Thursday, July 28, 2011

ഓര്‍മ്മ മാത്രം

അനിയാ....

നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ ?? ഒരാഴ്ചയായിട്ടു അനക്കമേ ഇല്ലല്ലോ?

സ്വല്‍പ്പം മാനുഷിക പരിഗണന താടെ.ജൂലൈയില്‍ മാത്രം കണ്ട കൂതറ പടങ്ങളുടെ എണ്ണം എടുക്കാന്‍ രണ്ടു കൈ വിരലും തികയാത്ത അവസ്ഥയാണ്‌.അപ്പോള്‍ ആണോടാ നീ ബാക്കി കൂതറ കാണാത്തത് എന്ന് ചോദിക്കുന്നെ?

ഹ.... ഒരു കുശലം ചോദിച്ചതല്ലേ അതിനു ഇങ്ങനെ ദേഷ്യപ്പെട്ടാലോ അണ്ണാ..അപ്പോള്‍ ചുരുക്കത്തില്‍ എന്നി സിനിമയുടെ വിശേഷങ്ങള്‍ ചിത്ര വിദ്വേഷത്തില്‍ എഴുതാന്‍ ഞാന്‍ വേറെ വല്ലോരെയും നോക്കണം എന്ന് ചുരുക്കം .

എന്നാലും സ്വയം കാണരുത് ....

ഏറ്റവും അവസാനം ഞാന്‍ പൊയ് കണ്ടു സ്വന്തമായി എഴുതിയ നിരൂപണവും ആയി കളകൂടത്തില്‍ കേറി ചെന്ന എന്നെ മുതലാളി തല്ലിയില്ല എന്നെ ഉള്ളു.അന്ന് തീരുമാനിച്ചതാ ഇനി ഈ പണി സ്വയം ചെയ്യില്ലെന്ന്.മാത്രമല്ല നിരൂപകന്മാര്‍ക്കിടയില്‍ എനിക്കുള്ള വെയിറ്റ് അതോടെ തീരില്ലേ.സ്വയം സിനിമ കണ്ട്‌ നിരൂപണം എഴുതുക എന്നൊക്കെ പറഞ്ഞാല്‍........

ശരി ശരി അതൊക്കെ നില്‍ക്കട്ടെ ഞാന്‍ ഇന്നലെ കണ്ട ഓര്‍മ്മ മാത്രം എന്ന ചിത്രത്തെ പറ്റി പറയാനാ ഇപ്പോള്‍ വന്നത്.

ഓ .മെമ്മറീസ് എലോണ്‍ . നന്നായി. ദിലീപ്ന്‍റെ പടമല്ലേ? എങ്ങനെയുണ്ട് ?

ആദ്യമേ തന്നെ വിവരക്കേട് പറയാതെ.ഓര്‍മ്മ മാത്രം എന്നതിന്റെ ശരിക്കുള്ള ആംഗലേയം ഒണ്‍ലി ആസ് എ മെമ്മറി എന്ന് വരും . പദാനു പദം തര്‍ജ്ജിമ വേണം എന്ന് വാശിയാണേല്‍ ഇന്‍ മെമ്മറി ഒണ്‍ലി എന്നല്ലേ വരൂ ?

നിങ്ങളാര് ഇംഗ്ലീഷ് എഴുത്തച്ഛനോ ?പടത്തിന്റെ കാര്യം പറ അണ്ണാ

അനിയാ മധു കൈതപ്രമാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ഏകാന്തം,മധ്യവേനല്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇദേഹം മുന്‍പ് സംവിധാനം ചെയ്തിട്ടുള്ളത് .ഇതില്‍ ഏകാന്തത്തിനു ഇദ്ദേഹത്തിനു മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു എന്നാ ഓര്‍മ (അല്ലെങ്കില്‍ ക്ഷമിച്ചു കള).രാജന്‍ തളിപ്പറമ്പ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ റഹിം കടവത്തും തിരകഥ സംഭാഷണം എന്നിവ പ്രശസ്ത സാഹിത്യകാരനായ ശ്രീ സി വി ബാലകൃഷ്ണനും ആണ് .ദിലീപിനെ കൂടാതെ പ്രിയങ്ക,ധന്യ മേരി,ജഗതി,സലിം കുമാര്‍ നെടുമുടി തുടങ്ങിയവര്‍ അഭിനയിക്കുന്നു (സുരാജ് അഭിനയിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് )

