Monday, February 1, 2010

ദ്രോണ 2010 - പക വീട്ടി

ഷാജി കൈലാസ് എന്ന സംവിധായകന്‍ എന്നെ നിരന്തരമായി വിസ്മയിപ്പിക്കുന്ന ഒരാളാണ് . .....

എന്താടെ പതിവില്ലാതെ ഒരു ബുദ്ധി ജീവി ലൈന്‍ ?

ഛീ... തുലച്ചു. നിങ്ങളെ ഇപ്പോള്‍ ആരാ ഇങ്ങോട്ട് വിളിച്ചത് ? എന്നെ ഒന്ന് കര കേറാന്‍ സമ്മതിക്കില്ലേ?

അതിനു ഞാന്‍ എന്ത് ചെയ്തെന്നാ ?

അണ്ണാ, നിരുപക സംഘടനയുടെ തീരുമാനം സൂപ്പര്‍ താര ചിത്രങ്ങളെ ഒരു കാരണവശാലും തെറി പറയരുത് എന്നതാണ് .തീരെ സഹിക്കാന്‍ ഒക്കാത്ത പടമാണേല്‍ പടം കാണാന്‍ പറ്റിയില്ല , ആദ്യ ദിവസം കണ്ടില്ലേല്‍ റിവ്യൂ എഴുതില്ല , എല്ലാരും ആ പടത്തെ പറ്റി തെറി പറഞ്ഞത് കൊണ്ട് ഇനി ഒന്നും പറയുന്നില്ല തുടങ്ങിയ മുട്ട് ന്യായങ്ങള്‍ പറഞ്ഞു മിണ്ടാതിരിക്കുക എന്നതാണ്. ഞാന്‍ പിന്നെ നിരുപകനല്ല പ്രേക്ഷകനാണ് എന്നൊക്കെ പറഞ്ഞു തല്‍കാലം തടി തപ്പി. എന്നാലും എനിക്കും ഒന്ന് രക്ഷപെടെണ്ടേ അണ്ണാ?

അപ്പോള്‍ നീ അതും ചെയ്തു അല്ലെ ?

എന്ത് ?

ദ്രോണ 2010...?

അണ്ണാ, ഒരു ബുജി ലൈന്‍ല്‍ പറഞ്ഞു തുടങ്ങി എങ്കിലും സംഗതി സത്യമാണ് . ഈ ഷാജി സാറിന്റെ അടുത്തിട വന്ന ഓരോ പടം കാണുമ്പോളും വിചാരിക്കും ഇതിലും മോശമായി പടം എടുക്കാനേ പറ്റില്ലെന്ന്. ആ തോന്നല്‍ വെറും തോന്നല്‍ മാത്രം ആണെന്ന് അദേഹം അടുത്ത പടത്തില്‍ കുടി തെളിയിക്കും .എങ്ങനെ അണ്ണാ ഇതൊക്കെ സാധിക്കുന്നെ ?

എടെ, നിനക്ക് കുറ്റമേ പറയാന്‍ ഉള്ളോ ?

പിന്നെ എന്തോന്ന് പറയണമെന്നാ. ഈ പടത്തിന്റെ കാര്യം എടുത്താല്‍ നിര്‍മാതാവ്,സംവിധായകന്‍,നായകന്‍ ഇവരെല്ലാം തന്നെ ഏറ്റവും കുറഞ്ഞത്‌ 15 കൊല്ലം എങ്കിലും എക്സ്പീരിയന്‍സ് ഉള്ളവരാണ്.എന്നിട്ട് എടുത്തു വെച്ചിരിക്കുന്നതോ ലോകോത്തര സൃഷ്ടി.

അത്രക്ക് മോശമോടെ ?

