Saturday, January 14, 2012

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍

അണ്ണാ എന്തുവാ ഈ കുത്തി പിടിച്ചു ഇരുന്നു എഴുതുന്നേ? അല്ല കണ്ണ് നിറഞ്ഞു ഒഴുകുന്നല്ലോ . എന്ത് പറ്റി.

അനിയാ ഞാന്‍ ഒരു പരസ്യമായ മാപ്പപേക്ഷ എഴുതി കൊണ്ടിരിക്കയാണ്.മലയാളത്തിലെ സൂപ്പര്‍ താരങ്ങളോട് മാപ്പ് ചോദിക്കാതെ എനിക്ക് ഉറക്കം വരില്ല . അവരെ ഒക്കെ പറ്റി എന്തൊക്കെയാ ഞാന്‍ ... ഹോ ആലോചിക്കാന്‍ വയ്യ

ഏ .. ഇതെന്തു പറ്റി ? വല്ല ആനമയക്കിയും എടുത്തടിച്ചോ? ഇങ്ങനെ പിച്ചും പേയും പറയാന്‍ .

അല്ല അനിയാ ഇന്നു പോയി പുതുമുഖ സംവിധായകന്‍ ശ്രീ സജിന്‍ രാഘവന്‍ സംവിധാനം ചെയ്തു എന്ന് പറയപ്പെടുന്ന പത്മ ശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം കണ്ടപ്പോളാണ് ഒരു സൂപ്പര്‍ സ്റ്റാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി ഞാന്‍ ബോധവാനാകുന്നത്.

ഓ.. കോമഡി അടിച്ചത് ആണല്ലേ.ഇവിടെ എല്ലാവര്‍ക്കും അറിയാമല്ലോ സൂപ്പര്‍താര വിരോധിയായ താങ്കള്‍ക്ക് ഈ പടം സുഖിച്ചു കാണും എന്നു.

അനിയാ പതിനായിരത്തി ഒന്നാമത്തെ പ്രാവശ്യം പറഞ്ഞോട്ടെ ഈ സൂപ്പര്‍ താരങ്ങളോട് എനിക്ക് യാതൊരു വിരോധവും ഇല്ല. മറ്റാര്‍ക്കും ഉള്ള പോലെ തങ്ങളുടെ സ്ഥാനം മരണം വരെ നില നിര്‍ത്താന്‍ അവര്‍ക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങളെ അവര്‍ ചെയുന്നു ഉള്ളു.എന്നാല്‍ നിര്‍ലജ്ജം അവര്‍ ചെയുന്ന ഇതു കൊപ്രയ ചിത്രങ്ങളെയും ന്യായീകരിക്കുകയും അതോടൊപ്പം നല്ല സിനിമ ഉണ്ടായില്ല എങ്കില്‍ വയറ്റില്‍ നിന്ന് പോവില്ല എന്നും ഭാവിക്കുന്ന ബുദ്ധിജീവികളായ ആരാധകരോടും മാധ്യമങ്ങളോടും ബൂലോക ജീവികളോടും മാത്രമാണ് എനിക്ക് ശകലം പുച്ഛം തോന്നാറുള്ളത്.

അതൊക്കെ നില്‍ക്കട്ടെ . ഈ സിനിമ .....

അനിയാ പുതുമുഖ സംവിധായകനായ ശ്രീ സജിന്‍ രാഘവന്‍ സംവിധാനം ചെയ്തു എന്നു പറയപ്പെടുന്നതാണ് ഈ സംഭവം.മലയാള സിനിമയുടെ ബുദ്ധിജീവിയും ധീരനുമായ ശ്രീനിവാസന്‍ ഈ ചിത്രത്തിന്‍റെ കഥ,തിരകഥ,സംഭാഷണം എന്നിവ നിര്‍വഹിച്ചു നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.ഈ പറഞ്ഞ സംഗതികളില്‍ ഏറ്റവും മോശം ഏതാണെന്ന് വേണമെങ്കില്‍ നിനക്കൊരു പോള്‍ നടത്താവുന്നതാണ് . അതാണല്ലോ ഇപ്പോളത്തെ ഒരു ട്രെന്‍റ്...എല്ലാം ഒന്നിനൊന്നു കൂറയാണ് എന്നാണ് എന്‍റെ അഭിപ്രായം .

