Thursday, December 29, 2011

ദാസപ്പന്‍ 2 (The King Is Back )

അവസാനം ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു.

എന്തോന്ന് അണ്ണാ ആത്മഹത്യാ ചെയ്യാനോ,എഴുത്ത് നിര്‍ത്താനോ,ബ്ലോഗ്‌ പൂട്ടാണോ അങ്ങനെ വല്ലതും ആണോ?

ഒന്ന് പോടെ അങ്ങനെ ചെയ്യാന്‍ ഞാനാര്‌ പ്രസിദ്ധ ബ്ലോഗ്ഗര്‍ ടോമി പാലായോ? ഇതു അതല്ല.കുറെ കാലമായി സകല വായ് നോക്കികളും പറയുന്നു നിനക്ക് മലയാളത്തില്‍ വരുന്ന ജീവിത യാഥാര്‍ത്യങ്ങളില്‍ ചലിച്ചു എഴുതുന്ന തിരകഥകള്‍ (ചൈന ടൌണ്‍, ദി ട്രെയിന്‍ ഇവയൊക്കെ ആകും ഉദേശിച്ചത്‌ ) ഇഷ്ടപെട്ടില്ല എങ്കില്‍ നീ ഒരെണ്ണം സ്വന്തമായി എഴുതെടാ എന്ന് .കാര്യം പറഞ്ഞാല്‍ അത് നമ്മള്‍ കേരളത്തിലെ മുഖ്യ മന്ത്രിയെ വിമര്‍ശിച്ചാല്‍ ശ്രീ ഉമ്മന്‍ ചാണ്ടി നേരെ മുന്നില്‍ വന്നു എന്നാല്‍ നീ ഇലക്‌ഷന്‍ ജയിച്ചു മുഖ്യമന്ത്രി ആയി നന്നായി ഒന്നു ഭരിച്ചു കാണിച്ചേ എന്ന് പറയുന്ന പോലെ ആണ് എന്നറിയാഞ്ഞല്ല. എന്നാലും .......അവസാനം ഞാനും ഒരു തിരകഥ എഴുതാന്‍ തീരുമാനിച്ചു.

ഒള്ളത് തന്നെ അണ്ണാ ആന്നോ? കലക്കി.എന്നാല്‍ പിന്നെ ബി ഉണ്ണികൃഷ്ണന്‍ മുതല്‍ കൃഷ്ണ പൂജപ്പര വരെ ഉള്ളവര്‍ എപ്പോള്‍ ചട്ടി എടുത്തു എന്ന് ചോദിച്ചാല്‍ മതി.അതിരിക്കട്ടെ എന്താ തീം ?

ഡേ നിന്നെയൊക്കെ നമ്പി വല്ലതും പറയമോടെ അല്ലെങ്കിലെ മലയാളത്തില്‍ കഥ മോഷണത്തിന്റെ കാലം.

ഛെ അണ്ണന്‍ ഇതെന്തോന്ന് ചുമ്മാ......

ശരി ശരി എന്‍റെ കഥയുടെ പശ്ചാത്തലം എന്ന് പറയുന്നത് മധ്യകേരളത്തിലുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്‌ എരുമത്തടം.റബര്‍ കൃഷിക്കാരാല്‍ സമ്പന്നമായ ആ ഗ്രാമത്തിലേക്ക് ഒരു ദിവസം ഉറച്ച കാല്‍ വെപ്പുകളോടെ അയാള്‍ ബസ്സിറങ്ങി.

അല്ല ഈ അയാള്‍ എന്ന് പറഞ്ഞാല്‍ ....

