Sunday, January 27, 2013

കമ്മത്ത് & കമ്മത്ത്

അനിയാ നീയിതു  എങ്ങോട്ടാ ?

 ഒട്ടും സമയമില്ല സമയമില്ല അണ്ണാ ആ കുടക് ഭാഗത്ത്‌ ഏതോ ആദിവാസി വിഭാഗം ഉണ്ടത്രേ . അവിടന്ന് ഒരു രണ്ടു തലമുറ മുന്‍പ് കേരളത്തില്‍ വന്നു താമസിക്കുന്ന ഒരു കുടുംബത്തിലെ ഒരു അതി സുന്ദരനായ ഒരു യുവാവിന്‍റെ കദന ഹാസ്യ കുടുംബ  ചിത്രമാണ് ഞാന്‍ പ്ലാന്‍  ചെയ്യുന്ന  ആദ്യ ചിത്രം . അവിടുത്തെ സംസാര രീതി പഠിപ്പിക്കാന്‍  രണ്ടു പേരെ വേണം . അത് തപ്പിയുള്ള പോക്കാ .

അത് കൊള്ളാമല്ലോ .  കഥ എന്താ ?

എന്തോന്ന്  കഥ ? അതൊക്കെ പിന്നെ .ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞത് കഥയല്ല പോലും ലോക്കല്‍ ലിംഗ്വിസ്റ്റിക്ക് ഡയലെക്റ്റ ആണ് സിനിമയുടെ വിജയത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം എന്നാണ് .നമ്മുടെ ഒരു സുപ്പര്‍ താരം മുഖ്യമായും ഇതാണ് ചോദിക്കുന്നതത്രേ . അത് ഓക്കേ  ആയാല്‍    ഡേറ്റ് വേഗം കിട്ടുമല്ലോ.പിന്നെ ഭക്ഷണം, അതിപ്പോള്‍ മലയാളിയുടെ ഒരു വീക്ക്‌ പോയിന്‍റ് ആണല്ലോ.വല്ല പുട്ടോ ഇടിയപ്പമോ വടയോ ഇറച്ചിക്കറിയോ അങ്ങനെ എന്തെങ്കിലും. അതിങ്ങനെ  ഒരു  ഭാഗത്ത്‌  ഇങ്ങനെ തിളച്ചു കൊണ്ടിരിക്കും .പിന്നെ ന്യൂ ജനറേഷ ന്‍  കാലമല്ലേ  അവര്‍ക്ക്  വേണ്ടി  ഒരു  പൊടിക്ക്  അശ്ലീലവും, അവസാനം തോരനോ , മെഴുക്കു പുരട്ടിയോ   അങ്ങനെ  ഏതാണ്ട്  ഒരു  ട്രൂപ്പ്  ഉണ്ടല്ലോ  അവരുടെ  ഒരു  അലര്‍ച്ചയും    ഇതെല്ലാം  ചേര്‍ത്ത്  നല്ല കിടിലം പബ്ലിസിറ്റി -  പ്രമോഷന്‍   കൂടെ   കൊടുത്താല്‍  ഈ  പടം  കാണുന്ന  കഴുതകള്‍  കഥയൊക്കെ തന്നെ വ്യഖാനിചോളും . മലയാളിയുടെ  കണ്ണ് തുറപ്പിക്കും  എന്ന്  പറഞ്ഞിറക്കിയ  ബാവൂട്ടിയുടെ  കഥാ വ്യഖ്യാനങ്ങള്‍  വായിച്ചു,  എഴുതിയവരുടെ  കണ്ണ് തള്ളിയില്ലേ  . അല്ലെങ്കില്‍ ഉസ്താദ് ഹോട്ടല്‍  അതിന്റെ കഥ എന്താണെന്നു ചോദിച്ചാല്‍  പറയുന്ന ഉത്തരങ്ങള്‍ കേട്ടാല്‍ സത്യമായിട്ടും സംവിധായകന്‍ പൊട്ടി ക്കരഞ്ഞു   പോകും അണ്ണാ  സത്യം


അനിയാ നീ വിധിയില്‍ വിശ്വസിക്കുന്നുണ്ടോ?

