Saturday, January 30, 2010

ഇവിടം സ്വര്‍ഗം ആണേ...സമ്മതിച്ചു

ഡാ .. അവിടെ നില്‍കെടാ .. നില്ക്കാന്‍ .

മം എന്താ അണ്ണാ.. ഒരു വഴിക്ക് പോകുമ്പോള്‍ ഒരു മാതിരി ....

ഹാ...ചൂടാവല്ലടെ .നീയെന്താ രണ്ടു ദിവസമായി എന്നെ കാണുമ്പോള്‍ ഒരു ഒഴിഞ്ഞു മാറ്റം.സത്യം പറയെടെ

അത് പിന്നെ........... അണ്ണന്‍ ആരോടും പറയരുത് എനിക്കൊരു അബദ്ധം പറ്റി. പറ്റി പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ .

ഓഹോ എന്തെടെ കേസ് .....

അണ്ണന്‍ കഴിഞ്ഞ ആഴ്ച്ച പോത്തിന് വേദം ഓതുന്നത്‌ പോലെ ഉപദേശിച്ചിട്ടും ഞാന്‍ പോയി ഇവിടം സ്വര്‍ഗമാണ് എന്ന പടം കണ്ടു .

ഓഹോ അത്രേ ഉള്ളോ. അത് നല്ല പടം ആണെന്നാണല്ലോ മാധ്യമങ്ങളും നിരുപകന്മാരും ഒക്കെ ഒരേ ശബ്ദതില്‍ പറയുന്നേ .ഏതോ ഒരുത്തന്‍ ആ പടത്തിന്റെ തിരകഥ ഒരു റഫറന്‍സ് പുസ്തകം ആക്കണം എന്ന് വരെ എഴുതി കണ്ടു .

നിരുപകര്‍ , മാധ്യമങ്ങള്‍,... ആ വക നാറികളെ കുറിച്ച് എന്നോടൊന്നും പറയരുത് . അവന്റെ ഒക്കെ കൊലവിളി കേട്ടാണ് നാല്‍പതു രൂപ തിയേറ്റര്‍കാരന് പണ്ടാരമടക്കിയത് . അതിനു എനിക്കു കിട്ടി അണ്ണാ .

നീ പോടെ . വര്‍ഷങ്ങള്‍ക്കു ശേഷം ലാലിനെ പ്രേക്ഷരക്ക് തിരിച്ചു കിട്ടി എന്നോ കളഞ്ഞു കിട്ടി എന്നോ മറ്റോ ആണ് ഇന്നലെയും പത്രത്തില്‍ വായിച്ചതു. പിന്നെ നിനക്ക് മാത്രം എന്തെടെ പിടിക്കാത്തത് ? മാത്രമല്ല കേരള സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഭൂമാഫിയ വിപത്തിലെക്കുള്ള ഒരു ചൂണ്ടു പലക കുടിയാണ് ഈ ചിത്രം എന്നാണല്ലോ വായിച്ചതു ?

അവന്റെ ഒക്കെ ഒരു ചൂണ്ടു പലക !!! ആ പലക കിട്ടിയിരുന്നേല്‍ ഈ പടത്തിന്റെ സംവിധായകനും തിരകഥ കൃത്തിനും ഓരോന്ന് കൊടുക്കാമായിരുന്നു .ഇത്ര നല്ല ഒരു വിഷയത്തെ ഇത്ര സില്ലി ആയി എടുത്ത ധീര കൃത്യത്തിനു അവര്‍ക്ക് പത്തില്‍ ഒരു ഒന്‍പതു അര മാര്‍ക്ക് വരെ കൊടുക്കാം .

ഡേ നില്ല് നില്ല് ... കേറി മാര്‍ക്കിടാന്‍ നീ ആരു ബൂലോക നിരുപകനാണോ ? മര്യാദക്ക് കാര്യം പറയെടെ .

