Sunday, January 31, 2010

ദ ബോഡിഗാര്‍ഡ് - ഒരു പരസ്യവിചാരണ

പ്രതി ഹാജരുണ്ടോ ?

ഉണ്ടേ

ഈ ചലച്ചിത്രനിരുപണ കോടതി തങ്ങളുടെ മേല്‍ ചുമത്തിയിട്ടുള്ള കുറ്റം എന്താണെന്നു താങ്കള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടോ ?

സത്യമായും ഇല്ല. ഒന്ന് പറഞ്ഞ് തന്നാല്‍ ഉപകാരം ആയിരുന്നു .

പ്രേക്ഷകന്‍ എന്ന പേരില്‍ അറിയപെടുന്ന താങ്കള്‍ , സിദ്ദിക്ക് സംവിധാനം ചെയ്തതും ദിലീപ്,നയന്‍ താര എന്നിവര്‍ അഭിനയിച്ചതുമായ ദ ബോഡിഗാര്‍ഡ് എന്ന ചിത്രം കണ്ടിരുന്നോ ?

ഉവ്വ് കണ്ടായിരുന്നു . അത് കുറ്റമാണോ ?

കോടതിയോട് ഇങ്ങോട്ട് ചോദ്യം വേണ്ട.ആ ചിത്രം കണ്ടതു ഒരു താക്കീതു തരാനുള്ള കുറ്റമേ ആകുന്നുള്ളൂ(ചീള് പെറ്റി കേസ്) അതിലും ഗുരുതരമായ ഒരു കുറ്റമാണ് തങ്ങളുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത് .

ആണോ ? എന്താണാവോ ആ കുറ്റം ?

ആ പടം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നും പടം വലിയ കുഴപ്പം ഇല്ല എന്ന് പറഞ്ഞതായി കേള്‍ക്കുന്നത് ശരിയാണോ?

അതെ. സംഗതി സത്യം ആണ് .

അപ്പോള്‍ നിങ്ങള്‍ കുറ്റം സമ്മതിച്ചു ? മലയാള സിനിമ ലോകത്ത് സൂപ്പര്‍ താര ചിത്രങ്ങള്‍ ഒഴികെ മറ്റു ഒന്നിനെ കുറിച്ചും നല്ലത് പറയാന്‍ പാടില്ല എന്നാണ് നിരുപക തൊഴിലാളി യുണിയന്‍ തീരുമാനം എന്നറിയില്ലേ ? പ്രതേകിച്ചു ജയറാം , സുരേഷ്ഗോപി ,ദിലീപ് , ജയസൂര്യ , പ്രിത്വിരാജ് എന്നിവരുടെ പടങ്ങളെ പറ്റി?

അയ്യോ പാവങ്ങള്‍ , കുറച്ചു എങ്കിലും കൊള്ളാവുന്ന സംവിധായകര്‍ ഈ ഈച്ച ചക്കയില്‍ പറ്റിയിരിക്കുനത് പോലെ സൂപ്പര്‍ താരങ്ങളെ പോതിഞ്ഞിരിക്കുനത് കൊണ്ട് വല്ലപ്പോഴും ആണ് ഇവര്ക്കൊകെ ഒരു ഭേദപെട്ട പടം കിട്ടുന്നത് .അപ്പോള്‍ അതിനെ തെറി പറഞ്ഞു ഒതുക്കുനത് ന്യായമാണോ കോടതീ ?

അപ്പോള്‍ ദ ബോഡിഗാര്‍ഡ് ഭേദപെട്ട ഒരു പടം ആണെന്ന വാദത്തില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുന്നു ?

സത്യം ആയിട്ടും ഈ പടം കണ്ടപ്പോള്‍ എനിക്ക് ബോറടിച്ചില്ല

പക്ഷെ കഥാതന്തുവിനു തന്നെ വിശ്വാസ്യത പോര എന്നാണല്ലോ കേട്ടത് ?