ഇതെന്തോന്ന് അണ്ണാ നോട്ടീസ് വായനയോ ? ഇതൊക്കെ അറിയാന്‍ ഒരു സിനിമ പോസ്റ്റര്‍ നോക്കിയാല്‍ പോരെ .അണ്ണന്‍ കാര്യത്തിലോട്ടു കടന്നേ

എന്നാല്‍ ശരി കഥയെ പറ്റി പറയാം,വാര്യര്‍ (ജഗതി)എന്ന വക്കീലിന്‍റെ ഗുമസ്തനായി ജോലി ചെയ്യുന്ന അജയന്‍ (ദിലീപ്).ഭാര്യ സഫിയ (പ്രിയങ്ക) അഞ്ചു വയസുള്ള മകന്‍ ദീപു.മിശ്ര വിവാഹിതരായ ഇവര്‍ ജൂത തെരുവ് പോലെയുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്.അയല്‍വാസികളായ പുരവസ്തുകളുടെ കട നടത്തുന്ന വൃദ്ധ ദമ്പതികള്‍ (നെടുമുടിയും ഭാര്യയും ).കുടുംബ സുഹൃത്തായ,ഇസ്രായേലിലേക്ക് പോയ കാമുകനെ കാത്തിരിക്കുന്ന കാതെറിന്‍ (ധന്യ മേരി) എങ്ങനെ കുറച്ചു പേര്‍ അവരുടെ ചുറ്റും ഉണ്ട്.സ്നേഹം പങ്കിടപ്പെടും എന്ന് കരുതി രണ്ടാമതൊരു കുട്ടി വേണ്ട എന്ന് വയ്ക്കുന്ന ഇവര്‍ രണ്ടാമത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ വരുന്നിടതാണ് ചിത്രം തുടങ്ങുന്നത്.(സ്നേഹം പങ്കിടപ്പെടും എന്ന പഴഞ്ചന്‍ ന്യായത്തിന് പകരം ഇടത്തരക്കാരന്റെ പ്രായോഗിക സമീപനം കൊണ്ടുവന്നിരുന്നെകില്‍ നന്നായിരുന്നു എന്നൊരു അഭിപ്രായം എനിക്കിവിടെ ഉണ്ട് ).കാഴ്ചക്ക് ബുദ്ധിമുട് അനുഭവിക്കുന്ന അജയന്‍ തനിക്കു ക്രമേണെ കാഴ്ച ഇല്ലാതാകുന്ന രോഗമാണെന്ന് മനസിലാക്കുന്നു.അത് ഭാര്യയെ അറിയിക്കാതെ ഒരു വിധം സന്തോഷമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ഒരു ബോംബ്‌ സ്ഫോടനത്തിന് ഇടയില്‍ ഉണ്ടാകുന്ന ബഹളത്തിനിടയില്‍ മകന്‍ ദീപുവിനെ കാണാതാകുന്നത്

വലിയ കുഴപ്പം ഇല്ലല്ലോ അണ്ണാ.ഇനിയോ?

ഇനിയല്ലേ തമാശ.ഇവിടുന്നു അങ്ങോട്ട്‌ കഥ ഒരു മാതിരി വീടിലെ സ്വീകരണ മുറിയില്‍ കയറി പറ്റിയ ആനയെ പോലെ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്നതാണ്.ദിലീപിന് മകനെ അന്വേഷിച്ചു അലഞ്ഞു നടക്കുക.പ്രിയങ്കയക്ക്‌ കരയുക,മറ്റുള്ളവര്‍ക്ക് ഇവരെ ആശ്വസിപ്പിക്കുക ഇതു മാത്രമാണ് രണ്ടാം പകുതിയില്‍ ചെയ്യാനുള്ളത് .

അല്ല, അതിപ്പോള്‍ നമ്മുടെ വീട്ടില്‍ ഒരു കുട്ടിയെ കാണാതെ പോയാലും ഇതൊക്കെയല്ലേ ചെയ്യുക

അത് ന്യായം പക്ഷെ അത് മാത്രം ആയാലോ? ഇതു പോലെ ഒരു സിനിമ ആകുമ്പോള്‍ ചുരുങ്ങിയ പക്ഷം താഴെ പറയുന്നതില്‍ ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്നാണ് എന്‍റെ അഭിപ്രായം
1)ഇതു പോലെ ഒന്ന് നമുക്കും നാളെ സംഭവിച്ചേക്കാം എന്ന തോന്നല്‍ കാണികളില്‍ ഉണ്ടാക്കുക
(തന്മാത്ര എന്ന സിനിമയില്‍ ബ്ലെസി നന്നായി ചെയ്തതും റോഷന്‍ ആന്‍ഡ്രൂസ് ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ ചെയ്യാന്‍ ശ്രമിച്ചു ദയനീയമായി പരാജയപ്പെട്ടതുമായ സംഗതി )

2)കാണാതെ പോയ കുട്ടിയെ കണ്ടെത്തുമോ ഇല്ലയോ എന്നറിയാന്‍ കാണികളില്‍ ഉണ്ടാകേണ്ട ആകാംഷ
കേരളത്തില്‍ ഉടനീളം കുട്ടികളെ കാണാതെ ആകാറുണ്ട് . അവര്‍ക്കൊക്കെ എന്ത് സംഭവിക്കുന്നു എന്നൊരു അന്വേഷണം .
3)നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന ഒരു ദുരന്തത്തില്‍ സമൂഹത്തിന്‍റെ നിര്‍ജീവമായ സമീപനം
(രണ്ടു ദിവസം കഴിഞ്ഞാല്‍ എല്ലാവരും അത് മറക്കുന്ന അവസ്ഥ )
............
............
ഇങ്ങനെ നിരവധി സംഗതികള്‍ ഇതിനകത്ത് കൊണ്ട് വരാമായിരുന്നു . പക്ഷെ ഇതിലൊന്ന് പോലും ഇതില്‍ കൊണ്ട് വരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല .വേഷഭാവങ്ങളില്‍ ദിലീപില്‍ കാണിച്ച ശ്രദ്ധ പ്രിയങ്കയില്‍ കാണിക്കാത്തത് എന്ത് കൊണ്ട് എന്നൊരു ചോദ്യം ഈ ചിത്രം കാണുന്ന ആരിലും തോന്നിക്കും. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദേഹം നന്നായി എന്ന് എനിക്ക് തോന്നിയ രണ്ടു അവസരങ്ങള്‍ ഇടവേള കൊണ്ട് നിര്‍ത്തുന്ന പോയിന്റ്‌ ഉം ചിത്രത്തിന്റെ അവസാനവും (റെയില്‍ പാതയിലൂടെ നടന്നു നീങ്ങുന്ന രംഗം )ആണ് .

ശരി ബാക്കി ?

ഈ ചിത്രത്തിലെ പ്രധാന പ്രതി സംവിധായകന്‍ തന്നെയാണ് . അജയന്‍റെ കാഴ്ച മങ്ങുന്നതും മകനെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷ മങ്ങുന്നതും ഒക്കെ സമന്വയിപ്പികാന്‍ ശ്രമിച്ചിട്ട് ഉണ്ടെങ്കിലും.അതൊന്നും പ്രേക്ഷകനിലേക്ക് (കാണികളിലേക്ക്)എത്തും എന്ന് തോന്നുന്നില്ല . ഒത്തിരി സാദ്ധ്യതകള്‍ ഉള്ള ഭാഗങ്ങളാണ് ഇവയൊക്കെ എന്നാണ് എനിക്ക് തോന്നിയത് തെറ്റില്ലാത്ത ഒരു പാട്ട് പോലും ഈ ലക്‌ഷ്യം ഇല്ലായ്മയില്‍ കാണികള്‍ക്ക് ബോര്‍ ആയി തോന്നിയാല്‍ അത്ഭുതം ഇല്ലാ.

അഭിനയം ..?

വേഷഭാവങ്ങളില്‍ ദിലീപ് ഒരു മധ്യവര്‍ഗ്ഗ കുടുംബനാഥനെ ഓര്‍മിപ്പിക്കുന്നു.പ്രിയങ്ക അടക്കം എല്ലാവരും തന്നെ ഈ ചിത്രത്തില്‍ വേസ്റ്റ് അക്കപ്പെട്ടിരിക്കയാണ് . ധന്യ മേരിയെ ഒക്കെ ഈ ചിത്രത്തില്‍ എന്തിനാണ് ഈ ചിത്രത്തില്‍ എന്ന് സംവിധായകന് പോലും അറിയുമോ എന്ന് സംശയം . ആശ്വസിപ്പിക്കല്‍ ജോലി ചെയ്യാന്‍ ജഗതി, നെടുമുടി, അങ്ങേരുടെ ഭാര്യ ആയി അഭിനയിച്ച നടി , സലിം കുമാര്‍ ഇങ്ങനെ കുറെ പേര്‍ ഉണ്ടല്ലോ .(പ്രിയങ്കക്കും ധന്യക്കും ഒക്കെ നല്ല ഒരു റോള്‍ പോലും കിട്ടാത്തത് കഷ്ട്ടം തന്നെയാണ്).

