Wednesday, August 14, 2013

നീലാകാശം പച്ചകടൽ ചുവന്ന ഭൂമി (ഇനിയും തീരാത്ത ജീവിത പഠനം )

സഹൃദയരെ ,കലപ്രേമികളെ നിങ്ങൾക്കെന്റെ കൂപ്പു കൈ . പ്രഭാതം പൊട്ടി വിരിയുമ്പോൾ നമ്മൾ കാണുന്നത്  ചീറി പാഞ്ഞു  പോകുന്ന രണ്ടു ബൈക്കുകളാണ് . മുന്നിലത്തെ ബൈക്കിലെ ചെറുപ്പക്കാരൻ ആണ് നേതാവ് എന്നും പിന്നിലെ ചെറുപ്പക്കാരൻ ശിങ്കിടി ആണെന്നും ഒറ്റ നോട്ടത്തിൽ നമുക്ക് മനസിലാക്കാം . ഒറ്റ നോട്ടത്തിൽ തന്നെ ഒരു ദീർഘ യാത്രക്കുള്ള പുറപ്പാടാണ് രണ്ടു പേരുമെന്നു നമുക്ക് കാണാം . ആരാണവർ ? എങ്ങോട്ടാണ് അവരുടെ യാത്ര ?സുഹൃത്തുക്കളെ... ആ മുൻപേ കുതിക്കുന്ന യുവകോമളൻ ആണ് കസ്സി (ദുൽക്കർ സല്ലു ) ആരാണയാൾ ? ദുബായിൽ ജനിച്ചു  പ്ലസ്‌ ടു വരെ അവിടെ പഠിച്ച , ഇപ്പോൾ നാട്ടിലെ ഒരു  എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന , വിപ്ലവ പാർട്ടിയുടെ (SFI) മുന്നണി പോരാളിയും , തന്റെടിയും , സകല സമരത്തിനും മുൻ നിരയിൽ നില്ക്കുകയും ജല പീരങ്കി പുറം കൊണ്ട് തടുക്കുകയും ചെയ്യുന്ന ഈ ധീരൻ ഒരു യാഥാസ്ഥിതിക, സമുദായ സംഘടനയിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന  മുസ്ലിം തറവാട്ടിലെ അംഗം കൂടിയാണ് (ഒരുമാതിരി പച്ച ഷർട്ടും, ചുവന്ന പാന്റ്റ്റും , മഞ്ഞ തൊപ്പിയും പോലെ.(ഒന്നോർത്താൽ അതായിരുന്നു ഈ സിനിമക്ക് കൂടുതൽ  ചേരുന്ന പേര് !!!) )

ഇത്രയും ഭയങ്കരനായ കസ്സിക്ക് ഒരു കാമുകി ഉണ്ട് അതാണ് അസ്സി (സുർജ ബാല) നാഗാലാൻഡിൽ നിന്ന് ഇവിടെ വന്നു പഠിക്കുന്ന ഈ നാഗ സുന്ദരിക്കും ഒരു കദന  കഥയുണ്ട് . ബോംബെക്കാരനായ മേജർ അച്ഛൻ നാഗ അമ്മ . ഒരിക്കൽ ഒരു പട്ടാള ഓപ്പറേഷന് ഇടയിൽ ഒരു നാഗ പ്രമുഖന്റെ കുടുംബാഗം കൊല്ലപെട്ടു . ആ പ്രമുഖൻ പ്രതികാര ദാഹിയായി അസ്സിയുടെ മാതാ പിതാക്കളെ കാച്ചി കളഞ്ഞു സുഹൃത്തുക്കളെ കാച്ചി കളഞ്ഞു !!!എന്നിട്ടും പക തീരാതെ നമ്മുടെ പാവം അസ്സി തിരിച്ചു വരുന്നതും കാത്തു  ഇന്നും ഇരിക്കുകയാണ്  (ബോറടിക്കുമ്പോൾ കുറച്ചു കിടക്കും ).അങ്ങനെ കേരളത്തിന്റെ വിരിമാറിൽ വെച്ച് പ്രണയ ബദ്ധരായ ഇവരെ പറ്റി കസ്സിയുടെ തറവാട്ടിൽ അറിയുന്നു .കസ്സി അസ്സിയെയും കൂട്ടി തറവാട്ടിൽ എത്തുന്നു കസ്സിയുടെ ഉമ്മ (വനിത കൃഷ്ണചന്ദ്രൻ )ക്ക്  സങ്കടം , വാപ്പക്ക് (ജോയ് മാത്യു ) നിർവികാരത പ്രതിശ്രുത  വധുവും കളികൂട്ടുകാരിയുമായ ഫാത്തിമക്ക് തഴയപ്പെടുന്ന ഉപനായികയുടെ സ്ഥിരം ഭാവം എന്നിവ ഉണ്ടാകുന്നു . അസ്സിയെ മതം മാറ്റാൻ  ധീരനായ കസ്സിക്ക് താല്പര്യം ഇല്ല എന്നറിയുന്നതോടെ അവിടെ സമുദായം ഇളകി മറിയുന്നു . നമ്മുടെ സോളാർ കേസ്  മോഡൽ ഉപരോധം വരെ എത്തും എന്നാകുമ്പോൾ അസ്സി പെട്ടിയെടുത്തു യാത്രയാകുന്നു .കുറച്ചു ദിവസത്തെ ദുഖാച്ചരണത്തിന് ശേഷം നമ്മുടെ കസ്സി അതാ ബൈക്ക് എടുത്തു, തന്റെ പ്രണയിനിയെ കാണാൻ  നാഗാലാൻഡിലേക്ക് കുതിക്കുകയാണ് സുഹൃത്തുക്കളെ കുതിക്കുകയാണ് ഒപ്പം ശിങ്കിടി സുനിയും (സണ്ണി വെയിൻ ).

അണ്ണോ എന്തോന്നിത് കഥാപ്രസംഗമോ ?

അല്ല അനിയാ നീ എപ്പോൾ വന്നു ? ഞാൻ നിനക്ക് വേണ്ടി നമ്മുടെ സമീർ  താഹിർ  സംവിധാനം ചെയ്ത നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്ന പടത്തെ പറ്റി ചിന്തിക്കുകയായിരുന്നു അല്പ്പം ഉറക്കെ ആയി പോയി ക്ഷമി .

നിങ്ങള്ക്ക് അല്ലെങ്കിലും ഈ സിനിമയുടെ കഥ മുഴുവനും പറഞ്ഞില്ലേൽ ഉറക്കം വരില്ലല്ലോ അല്ലേ

അനിയ ഇതു കഥയല്ല .കഥയുടെ പശ്ചാത്തലം മാത്രമാണ് .ഇനിയല്ലേ കഥ .


എന്ന് വെച്ചാൽ ?

അസ്സിയെ തേടി കസ്സി നടത്തുന്ന ബൈക്ക് യാത്ര .. ആ യാത്രയിൽ കണ്ടു മുട്ടുന്ന ആളുകൾ ,മനസിലാക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ അതിലൂടെ കഥ മുന്നോട്ടു പോകുന്നു അഥവാ എന്നാണ് ഈ ചിത്രത്തിന്റെ പിന്നണിക്കാരുടെ ഭാവം .

എന്ന് വെച്ചാൽ ? എന്താണ് അവർ മനസിലാക്കുന്നത്‌ ?

അതിപ്പോ ... അങ്ങനെ ചോദിച്ചാൽ ... അനിയാ ഈ ഉസ്താദ്‌ ഹോട്ടലിൽ ജീവിതം പഠിക്കാൻ പോയപ്പോൾ അദ്ദേഹം മനസിലാക്കിയതൊക്കെ തന്നെ (സധാരണക്കാരന്റെ  ഉസ്താദ്‌ ഹോട്ടൽ ഫൈവ് സ്റ്റാർ നിലവാരത്തിൽ ആക്കി വിലയും കൂട്ടി  കഴിക്കുന്നവന്റെ മനസ്സു നിറഞ്ഞില്ലേലും  നമ്മുടെ പോക്കറ്റ്   നിറയണം  എന്നാണല്ലോ അവസാനം അദ്ദേഹം പഠിച്ചത് ).പിന്നെ , കാമുകിയെ കാണാൻ ഉള്ള യാത്രയാണെന്ന്  സമ്മതിക്കാൻ ഭയങ്കര വിഷമം ഉള്ള നായകൻ പക്ഷെ  നൂല് പിടിച്ച പോലെ ആ വഴിക്ക് ആണ് പോകുന്നേ . എന്ന് കരുതി വല്ല തിടുക്കവും ഉണ്ടോ ? അതൊട്ടില്ല താനും. കണ്ടിടതെല്ലാം കേറി  ഇരുന്നു,ഉണ്ട് ഉറങ്ങി  താമസിച്ചു മടുക്കുമ്പോൾ ആണ് യാത്ര തുടരുന്നേ ,(ഇടയ്ക്ക്ക്കു  അടുത്തിരുന്നു ശ്രീനി പിറുപിറുത്തു  "ഇക്കണക്കിനു അവളുടെ രണ്ടാമത്തെ കൊച്ചിന്റെ കല്യാണ  ദിവസം പോലും ഇവൻ  അവിടെ എത്തും എന്ന് തോന്നുന്നില്ല ").പ്രതികാരം ചെയ്യാൻ നമ്മുടെ പ്രമുഖൻ കാത്തിരിക്കുന്ന കൊച്ചാണ് എന്ന് കൂടി ഓർത്തു കൊള്ളാൻ അപേക്ഷിക്കുന്നു .

അല്ല അണ്ണാ  ഈ യാത്രയിൽ നായകനും കൂട്ടുകാരനും നേരിടുന്ന ......

പറയാം  അതല്ലിയോ കഥ എന്ന് പറയപ്പെടുന്ന സംഗതിയുടെ മർമ്മം .നമ്മുടെ നായകൻ ആദ്യം പുരിയിൽ എത്തി ഒരു ബൈക്ക്  സംഘത്തോടൊപ്പം കളിച്ചു രസിച്ചു കഴിയുന്നു . പിന്നെ കൽക്കത്ത ഭാഗത്തെ ഖനന മാഫിയ വേട്ടയാടുന്ന ഒരു ഗ്രാമത്തിൽ കുറെ ദിവസം താമസിക്കുന്നു .ആദ്യത്തെ ഇടത്ത് നായകനെ ആരാധിക്കാൻ ഒരു ന്യൂ ജനറേഷൻ പെങ്കൊച്ചു ഉണ്ടായെങ്കിൽ രണ്ടാമത്തെ ഇടത്ത്  ഒരു ഗ്രാമീണ പെണ്‍കുട്ടിയാണ് സുധിയെ ആകർഷിക്കുന്നത് (അവനൊക്കെ കുറച്ചു ഗ്രാമീണം മതി !!!).പിന്നെ  ആ ഹൈവേയിൽ റോഡിൽ ആണി വിതറി ടയർ പഞ്ചർ ഒട്ടിക്കുന്ന ഒരു മലയാളിയെ കാണുന്നു.അയാളുടെ ഒപ്പം കുറച്ചു സമയം ചെലവഴിക്കുന്നു (ചുമ്മാ ) . പിന്നീടു ഒരു കലാപ ബാധിത പ്രദേശത്ത് ആളുകളെ കൊല്ലുന്നത്  കാണുമ്പോൾ എനിക്ക് അസ്സിയും വേണ്ട ഉസ്സിയും വേണ്ട ഉമ്മയെ കണ്ടാൽ  മതി എന്ന് പറഞ്ഞു കരഞ്ഞു തിരിച്ചു പോകാൻ ഒരുന്നുന്നു കസ്സി..

എന്നിട്ടോ ?

അവിടന്ന് വല്ല വിധേനയും കസ്സിയെ സമാധാനിപ്പിച്ചു അസ്സിയുടെ വീട്ടിലേക്ക്  പറഞ്ഞു വിടുന്നു അസ്സിയെ അവസാനം കണ്ടു മുട്ടുന്ന കസ്സി .. അപ്പോളേക്കും നമ്മുടെ പ്രതികാര ദാഹി  പ്രമുഖന്റെ ആൾക്കാർ അസ്സിയുടെ കതകിൽ മുട്ടുന്നു  .(അങ്ങേരു പാവം കൊച്ചിനെ വിട്ടേക്കാം എന്ന് കരുതിയതാ . അപ്പോൾ ദേ വരുന്നു അവളുടെ കാമുകൻ . ഇനി എന്തായാലും അയാൾ എങ്ങനെ ക്ഷമിക്കുമെന്നാ!! ).ജന്നൽ വഴി ചാടി അസ്സിയും കസ്സിയും ബൈക്കിൽ കയറി ഓടി രക്ഷപ്പെടുമ്പോൾ, പ്രമുഖന്റെ ഗുണ്ടകൾ നിര്വികരരായി നിൽക്കുമ്പോൾ  യാത്രയുടെയും പ്രണയത്തിന്റെയും ജീവിത പാഠ ങ്ങളുടെയും ബൈക്കിന്റെയും നീലാകാശം പച്ചക്കടൽ ചുവന്ന ആകാശം വട്ടായ കാണികൾ എന്ന ഈ ചിത്രം അവസാനിക്കുന്നു .(കുടുംബത്തു  കലിപ്പായപ്പോൾ അസ്സിയും കസ്സിയും ഇതു ചെയ്തിരുന്നേൽ നമുക്ക് ഈ രണ്ടര മണികൂർ  ദുരിതം അനുഭവിക്കാതെ കഴിയാമായിരുന്നു ).

അല്ല ഇങ്ങനെ അങ്ങ് അടച്ചു പറഞ്ഞാൽ ....

പിന്നെ എങ്ങനെ പറയണം അനിയാ ? ഈ സിനിമ കണ്ടപ്പോൾ ഞാൻ ജീവിതം തിരിച്ചറിഞ്ഞു എന്ന് പറയണോ ? സത്യത്തിൽ സഞ്ചാരം സി ഡി  കാണുന്ന പോലെയ എനിക്ക് തോന്നിയത് .വ്യക്തമായ ഒരു കഥയോ ആശയമോ ഈ ചിത്രത്തിൽ ഇല്ല .ഏറ്റവും കുറഞ്ഞ പക്ഷം ഈ സിനിമയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പറയാൻ ഉദ്ദേശിച്ചത് എന്താണെന്നു അവർക്കെങ്കിലും അറിയാമെങ്കിൽ കൊള്ളാം . ചാപ്പാ കുരിശു എന്ന ചിത്രത്തിന്റെ പാളിച്ചകൾ രമ്യ നമ്പീശന്റെ ലിപ് ലോക്ക് പുതുമ കണ്ടു ഫ്ലാറ്റ് ആയ മലയാളി ചർച്ച  ചെയ്യാൻ മറന്നു എന്ന് വേണം കരുതാൻ അഥവാ  ഒരിടത്തും കാര്യമായി ചർച്ച  ചെയ്യപ്പെട്ടില്ല എന്നാണ്  എന്റെ വിശ്വാസം .തിരക്കഥാ കൃത്ത് ഹസിർ മൊഹമ്മദ്‌ ആയിരിക്കുമോ സമീർ  താഹിർ ആയിരിക്കുമോ ആദ്യം പണി പഠിച്ചു കഴിയുക എന്നാ കാര്യത്തിൽ നിനക്ക് വല്ല പ്രവചന മത്സരം നടത്താവുന്നതാണ് .നാഗാലാൻഡ്  വരെ ബൈക്കിൽ പോകുന്നത് ഏതാണ്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെ പോകുന്ന പോലെ ഉള്ളു എന്നാണ്  ഈ ചിത്രത്തിന്റെ പിന്നണിക്കാരുടെ ധാരണ എന്ന് പലപ്പോഴും തോന്നിപ്പോകും .എന്തിനാണ് ബൈക്കിൽ പോകുന്നത് വല്ല ട്രെയിനിൽ പോയി കൂടെ എന്ന ചോദ്യം ആരും ചോദിക്കാതിരിക്കാൻ ആകണം ആദ്യം തന്നെ ചോദിക്കുന്നുണ്ട് .അതിനു ഉത്തരം ഇല്ല  താനും !!

ദയവായി ആരേലും ഈ ദുൽക്കർ  സൽമാൻ  ഖാനെ കൊണ്ട് പോയി ഈ ജീവിതം എന്താണെന്നു ഒന്ന് ശരിക്കും പഠിപ്പിച്ചു വിട്ടാൽ വലിയ ഉപകാരമായിരുന്നു .കഴിഞ്ഞ മൂന്നു ചിത്രങ്ങളായി അദ്ദേഹം ജീവിതം പഠിക്കുകയാണ് .അത് സഹിക്കുകയും വേണം മരം പോലെ നില്ക്കുന്ന അദ്ദേഹത്തെ കൂൾ ആയ അഭിനയം എന്ന് പറയുകയും വേണം മലയാളിയുടെ ഓരോ ഗതികേട് നോക്കണേ .

അല്ല ഇതു പോലെ ഒരു ചിത്രത്തെ പറ്റി  വ്യത്യസ്ത മായ , പതിവ് ശീലങ്ങൾ , സഞ്ചാര ചിത്രം , മോട്ടോർ സൈക്കിൾ ഡയറീസ് .....