അങ്ങനെ അല്ലല്ലോ പറഞ്ഞു കേട്ടത്.സരോജ് കുമാറിന്‍റെ കുടുംബ ജീവിതത്തിലെ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ മലയാള സിനിമയിലെ അനാചാരങ്ങള്‍ക്കെതിരെ ധീരമായി അഞ്ഞടിക്കുന്ന ശ്രീനിവാസനെ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും എന്നാണല്ലോ കേട്ടത് .

അനിയാ നീ മലയാളിക്ക് സിനിമാശാലയിലെ ഇരുട്ടിലും അനോണി എന്ന വിലാസത്തിന്‍റെ മറവിലും അല്ലാതെ എവിടെയാണ് പ്രതികരണശേഷി കണ്ടിട്ടുള്ളത്? ഇവിടെയും കഥ മറിച്ചല്ല.സൂപ്പര്‍ താരം സരോജ് കുമാറിന്‍റെ പതിവ് ചേഷ്ട്ടകളിലൂടെ നീങ്ങുന്ന ചിത്രത്തില്‍ അയാളോടൊപ്പം വേറെ രണ്ടു സുപ്പര്‍ താരങ്ങളും ഉണ്ട്.വട്ടവിള ജയകുമാറും,താനൂര്‍ അബ്ദുള്ളയും.നായിക എന്ന ചിത്രത്തില്‍ നസീര്‍ സാര്‍ എന്നു നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞിട്ട് ജയറാമിനെ കൊണ്ട് ആനന്ദന്‍ എന്ന പേരില്‍ നസീറിന്‍റെ മിമിക്രി കാണിപ്പിക്കുന്നതും ഇതുമായി എവിടെയാണ് വ്യത്യാസം?

ഈ ചിത്രത്തില്‍ ഏറ്റവും രസകരമായി തോന്നിയത് ഈ ചിത്രത്തില്‍ മാധ്യമങ്ങളെ ചിത്രീകരിച്ചിരിക്കുന്നതാണ്.സൂപ്പര്‍താരം സരോജ് കുമാറിനെ വല്ല പത്ര സമ്മേളനത്തിനും ഒത്തു കിട്ടിയാല്‍ പിന്നെ സിംഹങ്ങള്‍ ഇരയുടെ മേലേക്ക് ചാടുന്ന പോലെ ഒരു ചട്ടമാണ്.പാവം സുപ്പര്‍ സ്റ്റാറിന്‍റെ പപ്പും പൂടയും പറിച്ചെടുത്തു അയാളെ തല്ലി ഓടിച്ചു കഴിഞ്ഞേ അവരൊക്കെ അടങ്ങു. യഥാര്‍ത്ഥ ജീവിതത്തില്‍ ഇവിടെ ഒരു താരത്തെ വല്ല അഭിമുഖത്തിനു കിട്ടിയാല്‍, ഒച്ച്ചനിച്ചു നിന്ന് അവരുടെ മുഖത്ത് നിന്ന് തെറിക്കുന്ന തുപ്പല്‍ പോലും അമൃതായി സ്വീകരിക്കുന്ന ഈ വര്‍ഗത്തെ ഇങ്ങനെ ഒക്കെ ചിത്രീകരിക്കാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം. എന്നി ഈ മാധ്യമങ്ങളുടെ വേട്ട കഴിഞ്ഞു വീട്ടില്‍ എത്തിയാലോ? ഭാര്യക്ക്‌ പരമ പുച്ഛം.തിരിഞ്ഞു നോക്കില്ല എന്നു മാത്രമല്ല കൂട്ടുകാരികളുടെ മുന്നില്‍ വെച്ച് പരസ്യമായി കളിയാക്കുകയും ചെയ്യും.പോരാത്തതിനു ഇയാളെ ബുക്ക്‌ ചെയ്യാന്‍ നിര്‍മാതാക്കള്‍ എത്തുമ്പോള്‍.സരോജിന്‍റെ കഴിഞ്ഞ പടം വെക്കെടാ വെടി എട്ടു നിലയില്‍ പൊട്ടിയ കഥ ഉറക്കെ പറഞ്ഞു നിര്‍മാതാക്കളെ ഓടിക്കുന്നു പോലുമുണ്ട് നീലിമ എന്ന സരോജ് കുമാറിന്‍റെ ഭാര്യയായ പഴയ നടി നീലിമ (മമത).(വയസനായ സരോജ് കുമാറിനെ കൊണ്ട് തെങ്ങ് കയറി കാശു സമ്പാദിച്ചു ഐ എ എസ് പരീക്ഷക്ക് തയാറെടുക്കുന്ന ആളുടെ കഥ പറയാനാണ് നിര്‍മാതാവ് വരുന്നത് എന്നാ കാര്യം വേറെ.അയാള്‍ക്ക് സരോജ് കഥ മാറ്റി പറഞ്ഞു കൊടുക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല).വേലക്കാരു പോലും ഇങ്ങേരെ തിരിഞ്ഞു നോക്കില്ല.ഇനി ഇതൊക്കെ പോരെങ്കില്‍ നിര്‍മ്മാതാവ് ബേബിക്കുട്ടനെ പോലുള്ള അതി വിപ്ലവകാരികളായ നിര്‍മാതാക്കള്‍ (നല്ല സിനിമ ഉണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായി ജീവിക്കുന്നവര്‍).സുപ്പര്‍ താരങ്ങള്‍ക്കെതിരെ കയര്‍ക്കുകയും അവരോടു യുദ്ധം ചെയുകയും ചെയുന്ന റഫീക്കിനെ (സലിം കുമാര്‍) പോലുള്ള സഹതാരങ്ങള്‍.(പാവം തിലകന്‍!! നെടുമുടിക്കെതിരെയോ മറ്റോ പറഞ്ഞതിന് അങ്ങേരെ ഇട്ടു കഷ്ട്ടപ്പെടുത്തിയത്തിനു വല്ല കണക്കും ഉണ്ടോ).ഇങ്ങനെ ഈ ലോകത്തൊന്നും നമുക്ക് കാണാന്‍ കഴിയാത്ത കഥാപാത്രങ്ങളെ ആണ് ശ്രീനി ഈ ചിത്രത്തില്‍ നിരത്തിയിരിക്കുന്നത്.ഒന്ന് ചോദിക്കട്ടെ കേരളത്തില്‍ ഉള്ള ഒരുമാതിരി ഒരു പേര് കേട്ട ഗുണ്ടാ തലവനും ജിം ബോയ്‌ അഥവാ സിക്സ് പായ്ക്ക് ഉടമ അല്ല എന്നിരിക്കെ .മെലിഞ്ഞ ഒരാള്‍ കുറെ തടിയന്മാരെ തല്ലുന്നു എന്ന ആരോപണത്തെക്കാള്‍ unrealistic അല്ലെ മേല്‍പ്പറഞ്ഞ കഥാ പാത്രങ്ങള്‍? (ആരോട് ചോദിയ്ക്കാന്‍?)

അണ്ണാ ഇങ്ങനെ കാടിനു ചുറ്റും തല്ലാതെ.കാര്യത്തിലോട്ടു കടന്നേ.