ഈ പടത്തിന്റെ കഥ അറിയാമല്ലോ. പടം തുടങ്ങുന്നത് തന്നെ മികച്ച അദ്ധ്യാപനത്തിനുള്ള അവാര്‍ഡോ, മികച്ച എഴുത്തുകാരിക്കുള്ള അവാര്‍ഡോ അങ്ങനെ ഏതാണ്ട് ഒരെണ്ണം വാങ്ങിയ ഒരു ടീച്ചറിനെ കുറിച്ചുള്ള ഡോകുമെന്ററി എടുക്കാന്‍ (ദിവസവും നാലു വിവാദം വീതം കിട്ടുന്ന ഈ കാലത്ത് ഏത് ചാനലുകാരാടെ അങ്ങനെ ഒരു പരിപാടിക്ക് സമയം കളയുന്നത് ) ഒരു ചാനല്‍ സംഘം ഒരു പെങ്കൊച്ചിന്റെ (പ്രിയങ്ക) നേതൃത്വത്തില്‍ ടീച്ചറ്മായി ഒരു നാട്ടിന്‍ പുറത്തു എത്തുന്നതാണ് .പതിവ് പോലെ ആ നാട്ടിലെ സ്ഥിരം ദിവ്യന്മാര്‍ കോമാളി കളികളുമായി ചാനലില്‍ തല കാണിക്കാന്‍ തള്ളുന്നു . ഇതിനിടയില്‍ ഒരാള്‍, ടീച്ചര്‍ന്റെ നിരവധി പ്രത്യേകതകള്‍ ഉള്ള (ഈ പ്രത്യേകതകള്‍ എന്താണെന്നു പടം തീരുന്ന വരെ എനിക്കു മനസിലായില്ല )ഒരു ശിഷ്യന്‍ വേറെ ഉണ്ടെന്നും.പക്ഷെ അയാള്‍ക്ക് ഇതിലൊന്നും താല്പര്യം ഇല്ലാത്തതിനാല്‍ ഇങ്ങോട്ട് വരില്ലെന്നും വേണമെങ്കില്‍ അങ്ങോട്ട്‌ പോയി നിര്‍ബന്ധികണം എന്നും പറയുന്നു.( ഇതു പറയുന്നത് വല്ല സായികുമാറിനെയോ സിദ്ധിക്കിനെയോ പറ്റി ആയിരുന്നേല്‍ എന്തൊരു മൊഡ എന്ന് നമ്മള്‍ പറഞ്ഞേനെ ) കേട്ട പാതി പെങ്കൊച്ചു ചാനല്‍ സംഘവും ടീച്ചര്‍മായി അങ്ങോട്ട്‌ നീങ്ങുന്നു(ഇതിനിടയില്‍ എപ്പോളോ പ്രിയങ്ക "ഒന്ന് പൊയ് നോക്കാം ഷൂട്ട്‌ ചെയ്യാന്‍ എന്തെങ്ങിലും കിട്ടുമോ എന്ന് നോക്കാം " പറയുന്നതാണ് എന്റെ ഓര്‍മയില്‍ ഈ ചിത്രത്തിലെ ഏറ്റവും (ഒരു പക്ഷെ ഒരേ ഒരു ) സ്വാഭാവികമായ സംഭാഷണം).പോകുന്ന വഴിക്ക് നമ്മള്‍ കാണുന്നത് ലാലേട്ടന്‍ ഒരു ഇടവഴിക്ക് മുന്നില്‍ നിന്ന് അകത്തേക്ക് നോക്കി "എടി നീ ഇറങ്ങി വരുന്നോ അതോ ഞാന്‍ അങ്ങോട്ട്‌ വരണോ .ഇവിടെ ആണുങ്ങള്‍ ഇല്ലെന്നോ നിന്റെ വിചാരം .മര്യാദക്ക് വന്നില്ലേല്‍ നിന്റെ മുലക്കു പിടിച്ചു ഞെക്കും " ഇത്യാദി ഡയലോഗുകള്‍ വിടുന്നു . മണ്ടന്മാരായ നമ്മളും ചാനല്‍ ടീമും ഇതു ഏതോ സ്ത്രീയോടാണ് പറയുന്നത് എന്നോര്‍ത്ത് അമ്പരന്നു നില്‍ക്കുമ്പോള്‍ ക്യാമറ തിരിഞ്ഞു ഒരു പശുവിനോടാണ് ഇതു പറയുന്നത് എന്ന് കാണിക്കുന്നു .ഓഹ് ഗംഭീര തുടക്കം അല്ലെ അണ്ണാ.