മിണ്ടാതിരുന്നു കേള്‍ക്കെടെ.അയാളാണ് നായകന്‍.പേര് ദാസപ്പന്‍.ദാസപ്പന്‍ ഒരു അധോലോകനായകന്‍ ആണ്.കേരളത്തില്‍ അങ്ങോളം ഇങ്ങോളം വ്യാപിച്ചു കിടക്കുന്ന ഒരു അധോലോക - വ്യാപാര ശ്രിംഖല ഇയാള്‍ക്ക് സ്വന്തം.പക്ഷെ ഇയാളെ ഒരു സാധാരണ അധോലോക നായകനായി കാണരുത് ഒത്തിരി സവിശേഷതകള്‍ ഉള്ള ഒരു ആളാണ് ഇദേഹം.ഉദാഹരണമായി നമ്മള്‍ ചിറ്റില പള്ളി ഔസേപ്പ് (വി ഗാര്‍ഡ് ) കേശവന്‍ വൈദ്യര്‍ (ചന്ദ്രിക സോപ്പ്) തുടങ്ങിയവരുടെ ആദ്യകാലം നോക്കിയാല്‍ ഇവരൊക്കെ തന്നെ ആദ്യകാലങ്ങളില്‍ അവരുടെ ഉല്‍പ്പന്നം സ്വയം തലച്ചുമടായി കൊണ്ട് പോയാണ് ആവശ്യക്കാര്‍ക്ക് കൊടുത്തിരുന്നത് എന്ന് കാണാം.നമ്മുടെ നായകനും ഏതാണ്ട് ഇങ്ങനെയാണ്.രാവിലെ വല്ല പെട്ടി ഓട്ടോയും പിടിച്ചു ഇറങ്ങുന്ന ഇയാള്‍ കേരളം അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു മയക്കു മരുന്നിന്‍റെയും മറ്റും ഡെലിവറി നേരിട്ട് നടത്തിയേ മടങ്ങാറുള്ളൂ.തുടക്കത്തില്‍ ദാസപ്പന്‍ ഒരു പഞ്ചായത്തില്‍ സാധനം ഡെലിവറി നടത്താന്‍ പോകുന്നതും കാശിന്‍റെ കാര്യത്തില്‍ പിശകി,അവിടുത്തെ മുതലാളിയെയും സംഘ ത്തെയും അടിച്ചു വീഴ്ത്തി ഗോഡൌണ്‍ ഉള്‍പ്പെടെ കത്തിച്ചു സ്ലോ മോഷനില്‍ നടന്നു നീങ്ങുമ്പോള്‍ ആണ് റ്റയിട്ടിലുകള്‍ തെളിയുന്നത്.(ഡേറ്റ് കിട്ടുന്നത് സുപ്പര്‍ താരങ്ങളില്‍ ആരുടെ എങ്കിലും ആണേല്‍ അടി കട്ട്‌ പകരം എന്തേലും ഒരു സെറ്റ് പഞ്ച് ഡയലോഗ് പറഞ്ഞിട്ട് സ്ലോമോഷ നില്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഗോഡൌണ്‍ താനെ ഇടിഞ്ഞു വീഴും).
ദാസപ്പന്‍റെ ഏക സഹായി അന്നക്കുട്ടി ആണ്.ഈ സഹായം എന്ന് പറഞ്ഞാല്‍ മയക്കു മരുന്ന് ചാക്കുകള്‍ പെട്ടി ഓട്ടോയില്‍ കയറ്റാന്‍ സഹായിക്കുക ഇങ്ങനെ ചില്ലറ പണികള്‍.അപ്പോള്‍ കഥ നമ്മുടെ ഗ്രാമത്തിലേക്ക് .വല്ല ഡെലിവറി കൊടുക്കാന്‍ വന്നതാവും എന്ന് കരുതുന്ന നമ്മളെ ഞെട്ടിച്ചു കൊണ്ട് ദാസപ്പന്‍ ‍നേരെ പോലീസെ സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുന്നു.അവിടത്തെ എസ് ഐ ആകട്ടെ കേരളാ പോലീസ് മൊത്തം തിരയുന്ന ദാസപ്പനെ ഒറ്റയ്ക്ക് പിടി കൂടിയിട്ടെ കല്യാണം പോലും കഴിക്കു എന്ന് ശപഥം എടുത്തു നില്‍ക്കുന്ന വീരശൂരപരാക്രമിയായ ലില്ലിക്കുട്ടി.പോരാത്തതിനു സര്‍ക്കിള്‍ മാത്തച്ചനും.പക്ഷെ ദാസപ്പന്‍റെ കയ്യില്‍ ഇവരെ ഒക്കെ വിറ്റ കാശല്ലേ ഇരിക്കുന്നെ? ദാസപ്പന്‍ കീഴടങ്ങുന്നത് ഈ പോലീസുകാര്‍ തന്നെ പഞ്ചായത്ത് വക ജയിലില്‍ അടക്കും എന്നറിയാവുന്നതു കൊണ്ടും അവിടെ തടവില്‍ കഴിയുന്ന പഴയ സഹപ്രവര്‍ത്തകന്‍ ഇബ്രാഹിംകുട്ടിയെ രക്ഷപ്പെടുത്താനും ആണ്.(നേരത്തെ പറഞ്ഞ പോലെ അതും സ്വയം തന്നെയേ ദാസപ്പന്‍ ചെയ്യു).ഇബ്രാഹിംകുട്ടിയുമായി സംസാരിച്ചു കഴിഞ്ഞു ദാസപ്പന്‍ ജയിലിലെ ഭക്ഷണത്തില്‍ വിം വാരിയിട്ടു ജയിലിലുള്ള എല്ലാവര്ക്കും ഒരുമിച്ചു വയറിളക്കം ഉണ്ടാക്കുകയും ആ ബഹളത്തിനിടയില്‍ രക്ഷപ്പെടുകയും ചെയ്യുന്നു.

ഇത്രേ ഉള്ളോ?

ചുമ്മാതെ ഇരിയെടെ എന്‍റെ സങ്കീര്‍ണമായ കഥ തുടങ്ങിയല്ലേ ഉള്ളു .എന്തിനാണ് ഏതൊക്കെ ചെയ്യുന്നത് ? പറയാം. ഈ പഞ്ചായത്തിലെ സഹകരണ ബാങ്കില്‍, ഇന്ത്യ ഗവണ്ണ്‍മെന്റ് കാശിനു ശകലം മുട്ട് വന്നപ്പോള്‍ നോട്ട് അടിക്കുന്ന അച്ചില്‍ ഒരെണ്ണം പണയം വെച്ചിരുന്നു.(സംഗതി റബറിന്‍റെ കാലമല്ലേ ).അത് അടിച്ചു മാറ്റി ശാന്തമായി നോട്ട് അടിച്ചു ജീവിക്കുക എന്നതാണ് ദാസപ്പന്റെ പ്ലാന്‍.വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാരാധ്യനായ കോര സാറായിരുന്നു ആ ബാങ്കിന്‍റെ പ്രസിഡന്‍റ്റ്. അദേഹം വണ്ടിത്താനം സൂപ്പര്‍ ഫാസ്റ്റില്‍ വെച്ച് ഏതോ അമ്മച്ചിയെ തോണ്ടി എന്ന് പരാതി വന്നപ്പോള്‍ രാജി വയ്ക്കുകയും.ആത്മഹത്യ ചെയ്യുകയും ആണ് ഉണ്ടായതു.അതിനെ തുടര്‍ന്ന് കോരസാറിന്‍റെ വിശ്വസ്ത അനുയായി പള്ളിപ്പുറം ലോനപ്പന്‍ മുതലാളി ദുഖത്തോടെ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.എന്നാല്‍ ഇതു ലോനപ്പന്‍ ആസൂത്രണം ചെയ്ത ഒരു ഗൂഡാലോചന ആയിരുന്നു എന്നും.അതിനായി പീരുമേട് ഗ്രേസിയെ കാശു കൊടുത്തു റെഡി ആക്കുന്ന വീഡിയോ ടേപ്പ് അവിടുത്തെ സ്വകാര്യ ബാങ്കായ മണലൂറ്റു ഗ്രൂപ്പിന്‍റെ ലോക്കറില്‍ വെച്ചിട്ടുണ്ട്.ലോക്കറിന്‍റെ ഒരു താക്കോല്‍ ദാസപ്പന്‍റെ കൈയിലും മറ്റേതു ഇബ്രാഹിം കുട്ടിയുടെ കയ്യിലും ആണുള്ളത്. താക്കോല്‍ എടുത്തിട്ട് (ഇവിടെ നമ്മള്‍ ചുളുവിനു ഈ ഗ്രൂപ്പിന്‍റെ ഒരു പരസ്യം കേറ്റും.സ്വര്‍ണ്ണപ്പണയ രംഗത്ത് വര്‍ഷങ്ങളുടെ ...... ആ ഒരു ലൈന്‍ ).ടേപ്പില്‍ ഗ്രേസിയോടു സംസാരിക്കുന്നതു ഇപ്പോളത്തെ ബങ്ക് സെക്രട്ടെറിയും ലോനപ്പന്‍റെ വിശ്വസ്തനുമായ കുരിശിങ്കല്‍ വറീത് ആയിരുന്നു.വറീതിനെ ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കര്‍ രഹസ്യ നമ്പര്‍ അറിയാന്‍ ശ്രമിക്കുന്ന ദാസപ്പന് നേരിടേണ്ടി വരുന്നത് വറീത് അയച്ച ഇടിയന്‍ പരമുവിന്‍റെ കോട്ടേഷന്‍ സംഘത്തെയാണ്.അവരെ ഇടിച്ചു തോല്‍പ്പിച്ചു (ഇവിടെയും സൂപ്പര്‍ താരം ആണെങ്കില്‍ കാണുമ്പോള്‍ തന്നെ ഗുണ്ടകള്‍ അയ്യോ ഇദ്ദേഹം പണ്ടേ ഭയങ്കര സംഭവമല്ലേ.ആളറിയാതെ ചുമ്മാ ....എന്ന് പറഞ്ഞു കാല്‍ക്കല്‍ വീഴും ) കൂടുതല്‍ കാശു ഓഫര്‍ ചെയ്തു കൂടെ നിര്‍ത്തുന്നു.അങ്ങനെ ദാസപ്പനും ഇബ്രാഹിം കുട്ടിയും ഇടിയന്‍ പരമുവും അടങ്ങുന്ന സംഘം ബാങ്കിലേക്ക് നീങ്ങുന്നു.ഒപ്പം പൂട്ട്‌ തുറക്കാനായി സ്ഥലത്തെ പ്രധാന പൂട് പൊളിക്കാരന്‍ കീടം സാബുവും.അവിടെ ഇടവേള ബാബു .......

ഇനിയോ?

ഇനിയങ്ങോട്ട് മരണ വേഗതിലല്ലേ കാര്യങ്ങള്‍ നടക്കുന്നത്.സംഘം ബാങ്കില്‍ കേറുന്നു.ദാസപ്പന്‍ ലോക്കര്‍ തുറക്കുന്നു (ശാരീരിക ക്ഷമത ഉള്ള ആരേലും ആണ് നായകന്‍ എങ്കില്‍ തല കീഴായി തൂങ്ങിക്കിടന്നു,കൂളിംഗ് ഗ്ലാസും വെച്ച്,പെന്‍ ടോര്‍ച് കടിച്ചു പിടിച്ചു,ഫോണിന്‍റെ ക്വാര്‍റ്റി കീ ബോര്‍ഡ് പോലെയുള്ള ഒരു സാധനത്തില്‍ തട്ടുന്നത് കാണിക്കും.അല്ല സൂപ്പര്‍ താരങ്ങള്‍ ആരേലും ആണെങ്കില്‍ ഞ്ഞാന്‍ പണ്ട് ധാരാവിയില്‍ വെച്ച് ഇതു പോലത്തെ അഞ്ചു സേഫ് ഒരുമിച്ചു തുറന്നിട്ടുണ്ട് എന്നിങ്ങനെ രണ്ടു ഡയലോഗ് അടിക്കുമ്പോള്‍ സേഫ് പേടിച്ചു തന്നെ തുറക്കും).പിന്നെ അങ്ങോട്ട്‌ ഇടിയന്‍ പരമുവും ഇബ്രഹിം കുട്ടിയും ദാസപ്പനെ ഒറ്റപെടുത്തി നോട്ടടിക്കുന്ന സാധനം കൊണ്ട് പോകാന്‍ നോക്കുന്നു.ഇതിനിടെ ലില്ലികുട്ടിയും മാത്തച്ചനും സംഭവ സ്ഥലത്ത് തികച്ചും യദ്രിചികമായി എത്തിച്ചേരുന്നു.

പിന്നെ അകെ ബഹളം വെടി പട.ദാസപ്പന്‍ ബാങ്കിന് പുറത്തു വരുന്നു.ഇബ്രാഹിം കുട്ടിയും ഇടിയന്‍ പരമുവും ബാങ്കില്‍ വന്ന കുറെ നാട്ടുകാരെ ബന്ദി ആക്കുന്നു.ദാസപ്പന്‍ ലില്ലിയുമായി ചേരുന്നു.താന്‍ ശരിക്കും നല്ലവന്‍ ആണെന്നും വില്ലന്മാര്‍ മറ്റവര്‍ ആണെന്നും പറയുന്നു ഒരുമിച്ചു,തോളോട് തോള്‍ ചേര്‍ന്ന് ദാസപ്പനും ലില്ലി കുട്ടിയും തോക്കുമായി ബാങ്കിലേക്ക്.പിന്നെയും വെടി,ചാട്ടം,കരണം മറിച്ചില്‍. ലില്ലികുട്ടിക്കു വെടി കൊള്ളുന്നു.ദാസപ്പന്‍ എല്ലാരേയും തല്ലി വീഴ്ത്തുന്നു.ബന്ദിപ്പണി ഏറ്റെടുക്കുന്ന ദാസപ്പന്‍ കേരളത്തില്‍ തന്‍റെ പേരില്‍ ഉള്ള എല്ലാ കുറ്റങ്ങളും പിന്‍വലിക്കണം എന്നും കുറ്റം ചാര്‍ത്തിയതിനു മാപ്പും പറയണം എന്നും ആവശ്യപ്പെടുന്നു.വറീത് അമ്പതു രൂപ മുദ്രപത്രത്തില്‍ സംഗതി എഴുതി ഒപ്പിട്ടു കൊടുക്കുന്നു (അല്ല പിന്നെ ).തന്‍റെ കള്ളക്കടത്ത് സംഘത്തെ കുറിച്ചുള്ള സകല വിവരവും അടങ്ങുന്ന ടേപ്പ് മാത്തച്ചനു കൊടുത്തിട്ട് സ്ലോമോഷനില്‍ നടന്നകലുന്ന ദാസപ്പന്‍.
ഇനിയുള്ള അഞ്ചു മിന്ട്ടാണ് പ്രധാനം.കിട്ടുന്ന ടേപ്പില്‍ മാത്തച്ചന്‍ കാണുന്നത് രഹസ്യങ്ങള്‍ മാത്രമല്ല വറീതും ഗ്രേസിയും ആയുള്ള സംഭാഷണം കൂടിയാണു.കുപിതനായ മാത്തച്ചന്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് വറീതിനെ മാത്രമല്ല ദാസപ്പനെ എതിര്‍ത്തിരുന്ന സകല കള്ളക്കടത്തുക്കാരെയും ഒറ്റയടിക്ക് പോക്കുന്നു.നേരത്തെ ബാങ്കില്‍ നടന്ന കൂട്ട വെടിവയിപ്പിനിടയില്‍ ദാസപ്പന്‍ നോട്ട് ഉണ്ടാക്കാനുള്ള അച്ച് കീടം സാബുവിന് കൊറിയര്‍ ആയി അയച്ചിരുന്നു എന്നും ഡ്യൂപ്ലിക്കേറ്റ്‌ അച്ച് ആണ് വെടി വൈപ്പിനിടയില്‍ നശിച്ചത് എന്നും പറഞ്ഞു അന്നകുട്ടിയുമായി നടന്നകലുമ്പോള്‍ (ഇതിനകം കീടം സാബു കൊറിയറില്‍ വന്ന അച്ച് കൊണ്ട് കൊടുക്കുന്നുണ്ട്) പടം തീരുന്നു.പിന്നെ ക്രെഡിറ്റിസ് കാണിക്കുമ്പോള്‍ വിരഹാര്‍ത്തയായ ലില്ലികുട്ടിയുടെ ഒരു മാദകനൃത്തം കൂടി കാണിക്കുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സാമൂഹ്യ,സമകാലീന,ത്രില്ലര്‍ അവസാനിക്കുന്നു.എങ്ങനെയുണ്ട്?

രണ്ടു കാരണങ്ങള്‍ കൊണ്ട് ഇതു നടക്കില്ല ഒന്ന് ആദ്യം ഡൈ ഹാര്‍ഡ് ഉണ്ടാക്കണോ oceans eleven ഉണ്ടാക്കണോ എന്ന് ആദ്യം തീരുമാനിക്കണം രണ്ട് നമ്മുടെ ഫര്‍ഹാന്‍ അക്തര്‍ നമ്മുടെ ഷാരൂഖ്‌ഖാനെ നായകനാക്കി എടുത്ത ഡോണ്‍ 2 എന്നാ ചിത്രത്തിന്‍റെ കഥയും ഇതാണ് .

സത്യം തന്നേടെ ഈ പറയുന്നത്? അപ്പോള്‍ എന്‍റെ ഭാവന .....

അണ്ണാ ഇങ്ങേരുടെ ഭാവനയും കാവ്യാ മാധവനെയും ഒക്കെ അവിടെ വെച്ചിട്ട് പോയി ഡോണ്‍ 2 കണ്ടു നോക്ക്.ഈ പറഞ്ഞതൊക്കെ തന്നെയാ സംഗതി.പിന്നെ ഹിന്ദിയില്‍ ആകുമ്പോള്‍ കുറച്ചു കൂടി കാശൊക്കെ ഇറക്കി പോഷ് ആക്കിയിട്ടുണ്ട് എന്ന് മാത്രം.പാവം മലയാളിയെ പേടിപ്പിക്കാന്‍ അത് മതിയല്ലോ.റാവണ്ണ്‍ കണ്ടു പണ്ടാരം ജനങള്‍ക്ക് ഈ ചിത്രം ഒരു ആശ്വാസം ആയേക്കാം എന്ന് മാത്രം.

അല്ല ഇതിന്‍റെ സംവിധായകന്‍ മാത്രമല്ല പല പ്രമുഖ നിരൂപകരും ഇതിനെ ഡോണ്‍ 1 ന്‍റെ തുടര്‍ച്ചയായി കാണരുത് എങ്കില്‍ നിരാശപ്പെടേണ്ടി വരും എന്ന് പറയുന്നുണ്ടല്ലോ?

പിന്നെ എങ്ങനെ കാണണം?അനിയാ ഇതു ഫര്‍ഹാന്‍ അക്തര്‍ പണ്ടും പറഞ്ഞതാണ്‌ അമിതാബ് അഭിനയിച്ച ഡോണ്‍ എന്ന സിനിമയുടെ പേരും അതിലെ തകര്‍പ്പന്‍ ഡയലോഗുകളും മറ്റും ഒക്കെ ഉപയോഗിച്ചിട്ടു ഇതിനെ പഴയ ഡോണും ആയിട്ടു
താരതമ്യപ്പെടുത്തരുത് എന്ന് പറയുന്ന പോലെയാണ് ഇതു?അങ്ങനെ കാണരുത് എങ്കില്‍ വല്ല ബദലേ കി ആഗ് എന്നോ മറ്റോ പേരിട്ടു ഇറക്കണം ആയിരുന്നു ഈ ചിത്രം.ഇവനൊക്കെ പഴയ പടത്തിന്‍റെ നല്ലത് ഒന്നുംവിടാതെ വേണം വെല്ലുവിളി ഒന്ന് പോലും ഏറ്റെടുക്കാന്‍ വയ്യ.അതല്ലേ സത്യം?

.പടം തുടങ്ങുമ്പോള്‍ ഡോണ്‍ ഏഷ്യയിലെ വലിയ മയക്കുമരുന്ന് വ്യാപാരി.യുറോപ്പിലേക്ക് കച്ചവടം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. യുറോപ്പിലെ ഇപ്പോളുള്ള കച്ചവടക്കാരാണ് ഡോണിന്‍റെ ശത്രുക്കള്‍.അവരെ കുറിച്ചുള്ള സകല രഹസ്യങ്ങളും ഡോണിന്‍റെ കൈവശം ഉണ്ട് (അല്ലെങ്കില്‍ അവസാനം അവരെ അറസ്റ്റ് ചെയ്യണ്ടല്ലോ).ഇതു ആദ്യം തന്നെ പോലീസിന് കൊടുത്താല്‍ സംഗതി കഴിഞ്ഞില്ലേ. ഇതൊരു മാതിരി ശിക്കാര്‍ പടത്തില്‍ ലക്ഷ്മി ഗോപാല സ്വാമി ആത്മഹത്യ ചെയ്യ്തത് പോലെ ആയില്ലേ ? അതോ ഞാന്‍ വല്ലതും വിട്ടു പോയതാണോ ?

5 comments:

 1. ചൈന ടൌണ്‍ , ദി ട്രെയിന്‍ മാത്രം അല്ലടോ, തേജ ഭായ് ആന്‍ഡ്‌ ഫാമിലി എന്നാ ഭൂലോക ത്രില്ലെര്‍ കോമഡി ആക്ഷന്‍ പടം കൂടി ണ്ട്. തന്റെ ഒടുക്കത്തെ അണ്ണാ വിളി ഒന്ന് നിര്‍ത്താമോ ? സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്ന് കളിയാക്കുന്ന താന്‍, ആദ്യം തന്റെ പതിനെട്ടാം നൂറ്റാണ്ടിലെ ശൈലി ഒന്ന് മാറ്റ്. തനിക്കൊരു വിചാരം ഉണ്ട്, താന്‍ ഭയങ്കര കോമഡി ആണ് അടിക്കുന്നത് എന്ന്. കാല്‍ കാശിനു കൊള്ളാത്ത, പുളിച്ച സാമ്പാറു പോലത്തെ തന്റെ ഈ ചളിയടി ഒന്ന് നിര്‍ത്താമോ ?

  ReplyDelete
 2. അനിയാ,അനോണി കേട്ടിടത്തോളം അനിയന്‍റെ ഉന്നത നിലവാരത്തിന് അനുസരിച്ച് എഴുതാനുള്ള പാങ്ങ് എനിക്കില്ല.അനിയന്‍ ക്ഷമി .അനിയന്‍ ഈ ജാതി അഴുക്ക ബ്ലോഗൊന്നും വായിക്കേണ്ടവനേ അല്ല,കൊള്ളാവുന്ന നിലവാരമുള്ള ബ്ലോഗൊക്കെ വായിക്കണം.ധീരന്മാരും ചങ്കൂറ്റം ഉള്ളവരുമായ ബ്ലോഗര്‍മാര്‍ക്ക് വല്ല കുറവും ഉള്ള നാടാണോ നമ്മുടെ കേരളം? അതൊക്കെ വായിച്ചാല്‍ അനിയനും ഒരു മനസമാധാനം.ഏതു? അപ്പോള്‍ ശരി എല്ലാം പറഞ്ഞ പോലെ.അതല്ലേ നല്ലത് ? (ഇത് സംഗതി കോമഡിയേ അല്ല കേട്ടോ )

  ReplyDelete
 3. one of the most madan padam I have ever seen....cash erakkiyaal ellam ayenna!!

  ReplyDelete
 4. അതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒന്ന് ... ഈ പോസ്റ്റില്‍ ഇട്ടിടുണ്ട്... :)

  http://purambokkilanjucent.blogspot.com/2011/12/blog-post_31.html

  ReplyDelete