അണ്ണാ നമ്മളൊക്കെ ഇന്ത്യക്കാര്‍  അല്ലെ എന്തെങ്കിലും ഒന്ന് വേണ്ടേ വിശ്വസിക്കാന്‍ . അതല്ല ഇന്നെന്തു ഒരു തത്വ ചിന്ത ലൈന്‍  ?

ഒന്നുമില്ല അനിയ ഈ മലയാള സിനിമ കണ്ടു കണ്ടു മനുഷ്യന്‍ വിരക്തന്‍ ആയി പോയാല്‍  വലിയ അത്ഭുതം  ഇല്ല . അല്ല ഈ ഡല്‍ഹി  കേസിലെ പ്രതികളെ വധ ശിക്ഷ കൊടുക്കുന്നതിനു പകരം മലയാളത്തിലെ സുപ്പര്‍ താരങ്ങളുടെ  ഒരു  പത്തു വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ  ചിത്രങ്ങള്‍  ജീവപര്യന്തം കാണിക്കാന്‍ വിധിച്ചാല്‍ എത്ര നന്നായേനെ .

നിങ്ങള്  കാര്യത്തിലേക്ക് വന്നേ. ഇന്നു  ഏതു   ചിത്രമാ  കണ്ടേ ?

കാര്യസ്ഥന്‍ എന്ന ചിത്രത്തിന്   ശേഷം ശ്രീ തോംസണ്‍ സംവിധാനം ചെയ്ത കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് എന്ന ചിത്രമാണ്  ഇന്നലെ എനിക്ക് കാണാന്‍ ഭാഗ്യം സിദ്ദിചതു.മലയാള സിനിമയുടെ  സ്ഥലം ഹാസ്യ രചയിതാക്കളായ സിബി - ഉദയകൃഷ്ണ ജോടികള്‍ ആണ് ഇതിന്‍റെ തിരകഥ.നിര്‍മാണം  ആന്റോ ജോസഫ്‌.സംഗീതം ജയചന്ദ്രന്‍ (എന്തോന്ന് സംഗീതം ?).അഭിനേതാക്കള്‍   മമ്മുട്ടി , ദിലീപ് , റീമ കല്ലിങ്കല്‍ , കാര്‍ത്തിക' (തമിഴ് ) ,ഡുന്‍ഡു മോന്‍ ബാബുരാജ് (മമ്മുട്ടി ചെയ്യുന്ന ഹാസ്യം തികയാത്ത വരുന്നവര്‍ക്ക് വേണ്ടി സ്പെഷ്യല്‍ !!!)  റിസ ബാവ , സുരാജ് (അദ്ദേഹം  അധികം ഹാസ്യം ഇല്ല നമ്മുടെ ഭാഗ്യം ), നരേന്‍,തെസ്നി ഖാന്‍  തുടങ്ങിയവര്‍ . പറയാന്‍  മറന്നു തമിഴ് നടന്‍ ധനുഷ് ഈ ചിത്രത്തില്‍ അതി സങ്കീര്‍ണവും നിര്‍ണായകവും ആയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അത് മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി ശ്രീ മമ്മൂട്ടി കുറെ ദോശകളുടെ  പേര് ഒറ്റ ശ്വാസത്തില്‍ പറയുന്ന ചിത്രം എന്നോരു  പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ടെന്നാണ് അദ്ദേഹം തന്നെ എവിടെയോ പറഞ്ഞതായി വായിച്ചതു . മലയാള പ്രേക്ഷകരുടെ ഒരു ഭാഗ്യമേ

എന്നിട്ട് ....ഇതു കലക്കുമല്ലോ . മമ്മുട്ടിയും ദിലീപും കൊങ്ങിണി സ്ലാങ്ങില്‍ ആണ് സംസാരിക്കുന്നതു എന്ന് കേട്ടു ഉള്ളത് തന്നെ ?


നില്ലെടെ പറഞ്ഞോട്ടെ.മൊത്തത്തില്‍   ഈ ചിത്രത്തിന്‍റെ  കഥ അതി സങ്കീര്‍ണവും വഴി തിരിവുകള്‍ നിറഞ്ഞതും ആണ്.ഹോട്ടല്‍ മുതലാളിമാരായ രണ്ടു സഹോരന്‍മാര്‍  രാജ രാജ കമ്മത്ത് (വേറെ ആര് )  ദേവ രാജ കമ്മത്ത് (ദിലീപ് ) ഒരു പുതിയ സ്ഥലത്ത് ഹോട്ടല്‍ തുടങ്ങുന്നു . അവിടുത്തെ മുന്‍സിപ്പല്‍ സെക്രട്ടറി മഹാലക്ഷ്മി (റീമ ) അവരുടെ അനുജത്തി സുരേഖയെ (കാര്‍ത്തിക)  അനിയന്‍ കമ്മത്തിന് വലിയ ഇഷ്ട്ടം.(ഏണി വെച്ച് വേണം ഇഷ്ടപ്പെടാന്‍ എന്നത് തല്ക്കാലം നില്‍ക്കട്ടെ). അപ്പോളാണ്  സുരേഖ അനിയത്തിയല്ല അനിയന്‍റെ  ഭാര്യയാണ്.(അനിയന്‍ (നരേന്‍  )കല്യാണം  കഴിഞ്ഞു  ആദ്യരാത്രിക്ക്   തൊട്ടു മുന്‍പ് മരിച്ചു പോയി ). ക്രിസ്ത്യാനിയാണ് , ഇതൊന്നും  പോരാത്തതിനു  ഊമയും  ആണെന്ന  ഞെട്ടിപ്പിക്കുന്ന  സത്യങ്ങള്‍  ഇവരും  നമ്മളും അറിയുന്നത്  .സഹോരന്‍മാര്‍ ഭര്‍ത്താവിനെ കൊന്ന വില്ലന്മാരെ  ഓടിച്ചിട്ട്‌ (ശരിക്കും ) പിടിച്ചു കൊടുത്തു കല്യാണം നടത്തുന്നു. .ശുഭം.

അല്ല ഇതില്‍ ധനുഷ് എവിടെ ?

ധനുഷ് ഇവരുടെ ഏതോ ഹോട്ടല്‍ ഉത്ഘാടനം ചെയ്യാന്‍ വരുന്ന ആളാണ് .പിന്നെ ദിലീപിന്‍റെ കല്യാണ നിശ്ചയത്തിനു രണ്ടു ഷോട്ട് വേറെ . ഇത്രയും  സങ്കീര്‍ണതയും വഴിത്തിരിവും ഒക്കെ പോരെ അനിയാ .പിന്നെ ഇപ്പോഴത്തെ പുതിയ ട്രെന്‍റ്  അനുസരിച്ച് നായകന്‍ കല്യാണപ്രായം കഴിഞ്ഞു പുര നിറഞ്ഞു നില്‍ക്കുവല്ല (അത് പറഞ്ഞാല്‍ ഫാന്‍സ്‌ പോലും കൂവും എന്ന അവസ്ഥ ആയിട്ടുണ്ട്‌ ). മറിച്ച്  ഭാര്യയുമായി വേര്‍ പിരിഞ്ഞു എപ്പോള്‍ നല്ല സുഹൃത്തുക്കളായി  (എന്ന് വെച്ചാല്‍ ഹായ്  ബൈ റിലേഷന്‍  ) കഴിയുക എന്നതാണല്ലോ.ഇവിടെയും  അങ്ങനെ തന്നെ.സ്വന്തം അച്ഛന്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്നു ചാകാന്‍ കിടക്കുമ്പോള്‍  കൈയ്യില്‍ മെഹന്തി ഇട്ടു പോയി എന്ന കാരണം കൊണ്ട് തിരിഞ്ഞു നോക്കാത്ത സീരിയല്‍ നിന്ന് നേരിട്ട് ഇറങ്ങിവന്ന  ഭാര്യയെ ഉപേക്ഷിച്ചു അവരുമായി  ഹായ് - ബൈ  സൌഹൃതം പുലര്‍ത്തുകയാണ് മൂത്ത കമ്മത്ത്

അപ്പോള്‍ അഭിനയം ...?

ഈ പടത്തിലോ ? ശരി ഇനി അതും പറഞ്ഞേക്കാം . പതിവ് പോലെ വാമൊഴി വഴക്കം  എന്ന് പറഞ്ഞു ഈ സംഗതി വില്‌ക്കാമയിരുന്നു . രണ്ടു പ്രശ്നം . ഒന്ന് ഈ സംഗതി എപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ മടുത്തു തുടങ്ങി .രണ്ടു, മിമിക്രിയില്‍  നല്ല പരിചയമുള്ള ദിലീപ് അനായാസമായി തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍  മിമിക്രി അറിയില്ലാത്ത മമ്മുട്ടി പാട് പെടുന്നത് സ്വാഭാവികം .(അദ്ദേഹം പരമാവധി കഷ്ട്ടപ്പെട്ടിട്ടും സംസാരം ഒരല്‍പം നീട്ടി കല്യാണം കഴിച്ചോ എന്നാ ചോദ്യത്തിന് പകരം കല്യാണം കഴിക്കാന്‍ കൊടുത്തോ എന്നു ചോദിക്കുന്ന രീതിയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു ). ഒരു നിലവാരവുമില്ലത്ത ചിത്രമായതിനാല്‍ ആര് അഭിനയിച്ചാലും വിശേഷം ഇല്ല എന്നത് കൊണ്ട് ഭാഗ്യം.തെസ്നിഖാന്‍   ഇങ്ങനെ   പോയാല്‍ ഒരു ബൌധിക ഷക്കീല ആകുന്ന മട്ടാണ് കാണുന്നത്  .(ഇതില്‍ ദയവായി അശ്ലീലം കാണരുത് .ആ നടി  ഒരിക്കലും ശരീര പ്രദര്‍ശനം നടത്തിയിട്ടില്ല).റീമ കല്ലിങ്കലിന്   ഭാവങ്ങളോ  കാര്‍ത്തികക്ക് സംഭാഷണമോ എല്ലാ എന്നുള്ളത് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇടയ്ക്ക് സ്ഫടികം   ജോര്‍ജ്ജിനെ കണ്ടപ്പോള്‍ ഉള്ളൊന്നു കത്തി .അവസാനം കിട്ടിയ വാര്‍ത്ത‍ അനുസരിച്ച് അദ്ദേഹവും കോമഡി ആണല്ലോ (ഭീമന്‍ രഘുവിന്‍റെ ഒരു കുറവ് കാണാന്‍ ഉണ്ടായിരുന്നു ). ഭാഗ്യത്തിന് അനിഷ്ട്ട സംഭവങ്ങള്‍  ഒന്നും ഉണ്ടായില്ല.

പിന്നെയും പ്രത്യേകതകള്‍ ഏറെയുണ്ട് ഈ ചിത്രത്തില്‍. മമൂട്ടിക്ക്  ശരീരം  അനങ്ങി അഭിനയിക്കാന്‍ വയ്യാതെ ആയിട്ട് കാലം കുറെ ആയി. അതിനു ഒരു പരിഹാരം എന്ന നിലയില്‍ അക്ഷരാര്‍ത്ഥത്തില്‍ ആളെ വെച്ച് സ്റ്റണ്ട് നടത്തി (ബാബു രാജിനെക്കൊണ്ട് തല്ലിച്ച്  ) കാലു മേല്‍ കാലും കയറ്റി ഇരിക്കുകയാണ് അദ്ദേഹം ഈ സിനിമയില്‍ മിക്ക തല്ലു രംഗങ്ങളിലും.  ഇത് ഒരു സ്ഥിരം പരിപാടി ആയി അദ്ദേഹത്തിനു ആലോചിക്കാവുന്നതാണ് . ശരീരം അനങ്ങണ്ട , എന്തൊരു പുതുമ എന്ന് ഫാന്‍സ്‌ മണ്ടന്മാരെക്കൊണ്ട് പറയിക്കുകയും ചെയ്യാം .പിന്നെ ക്ലൈമാക്സില്‍ ഒടുക്കത്തെ  ഒരു ട്വിസ്റ്റ്‌ ഉണ്ട്.

അത് എന്തര്  അണ്ണാ ?

അത് ഞാന്‍ പറയില്ല ചെല്ലാ. മമ്മുക്കയുടെ  ത്യാഗം ആണ് സംഗതി. അല്ലെങ്കില്‍ തന്നെ കഥ മുഴുവന്‍ പറയുന്നു എന്നൊരു ചീത്തപ്പേര് അല്ലെങ്കില്‍ തന്നെ എനിക്കുണ്ട്. അത് കൊണ്ട് ഈ ത്യാഗം നീയൊക്കെ  തിയറ്ററില്‍ നേരിട്ട് പോയി അനുഭവിച്ചാല്‍ മതി .

എന്നാലും പടം ഓടാന്‍ ചാന്‍സ് ഉണ്ടോ    അണ്ണാ ?

അനിയ അതൊക്കെ കാശിറക്കുന്നവരുടെ കാര്യം .എന്നോട് ചോദിച്ചാല്‍  ,ഈ  ദിലീപ് എന്ന നടന്‍റെ ഏതെങ്കിലും ചിത്രം കൂറയാണ് എന്നൊരു അഭിപ്രായം വന്നു കിട്ടിയാല്‍ പിന്നെ ആ പടത്തെ പിടിച്ചാല്‍ കിട്ടില്ല എന്നതാണ് അനുഭവം . (ഭാവിയില്‍ ഒരു നല്ല പടം ഈ നടന്‍റെ വന്നാല്‍ അദ്ദേഹം തന്നെ കാശു കൊടുത്തു ആളെ ഇറക്കി ഇതു കൂറ  പടം ആണെന്ന് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ട് !!!) .പക്ഷെ ലോക റെക്കോര്‍ഡ്‌ ലക്‌ഷ്യം ആക്കി കുതിക്കുന്ന സുപ്പര്‍ താരത്തെ തളക്കാന്‍ ആ ഒരു ഘടകത്തിനെ കൊണ്ട് മാത്രം സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം .

അപ്പോള്‍ ചുരുക്കത്തില്‍ ...

അനിയാ പണ്ട് മോഹന്‍ ലാല്‍ അഭിനയിച്ച ടി വി സീരിയല്‍ നിലവാരത്തില്‍  ഉള്ള മാമ്പഴക്കാലം എന്നാ ചിത്രത്തിന്‍റെ മമ്മുട്ടി -ദിലീപ് വേര്‍ഷന്‍

ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ : ഇടക്കാലത്ത് നിര്‍ത്തി വെച്ചിരുന്ന ശ്രീ മമ്മൂട്ടി കണ്ടു പിടിച്ച ശരീരം കുലുക്കുന്ന  ആ പ്രത്യേക കലാരൂപം ഈ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് . ഇടവേള കഴിഞ്ഞു തിരക്ക് കൂട്ടാതെ വന്നിരുന്നാല്‍ പ്രസ്തുത കലാരൂപം ആസ്വദിക്കാവുന്നതാണ്

9 comments:



  1. പെര്‍ഫെക്റ്റ്
    just watched this movie .. disappointed.. How many time Mammotty will act same characters with change of Slang ?????? nowadays it is irritating ..

    ReplyDelete
  2. നരൈന്‍ നടത്തിയ ഭാവഭിനയത്തെക്കുറിച്ച് ഒന്നും പറയാത്തത് മോസം ആയി പോയി....ഒരു പാട്ട് എത്ര മനോഹരം ആയിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത് ....സുബ്രമണ്യപുരത്തില്‍ ജയ് ചെയ്തതൊക്കെ എന്തിനു കൊള്ളാം ...ഇവനല്ലേ പാട്ട് ....പിന്നെ സുരാജ് മോസം ആക്കിട്ടില്ലല്ലോ...സുരാജിന് കോമഡി കൊടുക്കാത്തതിന് സിബി ഉദയ്‌ ടീമിന് ഒരു അഭിനന്ദനം എങ്ങിലും കൊടുക്കണം...കോമഡി പറയാത്തതിന് ബാബുരാജിനും....പിന്നെ സ്ഥിരം ക്ലീഷേ എന്നൊന്നും പറയരുത് നായികാ കല്യാണം കഴിഞ്ഞതാണെങ്കിലും സംസാര ശേഷി ഇല്ലാതതായാലും നായകന്‍ സ്വീകരിക്കണം എങ്കില്‍ കന്യക തന്നെ ആവണമല്ലോ....നമ്മുടെ കന്യക മേനോന്റെ ഒക്കെ ഒരു ടൈം.......പിന്നെ അടുത്ത പടത്തില്‍ മെഗാ സ്റാര്‍ രഞ്ജിനി ഹരിദാസ്‌ പറയുന്ന മലയാളം ഉപയോഗിക്കാവുന്നതാണ്...ബാക്കി എല്ലാം അദ്ദേഹംപറഞ്ഞു തകര്‍ത്തു കഴിഞ്ഞല്ലോ ....പിന്നെ ഇത്രേം സുപ്രധാനം ആയ ഗസ്റ്റ് റോളിന് ധനുഷിനെ കാസ്റ്റ് ചെയ്തത് ശരിയായില്ല...മിനിമം രജനികാന്ത് കമല്‍ ഹാസന്‍ അല്ലേല്‍ അറ്റ്ലീസ്റ്റ് ഷാരൂഖ് ഖാന്‍ എങ്ങിലും വേണമായിരുന്നു...മമ്മൂടി ചെയ്യുന്ന അതി കഠിനമായ ഡാന്‍സ് സ്റെപ്സ്‌ ചെയ്യാന്‍ കഴിയാതെ ധനുഷ്‌ കഷ്ടപ്പെടുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി...

    ReplyDelete
  3. I have never seen such a junk movie in the near future.
    If Baburaj also was not there, then there is nothing in the movie
    Best actor: Baburaj
    Worst actor/actress : Karthika

    ReplyDelete
  4. കാര്യസ്ഥന്‍ എന്ന സിനിമക്ക് ശേഷം സംവിധായകന്‍ ഒരു പാടിപോലും
    മുന്നോട്ടുപോയില്ല എന്നതിനുള്ള തെളിവാണ് ഈ സിനിമ....

    ReplyDelete
  5. This review is amazingly hilarious. Conveyed the message very well, hats off to you. The crew behind this movie should read this!

    ReplyDelete
  6. "ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ : ഇടക്കാലത്ത് നിര്‍ത്തി വെച്ചിരുന്ന ശ്രീ മമ്മൂട്ടി കണ്ടു പിടിച്ച ശരീരം കുലുക്കുന്ന ആ പ്രത്യേക കലാരൂപം ഈ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് . ഇടവേള കഴിഞ്ഞു തിരക്ക് കൂട്ടാതെ വന്നിരുന്നാല്‍ പ്രസ്തുത കലാരൂപം ആസ്വദിക്കാവുന്നതാണ്"


    ഇങ്ങനെ ചിരിപ്പി ക്കല്ലേ ചേട്ടാ :)


    ReplyDelete
  7. Nice review, as you said, once the film get bad name, the box office will be sky rocketing....nice & sharp review. Good work brother. John.

    ReplyDelete
  8. Nice and Super review, excellent work Bro.

    ReplyDelete
  9. "പിന്നെ ഇപ്പോഴത്തെ പുതിയ ട്രെന്‍റ് അനുസരിച്ച് നായകന്‍ കല്യാണപ്രായം കഴിഞ്ഞു പുര നിറഞ്ഞു നില്‍ക്കുവല്ല, മറിച്ച് ഭാര്യയുമായി വേര്‍ പിരിഞ്ഞു നല്ല സുഹൃത്തുക്കളായി കഴിയുക എന്നതാണല്ലോ."
    അത് കലക്കി പ്രേക്ഷകാ...:-)
    KitTu$.

    ReplyDelete