എടെ അതിപ്പോള്‍ ഒരു സിനിമ ആകുമ്പോള്‍ ......

അത് കൊണ്ട് നില്കണ്ടേ ... ഇയാളുടെ കൂടെ പോകുന്ന ചാനല്‍ സംഘവും നമ്മളും കാണുന്നത് .അടിസ്ഥാന വിദ്യാഭ്യാസവും മൂന്ന് ഏക്കര്‍ സ്ഥലവും ഒള്ള ഒരു മനുഷ്യന്‍ മര്യാദക്ക് പച്ചകറി കൃഷിയും കാലിവളര്‍ത്തലും ആയി ജീവിച്ചു പോകുനതാണ് .നാട്ടിന്‍ പുറത്തു ഇതു ഒരു മഹത്തായ സംഭവമാണെന്ന് എനിക്ക് ഇതു കണ്ടപ്പോളാണ് മനസിലായത്.ഏതായാലും ഈ അത്ഭുതദൃശ്യം കണ്ടതോടെ പ്രിയങ്കയുടെ ചാനല്‍കാരി മൂക്ക് കുത്തി താഴെ വീഴുന്നു .
അവാര്‍ഡു ടീച്ചറിനോട് പോയി പണിനോക്കാന്‍ പറഞ്ഞിട്ട് പുള്ളിക്കാരി മോഹന്‍ലാലിന്റെ ഫാമിനെ കുറിച്ചു പരിപാടി ചെയ്യാന്‍ തീരുമാനിക്കുന്നു. ജനിച്ചപ്പോഴേ വിനയം ഒരു എഴുപത്തിയഞ്ച് കിലോയെങ്കിലും (ബാക്കി തൊണ്ണൂറ് കിലോ മാംസവും) ശരീരത്തിലുള്ള ലാല്‍ സമ്മതിക്കുന്നില്ല. പിന്നെ ആ ഫാമിനെക്കുറിച്ചുള്ള പരിപാടി ചിത്രീകരിക്കുക്ക എന്നത് ചാനലുകാരിയുടെ ജീവിതവൃതം പോലെയായി മാറുകയാണ് .

പിന്നെ നായകന് ഒരു കുടുംബം ഇരിക്കട്ടെ എന്ന് കരുതി തിലകനെയും,കവിയൂര്‍ പൊന്നമ്മയേയും,സുകുമാരിയേയും കാസ്റ്റ് ചെയിതിടുണ്ട് .

