Tuesday, January 8, 2013

എന്‍റെ ... Ente : Movie Review


എന്‍റെ ......


 ഒരച്ഛന്‍ മഹാ നഗരത്തിന്‍റെ വാണിഭ ഇടനാഴികളില്‍  കാണാതായ മകളെ തിരയുന്ന കഥ ...

ഇതിനെന്താണ് പ്രത്യേകത ?

ഒന്നുമില്ല

ആദ്യമായി മലയാള സിനിമ  ആ അവസ്ഥയില്‍ ഒരച്ഛനെ കാണുന്നത് പ്രേംനസീറില്‍
ആണെന്നാണ്  ഓര്‍മ്മ. ബെക്കര്‍ സംവിധാനം ചെയ്ത ചാരം എന്ന ചിത്രത്തില്‍.
.അന്നത്തെ നസീറിന്‍റെ ഒരു ഇമേജ് വെച്ച് ശരിക്കും ഞെട്ടലായിരുന്നു ചാരം .
പിന്നീടു കാലാന്തരത്തില്‍ നമ്മള്‍ ജനകനും വൈരവും കണ്ടു .കര്‍മ്മയോധ 'അനുഭവിച്ചു' . ഒടുവില്‍ ഇതാ എന്‍റെ ..


ഈ സിനിമയുടെ പേരിനു പോലും പ്രസക്തി ഉണ്ടെന്നു ഞാന്‍ കരുതുന്നു . എന്‍റെ
.. ആകുമ്പോള്‍ എന്തും നമുക്ക് വില പിടിച്ചതാണ് .എന്‍റെ  അല്ലെങ്കില്‍
എന്തിനു എന്ത് സംഭവിച്ചാലും നമുക്കൊന്നുമില്ല.ഈ പേര് പോലും ആ ഒരു ലളിതമായ എന്നാല്‍   ക്രൂരമായ സത്യം നമ്മെ ഓര്‍മിപ്പിക്കുന്നു.

                      ഒരു മഹാ നഗരത്തില്‍ വേട്ടയാടപ്പെടുന്ന ദുര്‍ഗ്ഗ (അഞ്ജലി പാട്ടീല്‍ ) എന്ന പെണ്‍കുട്ടിയില്‍  സിനിമ തുടങ്ങുന്നു.അവളെ കടിച്ചു കുടയാന്‍  വരി  നില്‍ക്കുന്ന   നിയമപാലകരും സമൂഹവും  ഒന്നും  താന്‍  അത്തരത്തില്‍  പെട്ട പെണ്‍കുട്ടി അല്ല എന്ന അവളുടെ  വിലാപം ശ്രദ്ധിക്കുന്നേ  ഇല്ല. അവിടെ  നിന്ന്  കുറച്ചു  കാലം  മുന്‍പ്  കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള അമലാപുരം  എന്ന ഗ്രാമത്തില്‍   സര്‍ക്കാര്‍ സ്കൂളില്‍  നിന്ന് ഉന്നത വിജയം നേടിയ ദുര്‍ഗയെ അഭിനന്ദിക്കുന്ന യോഗം . അവിടെ അഭിമാനത്തോടെ മകളെ ചേര്‍ത്ത് നിര്‍ത്തി സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടുന്ന അച്ഛന്‍ ശ്രീനിവാസന്‍ (സിദ്ദിഖ് ) ,വീട്ടമ്മയായ അമ്മ (നീന കുറുപ്പ് ).അവിടെ നിന്നും റ്റൈറ്റിലുകള്‍  തുടങ്ങുന്നു.ഗ്രാമത്തില്‍ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം.പൊതു കാര്യപ്രസക്തനും സര്‍വ്വ സമ്മതനുമായ ശ്രീനിവാസന്‍ ഹൈദ്രാബാദില്‍ ആണ്  ബിസ്നെസ്സ് ചെയ്യുന്നത്  .കൂട്ടുകാരിയുടെ കല്യാണത്തിന് വെച്ച് കണ്ടു ഇഷ്ട്ടപ്പെട്ടു, കല്യാണം ആലോചിച്ചു എത്തുന്ന ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ, കൂട്ടുകാരിയുടെ സഹോദരനോടും വീട്ടുകാരോടും തനിക്കു തുടര്‍ന്നും പഠിക്കണം എന്ന് മാത്രമാണ് ദുര്‍ഗ്ഗ പറയുന്നത്.ഗ്രാമത്തിലെ പെണ്‍കുട്ടികളോട് കാണിക്കുന്ന അപമര്യദയായ പെരുമാറ്റങ്ങളോട് ശക്തമായി പ്രതികരിക്കുന്നവളാണ് ദുര്‍ഗ്ഗ . ഒരു നായികയെയല്ല മറിച്ചു വ്യക്തിത്വമുള്ള ഒരു പെണ്‍കുട്ടിയെ ആണ് നമുക്ക് എവിടെ കാണാന്‍ കഴിയുന്നത്‌.വീടിനടുത്തുള്ള കോളേജില്‍ പഠിക്കാതെ ഹൈദ്രബാദില്‍ പഠിക്കാന്‍ ദുര്‍ഗ്ഗ തീരുമാനിക്കയും അവിടേക്ക് പോവുകയും ചെയ്യുന്നിടത്താണ് കഥയുടെ വഴിത്തിരിവ് .



