Wednesday, May 8, 2013

ഭാര്യ അത്ര പോര (സിനിമയും !!!)

അണ്ണനെ കുറിച്ചൊരു പരാതി  കിട്ടിയിട്ടുണ്ട് ....

ആണോ അനിയാ ? എന്താ സംഗതി ? പഴയ സംഗതികൾ തന്നേടെ ?

അല്ല അണ്ണാ ഇതു സംഗതി മലയാള സിനിമ പോലെപുതുമ ഉള്ളതാണ് . അണ്ണൻ കുടുംബ പ്രേക്ഷക വായനക്കാരെ തീരെ മൈൻഡ് ചെയ്യുന്നില്ല എന്നാണ് പരാതി അല്ലെങ്കിൽ മലയള കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു വിജയിപ്പിച്ച വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന് ശേഷം അതെ ടീം ഒരുമിക്കുന്ന ഭാര്യ അത്ര പോര എന്ന സിനിമയെ കുറിച്ച് ഒരു വാക്ക് എഴുതിയോ ?  കുടുംബ സദസുകളുടെ പ്രിയങ്കരനായ ജയറാം, ഒരു ബ്രേക്കിനു ശേഷം മടങ്ങി വരുന്ന ഗോപിക, സംവിധായകൻ അക്കു  അക് ബർ , അതേ കഥാകൃത്ത്‌ ഗിരിഷ് കുമാർ ഇവരെല്ലാം ഒന്നിക്കുമ്പോൾ മലയാളിയുടെ പ്രതീക്ഷകൾ ......

പിന്നെയും വാനോളം ഉയരുന്നു അല്ലെ? അനിയാ ഈ സംഗതി സ്ഥിരമായി ആകാശത്തു  തന്നെയാണോ ? മലയാള സിനിമയിൽ ദിലീപ് പച്ച പിടിച്ചതോടെ കഷ്ടത്തിൽ ആയ നടനാണ്‌ ജയറാം അദ്ദേഹം ഏതാണ്ട് പുറത്തായ അവസരത്തിൽ ലൈഫ് കൊടുത്ത ചിത്രമാണ് വെറുതെ ഒരു ഭാര്യ .കേരളത്തിലെ അപ്രസക്തമായി കൊണ്ടിരിക്കുന്ന പഴയ  മധ്യ വർഗ കുടുംബത്തിലെ കഥ ആയിരുന്നെങ്കിലും സമകാലീന പ്രസക്തിയുള്ള കുറേ  കാര്യങ്ങൾ വൃത്തിയായി ഒരു കുടുംബ പശ്ചാത്തലത്തിൽ  പറഞ്ഞു എന്നത് കൊണ്ടും കൂടെ ഇറങ്ങിയ പരുന്തു - മാടമ്പി മാരുടെ ഉപദ്രവം കൊണ്ടും മലയാളികള് ഈ ചിത്രത്തെ ഏറ്റെടുത്തു . മുടക്കിയ കാശും ലഭിച്ച കാശും ആണ് മനദന്ധം എങ്കിൽ  ആ വർഷത്തെ ഏറ്റവും വലിയ വിജയം ഈ ചിത്രം ആയിരുന്നു

അണ്ണാ കാട് കേറുന്നു .... ഈ ചിത്രം

അനിയാ വെറുതെ ഒരു ഭാര്യക്ക്‌ ശേഷം ഭര്യ അത്ര പോര എന്ന ചിത്രത്തിൽ എത്തുമ്പോൾ കൂടുതൽ സമകാലീനമായ കാര്യങ്ങൾ പറയാൻ ഈ ചിത്രത്തിന്റെ പിന്നണിക്കാർ ശ്രമിച്ചിട്ടുണ്ട് .മലയാളിയുടെ ദേശീയ വിനോദമായ മദ്യപാനം, മുതിർന്നവരും കുട്ടികളും ഒരു പോലെ അകപ്പെടുന്ന സൈബർ ചതിക്കുഴികൾ അങ്ങനെ പലതും . പക്ഷെ വെറുതെ ഒരു ഭാര്യയിലെ സുഗുണനും ബിന്ദുവിലും നിന്ന് ഈ ചിത്രത്തിലെ സത്യശീലനും പ്രിയയിലും എത്തുമ്പോൾ എവിടെയൊക്കെയോ ആദ്യത്തെ സത്യസന്ധത കാണുന്നില്ല എന്നതാണ് സത്യം .ഉദാഹരണമായി സത്യശീലനെ നോക്കാം ഒരു സ്കൂൾ അധ്യാപകനായ ഇയാൾ ജോലി സമയത്ത് തികഞ്ഞ മര്യാദക്കാരനാണ്  മാത്രമല്ല മറ്റേതു മലയാള  സുപ്പർ താരത്തെയും പോലെ കിടിലമായ അധ്യാപകനുമാണ് (അല്ല പിന്നെ ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ ???) മദ്യപാനം അയാളുടെ ഔദ്യോദിക ജീവിതത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല (ലാലേട്ടന് സ്പിരിറ്റിൽ ബാധിച്ചില്ലേൽ ജയറാമിന് എന്നാത്തിനാ  ബാധിക്കുന്നേ ?).ഭാര്യ  പ്രിയ (ഗോപിക)  ബാങ്ക് ഉദ്യോഗസ്ഥയാണ് .ഉദ്യോഗസ്ഥ ആണെങ്കിലും ലോകപരിചയമില്ലാത്ത പഴയ ബിന്ദുവിൽ നിന്നും ഒട്ടും വ്യത്യസ്ത അല്ല പ്രിയയും . ഒരു സെമി നാട്ടിൻപുറം വീട്ടമ്മയായ ബിന്ദു ജെനുവിനായ കഥാപാത്രമാകുമ്പോൾ അതെ സ്വഭാവം നഗരത്തിലെ ഉദ്യോഗസ്ഥയായ ഭാര്യയിലേക്ക് പറിച്ചു നടുമ്പോൾ സത്യശീലനുള്ള അതേ  കിത്രിമത്വം നമുക്ക്  പ്രിയയിലും കാണാൻ കഴിയും.

രാവിലെ ക്ലാസ്സിൽ വന്നു ഉഗ്രനായി പഠിപ്പിച്ചു കഴിഞ്ഞാൽ വൈകുന്നേരം ആയാൽ  സത്യശീലൻ മദ്യപിക്കാൻ പോകും , താഴ്ന്ന നിലവാരത്തിൽ ഉള്ള ആളുകളുടെ കൂടെ ഇരുന്നു ചീട്ടു  കളിക്കും . ഇതിനെല്ലാം പുറമേ സത്യശീലന്റെ ജീവിതത്തിലേക്ക് കുറേഅടി പൊളി ചെറുപ്പക്കാർ കടന്നു വരുന്നു അവരുടെ ജീവിതം  പകർത്താൻ ശ്രമിക്കുക കൂടി ചെയ്യുമ്പോൾ അയാളുടെ ജീവിതം കൂടുതൽ  മാറി മറിയുന്നു   .

കൂട്ടത്തിൽ പറഞ്ഞോട്ടെ പല നിലവാരത്തിൽ ഉള്ള  കുറെയധികം കമ്പ്യൂട്ടർ സ്ഥാപനങ്ങളിൽ പോയിട്ടുള്ള ആളാണ് ഞാൻ .ഒരിടത്തു  പോലും ഓഫീസ്  സമയത്ത്, പുറത്തു കുട്ടികൾ  പഠിച്ചു കൊണ്ടിരിക്കുമ്പോൾ  പ്രധാന മുറിയിൽ ചിപ്സും പെപ്സിയും ആയി ചീട്ടു കളിച്ചിരിക്കുന്ന സ്ഥാപന ഉടമയെ കണ്ടിട്ടില്ല എന്നതാണ് സത്യം. പ്രവർത്തന സമയം കഴിഞ്ഞു ആണ്  ആ രംഗം കാണിച്ചിരുന്നുന്നത് എങ്കിൽ ഒരു സ്വാഭാവികത വന്നേനെ . ഈ ചെറിയ ഒരു രംഗത്തിൽ ഉള്ള അശ്രദ്ധ അഥവാ ലാഘവ ബുദ്ധി  ചിത്രത്തിൽ ഉടനീളം നമുക്ക് കാണാം എന്നിടത്താണ് ഈ ചിത്രം പിന്നെ പരാജയപ്പെടുന്നത് .ഇതിൽ പറയുന്ന പ്രശ്നങ്ങൾ മിക്കതും സമകാലീനവും പ്രസ്കത്തവുമാണ് . എന്നാൽ ഒരുമാതിരി പടച്ചു വെച്ചിരിക്കുന്നത് കൊണ്ട് അവയൊന്നും കാണുന്നവരുടെ മനസ്സിൽ  തട്ടുമോ എന്ന് സംശയമാണ്.

തിരകഥാക്രിത്തിനു ഉണ്ടെന്നു ഞാൻ കരുതുന്ന ചില ധാരണകൾ ഇവയാണ്

1) പുതിയ തലമുറയിലെ ആണ്‍ -പെണ്‍കുട്ടികൾ തോളിൽ കൈയിട്ടു നടക്കും ,ആദ്യമായി പരിചയപ്പെട്ടാൽ രഹസ്യമായി കൈയ്യിൽ ചൊറിയും , ഒരുമിച്ചു മദ്യ പാർട്ടികളിൽ നൃത്തം ചെയ്യും ,കെട്ടിപിടിക്കും , ഓണ്‍ ലൈനിൽ പെണ്‍കുട്ടികളെ വശീകരിക്കും . അവരോക്കെയയായി  'പലതും ' നടന്നതായി അവകാശപ്പെടും .പക്ഷെ അതെല്ലാം അവരുടെ തുറന്ന പെരുമാറ്റത്തിന്റെ മാത്രം ഭാഗമാണ് .ശരിക്കും അവരൊക്കെ ഇന്നത്തെ സമൂഹത്തിന്റെ അളവ് കോലനുസരിച്ചു തികഞ്ഞ വിശുദ്ധർ ആണ് .

2) നാട്ടിൽ നടക്കുന്ന ഒരു പീഡന കേസുകളിലും പുതിയ തലമുറയിലെ പിള്ളേർ ഉണ്ടാകാറില്ല .സകലതും നാല്പ്പത് കഴിഞ്ഞ മധ്യവയസ്കന്മാരാണ്  (?)

3) മറ്റു സ്ത്രീകളോട് ഉള്ള താല്പര്യം ഏറ്റവും കൂടുതൽ അധ്യാപകർക്കാണ് . പിന്നെ അവരെല്ലാം ഇതങ്ങു അടക്കി പിടിക്കുന്നു എന്ന് മാത്രം .


(ഇതൊന്നും ഞാൻ പറയുന്നതല്ല ഈ ചിത്രത്തിലൂടെ വിളിച്ചു പറയുന്നതാണ് )

ശരി അഭിനയമോ ?

ജയറാം പതിവ് പോലെ സ്വസിദ്ധമായ ശൈലിയിൽ (നല്ലതായാലും ചീത്തയായാലും ) അഭിനയിക്കുന്നു.നാല്പ്പത്  വയസ്സായി എന്ന് കാണിക്കാൻ ആകണം സൈഡിൽ ഒരൽപം നരപ്പിച്ചിട്ടുണ്ട്  .ഗോപിക ഗുണവും ഇല്ല ദോഷവും ഇല്ല എന്ന അവസ്ഥയിലാണ്

അപ്പോൾ ചുരുക്കത്തിൽ ..

മര്യാദക്ക് എടുത്തിരുന്നെങ്കിൽ വെറുതെ ഒരു ഭാര്യക്ക്‌ മുകളിൽ  നിൽക്കുമായിരുന്ന ചിത്രം .പഴയ ടീം വീണ്ടും ഒരുമിക്കുന്നു എന്ന ഒറ്റ കാര്യം മാത്രം കൊണ്ട് വിജയിച്ചോളും എന്നാ ധാരണയിൽ  തികഞ്ഞ അലക്ഷ്യതയോടെ എടുത്ത ചിത്രം 

No comments:

Post a Comment