നായകന്‍ പതിവ് പോലെ കല്യാണ പ്രായം കഴിഞ്ഞു നില്‍ക്കുന്ന വ്യക്തി (ഇതു മലയാള സിനിമയുടെ ഒരു സ്ഥിരം സാധനം ആയിട്ടുണ്ട് ) ലാലേട്ടനെ കണ്ടാല്‍ ആരും പറയും ലാലേട്ടന്റെ അത്ലെറ്റിക്ക് ബാഡി കണ്ടാല്‍ ആരും പറയും പുള്ളി അതിരാവിലെ തൂമ്പയുംമായി ഇറങ്ങിയാല്‍ സൂര്യന്‍ താന്നിട്ട് മണ്ണില്‍ നിന്നും കയറുന്ന ഒരു മനുഷ്യനാണെന്ന്!!! പിന്നെ അദേഹത്തിന് വരുന്ന കല്യാണ ആലോചന ആണെങ്ങില്‍ ബംഗ്ലൂര്‍ ഇല്‍ ഒരു കമ്പനിയുടെ സീ ഈ ഓ (CEO യേ !!!) ബംഗ്ലൂരില്‍ ഒരു ഐ ടി കമ്പനിയുടെ സി ഇ ഓ പോസ്റ്റ് കുടുമ്പക്കാര്‍ പറഞ്ഞത് കൊണ്ട് മാത്രം പുല്ലു പോലെ കളഞ്ഞിട്ട് ആ ഓണം കേരാ മൂലയിലെ സര്‍വീസ് സഹകരണ ബാങ്കില്‍ മാനേജരായി ജോലി നോക്കുന്ന ഒരു സുന്ദരിയുടെയും(ലക്ഷ്മി ഗോപാലസ്വാമി). ആ കഥാപാത്രത്തിന്റെ രൂപവും ഭാവവും കണ്ടാന്‍ ബ്രില്യന്‍സ് അക്കാദമി ഓഫ് എക്സലന്‍സ് ടോറ്റൊരിയലില്‍ ക്ലെറിക്കല്‍ പരീക്ഷയുടെ കോച്ചിംഗ് കഴിഞ്ഞു റെസ്റെഴുതി പാസായി ക്ലാര്‍ക്കായി , പിന്നെ അത് മൂത്ത് മാനേജരായ ഒരാളുടെ ശരീര ഭാഷയാണ്‌ എന്തോകൊണ്ടോ റോഷന്‍ ആണ്ട്രൂസ് ഇവരുടെ കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. പിന്നെ അവര്‍ ഐ ടി കമ്പനിയുടെ സി ഇ ഓ ആയിരുന്നു എന്ന് പറഞ്ഞത് ഒരു പക്ഷെ എട്ടാം ക്ലാസില്‍ പഠിത്തം നിറുത്തി കര്‍ഷകനായ ലാലേട്ടനെ തേടി ബി ടെക്- എംബി എ കഴിഞ്ഞ യുവ സുന്ദരികള്‍ ഇപ്പോഴും ക്യൂ നില്‍ക്കും എന്ന് ഫാന്‍സിനെ രഹസ്യമായി അറിയിക്കാന്‍ വേണ്ടിയായിരിക്കും , അല്ലെ അണ്ണാ ?

അവരോടു കല്യാണം കഴിഞ്ഞാല്‍ തൊഴുത്ത് കഴുകിയും ചാണകം വാരിയും ജീവിച്ചോണം എന്ന് ലാല്‍ പറയുന്നതോടെ പോയി അവര്‍ അങ്ങേരോട് പണി നോക്കാന്‍ പറയുന്നു ( തികച്ചും ന്യായം ).

ഇനിയാണ് കഥ എന്ന് പറയപ്പെടുന്ന സാധനം പുതിയ വഴിത്തിരിവില്‍ എത്തുന്നത്‌ . ദാ വരുന്നു വില്ലന്‍ ആലുവ ചാണ്ടി എന്ന ലാലു അലക്സ്‌ അവതരിപ്പിക്കുന്ന വില്ലന്‍ .(റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ ഭീകര മുഖം !!!)

ഒരു മിനിറ്റ് . ആലുവ ചാണ്ടി മലയാളത്തിലെ തികച്ചും വ്യത്യസ്ടമായ ഒരു കഥാപാത്രം ആണെന്നും മലയാളീകളുടെ മനസ്സിലേക്ക് ഈ കഥാപാത്രം ഇടിച്ചു കേറി എന്നാണല്ലോ വായിച്ചതു ?

പൊന്ന്‌ അണ്ണാ ആ കഥ അവിടെ എത്തിയപ്പോളാണ് ഈ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ എന്താണെന്നു എന്നിക്ക് മനസിലായത് . ഒരു കോമാളി വില്ലനും പിന്നെ ഒരു മന്ദബുദ്ധി ഗുണ്ടയും അന്ന് ഈ സംഭവത്തിന്റെ മുഖം. ഇവരെ കാണുമ്പോള്‍ നമുക്ക് ചിരി അല്ലാതെ ഒരു നിമിഷം പോലും ഒരു ഗൌരവം തോന്നില്ല .ഈ പടത്തിന്റെ കഥയെ സില്ലി ആക്കി തീര്‍കുനതില്‍ ഈ രണ്ടു കഥാ പാത്രങ്ങളും വലിയ പങ്കു വഹിക്കുണുണ്ട് . തിരക്കഥ എഴുതിയവന് പത്തില്‍ പത്തു മാര്‍ക്ക്

ഡാ നീ വീണ്ടും തുടങ്ങിയോ .. കാര്യം പറയെടെ . എന്നിട്ട് ?

പിന്നെ കാര്യങ്ങള്‍ , ചാണ്ടിക്ക് സ്ഥലം വേണം ലാലേട്ടന്‍ കൊടുക്കില്ല . ലാലിന്റെ ഫാം വേണം. ലാലേട്ടന്‍ കൊടിക്കില്ല . പണം, സ്വാധീനം, ഭീഷണി, കള്ളക്കേസ് തുടങ്ങി പല നമ്പരുകളിലൂടെ ചാണ്ടി ലാലിനെ പീഡിപ്പിക്കുന്നു. മാത്രമ്മല്‍ ആ ഫാം കൂടി കൊടുത്താല്‍ ആ നാട്ടില്‍ അങ്ങേര ഒരു മുട്ടന്‍ ടൌണ്‍ ഷിപ്പ് കൊണ്ട് വരുമെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതോടെ അതിന്റെ തലേ ദിവസം വരെ ലാലിന്റെ കഥാപാത്രത്തിന് രൂപകൂട് കെട്ടാന്‍ പിരിവെടുത്തു നടന്നിരുന്ന നാട്ടുകാര്‍, വികസന വിരോധിയായ ലാലിന് എതിരാകുന്നു. ഫയങ്കരമായി അവര്‍ പുള്ളിയെയും കുടുമ്പത്തെയും ഒറ്റപ്പെടുത്തുന്നു.(ഒറ്റപെടുന്നവന്റെ ദുഃഖം കാണിക്കുന്ന ഒരു പാട്ട് ഇവിടെ ഇടാമായിരുന്നു).

ചാപക്ഷെ ലാലേട്ടന്റെ കഥാപാത്രം ഇപ്പോഴും ബുദ്ധിമാനായിരിക്കുമല്ലോ. അതൊകൊണ്ട് മാത്രം ആലുവാ ചാണ്ടി എന്നാ ഭീകര വില്ലന്റെ (ഓര്‍ത്തിട്ടു ഇപ്പോഴും ചിരി അടക്കാന്‍ വയ്യ അണ്ണാ, അത്രയ്ക്ക് ഭയങ്കര വില്ലനാ പുള്ളി) ഒരു നമ്പരും ലെട്ടനോട് ചിലവാകുന്നില്ല. പിന്നെ അത്രയൊക്കെ ബുദ്ധിയും, ശക്തിയും ഉണ്ടെങ്കിലും ലാലേട്ടന്‍ ഒരു സാധാരണക്കാരന്‍ തന്നെയാണ് എന്ന് കാണിക്കാന്‍ ഇടയ്ക്കിടെ "ഞാന്‍ വിയര്‍പ്പൊഴുക്കിയ മണ്ണ് തരില്ല ചാണ്ടി " അങ്ങനെ ഏതാണ്ടൊക്കെ വികാര ഭരിതമായ ഡയലോഗുകള്‍ അടിക്കുന്നുണ്ട്.

ഇതിനിടയില്‍ ലക്ഷ്മി റായ് അവതരിപ്പിക്കുന്ന ദേഷ്യം, നിര്‍വികാരത എന്നീ ഭാവങ്ങള്‍ മാത്രം കാണിക്കുന്ന വക്കീല്‍ കഥാപാത്രവും ഉണ്ട് .