അങ്ങനെ ഒരു സാധനം (കഥാതന്തു) ഉണ്ടാവുനത് തന്നെ ഇപ്പോഴത്തെ നിലക്ക് മലയാള സിനിമക്ക് ഒരു ആശ്വാസമാണ്.ഗുണ്ടകളെ ആരാധിക്കുന്ന ഒരു ആളുടെ കഥ പറയുമ്പോള്‍ ഉണ്ടാകുന്ന ഈ വിശ്വസ്യ പ്രശ്നത്തിന് കാരണം കാരണം , കേരളത്തിലുള്ള സകല ചെറുപ്പക്കാരും പ്ലസ്‌ ടൂ കഴിഞ്ഞു എഞ്ചിനീയറിംഗ് / എം ബി എ കഴിഞ്ഞു ഒരു ബഹു രാഷ്ട്ര കമ്പനിയില്‍ ക്ഷൌരം ചെയുന്നവര്‍ ആയിരിക്കണം എന്ന കോണ്‍സെപ്റ്റ് ആണ് .പിന്നെ ഗുണ്ടകള്‍ക്ക് അനുയായികള്‍ ഉണ്ടാകുന്നതു അവനൊക്കെ പത്രത്തില്‍ പരസ്യം കൊടുത്തു , വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയിട്ടാണ് എന്നാണോ വിചാരം? അവരെയൊക്കെ ആരാധിക്കാനും അവരുടെ കൂടെ നടക്കുനതു അഭിമാനം ആയും കാണുന്നവര്‍ ഉള്ളത് കൊണ്ട് തന്നെയാണെന്നു എനിക്ക് തോന്നുനത് .

എന്നാലും കഥയ്ക്ക് ഒരു പുതുമ ഇല്ലല്ലോ . മേം ഹു ന മണക്കുന്നു എന്നാണല്ലോ പൊതുവേ ഒരു സംസാരം ?

അതെ ദിലീപിന്റെ കഥാപത്രം നയന്‍ താരയുടെ ബോഡി ഗാര്‍ഡ് ആയി കോളേജ് ഇല്‍ പോയി ആ ക്ലാസ്സില്‍ തന്നെ പഠിക്കുന്നതിനു പകരം അവിടെ കാന്റീന്‍ നടത്തിയിരുന്നെങ്ങില്‍ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല . പിന്നെ നായകന്റെ മാതാ പിതാക്കള്‍ അവിടെ വെച്ചായിരുന്നു മരിച്ചത് എന്നൊരു സൈഡ് ട്രാക്ക് കൂടെ ഉണ്ടായിരുന്നെങ്കില്‍ കേമമായി.

ഡാ ഡാ ..... അത് വിട്ടേ. ബാക്കി പറ .

പൊന്ന് കോടതീ,വലിയ വീട്ടിലെ പെങ്കൊച്ചു ജോലിക്കാരനെ പ്രേമിക്കുനതും, രണ്ടു പേര്‍ പരസ്പരം കാണാതെ പ്രേമിക്കുന്നതും ഒക്കെ പല പ്രാവശ്യം സിനിമകളില്‍ (പല ഭാഷകളിലായി) കണ്ടിട്ടുള്ളതാണ് . അങ്ങനത്തെ ഒരു വിഷയം മര്യാദക്ക് എടുത്ത ഒരു പടത്തെയും അതിന്റെ പ്രവര്‍ത്തകരെയും തെറി പറയാന്‍ എനിക്ക് പാടാണ്.

അപ്പോള്‍ ആ പടത്തില്‍ ഒഴിവാക്കവുന്നതായി ഒന്നും തന്നെ ഇല്ലെന്നോ ?
എനിക്ക് ഒഴിവാകാമായിരുന്നു എന്ന് തോന്നിയത്, ദിലീപ് കോളേജ്ല്‍ മയക്കു മരുന്നു കച്ചവടം നിറുത്തുന്ന രംഗം .പിന്നെ നായകന്റെ തിന്മയെ എതിര്‍ക്കാന്‍ ബലം വേണം എന്ന മട്ടിലുള്ള ന്യായീകരണങ്ങള്‍, അധികം ഇല്ലെങ്കിലും മുഴച്ചു നില്‍ക്കുന്നു . ഒരു പാട്ടും വേണമെങ്ങില്‍ കളയമായിരുന്നു .

പിന്നെ പിന്നെ .. പോരട്ടെ അങ്ങനെ ......
ഇത്രേ ഉള്ളു .....

അപ്പോള്‍ അഭിനയമോ ? സംവിധാനം ? തിരകഥ ?

