Wednesday, February 27, 2013

സെല്ലുലോയിഡ് (Celluloid : Review)

അണ്ണാ ഇതു വലിയ ചതിയായി പോയി.

എന്ത് പറ്റി ?

മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്‍റെ ജീവിത കഥ പറയുന്ന സെല്ലുലോയിഡ് ഇറങ്ങിയിട്ട് അണ്ണന് അനക്കമില്ല എന്ന് പറഞ്ഞാല്‍ .

ക്ഷമി അനിയാ തിരുവനന്തപുരത്തെ വളരെ ചെറിയ ഒരു തീയറ്ററില്‍ ആണ് പ്രസ്തുത പടം ഓടുന്നത്.സ്വതവേ ഉള്ള മടിയും പിന്നെ രണ്ടു ദിവസത്തെ പണിമുടക്കും ഒക്കെ ആയപ്പോള്‍ താമസിച്ചതാ.


അപ്പോള്‍ അണ്ണന്‍ പടം കണ്ടു അല്ലേ ?


കണ്ടു അനിയാ കമലും ഉബൈദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നതും കമലാണ് .ശ്രീ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെ സി ഡാനിയലിന്‍റെ ആത്മകഥയും ഈ ചിത്രത്തിന് പ്രചോദനമാണ് .നഷ്ട്ടനായിക എന്ന കൃതിയെയും അവലംബിച്ചെടുത്ത ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം എം ജയചന്ദ്രനാണ്.ചായാഗ്രഹണം വേണു.പ്രൈം ടൈം സിനിമ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രിദ്ധ്വിരാജ്, മംത മോഹന്‍ദാസ്‌,ചാന്ദിനി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറെ കാലം മറഞ്ഞു കിടന്ന വിഗതകുമാരന്‍ എന്ന ചിത്രവും അതിന്‍റെ കര്‍ത്താവായ ജെ സി ഡാനിയേലിന്‍റെയും കഥയാണ് ഈ ചിത്രം എന്ന് ഒറ്റ വാക്കില്‍ പറയാം.

ശരി പിന്നെയോ?

സിനിമ തുടങ്ങുന്നത് ദാദ സാഹെബ് ഫാല്‍ക്കെയെ കാണാന്‍ വരുന്ന യുവാവായ ജെ സി ഡാനിയേലില്‍ നിന്നാണ്. ഈ സിനിമയെ രണ്ടു ഭാഗങ്ങളായി തിരിക്കാം ആദ്യ ഭാഗം കേരളത്തില്‍ ആദ്യമായി സിനിമ എടുക്കാന്‍ ശ്രമിക്കുന്ന യുവാവിന്‍റെ കഥയും രണ്ടാം പകുതി ആ യുവാവിനു പിന്നീടു എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിന്‍റെ കഥയുമാണ്.

അല്ല ഈ ആദ്യ പകുതി ഒരു ഡോക്യുമെന്‍റ്ററി പോലെയാണെന്നും രണ്ടാം പകുതി ആണ് ചലനാത്മകം എന്നും കേട്ടല്ലോ?


എനിക്ക് യോജിപ്പില്ല . രണ്ടു ഭാഗങ്ങളും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയത് .ചില്ലറ കല്ലുകടികള്‍ ഒഴിച്ചാല്‍ കമല്‍ തന്‍റെ ഭാഗം വൃത്തിയായി ചെയ്തു എന്ന് തന്നെ പറയാം.ആദ്യ പകുതിയില്‍ മലയാളത്തില്‍ ആദ്യ ചലച്ചിത്രം എടുക്കാന്‍ ശ്രമിക്കുന്ന ഒരു ഉര്‍ജ്ജസ്വലനയ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചു നീങ്ങുബോളും മറ്റു കഥാപാത്രങ്ങള്‍ അയാളുടെ നിഴലില്‍ ആകുന്നില്ല എന്നത് സംവിധായക - തിരക്കഥാക്രിത്തുക്കളുടെ മികവായി കാണാം . ചാന്ദിനി അവതരിപ്പിച്ച റോസി എന്ന വിഗത കുമാരനിലെ നായിക എന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചതും പ്രശംസനീയമാണ്.അത് പോലെ ഇട വേള കൊണ്ട് നിര്‍ത്തുന്ന പോയിന്‍റ് , ഡാനിയേലിന്‍റെ മകന്‍ ഹാരിസ് 2000 ല്‍ ആരാധകര്‍ സിനിമ ഫിലിം പെട്ടി ആഘോഷമായി കൊണ്ടു വരുന്നതും മറ്റു ബഹളങ്ങളും കടന്നു പോകുന്ന ബസ്സില്‍ ഇരുന്നു കാണുന്ന ഷോട്ടും ഒക്കെ മനോഹരം എന്നേ പറയാന്‍ കഴിയു.അത് പോലെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യമായി ഡാനിയേലിനോട് സംസാരിക്കുമ്പോള്‍ അയാളുടെ കാലുകള്‍ മാത്രം കാണിച്ചു കൊണ്ടുള്ള ചിത്രീകരണ രീതിയും വളരെ നന്നായിട്ടാണ് എനിക്ക് തോന്നിയത് പഴയ കാലം അവതരിപ്പിക്കുമ്പോള്‍ സകലതും കലാ സംവിധായകന്‍റെ പുറത്തു ചാരി മഹത്തായ ചിത്രം എടുക്കുന്നവര്‍ക്ക് ഈ ചിത്രം ഒരു പാഠ പുസ്തകം പോലും ആക്കാവുന്നതാണ്.

അല്ല അതിരിക്കട്ടെ ഈ സിനിമ ഉയര്‍ത്തുന്ന വിവാദങ്ങളെ കുറിച്ച് .....
മുന്‍പൊരിക്കല്‍ വിവാദങ്ങള്‍ എങ്ങനെ സിനിമയുടെ കച്ചവട വിജയത്തിന് നമ്മുടെ നാട്ടില്‍ ഉപയോഗിക്കാം എന്ന് വിശ്വരൂപം എന്ന സിനിമയിലൂടെ ശ്രീ കമലഹാസന്‍ കാണിച്ചു തന്നിട്ടുണ്ട്.(പാവം ബുദ്ധി ജീവികള്‍ ഇപ്പോളും അമേരിക്കന്‍ രംഗങ്ങളില്‍ ഹൈ ക്യാമറ ആംഗിള്‍ ഉപയോഗിച്ചതിലൂടെയും താലിബാന്‍ രംഗങ്ങളില്‍ ലോ ക്യാമറ ആംഗിള്‍ ഉപയോഗിച്ചതിന്‍റെയും പിന്നില്‍ ഒളിച്ചിരിക്കുന്ന സന്ദേശം ഡികോഡ് ചെയ്തു കഴിഞ്ഞില്ല !!!). സമാനമായ ഒരു പരിപാടി നമ്മുടെ കമലും അവതരിപ്പിച്ചു എന്ന് മാത്രം .അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ. ഇങ്ങനെ ഉള്ള അവസരങ്ങളില്‍ ഈ സിനിമ നിരോധിക്കണം എന്ന് പറയുന്നതിന് പകരം ആരെയാണോ ഇതില്‍ പരാമര്‍ശിക്കുന്നത് അവരോടു അനുഭവം ഉള്ളവര്‍ ഈ സിനിമ അങ്ങ് ബഹിഷ്കരിച്ചാലോ? അതായിരിക്കില്ലേ കുറച്ചു കൂടി പ്രയോജനപ്രദമായ മാര്‍ഗം ?

അണ്ണന്‍ കാട് കേറാതെ ഈ സിനിമയുടെ കാര്യം പറയാമോ?

പറയാം അനിയാ മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്ന ഐ എ എസ് ഓഫീസറെ നേരിയൊരു വില്ലന്‍ പരിവേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.സിദ്ദിഖ് അവതരിപ്പിക്കുന്ന  ഈ കഥാപാത്രം , അയാളുടെ നിലപാടുകള്‍,ഇവയ്ക്കു കുറച്ചു കൂടി വ്യക്തത കൊടുക്കുന്നതിനു പകരം ശ്രീനിവാസന്‍റെ ഭാഗത്തേക്ക്‌ തിരക്കഥാകൃത്ത് പൂര്‍ണമായും നീങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്. എവിടെ കമല്‍ എന്ന സംവിധയകനിലെ പഴയ തലമുറക്കാരനെ നമുക്ക് കാണാം . ശ്രീ കരുണാകരനെ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് സത്യത്തില്‍ എനിക്ക് മനസിലായില്ല .

ശരി അഭിനയം?

പ്രിഥ്വിരാജ് എന്ന നടന് എന്നും അഭിമാനിക്കാവുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ജെ സി ഡാനിയേല്‍. ഈ ലോക്കല്‍ സ്ലങ്ങ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശ്രീ മമ്മൂട്ടിക്ക് മാത്രം അറിയുന്ന ഒരു സംഗതി ആണെന്ന് അഭിമാനിക്കുന്ന അദേഹത്തിന്റെ ആരാധകരെ ബിജു മേനോന്‍ മുതല്‍ പ്രിഥ്വിരാജ് വരെ ഉള്ളവര്‍ നാണിപ്പിക്കുമ്പോള്‍ എനിക്കൊന്നും പറയാനില്ല.മൂന്ന് ജീവിത കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ജെ സി ഡാനിയേല്‍ എന്ന മനുഷ്യനെ ഈ നടന്‍ ഉജ്വലമാക്കി എന്ന് തന്നെ പറയാം വേഷപ്പകര്‍ച്ചയില്‍  മാത്രമല്ല സംഭാഷണത്തിലും ശരീര ഭാഷയിലും ഒക്കെ ആ വ്യതിയാനം കൊണ്ടുവരാന്‍ ഈ നാടനു കഴിഞ്ഞിട്ടുണ്ട് പ്രിത്വിരാജ് തന്റെ കഥാപത്രത്തെ നന്നായി അവതരിപ്പിക്കുമ്പോള്‍ ജാനെറ്റ് ആയി എത്തുന്ന മംതയും (പ്രത്യേകിച്ചു അവരുടെ വാര്‍ധക്യകാല രംഗങ്ങളില്‍ ) ചാന്ദിനി അവതരിപ്പിക്കുന്ന റോസിയും,ശ്രീജിത്ത്‌ രവി അവതരിപ്പിക്കുന്ന ഡാനിയേലിന്‍റെ ബന്ധുവും പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മ എന്ന കേരളത്തിലെ രണ്ടാമത്തെ ചിത്രം നിര്‍മ്മിച്ച സുന്ദര്‍രാജും ഒക്കെ നന്നായി എന്ന് തന്നെ പറയാം

1920 ലാണ് ഈ ചിത്രം ആരംഭിക്കുന്നത്. അവിടുന്ന് വിവിധ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഒടുവില്‍ 2000 ല്‍ ജെ സി ഡാനിയേലിന്‍റെ അനുസ്മരണ സമ്മേളനത്തില്‍ മകന്‍ ഹാരിസ് ഡാനിയേലിന്‍റെ വാക്കുകളില്‍ അവസാനിക്കുന്നു. ഇതിനിടെ ജീവിച്ചിരുന്ന ഒത്തിരി ആളുകള്‍ വയലാര്‍ രാമവര്‍മ്മ മുതല്‍ ദാദാ സാഹേബ് ഫാല്‍ക്കെ , തമിഴ് നടന്‍ സുന്ദരയ്യ തുടങ്ങി നിരവധി പേര്‍ ഈ ചിത്രത്തില്‍ വന്നു പോകുന്നു.

അപ്പോള്‍ പഴയകാലത്തെ അനാചാരങ്ങളിലേക്ക് ഒരു ചൂണ്ടു പലകയാണ് ഈ ചിത്രം എന്ന് ഒരു ബുജി ലൈനില്‍ പറഞ്ഞാലോ?

എന്ത് പഴയ കാലം അനിയാ? ഈ സിനിമയില്‍ ഒരു ബ്രാഹ്മണ സ്ത്രീ മറക്കുടയും ഒക്കെയായി വയല്‍ വരമ്പിലൂടെ വരുമ്പോള്‍ കൃഷിപ്പണി കഴിഞ്ഞു വരുന്ന റോസിയും കൂട്ടുകാരിയും വഴി ഒഴിഞ്ഞു നില്‍ക്കുന്നുണ്ട് .അവരുടെ മുന്‍പേ നടക്കുന്ന ഒരാള്‍ വഴി ഒഴിയാന്‍ വിളിച്ചു പറയുന്നുണ്ട് . ഇന്നു നമ്മുടെ മന്ത്രിമാര്‍ റോഡിലൂടെ ചീറി പായുമ്പോള്‍ എസ്കോര്‍ട്ട് പോലീസുകാര്‍ ആ പണി ചെയ്യുന്നു . അന്നും ഇന്നും അധികാരം ഉള്ളവന്‍ വരുമ്പോള്‍ അധികാരം ഇല്ലാത്തവന്‍ ഒഴിഞ്ഞു നില്‍ക്കണം എന്ന തത്വം മുറ തെറ്റാതെ പാലിക്കപ്പെടുന്നു.പിന്നെ റോസി നേരിടുന്ന അതിക്രമങ്ങള്‍.സദാചാര പോലീസിന്‍റെയും ജാതീയമായി അവഹേളിച്ചു എന്ന പേരില്‍ നടത്തുന്ന അക്രമങ്ങളുടെയും പുതിയ എത്ര പതിപ്പുകള്‍ നമ്മുടെ ചുറ്റും ഇന്നു കാണാം . എവിടെ എന്ത് മാറി എന്നാ പറയുന്നേ ?

അത് കൊണ്ട് ..

അനിയാ സിനിമയെ സിനിമയായി കാണാതെ അത് എന്തോ സന്ദേശം ഉണ്ടാക്കാനുള്ള സംഗതി ആണെന്ന്  കരുതുന്ന,അതിന്‍റെ പുറകില്‍ എന്തോ നിഗൂഡമായ  അജണ്ട ഒളിഞ്ഞിരിക്കുന്നു എന്നും  വിശ്വസിക്കുന്ന മണ്ടന്മാര്‍ ജീവിക്കുന്ന കാലത്തോളം ഇങ്ങനെ പലതും കേള്‍ക്കേണ്ടി വരും.

അപ്പോള്‍ ചുരുക്കത്തില്‍

2013 ലെ മറ്റൊരു നല്ല ചിത്രം കൂടി

13 comments:

  1. രണ്ടു മനോഹര ഗാനങ്ങള്‍ ചേര്‍ത്തു എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു ഡോക്യുമെന്ററി കണ്ടിരിക്കുന്ന അനുഭവമായിരുന്നു ഒട്ടുമുക്കാല്‍ സമയവും.ഒഴിമുറി എന്ന ചിത്രവും,അതിലെ ലാലിന്റെ ഗംഭീര പ്രകടനവുമായോ താരതമ്യ പ്പെടുത്തിയാല്‍ സെല്ലുലോയിഡ് ഒന്നുമല്ല എന്ന് പറയേണ്ടി വരും.ജെ സി ഡാനിയേല്‍ എന്ന ധീരനായ മനുഷ്യനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നു എന്ന മഹത് കര്‍മ്മം ഒഴിച്ച് നിര്‍ത്തിയാല്‍ അതി സാധാരണമായ ഒരു കഥ പറയുന്നു എന്നതില്‍ അപ്പുറം ഒന്നുമില്ല.

    ReplyDelete
    Replies
    1. അനിയന്റെ ആ നല്ല സിനിമയോടുള്ള ആ ആത്മ സന്ത്രാസം എനിക്ക് മനസിലാകും .ഒഴി മുറി എന്നൊരു സിനിമയെ പറ്റി ഈ ബ്ലോഗില്‍ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ അനിയനെ അവിടൊന്നും കണ്ടില്ലല്ലോ (ആ സിനിമ കഷ്ടിച്ച് രണ്ടാഴ്ച ആണ് ഓടിയത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ ) .വെറുതെയാണോ അനിയ മലയാള സിനിമ ഈ ഗതിയായത് ?