ഒടുവില്‍ ലാലേട്ടന്‍ കോടതിയില്‍ നിന്നും ഒരു അമരീഷ്പുരിയെ (വേറെ എന്തോ ആണ് അതിനു പറയുന്നേ.ഓര്‍മ്മ വരുന്നില്ല ) ഇറക്കുന്നു.ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ അമരീഷ്പുരി ലാല്‍ ഏട്ടന്റെ ബന്ധു ആയി അഭിനയിച്ചു എല്ലാം കണ്ടു മനസിലാക്കുന്നു. അതിനു വേണ്ടി മാത്രം സ്ഥലം വില്കാന്‍ റെഡി ആണെന്ന് ചാണ്ടിയോട് പറയുന്നു ബുദ്ധിമാനായ ലാലേട്ടന്‍.(ലാലേട്ടനോടാ കളി ?)

എടേ ചിലപ്പോള്‍ ഈ അമീഷ്പുരി എന്ന് നീ പറയുന്ന ഈ സാധനം ശരിക്കും ഉള്ളതായി കൂടെ ?

ദൈവത്തിനറിയാം .ഈ അമീഷ്പുരിയെ കുറിച്ച് അകെ പറയുന്നത് അദേഹം കണ്ടാല്‍ കോടതി കണ്ടത് പോലെയാണ് എന്നാണ് . ശരി ഇനി അങ്ങനെ ആണെങ്ങില്‍ ഈ രാജ്യത്തു വര്‍ഷങ്ങളായി തെളിയാതെ കിടക്കുന്ന അഭയ കേസ് മുതല്‍ ഏതൊന്നും ഇങ്ങനെ ഓരോ അമീഷ്പുരിയെ ഇറക്കി തെളിച്ചു കുടായിരുന്നോ എന്ന് പടം കാണുന്ന പാവങ്ങള്‍ക്ക് തോന്നിയാലോ ? ശരി അതെന്തോ ആകട്ടെ അവസാനം വില്ലന്മാരെ ചുമ്മാ ഒരു രസത്തിനു ടെന്‍ഷന്‍ അടിപ്പിക്കാന്‍ വേണ്ടി ലാലേട്ടന്‍ പ്രത്യേകം റെഡി ആക്കിയ പിരി മുറുക്കം ഏറിയ (കണ്ടു കൊണ്ടിരിക്കുന്ന അവന്മാരുടെ പിരി !) ഒരു ക്ലൈമാക്ക്സോടെ ചാണ്ടി ഉള്‍പ്പെടെ ഉള്ള സകല വില്ലന്മാരെയും ലാലേട്ടനും അമീഷ്പുരിയും ചേര്‍ന്ന് അകത്താക്കുന്നു. വിജയശ്രീ ലളിതനായി പുറത്തു വരുന്ന ലാലേട്ടന്‍ കാണുന്നത് ചാനല്‍കാരിയും,വക്കീലും,പിന്നെ ബാങ്ക് മാനേജരും( നമ്മുടെ ഐ ടി എക്സ് സി ഇ ഓ )യും ലാലേട്ടന്റെ ബുദ്ധി ശക്തിയും,സൌന്ദര്യവും കണ്ടു മയങ്ങി എന്നെ ഒന്ന് പ്രേമിച്ചു തരണേ എന്ന അപേക്ഷയുമായി നില്‍ക്കുന്നതാണ് .വി ഐ പി വേണോ , ജോക്കി വേണോ അതോ ലോക്കല്‍ ടാന്‍റ്റെക്ക്സ്സ് മതിയോ എന്ന് അണ്ടര്‍വെയര്‍ തിരഞ്ഞെടുക്കുന്നത് പോലെ പോലെ ലാലേട്ടന്‍ ഏറ്റവും ബെസ്റ്റ് നോക്കി തിരഞ്ഞെടുക്കുന്നു .ശുഭം. ഇവിടെ മൂന്ന് സുന്ദരികളും ചേര്‍ന്നോ ഒറ്റക്കൊറ്റയ്ക്കോ ഒരു മാദക നൃത്തം കുടി ആകാമായിരുന്നു .ഒരു തെലുങ്ക് പടം വശീകരണ ലൈന്‍. അണ്ണന്‍ നോക്കണ്ട. റോഷന്‍ ആണ്ട്രൂസിനും ലാലേട്ടനും മാത്രമല്ല എനിക്കുമില്ലേ ആഗ്രഹങ്ങള്

