Friday, August 12, 2011

പ്രേക്ഷകനും പൈറസിയും

അനിയാ എവിടെക്കാ തിരക്കിട്ട് .....

അണ്ണാ നില്ക്കാന്‍ തീരെ സമയമില്ല.ഇന്നു മലയാള സിനിമ നേരിടുന്ന പ്രതിസന്ധി എന്ന വിഷയത്തെ കുറിച്ച് ഒരു ചര്‍ച്ചയുണ്ട്. ഒരു പ്രമുഖ നിരൂപകനായ ഞാന്‍ പങ്കെടുത്തില്ലെങ്കില്‍ മോശമല്ലേ ?

പിന്നല്ലാതെ ..? സിനിമ കാണാതെ നിരൂപണം കാച്ചുന്ന നീയല്ലെങ്കില്‍ പിന്നെ ആരാണ് യോഗ്യന്‍ അതിരിക്കട്ടെ എന്താണ് അനിയാ ഈ പ്രതിസന്ധി ?

നല്ല കഥയില്ലാത്തതാണ് പ്രധാന പ്രതിസന്ധി.അത് പിന്നെ കാലാ കാലത്ത് ഓരോരുത്തര്‍ എടുത്ത വിദേശ ചിത്രങ്ങള്‍ കോപ്പിയടിച്ചു നികത്താമെന്ന് വെച്ചോ.ഈ പൈറസി എന്ന ഭീകരന്‍ തന്നെ അല്ലെ മലയാളി നേരിടുന്ന ഏറ്റവും വലിയ വിപത്ത്. അത് ഒരൊറ്റ സാധനം കാരണം അല്ലെ മലയാള സിനിമ ഇന്നു ഈ ഗതിയായത് .

പിന്നെ അല്ലാതെ? ഒരു ചെറിയ സംശയം അനിയാ ഈ പൈറസി എന്ന സാധനം പണ്ട് മുതലേ ഉണ്ടായിരുന്ന ഒന്നല്ലേ? വീഡിയോ കാസ്സെറ്റ്‌ ഉള്ള കാലത്ത് പോലും മമ്മുട്ടിയെ കണ്ടാല്‍ ഇന്ദ്രന്‍സ് വളഞ്ഞു പുളഞ്ഞു നില്‍ക്കുന്ന പോലുള്ള വ്യാജ സാധനങ്ങള്‍ ലഭ്യമായിരുന്നു.ചുരുക്കത്തില്‍ സിനിമ,സിനിമാ ശാലകള്‍ വിട്ടു പുറത്തു വന്നത് മുതല്‍ ഈ പൈറസി എന്ന സാധനവും നിലവിലുണ്ട്.പിന്നെ എപ്പോള്‍ എന്താ പുതിയതായി ?

ഈ അടുത്തകാലത്തല്ലേ ഈ internet വഴി ലോക വ്യാപകമായി ഇതു പ്രചരിച്ചു തുടങ്ങിയത്? അണ്ണന്‍ പത്രം ഒന്നും വായിക്കാറില്ലേ?

പത്രം വായിച്ചാല്‍ മാത്രമല്ലേ ഈ നാട്ടില്‍ പൊതു വിജ്ഞാനം ഉണ്ടാകു? അല്ലെങ്കില്‍ പിന്നെ ചാനല്‍ തരുന്ന ലൈവ് കൊപ്പിരാട്ടി കാണണം.അതാണല്ലോ നാട്ടു നടപ്പ്.ശരി ഇനി ചില ചോദ്യങ്ങള്‍.ഈ വ്യാജ സിനിമ എന്നത് ഇന്റര്‍നെറ്റിലൂടെയോ പൈപ്പിന്‍ കുഴലിലൂടെയോ പ്രചരിപ്പിക്കപെട്ടോട്ടെ ,ഇതു മലയാളികള്‍ അല്ലെ കാണൂ, വേറെ ഭാഷക്കാര്‍ ആരും ഇതൊന്നും ഇപ്പോഴത്തെ നിലവാരം വെച്ച് അറിയാതെ പോലും പോലും കാണത്തില്ല ഉറപ്പു.അപ്പോള്‍ ചുരുക്കത്തില്‍ പൈറേറ്റഡ് സിനിമകളുടെ പ്രചാരണ മാധ്യമം മാറി എന്നതാണോ ഇപ്പോളത്തെ പ്രശനം?