ശരി കഥ ഇപ്രകാരം.സരോജ് കുമാര്‍ മാപ്പപേക്ഷിച്ചു സമസ്താപരാധം പറഞ്ഞു പുതിയ മനുഷ്യനായി മാറുന്ന ഇടത്താണല്ലോ ഉദയനാണു താരം അവസാനിക്കുന്നത്‌.ഇപ്പോള്‍ സരോജ് കുമാര്‍ വീണ്ടും പഴയ സ്വഭാവക്കാരന്‍ ആയിരിക്കുകയാണ്.പച്ചാളം ഭാസി ഉണ്ടെങ്കിലും ഇപ്പോളത്തെ വിശ്വസ്തന്‍ ബാബു (സുരാജ്) എന്ന പഴയ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവാണ്‌.ഈ രണ്ടു പേര്‍ ഒഴികെ ബാക്കി ലോകത്തുള്ള എല്ലാവരും അങ്ങേരെ എതിര്‍ക്കുന്ന ധീരന്മാര്‍ ആകുന്നു.മനസ്സില്‍ നല്ല സിനിമ സൂക്ഷിക്കുന്ന സംവിധായകന്‍ (അങ്ങനെ അല്ലതതായി ആരുമില്ല ഈ ചിത്രത്തില്‍ എന്നത് വേറെ) അലക്സ്‌ (ഫഹദ് ) നടനാകാന്‍ ശ്രമിക്കുന്ന എക്സ്ട്രാ നടന്‍ ശ്യാം (വിനീത് ശ്രീനിവാസന്‍).അയാളുടെ കാമുകി (അപൂര്‍വ.കേരളത്തില്‍ നിന്ന് വിനീതിനെ കാണാന്‍ കഴിയാതെ ചെന്നയില്‍ വന്നു പഠിക്കുന്ന ആ കൊച്ചിന് ആകെ ദാരിദ്രം.നാട്ടില്‍ പോകാന്‍ വണ്ടി കൂലിക്ക് പോലും നായകന്‍ വല്ല കിഡ്നിയോ മോതിരമോ വിറ്റു കാശു ഉണ്ടാക്കി കൊണ്ട് വരണം എന്നതാണ് അവസ്ഥ)

ഇങ്ങനെ കുറെ പകുതി വെന്ത കഥാപാത്രങ്ങള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍.സമകാലീനം എന്ന് പറയാവുന്ന കുറെ സംഭവങ്ങള്‍ സാംസ്‌കാരിക നായകന്‍,മതി ഭ്രമം,ആദായ നികുതി വകുപ്പ് റെയിഡ്,കെര്‍ണല്‍ പദവി ഇങ്ങനെ കുറെ കാര്യങ്ങള്‍ അവിടെ അവിടെയായി പറഞ്ഞു പോകുന്നുണ്ട്

എന്നാലും അണ്ണാ എങ്കിലും.ഇങ്ങനെ തുറന്നടിക്കാനുള്ള ധീരത.അതെങ്കിലും ഒരു സംഭവമായി കണ്ടു കൂടെ?

അനിയാ വീണു കിടക്കുന്നവനെ ചവിട്ടാനുള്ള മലയാളിയുടെ ധൈര്യം ലോകപ്രശസ്തമാണ്.സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രത്തിലെ സംവിധായകനെയും,തിരകഥ എന്ന ചിത്രത്തിലെ സംവിധായകനെയും പറ്റി ഇവിടെ പരാമര്‍ശിക്കപ്പെട്ടാതാണ്.സമാനമാണ് ഈ ചിത്രത്തിലെയും അവസ്ഥ.ഒന്ന് ചോദിക്കട്ടെ കേര്‍ണല്‍ ആക്കാന്‍ സരോജ് കുമാര്‍ കാണിക്കുന്ന പരിശീലന പരാക്രമങ്ങളെ വികൃതവല്ക്കരിച്ചു കാണിക്കുന്നതിന് പകരം.പരിശീലനത്തില്‍ ഏതൊരു പട്ടാളക്കാരനെക്കാളും സരോജ് മികവു കാണിച്ചു എന്ന് എഴുതുന്ന മാധ്യമങ്ങളെ പറ്റി ഒരു വാക്ക് .. (എവിടുന്നു?) നാളെ എന്നെയോ നിങ്ങളെയോ പിടിച്ചു പട്ടാള പരിശീലനത്തിന് വിട്ടാല്‍ നമ്മളൊക്കെ ഇതിലും മോശം ആകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല എന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.ഇനി ഏറ്റവും കുറഞ്ഞ പക്ഷം ആക്ഷേപിക്കാനാണ് ഉദേശം എങ്കില്‍ വിഗ് പോലുള്ളവ ഉപേക്ഷിക്കാതെ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി എങ്കിലും കാണിക്കുന്നത് യാഥാര്‍ത്ഥ്യത്തോട്‌ അടുത്ത് നില്‍ക്കുമായിരുന്നു.

ശരി അതൊക്കെ ഇരിക്കട്ടെ കഥ ?
അങ്ങനെ ഒന്ന് ഈ ചിത്രത്തില്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.മേല്‍പ്പറഞ്ഞ കോപ്രായങ്ങള്‍ കൂടാതെ ക്ലൈമാക്സ്‌ കൂടെയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.സരോജ് കുമാറിന് വഴക്ക് ഉണ്ടാക്കാനായി പടച്ചു വിട്ട ശ്യാം ആരാണ് എന്നത് അവസാനത്തെ സ്വപ്ന തുല്യമായ ക്ലൈമാക്സില്‍ വെളിപ്പെടുത്തുന്നു

ശ്രീനിവാസന്‍റെ രചന വൈഭവത്തിന് മറ്റൊരുദാഹരണം.വിനീത് ശ്രീനിവാസന്‍ ഷൂട്ടിംഗ് നിടയില്‍ പരിക്കേറ്റു മരണത്തില്‍ നിന്നും കഷ്ട്ടിച്ചു രക്ഷപ്പെട്ടു കിടക്കുന്നു.അപകടം മനപൂര്‍വം ഉണ്ടാക്കിയതാണോ എന്ന് യുണിറ്റ് അംഗങ്ങള്‍ക്ക് സംശയം ഉണ്ട്. ഈ അവസ്ഥയില്‍ പോലീസ് ഇയാളോട് ആകെ ചോദിക്കാവുന്നത് ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് മാത്രമാണ്? എന്നാല്‍ ഈ രംഗത്തില്‍ പോലീസ് വിനീതിനെ ഒരുമാതിരി പ്രതികളെ ചോദ്യം ചെയുന്നത് പോലെ പെരുമാറുന്നത് കണ്ടാല്‍ ആര്‍ക്കും ചിരി വന്നേക്കാം.ഭര്‍ത്താവു ഒരാളെ പുറകെ ഓടി തുടരെ വെടി വയ്ക്കുന്നത് കണ്ടിട്ടും "ഇതൊരു തമാശ രംഗമല്ലേ. എന്തൊരു കോമാളിത്തരം" എന്ന മട്ടില്‍ നില്‍ക്കുന്ന ഭാര്യ.പിന്നെ ദോഷം പറയരുതല്ലോ ക്ലൈമാക്സ്‌ രംഗങ്ങള്‍ ഏതു സീരിയലിനോടും കിട പിടിക്കും.

എന്നാലും ശ്രീനി എന്നൊക്കെ പറഞ്ഞാല്‍ ....

അനിയാ ഒരു നിലവാരവും,ക്വാളിറ്റിയും ഇല്ലാത്ത മലയാളത്തിലെ അമോല്‍ പലേക്കര്‍ ആണ് ഈ നടന്‍ എന്നാണ് വ്യക്തിപരമായി എന്‍റെ അഭിപ്രായം.സന്ദേശം എന്ന ഒരു ചിത്രം മാറ്റി നിര്‍ത്തിയാല്‍ വികൃതവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങളെ ആണ് ഈ നടന്‍ കൂടുതലായി അവതരിപ്പിച്ചിട്ടുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചിത്രത്തില്‍ സമകാലീനം എന്ന് പറയുന്ന പല കാര്യങ്ങളോടും യോജിക്കുന്നു .ഉദാഹരണമായി കമലഹാസന്‍ മുതല്‍ ഇവിടുത്തെ സുപ്പര്‍ താരങ്ങള്‍ വരെ അന്തസ്സോടെ ചുമന്നു നടക്കുന്ന ഡോക്ടര്‍ പദവി . ഒരു പി എഛ് ഡി എന്നത് എത്ര വര്‍ഷത്തെ പ്രയത്നത്തിന്റെ ഫലം ആണെന്ന് ഒരു നിമിഷം ഓര്‍ത്താല്‍ (ഇവിടെയും കള്ള നാണയങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല) ഇവര്‍ക്കൊന്നും ഒരു ഉളുപ്പും ഇല്ലാതെ ഇതു സ്വീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ തോന്നില്ല എന്നത് വാസ്തവം. തിരുവനന്തപുരത്തെ വാവ സുരേഷ് (ഗൂഗിളില്‍ നോക്കിയാല്‍ കൂടുതല്‍ അറിയാം ) എന്ന മനുഷ്യന്‍ വര്‍ഷങ്ങളായി പ്രതിഫലം വാങ്ങാതെ ചെയുന്നതില്‍ കൂടുതല്‍ എന്ത് സാമൂഹ്യക്ഷേമം നടത്തിയിട്ടാണ് ഐശ്വര്യറായ്,അക്ഷ്യ കുമാര്‍,മുതല്‍ ജയറാം വരെ ഉള്ളവര്‍ പത്മശ്രീക്ക് അര്‍ഹര്‍ ആകുന്നത്‌ എന്നതും എനിക്ക് അജ്ഞാതം.ഒരു ആദായ നികുതി വകുപ്പിന്‍റെ റെയിഡ് എന്‍റെ വീട്ടില്‍ നടക്കുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം കൊടുക്കാന്‍ ഞാന്‍ ഇപ്പോള്‍ കുറച്ചു തിരക്കിലാണ് തിരക്കൊഴിയുമ്പോള്‍ വന്നു ഉത്തരം തരാം എന്ന് പറഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം .(എന്തെ മകന്‍റെ കല്യാണം കല്യാണമല്ലേ?എന്‍റെ ജോലി മുടങ്ങിയാല്‍ വരുന്ന നഷ്ട്ടം നഷ്ട്ടമല്ലേ ?) സംഗതി മുട്ടന്‍ ജനാധിപത്യമാണ് എന്നാണല്ലോ വെപ്പ്

ഇങ്ങനെ ഉള്ള നിരവധി കാര്യങ്ങള്‍ ഉറക്കെ ചോദിക്കാനുള്ള ഒരു സാധ്യതയെയാണ് ഈ മനുഷ്യന്‍ തന്‍റെ കോപ്രായം കാണിച്ചു നശിപ്പിച്ചു കളഞ്ഞത്.ഒരു നല്ല പശ്ചാത്തലത്തില്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ മറ്റൊരു സന്ദേശം പോലും ആയേനെ ഈ ചിത്രം.എനിക്ക് ഈ മാന്യ ദേഹത്തോട് ഒരു ചോദ്യമേ ചോദിക്കാനുള്ളു ഇദേഹം പരാമര്‍ശിക്കുന്ന ആ നടന്‍ നാളെ അങ്ങ് മരിച്ചു പോയാല്‍ മലയാള സിനിമ രക്ഷപ്പെടുമോ? ഇല്ല എന്നതാണ് ഉത്തരം . മാറേണ്ടത് നമ്മളാണ്.സ്വന്തം തല കൊണ്ട് ചിന്തിക്കുന്നവരും സ്വന്തം അഭിപ്രായം ഉറക്കെ പറയുന്നവരും ഉള്ള ഒരു പ്രേക്ഷക സമൂഹം ഉണ്ടായാലേ മലയാള സിനിമ നന്നാകു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ ആക്രമണം മുഴുവനും ഒരു നടന് നേരെ ആണ് എന്നതും ശ്രീനിയുടെ ധൈര്യത്തിന് ഉദാഹരണമാണ്‌. (രണ്ടു വള്ളവും ഒരുമിച്ചു മുക്കിയാല്‍ എവിടെ നില്‍ക്കും? ആ പണി മലയാളത്തിലെ ഒരു ബുദ്ധി ജീവിയും ചെയ്യില്ല)

ചുരുക്കത്തില്‍ ...

നായിക എന്ന പടത്തിന്‍റെ മറ്റൊരു പടപ്പ്.തമിഴ് പടം എന്ന ചിത്രം പോലെ ഒന്ന് ഇന്നും മലയാളിക്ക് സ്വപ്നം കാണാന്‍ കഴിയില്ല എന്ന് വിളിച്ചു പറയുന്ന ഒരു കോപ്രായം.പ്രസ്തുത സംഭവത്തില്‍ ശ്രീനിവാസന്‍ ഒഴികെ ബാക്കി എല്ലാരും തികച്ചും നിരപരാധികള്‍ ആണ് എന്ന് കൂടി ബോധിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

6 comments:

 1. അനിയാ നീ മലയാളിക്ക് സിനിമാശാലയിലെ ഇരുട്ടിലും അനോണി എന്ന വിലാസത്തിന്‍റെ മറവിലും അല്ലാതെ എവിടെയാണ് പ്രതികരണശേഷി കണ്ടിട്ടുള്ളത്?

  അതിഷ്ടായി...

  ReplyDelete
 2. തമിഴ് പടത്തിനേക്കാള്‍ കളിയാക്കാനുള്ള വഹ നമ്മുടെ മലയാളീ പടങ്ങളില്‍ ഉണ്ട്. പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും

  ReplyDelete
 3. പ്രേക്ഷകന്‍ പൊടുന്നനെ ലാലേട്ടന്‍ ഫാന്‍ ആയോ? ഈ സിനിമ ആവറേജ് ആണെങ്കിലും ലാലേട്ടനെ ആണ് കൂടുതല്‍ കളിയാക്കിയത് , മമ്മൂട്ടിയെ കളിയാക്കാന്‍ കാര്യമായി ഒന്നും ഇല്ല എന്നതായിരിക്കാം കാരണം അയാള്‍ക്ക്‌ അനുയായി വൃന്ദം ഇല്ല ബിനാമി പ്രോട്യൂസര്‍ ഇല്ല ശ്രീനിവാസന്‍ ഓവര്‍ ആക്റ്റ് ആയി ശരി തന്നേ , സരോജ് കുമാര്‍ എന്നാ കഥാപാത്രം അങ്ങിനെ തന്നെ ആയിരുന്നല്ലോ പണ്ടും , പക്ഷെ പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ട് , പടം അത്ര മോശമല്ല ഈ ആണ്ടിലെ ആദ്യ ഹിറ്റും ആയേക്കാം തിയെടര്‍ ഫുള്‍ ആയിരുന്നു ഫാമിലി കയറാന്‍ തുടങ്ങി , മോഹന്‍ ലാലിന്റെ ഇന്നത്തെ അവസ്ഥയില്‍ എല്ലാവര്ക്കും ദുഃഖം ഉണ്ട് കാരണം അങ്ങേര്‍ ഒരു വേര്‍ സട്ടയില്‍ ആക്ടര്‍ ആയിരുന്നത് കൊണ്ട് , പ്രേക്ഷകന്‍ അഹങ്കാരം അല്‍പ്പം കുറയ്ക്കുന്നത് നന്നായിരിക്കും

  ReplyDelete
 4. ലാലിനെ കളിയാക്കാന്‍ കൂടുതല്‍ ഉള്ളതിനേക്കാള്‍ പുള്ളി അതൊക്കെ ഒരു തമാശയായി എടുക്കും എന്നതാകാം കാരണം. ഒരിക്കല്‍ സ്റെജില്‍ മമ്മൂട്ടിയെ അനുകരിക്കുന്നത് കണ്ടു സദസ്സില്‍ ഇരുന്ന മമ്മൂട്ടി അത്ര തമാശ ആയല്ല അതിനെ എടുത്തത്‌. ലാലിന് അങ്ങിനെ വല്ല കൊമ്പ്ലെക്സും ഉണ്ടായിരുന്നെങ്കില്‍ അയാള്‍ അഭിനയിച്ച പടത്തില്‍ ( ഉദയനാണ് താരം ) അയാളുടെ മുന്നില്‍ വച്ചു അയാളെ കളിയാക്കാന്‍ നിന്ന് കൊടുക്കുമോ ???? നായനാരും കരുണാകരനും എടുത്ത പോലെ തമാശകള്‍ പിണറായി എടുക്കുമോ ????

  ReplyDelete
 5. സുശീലാ ,
  പണ്ടേ മോഹന്‍ലാല്‍ എന്ന നടന്റെ സിനിമകളുടെ (സുപ്പര്‍ തരത്തിന്റെയല്ല ) ഏറ്റവും നല്ല ആസ്വാദകരില്‍ ഒരാളാണ് ഞാന്‍ .അത് കൊണ്ടാണ് മോഹന്‍ലാല്‍ എന്ന സുപ്പര്‍ ദൈവത്തെ എതിര്‍ക്കുന്നതും പിന്നെ ഈ സിനിമയില്‍ സര്‍ക്കാസം അല്ല മൂന്നരയടി പൊക്കം , സൌന്ദര്യമില്ലായ്മ , തന്നെ ആരും വേണ്ടത് പോലെ അംഗീകരിക്കുന്നില്ല എന്ന സങ്കടം ,ഇതെല്ലാം കൂടി ചേര്‍ന്ന ശ്രീനിവാസന്റെ ഫ്രസ്ട്രേഷനാണ് എനിക്ക് കൂടുതല്‍ കാണാനായത് .ഉദയനാണ് താരത്തില്‍ സരോജ് കുമാര്‍ ഒരു കഥാപാത്രം മാത്രമായിരുന്നു .ഈ പടത്തില്‍ , സ്റ്റേജില്‍ നിന്ന് കൊഞ്ഞനം കാട്ടി ആളുകളെ ചിരിപ്പിക്കാം എന്ന് കരുതുന്ന , സ്വയം ബുദ്ധിജീവി ചമയുന്ന ഒരു മണ്ടന്റെ തൂലിക സൃഷ്ടിച്ച കോമാളിയും . അഹങ്കാരം ഒരല്‍പ്പം പോലും കുറയ്ക്കാന്‍ ഉദ്ദേശമില്ല .അക്കാരണത്താല്‍ വല്ലാതെ ബുദ്ധിമുട്ട് തോന്നുണ്ടെങ്കില്‍ സുശീലന്‍ മാ വാരികയിലെ മനോരോഗ വിദഗ്ദ്ധന് കത്തെഴുതി പരിഹാരം തേടുന്നത് നന്നായിരിക്കും

  ReplyDelete
 6. "തിരുവനന്തപുരത്തെ വാവ സുരേഷ് (ഗൂഗിളില്‍ നോക്കിയാല്‍ കൂടുതല്‍ അറിയാം ) എന്ന മനുഷ്യന്‍ വര്‍ഷങ്ങളായി പ്രതിഫലം വാങ്ങാതെ ചെയുന്നതില്‍ കൂടുതല്‍ എന്ത് സാമൂഹ്യക്ഷേമം നടത്തിയിട്ടാണ് ഐശ്വര്യറായ്,അക്ഷ്യ കുമാര്‍,മുതല്‍ ജയറാം വരെ ഉള്ളവര്‍ പത്മശ്രീക്ക് അര്‍ഹര്‍ ആകുന്നത്‌ എന്നതും എനിക്ക് അജ്ഞാതം"

  അത് കലക്കി മച്ചാ

  ReplyDelete