ഇനി നമ്മള്‍ പ്രതീക്ഷിക്കുന്നതെന്താണ് ? നഗരത്തില്‍ എത്തുന്ന ദുര്‍ഗ്ഗ സമ്പന്നരായ കുട്ടികളുമായി ചങ്ങാത്തത്തില്‍ ആകുന്നു കൂടെ കൂടി മനപൂര്‍വമോ ചതിയില്‍പ്പെട്ടോ പീഡനത്തിന് ഇരയാകുന്നു .ഒരിക്കല്‍ അങ്ങനെ സംഭവിച്ചു എന്നത് ജീവിതമേ നശിച്ചു എന്നു കരുതി എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു അങ്ങനെയുള്ള ഒരു വഴിയേ  മുന്നോട്ടു പോകുന്ന പെണ്‍കുട്ടി. അവളെ തിരയുന്ന അച്ഛന്‍ . ഒടുവില്‍ മകളെ വാണിഭ ചന്തയില്‍ നിന്ന് കണ്ടു കിട്ടുമ്പോള്‍ ഞാന്‍ നശിച്ചു എന്ന് അലറിക്കരഞ്ഞു  ആത്മഹത്യ ചെയ്യുന്ന നായിക.

ഇതല്ലേ?

ഇവിടെയാണ് ഈ ചിത്രം വ്യത്യസ്തമാകുന്നത്. സംഗതി പീഡിപ്പിക്കപ്പെടുന്ന നിഷ്കളങ്കയായ പെണ്‍കുട്ടിയും അവളെ തേടി നടക്കുന്ന അച്ഛനും ഒക്കെ തന്നെ ആണെങ്കിലും കഥ നമ്മള്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ്‌  മുന്നോട്ടു പോയി അവസാനിക്കുന്നത്‌.ഒരു നിമിഷം പോലും ബോര്‍ അടിപ്പിക്കാതെ,തികച്ചും
റിയലിസ്റ്റ്ട്ടിക് ആയി , ചുരുങ്ങിയ കഥാപാത്രങ്ങളെ കൊണ്ട് വൃത്തിയായി ഈ കഥ പറഞ്ഞതിന് സംവിധായകന്‍ രാജേഷ്‌ റ്റച്റിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു ഒപ്പം നിര്‍മ്മാതാവ് സുനിത കൃഷ്ണനും.പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്‍റെ മൂഡ്‌ നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. 3 ഇഡിയററ്സ് പോലുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശന്തനു മോയിട്ര ആ ജോലി വൃത്തിയായി നിര്‍വഹിച്ചു .ചക്രവ്യൂഹ് പോലുള്ള സിനിമകളില്‍ അഭിനയിച്ച അഞ്ജലി പാട്ടീല്‍ ആണ് ഈ ചിത്രത്തിന്‍റെ ജീവന്‍ എന്ന് പറയാം. നടന്‍ സിദ്ദിഖ് തന്‍റെ  വേഷം തികച്ചും നന്നായി തന്നെ ചെയ്തു. (നടന്‍ പ്രകാശ്‌ രാജ് വില്ലനായി അഭിനയിക്കുന്ന പല വേഷങ്ങളും കാണുബോള്‍ അറിയാതെ നടന്‍ രഘുവരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുന്നത് പോലെ ഹെവി ആയ റോളുകള്‍ സിദ്ദിഖ് ചെയുമ്പോള്‍ സായി കുമാറിനെ ഓര്‍മവരുന്നത് എന്ത് കൊണ്ടാണ് എന്നിത് വരെ എനിക്ക് മനസിലായിട്ടില്ല എന്നതും സത്യം)

ഒരു വന്‍പിച്ച മെലോഡ്രാമ ചിത്രത്തിന്‍റെ അവസാനം പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയാകും ഫലം. ഇത്ര കൈയ്യടക്കത്തോടെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ശക്തമായ ഒരു അവസാനം സൃഷ്ട്ടിച്ച ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തിന്റെ അവസാനം ഉമ്മറപ്പടിയിലിരുന്നു നിറയുന്ന കണ്ണുകളുമായി ഇരിക്കുന്ന ദുര്‍ഗ്ഗയുടെ ചുണ്ടില്‍ വിരിയുന്ന ചെറു ചിരി പുഛത്തിന്‍റെയോ നിസ്സഹായതയുടെയോ ആശ്വാസത്തിന്‍റെയോ എന്നൊരു ചോദ്യം നമ്മുടെ മനസ്സിലേക്ക് എറിഞ്ഞു തന്നാണ് ഈ ചിത്രം അവസാനിക്കുന്നത്‌ .

പറയുമ്പോള്‍ എല്ലാം പറയണമല്ലോ.തിരുവനന്തപുരത്ത് ഒരൊറ്റ ഷോ ആണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് . സിനിമ കാണാന്‍ വിരലില്‍ എണ്ണാവുന്ന ആളുകളും



ചുരുക്കത്തില്‍ .....



അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന് ശേഷം മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു  കൊച്ചു ചിത്രം.
 

7 comments:

  1. torrent iranguna vare kaattu nillkam ..adannne

    ReplyDelete
    Replies
    1. ആപ്പറഞ്ഞത്‌ സത്യസന്ധത . പക്ഷെ വായിച്ചപ്പോള്‍ എന്തോ ജീവിതത്തില്‍ ആദ്യമായി പൈറസിയോട് ദേഷ്യം തോന്നുന്നു

      Delete
  2. ഈസിനിമയുടെ പ്രൊഡ്യുസര്‍ ശ്രീമതി സുനിതക്രിഷണന്‍,അവരുടെ ഭര്‍ത്താവ് ടച് റിവര്‍(ലാഫിംഗ് ഓഫ് ബുദ്ധാ ഫൈം)എന്നിവരെ കുറിച്ച് കൂടി എഴിത്യേങ്കിലെ ഈ പോസ്റ്റ്‌ പൂര്‍ണമാകൂ( സിനിമാ റിവൂ ആണ് ഈ ബ്ലോഗിന്റെ ഉദ്ദേശം എങ്കിലും..)
    ഒരു ലൈംഗിക അക്രമത്തിനു ഇരയായയിരുന്ന സുനിത ,ഇപ്പോള്‍ ലൈഗിക തൊഴിലാളികളെയും റേപ്പിനു ഇരയായ പെണ്‍കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ഒരു സംഘടന നടത്തുന്നു.അതിന്റെ പ്രചാരണര്‍ധവും ആണിത്.വേട്ടയാടപ്പെടുന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ അവസ്ഥയില്‍ ഈ സിനിമക്ക് പ്രാധാന്യമുണ്ട്

    ReplyDelete
    Replies
    1. എനിക്ക് അവരെപറ്റി കൂടുതല്‍ ഒന്നും അറിയില്ല എന്നതിനാല്‍ ആണ് എഴുതാത്തത്.മനസ്സില്‍ തട്ടുന്ന ഒരു നല്ല ചിത്രം , ഇതൊന്നും ആരും കാണുന്നില്ലല്ലോ,ചര്‍ച്ച ചെയ്യപ്പെടുന്നില്ലല്ലോ എന്നൊരു വിഷമം മാത്രം .

      നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളാണ് ഈ സിനിമ കാണേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം

      Delete
    2. Oh God!! Sunitha Krishnan aano produce chythathu??
      Prekshaka, just google and find out. Worth it!!

      Delete
  3. ഈ സിനിമയില്‍ യുവതാരങ്ങള്‍ ആരും ഇല്ലല്ലേ? ഉണ്ടായിരുന്നെങ്കില്‍...........................അപ്പൊ ശരി

    ReplyDelete
    Replies
    1. യുവതാരത്തിന്‍റെ മാഡ് മാഡി തൊട്ടടുത്ത്‌ തന്നെ ഉണ്ടല്ലോ .ആ പടം ഇറങ്ങിയതോടെ സകലരും കേരളത്തില്‍ സ്ത്രീ പീഡനം നിര്‍ത്തി (പലരും നേരിട്ട് വന്നു മാപ്പും ചോദിച്ചു എന്നാ കേട്ടെ ) . സ്പിരിറ്റ് ഇറങ്ങി കഴിഞ്ഞപ്പോള്‍ മലയാളികള്‍ മൊത്തം വെള്ളം അടി നിര്‍ത്തിയ പോലെ !!!:)

      Delete