ഛെ ഇങ്ങേര്‍ ഒരുമാതിരി പിള്ളേരെ പോലെ ....?സിനിമ ശാലകളില്‍ ഓടുന്ന ചിത്രങ്ങള്‍ നെറ്റില്‍ കാണാം എന്നു വന്നാല്‍ പിന്നെ ആരെങ്കിലും കാശു കൊടുത്തു സിനിമ കാണുമോ? ഈ വര്ഷം തന്നെ എത്ര ചിത്രങ്ങളാണ് ഇങ്ങനെ നെറ്റില്‍ വന്നത് ?

ഏതൊക്കെയാ ആ ചിത്രങ്ങള്‍ അനിയാ ..?

ഉറുമി,രതിനിര്‍വേദം,സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ പോരെ ?

മതിയല്ലോ.ഉറുമി അവിടെ നില്‍ക്കട്ടെ.ആ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ പ്രിത്വിരാജ് എന്ന നടന്‍ ആ ചിത്രം നെറ്റില്‍ കാണിച്ച ആള്‍ക്കെതിരെ പരാതി കൊടുത്തു എന്നതിന്‍റെ പേരില്‍ വാര്‍ത്തയായി എന്നു കരുതാം.മറ്റു രണ്ടു ചിത്രങ്ങള്‍ യുട്യുബില്‍ സൌജന്യമായി ലഭ്യമാണ് എന്ന വാര്‍ത്ത‍ തുടരന്‍ ആയി പരമ്പര പ്രസിദ്ധീകരിച്ച ഇവിടത്തെ മുന്‍നിര പത്രങ്ങളോ? ഇതിലും ഭേദം ആ ലിങ്ക് കൂടെ കൃത്യമായി കൊടുക്കുക എന്നതായിരുന്നു.(യുട്യുബില്‍ കയറി ഈ ചിത്രങ്ങളുടെ പേര് ടൈപ്പ് ചെയ്താല്‍ കൃത്യമായി ഈ ചിത്രങ്ങള്‍ കാണാം എന്നു വരെ പറഞ്ഞിട്ടുണ്ട് ആ പരമ്പരയില്‍).ഈ രണ്ടു ചിത്രങ്ങളും സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കാത്തവയും നല്ല ഇനിഷ്യല്‍ നേടിയവയും ആയിരുന്നു എന്നതും ശ്രദ്ധേയം.എന്ത് കൊണ്ട് ഒരു സൂപ്പര്‍താര ചിത്രത്തെ കുറിച്ച് ഇങ്ങനെ വിശദമായ ഒരു വാര്‍ത്ത‍ വരുന്നില്ല എന്നു ചിന്തിക്കുന്നത് സ്വാഭാവികം അല്ലെ?

അത് ഒരു പക്ഷെ... ഏതെങ്കിലും മന്ത്രിയുടെ മകന്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്താലോ,പീഡനം നടത്തിയോ പരാതി ഉണ്ടായി കേസ് എടുത്ത സാഹചര്യത്തില്‍ പോലും ആ മാന്യദേഹത്തെ മന്ത്രീപുത്രന്‍ എന്നു മാത്രം പരാമര്‍ശിക്കുന്നതും അതേ സ്ഥാനത്ത് ഒരു ഓട്ടോ ഡ്രൈവര്‍ പോലെയുള്ള ഒരാളാകുമ്പോള്‍ അയാളുടെ ഫോട്ടോയും അഡ്രസ്‌ ഉം കുടുംബ വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് പോലെ അല്ലെ ഉള്ളു അതൊക്കെ ? ഒരു നാട്ടുനടപ്പ്..