തിരകഥ,പൊതുവേ പഴുതുകള്‍ ഇല്ലാതെ വൃത്തിയായി ചെയ്തിടുണ്ട് . സംഭവങ്ങളുടെ പരിണാമം സാമാന്യം തെറ്റില്ലാത്ത ഒഴുക്കോടെ പോകുന്നു . ജനത്തെ പൊട്ടിചിരിപ്പികാന്‍ മൂന്നാം കിട തമാശകള്‍, ദ്വയാര്‍ഥ പ്രയോഗങ്ങള്‍ എന്നിവ തീരെ ഇല്ല. പടത്തിന്റെ പോക്ക് കണ്ടപ്പോള്‍ ക്ലൈമാക്സ്‌ കുളം ആകുമെന്ന് കരുതിയെങ്ങിലും,പ്രതീക്ഷിച്ചതിലും വളരെ നന്നായി അവസാന രംഗങ്ങള്‍ ഒരുക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.അഭിനയം, എല്ലാവരും അവരവരുടെ റോളുകള്‍ നന്നാക്കാന്‍ പരമാവധി ശ്രമിച്ചിടുണ്ട്. ദിലീപ് അപൂര്‍വമായി പിടികുടുന്ന താര ബോധം (താരമാണെന്ന ബോധം) മാറ്റി നിര്‍ത്തിയാല്‍ നന്നായിട്ടുണ്ട് . ത്യാഗരാജന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂ ഡല്‍ഹിയില്‍ അഭിനയിച്ചത് പോലെ തന്നെ ഇതിലും അഭിനയിച്ചിട്ടുണ്ട്.(അത് വാനോളം പുകഴ്ത്തിയവര്‍ക്ക് ഇപ്പോള്‍ മറിച്ചു തോന്നേണ്ട കാര്യം ഇല്ല ).തമിഴിലും തെലുങ്കിലും തിരക്കുള്ള താരം എന്ന നിലക്ക് പ്രതീക്ഷിക്കാനാവാത്ത ഉത്തരവാദിത്വത്തോടെ നയന്‍താര തന്റെ റോള്‍ ഭംഗിയാക്കി.ഇപ്പോള്‍ ഇറങ്ങുന്ന മലയാള പടത്തില്‍ നിന്നും ഇതില്‍ കുടുതല്‍ പ്രതീക്ഷിക്കുനവനെ വിഡ്ഢി അല്ലെങ്കില്‍ അത്യാഗ്രഹി എന്നല്ലേ വിളിക്കേണ്ടത്?

അപ്പോള്‍ താന്‍ തിരുത്താന്‍ ഭാവം ഇല്ല ?

ഇല്ലെന്നു മാത്രമല്ല ഈയടുത് കണ്ട ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ്,ഹാപ്പി ഹസ്ബന്‍സ് എന്നീ പടങ്ങളെകാളും ഭേദം ആണെന്ന് എനിക്ക് തോന്നിയത് ഈ പടം ആണ്.

അപ്പോള്‍ കോടതിക്ക് പടം മോശം ആണെന്നാണ് അഭിപ്രായം എങ്കിലോ ?

കോടതി ഓസിനാണ് പടം കണ്ടതെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. മറിച്ചു ജോലി ചെയ്തു ഉണ്ടാക്കിയ കാശു കൊടുത്താണ് പടം കണ്ടതെങ്കില്‍ ആ കാശു പോയതില്‍ എനിക്ക് ദുഃഖം ഉണ്ട്. പക്ഷെ എനിക്ക് കാശു പോയില്ല എന്ന് തോന്നിയത് തെറ്റാണോ?

ഇവന്‍ നന്നാവുന്ന ഒരു ലക്ഷണവും ഈ കോടതി കാണുന്നില്ല . ആയതിനാല്‍ ആദ്യം പറഞ്ഞ കുറ്റങ്ങള്‍ ചെയ്തു എന്ന് വ്യക്തമായി തെളിഞ്ഞതിനാല്‍ പ്രതിയെ മരണം വരെ തൂക്കില്‍ ഏറ്റാന്‍ ഈ കോടതി വിധിക്കുന്നു .

ഒരു മിനിട്ട് കോടതി.. എനിക്ക് കുറച്ചു മാര്‍ക്ക് കൂടി ഇടാന്‍ ഉണ്ടായിരുന്നു ....?

ഇവനെ ഇതു വരെ തൂക്കിയില്ലേ ആരവിടെ .....വേഗം തൂക്കെടെ ഇവനെ.

2 comments:

  1. തൂക്കി കൊല്ലാനുളള സ്‌കോപ്പ് ഇതിലില്ല. മരണം വരെ മലയാളസിനിമ ഫ്രീയായി കാണാന്‍ ശിക്ഷിച്ചാല്‍ മതിയായിരുന്നു.

    ReplyDelete
  2. ചലച്ചിത്ര നിരൂപണത്തിന്റെ ഈ പുതിയ രീതി നന്നായി! സൂപ്പര്‍ താരങ്ങളെ കുറ്റം പറഞ്ഞതും കുറിക്കുകൊള്ളുന്ന തരത്തില്‍ തന്നെ.

    എല്ലാ ഭാവുകങ്ങളും!!

    ReplyDelete