മണിയന്‍കോട്,നെല്ലൂര്‍ എന്നീ മനകള്‍ തമ്മിലുള്ള പക.കഥ തുടങ്ങുമ്പോള്‍ മണിയന്‍കോട്കാര്‍ പരമ ശക്തരും ദുഷ്ടരും ( അത് അങ്ങനെ തന്നെ ആകണമല്ലോ) നെല്ലൂര്‍ മന ഏതാണ്ട് നശിച്ച നിലയിലും ആണ്.ഇതില്‍ രണ്ടിലും പെടാത്ത പട്ടാഴി എന്ന ഇല്ലം. അവിടെ ചേട്ടന്‍ മാധവന്‍ സംസ്കൃത കോളേജ് അധ്യാപകനും ഏതോ അമ്പലത്തില്‍ പൂജാരിയും. അനിയന്‍ കുഞ്ഞുണ്ണി റിയല്‍ എസ്റ്റേറ്റ്‌ കച്ചവടവും.ഇടവേള വരെ ചെറുപ്പകാരനായ (?) കുഞ്ഞുണ്ണിയുടെ വീര പരാക്രമങ്ങള്‍. കാര്യസ്ഥന്റെ മകള്‍ കനിഹയും ആയുള്ള അര പ്രണയ രംഗങ്ങള്‍.( ഇവിടെയും ദ്വയാര്‍ത്ഥം ഉപേക്ഷിക്കാന്‍ സംവിധായകന് മടിയാണ് . മദ്യകുപ്പി മുറിയിലേക്ക് കൊണ്ടുവരാന്‍ മമ്മൂട്ടി കനിഹയോട് പറയുന്നത് കേട്ടാല്‍ ഒരു മാതിരി സംബന്ധത്തിനു വിളിക്കും പോലെയാണ് തോന്നുന്നത്/തോന്നിപ്പിക്കുന്നത്.) കൂടാതെ കനിഹയുടെ ഭാവാഭിനയം കണ്ടാല്‍ ചാടി ചവിട്ടാന്‍ തോന്നിപ്പോകും.

പണ്ട് കനിഹ കോളേജില്‍ പഠിക്കുമ്പോള്‍ പുള്ളിക്കാരിയെ കയറിപ്പിടിക്കാന്‍ പോയതുമായി ബന്ധപെട്ട് ഉണ്ടായ കശപിശയുടെ പേരില്‍ കഞ്ഞുണ്ണി (ചെറുപ്പക്കാരന്‍ മമ്മൂട്ടി) കൂളിംഗ്‌ ഗ്ലാസ്സും വെച്ചു തല്ലു കൂടി മനിയങ്കോട്ടെ ഒരു ചെക്കന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ പോകുന്നു, ശിഷ്ട കാലം ശരീരം തളര്‍ന്നുകിടക്കുന്നു. പകരം വീട്ടാന്‍ കഞ്ഞുണ്ണിയുമായി ഒന്ന് രണ്ടു റൌണ്ട് ഗുസ്തിയില്‍ പരാജയപെട്ട മണിയന്‍കോട്ടുകാര്‍ നെല്ലൂര്‍ മന വില്‍ക്കാന്‍ ആണെന്ന് പറഞ്ഞു അനിയന്‍ മമ്മൂട്ടിയെ കൊണ്ട് വരുന്നു ( ഇവിടെ മനോജ്‌ കെ ജയന്റെ തകര്‍പ്പന്‍ മിമിക്രി നമുക്ക് കാണാം) .ഇതൊന്നും പോരെങ്കില്‍ പഴയ ഒരു പ്രേത കഥ ഈ രണ്ടു മനകളെയും ചുറ്റി പറ്റി നില്‍പ്പുണ്ട് . പ്രേതം മണിയന്‍കോട്ട്കാരി ആണെങ്കിലും വാസം നെല്ലൂര്‍ മനയിലാണ്.ഏതായാലും മന നോക്കാന്‍ വന്ന അനിയന്‍ മമ്മൂട്ടി യക്ഷിയുടെ പിടിയില്‍ പെട്ട് കുളത്തില്‍ വീണു മരിക്കുന്നു . ഒന്ന് സമാധാനിക്കാന്‍ കഴിയുന്നതിനു മുന്‍പ് (പ്രേക്ഷകര്‍ക്ക്‌ ) ദാ വരുന്നു ചേട്ടന്‍ മമ്മൂട്ടി . ടി ദേഹത്തെ കുറിച്ച് ആദ്യം പറയുന്നത് അങ്ങേരു അസാമാന്യനനും ഭയങ്കരനും (ഇതൊന്നും അല്ലാത്ത ഷാജി കൈലാസ് നായകന്‍ നായകനല്ലല്ലോ ) ശിഷ്യന്മാര്‍ എന്ന പേരില്‍ കൊട്ടേഷന്‍ സംഘം പോലെ മൂന്ന് തടിമാടന്മാരെ ഒന്‍പത് ‍ലുക്കില്‍ കൂടെ കൊണ്ട് നടക്കുകയും , അവര്‍ ഇടയ്ക്കിടെ ടിയാനെ ആചാര്യന്‍ എന്ന് വിളിക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം അങ്ങേര്‍ എങ്ങനെ ദ്രോണന്‍ ആകും എന്നാണു എനിക്ക് പിടി കിട്ടാത്തത്.