നീ അത് കള . അപ്പൊ ചുരുക്കത്തില്‍ ?

ലാലേട്ടന്‍ കുറച്ചു കാലമായി സ്ഥിരമായി ചെയ്യുന്ന കാര്യം (വന്നു ഡയലോഗ് പറഞ്ഞിട്ട് പോകുന്ന പരിപാടി ) ഇവിടെയും തുടരുന്നു.ബാക്കി കഥാ പത്രങ്ങളില്‍ ജഗതി ഒഴികെ ആരും ബോര്‍ അടിപ്പിക്കാതെ വിടുന്നില്ല .ജഗതി പതിവ് പോലെ തന്റെ വേഷം ഭംഗിയാക്കി .സംവിധായകന്‍,തിരകഥകൃത് എന്നിവര്‍ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ തട്ടിപ്പ് പരിപാടികളെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നു എങ്കിലും ആകെ ഒരു തമാശ മൂഡ്‌ ആയതിന്നാല്‍ അതൊന്നും പ്രേക്ഷകരിലേക്ക് എത്തുന്നില്ല.

പിന്നെ ബാക്കി നടി നടന്മാരോ ?

പഴയ നായകന്‍ ശങ്കറിനെ ഒരു സുഹൃത്തിന്റെ റോളില്‍ കാസ്റ്റ് ചെയ്തിടുണ്ട് . ശങ്കറിന് പകരം ആ റോള്‍ മധു മോഹന്‍ (പഴയ സീരിയല്‍ താരം)അഭിനയിച്ചാലും ഒരു മാറ്റവും വരാന്‍ പോകുന്നില്ല. തിലകനെ പോലെയുള്ള നടന്‍മാര്‍ ഈമാതിരി റോള്‍ചെയ്യുന്നത് കാണുമ്പോള്‍ കഷ്ടവും സഹതാപവും തോന്നും .മറ്റു പല കഥാ പത്രങ്ങളെയും പോലെ സുകുമാരിയുടെയും റോള്‍ വെറുതെ. ചുമ്മാ.

എന്റെ കണ്ട്രോള്‍ പോകുന്നു . ഇനി താന്‍ എന്തൊക്കെ പറഞ്ഞാലും എനിക്ക് കുറച്ചു മാര്‍ക്ക്‌ ഇട്ടേ പറ്റു.

1) ഗൌരവം ഉള്ള ഒരു വിഷയം അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ എടുത്തതിനു പത്തില്‍ എട്ടു മാര്‍ക്ക്

2) ആവശ്യത്തിനു മാത്രം ഉള്ള കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ചിത്രീകരിച്ചതിന് പത്തില്‍ ഒന്‍പതു മാര്‍ക്ക്‌ .