നിന്നെപ്പോലെ പ്രതികരണ ശേഷി ഇല്ലാത്ത നാറികള്‍ ജീവിക്കുന്ന ഈ നാട്ടില്‍ ഇതിലപ്പുറവും കാണേണ്ടി വരും.അതിരിക്കട്ടെ എവിടെ ഒരു സിനിമ ഇറങ്ങിയാല്‍ (സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത ഓടിയെക്കും എന്നു സംശയം ഉള്ളവ ) അപ്പോള്‍ തുടങ്ങുമല്ലോ ഇതു ഇന്ന കൊറിയന്‍/ ഇറാനിയന്‍ / ലാറ്റിന്‍ അമേരിക്കന്‍ ചിത്രം അടിച്ചു മാറ്റിയതാണ്... അപ്പിടി ഇപ്പിടി എന്നു . ഈ പറയുന്ന ഭാഷയിലുള്ള ഒരു ചിത്രവും ഈ നാട്ടില്‍ വല്ല ഫിലിം ഫെസ്റ്റിവലില്‍ അല്ലാതെ വേറെ ഒരിടത്തും പ്രദര്‍ശിപ്പിക്കുകയോ സി ഡി വില്‍ക്കുകയോ ചെയുന്നത് കണ്ടിട്ടില്ല പിന്നെ എങ്ങനാ എത്ര പെട്ടന്ന് ആളുകള്‍ ഇതു കണ്ടു അഭിപ്രായം പറയുന്നത് ?

അല്ല അത് പിന്നെ .. നല്ല സിനിമയോടുള്ള അഭിനിവേശം ....

നീ വെറുതെ വായില്‍ ഇരിക്കുന്നത് കേള്‍ക്കരുത്‌.ഉത്തരം എനിക്കും നിനക്കും ഒക്കെ അറിയാം.ശരി ഇനി ഒരു ചോദ്യം കൂടി ഈ പൈറസി മലയാള സിനിമയെ ഇത്രയധികം ബാധിക്കുന്ന ഒരു പ്രശ്നം ആണെങ്കില്‍.ഈ രണ്ടു വര്‍ഷത്തില്‍ ട്രാഫിക്‌,എല്‍സമ്മ, മേരിക്കുണ്ടൊരു കുഞ്ഞാട്,ഉറുമി (ഈ വിവാദം ഒക്കെ കഴിഞ്ഞ ശേഷവും) എങ്ങനെ നൂറു ദിവസത്തില്‍ കൂടുതല്‍ സിനിമ ശാലകളില്‍ നിറഞ്ഞു ഓടി?.ഈ പറയുന്ന സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍,ഇത്രയും പത്രപരസ്യം കൊടുത്തതിനു ശേഷവും പോലും ഇന്നലെ വരെ ഹൌസ് ഫുള്‍ ബോര്‍ഡ് നേരില്‍ കണ്ട ആളാണ് ഞാന്‍.

അല്ല അങ്ങനെ ചോദിച്ചാല്‍ ?

തീര്‍ന്നില്ല പൈറസി ഇതിലും എത്രയോ കൂടുതലായ തമിഴ്നാട്ടില്‍ എങ്ങനെ കൂടുതല്‍ വിജയചിത്രങ്ങള്‍ ഉണ്ടാകുന്നു എന്നു കൂടി ചോദിച്ചാലെ ഈ ചിത്രം പൂര്‍ണമാകു.പൈറസി എന്നത് ഇല്ലാതാക്കേണ്ട ഒരു സംഗതി തന്നെയാണ് പക്ഷെ ഇപ്പോള്‍ ഈ ബഹളത്തിന്റെ മൂല കാരണം ഇന്‍റര്‍നെറ്റില്‍ ഇറങ്ങുന്ന പൈറേറ്റഡ് ചിത്രങ്ങള്‍ ഇവിടത്തെ സൂപ്പര്‍ താരങ്ങളുടെ അവസാന പിടിവള്ളിയായ ചാനല്‍ റൈറ്റ്നെ ബാധിക്കുന്നു എന്നത് കൊണ്ടാകണം എന്നാണ് എന്‍റെ അനുമാനം. കൂട്ടത്തില്‍ പറഞ്ഞോട്ടെ മലയാള സിനിമയുടെ അധപതനത്തിന് മൂല കാരണം ഈ ചാനല്‍ റൈറ്റ് ആണ് എന്നാണ് എന്‍റെ വിശ്വാസം.കുറെ മണ്ടന്മാരായ ആരാധകരും പിന്നെ ഈ ചാനല്‍ റൈറ്റ് ഉം ഉണ്ടെങ്കില്‍ പൊതു ജനത്തെ പുല്ലായി കണ്ടു നീയൊന്നും പടം കാണാന്‍ വന്നില്ലെങ്കില്‍ ഞങ്ങള്‍ക്കൊന്നും ഇല്ല ഇന്ന മട്ടില്‍ പടങ്ങള്‍ പടച്ചു വിടുന്ന പ്രവണതയുടെ തുടക്കം അവിടുന്നല്ലേ ?

അല്ല ഈ ചാനല്‍ റൈറ്റ് ഇന്നു വെച്ചാല്‍ നമുക്ക് നഷ്ട്ടം ഒന്നും ഇല്ലല്ലോ.പാവം താരങ്ങള്‍ അവര്‍ക്ക് സ്വല്‍പ്പം കാശു കിട്ടുന്നതിനു അണ്ണന് എന്തിനാ ഈ കണ്ണ് കടി ?

അനിയാ,ചാനല്‍ റൈറ്റ് എന്നു പറഞ്ഞാല്‍,ചാനല്‍ ഭീമമായ തുക കൊടുത്തു വാങ്ങുന്നത് പരസ്യ സ്ലോട്ടിലെ വരുമാനം കൊണ്ട് ലാഭം ഉണ്ടാക്കാന്‍ ആണല്ലോ.പരസ്യം കൊടുക്കുന്ന ഉദ്പാദകര്‍ സാധന വിലയില്‍ പരസ്യത്തിനു ചെലവാകുന്ന കാശും ഉള്‍പ്പെടുത്തുന്നു. സാധനം വാങ്ങുന്ന നീയും ഞാനും അതിനും കൂടെ ചേര്‍ത്ത് ആണല്ലോ കാശു കൊടുക്കുന്നേ.ഫലത്തില്‍ നീയൊക്കെ കണ്ടാലും ഇല്ലെങ്കിലും ഈ ചിത്രം എന്ന കൊപ്രായത്തിനു കാശു കൊടുക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്.തീയറ്ററില്‍ പോയി തന്നെ സിനിമ കാണണം എന്നു വാശി പിടിക്കുന്ന എന്നെ പോലെയുള്ള മന്ദബുദ്ധികള്‍ ഒരു റൌണ്ട് കൂടി കാശു കൊടുത്തു ധന്യര്‍ ആകുന്നു എന്നു ചുരുക്കം

അല്ല ചരിത്രപരമായി നോക്കിയാല്‍ ....

എടാ ചരിത്രം പറഞ്ഞാല്‍ ,പണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞു വീഡിയോ കാസ്സെറ്റ്‌ ഇറങ്ങിയിരുന്ന കാലത്ത് പടം ഇറങ്ങി ഒരു വര്‍ഷം ഒക്കെ കഴിഞ്ഞു വല്ല പന്ന തീയറ്ററില്‍ നിന്നും പിടിച്ച ഒന്നും കാണാന്‍ പറ്റാത്ത വ്യജനെതിരെ പട വെട്ടാന്‍ മുന്‍ നിരയില്‍ നിന്ന സിംഹങ്ങള്‍ ഇന്നു മോസര്‍ബെയര്‍ ആറു മാസം കഴിയുമ്പോള്‍ നല്ല ഒന്നാം തരം സി ഡി ഇറക്കുമ്പോള്‍ ഒന്നും പറയാനില്ലാതെ വായ പൊത്തി നില്‍ക്കുന്നതിനെ പറ്റി പറയേണ്ടി വരും.പണ്ട് മോസര്‍ ബെയര്‍ എന്ന ഭീമന് വഴിയൊരുക്കാന്‍ നാട്ടിലെ വീഡിയോ പാര്‍ലറുകള്‍ ഒന്നൊഴിയാതെ പൂട്ടിച്ചു,പത്തോ പതിനഞ്ചോ രൂപയ്ക്കു കണ്ടു കൊണ്ടിരുന്ന ഒരു സിനിമക്ക് എന്പതും നൂറും രൂപ കൊടുക്കുന്ന അവസ്ഥയില്‍ ആക്കിയ ഭരണകൂടങ്ങളെയും പോലീസ് സിംഹങ്ങളെ പറ്റിയും പറയേണ്ടി വരും.മാന്യമായി സ്വയം തൊഴില്‍ ചെയ്തു ജീവിച്ചിരുന്ന കുറെ ചെറുപ്പക്കാരെ വഴിയാധാരം അക്കിയതിനെ പറ്റി പറയേണ്ടി വരും.അവസാനം ഇതൊക്കെ സ്വന്തം വിധിയാണെന്ന് സമാധാനിച്ചു,എല്ലാത്തിനും വഴങ്ങിക്കൊടുത്തു,ഒന്നിനോടും പ്രതികരിക്കാതെ നാണംകെട്ട ജീവിതം നയിക്കുന്ന,എന്നാല്‍ സംഘം ചേര്‍ന്നാല്‍ എന്ത് വൃത്തികേടിനും മടിക്കാത്ത കുറെ പന്നന്‍മാരെ പറ്റിയും ഒക്കെ പറയേണ്ടി വരും എന്തിനാ അനിയാ വെറുതെ ?


3 comments:

 1. http://tinypic.com/r/2a9qm1h/7

  ithaanu malayala cinimayute bhavi..

  ReplyDelete
 2. ദിലീപിന്റെ പടങ്ങളുടെ ടോര്രന്റ്റ് വരാറില്ല എന്നും, പ്രിത്വിരാജിന്റെ പടങ്ങള്‍ അന്ന് തന്നെ വരും എന്നും പണ്ടാരോ ചൂണ്ടി കാണിച്ചിരുന്നു.

  ReplyDelete
 3. "പണ്ട് മോസര്‍ ബെയര്‍ എന്ന ഭീമന് വഴിയൊരുക്കാന്‍ നാട്ടിലെ വീഡിയോ പാര്‍ലറുകള്‍ ഒന്നൊഴിയാതെ പൂട്ടിച്ചു,പത്തോ പതിനഞ്ചോ രൂപയ്ക്കു കണ്ടു കൊണ്ടിരുന്ന ഒരു സിനിമക്ക് എന്പതും നൂറും രൂപ കൊടുക്കുന്ന അവസ്ഥയില്‍ ആക്കിയ ഭരണകൂടങ്ങളെയും പോലീസ് സിംഹങ്ങളെ പറ്റിയും പറയേണ്ടി വരും.മാന്യമായി സ്വയം തൊഴില്‍ ചെയ്തു ജീവിച്ചിരുന്ന കുറെ ചെറുപ്പക്കാരെ വഴിയാധാരം അക്കിയതിനെ പറ്റി പറയേണ്ടി വരും.അവസാനം ഇതൊക്കെ സ്വന്തം വിധിയാണെന്ന് സമാധാനിച്ചു,എല്ലാത്തിനും വഴങ്ങിക്കൊടുത്തു,ഒന്നിനോടും പ്രതികരിക്കാതെ നാണംകെട്ട ജീവിതം നയിക്കുന്ന,എന്നാല്‍ സംഘം ചേര്‍ന്നാല്‍ എന്ത് വൃത്തികേടിനും മടിക്കാത്ത കുറെ പന്നന്‍മാരെ പറ്റിയും ഒക്കെ പറയേണ്ടി വരും."

  You said it.

  ReplyDelete