Sunday, June 24, 2012

സ്പിരിറ്റ്‌ (ഒരു തുറന്ന കത്ത്)

പ്രിയപ്പെട്ട രഞ്ജിത് ,

മലയാള സിനിമയെ,ഇവിടത്തെ മാധ്യമങ്ങള്‍ പറയുന്നത് പോലെ , ഒരു പുതിയ പാതയിലേക്ക് നയിക്കാനായി മാറി ചിന്തിക്കുകയും ഒപ്പം നിരന്തരമായി പരിശ്രമിക്കുകയും ചെയുന്ന താങ്കളെ പോലുള്ള ഒരാള്‍ക്ക് മലയാള സിനിമയുടെ ഒരു സാധാരണ പ്രേക്ഷകനായ ഈയുള്ളവന്‍റെ എളിയ അഭിപ്രായം (വിനയം ഇത്രയും മതിയല്ലോ ?) വായിക്കാനോ അറിയാനോ സമയം ഉണ്ടാകും എന്ന് കരുതുന്നില്ല.എന്നാലും നമ്മളെ കൊണ്ട് ഇത്രയൊക്കയെ പറ്റു എന്ന ചിന്തയാണ് ഈ കത്തിന് ആധാരം.

മേയ് മാസപ്പുലരിയും,പെരുവണ്ണാപുരവും ഒക്കെ സിനിമ ശാലയില്‍ പോയി ആസ്വദിച്ച് കണ്ട ആളാണ് ഈയുള്ളവന്‍ .(ജോണിവാക്കര്‍ പോലുള്ളവ നമുക്ക് വിടാം).ഒരു സംവിധായകന്‍ എന്ന നിലയിലേക്ക് മാറിയ താങ്കള്‍ എന്ന് രാവണപ്രഭുവില്‍ തുടങ്ങി സ്പിരിറ്റില്‍ എത്തി നില്‍ക്കുകയാണല്ലോ. ഇതില്‍ കയ്യൊപ്പ് മുതല്‍ സ്പിരിറ്റ്‌ വരെ താങ്കള്‍ മാറി ചിന്തിക്കുകയാണെന്നും പുതിയ ഒരു വഴി വെട്ടി തുറക്കുകയാണെന്നും ഒക്കെയാണ് മാധ്യമങ്ങള്‍ വഴി ഞാന്‍ മനസിലാക്കുന്നത്‌. അതൊക്കെ തികച്ചും താങ്കളുടെ ഇഷ്ടവും വ്യക്തി സ്വാതന്ത്ര്യവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പോള്‍ പിന്നെ എവിടെയാണ് പ്രശ്നം? താങ്കളുടെ അവസാന ചിത്രമായ സ്പിരിറ്റ്‌ എന്ന സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞൊഴുകുന്നത് എന്ന് കേരളത്തിലെ മന്ത്രിമാര്‍ പോലും അഭിപ്രായപ്പെടുന്ന ചിത്രത്തെ കുറിച്ചാണ് എനിക്ക് സംസരിക്കാനുള്ളത് .

താങ്കളുടെ തൊട്ടു മുന്‍പിറങ്ങിയ ഇന്ത്യന്‍ റുപ്പി എന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ നല്ല അഭിപ്രായം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. എനിക്കും അത് തന്നെയാണ് അഭിപ്രായം (അത് പ്രിത്വിരാജ് എന്ന നടന്‍ ഉള്ളത് കൊണ്ടാണ് എന്ന് ആരോപിക്കപ്പെട്ടെക്കാം . പ്രസ്തുത ചിത്രത്തില്‍ സമകാലീനമായ ഒരു വിഷയവും ഈ ലോകത്ത് നമുക്ക് ചുറ്റും കാണുന്ന മനുഷ്യരും കഥാപാത്രങ്ങള്‍ ആയി ഉണ്ടായിരുന്നു എന്നതാണ് കാരണമായി എനിക്ക് തോന്നിയത്).അപ്പോള്‍ ന്യായമായ ഒരു ചോദ്യം മദ്യപാനം മറ്റൊരു സാമൂഹ്യ പ്രശ്നം അല്ലെ എന്നുള്ളതാണ്.തീര്‍ച്ചയായും അതെ പക്ഷെ തികഞ്ഞ ലാഘവത്തോടെയാണ് താങ്കള്‍ പ്രസ്തുത വിഷയത്തെ സമീപിച്ചിരിക്കുന്നത് എന്നാണ് ചിത്രം കണ്ട എനിക്ക് തോന്നിയത്.(ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തില്‍ സത്യന് സംഭവിച്ച അതെ പ്രശ്നം. വര്‍ധിച്ചു വരുന്ന വിവാഹമോചന നിരക്ക് ഒരു സാമൂഹ്യ പ്രശ്നം ആണ് എന്നിരിക്കെ ചിന്താവിഷയം കണ്ടവര്‍ ബോറടിച്ചു പണ്ടാരം അടങ്ങുന്ന അവസ്ഥ).


താങ്കളുടെ ചിത്രത്തിനെതിരെ ഇങ്ങനെ ഒരു അഭിപ്രായം പറയുന്ന സ്ഥിതിക്ക് അത് വിശദീകരിക്കാനും ഞാന്‍ ബാധ്യസ്ഥന്‍ ആണല്ലോ.ഒരു രാജ്യത്തു അടിസ്ഥാന പരമായി അടിസ്ഥാനവര്‍ഗം,മധ്യവര്‍ഗം,ഉന്നതവര്‍ഗം എന്ന് തിരിക്കാമല്ലോ.കേരളത്തില്‍ കഴിഞ്ഞ ഒരു പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ യഥാര്‍ത്ഥ ഭൂരിപക്ഷ വിഭാഗമായ മിഡില്‍ ക്ലാസിനു മദ്യത്തോടുള്ള സമീപനത്തില്‍ വന്ന മാറ്റമാണ് കേരളത്തിലെ മദ്യ ഉപഭോഗത്തില്‍ വന്ന വന്‍പിച്ച മാറ്റത്തിനു കാരണം എന്ന് ഞാന്‍ കരുതുന്നു.ഉദാഹരണമായി രാത്രി പാര്‍ട്ടി കഴിഞ്ഞു വരുന്ന ഐ റ്റി മകന്‍റെ മദ്യഗന്ധം അറിയുന്നില്ല എന്ന് ഭാവിക്കുന്ന,അതിനെ കുറിച്ച് വ്യകുലപ്പെടാത്ത , മാതാപിതാക്കള്‍ തുടങ്ങി "വല്ലപ്പോഴും,വല്ല പാര്‍ട്ടിക്കോ മറ്റോ പോയാല്‍ അല്‍പ്പം കഴിക്കുന്നതില്‍ വിരോധം ഇല്ല. സ്ഥിരം ആകരുത്" എന്ന് ഭാവിവര സങ്കല്പം പറയുന്ന അവിവാഹിതയായ ചെറുപ്പക്കാരി വരെ ഇതിനു ഉദാഹരണമാണ്‌.പത്തു കൊല്ലം മുന്‍പ് ഇങ്ങനെ ആയിരുന്നില്ല അവസ്ഥ.കള്ളുഷാപ്പിനു അടുത്ത് വെച്ച് കണ്ടിട്ടുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് കല്യാണ ആലോചന മുടങ്ങിയ കാലത്ത് നിന്ന് സ്ത്രീകളില്‍ മദ്യപാന ശീലം കൂടുന്നു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന കാലത്താണ് നാം എന്ന് ജീവിക്കുന്നത്.

കാടു കയറി പോകുന്നു നമുക്ക് ഈ ചിത്രത്തിലേക്ക് വരാം.ഈ ചിത്രത്തിലെ സകല കഥാപാത്രങ്ങളും മദ്യപിക്കുന്നവരാണ്.എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ ചിത്രത്തില്‍ മദ്യപിക്കാത്തതായി കല്‍പ്പന അവതരിപ്പിക്കുന്ന സുമതി എന്ന കഥാപാത്രം മാത്രമേ ഉള്ളു.ശരി ഇനി കഥ.രഘുനന്ദന്‍ എന്ന നായക കഥാപാത്രം,വിദേശത്ത് ബാങ്കിലും പിന്നെ ചില പത്രങ്ങളിലും ഒക്കെ പണിയെടുത്തു പതിവ് പോലെ ആ നാട്ടിലെ ആബാല വൃദ്ധം ജനങ്ങളും ഹോ എന്തൊരു സംഭവം എന്ന് വിളിക്കുന്ന ആളാണല്ലോ.അദേഹം.ഒരു പൈസ പോലും പ്രതിഫലമായി വാങ്ങാതെ ഒരു ചാനലിനെ നില നിര്‍ത്തി കൊണ്ട് പോകുന്ന ടോക്ക് ഷോ എന്ന് പറഞ്ഞു കാണിക്കുന്നത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ യാതൊരു നിലവാരവും ഇല്ലാത്ത പരിപാടി അല്ലെ? ആ പരിപാടിയില്‍ ഉടനീളം രഘുനന്ദന്‍റെ മൂന്നാം കിട ഷൈനിംഗ് അല്ലാതെ മറ്റു എന്തെങ്കിലും നടക്കുന്നുണ്ടോ? (സത്യമേവ ജയതേ പോലുള്ള പരിപാടികള്‍ പോലും നാലാം ദിവസം മടുക്കുന്ന നാടാണ്‌ ഇതു എന്നോര്‍ക്കുക) ശരി മദ്യത്തിനു അടിമയായ അയാള്‍ അങ്ങനെ ഒക്കെ ചെയുന്നു എന്ന് കരുതുക.ഈ ഭൂമി മലയാളത്തിലെ മുഴുവന്‍ ജനങ്ങളും അത് കണ്ടു ഹോ എന്തൊരു സംഭവം (വീണ്ടും) എന്ന് പറയുന്നു എന്ന് കാണിക്കുന്നത് പാവം വിനയന്‍ സാറു പോലും ചിന്തിക്കാത്ത കാര്യമല്ലേ?

ഈ ചിത്രത്തില്‍ ഉടനീളം നായകന്‍ തന്‍റെ ടോക്ക് ഷോയിലൂടെ സദാചാര പോലീസ് കളിക്കുകയാണ്.ആദ്യത്തേത് സുരാജ് അവതരിപ്പിക്കുന്ന മന്ത്രി.പ്രായപൂര്‍ത്തി അയ അയാള്‍ അയാള്‍ പോയ രാജ്യത്തെ നിയമം അനുവദിക്കുന്ന രീതിയില്‍ ആരെങ്കിലുമായി ശാരീരിക ബന്ധം പുലര്‍ത്തി എന്നത് തികച്ചും അയാളുടെ വ്യക്തിപരമായ കാര്യമാണ്.അതിന്‍റെ ഫോട്ടോ എടുത്തു ഇരയെ ക്ഷണിച്ചു വരുത്തി ലോകത്തിന്റെ മുന്നില്‍ വെച്ച് പ്രദര്‍ശിപ്പിച്ചു മിടുക്കന്‍ ആകുന്ന നായകന്‍ തികച്ചും യാധാര്ത്യ ബോധം ഉള്ള പാത്ര സൃഷ്ട്ടി തന്നെയാണ് .കേരളത്തില്‍ ഉറപ്പായും ഇതു നടക്കും !!! അതിലും കഷ്ട്ടമാണ് ഷോപ്പിംഗ്‌ മാളില്‍ തന്നെ തോണ്ടാന്‍ ശ്രമിച്ച ഒരുത്തന്നെ ഓടിച്ചിട്ട്‌ പിടിച്ചു രണ്ടു കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥയെ ടോക്ക് ഷോയില്‍ നായകന്‍ നേരിടുന്നത്.ഒരു സ്ത്രീ എന്ന നിലയ്ക്ക് തന്‍റെ നേര്‍ക്ക്‌ നടന്ന കയ്യേറ്റ ശ്രമത്തെ ചെറുത്ത അവരുടെ മുന്നിലും നായകന്‍ തന്‍റെ ഷൈന്‍ ചെയ്യാനുള്ള ശ്രമം വിടുന്നില്ല.നായകനല്ലേ എന്ന് കരുതി പോലീസുകാരി പോലും ഒതുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത് (മന്ത്രി ഒതുങ്ങുന്നു പിന്നെ അല്ലെ പോലീസ് !!!).സ്വന്തം ശരീരത്തില്‍ അനുവാദമില്ലാതെ പിടിക്കാന്‍ വന്ന ചെറുക്കനെ (അത് റെക്കോര്‍ഡ്‌ ചെയ്യാന്‍ വേറെ ഒരുത്തനും കൂടി ഉണ്ട് ) ഒറ്റയ്ക്ക് നേരിടുന്ന പോലീസുകാരിയോട് നിങ്ങള്ക്ക് ഒരു വേശ്യാലയം തുറന്നു കൊടുത്താല്‍ ഇങ്ങനത്തെ പ്രശ്നങ്ങള്‍ ഒഴിവാക്കികൂടെ എന്ന് ചോദിക്കുന്ന ബുദ്ധി ജീവിനായകനെ ഒരു സ്ത്രീ പക്ഷ ബൂലോകനാറിയും (മഹാനുഭാവന്‍ /ഭാവ എന്ന് വായിക്കാന്‍ അപേക്ഷ) ചോദ്യം ചെയ്തു കാണുന്നില്ല .കഷ്ട്ടം !!!! (ഒരു ആശയം എന്ന നിലയ്ക്ക് അതിനോട് യോജിപ്പുണ്ട് പക്ഷെ ചിത്രത്തില്‍ കാണിക്കുന്ന സാഹചര്യത്തില്‍ അത് ചോദിക്കാനുള്ള പ്രസക്തി മനസിലായില്ല )


ഈ ചിത്രവുമായി ബന്ധപെട്ടു ആരെയെങ്ങിലും അഭിനന്ദിക്കാന്‍ ഉണ്ടെങ്കില്‍ അത് ശ്രീ പ്രകാശ്‌ രാജിനെ ആണ് എന്നാണ് എന്‍റെ അഭിപ്രായം.ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന തികച്ചും നിര്‍ഗുണം എന്ന് വിശേഷിപ്പിക്കാവുന്ന അലെക്സിയെ അവതരിപ്പിച്ചു സമയം പഴക്കാത്ത അദ്ദേഹത്തോട് എനിക്ക് ബഹുമാനം ഉണ്ട് .

ഇനി ചിത്രത്തിന്‍റെ രണ്ടാം പകുതി.സുഹൃത്ത്‌ ചോര തുപ്പി മരിച്ചു വീഴുന്ന കണ്ടു മദ്യപാനം നിര്‍ത്തുന്ന നായകന്‍ പഴയ സദാചാര പോലീസ് പരിപാടി തുടരുന്നു.അദേഹത്തിന് ചുറ്റുമുള്ള മദ്യപാനികളായ ആരും മദ്യപിക്കുന്നത് അദേഹത്തിന് വിഷയമല്ല .മറിച്ചു അവരുടെ ഉന്നത സമൂഹത്തില്‍ വന്നു പോകുന്ന പ്ലംബര്‍ മണിയന്‍ ആണ് അദേഹത്തിന്‍റെ അടുത്ത ഇര.ഇയാളെ പിന്തുടര്‍ന്ന് ഇയാള്‍ മദ്യപിക്കുന്ന രംഗങ്ങള്‍ മുഴുവനും റെക്കോര്‍ഡ്‌ ചെയ്തു പോരാത്തതിനു അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഒളി ക്യാമറ സ്ഥാപിച്ചു അയാള്‍ മദ്യപിച്ചു വന്നു ഭാര്യയെ തല്ലുന്ന രംഗം ഉള്‍പ്പെടെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു ഷൈന്‍ ചെയ്തതിനു ശേഷം മണിയനെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കുന്നു.നാളെ നിങ്ങള്‍ ഗാര്‍ഹിക പീഡനം നടത്തുന്നോ എന്ന് പരിശോധിക്കാന്‍ ഏതേലും ചാനല്‍ക്കാര്‍ നിങ്ങളുടെ കിടപ്പ് മുറിയില്‍ ഒളിക്യാമറ വെച്ച് അവിടെ നടക്കുന്നത് ലോകത്തിനു മുഴുവന്‍ കാണിച്ചു ലോക മനസാക്ഷിയെ കുലുക്കി ഉണര്‍ത്താന്‍ തീരുമാനിച്ചാല്‍ തികഞ്ഞു.സംപ്രേക്ഷണം ചെയുമ്പോള്‍ അവതാരകന്‍ ഇതു തെറ്റാണെന്ന് എനിക്കറിയാം എന്നാലും നിങ്ങള്‍ ഇതു കാണണം എന്ന് പറഞ്ഞാല്‍ മതിയല്ലോ .നന്ദിയുണ്ട് സുഹൃത്തേ ഒരായിരം നന്ദി !!!

സിനിമയില്‍ സന്ദേശം എന്ന് പറയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല.എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് പ്രചരിപ്പിക്കപെടുന്നത് മദ്യത്തിനെതിരെ ഒള്ള ശക്തമായ സന്ദേശമാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത എന്നതാണ് . എന്നിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ഈ ചിത്രം പറയുന്നത് താഴേക്കിടയില്‍ ഉള്ളവന്‍ മദ്യപിക്കാന്‍ പാടില്ല എന്ന് മാത്രമാണ്. കാരണം മണിയന്‍റെ വീട്ടില്‍ മാത്രമേ പ്രശ്നങ്ങള്‍ ഉള്ളു.അയാള്‍ക്ക് മാത്രമേ ലൈംഗിക ശേഷിക്കുറവും തന്മൂലം ഭാര്യയെ സംശയവും ഉള്ളു. കൂടുതല്‍ ചിന്തിച്ചു കൂട്ടിയാല്‍ മണിയന്‍റെ ഭാര്യ മദ്യപിക്കാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നും പറയാം.കാരണം ഭാര്യയും സ്വല്‍പ്പം അടിക്കുന്ന മീര - അലെക്സി ദമ്പതികള്‍ പരമ സന്തുഷ്ടരാണ് !!!! മണിയന്‍റെ അത്ര തന്നെ മദ്യപിക്കുന്ന നായകന് ഒരു വിധത്തിലുള്ള ശേഷി കുറവും തന്മൂലം ഭാര്യയെ സംശയവും ഇല്ല. നടന്‍ മധു അവതരിപ്പിക്കുന്ന മദ്യപിക്കുന്ന റിട്ടയേര്‍ഡ്‌ നേവി ഉദ്യോഗസ്ഥനാകട്ടെ ഭാര്യ സ്ഥലം വിട്ടാല്‍ ഉടന്‍ ഉറയും വാങ്ങി പരസ്ത്രീ ബന്ധത്തിന് കുതിക്കുന്ന ആളാണ്.ചുരുക്കത്തില്‍ പറഞ്ഞാല്‍ കൈയില്‍ കാശുള്ളവന്‍ വെള്ളമടിച്ചാല്‍ കുഴപ്പമില്ല .എന്ന് വെച്ച് കണ്ട ദരിദ്രവാസികള്‍ അങ്ങനെ ചെയ്യാന്‍ പോയാല്‍ നശിച്ചു കുത്ത് പാള എടുത്തു പോകും എന്നതല്ലേ സത്യത്തില്‍ ഈ ചിത്രം നല്‍കുന്ന സന്ദേശം?

ഇനി സമൂഹത്തിന്‍റെ വീക്ഷണത്തില്‍ ഈ ചിത്രത്തെ നോക്കിയാല്‍ . (ആവര്‍ത്തനം ക്ഷമിക്കുക ) ശ്രീ ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിന് നികുതിയിളവ് നല്‍കണം എന്ന് മാത്രമല്ല കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഈ ചിത്രം സൌജന്യമായി പ്രദര്‍ശിപ്പിക്കണം എന്നാണ് എന്‍റെ അഭിപ്രായം.പ്രേമത്തിന്റെ പേരില്‍ ഒളിച്ചോടുന്ന ഓരോ കുട്ടിയും ഒരു നിമിഷം ചിന്തിക്കാന്‍ ആ ചിത്രം ഉറപ്പായും പ്രേരകം ആയേക്കാം എന്ന് ഞ്ഞാന്‍ വിശ്വസിക്കുന്നു . എന്നാല്‍ താങ്കളുടെ ഈ ചിത്രമോ? ഏതെങ്കിലും മദ്യപാനി ഒരു നിമിഷം നായകന്‍ നടത്തുന്ന അവസാന ഗിരി പ്രഭാഷണം ഓര്‍ത്തു വെള്ളമടി കുറയ്ക്കും എന്ന് പോലും എനിക്ക് തോന്നുന്നില്ല .അച്ഛന്‍ മകളെ പീഡിപ്പിക്കുകയും കൊണ്ടുനടന്നു വില്‍ക്കുകയും ചെയുന്ന കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ഈ കാലത്ത് ഒരു മദ്യപാനി വെള്ളമടിച്ചു ഭാര്യയെ തല്ലുന്ന രംഗം മനുഷ്യ മനസാക്ഷിയെ കുലുക്കി ഉണര്‍ത്തും എന്നതില്‍ ഒരു സംശവും ഇല്ല സുഹൃത്തേ. സത്യം

ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ നായകന്‍ പണമുണ്ടാക്കാനുള്ള പാച്ചിലില്‍ തെറ്റായ വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങുകയും ഒടുവില്‍ കള്ളനോട്ടു പോലെയുള്ള ഗുരുതരമായ ഒരു കേസില്‍ അകത്താകുന്നതിന്‍റെ (എല്ലാം നഷ്ട്ടപെടുന്നതിന്‍റെ ) തൊട്ടടുത്തു വരെ എത്തി നില്‍ക്കുമ്പോളാണ് അയാള്‍ തിരിച്ചു വരാന്‍ തീരുമാനിക്കുന്നത്‌ .എന്നാല്‍ എത്രയും ലോക പരിചയവും അനുഭവങ്ങളും ഉള്ള രഘുനന്ദന് സുഹൃത്തായ സാഹിത്യകാരന്‍ ചോര തുപ്പി മരിക്കുബോളാണ് മദ്യപാനം നിര്‍ത്താന്‍ തീരുമാനിക്കുന്നത്‌ (ബുദ്ധിജീവിയായ സാഹിത്യകാരന്മാര്‍ക്ക് പണ്ടേ പറഞ്ഞിട്ടുള്ളതാണല്ലോ കുടിച്ചുള്ള മരണം !!!). ഈ ചിത്രത്തില്‍ രഘുനന്ദന്‍ എത്ര അനായാസമായാണ് മദ്യപാനം നിര്‍ത്തുന്നത് എന്ന് നോക്കുക.അത് പോലെ മണിയനെയും ഒരു പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചു കഴിയുന്നതോടെ ആയാലും രക്ഷപ്പെടുന്നു എന്നതാണ് സൂചന . എത്ര നിസ്സാരം ആയാണ് ഈ ചിത്രം മദ്യവിമോചനത്തെ കൈ കാര്യം ചെയുന്നത് എന്ന് കൂടി പറഞ്ഞാല്‍ ചിത്രം പൂര്‍ണമായി


ഇനി കാസ്റ്റിംഗ്.ഒരാളെ നായകന്‍ ആക്കാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ടാകാം ഒന്ന് തന്‍റെ ചിത്രത്തിന്, അഥവാ ആ കഥാപാത്രത്തെ ആ നടന്‍ അവതരിപ്പിച്ചാലെ നന്നാകു എന്ന സംവിധായകന്‍റെ തോന്നല്‍. അല്ലെങ്കില്‍ ആ നടനെ ഉദ്ധരിക്കാന്‍ നടത്തുന്ന ശ്രമം. (പാവപ്പെട്ട സംവിധായകര്‍ക്ക് ഇന്ന നടന്‍റെ ഡേറ്റ് മാത്രമേ കിട്ടിയുള്ളൂ എന്നൊരെണ്ണം കൂടി ആകാം). മധ്യ വര്‍ഗ വിഭാഗത്തില്‍ എന്ന് മദ്യപാനത്തിന് ഉള്ള സ്വീകാര്യതക്ക് ഒരു പ്രധാന പങ്കു വഹിക്കുകയും (വൈകിട്ടെന്താ പരിപാടി ) അതിനു ഈ നിമിഷം വരെ ഒരു ഖേദ പ്രകടനവും നടത്തിയിട്ടില്ലാത്ത മോഹന്‍ലാല്‍ എന്ന നടനെ രഘുനന്ദനാക്കി മദ്യപാനത്തിനെതിരെ ഗിരി പ്രഭാഷണം നടത്തിക്കുക എന്നൊക്കെ പറഞ്ഞാല്‍ കഷ്ടമല്ലേ സുഹൃത്തേ? തങ്ങളുടെ സ്ത്രീ കഥാപാത്രങ്ങള്‍ എന്നും എന്നേ ആകര്‍ഷിച്ചിട്ടുണ്ട് ആറാം തമ്പുരാന്‍ മുതല്‍ മലയാളിയുടെ , സ്വന്തം ഭാര്യ (മഞ്ജു വാരിയര്‍) അന്യന്‍റെ ഭാര്യ (പ്രിയ രാമന്‍ ) എന്നീ സ്ത്രീ സങ്കല്‍പ്പത്തില്‍ അടിയുറച്ചു നിന്നുള്ള താങ്കളുടെ സ്ത്രീ കഥാപത്രങ്ങള്‍ പ്രത്യേക പഠന വിഷയം ആയി കാണേണ്ടതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .എന്നാല്‍ ഈ ചിത്രത്തില്‍.ഈ രണ്ടു സ്ത്രീധാരകളും (ഇത്രയും മതിയോ എന്തോ?) ഒന്ന് ചേര്‍ന്ന് ഉണ്ടായ മീര എന്ന കനിഹ അവതരിപ്പിക്കുന്ന കഥാപാത്രം ചെലവു ചുരുക്കലിന്‍റെ ഭാഗമാണോ ?മദ്യപാനം നിര്‍ത്തിയില്ലാ യിരുന്നു എങ്കില്‍ നിന്നെ ഞാന്‍ ബാലസംഗം ചെയ്തേനെ എന്ന് എക്സ് ഭാര്യയോട്‌ പറയുകയും പ്രസ്തുത ഭാഗ്യം കിട്ടിയിരുന്നെങ്കില്‍ എന്ന ഭാവത്തില്‍ അവര്‍ നില്‍ക്കുകയും ചെയ്യുന്ന രംഗം മൊത്തമായി എടുത്താല്‍ തീര്‍ച്ചയായും ഒരു തിരകഥാകൃത്ത് എന്ന നിലക്കുള്ള തങ്ങളുടെ വളര്‍ച്ച വിളിച്ചു ഓതുന്നതാണ്‌.

നന്ദു എന്ന നടന്‍ കാഴ്ച വെച്ച ഉജ്വലമായ അഭിനയത്തെ പറ്റി ഒരു വാക്ക് പറയാതെ ഈ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത് ആ നടനോട് ചെയുന്ന അനീതി ആകും .മലയാള സിനിമ ഒട്ടും ഉപയോഗിക്കാത്ത ഒരു നടനാണ് നന്ദു എന്ന സത്യം ഓര്‍മിച്ചു കൊണ്ട് തന്നെ പറയട്ടെ ഈ ചിത്രത്തില്‍ നന്ദു ഉജ്വലമായി അഭിനയിച്ചു എന്നാണ് അഭിപ്രായം എങ്കില്‍ ഇതു വരെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും ആ നടന്‍ ഉജ്വലമായ അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്

താങ്കളുടെ റോക്ക് ആന്‍ഡ്‌ റോള് എന്ന ചിത്രമാണ് ന്യൂ ജനറെഷന്‍ ചിത്രങ്ങളുടെ അപ്പൂപ്പന്‍ ആണ് എന്നും പ്രജാപതിയും ചന്ദ്രോത്സവവും താങ്കള്‍ നിലനില്‍പ്പിനായി എടുത്തത്‌ എന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌.അങ്ങനെയുള്ള ഒരു സമൂഹം ഈ ചിത്രത്തെയും മഹത്തരം എന്നു വഴ്ത്തിയാല്‍ എനിക്ക് അശേഷം അത്ഭുദം ഇല്ല

എന്നു സ്വന്തം
പ്രേക്ഷകന്‍

അണ്ണാ എന്തോന്നിത് ? എപ്പോള്‍ എത്തി ?

ഇന്നു വന്നതേ ഉള്ളു അനിയാ.പിന്നെ ബുദ്ധി ജീവികളോടു സംസാരിക്കുമ്പോള്‍ നിന്നെ പോലുള്ള കൂറകളോട് സംസാരിക്കുന്നതു പോലെ പറ്റില്ലല്ലോ.അതാ.അതിരിക്കട്ടെ കൈയില്‍ എന്തുവാടെ ഒരു പൊതി ?

അണ്ണന്‍ വണ്ടി ഇറങ്ങുന്നത് കണ്ടപ്പോളേ ഞാന്‍ ബിവറേജസ്സിലേക്ക് വിട്ടു.കുറച്ചു കാലമായി അണ്ണന്‍ ഇല്ലാത്തത് കൊണ്ട് രണ്ടെണ്ണം അടിക്കാന്‍ ഒരു കമ്പനി ഇല്ലായിരുന്നു.ഒഴിക്കട്ടെ അണ്ണാ ?

നീ ധൈര്യമായിട്ട് ഒഴിയെടെ . രണ്ടെണ്ണം വിട്ടിട്ടു വേണം എനിക്കും ഈ പൊതുജനം എന്ന വിവര ദോഷികളെ മദ്യപിക്കുനതിനെതിരെ ഒന്ന് ഉപദേശിക്കാന്‍ . നമുക്കൊക്കെ അങ്ങനെ പലതുമാകാം ഇവനൊക്കെ അങ്ങനെ തുടങ്ങിയാലോ? ഉപദേശിച്ചു കൊല്ലും ഞാന്‍ നീ വേഗം സംഗതി ഒഴിക്കെടെ ..........

11 comments:

  1. ആഹാ വീണ്ടും തിരിച്ചെത്തിയോ? ഈ പടത്തിനു ടാക്സ് ഫ്രീ കൊടുത്തത് ഒട്ടും ശരിയായില്ല, മഞ്ചാടിക്കുരു എന്നാ ഒരു ചിത്രം ഇവിടെ വന്നു, നല്ലൊരു സിനിമ ആയിരുന്നു തിങ്കളാഴ്ച നല്ല ദിവസം കോപ്പി ആണെങ്കിലും , ഈ വര്‍ഷത്തെ ഇടവും നല്ല ചിത്രം, അതിനു ടാക്സ് ഫ്രീ കൊടുക്കാന്‍ ആരുമില്ല, ഇതില്‍ ഗണേശന്‍ മുനീറിനെ അനുസ്മരിപ്പിക്കുന്ന ഒരു റോള്‍ ചെയ്തു , എം എല്‍ എ മാര്‍ ഓസിനു കണ്ടു , എന്നാല്‍ കിടക്കട്ടെ ടാക്സ് ഫ്രീ , ഒരു വകയ്ക്കു കൊള്ളാത്ത ചിത്രം. റോക്ക് ആന്‍ഡ് റോളിനെ സകല കല വല്ലഭനായ ചന്ദ്രമൌലി തന്നെ ആണ് ഇവിടെ രഘുനന്ദനന്‍ ആയി അവതരിച്ചത് , ഈ റോക്ക് ആന്ഡ് റോള്‍ തന്നെ കിഴക്കുണരും പക്ഷി എന്നാ നാഗവള്ളി ചിത്രം കോപ്പി ആണ് . വെള്ളമാടിക്കുന്നെങ്കില്‍ രഞ്ജിത്ത് ഒക്കെ അടിക്കുന്ന പോലെ അടിക്കണം എന്നതാണ് ആകെ ഒരു സന്ദേശം ബാക്കി ഒക്കെ ബുജി ജാഡ, കനിഹ ഉള്ളത് കൊണ്ട് കണ്ടിരുന്നു അല്ലെങ്കില്‍ ഓടി രക്ഷപെട്ടെനെ , കനിഹയുടെ അഭിനയം അല്ല കാരണം , മോഹന്‍ ലാല്‍ ജെ എസ പ്രദീപിനെ അനുകരിചിരിക്കുന്നു ടാക് ഷോയില്‍ , പിന്നെ അതൊരു സംഭവം ആണെന്ന് പാവം മധുവിനെ കൊണ്ട് പോലും പറയിച്ചിരിക്കുന്നു, മമൂട്ടിയെ മണിയടിച്ചു ചില പടങ്ങള്‍ ഉണ്ടാക്കി (കയ്യൊപ്പിനു പണം വാങ്ങിയില്ലെന്നാണ് പറയുന്നത്) , വീണ്ടും മോഹന്‍ലാലിനെ മണി അടിക്കുന്നു , ഒരു കാര്യം രഞ്ജിത്ത് ജീവിക്കാന്‍ പഠിച്ചിരിക്കുന്നു , തിലകന്‍ ഈ ചിത്രത്തില്‍ എന്തിനു അഭിനയിച്ചു എന്ന് എനിക്ക് മനസ്സിലാകുന്നില്ല

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. ഡേയ് ഡേയ് നീ തിരികെ വന്നോടേയ്...
    ഒളിവുകാലത്ത് നല്ല പടങ്ങളൊരുപാട് കേറിയിറങ്ങി പോയിക്കാണും ല്ലേ...

    ഇനിയിപ്പോ സൂപ്പറുകളുടെ കഷ്ടകാലം..!!

    ReplyDelete
  4. വെള്ളമാടിക്കുന്നെങ്കില്‍ രഞ്ജിത്ത് ഒക്കെ അടിക്കുന്ന പോലെ അടിക്കണം എന്നതാണ് ആകെ ഒരു സന്ദേശം : Perfect One.

    ReplyDelete
    Replies
    1. Ninne kurachu nalayi kananillayirunnallo..
      Ninakku chukkethu chunnambethennu ariyilla.. Mohanlalineyum Mammottiyeyum evide kandalum Therivilikkunam athraye ullu... Spirit orikkalum oru Mosham cinema alla.. Indian rupeekkum ithraye standard ullu.. Out standing movie ennu randineyum parayanokkathilla... Pinne nee ninte pani nallathu pole cheyyuka ! means Super Megha kale theri vilikkuka" appol sari nadakkatte...

      Delete
    2. ശരി കലക്കോടാ .നീ പറഞ്ഞാല്‍ പിന്നെ അതിനു അപ്പീല്‍ ഉണ്ടോ ? അങ്ങനെ തന്നെ ചെയ്യാം . ചുക്കും ,ചുണ്ണാമ്പും തിരിച്ചറിയാനുള്ള കോര്‍സ്സിന് ഞാന്‍ ഉടനെ ചേരുന്നുണ്ട്. അവിടെ തന്നെ എങ്ങനെ ഒരു നല്ല സിനിമ പ്രേക്ഷകന്‍ ആകാം എന്ന ക്ലാസും ഉണ്ടെന്നു കേട്ട് .നീ അതിനൊന്നു ചേരുന്നത് നന്നൈരിക്കും .ഫീസ്‌ ഞാന്‍ കൊടുക്കാം. പിന്നെ നിന്നോടായത് കൊണ്ട് പറയാം , ഈ ചൂപ്പര്‍ മെഗാ വധങ്ങളെ ഞാന്‍ വിളിക്കുന്ന ഓരോ തെറിക്കും ഗൂഗിള്‍ എനിക്ക് നൂറു ഡോളര്‍ വെച്ച് തരുന്നുണ്ട് .രഹസ്യമാണ് .ആരുമറിയരുത് കേട്ടോ

      Delete
  5. അറിസ്ട്രോക്രാട്ടിക് മദ്യപാനത്തെ വല്ലാതെ ഗ്ലോറിഫൈ ചെയ്യുകയും അഷ്ടിപ്പട്ടിണിക്കാരന്റെ മദ്യപാനത്തെ ഇകഴ്ത്തുകയും ചെയ്യുന്നത് ഒരുമാതിരി നാറിയ ഏര്‍പ്പാടാണ്.
    മോഹന്‍ലാല്‍ വെള്ളമടിച്ചാല്‍ തത്ത്വം പറയും..ഇഹലോക പ്രശ്നങ്ങള്‍ക്ക് എല്ലാം നേരെ ആഞ്ഞടിക്കും. പുസ്തകം വായിക്കും എഴുതും..പിരിഞ്ഞു പോയ ഭാര്യയുമായി ഉറ്റ സൗഹൃദം സ്ഥാപിക്കും.
    പക്ഷെ പ്ലംബര്‍ മണിയന്‍ വെള്ളമടിച്ചാല്‍ ഭാര്യയെ തല്ലും. ലോകത്തിനു മുഴുവന്‍ വെറുക്കപ്പെട്ടവന്‍ ആകും.
    മോഹന്‍ലാലിന്റെ മദ്യപാനം കൊണ്ട് കനിഹ അടിവാങ്ങാത്തത് എന്ത് കൊണ്ടാ? ഉള്ളില്‍ ചെല്ലുന്നത് മദ്യമല്ലേ??

    മദ്യപാനത്തിനെതിരെ ഒരു എപ്പിസോഡ് ചെയ്തത് കാണുമ്പോള്‍ തിലകന്‍ കഥാപാത്രം കണ്ണീരോടെ മദ്യപാനം നിര്‍ത്തുന്നു..എന്നാല്‍ കാശുകാര്‍ക്ക് അതും ഒരു മദ്യപാനപ്പാര്‍ട്ടിക്കുള്ള വകുപ്പാണ്!!!
    ഒരു മദ്യഗ്ലാസ് വാങ്ങി ലാല്‍ അവസാനം പറയുന്ന ദയലോഗ് പൊളിച്ചു..ഒരു മര്യാദയുടെ പേരില്‍ വാങ്ങിയതാണ് എന്ന്..മദ്യം നല്‍കുമ്പോള്‍ അത് വേണ്ട എന്ന് പറയുന്നതല്ല...അത് വാങ്ങുന്നതാണ് മര്യാദ..
    നമ്മള്‍ ഈ കാശുകാരുടെ പോളിടെക്നിക്കില്‍ ഒന്നും പഠിച്ചിട്ടില്ലല്ലോ..രഞ്ജിത്ത് പറയുന്നത് വിശ്വസിക്കുക തന്നെ..

    ReplyDelete
  6. മുന്‍കാലങ്ങളില്‍, താങ്കളുടെ പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും, ഈ മടങ്ങി വരവില്‍ സന്തോഷമുണ്ട്.

    മുകളിലത്തെ കാഴ്ച്ചപാടിനോട് പൂര്‍ണമായും യോജിക്കുന്നു.

    ReplyDelete
  7. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്നതല്ലേ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സോഷ്യല്‍ ഡ്രിംഗിങ്ങ്, പരസ്ത്രീ ഗമനം, മാളുകളിലെ തൊടല്‍ തോണ്ടല്‍. എല്ലാം

    സംവിധായകന്‍ ഈ ചിത്രത്തിലൂടെ ഇതെല്ലാം വിളിച്ചു പറയാനാണ് ഉദ്ദേശിച്ചതെങ്കിലോ?

    എല്ലാം കാണിച്ചിട്ട് ഇത് പാടില്ല , ഇത് പാടില്ല എന്ന് പറയുന്നില്ല. അവസാനം പാവം മണിയനോട് മാത്രം ഇത് പാടില്ലെന്ന് പറയുന്നു.

    പിന്നെ, മന്ത്രി അങ്ങേര്‍ക്ക് തോന്നിയത് പോലെ നടന്നോട്ടെ എന്നുള്ളതൊക്കെ ശരി, പക്ഷേ ഇതേ കാര്യം പുള്ളിയോട് മാന്യന്‍ ചമയുന്നില്ലേ, അതോണ്ടല്ലേ പുള്ളിയുടെ കള്ളത്തരം വിളിച്ചു പറയാന്‍ നായകന്‍ ശ്രമിക്കുന്നു.

    ഷോ ദി സ്പിരിറ്റ് എന്ന് പരിപാടി മോഹന്‍ലാലിന്റെ ഷോ തന്നെയാണ്, ആ ചിത്രത്തില്‍ പ്രാധാന്യമുള്ളതും എന്നാലും ഒട്ടും രസം തോന്നിക്കാത്തൊരു ഷോ.

    നികുതിയിളവും കോപ്പുമൊന്നും കൊടുക്കേണ്ട ഒരു കാര്യവുമില്ല ആ ചിത്രത്തിന്, നേരത്തെ പറഞ്ഞത് പോലെ മഞ്ചാടിക്കുരു പോലുള്ള സിനിമയ്ക്കൊന്നും ഒരു സഹായവും കിട്ടുന്നില്ല.

    ഓഫ്ടോപ്പിക്ക് : സിനിമ കണ്ട് പകുതിക്ക് ഇറങ്ങി പോകുന്നവന്‍ നേരെ ബാറിലേക്ക് പോകാതിരുന്നാല്‍ ഭാഗ്യം #കൊതിയാവണൂ....

    ReplyDelete
  8. http://www.mathrubhumi.com/movies/malayalam/281506/

    http://www.mathrubhumi.com/movies/malayalam/282042/

    ReplyDelete
  9. annanithevidayrunnu? kure koora padangal irangi vijaychu poyi. ellam onnu kanditu elavanmarem polichadukkatto....

    ReplyDelete