Monday, January 25, 2010

മലയാള സിനിമയും ഞാനും പിന്നെ ഗതികേടും (സൂപ്പര്‍ താരങ്ങള്‍ സിന്ദാബാദ് )

അണ്ണന്‍ എന്താ രണ്ടു ദിവസം ആയി ആകാശത്തേക്ക് നോക്കി ഒടുക്കത്തെ ധ്യാനം ആണല്ലോ .എന്ത് പറ്റി?

ഓ.. എന്തരു പറയനെടെ മലയാള സിനിമ 2009 ഇല്‍ എന്നൊരു സാധനം എഴുതാന്‍ ഇരുന്നിട്ട് ദിവസം രണ്ടായി .ഒരക്ഷരം എഴുതാന്‍ പറ്റണ്ടേ .

മം.... അതിനെന്താ ഇത്ര താമസം? ഇപ്പോഴേ സംഗതി പഴഞ്ചനായി. ഡിസംബര്‍ മുതല്‍ കണ്ട പത്രത്തിലും ബൂലോകത്തും ഒക്കെ ചൂടപ്പം പോലെ അല്ലെ സാധനം വരുന്നേ .

എടെ ഞാന്‍ ഈ ചവറൊക്കെ വായന നിര്‍ത്തിയിട്ടു കാലം കുറച്ചായി. എന്നാലും ഇവനൊക്കെ എങ്ങനെയെടെ ഇതൊക്കെ പുല്ലു പോലെ എഴുതുന്നത്‌ ?

ഛീ താനൊക്കെ എഴുത്തുകാരന്‍ എന്ന് പറഞ്ഞു നടന്നോ ഇതൊക്കെ എന്നോട് പറഞ്ഞത് പറഞ്ഞു. വേറെ ആരെങ്കിലും അറിഞ്ഞാല്‍ വെറും അയ്യം അല്ലെ അണ്ണാ?

എടാ ഇതു റയിട്ടേര്‍സ് ബ്ലോക്ക്‌ എന്ന് പറയുന്ന ഒരുതരം സാധനം ആകുന്നു.നിന്നെ പോലെയുള്ള നികൃഷ്ട ജീവികള്‍ക്ക് മനസിലാകില്ല . ശരി അതിരിക്കട്ടെ നീ ഒന്ന് തുടങ്ങിതാ ബാക്കി ഞാന്‍ തകര്‍ക്കാം.

ശരി എന്നാ പിടിച്ചോ ആദ്യം തലകെട്ട്. മലയാള സിനിമ തളിര്‍ക്കുന്നു/ പൂക്കുന്നു/കായിക്കുന്നു (ഏതെങ്കിലും ഒന്ന് ). എന്താ ?

എടെ ഇതൊരുമാതിരി പൈങ്കിളി ലൈന്‍ ..... എന്തോന്നടെ ?

ഓ ഇയാള് ബുദ്ധി ജീവി ആണല്ലോ . എന്നാല്‍ ഇതു പിടി . സൂപ്പര്‍ താരങ്ങളുടെ സര്‍വ്വാധിപത്യം . എപ്പിടി ?

എടാ മനുഷ്യന്‍ ആയാല്‍ മനസാക്ഷി എന്നൊന്ന് വേണം സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചു മാന്യമായി അമ്പതു ദിവസം തികച്ച ഒരു മൂന്ന് പടം പറഞ്ഞെ .

അണ്ണന്‍ അങ്ങനെ അറുത്തു മുറിച്ചു പറയല്ലേ നമ്മുടെ പഴശിരാജ അല്ലെ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ്‌ ചിത്രം. അത് സൂപ്പര്‍ താരങ്ങളുടെ വിജയം അല്ലെ . (ആണെന്നാണ് ബൂലോകത്തെ വലിയ അണ്ണന്‍ മാരൊക്കെ പറയുന്നേ )