3) തികച്ചും യുക്തി ഭദ്രമായ തിരകഥ (അത് പിന്നെ ജെയിംസ്‌ സര്‍ എഴുതുമ്പോള്‍ മോശമാകുമോ ?) മാര്‍ക്ക്‌ പത്തില്‍ ഒന്‍പതു

4) അഭിനയം (അത് ചോദിക്കാനുണ്ടോ ) കിടക്കട്ടെ പത്തില്‍ ഒന്‍പതര .ലാലേട്ടന് മാത്രം പത്തില്‍ പതിനൊന്ന്

5) ഇതൊരു മികച്ച ചിത്രം ആണെന്ന് മാധ്യമങ്ങളെ കൊണ്ട് കൊട്ടി പാടിച്ചതിനു പത്തില്‍ പത്തു മാര്‍ക്ക്‌ . ഇനി ഏതെങ്കിലും ഒരു ദിവ്യന്‍ ഈ പടം അടുത്ത കാസാബ്ലാങ്ക ആണെനു കുടി പറഞ്ഞാല്‍ തികഞ്ഞു (

എങ്ങനെയുണ്ട് അണ്ണാ?

പൊന്ന്‌ അനിയ , നിന്റെ വിഷമം എന്നിക്ക് മനസിലാകും എനിക്ക് ഒന്നേ പറയാന്‍ ഉള്ളു. ഈ വര്ഷം മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌ റോഷന്‍ സാറിനോ , തിരകഥക്കുള്ള അവാര്‍ഡ്‌ ജെയിംസ്‌ സാറിനോ സഹനടനുള്ള അവാര്‍ഡ്‌ അലക്ക്സിനോ കിട്ടിയാല്‍ നീ കടുംകൈ ഒന്നും ചെയ്തു കളയല്ലേ.

7 comments:

 1. ഇതൊരു കിടിലന്‍ കഥയല്ലെ സാറെ . ഇതൊക്കെയെ ലാലിനെക്കൊണ്ട് പറ്റൂ. അല്ലാതെ അങ്ങേരെന്ത് ചെയ്യാന്‍. ഫാന്‍സിനിഷ്ടപ്പെടണം മണ്ണിന്റെ മണം വേണം സന്തേശം വേണം എല്ലാമുണ്ടല്ലോ. പിന്നെ ആവോളം നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇനിയും ഈ ചിത്രം മോശമാണെന്ന് പറഞ്ഞാല്‍ പാപം കിട്ടും

  ReplyDelete
 2. എന്റെ പൊന്നണ്ണാ നിങ്ങളല്ലാതെ വേറാരെങ്കിലും കയ്യിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കോ?

  എന്റെ ആദരാഞ്ജലികൾ...:(

  ReplyDelete
 3. ഞാനും കാശു കളഞ്ഞു...പിന്നെന്താ...ഒരു നല്ല തമാശപ്പടം !

  ReplyDelete
 4. "ഒടുവില്‍ ലാലേട്ടന്‍ കോടതിയില്‍ നിന്നും ഒരു അമരീഷ്പുരിയെ (വേറെ എന്തോ ആണ് അതിനു പറയുന്നേ.ഓര്‍മ്മ വരുന്നില്ല ) ഇറക്കുന്നു"
  ഇദ്ദാ കലക്കിയത്.

  ReplyDelete
 5. അയ്യേ.... ആ പേര്‌ ഓർമ്മയില്ലാന്നൊ.... എനിക്ക്‌ നല്ല ഓർമ്മയാ, ജ്യോതിഷ്‌ബ്രഹ്മി കഴിക്കാതെതന്നെ....
  ആ പേരാണ്‌ അമിസ്‌കസ്‌കുസ്‌ബസ്‌...... ഹൊ, ഓർമ്മേലുണ്ട്‌, ന്നാലും നാവിന്‌ വഴങ്ങുന്നില്ല. തൽക്കാലം അംരീഷ്‌പൂരി മതി.
  സത്യം പറ.... നിങ്ങള്‌ മാത്യൂസ്‌ എന്ന കർഷകനെ കണ്ടോ അതോ മോഹൻലാൽ എന്ന നടനെ കണ്ടോ? ഇതേ രൂപവും ഭാവവും തന്നെയല്ലെ മഹാസമുദ്രത്തിലും ഏയ്ഞ്ചൽ ജോണിലും ഇന്നത്തെ ചിന്താവിഷയത്തിലും ഒക്കെ കണ്ടത്‌?

  ReplyDelete