അണ്ണാ, അണ്ണന്‍ പറ്റുമെങ്കില്‍ പോയി പടമൊന്നു കണ്ടിട്ട് മമ്മൂട്ടിയെ എന്ത് പണ്ടാരത്തിനാണ് ദ്രോണ എന്ന് വിളിക്കുന്നത്‌ എന്ന് എനിക്കൊന്നു പറഞ്ഞു താ.

ഡാ , നീ പറഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ അലറിപ്പാഞ്ഞു വരുന്ന രാജധാനി എക്സ്പ്രസ്സിന് മുന്നിലേക്ക്‌ എടുത്തു ചാടി എന്ന് വരും. പക്ഷെ എല്ലാ സ്നേഹത്തിനും പരിധിയുണ്ട്. നിനക്ക് വേണ്ടി എന്നല്ല , ദൈവം തമ്പുരാന്‍ നേരിട്ട് വിളിച്ചു ഫ്രീ ടിക്കെറ്റ് തന്നാലും മമ്മൂട്ടി , ഷാജി കൈലാസ്, എ. കെ സാജന്‍ കൂട്ടായ്മയിലെ ഒരു പടം കാണാന്‍ എന്റെ വീട്ടിലെ പട്ടി പോലും പോകില്ല. ഇനി അഥവാ പോയാല്‍ ആ പട്ടിയെ ഞാന്‍ വീട്ടിന്ന് ഇറക്കി വിടും

ങ്ങാ , അത് പോട്ടെ. അപ്പൊ ഞാന്‍ പറഞ്ഞു വന്നത് മമ്മൂട്ടി ദ്രോണന്‍ .വില്ലനായ മനോജ്‌ കെ ജയന്‍ നായകന്റെ പി ആര്‍ ഓ റോളില്‍ സൂര്യ തേജസുള്ള ദ്രോണാ എന്നൊക്കെ പറഞ്ഞ് നാക്കെടുക്കും മുന്‍പേ നാല് ദിവസമായി വെള്ളം കാണാത്തകോലത്തില്‍ മമ്മൂട്ടി സ്ക്രീനില്‍ വന്നിറങ്ങും. ചലച്ചിത്ര വാരികകളിലും ഒക്കെ വായിച്ച ദ്രോനയിലെ മമ്മൂട്ടിയുടെ വ്യത്യസ്ഥ ലോക്ക് കണ്ടു അമ്മയാണെ അണ്ണാ കിടുങ്ങി പോയി.


മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്ന കോമാളി ലുക്ക് ടീംസ് പോരാഞ്ഞ്, തമാശ വാരി വിതറാന്‍ വേണ്ടിയാണെന്ന് തോന്നുന്നു സിറാജിനെയും ഇറക്കിയിട്ടുണ്ട് . അദ്ദേഹം ഈ നെല്ലൂര്‍മന പണിത തച്ചന്റെ പിന്മുറക്കാരന്‍ ആണത്രെ.അങ്ങനെ ഫുള്‍ കോറം തികഞ്ഞ നിലയ്ക്ക് മമ്മൂട്ടി തന്റെ ഗുണ്ടകളെ ഉപയോഗിച്ച് മന്ത്രവാദ കലാപരിപാടികളില്‍ മുഴുകുക,മണിയന്‍കോട് കാരണവര്‍ തിലകനെയും മകളെയും ഗ്വാ ഗ്വാ വിളിക്കുക , നെല്ലുരെ അന്യധീനപെട്ട സ്വത്തുക്കള്‍ ബലമായി പിടിച്ചെടുക്കുക മുതലായ കലാപരിപാടികളില്‍ ഏര്‍പ്പെടുന്നു . കുട്ടത്തില്‍ പറയാന്‍ മറന്നു. തിലകന്റെ ഒരു മകള്‍ നവ്യാ നായരേ പണ്ട് ദ്രോണന്‍ മമ്മൂട്ടിക്ക് വേണ്ടി കുഞ്ഞുണ്ണി മമ്മൂട്ടി അടിച്ചോണ്ട് പോയതാണ്.

എന്തൊക്കെയായാലും ക്ലൈമാക്സില്‍ ദ്രോണന്‍ മമ്മൂസ് നല്ല ഉഗ്രന്‍ ഡബ്ല്യു ഡബ്ല്യു എഫ് മോഡല്‍ അടിയിലൂടെ പ്രേത ബാധ ഒഴിപ്പിക്കുന്നു, മനോരോഗിയെ ഒതുക്കുന്നു , പ്രേക്ഷകരെകാച്ചുന്നു . അയ്യോ അമ്മെ....... തളര്‍ന്നു ഒരു സോഡാ ഇങ്ങു എടുത്തേ അണ്ണാ.

ഇന്നാ കുടിക്ക് . കേട്ടിട്ട് എനിക്ക് തന്നെ തല ചുറ്റുന്നു .

പൊന്നു അണ്ണാ ഇതൊന്നും ഒന്നുമല്ല .പടം കഴിയുമ്പോള്‍ കുറെയധികം ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ കിടക്കും.(നെല്ലൂര്‍ മനയും കുളവും ഒക്കെ പണിത തച്ചന് അവിടുത്തെ താമസക്കാരോട് വല്ല പൂര്‍വ വൈരാഗ്യവും ഉണ്ടായിരുന്നോ? കാരണം തച്ചന്‍ മന ഒരു അരക്കില്ലമായാണ് പണിഞ്ഞു വെച്ചിരിക്കുന്നത് എന്ന ഉജ്ജ്വല കണ്ടു പിടുത്തം ദ്രോണന്‍ ഇടയ്ക്കു നടത്തുന്നുണ്ട്.പിന്നെ, കുളത്തില്‍ മുങ്ങിയവരില്‍ നായകന്‍ മാത്രം എങ്ങനെ രക്ഷപെട്ടു ? നായകന്റെ ഗുണ്ട വിജയകുമാര്‍ സന്യാസി രണ്ടു വശത്ത് നിന്നും കുത്ത് കൊണ്ട് മരിച്ചത് എങ്ങനെ? വെള്ളത്തില്‍ വീണാല്‍ ഒഴുകി പോകുന്നത് മനസിലാക്കാം . കാല് വെള്ളതിനടുത്തു കൊണ്ട് വരുമ്പോളേക്കും വെള്ളം ഇങ്ങോട്ട് വാടാ എന്ന മട്ടില്‍ തിളച്ചു പൊന്തുന്ന മാതിരി വരുന്നത് ഒരു രസത്തിന് ആയിരിക്കുമല്ലോ? അങ്ങനെ വേണമെങ്കില്‍ പടത്തെപ്പറ്റി ഒരു ഇരുപത്തിയഞ്ച് ചോദ്യമെങ്കിലും കുറഞ്ഞത്‌ ചോദിക്കാം. പക്ഷെ അതൊക്കെ ചോദിയ്ക്കാന്‍ ആര്‍ക്കു നേരം ? പടം തീരും മുന്‍പേ തന്നെ ജനം ജീവനും കൊണ്ട് ഓടുകയല്ലേ?!!!
നിന്റെ സങ്കടം എനിക്ക് മനസിലാകുമാടെ.

എന്നാലും അണ്ണാ , ആ എ കെ സാജന്‍ എന്ന ദുഷ്ടനെ എന്നെങ്കിലും മുന്നില്‍ കിട്ടിയാല്‍ എനിക്ക് ചിലത് പറയാനുണ്ട്. അങ്ങേര ലോകോത്തര തിരക്കഥ ഒന്ന് എഴുതി മലയാളം സിനിമയെ രക്ഷിച്ചില്ലെങ്കിലും വേണ്ട. ഒരു തിരക്കഥ എഴുതുമ്പോള്‍, എഴുതി കൊണ്ടിരിക്കുന്ന പേജിനു നാലു പേജു മുന്‍പ് എന്താണ് രചിച്ചത് എന്ന് ഓര്‍ക്കാനുള്ള മനസ് കാണിച്ചാല്‍ ഇപ്പോളും മലയാളം പടം കാണാന്‍ കേറുന്ന മന്ദബുദ്ധികളോട് (ഞാനടക്കം ഉള്ള )ചെയ്യുന്ന വലിയൊരു ഉപകാരം ആയിരിക്കും.പിന്നെ കഥയിലെ പല ത്രെഡ്കള്‍ തമ്മില്‍ ബന്ധം ഉണ്ടാകുക എന്നത് അത്ര മോശപ്പെട്ട ഒരു സംഗതി അല്ല എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം .

അപ്പോള്‍ അഭിനയം ?

നായകനായ മമ്മൂട്ടി ഇരട്ട വേഷത്തില്‍ കസറുന്നു . കനിഹയോടുള്ള സല്ലാപ രംഗങ്ങളില്‍ വഴിഞ്ഞൊഴുകിയ ശ്രംഗാര രസത്തില്‍ വഴുക്കി വീണ് രണ്ടു മൂന്ന് പേര്‍ ആശുപത്രിയിലായി . ഒട്ടും വിട്ടു കൊടുക്കില്ല എന്നാ വാശിയില്‍ മനോജ്‌ കെ ജയനും ഉണ്ട് (കെട്ടിയിടുകയോ തല്ലികൊല്ലുകയോ ചെയ്താല്‍ പോലും അഭിനയിച്ചു കളയും എന്ന വാശിയിലാണ് അദേഹം ).പുട്ടിനു തേങ്ങ ഇടുന്നത് പോലെ കുറെ നായികമാരെയും ഉള്‍പെടുത്തിയിട്ടുണ്ട്.(ഒരു മോഡല്‍ ലുക്ക്‌ ഉള്ള യക്ഷി അടക്കം) നവ്യനായര്‍ ഒക്കെ ആരാണ് എന്ന് ജനത്തിന് മനസിലാകുന്നത് അവസാനത്തെ ഒരു മണിക്കുറില്‍ ആണ് . തിലകനും മക്കള്‍ക്കും നായകന്റെ ഗ്വാ ഗ്വാ വിളി കേള്‍ക്കുനതിനപ്പുറം വേറെ പണി ഒന്നും ഇല്ല.

അപ്പോള്‍ വ്യത്യസ്തമായി ഒന്നുമില്ലേ ഈ പടത്തില്‍?

ഉണ്ടല്ലോ നടന്‍ വിജയകുമാര്‍ ഈ പടത്തില്‍ പതിവ് പോലെ നായകനെ ചതിക്കുകയോ ,നായകന്റെ പെങ്ങളെ കെട്ടുകയോ ചെയുന്നില്ല എന്നതാണ് ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത . വേറെ ഒന്നും സത്യമായി ഞാന്‍ കണ്ടില്ല ചേട്ടാ .

എന്നാലും ഒരു സൂപ്പര്‍താര ചിത്രം അല്ലേടെ . മൊത്തത്തില്‍ പറഞ്ഞാല്‍ ...........?

ഇത്രയും വായിട്ടു അലച്ചിട്ടും ഇയാള്‍ക്ക് മനസിലായില്ലേ? എന്നാല്‍ കേട്ടോ " തുടക്കം ആറാം തമ്പുരാന്‍ (പുരഞ്ജയം) പോലിരിക്കും , കുറച്ചു കഴിയുമ്പോള്‍ മണിചിത്രതാഴു ആണെന്ന് തോന്നും, തോന്നണം . അവനെ (പ്രേക്ഷകനെ ) പറ്റിക്കാന്‍ അങ്ങനെയേ കഴിയു , ഒടുവില്‍ വെട്ടി വീഴ്ത്തുമ്പോള്‍ പറഞ്ഞു വെട്ടണം 'അന്യന്‍ ആണെടാ ഇതെന്ന്' " . ഇതാണ് അണ്ണാ സത്യമായിട്ടും സാധനം

3 comments:

  1. ഇത് മനപൂര്‍വ്വം സൂപ്പര്‍സ്റ്റാര്‍സ്സിനെ കരിവാരി തേക്കാന്‍ വേണ്ടി മാത്രം ഒരു ബ്ലോഗ്‌ എന്ന് നാട്ടുക്കാര്‍ വിളിച്ചു പറയും. മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരെ മാത്രം ഉന്നം വെച്ച് പറയുമ്പോള്‍ സ്വാഭാവികമായി ഒരു പ്രേഷകന് തോന്നുന്ന ഒരു സംശയം മാത്രമാണ് ഇത്. എന്തിനാ ചുമ്മാ അവരെ മാത്രം പഴി പറയുന്നത്??? ഒരു കണക്കിന് നോക്കിയാല്‍ എല്ലാവരും ഉത്തരവാദികളല്ലേ??? പിന്നെ അവര്‍ ചോദിച്ചു വാങ്ങിയതല്ലോ ഈ പറയുന്നു സൂപ്പര്‍,മെഗാസ്റ്റാര്‍ പട്ടങ്ങള്‍??? വെറും സിനിമാനടന്മാരായി ‍മാത്രം ഇവരെ കണ്ടാല്‍ പോരെ എന്റെ പൊന്ന് അണ്ണാ?????

    എന്ന് ഒരു മാന്യ പ്രേഷകന്‍(സംശയം വേണ്ട, ഒരു ഫാന്‍സ്‌ ക്ലബിലും അംഗമല്ല)

    ReplyDelete
  2. അപ്പോള്‍ വ്യത്യസ്തമായി ഒന്നുമില്ലേ ഈ പടത്തില്‍?

    ഉണ്ടല്ലോ നടന്‍ വിജയകുമാര്‍ ഈ പടത്തില്‍ പതിവ് പോലെ നായകനെ ചതിക്കുകയോ ,നായകന്റെ പെങ്ങളെ കെട്ടുകയോ ചെയുന്നില്ല എന്നതാണ് ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത . വേറെ ഒന്നും സത്യമായി ഞാന്‍ കണ്ടില്ല ചേട്ടാ .

    ഇതു കലക്കി

    ReplyDelete
  3. മാഷേ പൊളിച്ചടുക്കി. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete