകര്‍മ്മത്തില്‍ കമല്‍ഹാസന് ഉള്ള പങ്കില്‍ ഒട്ടും കുറവല്ല ചക്രിയുടെ പങ്കും എന്ന് .

പടം കൊള്ളൂലേ അണ്ണാ ?

കാര്യങ്ങള്‍ ഇങ്ങനയെ പറയാവു എന്ന് നിന്‍റെ വിലക്ക് ഉള്ളത് കൊണ്ട് താരതമ്യം ആദ്യമേ തീര്‍ത്തേക്കാം.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇറങ്ങിയ ഇതൊരു മലയാളം പടങ്ങളെക്കാള്‍ (നമുക്ക് പാര്‍ക്കാന്‍ ഒഴികെ ) കണ്ട് കൊണ്ടിരിക്കാവുന്ന പടമാണ്.

അപ്പൊ കൊള്ളാം ?

ഹാ ...പറഞ്ഞ് തീരട്ട് ...പക്ഷെ തമിഴ് സിനിമയുടെ ഇപ്പോഴത്തെ ഒരു നിലവാരം വെച്ച് വെറും കൂറപ്പടം

അയ്യോ...ബില്ല നല്ല തകര്‍പ്പന്‍ പടമായിരുന്നല്ലോ അണ്ണാ ? അതിന്റെ തുടര്‍ച്ച മാത്രമല്ല അജിത് മങ്കാത്തയ്ക്ക് ശേഷം അഭിനയിക്കുന്ന പടവും. അത് മോശമാകുമോ ?

ഡേ ,ബില്ലയുടെ പ്രത്യേകത എന്തായിരുന്നു ?

നല്ല സ്റ്റൈലന്‍ പടമല്ലയിരുന്നോ ?

സ്റ്റൈല്‍. അതാണ്‌ ക്യാച്ച്.വിഷ്ണു വര്‍ദ്ധന്‍ എന്ന സംവിധായകന്‍ ആ padam അവതരിപ്പിച്ച രീതിയായിരുന്നു. അല്ലാതെ അത് ഒരു സാധാരണ ആക്ഷന്‍ സിനിമ.അവതരണത്തിലെ പുതുമ കൊണ്ട് ആളുകള്‍ക്ക് ഇഷ്ട്ടപ്പെട്ടു

ആ പുതുമ ബില്ല 2 വില്‍ ഇല്ലേ?

ചക്രി ടോലെറ്റി ഈ സിനിമയില്‍ ശ്രമിച്ചിരിക്കുന്നത് ബില്ലയില്‍ കണ്ട സ്റ്റൈല്‍ അതെ പടി കൊണ്ട് വരാനാണ്. കുറച്ച് കൊല്ലങ്ങള്‍ മുന്‍പ് പുതുമയായി തോന്നിയ സാധനം ഏകദേശം അതേപടി കണ്ടാല്‍ നമുക്ക് ബോറടിക്കില്ലേ ? അതാണ്‌ ഈ സിനിമയുടെ പ്രശ്നം

കുറച്ചു കൂടെ ക്ലിയറാക്ക് അണ്ണാ.

ഡേ, ബില്ല എങ്ങനെ ബില്ലയായി എന്നുള്ളതാണ് ഈ സിനിമയുടെ കഥ. അതായത് പാര്‍ട്ട്‌ വണ്ണിലെ ക്രൂരനായ അണ്ടര്‍വേള്‍ഡ് ഡോണ്‍ ബില്ല എങ്ങനെ ഉണ്ടായെന്നുള്ള പഴയ കഥ .അതാണ്‌ പാര്‍ട്ട്‌ 2.ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥിയായ് തമിഴ് നാട്ടില്‍ എത്തുന്ന ഡേവിഡ്‌ ബില്ല (അജിത്‌ കുമാര്‍ ), ശ്രീലങ്കയില്‍ അച്ഛന്‍ ,അമ്മ,സഹോദരി എന്നിവരോടൊപ്പം സുഖമായി താമസിച്ചിരുന്ന കാലവും, ഒരു സൈനിക നടപടിയില്‍ ബീല്ലയുടെ അച്ഛനും,അമ്മയും കൊല്ലപ്പെടുന്നതും,ചോദിക്കാനും പറയാനും ആളില്ലാതെ ബില്ല തെറ്റുകളുടെ വഴിയിലേക്ക് തിരിയുന്നതും ഒക്കെ ടൈറ്റില്‍ കാണിക്കുമ്പോള്‍ ഫോട്ടോഗ്രാഫുകളായി കാണിക്കുന്നുണ്ട് .തമിഴ്നാട്ടില്‍ എത്തുന്ന ബില്ല അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് വൈരങ്ങള്‍ കടത്തുന്ന ഒരു സംഘവുമായി ബന്ധപ്പെടുന്നു. ക്യാമ്പിന്റെ സൂപ്പര്‍ വൈസര്‍ രഘുബീര്‍ സിന്‍ഹയും (മലയാള നടന്‍ കൃഷ്ണകുമാര്‍), അയാളുടെ പങ്കാളിയും വൈരങ്ങള്‍ മറിച്ച് വില്‍ക്കാനുള്ള ഒരു ചതിയില്‍ ബില്ലയെപ്പെടുത്താന്‍ ശ്രമിക്കുന്നു. രക്ഷപ്പെടുന്ന ബില്ല വൈരങ്ങള്‍ യഥാര്‍ത്ഥ സ്ഥാനത്തു എത്തിക്കുന്നു, അവിടുത്തെ സംഘത്തിലെ അംഗവും ആകുന്നു. പിന്നെ പതുക്കെ മയക്കു മരുന്ന് , ആയുധങ്ങള്‍ എന്നിവയുടെ വ്യപരത്തിലേക്ക് ബില്ല കടക്കുന്നു . അബ്ബാസ്സി (സുദേഷ് ദേഷ് പാന്‍ഡേ ), കോടീശ്വര റാവു (മനോജ്‌ കെ ജയന്‍ ), ഡിമിത്രി (വിദ്യുത് ജമ്വ്വല്‍ ) എന്നിവര്‍ ആദ്യം സുഹൃത്തുക്കളായും പിന്നെ ശത്രുക്കളായും ബില്ലയുടെ ജീവിതത്തിലേക്ക് വരുന്നു. ബില്ലയുടെ സഹോദരിയ്ടെ മകള്‍ ജാസ്മിന്‍ (പാര്‍വ്വതി ഓമനക്കുട്ടന്‍), അബ്ബസ്സിയുടെ കാമുകി സമീര (ബ്രുണ അബ്ദുള്ള ) എന്നിവര്‍ ബില്ലയുടെ കാമുകിമാരായും.

കഥ കേട്ടിട്ട് നല്ല കലക്കനായി എടുക്കാവുന്ന സംഭവം ആണല്ലോ അണ്ണാ ?

അതാണ്‌ പ്രശ്നവും. കഥ പറഞ്ഞ് വന്നപ്പോള്‍ കൈ വിട്ടു പൊയ് . പാര്‍ട്ട്‌ വണ്ണിലെ ക്രൂരനും , ആരെയും വിശ്വസമില്ലാത്തവനുമായ ബില്ല എങ്ങനെ ഉണ്ടായി എന്ന് പറയുന്ന രീതിയില്‍ പോകേണ്ട കഥ പോകുന്നത് ഒരു അവരജെ ആക്ഷന്‍ സിനിമയുടെ മട്ടില്‍. ബില്ല ആദ്യം മുതലേ ക്രൂരനും,ആരെയും വിശ്വാസം ഇല്ലത്തതവനുമായ ഒരുത്തന്‍ തന്നെയാണ് ഈ സിനിമയിലും.പടം കഴിയുമ്പോള്‍,ബില്ലയുടെ സ്വഭാവം എങ്ങനെ രൂപപ്പെട്ടു എന്ന് പറയുന്നതിന് പകരം ചക്രി പറയാന്‍ ശ്രമിക്കുന്നത് ബില്ലയ്ക്ക് കോട്ടും, കൂളിംഗ്ഗ്ലാസും എവിടെ നിന്നൊക്കെ കിട്ടി എന്നാണ് എന്ന് തോന്നി പോകും. ചതികള്‍ ,ട്വിസ്റ്റുകള്‍ ഇതൊക്കെയാണെങ്കില്‍ പെട്ടെന്ന് പറഞ്ഞ് തീര്‍ത്തിട്ട് അടുത്ത സ്റ്റൈല്‍ ഇറക്കം എന്ന മട്ടില്‍ ധൃതി പിടിച്ചു കാണിച്ച് കുളമാക്കുകയും ചെയ്തിട്ടുണ്ട് .ആക്ഷന്‍ രംഗങ്ങള്‍ നന്നായി എന്ന് തോന്നി വരുമ്പോഴേക്കും ചക്രി സ്വന്തം ബുദ്ധി ഉപയോഗിച്ച ഒരു സീന്‍ ഇടയില്‍ തിരുകി ആ തോന്നല്‍ മാറ്റിത്തരും. ഉദാഹരണത്തിന് ടൈറ്റില്‍ കാണിക്കുന്നതിന് മുന്‍പുള്ള ആക്ഷന്‍ രംഗങ്ങള്‍ , പിന്നെ ഒന്നാം പകുതിയിലെ ഒട്ടു മിക്ക ആക്ഷന്‍ രംഗങ്ങള്‍ ഇതൊക്കെ കിടിലം എന്ന് മനസ്സില്‍ അങ്ങോട്ട്‌ തോന്നി വരുമ്പോഴേക്കും പോലീസുകാര്‍ പിടിച്ചെടുത്ത ആയുധങ്ങള്‍ നിറഞ്ഞ ഒരു ട്രാക്ക് ബില്ല കടത്തിക്കൊണ്ടു പോകുന്ന ഒരു സീന്‍ വരും. കണ്ടിരിക്കുമ്പോള്‍ ചിരി നിറുത്താന്‍ പറ്റില്ല അനിയാ. അത് പോലെ തന്നെ വില്ലന്മാരുടെ കൈയ്യില്‍ നിന്നും ജാസ്മിനെ ബില്ല രക്ഷിക്കുന്ന രംഗവും. ക്ലൈമാക്സിലെ അടിയാണെങ്കില്‍ പ്രധാന വില്ലനായ ഡിമിത്രിയെ ആദ്യം കാണിക്കുന്ന സീനില്‍ കൊടുക്കുന്ന കിടലന്‍ ബില്‍ഡ് അപ്പ് (കുറെ ആളുകളെ അടിച്ചിടുന്ന ഒരു ഉഗ്രന്‍ ഫയിറ്റ് ) മൊത്തമായി നശിപ്പിക്കുന്ന ഒന്നും.

അജിത്‌ എങ്ങനെയുണ്ട് അണ്ണാ ?

പറഞ്ഞ പണി വൃത്തിയായിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ വിജയുടെ ഒപ്പം തന്നെ താരമൂല്യമുള്ള അജിത്‌ ഇങ്ങനെ ഒന്നും നോക്കാതെ സംവിധായകന്‍/തിരക്കഥാകൃത്ത് പറയുന്ന തല്ലിപ്പൊളി സാധനങ്ങളില്‍ ഒക്കെ കയറി അഭിനയിക്കുന്നത് കഷ്ടമാണ്. ഇത്രയും കൊല്ലത്തെ അഭിനയത്തിലെ പരിചയം കൊണ്ടൊന്നും ഇങ്ങേര്‍ക്ക് ഒരു വെളിവും ഇതുവരെ വന്നില്ലേ എന്ന് ആളുകള്‍ ചോദിച്ചാല്‍ കുറ്റം പറയാന്‍ ഒക്കില്ല . വിജയ്‌ മിനിമം ഒരു സ്ഥിരം ഫോര്‍മുല ഫോളോ ചെയ്യാനാണ് ശ്രമിക്കുന്നത്. വിജയ്ടെ സിനിമയുടെ സ്ഥിരം പ്രേക്ഷകര്‍ ആ നടനില്‍ നിന്നും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും .പക്ഷെ അജിത്‌ വ്യതസ്തമായ പടങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന നടന്‍ എന്ന നിലയില്‍ കഥയും , തിരക്കഥയും ഒക്കെ കുറച്ചു കൂടി ശ്രദ്ധിച്ച് സിനിമകള്‍ തിരഞ്ഞെടുത്താല്‍ അയാള്‍ക്ക് കൊള്ളാം

പാര്‍വതി ഓമനക്കുട്ടന്‍ ?

എന്‍റെ അമ്മോ . ആ കൊച്ചിനെ പിടിച്ച് ക്യാമറയുടെ മുന്നില്‍ നിറുത്തി ചക്രി നമ്മളോട് ചില്ലറ പാതകം ഒന്നുമല്ല ചെയ്യുന്നത്. അകെ വരുന്നത് നാല് സീനില്‍.ഓരോ സീനിലും കഴിഞ്ഞ സീനിലെക്കാള്‍ ബോറായി അഭിനയിക്കും എന്ന വാശി ആ കൊച്ചിന് ഉണ്ടെന്ന് തോന്നുന്നു.

ബ്രുണ അബ്ദുള്ള ?

ആ കുട്ടി കാണാന്‍ കൊള്ളാം.പക്ഷേ പാര്‍ട്ട്‌ വണ്ണില്‍ നയന്‍‌താര ,നമിത എന്നിവര്‍ നല്‍കിയ ആ ഒരു ഗ്ലാമര്‍ കോഷ്യന്റ്റ് കൊണ്ടു വരാന്‍ പറ്റിയിട്ടില്ല. സംവിധായകന്‍ ചക്രി മറന്ന് പോയ ഒരു കാര്യവും അതാണ്‌ പാര്‍ട്ട്‌ വണ്ണിന്റെ വിജയത്തില്‍ നയന്‍‌താര ,നമിത എന്നിവരുടെ ഗ്ലാമര്‍ കോഷ്യന്റ്റ് വഹിച്ച പങ്ക്.

വില്ലന്മാര്‍ ?

മനോജ്‌ കെ ജയന്‍ ഒക്കെ വെറും ഹാസ്യം . വിദ്യുത് ജമ്മ്വല്‍ സ്റ്റൈലായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .പക്ഷേ ചക്രി അതില്‍ കൂടുതല്‍ സ്കോപ് ഒന്നും കൊടുക്കുന്നില്ല. പിന്നെ ദോഷം പറയരുതല്ലോ അനിയാ ,മലയാളി നടന്‍ കൃഷ്ണകുമാര്‍ പത്ത് മിനിട്ടേ ഉള്ളെങ്കിലും , രഘുബീര്‍ സിന്‍ഹ എന്ന വില്ലന്‍ പോലീസിനെ നന്നാക്കി.

അപ്പൊ ചുരുക്കത്തില്‍ ?

കിടിലം പടമാകാനുള്ള എല്ലാ ഘടകങ്ങളും ഉണ്ടായിട്ടും സംവിധായകന്‍ നശിപ്പിച്ച ഒരു സിനിമ .അതാണ്‌ ബില്ല ൨. ഉനക്കുള്‍ ഒരു മിരുഗം എന്നൊരു കിടിലന്‍ പാട്ട് ,സിന്‍ സിറ്റി സിനിമയുടെ വൃത്തികെട്ട അനുകരണമായി കോമിക് ബുക്ക്‌ രീതിയില്‍ എടുക്കാന്‍ ശ്രമിച്ച് കൂതറയാക്കിയ ഒറ്റ കാര്യമോര്‍ത്താല്‍ ചക്രിയുടെ ചക്രമൂരാന്‍ തോന്നും. അപ്പൊ ബാക്കി പടം പറയാനുണ്ടോ ?

1 comment:

  1. ഈ വിജയുടെ അത്രേം താരമൂല്യമുള്ള അജിത്‌ എന്ന് പറഞ്ഞത്‌ ഇത്തിരി കൂടി പൊയി....തമിള്‍ നാട്ടില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാല്യൂ ഉള്ള നടനാണ് അജിത്‌............. രജനി പടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വെല്യ ഓപനിംഗ് കിട്ടനതും അജിതിനാണ്...തെലുഗ് സിനിമകള്‍ രേമാകെ ചെയ്യണ വിജ്യ്ക്ക് കേരളത്തില്‍ ഫാന്‍സ്‌ ഉണ്ട്...പിന്നെ വേലയുധമൊക്കെ നല്ലതാന്ന് പറഞ്ഞ താ താങ്കള്‍ക് ഇങ്ങനെയും പറയാം....

    ReplyDelete