എടാ ചെറുക്കാ ഈ പഴശിരാജ എന്നത് ഇരുപത്തി ഒന്‍പതു കോടി മുടക്കി എടുത്ത സാധനം അന്നെനാണ് ഈ പറയുന്ന മാധ്യമങ്ങളും മറ്റു കീ ജെയ്‌ വിളിക്കാരും എഴുതിയത് .കേരളത്തില്‍ എത്ര കിടന്നോടിയാലും ഈ കാശു കിട്ടില്ല എന്നറിയാന്‍ സാമാന്യ ബുദ്ധി മതി .തമിള്‍ നാട്ടിലും മറ്റും ഈ പടം കളക്ഷന്‍ റെക്കോര്‍ഡ്‌ തകര്‍ത്തതായി ഒരിടെത്തും കണ്ടില്ല.അപ്പോള്‍ പിന്നെ മുടക്കിയ കാശു പോലും കിട്ടാത്ത പടം എങ്ങനാടാ സൂപ്പര്‍ ഹിറ്റ്‌ ആകുന്നെ?.അത് കൊണ്ട് നീ അതിന്തെ കാര്യം പറഞ്ഞു കുര്രക്കാന്‍ വരണ്ട . അതിനു ഇഷ്ടം പോലെ ആള്‍ക്കാര്‍ വേറെ യുണ്ട് . പിന്നെ തിരുവനന്തപുരത്ത് 75 ദിവസം കഴിഞ്ഞപ്പോള്‍ പടം നൂണ്‍ ഷോ ആയി മാറി. ഇതാണോ ഹിറ്റ്‌ ?

ഹാ അണ്ണന്‍ കേറി പിണങ്ങാതെ, ഇതൊക്കെ ആലോചിക്കാനുള്ള ബോധം ഇവിടുത്തെ ജനങ്ങള്‍ എന്ന പന്നകള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നായി പോയേനെ .നമ്മളൊക്കെ എഴുതുന്നത്‌ തൊണ്ട തൊടാതെ വിഴുങ്ങി അതിന്‍റെ പേരില്‍ വാഗ്വാദവും വിവാദവും ഉണ്ടാക്കാനല്ലാതെ ഇവനെയൊക്കെ എന്തിന്നു കൊള്ളാം? അത് വിട് . പിന്നെ പലേരി മാണിക്യം, അത് അഭിനയ മികവിന്‍റെ മാത്രമല്ല സംവിധാന പ്രതിഭ യുടെയും കുടെയുള്ള മിശ്രിതം ആണെന്നാണല്ലോ പറയുന്നേ ?

എടാ ആ പടത്തെ കുറിച്ചുള്ള അഭിപ്രായം തല്‍കാലം പറയുന്നില്ല. ഈ പടം ഒരു സംഭവം ആണെന്ന് പാടി നടന്നവന്മാരോട് ഒരേ ഒരു ചോദ്യം . ഈ സാധനം ഇരുപതാം ദിവസം മുതല്‍ തിരുവനതപുരത്ത് കഷ്ടിച്ചു അമ്പതു പേര്‍ കൊള്ളുന്ന ഒരു പെട്ടി തിയേറ്റര്‍ ഇല്‍ലാണ് ഓടുന്നത് . മറ്റു സ്ഥലങ്ങളിലെ കാര്യം എനിക്ക് അറിയില്ല . എങ്കിലും ചോദിക്കട്ടെ ഇത്ര മഹത്തായ സംഭവം ആര്‍ക്കും വേണ്ടേ ?

അത് പിന്നെ കലാമൂല്യം ഉള്ള പടം ആകുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക്‌...

അപ്പോള്‍ നീ പറയുന്നത് അത് മാസ്സിനെ ഉദേശിച്ചു എടുത്തതല്ല ക്ലാസ്സിനെ ഉദേശിച്ചു ഉള്ളതാനെനല്ലേ . എടാ ഇതല്ലേ നീയൊക്കെ ആര്‍ട്ട്‌ സിനിമാക്കാര്‍ എന്ന് മുദ്ര കുത്തിയവര്‍ സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നത്. അപ്പോള്‍ നിനക്കൊക്കെ അവരെ പുച്ഛം . ഇപ്പോള്‍ ഇവന്റെ ഒക്കെ കലമുല്യം ജനം വരിക്കു നിന്ന് കണ്ടു കൊള്ളണം. നല്ല ബെസ്റ്റ് ന്യായം .

എന്തൊക്കെയായാലും അവസാനം ഇറങ്ങിയ ചട്ടമ്പിനാട് ഒരു ഷുവര്‍ ഹിറ്റ്‌ ആണെന്ന് പലരും പറയുനുണ്ടല്ലോ?

രാജമാണിക്യം, പ്രജാപതിയുടെ കുപ്പിയില്‍ ഒഴിച്ച ആ കഷായം ഇന്നു കുടിച്ചതെ യുള്ളൂ .പൊന്നു മോനെ മോനെ വ്യത്യസ്തം എന്നു പറഞ്ഞാല്‍ ഒന്ന് ഒന്നര വ്യത്യസ്തം.രാജമാണിക്യത്തില്‍ നിറമുള്ള വസ്ത്രങ്ങള്‍ ഇട്ടിരുന്ന മമൂട്ടി ഇതില്‍ തൂവെള്ളയാണ് ധരിക്കുനത്‌ . കന്നഡ ഇട്ടു കലക്കിയ മലയാളം അന്ന് പറയുന്നത് .പിന്നെ ആദ്യം കാണിക്കുന്നത് തല മൂടി ആവി പിടിക്കുനതാണ് . പ്ലീസ് ഇതില്‍ കുടുതല്‍ വ്യത്യസ്തം ചോദിക്കല്ലേ . പിന്നെ ആ പടത്തിന് ചട്ടമ്പിനാട് എന്നാ പേര് തന്നെ എന്തിനാണെന്ന് അത്ര ആലോചിട്ടും മനസിലാകുന്നില്ല . അകെക്കുടി അതില്‍ ചട്ടമ്പിത്തരം കാണിക്കുന്നത് അതിലെ ആസ്ഥാന വില്ലനായ സിദ്ദിക്ക് മാത്രമാണ് .(അത് പിന്നെ സൂപ്പര്‍താര ചിത്രങ്ങള്‍ ആകുമ്പോള്‍ ഒരു വില്ലന്‍ എങ്കിലും വേണ്ടേ !) സൂപ്പര്‍ താരം വലിയ ചട്ടമ്പി ആണെന്ന് പറയുന്നെങ്ങിലും സിദ്ദിക്കിനെ വിരട്ടുക എന്ന പതിവ് കലാപരിപാടിക്ക് അപ്പുറം ഒന്നും ചെയുന്നില്ല . പിന്നെ കുറെ കാലമായി മലയാള സിനിമ നായികമാര്‍ക്ക് പ്രേമിക്കല്ലാതെ വേറെ ഒരു ജോലിയും ഇല്ലലോ. തികച്ചും പുതുമക്ക് വേണ്ടി രണ്ടു നായികമാരും സൂപ്പര്‍ സ്റ്റാര്‍നെ പ്രേമിക്കാതെ ഒരാളെ കൊണ്ട് ശിങ്കിടി വിനു മോഹനെ പ്രേമിപ്പിക്കുന്നുണ്ട് . പിന്നെ കന്നഡ,മലയാളിക്ക് പൊതുവെ കന്നഡ മനസിലാവില്ലെങ്കിലും മമ്മൂട്ടി വായ തുറന്നാല്‍ എന്താണ് പറയാന്‍ പോകുനത് എന്ന് കൃത്യമായി മനസിലാക്കാന്‍ തിരകഥയുടെ പുതുമ സഹായിക്കുന്നത് കൊണ്ട് ആ പ്രശ്നവും ഇല്ല. ഇതിനെക്കാളും എത്ര ഭേദം ആയിരുന്നു ഷാഫി ചെയ്ത ലോലിപോപ്പ് . ഹോ ആ പടം ഇറങ്ങിയപ്പോള്‍ ഉണ്ടായ പുകില്ലേ . സ്ഥിരം കഥ , പുതുമയില്ല അങ്ങനെ എന്തൊക്കെ ..
പിന്നെ ഈ വര്ഷം ആദ്യപകുതിയില്‍ ആ മഹാ ദേഹം അഭിനയിച്ചു തകര്‍ത്ത സിങ്കപൂര്‍ , ഭൂതം , ഡാഡി തുടങ്ങിയ ക്ലാസിക്സ് അന്നോടെ നീ ഉദേശിച്ചത്‌ ?

ശരി ശരി അത് വിട് . ഇപ്പോള്‍ എല്ലാം മനസിലായി അണ്ണന്‍ മറ്റേ സുപ്പറിന്റെ ആരാധകന്‍ അന്നല്ലേ .ചുമ്മാതെ അല്ല ഇങ്ങേരെ എങ്ങനെ തെറി പറയുന്നേ .

പൊന്നനിയ അങ്ങേരോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ . ഈ വര്ഷം അദേഹം അഭിനയിച്ച ഇവിടം സ്വര്‍ഗം ആണ് ഒഴിച്ച് എല്ലാം കണ്ട നിര്ഭാഗ്യവനാ ഞാന്‍ ഭഗവാന്‍ (ഭാഗവന്നേ!!!!) ,എയ്ഞ്ചല്‍ ജോണ്‍ , ചില്ലീസ് , ജാക്കി, പിന്നെ കൊട്ടും കുഴലും ആയി നിരക്കി അമ്പതു അറുപതു ദിവസം ഓടിച്ച ഭ്രമരം

അതൊന്നും ദയവായി ഓര്‍മിപ്പിക്കല്ലേ അണ്ണാ. ശരി അപ്പോള്‍ പിന്നെ ...

എടെ സ്വന്തം ചുമലില്‍ ഒരു പടം വിജയിപ്പിച്ച ഒരൊറ്റ നടനെ ഈ വര്ഷം ഉണ്ടായുള്ളൂ . പ്രിത്വിരാജ്‌ എന്ന നടനും പുതിയ മുഖം എന്ന പടവും . ഇതു വിളിച്ചു പറയാന്‍ ഈ തൂലിക കൊണ്ട് ക്ഷൌരം ചെയുന്ന ആര്‍ക്കു പറ്റും ഈ നാട്ടില്‍ ? പിന്നെ റോബിന്‍ ഹൂഡ്‌ എന്ന പടം നിലവാരത്തിലും ഓടിയതിലും സൂപ്പര്‍ താരങ്ങളുടെ മിക്ക പടങ്ങളിലും ഭേദം ആയിരുന്നു . പക്ഷെ ആരു സമ്മതിക്കും അനിയാ ഇതൊക്കെ ? ഒരു തരത്തിലും അവഗണിക്കാന്‍ പറ്റാതെ വന്നാലല്ലേ ഇവനൊക്കെ സമ്മതിക്കൂ .

എന്നാലും സൂപ്പര്‍ താരങ്ങളുടെ മുകളില്‍ പ്രിത്വിരാജ്‌ എന്നൊക്കെ പറഞ്ഞാല്‍ ..........

പറഞ്ഞാല്‍ എന്താടെ ?മുടക്കിയ കാശും കിട്ടിയ കാശും തമ്മിലുള്ള വ്യത്യാസം ആണ് ഹിറ്റ്‌ഇന് മാനദണ്ഡം എങ്കില്‍ സത്യം അതാണ് . എടെ ഇതു ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല . ഭരത്ചന്ദ്രന്‍ IPS എന്ന സുരേഷ്ഗോപി ചിത്രവും വെറുതെ ഒരു ഭാര്യ എന്ന ജയറാം ചിത്രവും പുറത്തു വന്ന വര്‍ഷങ്ങളില്‍ ഏറ്റവും വലിയ ഹിറ്റ്‌ (മുകളില്‍ പറഞ്ഞ മാനദണ്ഡം അനുസരിച്ച് ) ആ പടങ്ങള്‍ ആണെന്ന് ആരെങ്കിലും എഴുതിയോ ?പിന്നെ മലയാളിക്ക് എന്തെങ്ങിലും അഭിമാനിക്കാന്‍ ഉണ്ടെങ്കില്‍ ഈ വര്ഷം മേല്‍പറഞ്ഞത്‌ കുടാതെ പസ്സെങ്ങേര്‍, ഇവര്‍ വിവാഹിതര്‍ ആയാല്‍ എന്ന പടങ്ങള്‍ ജന ശ്രദ്ധ നേടി എന്നതിലാണ് .

അപ്പോള്‍ ടു ഹരിഹര്‍ നഗര്‍ ?

അത് കാര്യം പറഞ്ഞാല്‍ ലോജിക് എന്നൊരു സാധനം ഇല്ലെങ്കിലും സൂപ്പര്‍ താരങ്ങളുടെ പടം കണ്ടു പ്രാന്തായ ജനം കണ്ടു വിജയിപ്പിച്ച പടം അന്നെന്നാണ് എനിക്ക് തോന്നിയത് . ആ ഒരു നന്ദി ലാലിന് സൂപ്പര്‍ താരങ്ങളോട് ഉണ്ടെങ്കില്‍ കൊള്ളാം. പിന്നെ അറിയുന്ന പണി ചെയ്യാന്‍ തീരുമാനിച്ച സത്യന്‍അന്തികാടിന്റെ പടവും ഭേദം ആയിരുന്നു .

ശരി അപ്പോള്‍ മറ്റു താരങ്ങളോ

എടെ മലയാളത്തില്‍ രണ്ടു മൂത്ത താരങ്ങള്‍ ഒഴിച്ചു വേറെ ഒരുത്തനും ചൂസി ആക്കാന്‍ പറ്റും എന്നു എനിക്ക് തോന്നുന്നില്ല (ആയാല്‍ പണി ഇല്ലാതെ വീട്ടില്‍ ഇരിക്കും അത്ര തന്നെ ) .കിട്ടുന്നത് അഭിനയിക്കുക .രക്ഷപെടാന്‍ പ്രാര്‍ത്ഥിക്കുക എന്നതിനപ്പുറം ഒന്നും അവരെ കൊണ്ട് നടക്കില്ല . ഈ വര്ഷം ആ ഭാഗത്ത്‌ നിന്നും പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല.

അപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ നന്നായാലേ മലയാള സിനിമ നന്നാക്കു അല്ലെ ?

പാവങ്ങള്‍ അവര്‍ എന്ത് പിഴച്ചു ? മറ്റു ആര്‍ക്കും ഉള്ളത് പോലെ അവനവന്റെ പദവിയും സ്ഥാനവും എന്നും നില നിര്‍ത്തണം എന്ന് ആഗ്രഹിക്കുനത് തെറ്റാണോ .ഇവരുടെ ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന നല്ല പടങ്ങള്‍ കണ്ടു ഇനിയും അത് പോലെ ഒന്ന് പ്രതീക്ഷിച്ചു തള്ളുന്ന ജനം അല്ലെ കുറ്റക്കാര്‍ ? (എപ്പോള്‍ ആ വിഭാഗം വളരെ കുറവാണു. ആകെ കുറെ ഫാന്‍സ്‌ ഉം പിന്നെ മീഡിയ കുഴല്‍ ഊത്തുകാരും ആണ് ഉള്ളത് ).ഇത്രയും കിട്ടിയിട്ടും പഠിക്കാതെ പിന്നെയും മാധ്യമ കുഴല്‍ ഊത്ത് കേട്ട് ഇതിനൊക്കെ പിന്നെയും തള്ളുന്ന പൊതുജനം എന്ന കഴുതയെ പറഞ്ഞാല്‍ പോരെടെ. ഒരു രാഷ്ട്രീയകരെനെയോ സാധാരണകാരനെയോ കൈയില്‍ കിട്ടിയാല്‍ എടുത്തു ഉടുക്കുന്ന ചാനലുകള്‍ പോലും സൂപ്പര്‍ താരങ്ങള്‍ വരുമ്പോള്‍ പഞ്ചപുച്ഛം അടക്കി മലയാള സിനിമയുടെ ദാരിദ്യത്തെ കുറിച്ചും അന്യഭാഷാ ചിത്രങ്ങളുടെ കടന്നാക്രമണത്തെ കുറിച്ചും അല്ലെ ചോദിക്കുന്നത്. അല്ലാതെ നിങ്ങളുടെ എത്ര പടം ഈ വര്ഷം പൊട്ടി ഏന്നും എന്ത് കൊണ്ട് എങ്ങനെ സംഭവിക്കുന്നു ഏന്നും ചോദിക്കതെന്താ ..?
( ഹോ എന്തൊരു വിനയം , എന്തൊരു മര്യാദ !!!)

അപ്പോള്‍ സുരുക്കമാ സോന്നാല്‍ .......

മലയാള സിനിമയുടെ നിലവാരം ഒരു പടി കൂടെ താഴ്ന്ന വര്ഷം ..അതിരിക്കട്ടെ നിന്നെ ഇന്നലെ കണ്ടില്ലലോ . എവിടെ ആയിരുന്നു ?

അണ്ണാ അത് പിന്നെ ... അവതാര്‍ കാണാന്‍ പോയതാ

ഡാ... സൂപ്പര്‍ താരങ്ങള്‍ അറിയണ്ട ഇതൊന്നും . അല്ലെങ്കിലെ അന്യഭാഷാ ചിത്രങ്ങള്‍ നിരോധിച്ചാലേ നാട് രക്ഷപെടു എന്നാണ് മഹാന്മാരുടെ അഭിപ്രായം . ഭാഗ്യത്തിന് ഇവരുടെ ഫാന്‍സ്‌ പോലും അന്യ ഭാഷ ചിത്രങ്ങള്‍ കാണുന്നവര്‍ ആയതു കൊണ്ട് രക്ഷപെട്ടു .വല്ലപ്പോഴും നമുക്ക് കൊള്ളാവുന്ന നാല് പടം കാണാന്‍ കിട്ടും

1 comment: