Saturday, January 7, 2012

അസുരവിത്ത്‌ (Asuravithu)

ഇത് ഒരു കഥയാണ്‌ . ഇതിലെ പ്രേക്ഷകന്‍ ഒഴികെയുള്ള ചില കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ , വല്ലവരും തല്ലി കൊന്നതോ (കൊല്ലാന്‍ സാധ്യത ഉള്ളതോ ) ആയ ആരെങ്കിലും ഒക്കെയായി വല്ല അല്ല ചില്ലറ സാമ്യങ്ങള്‍ ഒക്കെയുണ്ടെങ്കില്‍ അത് ലവന്‍സിന്റെയൊക്കെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും എന്ന് കരുതി അങ്ങ് സമാധാനിച്ചോ .സമാധാനിച്ചില്ലെങ്കിലും ഒരു ചുക്കുമില്ല . അപ്പൊ നിയമപ്രകാരം ഉള്ള ഭീഷിണി കഴിഞ്ഞു .ഇനി കഥ തുടങ്ങാതെ നിവര്‍ത്തിയില്ലേ

കഥ തുടങ്ങുന്നത് പ്രസിദ്ധ ബ്ലോഗര്‍ ശ്രി പത്മവിഭൂഷണ്‍, ഫീല്‍ഡ് മാര്‍ഷല്‍, ഡോ , ഭരത് പ്രേക്ഷകേട്ടന്റെ (മത നിരപേക്ഷകമായി അവനവന്റെ സൌകര്യപ്രകാരം ഇക്ക,അച്ചായന്‍,പാജി,സുനോജി എന്നൊക്കെ വായിക്കാം ) വീട്ടിലെ ഓഫീസില്‍ നിന്നാണ് ( നിയമ പ്രകാരം ഉള്ള അറിയിപ്പ്,ഇത് ലാസ്റ്റ് - ബഹുമതികള്‍ ദുരുപയോഗം ചെയ്തതായി കേസ് ഉണ്ടെങ്കില്‍ അവ യഥാക്രമം താമരവിഭൂഷണ്‍, അണ്ടര്‍ഗ്രൌണ്ട് കോര്‍പ്പറല്‍ , മുനിയാണ്ടി വിലാസം വൈദ്യന്‍,ശത്രുഘ്നന്‍ എന്ന് തിരുത്തുന്നതാണ് - ഏതുക്ക് വമ്പ് ?). അപ്പോള്‍ ഓഫീസില്‍ കഥ തുടങ്ങി ശ്രീ .പ്രേക്ഷകന് രാവിലെ തന്നെ രണ്ടു മൂന്ന് അതിഥികള്‍ ഉണ്ട് .ഒന്ന് ഗള്‍ഫിലെ പാര്‍ട്ട്‌ ടൈം സിനിമ ബുദ്ധിജീവി കോയ മന്‍സിലില്‍ രായിന്‍, പിന്നെ രണ്ട് അനോണികളും (ഇവര്‍ക്ക് മുഖമില്ല .തലയുടെ സ്ഥാനത്ത് മരം കൊണ്ടുള്ള ഒരു കാലി പെട്ടിയും,പെട്ടിയില്‍ ഫ്ഭാന്‍സ്സ് എന്ന എഴുത്തും അടയാളം ).രാവിലെ തന്നെ രായിനും ,അനോണികളും ശ്രീ പ്രേക്ഷകനെ കാണാന്‍ എത്തിയതിന് പിന്നില്‍ ഒരു അജണ്ട ഉണ്ട് .പ്രേക്ഷകന്റെ സിനിമാ നിരൂപണത്തിന്റെ ശൈലി ഒന്ന് മാറ്റി പിടിപ്പിക്കുക .ഏറെ നേരത്തെ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് ശേഷം ശൈലി സ്വല്‍പ്പം മാറ്റിപ്പിടിച്ചാല്‍ എന്ത് എന്നൊരു തോന്നല്‍ പ്രേക്ഷനും ഉണ്ടായി . അപ്പൊ പുതിയ ശൈലി തങ്ങളുടെ അംഗീകാര ശേഷം മാത്രമേ പ്രസിദ്ധികരിക്കാന്‍ പാടുള്ളൂ എന്ന് മറ്റവന്മാര്‍ .രണ്ടു ചായ വീതം വരാന്തയില്‍ ഇരുന്നു മോന്തിയ നാശങ്ങള്‍ പ്രാതലും, ശേഷം ഊണും കൂടി ചോദിക്കാന്‍ നില്‍ക്കണ്ട എന്ന് കരുതി പ്രേക്ഷകന്‍ താന്‍ തലേന്ന് കണ്ട അസുരവിത്ത്‌ എന്ന എ കെ സാജന്‍ സംവിധാനം ചെയ്തു ആസിഫ് അലി നായകനായ സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം അവന്മാരോട് പുതിയ ചില ശൈലികളില്‍ പറയാം എന്ന് പറയുന്നിടത്ത് കഥ തുടങ്ങുന്നു (നേരത്തെ തുടങ്ങുന്നു എന്ന് പറഞ്ഞത് ചുമ്മാ പറ്റിക്കാന്‍ പറഞ്ഞതാ .ഇപ്പൊ സത്യമായിട്ടും കഥ തുടങ്ങുന്നു )

പ്രേ :ജീവിതത്തിന്റെ തീക്ഷ്ണ ജ്വാലാ മുഖങ്ങളില്‍ ഒന്നിന്റെ പോലും ഉള്‍ക്കാമ്പില്‍ സ്പര്‍ശിക്കാതെ തികച്ചും ഏകതാനമായ ഒരു നൈരന്തര്യമാണ് എ കെ സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത്‌ എന്ന ചലച്ചിത്രത്തില്‍ നമുക്ക് ദ്രിഷ്ടിഗോചരമാവുക .ഇതിലെ ഡോണ്‍ ബോസ്കോ എന്ന ഗുണ്ടയായ നായക കഥാപാത്രത്തിന്റെ വില്ലന്മാര്‍ ജൂതന്മാര്‍ ആണെങ്കിലും , അവരിലൂടെ ആത്യന്തികമായി ഭാരതത്തിലെ മുസ്ലീങ്ങള്‍ എല്ലാം ഹിന്ദുവിന് അടിമകളായി ജീവിക്കണം എന്ന രഹസ്യ അജണ്ടയുടെ സന്ദേശമാണ് എ കെ സാജന്‍ ഈ ചിത്രത്തിലൂടെ പറഞ്ഞു വെച്ചിരിക്കുന്നത് "

കോ: ഒന്നും മനസിലായില്ല .ജീവിതത്തിന്റെ എന്ന് കഴിഞ്ഞപ്പോള്‍ എനിക്ക് പിടി വിട്ടു

മരത്തലയന്‍ ഫ്ഭാന്‍സ് സ്റ്റണ്‍ണ്ട്. നോ സൌണ്ട് .അല്ലേലും താരങ്ങളുടെ അടിവസ്ത്രം കൂളിംഗ് ഗ്ലാസ് എന്നിവയെ വാഴ്ത്താനും , മറ്റുള്ളവരെ തെറി വിളിക്കാനും അല്ലാതെ ആഹാരം കഴിക്കാന്‍ പോലും ഇവന്മാര്‍ കഷ്ടിയെ വാ തുറക്കു. അത് കൊണ്ട് പ്പ്രേക്ഷകന്‍ ,കോയ സംഭാഷണത്തിലൂടെ പുതിയ ശൈലി സൌകരം പോലെ ഇതള്‍ വിടര്‍ത്തുകയോ,പൊട്ടിവിരിയുകയോ ചെയ്യും

പ്രേ : ഈ ശൈലി മലയാളം നിഘണ്ടു ഫുള്‍ ടൈം കയ്യില്‍ ഉണ്ടേലും മനസിലാവാന്‍ പാടാണ്. സാധാരണ ജന്മനാ ബുദ്ധിവൈകല്യം ഉള്ളവര്‍ , നല്ല നട്ടപ്രാന്തന്മാര്‍ എന്നിവരാണ് സ്ഥിരമായി ഈ ശൈലി നിരൂപിക്കുന്നത്

കോ :വേറെ ശൈലി എന്തെങ്കിലും?

പ്രേ :പിനെന്ന്താ .ദാ പിടിച്ചോ. അയ്രത്തി തൊള്ളായിരത്തി രണ്ടായിരത്തി അന്‍പതില്‍ പുറത്തു വന്ന, എ കെ സാജന്‍ സംവിധാനം ചെയ്തു പ്രിഥ്വിരാജ് നായകനായ സ്റ്റോപ്പ്‌ വയലന്‍സിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ആസിഫ് അലി നായകനായ അസുരവിത്ത്‌ വെള്ളിത്തിരയില്‍ എത്തുന്നത് . ഒരു ആക്ഷന്‍ ചിത്രം എന്ന നിലയില്‍ അസുരവിത്ത്‌ കൊള്ളാമെങ്കിലും , കുടുമ്പ ചിത്രം എന്ന നിലയില്‍ അത്ര പോരെങ്കിലും , സാജന്റെ തിരക്കഥ നന്നായിട്ടുണ്ടെങ്കിലും, സംവിധാനം ഇനിയും നന്നാകാമായിരുന്നുവെങ്കിലും , അസിഫ് അലി നന്നായി അഭിനയിച്ചെങ്കിലും , ഒരു സീനില്‍ പോലും നന്നായില്ലെങ്കിലും, ഫ്രെയിമുകളിലെ സെപ്പിയ ടോണിന്റെ ഉപയോഗം അകര്‍ഷകമായെങ്കിലും, ക്യാമറ കാശിന് കൊള്ളില്ലെങ്കിലും ചിത്രത്തിന് പത്തില്‍ അഞ്ചേമുക്കാലര മാര്‍ക്ക് "

കോ: ആദ്യത്തെ വരി വല്ലതുമൊക്കെ പിടി കിട്ടി . പിന്നെ കൈ വിട്ടു പോയി അണ്ണാ .ഒന്നും മനസിലായില്ല

പ്രേ:സാധാരണ ഈ ശൈലി ഉപയോഗിക്കുന്നവന്മാരുടെ അവസ്ഥയും ഏതാണ്ട് അത് തന്നെയാണ് .

കോ: ഒരു ശൈലി കൂടി ...പ്ലീസ് ...ഇത് ലാസ്റ്റ്

പ്രേ :ശരി. ഡേ ,നീ പ്രിഥ്വിരാജ് നായകനായ സ്റ്റോപ്പ്‌ വയലന്‍സ് കണ്ടിട്ടുണ്ടോ?

കോ:പിന്നെ .എ കെ സാജന്‍ സംവിധാനം ചെയ്ത പടം. കണ്ടിട്ടുണ്ട് അണ്ണാ.

പ്രേ : ആ പടത്തില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച സാത്താന്‍ എന്ന ഗുണ്ടയുടെ മകന്‍ ഡോണ്‍ ബോസ്കോയുടെ (ആസിഫ് അലി ) കഥ പറയുന്ന സിനിമയാണ് അസുരവിത്ത്‌ .സംവിധാനവും തിരക്കഥയും എ കെ സാജന്‍ തന്നെ .

കോ :സാത്താന്റെ മകന്‍ .ഹോ ...ഞെരിപ്പ് ആക്ഷന്‍ പടം ആയിരിക്കും അല്ലെ ?

പ്രേ : ഞെരിപ്പ് പടം ആകാമായിരുന്ന ഒന്ന് എന്ന് പറയുന്നതാവും ശരി .

കോ : കാരണം ?

പ്രേ: ഒന്നാമത്തെ കാരണം എ കെ സാജന്‍ തന്നെ . വല്യ കുഴപ്പമില്ലാതെ പോകുന്ന ഫാസ്റ്റ് ഹാഫ് .പക്ഷേ ഇന്റര്‍വെല്‍ അങ്ങോട്ട്‌ കഴിഞ്ഞാല്‍ എ കെ സാജന്‍ സംവിധാനം ഷാജി കൈലാസിനെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ ഷാജി കൈലാസിന്റെ പ്രേതം സാജനില്‍ ആവേശിക്കുകയോ ചെയ്തത് പോലെയാണ് പടത്തിന്റെ പോക്ക് .പിന്നെ ആസിഫ് അലി . ആദ്യ പകുതിയുടെ മുക്കാല്‍ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട് .പക്ഷേ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രം ഡോണ്‍ ദാവീദ് ആകുന്നിടം മുതല്‍ സംഗതി ആസിഫിന്റെ കൈ വിട്ടു പോയി . അത്രയ്ക്ക് ഇന്റെന്‍സിറ്റി ഒന്നും സ്ക്രീനില്‍ കൊണ്ട് വരാനുള്ള പാകം ആസിഫിന് ആയിട്ടില്ല .

കോ : പടത്തിന്റെ കഥ ? അതും ,പടം മൊത്തത്തില്‍ എങ്ങനെ ഉണ്ടെന്നുള്ള അഭിപ്രായവും ഒക്കെ കേട്ടിട്ട് വേണം എനിക്ക് നാലഞ്ച് ബ്ലോഗുകളില്‍ കയറി ബുദ്ധിജീവി കളിക്കാന്‍ . എത്ര കാലം ഇങ്ങനെ ആണുങ്ങള്‍ എഴുതിയ കമന്റുകള്‍ കോപ്പി പേസ്റ്റ് ചെയ്തും , സുപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി സ്വന്തം പേരിലും ഇടയ്ക്കിടെ അനോണി മരത്തലയനായും മറ്റുള്ളവരെ തെറി വിളിച്ചും ഞാന്‍ ജീവിക്കും.നിങ്ങള്‍ കഥ പറ.ഇന്ന് രണ്ടില്‍ ഒന്ന് അറിഞ്ഞിട്ട് ബാക്കി.

പ്രേ:എന്നാ കേട്ടോ .സാത്താന്റെ മകനായ ഡോണ്‍ ബോസ്കോയെ അവന്റെ അമ്മ എയ്ഞ്ചല്‍ (ലെന) ഒരു സെമിനാരിയില്‍ ആണ് വളര്‍ത്തുന്നത് .താന്‍ അവന്റെ അമ്മയാണ് എന്ന് അറിയിക്കാതെ ആ സെമിനാരിയില്‍ തന്നെ മ്യൂസിക് ടീച്ചര്‍ ആയി അവര്‍ ജോലി നോക്കുകുകയും ചെയുന്നു. അച്ഛനും അമ്മയും ആരാണ് എന്നറിയാതെ വളരുന്ന ഡോണ്‍ ബോസ്കോ എന്ന ഡോണ്‍ ഒരുപാട് അവഹേളനങ്ങള്‍ക്കും, പരിഹാസത്തിനും പാത്രമാകുന്നു. എങ്കിലും പോളിടെക്നിക്കിലെയും , സെമിനാരിയിലെയും പഠിത്തത്തില്‍ ശ്രദ്ധിച്ച് ജീവിക്കാന്‍ അവന്‍ കഴിയുന്നത്ര ശ്രമിക്കുന്നു.പക്ഷേ സാഹചര്യങ്ങള്‍ ഡോണിനെ അവന്റെ അച്ഛനായ സാത്താന്റെ ശത്രുവായിരുന്ന സ്റ്റീഫന്റെ (സ്റ്റോപ്പ്‌ വയലന്സില്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രം ) കുടുമ്പക്കാരുടെ ശത്രുവാക്കുന്നു . അബ്ബ മോറ ( വിജയരാഘവന്‍ ) എന്ന സ്റ്റീഫന്റെ അച്ഛനും ,അബ്ബ്യുടെ കൊച്ചു മക്കളും (ആരണ്‍, റുബന്‍, അമീറ, വെനേസ അങ്ങനെ കുറെയെണ്ണം ...ഒന്നിന്റെയും ശരിക്കുള്ള പേര് അറിയില്ല ) പത്താംകളം എന്ന പേരില്‍ കൊച്ചി അടക്കി ഭരിക്കുന്ന അധോലോക സംഘമാണ് .പത്താംകളത്തിനെ എതിര്‍ക്കുന്ന എ സി പി യുടെ (സിദ്ദിക്ക് ) ഭാര്യയെ (റാംജി റാവു രേഖ ) ആരണ്‍ കൊല്ലുന്നു. ആ കൊലപാതകത്തിന് ഡോണ്‍ ബോസ്കോ സാക്ഷിയാകുന്നു .പക്ഷേ പത്താംകളത്തിന്റെ ആളായ ഒരു ഡി വൈ എസ പി (അനില്‍ മുരളി ) ഡോണ്‍ ബോസ്കോയെ ക്രൂരമായി മര്‍ദ്ദിച്ച് ആരണ്‍ അല്ല മറ്റൊരാളാണ് ആ കൊലപാതകം ചെയ്തത് എന്ന് പറയിക്കുന്നു . ക്രൂരമായ പീഡനവും , കള്ളം പറയേണ്ടി വന്നതിലെ വിഷമവും ഒക്കെ ചേര്‍ന്ന് ഡോണ്‍ ബോസ്കോയെ മാനസികമായി തളര്‍ത്തുന്നു . സാത്താന്റെ പഴയ സുഹൃത്തും , പഴയ ഗുണ്ടയുമായിരുന്ന ഫാദര്‍ അമ്പാറയില്‍ (ബാബുരാജ് ) നിന്നും തന്റെ ജനന രഹസ്യം അറിയുന്ന ഡോണിന്റെ ക്ഷമാശീലം പതുക്കെ പതുക്കെ അക്രമത്തിന് വഴി മാറുന്നു. പല കാരണങ്ങള്‍ കൊണ്ട് പത്താംകളത്തിലെ അംഗങ്ങളുമായി തുടരെ തുടരെ അവന്‍ ഉരസ്സുന്നു. ആ ഉരസലുകള്‍ അവനെ ഡോണ്‍ ബോസ്കൊയില്‍ നിന്നും ഡോണ്‍ ദാവീദ് ആക്കി മാറ്റുന്നു .ഡോണ്‍ ദാവീദും പത്താംകളവും തമ്മിലുള്ള യുദ്ധമാണ് പിന്നെ സിനിമ മുഴുവനും

കോ : ഒരു ആക്ഷന്‍ പടത്തിന് പറ്റിയ കഥ .ഇതാണോ കൊള്ളില്ല എന്ന് നിങ്ങള്‍ പറഞ്ഞത്

പ്രേ : ആക്ഷന്‍ പടത്തിന് പറ്റിയ കഥയൊക്കെ തന്നെ .പക്ഷേ പ്രശ്നം കഥ പറഞ്ഞിരിക്കുന്ന രീതിയിലും , അഭിനയത്തിലും ഒക്കെയാണ്

കോ : എന്ന് വെച്ചാല്‍ ?

പ്രേ : എന്ന് വെച്ചാല്‍ ഓരോന്നായിട്ട് പറയാം . പടം തുടങ്ങുന്ന രീതി,ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തിന്റെ വികാസം ഇതൊക്കെ തുടക്കത്തില്‍ എ കെ സാജന്‍ അത്യാവശ്യം വൃത്തിയായി പറഞ്ഞ് വെച്ചിട്ടുണ്ട്.പക്ഷേ ഡോണ്‍ ബോസ്കോ ഡോണ്‍ ദാവീദ് ആകുന്നതിന്റെ തുടക്കം മുതല്‍ സംഗതി സാജന്റെ കൈ വിട്ടു പോകും.പിന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ ഷെവര്‍ലെ മുതല്‍ ഫെറാറി വരെയുള്ള കാറുകളും , കോട്ടും , സ്യൂട്ടും കണ്ണാടിയും ,സ്ലോ മോഷന്‍ നടത്തവും,കുറെ ആക്ഷനും വരി വലിച്ചിട്ട് ഒരു ഷാജി കൈലാസ് ,അമല്‍ നീരദ് അലമ്പ് പടമായിട്ട് അസുരവിത്ത്‌ തീരും. മകന്‍ പാതിരി അയ ശേഷം മാത്രം താനവന്റെ അമ്മയാണ് എന്ന സത്യം വെളിപ്പെടുത്തും എന്ന് പറഞ്ഞ് നടക്കുന്ന അമ്മയും, പതിരിയായെങ്കിലും ഗുണ്ടാ പണി പൂര്‍ണ്ണമായും വിട്ടിട്ടില്ല എന്ന് തോന്നിക്കുന്ന കഥാപാത്രവും , ഡോണിനെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രം നടക്കുന്ന കുറെ പള്ളീലച്ചന്‍മാരും ഒക്കെയുണ്ടെങ്കിലും ആദ്യ പകുതി വലിയ കുഴപ്പമില്ലാതെ തീരും .പക്ഷേ രണ്ടാം പകുതി മുതല്‍ പണ്ടാരം എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതി എന്ന് കണ്ടിരിക്കുന്ന നമുക്ക് തോന്നും.കുരിശ് എങ്ങനെയെങ്കിലും തീര്‍ക്കണമല്ലോ എന്ന ചിന്ത അലട്ടുന്നത് പോലെ എ കെ സാജനും എന്തൊക്കെയോ ചെയ്തു കൂട്ടി വെച്ചിട്ടുമുണ്ട് .ഡോണ്‍ ദാവീദ് ആയ ശേഷം കുറേക്കാലത്തേക്ക് പത്താംകളം ഡോണിനെ മറന്നത് പോലെയാണ് സിനിമയില്‍,ഇടയ്ക്ക് എപ്പഴോ അബ്ബ മോറ എന്ന കഥാപാത്രം ഡോണിനെ വളരാന്‍ അനുവദിച്ചത് താനാണ് എന്നും എപ്പോള്‍ വേണമെങ്കിലും ഡോണിനെ കൊല്ലും എന്നൊക്കെ പറയുന്നുണ്ട്.പക്ഷേ തൊട്ട് പുറകെ കോമ്പ്രമൈസ് എന്നും പറഞ്ഞ് ഇതേ കഥാപാത്രം ഡോണിന്റെ അടുത്തു പോകുന്നതുമുണ്ട് .ഇനി ഡോണ്‍ ആണെങ്കിലോ? ഒരു ഒന്നൊന്നര ഡോണ്‍ .തുടക്കം പത്താംകളത്തിന്റെ പ്രധാന ഡ്രഗ് സപ്ലയറെ കൊന്നും ,അവരുടെ മറ്റ് സപ്ലയറന്‍മാരുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടും ഒക്കെയാണ് .പക്ഷേ പിന്നെ അങ്ങോട്ട്‌ പിള്ളേരെ സ്കൂളില്‍ പോകാന്‍ സഹായിക്കുക,അബലകളായ സ്ത്രീകള്‍ക്ക് വേണ്ടി പീഡന വീരന്മാരായ ഇന്‍ഫോപാര്‍ക്ക് മുതലാളികളെ ഫ്രീയായി കൊല്ലുക,പെന്‍ഷന്‍ പറ്റിയ നിരാലംബരായ വൃദ്ധന്മാരെ അവര്‍ ഒരു സിഗരട്ട് പോലും വലിക്കാതെ സമ്പാദിച്ച കാശ് പറ്റിച്ച ബില്‍ഡറെ തട്ടുക തുടങ്ങിയ ധാര്‍മ്മിക പ്രവര്‍ത്തികള്‍ മാത്രമേ ഡോണ്‍ ചെയ്യു. പിന്നെ ബാക്കിയുള്ള ഫ്രീ ടൈമില്‍ ഷെവര്‍ലെ,വോള്‍ക്സ് വാഗണ്‍,ഫെറാറി തുടങ്ങിയ കാറുകളില്‍ സഹായികളായ മസിലന്മാര്‍,സുന്ദരികള്‍ എന്നിവരുമായി സ്ലോമോഷനില്‍ സഞ്ചരിക്കുകയും.

കോ :അപ്പൊ കഥ കൈ വിട്ട് പോയി ...അഭിനയമോ ?

പ്രേ :നായകനായ അസിഫ് അലി വലിയ കുഴപ്പമില്ലാത്ത രീതിയില്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങും .പക്ഷേ കുറച്ചങ്ങോട്ട് കഴിയുമ്പോള്‍ സംഗതി കൈവിട്ട് പരമ ബോറാകുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തും. ആസിഫിനെക്കാള്‍ ഇക്കാര്യത്തില്‍ കുറ്റക്കാരന്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ ശ്രമിച്ച എ കെ സാജന്‍ തന്നെ. വിജയരാഘവന്‍, സിദ്ദിഖ് എന്നിവര്‍ അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി .പക്ഷേ വിജയരാഘവന്റെ കഥാപാത്രം ഇടവേളയ്ക്കു ശേഷം ഒരു ലോജിക്കും ഇല്ലാത്ത മട്ടിലാണ് പോകുന്നത് എന്നത് പ്രശ്നമാണ് .പിന്നെ ഡോണിനെ സ്നേഹിക്കുന്ന മാര്‍ട്ടി എന്ന പെണ്‍കുട്ടിയായി സംവൃത സുനില്‍ , ഡോണിന്റെ അമ്മയായി ലെന , സുഹൃത്തുക്കളായി നവീന്‍ പോളി , ഗണപതി , കുറെ ജിം ബോയ്സ് , രണ്ട് സുന്ദരികള്‍ ഇവരൊന്നും ഗുണത്തിനും ദോഷത്തിനുമില്ല എന്ന മട്ടില്‍ സ്ക്രീനില്‍ വന്ന് പോകുന്നുണ്ട് . വില്ലന്മാരില്‍ നേരത്തെ പറഞ്ഞ ആരോണ്‍ , റുബന്‍, അമീറ , വെനേസ തുടങ്ങിയവര്‍ അഭിനയിച്ച് തുടങ്ങിയാല്‍ പിന്നെ കാലു പിടിച്ചാലും നിറുത്തില്ല .പ്രത്യേകിച്ച് ആരോണ്‍ , അമീറാ , റൂബന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍

കോ : ക്യാമറ , കീമറ , എഡിറ്റിംഗ് ,കിഡിറ്റിംഗ് ഒക്കെ ?

പ്രേ :രണ്ടാം പകുതിയില്‍ ഷാജി കൈലാസ് ,അമല്‍ നീരദ് ഭൂതാവേശം ഉണ്ടാകുന്ന വരെ ഇതൊക്കെ പടം അത്യാവശ്യം ബോറടിക്കാതെ കണ്ടോടിരിക്കാന്‍ പാകത്തില്‍ ഉണ്ട്. പിന്നെ പരമ ബോറാണ്. അകെ കൊള്ളാവുന്നത് പശ്ചാത്തല സംഗീതമാണ്.പക്ഷേ അതിനുള്ള പഞ്ച് സിനിമക്കില്ല എന്നുള്ളതാണ് കഷ്ടം "

കോ :ചുരുക്കത്തില്‍...

പ്രേ :ഡാര്‍ക്ക് തീമുകള്‍ വലിയ ക്യാമറ ഗിമിക്കുകളും,അമല്‍ നീരദ് സ്റ്റൈല്‍ ഹീറോയിക് ഫ്രെയിമുകളും ഇല്ലാതെ മര്യാദക്ക് പറയാനുള്ള സ്വന്തം കഴിവ് വിട്ടിട്ട് എ കെ സാജന്‍ നശിപ്പിച്ച സിനിമ .അതാണ്‌ അസുരവിത്ത്‌ .കൊക്കില്‍ ഒതുങ്ങാത്തത് കൊത്തി വിഴുങ്ങാന്‍ ശ്രമിച്ച് ശ്വാസം മുട്ടുന്ന പാവം ആസിഫ് അലിയും,കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സഹ കഥാപാത്രങ്ങളും , നാശം ഒന്ന് കഴിഞ്ഞ് കിട്ടിയാല്‍ വീട്ടില്‍ പോയി സ്റ്റോപ്പ്‌ വയലന്‍സ് ഡി വി ഡിയില്‍ കണ്ട് സമാധാനിക്കാം എന്ന് കരുതുന്ന പ്രേക്ഷകരും . പോരെടെ ...

കോ : മതി അണ്ണാ . പക്ഷേ ഇത് നിങ്ങളുടെ പഴയ ശൈലി തന്നെയല്ലേ ? അത് മാറ്റി പിടിക്കണം

പ്രേ : എഴുന്നേറ്റ് പോടാ അവിടുന്ന്. മനുഷ്യന് മനസിലാവുന്ന ഭാഷയില്‍ സിനിമകളെകുറിച്ചുള്ള എന്റെ അഭിപ്രായം പറയുന്ന പരിപാടി ഞാന്‍ നിറുത്തുന്ന ദിവസം ശൈലി മാറ്റം നമുക്ക് ആലോചിക്കാം.അത് വരെ നീയൊക്കെ എന്റെ ബ്ലോഗിന്റെ വരാന്തയില്‍ കൊടിയും പിടിച്ചിരിക്ക് .

കോയയും അനോണികളും പ്രേക്ഷകന്റെ ബ്ലോഗിന്റെ വരാന്തയിലേക്ക്‌ നീങ്ങുന്നു. അത് വരെ നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചിരുന്ന അനോണി മരത്തലയന്മാര്‍ അതോടെ ആക്ടിവ്. തെറി വിളി സ്റ്റാര്‍ട്ട്‌ ...കഥ തുടരുന്നു

7 comments:

  1. എന്തായാലും കുറെ ചിരിപ്പിച്ചു .സിനിമ അല്ല നിങ്ങടെ റിവ്യൂ .സന്തോഷം

    ReplyDelete
  2. എവിടെ കൊടി എവിടെ വരാന്ത

    ReplyDelete
  3. ചിന്തയ്ക്ക് വക നല്‍കുന്ന റിവ്യു...മനോഹരമായ ഭാഷ...അതിലും മനോഹരം വായനക്കാരെ മൊത്തത്തില്‍ കളിയാക്കിയത്....
    'കോയയും അനോണികളും പ്രേക്ഷകന്റെ ബ്ലോഗിന്റെ വരാന്തയിലേക്ക്‌ നീങ്ങുന്നു'...രസികന്‍ ഭാവന നന്നേ ബോധിച്ചു....

    ReplyDelete
  4. മലയാള സിനിമ നന്നാകുനില്ല എന്ന് പ്രസ്ന്ഗിച്ചു നടക്കുന്ന താങ്കള്‍, താങ്കളുടെ ബ്ലോഗിനെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ എന്ത്കൊണ്ട് അത് താങ്കള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല. ഒരു ചെറിയ ബ്ലോഗ്‌ എഴുതുന്ന നിങ്ങള്ക്ക് ഇത്രയും നിലവാരമാണെങ്കില്‍ കോടികള്‍ മുടക്കി സിനിമയെടുക്കുന്നവന് എത്രവേണം...താങ്കള്‍ മറ്റുള്ളവരുടെ സിനിമയെടുകുന്ന ശൈലിയെ കുറ്റം പറയുംപോലെ തന്നെയാണ് വായനക്കാര്‍ താങ്കളുടെ തെറ്റുകള്‍ ചൂണ്ടികാട്ടുന്നത് അത് ആദ്യം അന്ഗീകരികാന്‍ പഠിക്കു എന്നിട്ട് പോരെ മറ്റുള്ളവരുടെ നിലവാരത്തെ കുറിച്ച് സംസാരിക്കല്‍ .... അതിനിങ്ങനെ വായനക്കാരെ മൊത്തത്തില്‍ അധിക്ഷേപിച്ചത് ശരിയായില്ല..

    ReplyDelete
  5. മുഴുവൻ മനസിലായി. ഒരു കാര്യം മാത്രം ചോദിച്ചോട്ടെ, എന്തുകൊണ്ട് അധോലോകം, ക്വട്ടേഷൻ, ഗുണ്ടായിസം, കള്ളക്കടത്ത് ഇങ്ങനെയുള്ള കഥകളിൽ ദാവീദും സാത്താനും കാർലോസും പെരേരയും ജോൺ ഹോനായിയും മാത്രം കഥാപാത്രങ്ങളാകുന്നു? എന്തുകൊണ്ട് ഒരു സിനിമയിലും ഒരു അധോലോകരാജാവിനും ബ്രഹ്മദത്തൻ നമ്പൂതിരിയെന്നോ ഗോപാലകൃഷ്ണ പണിക്കരെന്നോ പേരു വരുന്നില്ല? എന്തുകൊണ്ട് ഗോവയും ഫോർട്ടുകൊച്ചിയും മാത്രം ഇത്തരം ചിത്രങ്ങൾക്ക് പശ്ചാത്തലമാകുന്നു? കരമനയോ കല്പാത്തിയോ പശ്ചാത്തലമാകുന്നില്ല?

    കൂട്ടുകാരെ ചതിക്കുന്നവന്റെ പേര് തോമസുകുട്ടിയെന്നോ റെക്സ് എന്നോ ആയേ പറ്റൂ. വിഗ്രഹമോഷണം നടത്തുന്ന പോലീസുകാരന്റെ പേര് ഈപ്പൻ പാപ്പച്ചി എന്നാകാതെ തരമില്ല. മോഹൻ തോമസും മാഡം അച്ചാമ്മ വർഗീസും പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നു, പുതിയ പുതിയ പേരുകളിൽ. 'ഗുലുമാലു'കളിൽനിന്നു രക്ഷപെടാൻ പെങ്ങളെ കൂട്ടിക്കൊടുക്കാൻ തയാറാകുന്നവന് ഉണ്ണികൃഷ്ണൻ എന്നു പേരിടാനാവുമോ? ജെറി എന്ന പേരേ അവനു ചേരൂ. സഹോദരങ്ങളെ തമ്മിൽത്തല്ലിക്കുന്ന നാടാർ ചെറുക്കന്റെ പേര് സൈമൺ നാടാർ എന്നേ ആകൂ. "എനിക്ക് വികാരം അടക്കാൻ വയ്യ. ഞാൻ പ്രസിഡന്റിനു എന്താ ചെയ്തു തരേണ്ടത് ?" എന്നു ചോദിക്കുന്ന വനിതാ മെമ്പർക്ക് എന്തുപേരിടാം?

    പാതിരിവേഷധാരികളെ ഭീകരന്മാരായ വില്ലന്മാരാക്കാം, അവർ ശരിക്കും പാതിരിമാരല്ല, വേഷം കെട്ടിയവരാണെന്നു ന്യായം പറഞ്ഞാൽ മതിയല്ലോ. ഇടിഞ്ഞുപൊളിഞ്ഞ പള്ളികളും സെമിത്തേരികളും താവളമാക്കുന്ന കൊള്ളസംഘങ്ങളുടെ ക്രൂരതകൾക്ക് കുരിശും തിരുസ്വരൂപങ്ങളും പശ്ചാത്തലമൊരുക്കുന്നത് സ്വാഭാവികം മാത്രം, അല്ലേ. എന്നുമുതലാണ് അധോലോകരാജാക്കന്മാരുടെ ഇഷ്ടപാനീയം വൈൻ ആയത് ? "ഞാൻ ഏത് ഇടവഴിയിലെയാ, അല്ല ഇടവകയിലെയാ?", "കുരുത്തം കെട്ട പെരുന്നാൾ, സോറി കുരുത്തോല പെരുന്നാൾ" തുടങ്ങിയവ ആളുകളെ ചിരിപ്പിക്കാൻ വേണ്ടിയുള്ള നിരുപദ്രവകരമായ തമാശകൾ മാത്രം. കപ്പൽ മേരിയും സായിപ്പ് ജോണിയും ഒക്കെ യാദൃശ്ചിക കഥാപാത്രങ്ങളാണല്ലോ. ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെയോ..?

    മലയാളികൾ ഡൈനോസർ സിനിമയെടുത്താൽ എങ്ങനെയുണ്ടാവും എന്നു ചിന്തിച്ചിട്ടുണ്ടോ? സസ്യഭുക്കായ പാവം നായകൻ ഡൈനോസറിന്റെ പേര് മാധവൻ നായർ അല്ലെങ്കിൽ അർജ്ജുനൻ പിള്ള. ദുഷ്ടനായ മാംസഭുക്ക് ഡൈനോസറിന്റെ പേര് ജോൺ വർഗീസ് എന്നോ ഈപ്പൻ കോശിയെന്നോ ആയിരിക്കും. പറക്കും തളികയിൽ വരുന്ന ഭീകരന്മാരായ അന്യഗ്രഹജീവികൾ സ്റ്റീവൻ റൊസാരിയോയും അനിയൻ വില്ല്യം റൊസാരിയോയും. നായകൻ ഡൈനോസറിന്റെ കാമുകി: ഹാഫ് സാരിയുടുത്ത ഉണ്ണിമായാഡൈനോസർ.

    ReplyDelete
    Replies
    1. "മലയാളികൾ ഡൈനോസർ സിനിമയെടുത്താൽ എങ്ങനെയുണ്ടാവും എന്നു ചിന്തിച്ചിട്ടുണ്ടോ? സസ്യഭുക്കായ പാവം നായകൻ ഡൈനോസറിന്റെ പേര് മാധവൻ നായർ അല്ലെങ്കിൽ അർജ്ജുനൻ പിള്ള. ദുഷ്ടനായ മാംസഭുക്ക് ഡൈനോസറിന്റെ പേര് ജോൺ വർഗീസ് എന്നോ ഈപ്പൻ കോശിയെന്നോ ആയിരിക്കും. പറക്കും തളികയിൽ വരുന്ന ഭീകരന്മാരായ അന്യഗ്രഹജീവികൾ സ്റ്റീവൻ റൊസാരിയോയും അനിയൻ വില്ല്യം റൊസാരിയോയും. നായകൻ ഡൈനോസറിന്റെ കാമുകി: ഹാഫ് സാരിയുടുത്ത ഉണ്ണിമായാഡൈനോസർ."

      ഇതിന് എണീറ്റ് നിന്നൊരു ക്ലാപ്പ് !

      Delete
  6. അനിയാ, എന്തും മതത്തിന്‍റെ, ജാതിയുടെ കുഴലിലൂടെ മാത്രം നോക്കി കാണുന്നത് കൊണ്ടുള്ള പ്രശനമാണ് താങ്കളുടെ കമന്റില്‍ കാണുന്നത് എന്ന് എനിക്ക് തോന്നുന്നു . താങ്കളുടെ ആരോപണങ്ങള്‍ കാര്യമായെടുത്താല്‍ , നല്ല ഒന്നാംതരം ക്രിസ്ത്യാനികള്‍ നായകനായ എത്രയോ സിനിമകള്‍ മലയാളത്തില്‍ ഉണ്ട് . വിന്‍സെന്റ് ഗോമെസും , ചാക്കോച്ചിയും മുതല്‍ എത്രയോ പേര്‍ (ഇങ്ങനെ പടങ്ങളില്‍ ജാതി സെന്‍സസ് എടുക്കാത്തത് കൊട്ണ്ട് പെട്ടന്ന് കൂടുതല്‍ ഓര്‍മ വരുന്നില്ല) ഇനി വില്ലന്മാര്‍ എടുത്താല്‍ സിദിക് എന്ന നടന്‍ തന്‍റെ ഏറ്റവും മികച്ച വില്ലന്‍ വേഷം അവതരിപ്പിച്ച ബാലു എന്ന ബ്രാമണന്‍ (ചിത്രം സത്യമേവ ജയതേ ) സായികുമാര്‍ വില്ലനായ ഏറ്റവും ശക്തമായ കഥാപാത്രം ദേവരാജന്‍ (ശിവം.ആ വില്ലന് മുന്നില്‍ നായകന്‍ പോലും നിഷ്പ്രഭം ആയതു കൊണ്ടാണ് ആ പടം വിജയിക്കാത്തത് എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു ) .പ്രജ എന്ന ചിത്രത്തില്‍ ഷമ്മി തിലകന്‍ അവതരിപ്പിക്കുന്ന ബലരാമന്‍ എന്ന കഥാപാത്രം .(സ്വന്തം പെങ്ങളെ കൂട്ടി കൊടുക്കുന്ന തന്നോട് മത്സരിക്കാന്‍ നായകനാവില്ല എന്ന് വീരശൂരനായ നായകനോട് തുറന്നടിക്കുന്ന അയാളുടെ മുന്‍പില്‍ ലാലിന്‍റെ കഥാപാത്രം തെറിച്ചു പോകുന്നത് കാണാം) . എന്‍ എഫ് വര്‍ഗീസിന് മലയാളത്തില്‍ ഒരു വില്ലന്‍ എന്ന മേല്‍വിലാസം ഉണ്ടാക്കികൊടുത്ത വിശ്വനാഥന്‍ (പത്രം). നരേന്ദ്ര പ്രസാദിന്‍റെ ഏറ്റവും മികച്ച വില്ലന്‍ കഥാപത്രങ്ങള്‍ (ഏകലവ്യന്‍, ആറാം തമ്പുരാന്‍) .. ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ തീരില്ല
    അനിയനെ പോലെയുള്ളവര്‍ പഴയ ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ മോഡല്‍ പടങ്ങള്‍ ആണ് എപ്പോളും പ്രതീക്ഷിക്കുന്നത് എന്ന് കരുതുന്നു , മൂന്നു ജാതിയില്‍ പെട്ട മൂന്ന് നായകന്മാരും , ചേരുന്ന നായികമാരും വില്ലന്മാരും , അവസാനം ഹിന്ദു നായകന്‍ ഹിന്ദു വില്ലനെ തല്ലി കൊന്നു ഹിന്ദു നായികയുമായി നടന്നു അകലുമ്പോള്‍ , ക്രിസ്ത്യാനി നായകന്‍ ക്രിസ്ത്യാനി വില്ലനെ കൊന്നു ക്രിസ്ത്യാനി നായികയെ സ്വന്തമാക്കുന്നു , അത് പോലെ മുസിലം നായക നായക നായികാ വില്ലന്മാരും . ഇനി ഹിന്ദു നായിക മുണ്ടും നേരിയതും , ക്രിസ്ത്യാനി നായിക ചട്ടയും മുണ്ടും , മുസ്ലിം നായിക കാച്ചിയും തട്ടവും മാത്രം ഇട്ടു ചിത്രത്തില്‍ ഉടനീളം പ്രത്യക്ഷപ്പെടുക കൂടി ചെയ്താല്‍ എല്ലാരും ഹാപ്പി !!!
    സുഹൃത്തേ ജാതിയും മതവും അതിന്‍റെ പേരിലുള്ള പരസ്പ്പര വിദ്വേഷവും ഇല്ലാത്ത ഒരു തലമുറ നമ്മുടെ മുന്നില്‍ വളര്‍ന്നു വരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ . എന്‍റെയും താങ്കളുടെയും കുട്ടികള്‍ ഉള്‍പ്പെടുന്ന ആ തലമുറയിലേക്കു കൂടി ഇങ്ങനത്തെ നിരീക്ഷണങ്ങള്‍ വഴി വിഷം കുത്തി വെക്കാതിരിക്കു കഴിയുമെങ്കില്‍ .
    പിന്നെ ഇന്ത്യന്‍ സിനിമയില്‍ ബോംബെ അധോലോകം എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന impact അരുണാചല്‍ പ്രദേശ്‌ അധോലോകം എന്ന് പറഞ്ഞാല്‍ എന്താ കുഴപ്പം എന്ന ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല!!

    ReplyDelete