      Delete
    2. ഒഴിമുറി തീയറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ല.ഇവിടെ അടുത്തെങ്ങും പ്രദര്‍ശിപ്പിച്ചുമില്ല.സത്യത്തില്‍, ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ പെടാതെ,പേടിച്ച് മാറി നിന്ന എന്നെപ്പോലെ ഒരു സാധാരണ പ്രേക്ഷകന്‍ ആ ചിത്രത്തിന്റെ വരവും പോക്കും ശ്രദ്ധിക്കാതെ പോയെന്നു പറയുന്നതാകും ശരി.കയ്യിലുള്ള സാധനം നല്ലതായാലും ചീത്തയായാലും അത് വിപണനം ചെയ്യുന്നതില്‍ ആണ് കാര്യം.പ്രത്യേകിച്ച് വിവര സാങ്കേതിക,വാര്‍ത്താ മാധ്യമങ്ങള്‍ പെറ്റ് പെരുകുന്ന ഈ സമയത്ത്.

      Delete
  2. (പാവം ബുദ്ധി ജീവികള്‍ ഇപ്പോളും അമേരിക്കന്‍ രംഗങ്ങളില്‍ ഹൈ ക്യാമറ ആംഗിള്‍ ഉപയോഗിച്ചതിലൂടെയും താലിബാന്‍ രംഗങ്ങളില്‍ ലോ ക്യാമറ ആംഗിള്‍ ഉപയോഗിച്ചതിന്‍റെയും പിന്നില്‍ ഒളിച്ചിരിക്കുന്ന സന്ദേശം ഡികോഡ് ചെയ്തു കഴിഞ്ഞില്ല explain cheyyamo..hmm

    ReplyDelete
  3. തീര്‍ച്ചയായും ഈ ചിത്രം ഒരു സൂപ്പര്‍ എന്‍റര്‍റ്റെയ്നെര്‍ എന്ന ഗണത്തില്‍ ഒന്നും പെടുത്താന്‍ പറ്റില്ല. പക്ഷെ ബോര്‍ അടിച്ചു ഉറങ്ങിപ്പോകുന്ന ഒരു അവസ്ഥ തോന്നിയുമില്ല. ചിത്രത്തിന്‍റെ തീം എന്താണെന്ന ബോധം ആദ്യമേ ഉള്ളതുകൊണ്ടാകാം. വാണിജ്യ വിജയം മാത്രം ലക്ഷ്യമാക്കി സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന ഈ കാലത്ത് (അവാര്‍ഡ് പടങ്ങള്‍ എന്ന ജനുസ്സില്‍ പെട്ടവ പോലും ഇറങ്ങാതായി എന്ന് ഓര്‍ക്കുക) ഇത്തരം ഒരു ചിത്രം ഇറക്കാന്‍ കാണിച്ച ധൈര്യവും സന്മനസ്സും സമ്മതിച്ചേ മതിയാകൂ. പിന്നെ ഈ തീം വച്ച് ഒരു ന്യൂ-ജെനരെഷന്‍ മസാല ചിത്രം ഉണ്ടാക്കാന്‍ പറ്റുമോ (ചരിത്രത്തെ വളച്ചൊടിക്കാതെ)? ഒരു സൂപ്പര്‍ എന്‍റര്‍റ്റെയ്നെര്‍ ആക്കാവുന്ന കഥ ഒരു ഡോകുമെന്റ്രി പോലെ ആക്കിയ "ഇവിടം സ്വര്‍ഗമാണ്" എന്ന ചിത്രത്തെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. അമിക്കസ് കൂറി എന്ന ടോപിക്ക് ഉപയോഗിച്ച് ഒരു പ്രബന്ധം ഉണ്ടാക്കിയ പോലെ ഉണ്ടാര്‍ന്നു അത്

    ReplyDelete
  4. J.C Daniel enna vyakthi annathe savarna chettakal kaaranam enthellam sahichu ennu manasilakki tharunna film.

    ReplyDelete
  5. പറഞ്ഞു വന്നാല്‍ അന്ന് ജെ സി ഡാനിയേല്‍ അനുഭവിച്ചതും (വിഗത കുമാരന്‍ എന്ന സിനിമയുടെ പ്രദര്‍ശനം അനുബന്ധിച്ച് ) ഇന്ന് ശ്രീ കമലഹാസന്‍ വിശ്വരൂപം എടുത്തത്‌ പ്രമാണിച്ച് നേരിടേണ്ടി വന്ന എതിര്‍പ്പുകളും തമ്മില്‍ എന്താണ് വ്യത്യാസം? ഒന്നുമില്ല എന്നതാണ് സത്യം .പിന്നെ നമുക്ക് സമാധാനിക്കാന്‍ ഓരോ ന്യായങ്ങള്‍ കണ്ടു പിടിക്കാം എന്ന് മാത്രം

    ഒന്നാലോചിച്ചാല്‍ ഹാരിസ് ഡാനിയേലിന്റെ പ്രസംഗത്തില് അവസാനിപ്പിക്കുന്നതിലും നല്ലത് എന്ന് വിശ്വരൂപം റോമന്‍സ് എന്നീ സിനിമകള്‍ക്ക്‌ എതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഹാരിസ് കാണുന്നത് ആയിട്ട് ആകാമായിരുന്നു

    ReplyDelete
    Replies
    1. Oru pazhaya comediyaa ormma varunne. Thengil ninnum veena aaleyum kondu hospitalil chennavarodu oru manikkoor munne kondu vannenkil rakshikkaamayirunnu ennnu parayumpol thengil ninnum veenalallee kondu varan pattu ennu paranja pole. Romansum vishwaroopavum okkem ee varshamalle release aaye. Celluloid kazhinja varsham censeringum kazhinju ee varsham release cheythathalle mashee..

      Delete
  6. ഞങ്ങൾ കുറച്ചുപേർ ഇതേ തീം തന്നെ വിഗതകുമാരി എന്ന പേരിൽ ഒരു ന്യൂ ജനറേഷൻ ത്രില്ലർ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മെയിൻ കഥാപാത്രം റോസി. പ്രാണരക്ഷാർത്ഥം ഓടുന്ന റോസിയുടെ കാൽപാദങ്ങൾ കാണിച്ചുകൊണ്ട് ചിത്രം ആരംഭിക്കുന്നു. സവർണ്ണമാടമ്പിവർഗ്ഗം ഒരു ദളിത് സ്ത്രീയോടു ചെയ്യുന്ന കൊടുംക്രൂരതകൾ.. അവളുടെ കുടിൽ ജന്മിമാർ കത്തിക്കുന്നു.. പേടിച്ചരണ്ട കണ്ണുകൾ ക്ലോസപ്പ്. പിന്നെ കഥ പുറകോട്ട്. പാരലലായി ഇന്നത്തെ കാലം കാണിക്കുന്നു. സിനിമയിൽ അഭിനയിക്കാൻ സവർണ്ണ പേരു സ്വീകരിക്കേണ്ടി വരുന്ന നടിമാർ.. ലിഡിയ ജേക്കബ് കാർത്തികയാകുന്നു, ഗേളി ആന്റോ ഗോപികയാകുന്നു, ജാസ്മിൻ മേരി മീര ജാസ്മിനാകുന്നു, ഡയാന ഈപ്പൻ നയൻതാരയാകുന്നു, അങ്ങനെയങ്ങനെ. എങ്ങനെയുണ്ട് പുതിയ ട്രീറ്റ്മെന്റ് ?തകർക്കും അല്ലേ? ഒരു അഞ്ചാറു വിവാദം ഇപ്പൊഴേ ഉറപ്പ്... ഞങ്ങ കസറും...

    ReplyDelete
    Replies
    1. അങ്ങനെ എടുത്തിട്ട് കാര്യമുണ്ടോ? ഗേളി ആന്റോയും ഡയാനയും ഒക്കെ അവരുടെ ശരിയായ പേരില്‍ അഭിനയിക്കാന്‍ തീരുമാനിക്കുമ്പോള്‍ പറഞ്ഞ സവര്‍ണ്ണ ടീമുകള്‍ ഇറങ്ങുന്നു.മര്യാദക്ക് സവര്‍ണ്ണ നാമം സ്വീകരിക്കുന്നില്ല എങ്കില്‍ നശിപ്പിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തുന്നു.പള്ളിക്ക് ഈ സവര്‍ണ്ണ ശക്തികള്‍ക്കെതിരെ ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നില്‍ക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം സുപ്പര്‍ താരം മറിയാമ്മക്ക് ഓസ്കാര്‍ കിട്ടുന്നു.സവര്‍ണ്ണ മാടബികള്‍ ലജ്ജിച്ചു തല താഴ്ത്തുന്നു മുസ്ലിം മതത്തെ തൊടാതെ ഇരിക്കുന്നതാ നല്ലത് .കുറച്ചധികം നല്ല ട്രീറ്റ്മെന്റ് ആയിയെന്നു വരും അവസാനം

      Delete
  7. പറഞ്ഞു വന്നാല്‍ അന്ന് ജെ സി ഡാനിയേല്‍ അനുഭവിച്ചതും (വിഗത കുമാരന്‍ എന്ന സിനിമയുടെ പ്രദര്‍ശനം അനുബന്ധിച്ച് ) ഇന്ന് ശ്രീ കമലഹാസന്‍ വിശ്വരൂപം എടുത്തത്‌ പ്രമാണിച്ച് നേരിടേണ്ടി വന്ന എതിര്‍പ്പുകളും തമ്മില്‍ എന്താണ് വ്യത്യാസം? ഒന്നുമില്ല എന്നതാണ് സത്യം .പിന്നെ നമുക്ക് സമാധാനിക്കാന്‍ ഓരോ ന്യായങ്ങള്‍ കണ്ടു പിടിക്കാം എന്ന് മാത്രം

    ReplyDelete
  8. എന്ത് പഴയ കാലം അനിയാ? ഈ സിനിമയില്‍ ഒരു ബ്രാഹ്മണ സ്ത്രീ മറക്കുടയും ഒക്കെയായി വയല്‍ വരമ്പിലൂടെ വരുമ്പോള്‍ കൃഷിപ്പണി കഴിഞ്ഞു വരുന്ന റോസിയും കൂട്ടുകാരിയും വഴി ഒഴിഞ്ഞു നില്‍ക്കുന്നുണ്ട് .അവരുടെ മുന്‍പേ നടക്കുന്ന ഒരാള്‍ വഴി ഒഴിയാന്‍ വിളിച്ചു പറയുന്നുണ്ട് . ഇന്നു നമ്മുടെ മന്ത്രിമാര്‍ റോഡിലൂടെ ചീറി പായുമ്പോള്‍ എസ്കോര്‍ട്ട് പോലീസുകാര്‍ ആ പണി ചെയ്യുന്നു . അന്നും ഇന്നും അധികാരം ഉള്ളവന്‍ വരുമ്പോള്‍ അധികാരം ഇല്ലാത്തവന്‍ ഒഴിഞ്ഞു നില്‍ക്കണം എന്ന തത്വം മുറ തെറ്റാതെ പാലിക്കപ്പെടുന്നു.പിന്നെ റോസി നേരിടുന്ന അതിക്രമങ്ങള്‍.സദാചാര പോലീസിന്‍റെയും ജാതീയമായി അവഹേളിച്ചു എന്ന പേരില്‍ നടത്തുന്ന അക്രമങ്ങളുടെയും പുതിയ എത്ര പതിപ്പുകള്‍ നമ്മുടെ ചുറ്റും ഇന്നു കാണാം . എവിടെ എന്ത് മാറി എന്നാ പറയുന്നേ ?



    വെറും സത്യം

    ReplyDelete
  9. . ഇന്നു നമ്മുടെ മന്ത്രിമാര്‍ റോഡിലൂടെ ചീറി പായുമ്പോള്‍ എസ്കോര്‍ട്ട് പോലീസുകാര്‍ ആ പണി ചെയ്യുന്നു . അന്നും ഇന്നും അധികാരം ഉള്ളവന്‍ വരുമ്പോള്‍ അധികാരം ഇല്ലാത്തവന്‍ ഒഴിഞ്ഞു നില്‍ക്കണം എന്ന തത്വം മുറ തെറ്റാതെ പാലിക്കപ്പെടുന്നു

    സല്യൂട്ട്!!! :)

    ReplyDelete