പിന്നെ ഒരു ബുദ്ധി ജീവി ലൈനിൽ കാസ്സി ഗ്രാമവാസികൾക്ക്‌ ഉണ്ടാക്കി കൊടുക്കുന്ന അരി പൊടിക്കുന്ന യന്ത്രം (അരി എങ്ങനെ പൊടിക്കും എന്നോർത്ത് കണ്ണീരും കൈയും  ആയി കഴിയുകയായിരുന്നു അവർ !!!!) അവിടുത്തെ പഴയ സ്കൂട്ടർ ഉപയോഗിച്ചാണ്‌  ഉണ്ടാക്കുന്നത് .സ്കൂട്ടർ വമിക്കുന്ന വിഷ പുകയുടെ മൂട്ടിൽ വെച്ച് അരി പൊടിക്കുമ്പോൾ ഉണ്ടാകുന്ന / ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റി ആരും ശ്രദ്ധിക്കുന്നില്ല എന്ന മട്ടിൽ സമീറും ഹാസിറും ഒന്നും സ്വപ്നത്തിൽ ചിന്തിച്ചു പോലും കാണാത്ത കാര്യങ്ങൾ അലക്കി ഇതൊരു ദാർശനിക ചിത്രമാക്കി  വിലയിരുത്താം .(പറഞ്ഞു വരുമ്പോൾ  മാത്തുക്കുട്ടി ഒക്കെ സാമൂഹ്യ ആക്ഷേപ ഹാസ്യ ചിത്രമാണല്ലോ !!!) .


അണ്ണാ ഇതിനൊരു അവസാനമില്ലേ ....

അത് തന്നെയാണ് അനിയാ ഈ സിനിമ കണ്ടപ്പോൾ എനിക്കും തോന്നിയത് .സത്യം

അല്ല ഈ സിനിമയുടെ ഭാഗമായി അല്ലെ നമ്മുടെ കേരള  സൽമാൻ ഖാൻ ഹെൽ മ റ്റ്  ഇല്ലാതെ നാട് റോഡിലൂടെ ബൈക്ക് ഓടിച്ചു കാണിച്ചത്‌ ?

അനിയ അതൊക്കെ അങ്ങനെ കിടക്കും .സാധാരണക്കാരനെ ഇടവഴിയിൽ നിന്ന് ചാടി വീണും എറിഞ്ഞു വീഴ്ത്തിയും  ഒക്കെ പിടിക്കുന്ന നിയമം (ഇങ്ങനെ ആൾക്കാർ മരിച്ചിട്ട് പോലും ഉണ്ട് എന്നാണ് ഓർമ്മ ) ഇതിനൊക്കെ മൌനം പാലിക്കും . ഈ നാട്ടിൽ നമ്മുടെ പ്രബുദ്ധ കേരളത്തിൽ ഒരു സാധാരണക്കാരൻ ഒരു മാസം മുൻപ്  ഒരു പ്രാവശ്യം ട്രാഫിക്‌ സിഗ്നൽ തെറ്റിച്ചാൽ അത് റെക്കോർഡ്‌ ചെയ്തു കൃത്യമായി പിഴ അടയ്ക്കാനുള്ള കല്പ്പന വീട്ടിൽ എത്തിക്കുമ്പോൾ . സോളാർ കേസിൽ ബന്ധപ്പെട്ട കക്ഷികൾ ഭരണാധികാരികളെ അവരുടെ ഓഫീസിൽ വന്നു കണ്ടതിന്റെ വീഡിയോ രേഖകൾ ഇല്ലാത്ത നാടാണ്‌ നമ്മുടെ . ഒരു മൊബൈൽ പോലുമില്ലാത്ത സുതാര്യ ഭരണം കാഴ്ച വെക്കുന്ന നാട്ടിൽ ഇതും ഇതിന്റെ അപ്പുറവും നടക്കും 

ചുരുക്കത്തിൽ .....

വാലും തലയും ഇല്ലാത്ത , കഥയുമായി (അങ്ങനെ  വല്ലതും ഉദ്ദേശിച്ചു എങ്കിൽ ) പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ലാത്ത കുറെ സംഭവങ്ങൾ ചേർത്ത് വെച്ച് തട്ടി കൂട്ടിയ കുറെ ദ്രിശ്യങ്ങൾ .

എഴുതാൻ മറന്നത് :
റോഡ്‌ മൂവി അഥവാ ഒരു യാത്ര ആധാരമാക്കി എടുക്കുന്ന ചിത്രങ്ങൾ എന്ന് പറയുമ്പോൾ പെട്ടന്ന് ഓർമ്മ  വരുന്നത്  സിന്ദഗി ന മിലെഗി ദുബാരഹ്  എന്ന ചിത്രമാണ് .മൂന്ന് പേര്‍ നടത്തുന്ന യാത്രയും.ആ യാത്രയുടെ അവസാനം അവര്‍ ഓരോത്തര്‍ക്കും അവരവരുടെ ജീവിതത്തിലും ജീവിതവീക്ഷണത്തിലും വരുന്ന മാറ്റങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം..ഇവിടെ കുറെ ബൈക്ക് ഓടിക്കുന്നു എന്നല്ലാതെ ഈ യാത്ര ആ ഈ സിനിമയിലെ ആരുടെയെങ്കിലും ജീവിതത്തിനു എന്തെങ്കിലും മാറ്റം വരുത്തിയതായി എനിക്ക് തോന്നിയില്ല . അപ്പൊ പിന്നെ യാത്രക്ക് എന്താ പ്രസക്തി ? ഒന്നുമില്ല . കഷ്ട്ടം !!! ഇതിനൊക്കെ ഡോക്യുമെന്റ റി  നിലവാരമേ ഉള്ളു എന്ന് പറഞ്ഞാൽ നല്ല ഡോക്യുമെന്ററി എടുക്കുന്നവൻ എന്നെ വന്നു തല്ലും !!!

48 comments:

  1. onnu poduvvaa....
    i like the movie ..wellcrafted natural acting etc.......

    pakshe aliyooo.. aliyanendaa iyalkkishtapedattadu ennulladu nammukku pdana videyamaakkanom ...
    vani vishwanad kingil paayunnadaanu enikkum parayanulladu
    "because u r a prejudist"

    :P

    ReplyDelete
    Replies
    1. ഈ പറഞ്ഞിരിക്കുന്നത് തന്നെയല്ലേ ഈ സിനിമയുടെ കഥ ? ഇങ്ങനത്തെ കഥയുള്ള സിനിമകൾ വാലും തലയും ഇല്ലാത്തത് ആയാണ് എനിക്ക് തോന്നാറ് . അത് കൊണ്ട് തന്നെ എനിക്കീ ചിത്രം ഇഷ്ടപ്പെട്ടില്ല . എന്ന് കരുതി ഈ ലോകത്ത് ഒരാൾ പോലും ഈ ചിത്രം ഇഷ്ടപ്പെട്ടു പോകരുത് എന്ന വാശിയൊന്നും എനിക്കില്ല. അത് കൊണ്ട് ഉമേഷിന്‌ ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം ഞാനും ഇഷ്ട്ടപ്പെട്ടു കൊള്ളണം എന്ന് വാശി പിടിക്കുന്നതും .ഇഷ്ടപ്പെടാത്തതിന്റെ കാരണം പോധന വിധേയം ആക്കണം എന്നൊക്കെ പറയുന്നത് കഷ്ട്ടം അല്ലേ

      Delete
  2. മികച്ച cinematography ആണെന്നതിനപ്പുറം ഈ സിനിമയിൽ എടുത്തു പറയത്തക്ക ഒന്നും എനിക്ക് തോന്നിയില്ല. ബാലിശമായ ഒരു one line സ്റ്റോറി എടുത്തു റോഡ്‌ മൂവി ആക്കി സന്നിവേശിച്ചപ്പോൾ ഒരു documentary കണ്ട അനുഭവമേ എനിക്കുണ്ടായുള്ളൂ.
    ചിത്രത്തിലെ BGM നെ കുറിച്ചൊന്നും പറഞ്ഞില്ല ? അരി പൊടിക്കുന്ന യന്ത്രം ഉണ്ടാകുന്ന രംഗത്തിലെ BGM അസഹനീയമാണ് . കേട്ടാൽ ഏതോ US commando operation scene ന്റെ impact ആണ് ഉണ്ടാക്കുന്നത് . എന്നാൽ scene വളരെ ബാലിശവും.
    പല scene ഉം സമയം തികക്കാൻ വേണ്ടി കൂട്ടി ചേർത്ത പോലെ ആണ് തോന്നിക്കുന്നതു. ഉദാഹരണം - അസം കലാപ രംഗം. സ്വന്തം ഉമ്മയെ ഓര്മ്മ വന്നു യാത്ര അവസാനിപ്പിക്കാൻ പോകുന്ന നായകൻ തൊട്ടടുത്ത scene ഇൽ നായികയെ കാണാൻ തീരുമാനിക്കുന്നു. ഇത്തരമൊരു തീരുമാനത്തിന് വേണ്ടിയായിരുന്നെങ്കിൽ തൊട്ട് മുന്പത്തെ scene ഇത്ര detail ആയി കാണികേണ്ട ആവശ്യമുണ്ടായിരുന്നോ ? മാത്രമല്ല ആ SCENE ലെ BGM കേട്ടാൽ ഭയങ്കരമായ ന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തോന്നും ; എന്നാൽ ഒന്നും സംഭവിക്കുന്നില്ല.

    ഈ ചിത്രത്തിൽ puncher ഒട്ടിക്കുന്ന മലയാളിയെ ഇതു സ്ഥലത്ത് വെച്ചാണ്‌ കാണുന്നത് ?

    കൃത്യമായ പൊളിറ്റിക്സ് ഈ ചിത്രത്തിന് ഉണ്ട്. അത് കൊണ്ടാണല്ലോ നേരെ ബംഗാളിൽ തന്നെ ചെന്ന് സ്റ്റോപ്പ്‌ ഇട്ടത് :) ഒരു പക്ഷെ ഹരി പറഞ്ഞത് പോലെ motorcycle diaries ന്റെ സ്വാധീനമാവാം .. allenkil യൂത്ത് ന്റെ പിന്തുണ ലഭിക്കാൻ കമ്മ്യൂണിസം എന്ന വികാരത്തെ മുതലെടുക്കാനും :)


    പിന്നെ royal enfieldians നെ കോരിത്തരിപ്പിക്കാൻ മാത്രം ആ വാഹനത്തിനോടുള്ള craze കൊണ്ട് നാഗാലാ‌‍ൻഡ് വരെ പോയതല്ല നായകൻ. he just went to see his lover. Their love gets more importance than the passion to royal enfield bike or the bikers craze. I dont understand how this gonna make an impact in royal enfield fans. Both are different aspects

    ReplyDelete
    Replies
    1. ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം കണ്ടെത്താൻ ശ്രമിക്കുന്നത് സിനിമ ആസ്വാദനത്തെ തന്നെ പ്രതീകൂലമായി ബാധിക്കും എന്നാണ് ഞാൻ കരുതുന്നത് .(അപ്പോൾ പിന്നെ നമ്മുടെ സിനിമയും അവരുടെ സിനിമയും മാത്രമേ കാണു നല്ല സിനിമയും ചീത്ത സിനിമയും കാണില്ല )

      പിന്നെ ബംഗാൾ ഇടതുകാരുടെ പുണ്യഭൂമി അല്ലാതായിട്ടു കുറെ ആയില്ലേ ? പിന്നെ സിനിമ കൊണ്ട് നിരത്തുന്നത് ബംഗാളിൽ അല്ല നാഗാലാൻഡിൽ അല്ലേ ?

      ഇന്നത്തെ യൂത്ത്നു എത്രയും പെട്ടന്ന് ഏതേലും ബഹുരാഷ്ട്ര കുത്തകയുടെ അടിമപ്പണി ചെയ്യണമെന്ന ഒറ്റ വികാരമേ ഉള്ളു . ഈ പറയുന്ന ഇടതു പക്ഷ വികാരമൊക്കെ എണ്‍പതുകളിൽ തീർന്നതല്ലെ ?

      Delete
    2. Nishayayi nilkunna penkutti ente assi alle eenu parayunundallo...may be athayrkum nayakanu assiya kaanan thoniyath..

      Delete
    3. അത്രക്ക് ഇഷ്ടമുള്ള അസ്സിയെ കാണാൻ ആണ് (അതും ജീവന് തന്നെ ഭീഷണി ഉള്ള അവസ്ഥയില നില്ക്കുന്ന അസ്സിയെ ) കാസ്സി കണ്ടിടം നിരങ്ങി (ഉണ്ടുറങ്ങി ) പോകുന്നത് അല്ലേ ?

      Delete
  3. ഈ സ്കൂട്ടർ ഉപയോഗിച്ച് പൊടിക്കുന്ന ഐടിയ ത്രീ ഇഡിയറ്റ്സ് പടത്തിൽ കണ്ടതല്ലേ?

    ReplyDelete
  4. Your review needs claps. You have correctly said it. A hell a lot of scenes which does not have any proper relevance. Nothing to say anything about anybody.

    The so called Dulkar can save the Malayalam movie by not appearing in any further movies.

    Hats off to this review.

    Vinu

    ReplyDelete
  5. onnu podaa pulle...avante oru neroopanam......phuuuuuu

    ReplyDelete
  6. ഒരു സിനിമയെ കീറി മുറിച്ചു പഠിക്കാൻ ഇതെന്താ..തവളയോ?...കണ്ടിരിക്കാൻ കൊല്ലവുന്നതും,..കുറച്ചൊക്കെ ചിന്തിപ്പിക്കുന്നതും....അതും അല്ലെങ്കിൽ ഒരു ലോഗിക്കും വേണ്ട..മറിച്ച്നന്നായി രസിപ്പിക്കണം...തറ വലിപ്പല്ലാതെ ചിരിപ്പിക്കാൻ കഴിയണം...
    അല്ലാതെ..കണ്ടിട്ട് അങ്ങ് നിരൂപിചെക്കാം ..എന്ന ധാരണയോടെ ചെന്നിരുന്നാൽ...നീ ഒക്കെ പറയും അവന്റെ ഷട്ടി അല്പം ലൂസായിരുന്നു ആ സീനിൽ അത് നന്നായി tight ...ആവണം...എന്നൊക്കെ...ഇങ്ങനെ ഒക്കെ ഉള്ള ആളുകള് പോസ്റ്റർ കണ്ടും അങ്ങ് നിരൂപിക്കും...പടം കണ്ടു നല്ലതാണെന്ന് തോന്നി...ഒരു പാട് ഇഷ്ടപ്പെട്ടു....

    ReplyDelete
    Replies
    1. കുറച്ചൊക്കെ ചിന്തിപ്പിക്കുന്നതും....അതും അല്ലെങ്കിൽ ഒരു ലോഗിക്കും വേണ്ട..മറിച്ച്നന്നായി രസിപ്പിക്കണം

      ഏതൊക്കെ സംഭവിച്ചു എന്നാണോ അവകാശപ്പെടുന്നത് ? സന്തോഷം .

      എന്നെയും ഈ സിനിമ ചിന്തിപ്പിച്ചു എന്നതാണ് സത്യം . പക്ഷെ അത് ഈ ദുരിതം എപ്പോൾ തീരും എന്ന ചിന്ത ആയിരുന്നു എന്ന് മാത്രം . അനിയനെ ചിന്തിപ്പിച്ചത് എന്തായിരിക്കും എന്നറിയാൻ താല്പര്യം ഉണ്ട് .
      പിന്നെ രസിപ്പിക്കുന്നത് ... വെറുതെ ദുൽക്കർ സൽമാൻ ഖാനെ വെറുതെ കണ്ടു കൊണ്ടിരുന്നാൽ രസിക്കുന്നവർക്ക് ഈ ചിത്രം ഒരു ഉത്സവം തന്നെ ആയിരിക്കും എന്നതിൽ രണ്ടു പക്ഷം ഇല്ല !!!

      Delete
  7. Thankalude Niroopanathil

    Ranjith Directe Cheytha Mikacha Sinimakal: Thirakadha, Indian Rupee
    M. Mohanante Mikacha Sinima - Manikyakallu
    Joshyude Mikacha Sinima - Robinhood
    Jeethu Josephinte Mikach Sinima - Memmories
    Director marellam Prithivirajine Vecheduthale Thankalk ath Mikacha Sinimayaku.
    ha Kastham Sahodra (Ghost Writer) ha Kastham

    ReplyDelete
    Replies
    1. തിരക്കഥ എനിക്കിഷ്ടപ്പെട്ട ഒരു സിനിമ അല്ല എന്ന് ആദ്യമേ പറഞ്ഞോട്ടെ.നരനു ശേഷം ജോഷി എടുത്ത അപൂർവം നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു റോബിൻ ഹൂഡ് എന്ന് വിശ്വസിക്കുന്നു .ആർ മോഹനൻ മാണിക്യക്കല്ലിൽ എത്തുമ്പോൾ കഴിഞ്ഞ സിനിമയെക്കാളും പിന്നിലേക്ക്‌ പോയി എന്ന് കരുതുന്നു (തിരക്കഥ രചന എന്ന അറിയാത്ത പണിക്കു പോയതിന്റെ കുറവുകളാണ് എനിക്ക് കാണാൻ കഴിഞ്ഞത്).ജിത്തു ജോസഫ്‌ എന്ന സംവിധായകന്റെ ഏറ്റവും നല്ല ചിത്രം മെമ്മറീസ് ആണ് എന്ന് തന്നെ കരുതുന്നു .(ഇന്നലെ കണ്ടതെ ഉള്ളു ).

      ഇനി ഒന്ന് കൂടി പറഞ്ഞോട്ടെ ദിലീപ് മുതൽ താഴോട്ടുള്ള ഇതൊരു നടനിലും ഒരു സിനിമ വിജയിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമം കാണാൻ കഴിയുമ്പോൾ അതിനു മുകളിൽ പ്രത്യേകിച്ചു ഏറ്റവും മുകളിൽ ഇമേജിന്റെ തടവറയിൽ കിടന്നുള്ള കെട്ടി കാഴ്ചകൾ ആണ് മിക്കപ്പോളും കാണാൻ കഴിയുന്നത്‌ കുറഞ്ഞ പക്ഷം എനിക്കെങ്കിലും

      Delete
    2. thankalk oru cinema ishtapedannemenkil athil prithvi raj act cheyyanam ennullathalle sathyam

      Delete
    3. ആരോപണം തെറ്റാണു ട്രാഫിക്‌. മേരിക്കുണ്ടൊരു കുഞ്ഞാട് , സഹസ്രം, ലെഫ്റ്റ് റൈറ്റ്,ജനപ്രിയൻ തുടങ്ങിയ പല സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടവ ആണ്.ഇതു ഇഷ്ടപ്പെട്ടു എന്ന് ട്രെന്റ് നോക്കാതെ ആദ്യ ദിവസങ്ങളിൽ തെന്നെ എഴുതിയ ചുരുക്കം ബ്ലോഗുകളിൽ ഒന്നാണ് ഇതു.താന്തോന്നി,ത്രില്ലർ,സിംഹാസനം തുടങ്ങിയ ചിത്രങ്ങളും ആദ്യ ദിവസം കാണുകയും നിലവാരം പുലർത്തുന്നില്ല എന്ന അഭിപ്രായം ആദ്യ ദിവസം തന്നെ ഈ ബ്ലോഗിൽ വന്നിട്ടുണ്ട്

      ത്രില്ലെർ,താന്തോന്നി തുടങ്ങിയ ചിത്രങ്ങൾ ഇറങ്ങിയ വർഷത്തെ വാർഷിക അവലോകനത്തിൽ മോഹൻലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ചു പണി വാങ്ങിയ നടൻ എന്നാണ് പ്രിത്വി രാജിനെ ഈ ബ്ലോഗ്ഗിൽ വിശേഷിപ്പിച്ചിട്ടുള്ളത്

      Delete
  8. Kahstaam..dont degrade such a unique movie..the film has incompleteness..but its a marvellous piece of work...ninte oke koppile oru nirupanam...chelakanda podraa...

    ReplyDelete
    Replies
    1. ഇവിടെ സംസാരിക്കുന്നതു ഈ സിനിമയെ പറ്റി അല്ലേ? അത് നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടു എങ്കിൽ എന്ത് കൊണ്ട് എന്നൊക്കെ അല്ലേ എവിടെ ചർച്ച ചെയ്യേണ്ടത്? അല്ലാതെ എന്റെ മനശാസ്ത്രം അപ്രഗ്രധിച്ചു മനശാസ്ത്രഞൻ കളിച്ചു സമയം പാഴാക്കാതിരിക്കുന്നതല്ലേ നല്ലത് . ഈ സിനിമ എനിക്ക് ഇഷ്ട്ടപ്പെടാതിരിക്കാനുള്ള കാരണങ്ങൾ ആണ് ഞാൻ പറഞ്ഞത് അല്ലാതെ ഇതു ഇഷ്ടപ്പെടുന്നവരുടെ മനശാസ്ത്ര അപഗ്രഥനം അല്ല.അത് പോലെ നിങ്ങള്ക്ക് എന്ത് കൊണ്ട് ഇഷ്ട്ടപ്പെട്ടു എന്ന് പറയുമ്പോൾ ഇവിടെ ഒരു നല്ല ചര്ച്ച നടക്കും .അത്ര തന്നെ

      As mentioned before the story i mentioned in the movie is not one bit exaggerated.If there is people who consider such work as great so be be it.I am not one of them .Thats all

      Delete
  9. AVANTE KOPPILE REVIEW....enna ni oke poyi undakada malayala cinema..itile oru shot ninak neravanam edukkan patto da camera thanna..kure ennam irangikolam..vimasrshikkan maatram...vere onum ariyilalo..
    Dairyam undel ith approve cheyth post idada..

    ReplyDelete
    Replies
    1. അത് കൊള്ളാം അനിയാ .. അപ്പോൾ ഈ ഉമ്മൻ ചാണ്ടി ഒരു മോശം മുഖ്യമന്ത്രി ആണെന്ന് പറയുന്നവർ ഒക്കെ ആദ്യം സ്വയം മുഖ്യമന്ത്രി ആയി ഭരിച്ചു കാണിക്കേണ്ടി വരുമല്ലോ അല്ലേ ?

      Delete
  10. Kamukiye kaanan povunatil oru drithiyum kaanikunilla...elavideyum keri irangi pokunnu ennoke paranjalo..ningal cinema neravanam kandilee???At first it was a journey to forget..."ellam upekshikkan thayarayittum assi enne vittu poyathilaanu sangadam" ennu parayunundu..athu kondaanu ishitayumayi close aaye..pinned angottanu assiye venam thonal undaye..

    ReplyDelete
    Replies
    1. "പിന്നെ , കാമുകിയെ കാണാൻ ഉള്ള യാത്രയാണെന്ന് സമ്മതിക്കാൻ ഭയങ്കര വിഷമം ഉള്ള നായകൻ പക്ഷെ നൂല് പിടിച്ച പോലെ ആ വഴിക്ക് ആണ് പോകുന്നേ "

      ഈ പറഞ്ഞതാണ്‌ താങ്കളുടെ ചോദ്യത്തിന് എനിക്കുള്ള ഉത്തരം . ഒരാളെ മറക്കാൻ ആഗ്രഹിച്ചു തുടങ്ങുന്ന യാത്ര നൂല് പിടിച്ച പോലെ അയാളുടെ നാട്ടിനു നേരെ ആകുന്നതു എനിക്ക് ദഹിച്ചില്ല .അത് തികച്ചും സ്വാഭാവികം ആണെന്ന് കരുതുന്നവർ ഉണ്ടാകും ഞാൻ അതിൽ പെടില്ല
      അങ്ങനെ കരുതുന്നവരോട് എനിക്കൊരു ദേഷ്യവും ഇല്ല എന്ന് കൂടി പറഞ്ഞോട്ടെ !

      ഇനി അങ്ങനെ ആണെങ്കിൽ ആ യാത്രയുടെ എതു ഭാഗത്താണ് കാമുകിയെ കാണാനുള്ള ആഗ്രഹം അയാളിൽ ഉണ്ടാക്കുന്ന സംഭവം?

      Delete
    2. ellavarum ayalku undakunnathu nashtapettu poyavante vedhana mathramanu.....dhrithiman chatterjiyude character paryunnundu ayalude bharya nashtapettu poyathinte vedhana...thande nadu nashtapetta malayalyude vedhana,,,ithokkeyanu ayalil nashtapedaruthu enna vikaram undaikkiyathu...classic onnum allelum mikacha oru cinema thanne...sameer thahir craft ulla alanu......pinne kurache ullu enkilum dhrithiman chatterji kalakki......chila balsiha rangangal prethyekichum aripodikunna machine okke ozhuvakkamayirinnu.....pinne ayalkundakunna oru mattam njan parayam
      "" ayal vicharikunnathu ayal undayathu kondanau mattullvar jeevichu pokunnathu ennanu pakshe ayalku vendiyanu mattullavar palathum cheyyunnathu ennulla bodham"""""i think athu padIKENDA ORU PADAM THANNE YANU"""""""""""HARI

      Delete
    3. അയാൾ കാമുകിയെ കാണാൻ പോകുന്നു.വഴിയിൽ കാണുന്ന പലർക്കും പലതും നഷ്ട്ടപ്പെട്ടു എന്ന് മനസിലാകുന്നു.ഈ കാണുന്നത് കൊണ്ടൊന്നും യാത്രക്കോ ലക്ഷ്യത്തിനൊ ഒരു മാറ്റവും വരുന്നില്ല .(ഇടയ്ക്ക് ഏതാണ്ട് നല്ലൊരു ഹർത്താൽ നടക്കുന്ന സമയത്ത് കാണുന്ന പോലുള്ള രംഗങ്ങൾ കണ്ടു എനിക്ക് അമ്മയെ കാണണെ മറ്റവളോട് പോകാൻ പറ നഷ്ട്ടപെടുന്നവന്റെ വേദന ഞാൻ അങ്ങ് സഹിച്ചു എന്ന് പറയുന്നതല്ലാതെ ).

      "" ayal vicharikunnathu ayal undayathu kondanau mattullvar jeevichu pokunnathu ennanu.

      ഇതു താങ്കള്ക്ക് ആ സിനിമയിലെ എതു രംഗം കണ്ടപ്പോൾ ആണ് മനസിലായത് എന്ന് പറഞ്ഞാൽ ഉപകാരം

      Plz use trasilator.its difficult to read manglish and understand

      Delete
  11. .എന്തിനാണ് ബൈക്കിൽ പോകുന്നത് വല്ല ട്രെയിനിൽ പോയി കൂടെ എന്ന ചോദ്യം ആരും ചോദിക്കാതിരിക്കാൻ ആകണം ആദ്യം തന്നെ ചോദിക്കുന്നുണ്ട് .അതിനു ഉത്തരം ഇല്ല താനും !!
    ^^
    ENTHAANu suhruthe..ithoru road movie alle..ithilum dhooram bike il sancharichavar und..form trivandrum to kashmir vare...its a passion...

    ReplyDelete
    Replies
    1. ഇവിടെ രണ്ടു കാര്യങ്ങൾ അതിനു മുൻപ് ഒരിടത്തും നായകന് മേൽ പ്പറഞ്ഞ പാഷൻ ഉണ്ടെന്നുള്ള ഒരു സൂചനയും ഇല്ല . ശരി വേണ്ട ... ജീവന് പോലും ഭീഷണിയുള്ള കാമുകിയെ കാണാൻ പോകുന്നത് എത്രയും പെട്ടന്ന് എത്താവുന്ന മാർഗം ഉപയോഗിച്ചു ആകണ്ടേ എന്ന ന്യായമായ ചോദ്യം ഒഴിവാക്കാൻ വേണ്ടിയാണ് തുടക്കത്തിലേ ആ ചോദ്യവും അതിനുള്ള അഴ കൊഴമ്പൻ മറുപടിയും എന്നാണ് എനിക്ക് തോന്നിയത് .

      അത്രയധികം സ്നേഹിക്കുന്നു എന്നൊക്കെ പറയുന്നത് കൊണ്ട് ചോദിച്ചു പോവുകയാണ് .ഇദ്ദേഹത്തിന്റെ അച്ഛൻ കാശ്മീരിൽ അത്യാസന്ന നിലയിൽ കിടക്കുകയാണെങ്കിലും ഇങ്ങേർ എങ്ങനെ പാഷൻ കളിക്കുമോ അതോ വണ്ടി പിടിച്ചു പോകുമോ ആവോ ?

      Delete
    2. Entina Mr. Inganeyokke Oru malayalm Cinemayelle Vittekku. Malayalam cinimayal mattangal undakumbol kochu kochy thettukal poruthu avare prolsahippiku. ithorumathiri pillerepole. kastham

      E parayunna keerimurichulla postmortamonnum prithviraj cinimakalil kanikkath enth? Mumbail Police Enna Average Cinemayil Governor pankedukkunna Stalath ottaykku poyi Kollanulla Asoothrangal nadathunnathum okke nadakkunna karyamanelle. Governor pakedukkunna stalath security onnum kannillayirikkum. Inin Asoothrakan prithiviraj ayathu kondano? Thankaludeth review all orutharam avahelanam anu.thankal enthy nyangal nirathiyalum thankal ippol vimarshikkunna (avahelikkunna) E cinemayil Prithiviraj Ayirinnekil Ithonnum Kannilla. 100% urappu

      Delete
    3. അനിയാ ചെപ്പേ കൊച്ചു കൊച്ചു തെറ്റുകൾ എന്നത് കഥ ഇല്ലായിമ്മ വരെ ആകുന്നിടതാണ് പ്രശ്നം (കുറഞ്ഞ പക്ഷം എനിക്ക് ). അനിയനത് പ്രശ്നം ഇല്ല എങ്കിൽ എനിക്കൊരു വിഷമവും ഇല്ല .

      മുംബൈ പോലീസ് എന്ന താങ്കളുടെ അഭിപ്രായത്തിലെ ശരാശരി സിനിമയിലെ ഒരു രംഗത്തെ ചൊല്ലി എത്രയും വേവലാതി പ്പെടുന്ന താങ്കൾക്ക് ഈ ചിത്രത്തിലെ വാഴനാര് പോലെയുള്ള കഥ മഹത്തരം ആകുന്നതിനു പിന്നിലെ മനശാസ്ത്രം അപഗ്രഥിക്കാൻ ഞാൻ ആളല്ല .കാരണം അത് താങ്കളുടെ അഭിപ്രായമാണ്.ഒരാളുടെ അഭിപ്രായം രൂപ്പപ്പെടുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളും കണ്ടു വളർ അന്തരീക്ഷവും എടാ പഴകുന്ന ആള്ക്കാരും ഒക്കെ ചേർന്ന് ആണ് എന്ന് എവിടെയോ വായിച്ചതു ഓർക്കുന്നു .ആസ്വാദന നിലവാരത്തിനും ഒരു പക്ഷെ ഇതൊക്കെ ബാധകം ആയേക്കാം .

      എന്നെ ബ്രാൻഡ്‌ ചെയ്യാൻ ഈ പെടാപ്പാട് പെടുന്ന സമയത്ത് ഈ സിനിമ താങ്കള്ക്ക് ഇഷ്ടമായത് എന്ത് കൊണ്ട് എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങള ഒരു പക്ഷെ ഒരു നല്ല ചർച്ചക്കു വഴി തെളിച്ചേനെ ..

      പ്രിത്വിരാജ് എന്ന നടനെ കുറിച്ച് ഞാൻ നേരത്തെ മറുപടിയിൽ പറഞ്ഞ കാര്യങ്ങൾ അവഗണിച്ചു കൊണ്ട് അഥവാ കണ്ടില്ല എന്ന് നടിച്ചു കൊണ്ട് നേരത്തെ പറയുന്നത് തന്നെ ആവർത്തിക്കുന്നതിൽ ഖേദമുണ്ട്

      Delete
    4. Thank god guys. The heroine is so lucky that his Passion was not Bicycle

      Delete
  12. ഒരു കാര്യത്തിലോഴിച്ചു മറ്റെല്ലാ കാര്യങ്ങളിലും വിയോജിക്കുന്നു. ദുല്ഖർ സല്മാന്റെ ജീവിത പഠനം ഇത് മൂന്നാം തവണയാണ് (ഇത്തവണ അത് വളരെ മൈൽഡ് ആയാണ് കാണിക്കുന്നതെങ്കിലും). ആ ഒരു വിഷയം മാറ്റി നിർത്തിയാൽ എനിക്ക് ഈ അടുത്ത കാലത്ത് കണ്ട നല്ല സിനിമകളിൽ ഒന്നായിട്ടാണ് തോന്നിയത്.

    ഈ പെരുന്നാളിന് ഞാൻ കണ്ട നല്ല രണ്ട് സിനിമകളാണ് മെമ്മറീസും, നീലാകാശവും.

    ReplyDelete
    Replies
    1. അനിയനു സിനിമ ഇഷ്ടപ്പെട്ടത്തിൽ സന്തോഷം . എന്തൊക്കെ ഇഷ്ടപ്പെട്ടു ഏന്നു കൂടി പറയുന്നത് സന്തോഷം . എനിക്ക് ഭയങ്കരമായി ബോർ അടിച്ചു അതിനുള്ള കാരണങ്ങൾ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്

      Delete
  13. ദുബായിൽ ജനിച്ചു പ്ലസ്‌ ടു വരെ അവിടെ പഠിച്ച , ഇപ്പോൾ നാട്ടിലെ ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന , വിപ്ലവ പാർട്ടിയുടെ (SFI) മുന്നണി പോരാളിയും , തന്റെടിയും , സകല സമരത്തിനും മുൻ നിരയിൽ നില്ക്കുക>>>>സിനിമ കണ്ടിട്ടില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ? തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് എപ്പോഴാണ് സാശ്രയ കോളേജ് ആയത്..

    ReplyDelete
    Replies
    1. ആ കോളേജ് സ്വാശ്രയം അല്ലാതാകും എങ്കിൽ പ്രശ്നം തീരും എങ്കിൽ മാറ്റി . ഇതു കോളേജ് എന്ന് പറയുന്നില്ല എന്നാണ് ഓർമ്മ .(കാണിക്കുന്നത് ത്രിശൂർ കോളേജ് ആകാം).എതു കോളേജ് ആയാലും കഥയിൽ അത് പ്രസക്തം ആണോ ?

      Delete
    2. തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് എന്ന് പറയുന്നുണ്ട് ..പ്രസക്തം ആണ്..,നാഗാലാന്‍ഡ്‌,മണിപ്പൂര്‍,അടക്കമുള്ള വടക്ക് കിഴക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ക്വാട്ട ഉള്ള കോളേജുകള്‍ തൃശ്ശൂര്‍,തിരുവനതപുരം,കോട്ടയം ആര്‍.ഐ.ടി ,കൊല്ലം ടി കെ എം എന്നീ എഞ്ചിനീയറിംഗ് കോളേജുകളില്‍ മാത്രം ആണ് ..

      Delete
    3. അയ്യോ അത് തിരുത്തിയേ .. ക്ഷമിച്ചു കള അനിയാ .തികച്ചും മർമ്മ പ്രധാനമായ ആ വിവരം തെറ്റായി എഴുതിയതിനു മാപ്പ് പോരെ ? !!!

      Delete
  14. പ്രണയത്തിന്റെയും ജീവിത പാഠ ങ്ങളുടെയും ബൈക്കിന്റെയും നീലാകാശം പച്ചക്കടൽ ചുവന്ന ആകാശം വട്ടായ കാണികൾ എന്ന ഈ ചിത്രം അവസാനിക്കുന്നു..എന്തിനാണ് സ്വന്തം അഭിപ്രായം മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്>?ഈ സിനിമ കണ്ടു മോശം റിവ്യൂ എഴുതിയ അപൂര്‍വ്വം പേരില്‍ ഒരാളാണ് താങ്കള്‍! ..സിനിമ =ENTERTAINMENT എന്ന ഒറ്റക്കണ്ണില്‍ നോക്കുമ്പോള്‍ ഇങ്ങനെ പലതും തോന്നും.,.സിനിമ എന്ന കാഴ്ചയ്ക്ക് വേറെയും കുറെ അര്‍ഥങ്ങള്‍ ഉണ്ട് സുഹൃത്തേ! വടക്ക് കിഴക്കിന്റെ കലാപങ്ങളും പ്രശ്നങ്ങളും പറയാന്‍ ഒരു മലയാള സിനിമ ധൈര്യം കാണിച്ചെങ്കില്‍ അത് അംഗീകരിക്കപെടണ്ടത് തന്നെയാണ്.പുറചായങ്ങളില്‍ മാത്രം ഒതുങ്ങാതെ അക സൌന്ദര്യം ,.കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്രയും മികവു പുലര്‍ത്തിയ മറ്റൊരു സിനിമ അടുത്ത് ഉണ്ടായിട്ടില്ല..ബംഗാളി സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ ധൃതിമാന്‍ ചാറ്റര്‍ജിയുടെ ബിമല്‍ ധാ എന്ന കഥാപാത്രം അനശ്വരം ആണ്.,.

    ReplyDelete
    Replies
    1. ഒരു വഴിക്ക് പോകുമ്പോൾ റോഡിൽ കുറച്ചു വീപ്പ കൂട്ടിയിട്ടു കത്തിക്കുന്നു , ദൂരെ ഒരുത്തനെ കുറേപേർ കൂടിയിരുന്നു കൊല്ലുന്നതിന്റെ ഒരു സെക്കണ്ട് ദൃശ്യം (ഒറ്റ നോട്ടത്തിൽ കണ്ടാല മുഖത്ത് ചുട്ടി കുത്താൻ ഇരിക്കുന്ന പോലെയാണ് തോന്നുക ). ഇതു തന്നല്ലോ വടക്ക് കിഴക്കിന്റെ കലാപങ്ങളും പ്രശ്നങ്ങളും !!!

      ഹേ റാം പോലുള്ള സിനിമകളിൽ കാണിക്കുന്ന കലാപ ഭീകരത കണ്ടിട്ടുല്ലവര്ക്ക് ഇത്തരം ബാലിശ രംഗങ്ങൾ കണ്ടാൽ ചിരി വന്നേക്കാം എന്ന് മാത്രം

      അപ്പോൾ ധൃതിമാന്‍ ചാറ്റര്‍ജിയെ ആണോ ഈ സിനിമയിൽ കലക്കാൻ നിർത്തിയിരിക്കുന്നത് ???? കലക്കി !!!

      "സിനിമ എന്ന കാഴ്ചയ്ക്ക് വേറെയും കുറെ അര്‍ഥങ്ങള്‍ ഉണ്ട്"

      ശരി ഈ സിനിമയിൽ അത് എന്തൊക്കെയാണ് (രണ്ടര മണികൂര് മനുഷ്യനെ ബോർ അടിപ്പിക്കുക എന്നതല്ലാതെ )?

      Delete
    2. സിനിമയിൽ അത് എന്തൊക്കെയാണ് (രണ്ടര മണികൂര് മനുഷ്യനെ ബോർ അടിപ്പിക്കുക എന്നതല്ലാതെ )?>>നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു..എന്നാല്‍ എല്ലാ പ്രേഷകര്‍ക്കും ഇതേ അഭിപ്രായം അടിചെല്‍പ്പിക്കരുത്/...കൂടുതല്‍ പേരും സിനിമ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയാണ് റംസാന്‍ ചിത്രങ്ങളില്‍ ഏറ്റവും rating ഓടെ നീലാകാശം പ്രദര്‍ശനം തുടരുന്നത്...ലോകത്ത് ഒരിടത്തും സാധ്യമാകാത്ത ടെക്നോളജിയില്‍ എ.ടി.എം മോഷ്ടിക്കുന്ന റോബിന്‍ഹൂഡ് ഇഷ്ടപ്പെട്ടു എന്ന് പറയുന്ന താങ്കള്‍ക്കു, എങ്ങനെ ട്രെയിനില്‍ കേറി പോയിക്കൂടെ എന്നോകെ ചോദിയ്ക്കാന്‍ കഴിയുന്നു..ട്രെയിനില്‍ കേറി പോവാനനകില്‍ പിന്നെ എന്തിനു റോഡ്‌ മൂവി..?

      Delete
    3. ഞാൻ എന്റെ അഭിപ്രായം പറയുന്നു ഒപ്പം അതിനുള്ള കാരണങ്ങളും അത്ര മാത്രം.അല്ലാതെ ആരുടെ മേലാണ് അടിച്ചേൽപ്പിക്കുന്നത് ? ഇവിടെ ഇഷ്ടപ്പെടാൻ വ്യക്തമായ ഒരു കാരണം പറയാതെ,ഏറ്റവും അഭിപ്രായം ഉള്ള ചിത്രം,എല്ലാര്ക്കും ഇഷ്ട്ടപ്പെട്ടു തുടങ്ങിയ ഉപരിപ്ലവമായ കാരണങ്ങൾ പറഞ്ഞു ഈ ചിത്രത്തെ പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്നവരല്ലേ ശരിക്കും അഭിപ്രായം അടിച്ചേൽപ്പിക്കുന്നത് ?

      Delete
  15. റിവ്യൂ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി സുഹൃത്തേ. ബാക്കിയുള്ള റിവ്യൂകൾ കണ്ടപ്പോൾ എനിക്കാണോ ഭ്രാന്ത് അതോ നാട്ടാർക്ക് മുഴുവനാണോ എന്ന് സംശയം തോന്നിയിരുന്നു. തട്ടത്തിൻ മറയതിന്റെ റിവ്യൂവിൽ ഞാൻ പറഞ്ഞില്ലേ "മനസ്സില് പ്രണയമുള്ളവർക്ക് ഇഷ്ടപ്പെടും" എന്നാണു എല്ലാ *** റിവ്യൂക്കാരും പറഞ്ഞിരുന്നത്. ഇതും അതുപോലെ തന്നെ "ജീവിതത്തിന്റെ യഥാര്ത പ്രതിബിംബം ആണത്രേ അത് മനസ്സിലാക്കാനുള്ള വകതിരിവുള്ളവർക്കെ ഇഷ്ടപ്പെടുള്ളത്രേ". കോപ്പാണ്....

    ReplyDelete
  16. Road movie aavumbol yathra kond jeevithathil mattam varuthanam ennokke general aayi parayunnathinod viyojipund.
    Aa yathraye patti vivarikkukayo,kanda kazhchakal prekshakaril ethikukkayo cheyyunnathum oru mosham kaaryamalla..pinne prathyekichum pala ghattangalilum avark undayirunna kazhchappad maarunnathaayum,adutha lekshyam enthaayirikkanam ennulla hints kittukayum,pala ghattangalilum confused aakukayum okke cheyyunnund.ath kond yathra avaril svaadheenam cheluthi ennu venam karuthan..ath kond avarude jeevitha veekshanamo atho kaazhchappadukalo maaranam ennu vaashi pidikkunnathil vallya arthamilla..

    oru cinema enna nilayil pala poraymakalum ee cinemakk undennulla vasthutha angeekarikkukayum cheyyunnu..

    ReplyDelete
    Replies
    1. Aa yathraye patti vivarikkukayo,kanda kazhchakal prekshakaril ethikukkayo cheyyunnathum oru mosham kaaryamalla.

      അല്ല . പക്ഷെ അതിനു സിനിമയുടെ (പറയാൻ ഉദ്ദേശിക്കുന്ന ) കഥയുമായി എന്തേലും ഒരു ബന്ധം വേണം എന്നൊരു എളിയ അപേക്ഷയെ എനിക്കുള്ളൂ !!! ഇതിൽ എനിക്കത് കാണാൻ കഴിയുന്നില്ല

      pinne prathyekichum pala ghattangalilum avark undayirunna kazhchappad maarunnathaayum,adutha lekshyam enthaayirikkanam ennulla hints kittukayum,pala ghattangalilum confused aakukayum okke cheyyunnund.ath kond yathra avaril svaadheenam cheluthi ennu venam karuthan

      ഇവരുടെ യാത്ര ഇങ്ങനെ

      1) ആദ്യം പുരിയിൽ എത്തി റിസോർട്ട് പോലുള്ള സ്ഥലത്ത് അറമാദിച്ചു കഴിയുന്നു

      2) ബോർ അടിക്കുമ്പോൾ അവിടന്ന് ഇറങ്ങി ഖനി മാഫിയ വേട്ടയാടിയിരുന്ന ഒരു കൽക്കട്ടക്കടുത്തുള്ള ഒരു ഗ്രാമത്തിൽ എത്തുന്നു അവിടെയും ഉണ്ടുറങ്ങി കഴിയുന്നു

      3) വഴിയിൽ ആണി വിതറി ടയർ പഞ്ചർ ഒട്ടിക്കുന്ന മലയാളിയെ കാണുന്നു

      4) എന്തോ കലാപം നടക്കുന്ന സ്ഥലത്ത് എത്തുമ്പോൾ (കേരളത്തില നല്ലൊരു ബന്ദു നടന്നാൽ ഏതൊക്കെ തന്നെ കാണാം ) എനിക്ക് അമ്മയെ കാണണം എന്ന് നിലവിളിക്കുന്ന കസ്സി

      5) അസിയെ കാണുകയും പ്രമുഖന്റെ ഗുണ്ടകളെ കാണുമ്പോൾ അസ്സിയെയും കൊണ്ട് ബൈക്കിൽ ഓടി തള്ളുന്ന കസ്സി

      തുടക്കം മുതലേ ഇവരുടെ യാത്രാ വഴി നാഗാലാ‌‍ൻഡ് ലക്ഷ്യമാക്കിയാണ് എന്നിരിക്കെ ഇതിൽ എവിടെയാണ് കണ്‍ഫ്യൂഷൻ ?

      Delete
  17. Mr. Thankalude Abiprayathile Malayalathile Classic Cinemyanu Mumbail Police Annarinjathil Enikku yathoru vishamavum illa.
    ഒരാളുടെ അഭിപ്രായം രൂപ്പപ്പെടുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളും കണ്ടു വളർ അന്തരീക്ഷവും എടാ പഴകുന്ന ആള്ക്കാരും ഒക്കെ ചേർന്ന് ആണ് എന്ന് എവിടെയോ വായിച്ചതു ഓർക്കുന്നു .ആസ്വാദന നിലവാരത്തിനും ഒരു പക്ഷെ ഇതൊക്കെ ബാധകം ആയേക്കാം .
    Pinne E Cinema Enikku Ishtamakan Karanam njan kandumadutha kazchayil ninnu oru mochanam njan kandu. Drushyaparamayum, Technica paramayum. E Cinema Mikachu Nilakkunna. Thankalude Cinema Concept Ayirikkilaa Enteth. Ellavarum Angineyavanamennumill. kathayillayma Cinemaykku oru valiya prshanamennu karuthunna thakale pollullavarodu Sahathapamundu. Thankalude Ishtascinemayaya Mumbail Police polulla Mahatharamaya Kathakalil thankal abiramichollu. Salam Alaikum.

    ReplyDelete
    Replies
    1. Mr. Thankalude Abiprayathile Malayalathile Classic Cinemyanu Mumbail Police Annarinjathil Enikku yathoru vishamavum illa.

      ഒരു തിരുത്ത്‌ : മുംബൈ പോലീസ് മലയാളത്തിലെ ക്ലാസ്സിക്‌ സിനിമ ആണെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല . അതിലും കൂടുതൽ എനിക്ക് ഇഷ്ടമായ വേറെ സിനിമകൾ ഈ വര്ഷം ഇറങ്ങി എന്നും കൂടി പറഞ്ഞോട്ടെ . പിന്നെ ഇതിൽ ഒന്നും താങ്കൾ വിഷമിച്ചു കൊള്ളണം എന്നും ഞാൻ പറഞ്ഞിട്ടില്ല

      Pinne E Cinema Enikku Ishtamakan Karanam njan kandumadutha kazchayil ninnu oru mochanam njan kandu. Drushyaparamayum, Technica paramayum. E Cinema Mikachu Nilakkunna. Thankalude Cinema Concept Ayirikkilaa Enteth. Ellavarum Angineyavanamennumill

      ദേ വീണ്ടും ....... ഈ സിനിമ താങ്കള്ക്ക് ഇഷ്ടപ്പെട്ടു എങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു .താങ്കളുടെ പൈസ നഷ്ടമായില്ലല്ലോ . പക്ഷെ അത് കൊണ്ട് മാത്രം ഞാൻ എന്റെ കാശു കൂടി നഷ്ടം ആയില്ല എന്ന് കരുതാൻ ബുദ്ധിമുട്ടാണ് എന്ന് മാത്രം

      kathayillayma Cinemaykku oru valiya prshanamennu karuthunna thakale pollullavarodu Sahathapamundu

      കഥയില്ലായിമ്മ എനിക്കൊരു വലിയ പ്രശ്നം ആണ് . എന്ന് കരുതി കഥയില്ലാത്ത സിനിമകൾ (എന്റെ നാട്ടിൽ അത്തരം സിനിമകളെ ഡോക്യു മെൻറ്ററി എന്നാണ് പറയാറുള്ളത് ) ഇഷ്ട്ടപ്പെടുന്ന ആരോടും എനിക്ക് യാതൊരു സഹതാപവും ഇല്ല .ഓരോരുത്തർക്ക് സന്തോഷം തരുന്ന കലാരൂപങ്ങൾ അവനവൻ ആസ്വദിക്കുന്നു അതിനെന്താ ?

      Thankalude Ishtascinemayaya Mumbail Police polulla Mahatharamaya Kathakalil thankal abiramichollu.

      അനുവാദം കിട്ടിയതിൽ സന്തോഷം നാളെ മുതൽ കേറി അഭിരമിച്ചു കളയാം :)

      (നീ എന്താണോ അതാണ് നീ മറ്റുള്ളവരിൽ കാണുക എന്ന് ഏതോ വിശുദ്ധ ഗ്രന്ഥത്തിൽ വായിച്ചതു ഓർമ്മ വരുന്നു)

      Delete
  18. pullipuli, memories, talaiva, chennai express okke review ennu release aakum??

    ReplyDelete
  19. (നീ എന്താണോ അതാണ് നീ മറ്റുള്ളവരിൽ കാണുക എന്ന് ഏതോ വിശുദ്ധ ഗ്രന്ഥത്തിൽ വായിച്ചതു ഓർമ്മ വരുന്നു)

    Athu thanne Thrichum parayunnu. Kadam eduthathil kashamikkuka.

    Trafficilum, Sahsrathilum, memmoriesilum, Mumbai policilume Sakthamaya Kadha kadenthaiya thankalk namovakom, kadhiyillatha cinemakale Documentry ayi kannunna thankale pollullavare..............karymilla.

    ReplyDelete
    Replies
    1. ഞാൻ താങ്കളെ എന്നിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സിനിമ ആസ്വദിക്കുന്ന ഒരാളായി കാണുബോൾ . താങ്കൾ എന്നെ മറ്റൊരു അഭിനേതാവിന്റെ ആരാധകനായി മുദ്രയടിക്കാൻ കഷ്ട്ടപ്പെടുന്നു .മേൽപ്പറഞ്ഞ അഭിനേതാവ് ഈ ചിത്രത്തിന്റെ പരിസരത്ത് പോലും ഇല്ല എന്നതും ഓർക്കണം .

      കാര്യങ്ങൾ ഇങ്ങനെ ആയിരിക്കേ ഞാൻ പറഞ്ഞത് തന്നെ (നീ എന്താണോ അതാണ് നീ മറ്റുള്ളവരിൽ കാണുക എന്ന് ഏതോ വിശുദ്ധ ഗ്രന്ഥത്തിൽ വായിച്ചതു ഓർമ്മ വരുന്നു) എന്നോട് തിരിച്ചു പറയുന്നതിന്റെ പ്രസക്തി മനസിലായില്ല

      കാര്യമില്ല എന്നതിനോട് എനിക്കും യോജിപ്പാണ്

      Delete
  20. ഉസ്താദ്‌ ഹോട്ടൽ മോശം ആണെന്ന് പറഞ്ഞ ഏക ഒരാൾ താങ്കൾ ആണ്......പ്രത്യേകം അഭിനന്ദനങൾ ......വംശനാശം വന്നു കൊണ്ടിരിക്കുന്ന ഒരു ജീവി വര്ഗം ആണ് താങ്കൾ...അന്ധമായ താരഭ്രാന്ത്

    ReplyDelete