ചുരുക്കത്തില്‍ ....
ഇഴഞ്ഞു വലിഞ്ഞു എവിടെയൊക്കെയോ പോയി എങ്ങനെയൊക്കെയോ തീര്‍ന്നു രണ്ടു മണിക്കൂര്‍ കൊണ്ട് നമ്മെ ഒരു ആശ്വാസത്തോടെ പുറത്തു വിടുന്ന ചിത്രം

4 comments:

  1. ഒരു മലയാള പടം കാണാനുള്ള കൊതികൊണ്ട് കാണാന്‍ കയറി. ബോര്‍ അടി ആയിരുന്നു എന്ന പ്രശ്നം മാത്രമേ തോന്നിയുള്ളൂ. കൂവാന്‍ ഒന്നും തോന്നിയില്ല. ഒരുപാട് പടങ്ങള്‍ ഇങ്ങനത്തെ കണ്ട നിര്‍വികാരതകൊണ്ടാകാം. സാമാന്യബുദ്ധി പലപ്പോളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. (കാഴ്ച്ച നഷ്ടപ്പെടുന്ന ആള്‍ സ്കൂട്ടര്‍ വാങ്ങുന്നതൊക്കെ). തീയേറ്ററില്‍ ഉള്ള ആള്‍ക്കരെല്ലാം ആ സീന്‍ കഴിഞ്ഞപ്പോള്‍ കുശുകുശുക്കുന്നുണ്ടായിരുന്നു.

    ReplyDelete
  2. ഇഴഞ്ഞു വലിഞ്ഞു എവിടെയൊക്കെയോ പോയി എങ്ങനെയൊക്കെയോ തീര്‍ന്നു രണ്ടു മണിക്കൂര്‍ കൊണ്ട് നമ്മെ ഒരു ആശ്വാസത്തോടെ പുറത്തു വിടുന്ന ചിത്രം....കൊള്ളാം അതിഷ്ടായി ട്ടാ

    ReplyDelete
  3. ക്ലിന്റ് ഈസ്റ്വുടിന്റെ "ചാന്ചെലിംഗ്" എന്നൊരു ചിത്രം ഉണ്ടല്ലോ...അതാണോ ഈ ഐറ്റം?

    ReplyDelete
  4. കളക്ടര്‍ കണ്ടുവന്നശേഷം ഞാന്‍ പരിചയക്കാര്‍ക്കെല്ലാം ഒരുമിച്ച് മെസേജയച്ചു, ശത്രുക്കള്‍ക്ക് ഫാമിലിടിക്കറ്റ് എടുത്തുകൊടുക്കാവുന്ന പടമാണെന്ന്.
    അതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഓര്‍മമാത്രം പോയി കണ്ടത്.. കണ്ടുക്ഷീണിച്ചു... പൈസ കൊടുത്തതുകൊണ്ടുമാത്രം മുഴുവന്‍ ഇരുന്നു.. കുറേ കൊള്ളിവറുത്തതും കപ്പലണ്ടിയും എള്ളുണ്ടയും അങ്ങനെ എന്തൊക്കെയോ കൊടുത്തതുകൊണ്ട് പിള്ളേര് വയലന്റായില്ല..

    വളരെ ടച്ചിംഗ് ആയി പറയാവുന്ന ഒരു സംഭവം ഒട്ടും ഫീല്‍ ചെയ്യിക്കാതെ എങ്ങനെ പറയാം, കഥാപാത്രങ്ങളും അവരുടെ ചില പരിസരങ്ങളും എന്തിനെന്നറിയാതെ എങ്ങനെ തിരുകാം എന്നൊക്കെയുള്ള പാഠം കിട്ടും ഇതു കണ്ടാല്‍ ...

    ഏറ്റവും അവസാനം കേള്‍ക്കുന്ന ദീപുവിന്റെ ശബ്ദം മാത്രമാണ് അല്പമെങ്കിലും ടച്ച്ചെയ്തത്.

    നല്ല റിവ്യൂ..

    ReplyDelete