Saturday, January 17, 2015

I (വിക്രം ...വിക്രം ...വിക്രം മാത്രം)





അനിയാ...

അണ്ണാ എന്നെ വിളിക്കണ്ട ഞാന്‍ ബിസി

എന്ത് പറ്റി അനിയാ?

നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ലല്ലോ. എഴുതിയാല്‍ എഴുതി ഇല്ലങ്കില്‍ ഇല്ല. വലിയ താരങ്ങള്‍ വരെ ഫീല്‍ഡ് ഔട്ട്‌ ആകാതിരിക്കാന്‍ സ്വന്തമായി മഹത്തായ സൃഷ്ട്ടികള്‍ പടച്ചു വിട്ടു നമ്മളെ ആനന്ദ പുളകിതരാക്കുന്ന കാലം.നിങ്ങള്ക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ.നമുക്ക് പച്ചരി വാങ്ങണ്ടേ.ബൈ ദ വേ ഞാന്‍ ചിത്രവിദ്വേഷം വിട്ടു ഇപ്പോ ഉച്ചപ്പടം എന്നൊരു ഭീമനാണ് അന്നദാതാവ്.

അനിയാ തികച്ചും ഗ്രാമ്യമായ,പള്ളിയിലെ കാര്യം പടച്ചോന് അറിയാം എന്നാ പഴംചൊല്ല് പറയാന്‍ ഉയിര് പേടി ഉള്ളത് കൊണ്ട് പറയുന്നില്ല. എന്‍റെ കാര്യം അത്രയെ പറയാനുള്ളൂ. അതിരിക്കട്ടെ അനിയന്‍ എങ്ങോട്ടാ?

അണ്ണാ എന്നല്ലേ ഭാരതം മാത്രമല്ല ലോകം മുഴുവന്‍ കാത്തിരിക്കുന്ന ദിവസം. നമ്മുടെ ശങ്കറിന്‍റെ ഐ ഇറങ്ങിയത്‌? രജനീകാന്ത്, വിജയ്‌, ശങ്കര്‍ ഇവരുടെ ഒക്കെ പടം ഇറങ്ങുന്ന ദിവസം നല്ലൊരു സമരം പ്ലാന്‍ ചെയ്യാന്‍ പോലും പാടാണെന്ന് നമ്മുടെ അടുത്ത രാഷ്ട്രീയ സുഹൃത്ത്‌ ഈയിടെ രഹസ്യമായി പറഞ്ഞതാ.

മലയാളിക്ക് പ്രതീക്ഷ വാനോളം ഉയരാന്‍ പ്രത്യേകിച്ചു കാരണം ഒന്നും വേണ്ടല്ലോ. അമരത്തില്‍ കെ പി എസ് സി ലളിത പറഞ്ഞ പോലെ സൂര്യന്‍ ഉദിച്ചാല്‍ സന്തോഷം, ഉദിച്ചില്ലേല്‍ സന്തോഷം കടലി പോയാല്‍ സന്തോഷം പോയില്ലേല്‍ സന്തോഷം അങ്ങനെ....” .വന്നു വന്നു മലയാളത്തിലെ അത്ഭുദ ബാലന്‍”(ഇതൊരു പ്രമുഖ പത്രം ചാര്‍ത്തി കൊടുത്ത പട്ടമാണ്) പ്രണവ് മോഹന്‍ലാല്‍ സംവിധാന സഹായി ആയി ജോലി ചെയ്യുന്നത് പോലും നമ്മുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി കൊള്ളണം എന്നാണ് മാധ്യമ കല്‍പ്പന എന്തുവാടെ ഇതു?

അണ്ണാ ഇത് അങ്ങനെ അല്ല. റിലീസ് ദിവസം രാവിലെ വരെ ഈ സിനിമയെ പറ്റി വലുതായി ഒന്നും ആര്‍ക്കും അറിയില്ല എന്നതാണ് സത്യം.മൂന്നു വര്ഷം കൊണ്ട് ചെയ്തു തീര്‍ത്ത ചിത്രം. വിക്രം എന്ന നടന്‍റെ ആത്മ സമര്‍പ്പണം.ഒടുവില്‍ ഇറങ്ങിയ ട്രെയിലര്‍ അമി ജാക്ക്സണ്‍ എന്ന സുന്ദരിക്കുട്ടി നായിക (ശങ്കര്‍ നായികമാര്‍ക്ക് ആ ചിത്രം കഴിഞ്ഞാല്‍ പിന്നെ വലിയ ആയുസ്സില്ല എന്ന ചരിത്രപരമായ വസ്തുത ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ട്). എ. ആര്‍ റെഹ്മാന്‍ ഒരുക്കുന്ന സംഗീതവും പി സി ശ്രീരാമിന്‍റെ ക്യാമറയും.പിന്നെ മലയാളിയെ ഒന്ന് ഇക്കിളി ആക്കാനായി സുരേഷ് ഗോപി ഉണ്ടോ ഇല്ലയോ പോലുള്ള ലോക്കല്‍ വിവാദങ്ങളും.ഞാന്‍ എന്തായാലും വാനോളം ഉയര്‍ത്തി ക്കഴിഞ്ഞു എന്‍റെ പ്രതീക്ഷ.

അനിയാ ഈ ചിത്രം നായകന്‍ വിക്രത്തിനും സംവിധായകന്‍ ശങ്കറിനും ഒരല്‍പം നിര്‍ണായകമാണ് സ്റ്റോക്ക്‌ തീര്‍ന്നോ എന്ന് സംശയം ഉളവാക്കുന്ന റോബോ, നന്‍പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സ്വയം തെളിയിക്കേണ്ടത് ശങ്കറിന്‍റെ അവശ്യം ആകുമ്പോള്‍,ഒരു നീണ്ട കാലം വന്‍ വാണിജ്യ വിജയങ്ങള്‍ ഇല്ലാതെ ഉഴലുന്ന സമയത്ത് ഒരു ചിത്രത്തിന് വേണ്ടി 3കൊല്ലത്തോളം നീക്കി വയ്ക്കാനും അതിനു വേണ്ടി കഠിനമായി അധ്വനിക്കാനും ഉള്ള വിക്രത്തിന്‍റെ മനോധൈര്യം സമ്മതിക്കണം.പക്ഷെ സംഗതി അവസാനം എങ്ങാനും കേറി കന്തസ്വാമി ആയി പ്പോകുമോ എന്നൊരു ചെറിയ ഭയം ഈ ചിത്രത്തിന് പോകുമ്പോള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.

ഓ ഹോ അപ്പൊ അണ്ണന്‍ പടം കണ്ടു എന്നിട്ടാണ് ഈ തത്വം വിടുന്നെ അല്ലേ. വേഗം പറഞ്ഞേ എങ്ങനുണ്ട് സംഗതി? മലയാളികള്‍ മാത്രമല്ല ലോകം മുഴുവന്‍ അണ്ണന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

അനിയാ ഈ ചിത്രം കാണാന്‍ നില്‍ക്കുമ്പോള്‍ ഇതിന്‍റെ കഥ എന്തായിരിക്കും എന്ന് ഒന്ന് ഊഹിക്കാന്‍ ശ്രമിച്ചു നോക്കി.അറിയാവുന്ന ചിലറ കഷ്ണങ്ങള്‍ വെച്ച് ചിന്തിച്ചപ്പോള്‍ തോന്നിയത് ഇങ്ങനെ.മിസ്റ്റര്‍ ചെന്നൈ ആകാന്‍ വാശിയോടെ ശ്രമിക്കുന്ന യുവാവ്‌., വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ അറിഞ്ഞോ, അറിയാതെയോ ഉത്തേജക മരുന്നുകള്‍ ഉപയോഗിപ്പിക്കുന്ന സ്പോര്‍ട്സ് മെഡിസിന്‍ മാഫിയ, മത്സരം വിജയിക്കുന്നു എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം,കഴിച്ച മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ ആയി രോഗങ്ങള്‍ പിടിപെട്ടു വികൃത രൂപത്തില്‍ ആകുന്ന നായകന്‍.പിന്നീടു തന്നെ ഇങ്ങനെ ആക്കിയവര്‍ക്കെതിരെ അയാളുടെ പ്രതികാരം. കാണട്ടെ മോനെ ശങ്കറെ നിന്‍റെ കളി എന്ന ഭാവത്തില്‍ ആണ് ഞാന്‍ തീയട്ടെറില്‍ കയറിയത്.

എന്നിട്ടോ?

അനിയാ മേല്‍പ്പറഞ്ഞത്‌ ആയിരുന്നു ഇതിന്‍റെ കഥ എങ്കില്‍ ഇതിലും ബധം ആയിരുന്നുന്നെനെ എന്നാണ് എനിക്ക് തോന്നിയത്.വിക്രം എന്നാ നടനും അങ്ങേരുടെ ആത്മ സമര്‍പ്പണവും അല്ലാതെ മറ്റൊന്നും ഈ ചിത്രത്തില്‍ ഇല്ല എന്നതാണ് സത്യം. പിന്നെ പറയാന്‍ ആണെങ്കില്‍ പി സി ശ്രീരാമിന്‍റെ ക്യാമറയും നായികയെ കാണാന്‍ ഭംഗി ഉണ്ട് എന്നതും കൂടെ ഇരിക്കട്ടെ കഴിഞ്ഞു കഥ.

അല്ല അപ്പൊ...

ഒരു വിവാഹ വേളയില്‍ കല്യാണ പെണ്ണിനെ തട്ടി കൊണ്ട് പോകുന്ന വികൃത രൂപിയായ കൂനനില്‍ നിന്നാണ് കഥയുടെ തുടക്കം.ദോഷം പറയരുതല്ലോ സിനിമയുടെ തുടക്കം നന്നായിട്ടുണ്ട്. പ്രതീക്ഷ തരുന്നതും ആണ്. പിന്നെ ഇന്നും ഇന്നലെകളും (വര്‍ത്തമാനവും, ഫ്ലാഷ് ബാക്കും) സമാന്തരമായി കാണിച്ചു കഥ മുന്നോട്ടു പോകുന്നു ഒടുവില്‍ ഭാവി ഭൂതമായി കാണികളെ കടിച്ചു തിന്നാന്‍ വരുമ്പോള്‍ പടം തീരുന്നു. നമ്മള്‍ ഇറങ്ങി ഓടുന്നു.

പോര വ്യക്തമാക്കണം

അനിയാ ചെന്നൈയില്‍ ലിംഗേശ്വരന്‍ (വിക്രം) എന്ന മിസ്റ്റര്‍ ഇന്ത്യ ആകാന്‍ ആഗ്രഹിച്ചു നടക്കുന്ന ബോഡി ബില്‍ഡര്‍. അയാള്‍ ദിയ (എമി ജാക്ക്സണ്‍) എന്ന മോഡലിന്‍റെ ആരാധകന്‍ ആണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ദിയക്ക്‌ നായകനെ ലീ എന്ന പേരില്‍ മോഡല്‍ ആക്കേണ്ടി വരുന്നു.(സാഹചര്യം എന്നൊക്കെ പറഞ്ഞാല്‍ ഈ പഴയ തമിഴ് സിനിമയിലും ഇന്നത്തെ മലയാളം സുപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളിലും മാത്രം കാണപ്പെടുന്ന സാഹചര്യം) അഭിനയത്തിന്‍റെ സ്വാഭാവികതക്കു വേണ്ടി നായകനോട് പ്രേമം അഭിനയിക്കുന്ന നായിക അവസാനം ശരിക്കും പ്രണയത്തില്‍ ആകുന്നു. ഇവരുടെ ജോഡി പരസ്യ രംഗത്ത്‌ ഹിറ്റ്‌ ആകുന്നതോടെ ലീക്ക് ശത്രുക്കളുടെ എണ്ണം കൂടുന്നു ഒടുവില്‍ അവരെല്ലാം ചേര്‍ന്ന് നായകന് മാരകമായ ഒരു വൈറസ് കുത്തിവെച്ചു പതുക്കെ ഇന്നത്തെ കൂനന്‍ ആക്കുന്നു.യാദ്രിശ്ചികമായി തനിക്കു വന്നത് അസുഖമല്ല മറിച്ചു വില്ലന്‍മാരുടെ ചതി ആണ് എന്ന് മനസിലാക്കിയ നായകന്‍ വില്ലന്മാരെ ഒന്നൊന്നായി ചിത്ര വധം ചെയ്തു പ്രതികാരം നിര്‍വഹിക്കുന്നു.നായികയുടെ സ്നേഹ പൂര്‍ണമായ ശിശ്രൂഷയിലൂടെ നായകന്‍ സുഖപ്പെട്ടു പഴയ പോലെ ജിംഘാന ആകും എന്ന സൂചന നല്‍കി പടം തീരുന്നു.

അല്ല ഈ ചിത്രത്തില്‍ നായികാ നായകന്മാര്‍ മോഡല്‍ രംഗത്ത്‌ നിന്ന് എന്നതിനേക്കാള്‍ വല്ല സിനിമ/സീരിയല്‍ രംഗത്ത്‌ നിന്ന് ആകുന്നതയിരുന്നില്ലേ കൂടുതല്‍ അഭികാമ്യം?

അനിയാ, നീ പറഞ്ഞത് സത്യം പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ കുറഞ്ഞത്‌ ഒരു പത്തു പരസ്യം എങ്കിലും ഗാനങ്ങളുടെ മറവില്‍ നമ്മെ കാണിക്കാന്‍ പറ്റില്ലല്ലോ.ശങ്കറിനെ പോലുള്ള ഒരു സംവിധായകന്‍ ഇങ്ങനെയുള്ള തരം താണ പരിപാടികളിലേക്ക് പോകുമ്പോള്‍ സിനിമയുടെ നിലവാരത്തെ ബാധിക്കുന്നു എന്നത് ഒന്ന് രണ്ടാമതായി മറ്റു സംവിധയകന്മാര്‍ക്ക് തെറ്റായ ഒരു മാത്രുക കാണിച്ചു കൊടുക്കുന്നു. (ആശിക് അബുവിനെ പോലുള്ള സംവിധായകര്‍ക്ക് വെറുതെ ഇരിക്കുമ്പോള്‍ പ്രതികരിക്കാന്‍ ഒരവസരം ഇവിടെ ഉണ്ട്. അല്ലാതെ കാര്യങ്ങള്‍ വളച്ചൊടിച്ചു എഴുതി എന്തിനാ വെറുതെ ആളുകളുടെ തെറി കേള്‍ക്കുന്നേ!!!)

അണ്ണാ എത്രയും പോര. ഒരു വിവാദം എങ്കിലും ഇല്ലങ്കില്‍ ഉച്ചപ്പടം വര്‍ക്കിച്ചന്‍ ഇതു എടുക്കില്ല. ഈ പടത്തില്‍ നായകന് എതിരെ തിരിയുന്ന ആള്‍ക്കാരില്‍ ഒരു ട്രാന്‍സ് ജെന്റെര്‍ വിഭാഗത്തില്‍ പെട്ട ഒരു വ്യക്തിയും ഉള്‍പ്പെടുന്നു. അപ്പോള്‍ ആ വിഭാഗക്കാരെ അവഹേളിക്കുന്നു എന്ന് കാച്ചിയാലോ. എങ്ങാനും വിവാദം ആയാലോ? ഞാന്‍ രക്ഷപെട്ടില്ലേ?

ആ വിഭാഗത്തില്‍ പെട്ടവരോട് വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഒരു സാധാരണ തമിഴന്‍ പ്രതികര്‍ക്കുന്നത് പോലെയേ നായകന്‍ പ്രതികരിക്കുന്നുള്ളു. (പ്രത്യേകിച്ചു നായകനെ വളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍) . വേറെ ഒന്നും പറയാന്‍ ഇല്ലങ്കില്‍ ഇതു വെച്ച് ജീവിക്ക് .കിടക്കട്ടെ നിനക്കും ഒരു ബുജി പരിവേഷം.

ഒരു കാര്യം കൂടി അണ്ണന്‍ പറഞ്ഞത് അനുസരിച്ച് നായക കഥാപാത്രത്തിന് രണ്ടു രൂപ ഭേദങ്ങളെ ഉള്ളു ബോഡി ബില്‍ഡറും കൂനനും ഇതില്‍ വിക്രം ഒരു സിംഹംപോലത്തെ മനുഷ്യന്‍ ആയും മറ്റും വരുന്നു എന്നൊക്കെ പ്രചരണം ഉണ്ടല്ലോ അതോ?

അനിയാ മേല്‍പ്പറഞ്ഞ രണ്ടു രണ്ടു ഭാഗങ്ങള്‍ ആണ് കഥാപാത്രത്തിന് ഉള്ളത് പിന്നെ മോഡല്‍ ആയി ഉയരുമ്പോള്‍ രൂപ ഭാവങ്ങളില്‍ വരുന്ന മാറ്റം . ഈ സിംഹവും പുലിയുമൊക്കെ അല്ലേ പറ്റിക്കാന്‍ ഗാന രംഗങ്ങളില്‍ മാത്രമുള്ള വേഷങ്ങള്‍ ആണ്

ഇനി അടുത്ത ചോദ്യം മലയാള നടന്‍ സുരേഷ് ഗോപി ഈ ചിത്രത്തില്‍.....

സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.പ്രധാന വില്ലന്‍ അദ്ദേഹമാണ് എന്നാല്‍ അദ്ദേഹത്തെ കുറെ കൂടി നന്നായി ഉപയോഗിക്കാമായിരുന്നു എന്ന് പറയേണ്ടി വരും.ഉദാഹരണമായി ഈ നടന്‍റെ ഒരു ശക്തിയായി ഞാന്‍ കാണുന്നത് വികാര തീവ്രതയുള്ള രംഗങ്ങളാണ്(ഇന്നലെ പോലുള്ള ചിത്രങ്ങള്‍ മറക്കുന്നില്ല) . ഈ സിനിമയില്‍ നായികയുമായുള്ള ബന്ധം വെളിവാക്കുന്ന പോലുള്ള രംഗങ്ങളില്‍ അത് നന്നായി ഉപയോഗിക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്

മറ്റുള്ളവര്‍

വിക്രം ആണ് ഈ ചിത്രത്തെ ചുമലില്‍ എറ്റുന്നത് ബോഡി ബില്‍ഡര്‍ ആയി മറ്റുജിംഘാനകളുടെഒപ്പം നില്‍ക്കുമ്പോള്‍ ഒട്ടും മോശമവുന്നില്ല ഈ നടന്‍ അതെ മനുഷ്യന്‍ തന്നെ മെലിഞ്ഞു ഉണങ്ങി വികൃതമായ കൂനന്‍ ആകുമ്പോള്‍ തികച്ചും അതേ സ്വാഭാവികത പുലര്‍ത്തുന്നു. ഒരു പക്ഷെ വിക്രം എന്ന നടന്‍ ഈ ചിത്രത്തില്‍ ഇല്ലായിരുന്നു എങ്കില്‍ ഇതൊരു മൂന്നാം കിട ചിത്രമായി വിധി എഴുതപ്പെട്ടെനെ.വേറെ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല.നായികയെ കാണാന്‍ നല്ല ഭംഗി ഉണ്ട്.സുരേഷ് ഗോപി ഒപ്പിച്ചു പോയി

ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍?

ശങ്കറിനെ തിരക്കഥയില്‍ സഹായിക്കാറുള്ള സുജാതയുടെ അഭാവം ഈ ചിത്രത്തില്‍ അറിയാനുണ്ട്.തിരക്കഥ/സംഭാഷണം എന്നിവ പലപ്പോളും സില്ലി ആകുന്നു. ഏ ആര്‍ റഹിമാന്‍റെ ഗാനങ്ങള്‍ എനിക്ക് വളരെയൊന്നും നന്നായി തോന്നിയില്ല (ശ്രീനി പറയുന്നുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ കുറഞ്ഞത്‌ ഇരുപത്തി അഞ്ചു പ്രാവശ്യം എങ്കിലും കേട്ടാലെ ഇഷ്ടപ്പെടു എന്ന്)..സാധാരണ ശങ്കര്‍ ചിത്രങ്ങളില്‍ കാണാത്ത. ഇനി കണ്ടാലും അരോചകമായി തോന്നാത്ത തമിഴ് വളിപ്പുകള്‍, നീണ്ടു നീണ്ടു പോകുന്ന സംഘട്ടന രംഗങ്ങള്‍ (ഒരെണ്ണം ആണെങ്കില്‍ സഹിക്കാം ഇതു എല്ലാം അങ്ങനെ ആയാലോ?)

അപ്പൊ ചുരുക്കത്തില്‍..

വിക്രം എന്ന നടന്‍റെ ആത്മാര്‍ത്ഥതയെയും ശ്രീ രാം എന്ന മനുഷ്യന്‍റെ ക്യാമറയെയും നമിച്ചു കൊണ്ട് പറയട്ടെ സംവിധായകന്‍ ശങ്കറിന്‍റെ ഏറ്റവും മോശപ്പെട്ട ചിത്രം. ഒരു ബ്രഹ്മാണ്ട ചിത്രം ആണെന് കരുതി സംഗതി അങ്ങനെ അകാതിരിക്കുന്നില്ല.

അണ്ണാ അവസാനം പറഞ്ഞത്..എന്തുവാ? ബ്രഹ്മ.....

അനിയാ അത്യാവശ്യം മലയാളം അറിയാതെ ഈ ക്ഷൌരത്തിന് ഇറങ്ങുന്നത് കൊണ്ടുള്ള പ്രശ്നമാ ഇതൊക്കെ. നീ തല്ക്കാലം വലിയ എന്ന് എഴുതി നോക്കു.

അണ്ണാ തമിഴ് പടമല്ലേ ഒരു പഞ്ച് ഡയലോഗ് കൂടെ

ലിംഗ അല്ലെടാ ലിംഗേശ്വരന്‍ അതുക്കും മേലെ !!!
 

3 comments:

  1. താങ്കളുടെ സ്ഥിരം വായനക്കാരനായിരുന്നു...ഇടക്കൊക്കെ തിരക്കിനിടയിലും താങ്കളുടെ പോസ്റ്റുകള്‍ക്കായി നോക്കുമായിരുന്നു. കുറെക്കാലം കാണാതായപ്പോള്‍ പല തരത്തില്‍ ചിന്തിച്ചു. എന്തായാലും ഹാപ്പിയായി...ആളുണ്ടല്ലോ...വെല്‍ക്കം ബാക്ക്...

    ReplyDelete
  2. അല്ല അറിയാന്‍ വയ്യാത്തതു കൊണ്ടു ചോദിക്കുവ ഇയാളെന്താ ആമീര്‍ഖാനു പഠിക്കുവാണോ?

    ReplyDelete
  3. ചിറകൊടിഞ്ഞ കിനാവുകൾ ഒക്കെ പടമായി ഇറങ്ങി. പ്രേക്ഷകനു ഒന്നും പറയാനില്ലേ?

    ReplyDelete