Showing posts with label മലയാളം സിനിമ. Show all posts
Showing posts with label മലയാളം സിനിമ. Show all posts

Thursday, September 19, 2013

ഡി കമ്പനി (ഇവിടെയും രക്ഷയില്ല !!)

അണ്ണാ  ഈ പല സിനിമകളുടെ ഒരു സമാഹാരം  എന്ന് പറയുമ്പോൾ സംഗതി ആകെപ്പാടെ കിടിലം ആയിരിക്കും അല്ലേ ?

മനസിലായി നിനക്കിപ്പം ഡി കമ്പനിയുടെ വിശേഷങ്ങൾ  അറിയണം അല്ലിയോ ? അതിനല്ലേ ഈ തല ചൊരിഞ്ഞു നില്ക്കുന്നെ ? അനിയ നിനക്ക് പൊയി  പടം കണ്ടു കൂടെ ?

അണ്ണാ അതൊക്കെ അണ്ണൻ എന്നെകിലും ഒരു നിരൂപകൻ ആകുമ്പോൾ മനസിലാകും .അണ്ണൻ ഇവിടിരുന്നു ഈ തള്ളെ പിള്ളേ എന്ന് പറയുന്ന സാധനം ഒരു വ്യവസ്ഥാപിത ഭാഷയുടെ അത്യുന്നതങ്ങളിൽ എത്തിക്കാൻ ഞാൻ പെടുന്ന പാട് വല്ലത്തും  നിങ്ങൾക്ക്  അറിയണോ ?

ശരി ആ പാട്  നീ തന്നെ വെച്ചോ . രാം ഗോപാൽ വർമ്മയെ പോലുള്ളവരാണ്  ഈ ഒരു സംഭവം നമ്മുടെ നാട്ടിൽ എത്തിച്ചത് എന്നാണ് എന്റെ വിശ്വാസം .സംഗതി അടിസ്ഥാനപരമായി നമ്മുടെ ചെറുകഥ സമാഹാരത്തിന്റെ  ഒരു സിനിമാ രൂപമാണ്‌ .ട്വന്റി ട്വന്റി  എന്ന ചിത്രം മലയാളത്തിൽ നേടിയ ഭയങ്കര വിജയമാണ് ഇവിടെ ഈ സംഗതിയുടെ വിത്ത് പാകിയത്‌ എന്ന് ഞാൻ കരുതുന്നു .മുൻപ് പറഞ്ഞത് പോലെ ട്വന്റി ട്വന്റി  എന്ന ചിത്രത്തെ ഒരു ബൌധിക ഫോർമാറ്റിൽ ഇറക്കാനുള്ള ശ്രമമായിരുന്നു  കേരള കഫെ എന്ന് ഞാൻ വിശ്വസിക്കുന്നു . എന്നാൽ അപൂർവമായി മാത്രം തിരിച്ചറിവ് ഉണ്ടാകുന്ന ആൾ എന്ന്  ഞാൻ വിശ്വസിക്കുന്ന ഈ ലാലേട്ടൻ ഈ പരിപാടിയിൽ നിന്ന് സ്കൂട്ട് ആയതോടെ പണി പാളി  (അല്ലായിരുന്നെങ്കിൽ  ഇരുവരുടെയും ആരാധകർ , ലോക്കൽ ബുദ്ധിജീവികൾ അങ്ങനെ ആബാല വൃദ്ധം ജനങ്ങളും  ഇടിച്ചു കേറി കണ്ടു ഇന്നും ഓണ്‍ ലൈനിലും ഓഫ്‌  ലൈനിലും ലാലോ മമ്മൂട്ടിയോ മികച്ച അഭിനയം കാഴ്ച വെച്ചത് എന്ന് തർക്കിച്ചു  മരിച്ചേനെ !!!).മുഴുവൻ ഒറ്റയ്ക്ക് വിഴുങ്ങാതെ ഈ താരങ്ങളുടെ നിർമ്മാണ കമ്പനി കളുമായി സഹകരിച്ചു ഈ ചിത്രം നിർമ്മിച്ചിരുന്നു എങ്കിൽ മേല്പ്പറഞ്ഞത്‌ തന്നെ ഇവിടെ നടന്നേനെ .പറഞ്ഞിട്ടെന്താ പോയ ബുദ്ധി തിരിച്ചു കിട്ടുമോ ?

അല്ല കാട് കേറുന്നു .....

മനസിലായി . ദാ  വന്നു ..... ഇങ്ങനത്തെ സിനിമകളിൽ എനിക്കുള്ള താല്പര്യത്തിന്റെ ഒരു കാരണം സംവിധായകർക്ക്  വലിയ സമ്മർദ്ദം ഇല്ലാതെ പ്രവർത്തിക്കാം എന്നതാണ് .ഇവരൊക്കെ സ്ഥിരമായി പറയുന്നത് പോലെ മനസ്സിൽ ഉള്ള എന്നാൽ ഇവിടത്തെ നാറിയ പ്രേക്ഷകര കാരണം എടുക്കാൻ പറ്റാത്ത സിനിമയൊക്കെ എടുക്കാനുള്ള നല്ലൊരു സാധ്യത . വലിച്ചു നീട്ടി രണ്ടര മണികൂർ തികയ്ക്കേണ്ട ഗതികേട് ഇല്ലാത്ത അവസ്ഥ .(അതൊക്കെ കൊണ്ടാണ് ഒരു പക്ഷെ അഞ്ചു സുന്ദരിമാരിലെ  ഗൌരി പോലെ നമ്മെ എന്നും വേട്ടയാടുന്ന ചിത്രങ്ങൾ നമുക്ക് കിട്ടുന്നതും ).

അതൊക്കെ ശരി ഈ  സിനിമ ...?

അനിയാ മൂന്ന് സിനിമകളാണ് ഈ സംരംഭത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്  പദ്മകുമാർ  സംവിധാനം ചെയ്ത ജി എസ്  അനിൽ  എഴുതിയ ഒരു ബോളിവിയൻ ഡയറി 1995  (സമുദ്രക്കനി , ആസിഫലി , അനന്യ  തുടങ്ങിയവര അഭിനയിക്കുന്നു )  രണ്ടാമത്തേത്  ഗ്യാങ്ങ്സ്  ഓഫ്  വടക്കുംനാഥൻ  അനുപ് മേനോൻ  എഴുതി  ദീപൻ സംവിധാനം ചെയ്യുന്നു (അനൂപ്‌ മേനോൻ , ജയസൂര്യ ,ഉണ്ണി മുകുന്ദൻ  തുടങ്ങിയവർ  അഭിനയിക്കുന്നു ). ഉള്ളതിൽ  ഏറ്റവും വലിയ ചിത്രം മൂന്നമാത്തേതാണ്  ജഡ് ജ് മെന്റ്   ഡേ  (ഫഹദ് ഫാസിൽ , ഭാമ തുടങ്ങിയവര ഈ ചിത്രത്തിൽ അഭിനയിക്കുന്നു ) .

ഇനി വിശദമായി .ബൊളിവിയൻ ഡയറിയിൽ നിന്ന് തുടങ്ങാം .പൊതുവെ പത്മകുമാർ എന്ന സംവിധായകന്റെ ചിത്രങ്ങൾക്ക് ഒരു വരണ്ട പ്രതീതി ആണ് എനിക്ക് തോന്നാറ് (അദ്ദേഹത്തിന്റെ എനിക്കിഷ്ടപെട്ട ചിത്രങ്ങൾക്ക്  പോലും ) .അതിനെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ മിക്കവാറും അദ്ദേഹം ചെന്നെത്തുന്നത് പരുന്തിലും ഷിക്കാരിലും ഒക്കെയാണ് .പത്മകുമാർ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നവര്ക്ക് ഈ ചിത്രം നിരാശയായിരിക്കും സമ്മാനിക്കുക .ഒന്നാമതായി നെക്സലിസം പോലെയുള്ള കേരളത്തിൽ  എങ്കിലും കാലഹരണപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ കഥ നമ്മുടെ കാലഘട്ടത്തിൽ പറയുമ്പോൾ പ്രത്യേകിച്ചു ട്വിസ്റ്റ്‌ ഒന്നും തന്നെ ഇല്ലാ എങ്കിൽ ബോറടിക്കുന്നത് സ്വാഭാവികം .

അങ്ങനെ പറയാൻ പറ്റുമോ ? ഇന്നും നമ്മുടെ നാട്ടിലെ വയനാട് പോലുള്ള സ്ഥലങ്ങളിലെ ആദിവാസി ഉരുകളുടെ സ്ഥിതി പരമ ദേനീയം തന്നെ അല്ലേ .അപ്പോൾ ഇതു പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി ....

ഉണ്ടയാണ് ..... അനിയാ നമ്മുടെ ഈ സമത്വ സുന്ദരമായ ഭരണകൂടം  ഉണ്ടല്ലോ അത് വന്നിട്ട് ആരെ സൌകര്യത്തിനു   കിട്ടിയാലും ചൂഷണം ചെയ്യും . (ഇവിടെ സൌകര്യത്തിനു കിട്ടിയാൽ എന്നതിന് സ്വന്തം അവകാശങ്ങളെ പറ്റി  ബോധം ഇല്ലാത്തവൻ എന്നും  ഭരണകൂടം എന്നതിന് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേരുന്ന ഭരണ യന്ത്രം എന്നുമാണ് വിവക്ഷ ).ഇവരുടെ അവസ്ഥയിൽ വിഷമം ഉള്ളവർ ചെയ്യാൻ  അവർക്കു  വിദ്യാഭ്യാസം കൊടുക്കാൻ മുൻകൈ എടുക്കുക അവർക്ക് ഭരണകൂടം നല്ക്കുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ നിയമം കൊണ്ട് നേരിടുക അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നിരിക്കെ ഇവരുടെ അവസ്ഥ മുതലെടുത്ത്‌ ഇവരെ സായുധ വിപ്ലവത്തിന് പ്രേരിപ്പിക്കുന്നത് ഇവരോടുള്ള പ്രേമം കൊണ്ട് മാത്രമാണ് എന്ന് പറയുന്നത് നമ്മുടെ കാലത്തേ കേരളത്തിൽ  വിശ്വസിക്കാൻ പാടാണ് .

അതെന്തോ ആകട്ടെ എവിടെ ഈ സിനിമയിൽ മലയാളി അല്ലാത്ത, ഇന്ത്യൻ ഭരണകൂടം തിരയുന്ന  നെക്സലെറ്റ്  നേതാവ്  ചൌക്കീദാർ (സമുദ്രക്കനി ) അയാളെ പിടികൂടാനായി പോലീസ് കസ്റ്റഡിയിൽ എടുത്തു ഭേദ്യം ചെയ്യുപ്പെടുന്ന  ആദിവാസി ചിന്നൻ ( ആസിഫലി ) സ്വന്തം ജീവൻ അപകടത്തിൽ ആക്കികൊണ്ട് പോലും നേതാവിനെ രക്ഷിക്കുന്ന ചിന്നൻ .ചിന്നനെ ഭേദ്യം ചെയ്തു കൊല്ലുന്ന പോലീസെ ഉദ്യോഗസ്ഥന്  ഭരണ കൂടം മെഡൽ കൊടുക്കുന്ന വാർത്ത‍ വായിക്കുന്ന ചാനൽ പ്രവർത്ത കയുടെ ഓർമ്മകളിൽ നിന്നാണ് കഥ തുടങ്ങുന്നത് . ഒരു വളിച്ച ക്ലൈമാക്സ്‌ കൂടെയാകുമ്പോൾ സംഗതി തികഞ്ഞു .

പക്ഷെ ഈ വക കുറവുകൾ ഒക്കെ ഉണ്ടെങ്കിലും പുറകെ വരുന്ന സാധനങ്ങൾ വെച്ച് നോക്കിയാൽ ഇതു ഭേദമാണ്  എന്ന് പറയേണ്ടി  വരും.അടുത്തത്   ഗ്യാങ്ങ്സ്  ഓഫ്  വടക്കുംനാഥൻ  പാവങ്ങളുടെ മോഹൻലാൽ എന്ന് അടിവരയിട്ടു പറയാവുന്ന ,എല്ലാമറിയുന്ന സർവ ശ്രീ അനൂപ്‌ മേനോനും ഒന്നുമറിയാത്ത ദീപനും ചേർന്നോരുക്കുന്ന ചിത്രം .മങ്കാത്ത പോലെ    എത്ര സിനിമയിൽ നിന്നും വെട്ടിയാണ്  ഇങ്ങനെ ഒരു സാധനം അദ്ദേഹം  ഒപ്പിച്ചെടുത്തത്  എന്ന് ദൈവത്തിനു അറിയാം (കോപ്പി അടിക്കുന്നവരോട് , ആ പണി വൃത്തിയായി ചെയുന്ന പക്ഷം എനിക്ക് യാതൊരു വിരോധവും  ഇല്ല എന്ന് കൂടി പറഞ്ഞോട്ടെ ). അദ്ദേഹത്തിന്  എല്ലാം അറിയാവുന്നത് കൊണ്ടാകണം , സിനിമ കഴിഞ്ഞും കാണികൾക്ക് മനസിലാകാത്ത കാര്യങ്ങൾ   നേരിട്ട് ചോദിച്ചാൽ മതി എന്ന ഭാവത്തിൽ ആണ് സിനിമ അവസാനിപ്പിക്കുന്നത് .(അവസാനം എന്തിനായിരുന്നു ഈ നടന്ന മൊത്തം  സർക്കസ്  എന്നൊരു ചോദ്യം മാത്രം കാണികളിൽ അവശേഷിക്കും ) . എടുത്തു പറയേണ്ടത് വരാൽ  ജയ്‌ സണ്ണ്‍  ആയി അഭിനയിക്കുന്ന ജയസൂര്യയുടെ പ്രകടനമാണ് (പക്ഷെ എന്ത് കാര്യം ).

പക്ഷെ മൂന്നാമത്തേത് ...... അവനല്ലേ താരം  ഫഹദ് ഫാസിലിന്റെ  ആ ക് ഷ ൻ  സൈക്കോ ത്രില്ലർ

അതെ അനിയാ രണ്ടാം പകുതി മൊത്തം നിറഞ്ഞു നിൽക്കുന്നത് ആ കലാസ്രിഷ്ട്ടിയാണ് . ഒരു ഡോക്ടർ ആയ  സുനിൽ  മാത്യു (ഫഹദ് ഫാസിൽ ) അയാളുടെ ചെറിയ തോതിൽ മാനസിക അസ്വസ്ഥത (ഡിപ്രഷൻ ) ഉള്ള ഭാര്യ ജീന (ഭാമ ) ഒരു ദിവസം  ബാൽക്കണിയിൽ നിന്ന് വീണു മരിക്കുന്നു  ഒന്ന് രണ്ടു ദിവസത്തിന് അകം അയാളുടെ ഭാര്യയുടെ  ഉടമസ്ഥതയിൽ ഉള്ള വില്ലയിൽ നിന്നും ഒരു ശവം കിട്ടുന്നു .ചോദ്യം ചെയ്യലിനായി  ഒരു ദിവസം വെളുപ്പിന് മുതൽ  രാത്രി വൈകി  ഉള്ള സമയം വരെ  പോലീസെ സ്റ്റേഷനിൽ  ചെലവഴിക്കുന്ന മണിക്കൂറുകളാണ് ഈ ചിത്രത്തിന്റെ പ്രമേയം . സംഗതി  മൊത്തത്തിൽ നായകന്റെ ഓർമ്മകളിലൂടെ വികസിക്കുന്നു .

പണ്ട് നമ്മുടെ മമ്മുട്ടി അഭിനയിച്ച ചരിത്രം മുതൽ ഇത്തരം പ്രമേയങ്ങൾ സിനിമ ആക്കിയിട്ടുണ്ട് . തുടക്കത്തിൽ  കാണുന്നവരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി ഉളവാക്കുന്നു എങ്കിലും ഏതാണ്ട് പകുതിയോടെ  ഈ പൊലിസ്സുകാർക്ക്  വേറെ ഒരു പണിയും ഇല്ലെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്‌ പടം കൊണ്ടുപോകുന്നത്  .ഇവിടെ പ്രായപൂർത്തി അകാത്ത പെണ്‍കുട്ടിയെ കെട്ടിക്കാനും ആണിനു  പീഡനം നടത്താൻ കഴിയുന്ന നാട്ടിൽ (ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു അഥവാ പൂച്ച ഏതു നിറമായാലും എലിയെ പിടിച്ചാൽ മതി .. ഇതാണ് ശരിക്കും മതേതരത്വം !!!) ഒരുത്തനെ  ഇല്ലാത്ത കാര്യം പറഞ്ഞു സമ്മർദത്തിൽ ആക്കിയിട്ടു അവസാനം അയാളോട് അടുത്ത ഒരാളെ കൊണ്ട് വഴക്കുണ്ടാക്കി അതിനിടയിൽ "നീയല്ലേടാ നിന്റെ ഭാര്യയെ കൊന്നത് " എന്ന് ചൊദിപ്പിച്ചു  കുറ്റം സമ്മതിപ്പിക്കുന്ന രീതി  ഒക്കെ കാണുന്നവരിൽ ചിരി ഉളവാക്കുന്നു എങ്കിൽ  അത് ഈ ചിത്രം ഒരുക്കിയവരുടെ മാത്രം കുറ്റമാണ് . ഇനി ഇതു കൊണ്ട് തീര്ന്നു എന്നും കരുതരുത് അവസാന നിമിഷം ഒരു കൊച്ചു അനൂപ്‌ മേനോൻ ആയി മാറുന്ന സുനിലിനു പ്രത്യേകിച്ചു ഒരു പ്രകോപനവും  ഇല്ലാതെ  എല്ലാം മനസിലാകുകയും  (അതായിതു  പോലീസ്സുകാരുടെ കയ്യിൽ നിന്നും സുഹൃത്തിന്റെ വീട്ടിനു മുന്നില് എത്തുമ്പോൾ അകത്തു പോലീസ്സുകാർ ഒളിക്യാമറയുമായി പതിയിരിപ്പുണ്ട്  എന്നും അവിടെ വെച്ച് സുഹൃത്തുമായി ഇടയിച്ചു  സൂത്രത്തിൽ കുറ്റം സമ്മതിപ്പിക്കാനാണ് പരിപാടി എന്നും അയാള്ക്ക് മനസിലാകുന്നു) . ഇനി നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും ?

കൂൾ ആയി സുഹൃത്തിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ സംസാരിച്ചു മടങ്ങും .ഒരു കാരണവശാലും  ഭാര്യയുടെ മരണത്തെ പറ്റി  പ്രതികൂലമായി ഒന്നും പറയാതിരിക്കും . പോലീസുകാർ  ശശി ......

പക്ഷെ അങ്ങനെ ചെയ്താൽ ഈ പണ്ടാരം തീർക്കണ്ടേ .... ഫഹദ്  കൂൾ ആയി "വണ്ടി ബസ്‌ സ്റ്റൊപ്പിലെക്കു  വിട് " എന്ന് ഡ്രൈവറോട്  പറയുന്നു ബസ്സിൽ രക്ഷപ്പെടുന്ന ഇയാളുടെ ഓർമ്മകൾ ആണ് ഈ ചിത്രം . കാണുന്നവനെ ശശി എന്നോ സോമൻ  എന്നോ നാട്ടു നടപ്പ് പോലെ വിളിക്കാം

അപ്പോ  ചുരുക്കത്തിൽ

ഒരു സിനിമയും കഴിയുമ്പോൾ മുൻപത്തേത് ഇതിലും ഭേദം ആയിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചിത്ര സമാഹാരം

Friday, September 13, 2013

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് (മറ്റൊരു കോപ്രായം !!!)

അണ്ണാ ... പുതുമ .. പുതുമ ....എങ്ങോട്ട്   തിരിഞ്ഞാലും പുതുമ

കളയെടെ .. കേട്ട് കേട്ട്   മടുത്തു ... നീ എപ്പോൾ ആരുടെ പുതുമയെ പറ്റിയാ  പറയുന്നേ

അണ്ണൻ ചുമ്മാ പൊട്ടാൻ കളിക്കാതെ .. ലാലേട്ടന്  ലോകപാലം  വലിച്ചതിന്  പകരമായി  മറ്റേ സുപ്പർ  താരത്തിന്റെ ഏതോ ആരാധക തലൈവൻ നിർമ്മിച്ച്‌ പുതുമുഖം മാർത്താണ്ടൻ സംവിധാനം ചെയ്യുന്ന  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്  ഇറങ്ങിയില്ലേ. പ്രസ്തുത പടത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്  സ്ഥലം യുഗപ്രഭാവനായ  ശ്രീ ബെന്നി പി  നായരമ്പലമാണ് എന്ന് അറിയാമല്ലോ   വേഗം അതിന്റെ വിശേഷം പറഞ്ഞാൽ എനിക്ക് സ്ഥലം അഹങ്കാരി പട്ടം കഴിഞ്ഞ ദിവസം അസിഫലിയിൽ നിന്നും എറ്റു  വാങ്ങിയ  ശ്രീ നിവിൻ പോളിയെ അപലപിച്ചു കൊണ്ട് ഉള്ള സമ്മേളനത്തിൽ പ്രസംഗിക്കാൻ ഉള്ളതാ. തീരെ സമയമില്ല അണ്ണാ . സമയം വൈകിയാൽ വേറെ ആരെങ്കിലും അഹങ്കാരി പട്ടം ഏറ്റെടുത്താലോ ?

എന്നാലും ഇവന്റെ ഒക്കെ അഹങ്കാരമേ .വന്നു വന്നു ലാലേട്ടന്റെ ഒക്കെ ഫോണ്‍ എടുക്കാതിരിക്കുക എന്നൊക്കെ പറഞ്ഞാൽ .......

ക്രിമിനൽ കുറ്റം തന്നെ അനിയാ ...പാവം അവൻ പേടിച്ചിട്ടായിരിക്കും എടുക്കാത്തത്  . ഫഹദ് ഫാസിലിനെ കണ്ടില്ലേ ഒരു വിധം തട്ടി മുട്ടി പോയികൊണ്ടിരുന്നതാ ആ റെഡ് വൈൻ എന്ന ഒറ്റ പടത്തോടെ ജനത്തിന് ആ നടനെന്ന് കേട്ടാൽ പേടിയായി തുടങ്ങി . സത്യത്തിൽ ആ പടത്തിൽ ഉള്ളതിൽ ഭേദം അയാളായിരുന്നു എന്നതാണ് വാസ്തവം .പറഞ്ഞു വരുമ്പോൾ നന്നായാൽ ക്രെഡിറ്റ്‌ സുപ്പറിനു ( അപ്പൊ l ഇവനൊക്കെ അഭിനയിച്ചു എന്നൊക്കെ വല്ല പത്രവും ഒരു വരിയോ മറ്റോ പറഞ്ഞാലായി ) പൊട്ടിയാൽ പഴി മൊത്തത്തിൽ  ഇവർക്കൊക്കെ . വിവരമുള്ള ആരും ഫോണ്‍ എടുക്കില്ല അനിയാ .

എന്നാലും അഹങ്കാരം ....

വിട്  അനിയാ .. നമ്മൾ പറഞ്ഞു വന്നത് .. ഓ  ക്ലീറ്റസ് ..

ആ അതേ

നേരത്തെ പറഞ്ഞ മഹാന്മാർ കൂടാതെ  നടീ  നടന്മാരായി മമ്മൂട്ടി , ഹണി റോസ് / ധ്വനി , പി  ബാലചന്ദ്രൻ , സുരാജ് , സനം ഷെട്ടി  (അംബുലി  ഫെയിം ), വിജയരാഘവൻ , സിദ്ദിഖ് ,തെസ്നിഖാൻ , കൈലാഷ് ... ഇങ്ങനെ ഒരു വമ്പൻ  താര നിരയാണ് ഈ ചിത്രത്തിൽ അണി  നിരക്കുന്നത് .

ഇതാണോ അണ്ണാ ഈ പറഞ്ഞ വൻ താര  നിര ?

ചുമ്മാതിരി .. എപ്പോൾ വന്നു വന്നു നായിക മുതൽ ഒന്നിനെയും കിട്ടാതെ ഈ കാലഹരണപ്പെട്ട സുപ്പർ താര ചിത്രങ്ങൾ തീർക്കുന്ന പാട്  അവർക്കറിയാം . ഈ സാറ്റ്ലൈറ്റ് റൈറ്റ് തീരുന്ന ദിവസം ഇവരുടെ കച്ചവടവും തീരും എന്നതാണ് സത്യം

അല്ല അപ്പോൾ ഈ സിനിമ

മോശപ്പെട്ട സാഹചര്യത്തിൽ ജീവിക്കുന്ന ഒരാൾ ഒരു നല്ല കഥാപാത്രമായി ഒരു കലാരൂപത്തിൽ അഭിനയിക്കുന്നതും അഭിനയം പുരോഗമിക്കുന്നതോടെ അയാളിൽ വരുന്ന മാറ്റങ്ങളും എന്ന കൊള്ളാവുന്ന ഒരു ത്രെഡിൽ ആകണം ഈ സിനിമയുടെ ആലോചനയുടെ തുടക്കം .പറഞ്ഞു വന്നാൽ എങ്ങനത്തെ ഒരു സാധനം എങ്ങനെ എടുക്കണം എന്ന് രംഗ് ദേ ബസന്തി പോലുള്ള സിനിമകളിൽ കൂടി വിവരം ഉള്ളവര നമുക്ക് കാണിച്ചു തന്നിട്ടുണ്ട്


പിന്നങ്ങോട്ട്  സംഗതി പോകുന്ന വഴി ഇങ്ങനെ ആയിരിക്കാനാണ്‌ സാധ്യത .

ചോദ്യം എന്ത് കലാരൂപം ?
ഗ്രാമീണ പശ്ചാത്തലത്തിൽ ആകുമ്പോൾ നാടകമേ പറ്റു .
ശരി നാടകം എങ്കിൽ നാടകം .ഇപ്പോൾ ട്രെൻഡ് ഇടവക ,പള്ളി , അച്ചൻ , കപ്യാർ, പള്ളി കമ്മറ്റി   സെറ്റ് അപ്പിനായതിനാൽ ഒരു ഇടവകയിൽ പള്ളി വകയായി നടത്തുന്ന നാടകം .
അപ്പോൾ പിന്നെ വിപ്ലവം ഒന്നും പറ്റില്ല .
സാരമില്ല നമുക്ക് മിശിഹാ ചരിത്രം പിടിക്കാം പോരെ .
അപ്പോൾ നായകൻ കർത്താവായി  അഭിയിക്കട്ടെ അല്ലേ
പിന്നല്ലാതെ . പക്ഷെ നായകൻ ആദ്യമേ നല്ലവൻ ആകാൻ പാടില്ല  എങ്കിലല്ലേ കഥാപാത്രമായി അഭിനയിച്ചു നന്നാകാൻ പറ്റു
അതിനെന്താ നായകനെ ഒരു ഗുണ്ട ആക്കാം
അപ്പോൾ ഒരു പ്രശ്നം ഈ ഗുണ്ടയെ എന്തിനാ യേശു ക്രിസ്തു ആക്കാൻ വിളിക്കുന്നേ
അതിനു മാത്രം വേറെ ഒരു വഴിയും ഇല്ല . മമ്മുട്ടിയെ താടിയും വെച്ച്  നീണ്ട മുടിയുള്ള ഒരു വിഗ്ഗും വെച്ച്  ഇറക്കി ബാക്കി ഉള്ളവരെ കൊണ്ട് ഹോ  എന്തൊരു തേജസ്സ് , ശരിക്കും കർത്താവു തന്നെ എന്ന് പറയിക്കാൻ മാത്രമേ പറ്റു
അപ്പോൾ ഈ മമ്മൂട്ടി ഒരു ദ്രോണ ഗെറ്റ് അപ്പിൽ വന്നാൽ  യേശു ക്രിസ്തുവിനെ പോലിരിക്കും എന്നാണോ പറയുന്നേ
സത്യസന്ധമായി പറഞ്ഞാൽ പടങ്ങളിൽ നമ്മൾ കണ്ടു പരിചയിച്ച ലുക്ക്‌ വെച്ച് ക്രിസ്തുവായി അഭിനയിക്കാൻ പറ്റുന്ന നടൻ എന്ന് പറഞ്ഞാൽ  ബാബു ആന്റണിയെ പോലുള്ള ഒരാൾ ആകണം ശ്രീ മമ്മൂട്ടി ദ്രോണയിൽ അഭിനയിച്ച കോലം  കണ്ടാൽ ചില്ലറ മനോരോഗം  ഉള്ള  കുറെ നാളായി കുളിക്കാത്ത ഒരാൾ എന്നാണ് എനിക്ക് തോന്നിയത് . പക്ഷെ നമ്മടെ പ്രശ്നം സാറ്റ്ലൈറ്റ് റൈറ്റ് അല്ലെ ? അപ്പോൾ ഇതൊക്കെ വേണം

ശരി അതെന്തോ ആകട്ടെ . ഈ ഗുണ്ട എന്തിനു നാടകം കളിയ്ക്കാൻ സമ്മതിക്കണം ? ഗുണ്ടാ  പണി അല്ലെങ്കിലേ നല്ല വരുമാനമുള്ള പണി . സുപ്പർ താരം ആണെകിൽ പിന്നെ പറയുകയും വേണ്ട . അപ്പോൾ ......

ഹോ അതും പ്രശ്നം ...ശരി നായകന്റെ ദുർ നടത്തം കണ്ടു സഹിക്കാതെ അയാളെ ഉപേക്ഷിച്ച ഭാര്യയെയും കുട്ടിയേയും തേടുന്നതിന്റെ ഭാഗമായാണ് ഇയാൾ ഇവിടെ വരുന്നത് എന്നായാലോ ?

കൊള്ളാം  പക്ഷെ സുപ്പർ താരത്തെ ഭാര്യക്ക്‌ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ .കേരളം നിന്ന് കത്തില്ലേ ?

അത് ശരിയാ അപ്പോൾ ഇയാൾ പണ്ട് ബലാൽസംഗം ചെയ്ത സ്ത്രീയും അതിലുണ്ടായ കുട്ടിയും . അതെങ്ങനെ ?

കുഴപ്പമില്ല പക്ഷെ സുപ്പർ താരം  കേറി ബലാൽസംഗം എന്നൊക്കെ പറഞ്ഞാൽ ......കേരളം കത്തിയാലോ ?

അത് പിന്നെ ആ പെണ്ണ് പണ്ടേ ഇയാൾക്ക് എതിരെ പോലീസിൽ  പരാതി കൊടുത്ത വ്യക്തി ആണ് .പോരാത്തതിനു  ഇവളെ കല്യാണം കഴിക്കാൻ ഇരുന്ന ആള്  ആരെയെങ്കിലും പീഡനം നടത്തട്ടെ . അപ്പോൾ പകരത്തിനു പകരമായി  ഇയാൾക്ക് അവളെ ബാലസംഗം ചെയ്യാമല്ലോ .

എന്നാലും ....

ഒരു എന്നാലുമില്ല . പോരെങ്കിൽ പിറ്റേ ദിവസം തന്നെ ഇയാൾ പശ്ചാത്താപ വിവശനായി അവളെ കല്യാണം കഴിക്കാം എന്ന മെഗാ ഓഫർ വയ്ക്കുകയും ചെയും ഇതിൽ കൂടുതൽ എന്നാ വേണമെന്നാ ?. പക്ഷെ അന്ന് അവൾ അയാളെ ആട്ടിയിറക്കും എന്നാലും പിന്നെ ജീവിതത്തിൽ മറ്റൊരു കല്യാണം കഴിക്കാൻ പറ്റില്ല  (കേരളം പിന്നെയും കത്തും ) എന്നതിനാൽ കൊച്ചിനെയും വളർത്തി  ഇയാളുടെ വരവും കത്ത് ഇരിക്കുകയാണ് അവൾ .പിന്നെ സംഗതി ബാലൽസംഗമല്ലേ ആദ്യം കുറച്ചു മുഖം വെട്ടിക്കലും  ദുഖവും ഒക്കെ ഇരിക്കട്ടെ
'.......................................................................................................................
........................................................................................................................
........................................................................................................................

ഇങ്ങനെ നിരവധി ഉടായിപ്പ് ഒട്ടിച്ചു ചേർക്കലുകൾ കഴിയുമ്പോൾ നമുക്ക് മുൻപിൽ ഉണ്ടാകുന്ന മനോഹരമായ വിഭവമാണ്‌  ഈ ചിത്രം . മതി വരുവോളം കഴിച്ചു വയറിളക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ  . സ്ത്രീകളുടെ ചന്തിക്കു ഒരു അടി വെച്ച് കൊടുത്താൽ അവർ ഉടനെ തന്നെ പ്രണയലോലുപർ ആയികൊള്ളും എന്നൊരു പാഠം  കൂടി ഈ ചിത്രം തരുന്നു .വികാരഭരിതമായ രംഗങ്ങൾ പൊട്ടിച്ചിരിപ്പിക്കുകയും ഹാസ്യ രംഗങ്ങൾ കണ്ണ് നനയിക്കുകയും ചെയുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിന് അവകാശപ്പെടാം

നമ്മുടെ ലാലേട്ടന്റെ പടമില്ലാത്തതിന്റെ  കുറവ് മറ്റേ താരം കഴിഞ്ഞ മൂന്ന് ചിത്രങ്ങളിൽ കൂടെ തീർത്തു . അതിൽ തന്നെ ഏറ്റവും തല്ലിപൊളി ചിത്രം എന്ന ബഹുമതിയും  ഒരു പക്ഷെ ഈ ചിത്രത്തിന് അർഹതപ്പെട്ടതാവാം .

അല്ല അഭിനയം ....

അതിനെ പറ്റി എന്ത് പറയാനാ .. മമ്മൂട്ടി ക്ലീറ്റസ് ആയി അഭിനയിക്കുക അല്ല ജീവിക്കുകയാണ്  കൈയിലുള്ള ആ രണ്ടു ഭാവങ്ങളും പിന്നെ ആ ദ്രോണ വേഷവും   ഹോ .. തർക്കുകയല്ലെ  അദ്ദേഹം . ഹണി  റോസ്  തികച്ചും നിർവികാരം  സനം ഷെട്ടിയെ ഒക്കെ എന്തിന്നാണ് കൊണ്ട് വന്നത് എന്ന് ദൈവത്തിനു മാത്രമറിയാം .തമ്മിൽ ഭേദം സുരാജ് ആണെന്ന് പറയുമ്പോൾ ഊഹിക്കമല്ലൊ അല്ലേ


അപ്പോൾ സംവിധാനം തിരക്കഥ ....ഇവയോക്കെയോ

അവയെക്കുറിച്ച് ഒക്കെ ഓർക്കുമ്പോൾ എന്താന്നെന്നു അറിയില്ല പഴയൊരു സിനിമയിൽ നടൻ ഇന്നസെന്റ്‌  പറഞ്ഞ ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ്മ  വരുന്നത് . " അവന്റെ അമ്മേടെ .. ....വീട്ടിനടുത്താണ്  എന്റെ വീട്  എന്നിട്ടും അവൻ എന്നോട് ഇതു ചെയ്തല്ലോ  "  എന്ന് . കാരണം വ്യക്തമാകുന്നില്ല.അന്തവും  കുന്തവും ഇല്ലാത്ത കഥയെയും തിരക്കഥയെയും  പിന്നെ വേറെ എന്ത് പറയാൻ ?

അപ്പോൾ ചുരുക്കത്തിൽ .....

പഴയ പുണ്യ പുരാണ ചിത്രങ്ങളിൽ സ്ഥിരമായി പറയാറുള്ള ഒരു ഡയലോഗ്  കൂടി പറഞ്ഞു അങ്ങ് അവസാനിപ്പിക്കട്ടെ  "ഇനിയും ഞങ്ങളെ പരീക്ഷിച്ചത് മതിയായില്ലേ പ്രഭു ?????????"

Thursday, August 1, 2013

One (ഒന്നൊന്നര വണ്‍ !!!!)

അനിയാ നീ സ്കൊട്ട് ലൻഡ്‌  എന്ന് കേട്ടിട്ടുണ്ടോ ?

പിന്നെ കേൾക്കാതെ . ഇങ്ങേരു ഇംഗ്ലീഷ് പടവും തുടങ്ങിയോ കാണാൻ ? ഇനി വല്ല x men വല്ലതും കണ്ടോ ?

അതായിരുന്നു ഭേദം (സംഗതി x men സീരീസിലെ ഏറ്റവും മോശം എന്നതാണ് അഭിപ്രായം എങ്കിലും ) വരാനുള്ളത് വഴിയിൽ  തങ്ങുമോ ? ഇന്നലെ കണ്ടത് നവാഗത സംവിധാന പ്രതിഭ പാർത്ഥൻ മോഹൻ സംവിധാനം നിർവഹിച്ചു  (ഒന്നൊന്നര നിർവഹണം ആയി പോയി ) പുതുമുഖങ്ങൾ പ്രധാന റോളിൽ പ്രത്യക്ഷപ്പെടുന്ന ന്യൂ  ജനറേഷ ൻ  ഹൊറർ ചിത്രം one . അതിനാണ് അനിയാ  ഞാൻ തല വെച്ചത് .

അല്ല അതും ഈ പറഞ്ഞ സ്കൊട്ട് ലൻഡ്‌ മായുള്ള ബന്ധം ?

അനിയാ 2004 ലോ മറ്റോ അവിടെ നാലഞ്ച് പേര് ചേർന്ന് ഒരു ഉല്ലാസ യാത്രക്ക്  പോയി . ഒരു  വിജനമായ  സ്ഥലത്തുള്ള ഒഴിഞ്ഞ  കെട്ടിടത്തിൽ താമസിക്കുന്ന  ഇവരിൽ ഒരാളൊഴികെ ബാക്കി നാലു പേരുടെയും ശവശരീരങ്ങളാണ് രാവിലെ കാണുന്നത് .ബാക്കി ഒരാളെ കുറിച്ച് ഒരു വിവരവും എന്ന് വരെ ഇല്ല . ഈ സംഭവം നടക്കുമ്പോൾ ആരേലും ഓർത്തോ  ഇങ്ങു ദൂരെ സ്കൊട്ട് ലൻഡ്‌ എന്ന് കേട്ടാൽ  പോലീസുകാരെ പണി പഠിപ്പിക്കുന്ന സ്ഥലം എന്നും കള്ളപ്പണം  ഇടാനുള്ള സ്ഥലം എന്നും മാത്രം അറിയാവുന്ന പാവം മലയാളിക്ക് ആയിരിക്കും പണി കിട്ടുക എന്ന് .

പിന്നേ അതൊക്കെ അവിടെ . ഇവിടെ എങ്ങാനും ആയിരിക്കണം .സ്ഥലത്തെ സദാചാര പോലീസുകാരെ പിടിച്ചു രണ്ടു പൊട്ടിച്ചാൽ പോരെ മണി മണി പോലെ കുറ്റം വെളിച്ചത്തു  വരില്ലേ ? ഇനി അത് നടന്നില്ല എങ്കിൽ  ഇവരുടെ  ആരുടെയെങ്കിലും പഴയ പ്രേമം , പരീക്ഷക്ക്‌ മാർക്ക് കുറഞ്ഞ വിഷമം , ഹോട്ടൽ ഭക്ഷണം എങ്ങനെ എത്ര  ഐറ്റം കിടക്കുന്നു . ചുരുക്കത്തിൽ രാവിലെ എഴുനേറ്റു വര വരച്ചത് പോലെ പല്ല് തേച്ചു ,കുളിച്ചു,വീട്ടിലെ ഭക്ഷണം കഴിച്ചു   ഓഫീസിൽ / സ്കൂളിൽ / കോളേജിൽ പോയി വന്നു ടി വി കണ്ടു കിടന്നു ഉറങ്ങി ജീവിക്കുന്നവൻ  (വർഷങ്ങളായി ) അല്ലെങ്കിൽ ഒരു പ്രശ്നവുമില്ല അണ്ണാ കേസ് തെളിയിക്കാൻ .അതിരിക്കട്ടെ   ഈ ചിത്രത്തെ പറ്റി  പറഞ്ഞാൽ ഉപകാരമായിരുന്നു .

അനിയാ , നേരത്തെ പറഞ്ഞ സ്കോട്ട് ലാൻഡ്‌  കേരളത്തിൽ എത്തുമ്പോൾ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അഞ്ചു ഐ റ്റി കുട്ടികൾ (വിഷ്ണു ,ദേവിക , വിനോദ്  , സൌമ്യ , റോസിൻ ) ആകുന്നു . ഒരു വാരാന്ത്യത്തിൽ അവർ ഒരു ഉല്ലാസ യാത്രക്ക് പ്ലാൻ ചെയ്യുന്നു ,ഒപ്പം ഭാര്യ മരിച്ചു ആകെ മൂഡ്‌ ഓഫ്‌ ആയി കഴിയുന്ന അവരുടെ പ്രൊജക്റ്റ്‌ മാനേജരെയും (ജഗദീഷ് ) വിളിക്കുന്നു . പതിവ് പോലെ ഒരു വിജനമായ ബംഗ്ലാവിൽ  എത്തുന്ന അവർ അവിടെ  രാത്രി ചിലവഴിക്കുന്നു . അവിടെയുള്ള പൈശാചിക ശക്തി ഓരോരുത്തരുടെ ദേഹത്തിൽ കയറി ബാക്കിയുള്ളവരെ കൊല്ലുന്നു . അവസാനം ബാക്കി ആകുന്ന ആൾക്ക്  സ്വയം കൊല്ലാൻ  കഴിയാത്തത് കൊണ്ട്  (ആയിരിക്കണം ) കാണാതെ ആകുന്നു അഥവാ കാണാതെ ആയി എന്ന് പറയുന്നു .(ഇതിൽ ആരെയാണ് കാണാതെ ആയതു എന്ന് ഈ സിനിമ കണ്ട ആൾക്കാരുടെ ഇടയിൽ ഒരു മത്സരം സംഘടിപ്പിക്കാവുന്നതാണ് .പടം കണ്ട മിക്കവര്ക്കും ഒർക്കാനാകുമോ എന്ന് കണ്ടറിയണം !!!) . ശുഭം .പിന്നെ പണ്ട് ഇങ്ങനെ ഒരു സംഭവം സ്കോട്ട് ലാൻഡ്‌  ഭാഗത്ത്‌ നടന്നു എന്ന് എഴുതികാണിക്കും . കഴിഞ്ഞേ മഹനീയമായ ചിത്രം .

അങ്ങനെ കേറി കളിയാക്കിയാലോ ഒരു പുതു മുഖ സംവിധായകന്റെ പരീക്ഷണം എന്ന നിലയ്ക്ക് .....

അനിയാ ജീവിതത്തിൽ പല രീതിയിൽ ഉള്ള ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുണ്ട് ഒമൻ പോലെയുള്ള ക്ലാസ്സിക്‌ സീരീസ്‌  മുതൽ സായിപ്പു ഇറക്കുന്ന പല ഐറ്റം . മലയാളത്തിൽ ആദ്യമായി കാണുന്ന ഹൊറർ ചിത്രം ലിസ്സ ആണെന്നാണ് ഓർമ്മ കള്ളിയങ്കാട്ടു നീലി, കരിമ്പൂച്ച വരെയുള്ള സ്റ്റാന്റ് ഡേഡ്  സാധനങ്ങൾ , ചന്ദ്രകുമാർ മുതലായവരുടെ ഹൊറർ എന്ന പേരിൽ ഇറക്കിയിരുന്ന ഇക്കിളി പടങ്ങൾ .പിന്നെ കുറച്ചു വ്യത്യസ്തമായ ഫോർമാറ്റിൽ ചെയ്ത ആകാശഗംഗ .ചുരുക്കമാ സോന്നാൽ പല തരത്തിലുള്ള ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നാൽ ആദ്യമായാണ് ബോർ അടിപ്പിക്കുന്ന ഒരു ഹൊറർ ചിത്രം കാണുന്നത്.

അങ്ങനെ പറയല്ലേ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മുൻകൂട്ടി എഴുതി തയ്യാറാക്കിയ  ഡയലോഗുകൾ  ഇല്ലാ എന്നതാണ് . ചില്ലറ കാര്യമാണോ സംഗതി ?

നമ്മുടെ പാവം പ്രിയദർശൻ ചിത്രം  വരെ എടുത്തിരുന്ന ഒരു സിനിമക്കും അങ്ങനെ ഒരു സംഗതിയേ ഉണ്ടായിരുന്നില്ല എന്നത് അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച  പലരും പറഞ്ഞത് വായിച്ചിട്ടുണ്ട് .പക്ഷെ എന്ന് വെച്ച് അതൊന്നും മനുഷ്യനെ ഇങ്ങനെ കൊല്ലുന്നത്‌ ആയിരുന്നില്ല .ഈ സിനിമയുമായി ബന്ധപ്പെട്ട ഒട്ടു മിക്ക പേരും പണി പഠിക്കാൻ ഇറങ്ങിയവർ ആണെന്ന് തോന്നിയതിനാൽ പ്രത്യേകം പ്രത്യേകം അഭിപ്രായം പറയുന്നില്ല .(അവിയൽ പുളിച്ചു , സാംബാർ വളിച്ചു ,...... എന്നിങ്ങനെ പറയുന്നതിലും എളുപ്പം ആണല്ലോ സദ്യ കഴിഞ്ഞപ്പോൾ ഓക്കാനം വന്നു എന്ന് പറയുന്നത് )

അപ്പോൾ ചുരുക്കത്തിൽ ....

ഒന്നാം പകുതി ഇനി എന്തെങ്കിലും സംഭവിക്കും എന്നാ പ്രതീക്ഷയിൽ തള്ളി നീക്കാം . രണ്ടാം പകുതി  ഒരൽപം കഴിയുമ്പോൾ അകെ പ്രതീക്ഷിക്കാനുള്ളത്‌ ഈ ദുരിതം തീർന്നു പുറത്തിറങ്ങു ബോൾ ലഭിക്കുന്ന മോചനം മാത്രം ആണെന്ന് വ്യക്തമാകും . കാണികളെ ബോറടിപ്പിച്ചു കൊല്ലുന്ന ആദ്യ ഹൊറർ ചിത്രത്തിന്റെ പിന്നണിക്കാർക്ക്  അഭിനന്ദനങ്ങൾ

Sunday, May 5, 2013

ഹോട്ടൽ കാർലിഫോണിയ (ട്രിവാൻഡ്രം ലോഡ്ജ് 2)

എന്തുവാടെ ഈ കുത്തിയിരുന്ന് എഴുതുന്നെ?

കാളകൂടത്തിൽ എന്റെ ചിത്രവിദ്വേഷത്തിൽ ഇടാൻ  പുതിയ സാധനം "അനൂപ്‌ മേനോൻ മലയാള സിനിമക്ക്  ചെയ്ത ദ്രോഹങ്ങൾ " എങ്ങനെയുണ്ട് ?

അനിയാ എല്ലാമറിയുന്ന ഒരു ഭാവം സ്ഥായിയായി മുഖത്തുണ്ട്‌ എന്നല്ലാതെ എന്ത് ദ്രൊഹമാണെടാ  ആ മനുഷ്യൻ ചെയ്തത് ?

 എന്ത് ദ്രോഹം എന്നോ ? നല്ല മാന്യമായി പോയിരുന്ന മലയാള സിനിമയെ  സിനിമയെ വെറും അലവലാതി ആക്കിയത് അങ്ങേരല്ലേ ?

ആണോ ?

പിന്നെ അല്ലാതെ ? അങ്ങേരുടെ ട്രിവാൻഡ്രം  ലോഡ്ജ് പോലുള്ള സാധനങ്ങൾ  അണ്ണൻ കണ്ടില്ലേ ?

അനിയാ  ബ്യൂട്ടിഫുൾ , ട്രിവാൻഡ്രം  ലോഡ്ജ് എന്നീ  ചിത്രങ്ങളുടെ പേരിലല്ലേ ഈ ബഹളം ? സത്യത്തിൽ  പേജ് 3 , ലൈഫ് ഇൻ എ മെട്രോ പോലുള്ള ചിത്രങ്ങളിൽ കാണിക്കുന്ന മുംബൈയെ കൊച്ചിയിൽ എത്തിക്കുക്ക മാത്രമല്ലേ ഒരു തിരകഥകൃത്ത്  എന്ന നിലയിൽ ശ്രീ  അനൂപ്‌ മേനോൻ ചെയ്തുള്ളൂ  . മധു ഭാണ്ടാകറും , അനുരാഗ്  കഷ്യപും ഒക്കെ ചെയ്‌താൽ  കിടിലം പാവം അനൂപ്‌ മേനോണ്‍ ചെയ്താൽ മോശം . അത് തന്നെ അല്ലേടെ  സംഗതി ?നേരത്തെ പറഞ്ഞ സംഗതികളുടെ കൂടെ ഇന്നത്തെ സാധാരണ മലയാളിയുടെ സ്ഥിരം സ്വകാര്യ  ദുഖമായ " സകലവനും നടക്കുന്നുണ്ട് .എനിക്ക്  മാത്രം ഒന്നും നടക്കുന്നില്ല " എന്ന സ്ഥായിയായ  സങ്കടം കൂടി ചേർത്താണ്  ഇവിടെ കച്ചവടം നടത്തുന്നത് എന്ന് മാത്രം .

അണ്ണാ ശരി പക്ഷെ ഈ സിനിമയിലെ അശ്ലീലം എന്നൊക്കെ പറഞ്ഞാൽ . കുടുംബത്തോട് ഒത്തു ഇരുന്നു കാണുക എന്നൊക്കെ ഉള്ളത് നടക്കുമോ ?

അനിയ അത് ശരി പക്ഷെ  ഒരു സംശയം നീയൊക്കെ ഈ പറഞ്ഞ കുടുംബത്തിന്റെ മുൻപിൽ ഇരുന്നു ദിനപ്പത്രം വായിക്കാറില്ലേ ? അതിൽ ഒക്കെ ഉള്ളതിൽ കൂടുതൽ എന്താടാ ഈ ചിത്രത്തിൽ ഉള്ളത് ? അപ്പോൾ നമ്മുടെ നാട്ടിൽ ദൈനംദിന കാര്യങ്ങൾ എങ്ങനെ ഒക്കെ ആയതിനു ആര് എന്ത് പഴച്ചു ?

എന്റെ അഭിപ്രായത്തിൽ ട്രിവാൻഡ്രം  ലോഡ്ജ് എന്ന ചിത്രത്തിലെ ഏറ്റവും സത്യസന്ധമായ രംഗം കോര സാറിനെ ധ്വനി "ഒന്ന് കൂടാൻ" ക്ഷണിക്കുന്ന ഭാഗമാണ്  . ഒരു സാധാരണ മലയാളിയുടെ അവസ്ഥയാണ്‌ ഈ രംഗത്ത്‌ കാണുന്നത് .  ഈ കലാപരിപാടി ഒരു കൊമ്പറ്റിഷൻ ഐറ്റം ആക്കി മാറ്റുകയും അതിൽ താൻ മോശമാണോ എന്ന കോംപ്ലക്സ് വളരുകയും ചെയ്യുന്നതിന്റെ ഭാഗമാണ്  ഈ കൂട്ട പീഡനങ്ങളിലും പിഞ്ചു കുട്ടികളെ പീഡിപ്പിക്കുന്ന അവസ്ഥയിലും എത്തി നില്ക്കുന്നത്  എന്ന് ഞാൻ കരുതുന്നു . പങ്കാളിയുടെ കന്യകാത്വത്തിൽ ഇത്രയധികം പ്രസക്തി ഉണ്ടാകുന്നതു പോലും താരതമ്യത്തിൽ പിന്നിൽ ആവില്ലല്ലോ എന്ന ആശ്വാസത്തിൽ നിന്ന് ഉണ്ടാകുന്നതല്ലേ എന്ന് ചിന്തിക്കണം

അണ്ണൻ എങ്ങനെ മനശാസ്ത്രഞൻ കളിക്കാതെ ഈ സിനിമയിലേക്ക് വരാമോ ?

ശരി അതൊക്കെ വിട്  ഇപ്പോൾ  വന്നത് അനൂപ്‌ മേനോൻ -ജയസൂര്യ ടീം അഭിനയിക്കുന്ന ഹോട്ടൽ കാർലിഫോണിയ എന്ന സിനിമയെ  പറ്റി  പറയാൻ ആണല്ലോ  .ഈ ചിത്രത്തിൽ ഇവരെ കൂടാതെ ധ്വനി , അപർണ്ണ , മരിയ (നോട്ട്  ബുക്ക്‌ ഫെയിം ),പി ബാലചന്ദ്രൻ , സൈജു  കുറുപ്പ് ,ശങ്കർ , നന്ദു , തെസ്നിഖാൻ , ബാബു നമ്പൂതിരി, സുധീഷ്‌  തുടങ്ങിയവർ  അഭിനയിക്കുന്നു .സംവിധാനം നമുക്ക് പാർക്കാൻ   എടുത്ത അജി ജോണ്‍ .ജയരാജ് ഫിലിംസ്  ഒരുക്കുന്ന ഈ ചിത്രം ജോസ് മോൻ സൈമണ്‍ നിർമ്മിക്കുന്നു.

കൊച്ചി നഗരം .അവിടെ  വിമാനത്താവളം .നിയന്ത്രിക്കുന്ന എയർ പോർട്ട്‌ ജിമ്മി  (ജയസൂര്യ ) യുണ്ട് . പത്തു പന്ത്രണ്ടു സിനിമ പൊട്ടി റിലീസ് ചെയ്യാനിരിക്കുന്ന ഹോട്ടൽ കാർലിഫോണിയ എന്ന സിനിമയുടെ റിലീസ് പ്രതീക്ഷിച്ചിരിക്കുന്ന സുപ്പർ സ്റ്റാർ പ്രേം ശങ്കർ (അനൂപ്‌ മേനോണ്‍ ) ഉണ്ട് . പുറത്തിറങ്ങാത്ത ആ സിനിമയുടെ സി ഡി ദുബായിൽ നിന്ന്  കൊണ്ടുവരുന്ന ക്യാരിയർ ആയി എത്തിക്കാൻ വരുന്ന  റഫീഖ് (സൈജു കുറുപ്പ് ) ഉണ്ട് .5 ജി അഴിമതിയിൽ അയ്യായിരം കോടി വെട്ടിച്ച,കേരള സന്ദർശനത്തിനായി എത്തുന്ന ,കേന്ദ്രൻ കരണ്‍ സിംഗിന്റെ മകൻ തരുണ്‍ സിംഗ് (വീണ്ടും സൈജു കുറുപ്പ് ).അയാളെ തട്ടി ക്കൊണ്ട്  പോകാൻ  പ്ലാൻ ചെയ്യുന്ന തൊഴിൽരഹിതരായ തീവ്രവാദ തൊഴിലാളികൾ  ഉണ്ട്  (നന്ദുവും സംഘവും ), തരുണ്‍ സിംഗിനെ കുരുക്കാൻ തയ്യാറെടുക്കുന്ന പോലീസെ ഉദ്യോഗസ്ഥനും (മണിക്കുട്ടൻ ) സംഘവും. ഒരു ബ്രേക്ക്‌ നു ശ്രമിക്കുന്ന സീരിയല നടി സ്വപ്നയുണ്ട് (ധ്വനി ) അവളെ പ്രാപിക്കാൻ കാശിറക്കി ബോംബയിൽ നിന്നും  എത്തുന്ന ബോംബയിലെ (കൂ ) തറ വ്യവസായി (ശങ്കർ ) ഉണ്ട് .പ്രേം ശങ്കറിന്റെ അടിയുറച്ച ആരാധകനായ ഓട്ടോ തൊഴിലാളി (സുധീഷ് ) ഉണ്ട് . ബോംബയിലെ  പാപ്പരാസി പ്രവർത്തനം നിർത്തി മലയാളത്തിലെ ഒരു വമ്പൻ  മാധ്യമ ഓഫർ സ്വീകരിച്ചു കേരളത്തിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കുന്ന, ഒരു വൻ സ്കുപ്പ് തേടുന്ന  ശശിപ്പിള്ള (പി ബാലചന്ദ്രൻ ). സുപ്പർസ്റ്റാർ സഫർ ഖാന്റെ ബീജം അമ്പതു ലക്ഷം കൊടുത്തു വാങ്ങി കിത്രിമ ബീജ സംങ്കലനത്തിലൂടെ ഗർഭം ധരിക്കാൻ കാത്തിരിക്കുന്ന സമ്പന്ന കുമാരി (മരിയ).സംഗതിയുമായി വരുന്ന സഫർഖാന്റെ ബോഡി ഗാർഡ്.ഗൾഫിൽ നിന്ന്  വരുന്ന മകൻ റഫീഖിനേ കാത്തിരിക്കുന്ന ഉമ്മയുണ്ട് (സുകുമാരി ).മന്ദ ബുദ്ധിയും വായിനോക്കിയും ആയ സിറ്റി കമ്മീഷണർ അങ്ങനെ  ഒത്തിരി പേരുണ്ട് ഈ നഗരത്തിൽ ഉള്ളവരും വരുന്നവരും .

ശരി അതിനു ....

അനിയാ . അടിസ്ഥാന പരമായി ഈ ചിത്രം പഴയ പ്രിയദർശൻ ചിത്രങ്ങളിലെ ആള് മാറി പോകുന്ന സംഗതി തന്നെയാണ് . സംഗതി അനൂപ്‌ മേനോൻ ഫോർമാറ്റിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം .ആദ്യത്തെ ഒരു അഞ്ചു മിനിട്ട് രംഗം കണ്ണും കണ്ണും എന്ന പാട്ട് കാണിച്ചു ചിരിപ്പിക്കുക എന്നതല്ലാതെ വേറെ എന്താണ് ഉദേശിച്ചത്‌ എന്ന് മനസിലായില്ല .ശങ്കറിന്റെ കോമഡി കണ്ടു ജീവിതത്തിൽ ആദ്യമായി ചിരിച്ചു പോയത്  ഈ ചിത്രത്തിലാണ്!!!ശങ്കർ മാത്രമല്ല ഈ ചിത്രത്തിൽ അഭിനയിക്കുന്ന ആരും മോശമായിട്ടില്ല എന്നതാണ് സത്യം . തീവ്രവാദ തൊഴിലാളികൾ പോലും ചിരിപ്പിക്കുന്നു .സംഭാഷണം ആണ് ഈ ചിത്രത്തിലെ ഹൈ ലൈറ്റ്  എന്നാണ് എനിക്ക് തോന്നിയത് .പിന്നെ കഴിഞ്ഞ ചിത്രത്തിലെ സത്യ സന്ധത ഇതിലും അത് പോലെ നില നിർത്തിയിട്ടുണ്ട് . നിങ്ങൾക്ക്  ട്രിവാൻഡ്രം  ലോഡ്ജ് ഇഷ്ടപ്പെട്ടു എങ്കിൽ ഈ ചിത്രവും ഇഷ്ടപ്പെടും എന്ന് ചുരുക്കം .ഒരു വിജയിച്ച ചിത്രത്തിന്റെ ചുവടു പിടിച്ചു അടുത്ത ചിത്രം എടുക്കുമ്പോൾ കഴിഞ്ഞ ചിത്രത്തിന്റെ ഫീൽ നിലനിർത്തി കൊണ്ട് തന്നെ വേറൊരു കഥ പറയുന്നത് എങ്ങനെ എന്ന്  നമ്മുടെ സംവിധായകർക്ക് കണ്ടു പഠിക്കാവുന്നതാണ്  (സായിപ്പൻമാരാണ്  ഈ രംഗത്ത്‌ കാലൻമാർ . പെട്ടന്ന് ഓർമ്മ  വരുന്ന ഉദാഹരണം Die Hard സീരീസ് ആണ് ).കഴിഞ്ഞ ചിത്രത്തിലെ കുറവുകൾ പരിഹരിക്കാൻ ഈ ടീം നടത്തിയ ശ്രമങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നതും കഷ്ടമാണ് . ഉദാഹരണമായി ട്രിവാൻഡ്രം  ലോഡ്ജ്  എന്നാ ചിത്രത്തിൽ അനൂപ്‌ മേനോണ്‍ മുഴച്ചു നില്ക്കുന്ന ഒരു കഥാപാത്രമായി വരുമ്പോൾ ഈ ചിത്രത്തിൽ അദ്ദേഹത്തെ ഒതുക്കി നിർത്തിയിരിക്കുന്നു . കഥയില്ലയിമ്മ എന്ന പ്രശ്നവും ഈ ചിത്രത്തിൽ കുറെ ഒക്കെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് (ഭയങ്കര കഥയാണ് എന്നല്ല )

അപ്പോൾ ചുരുക്കത്തിൽ

നേരത്തെ പറഞ്ഞത് തന്നെ ട്രിവാൻഡ്രം  ലോഡ്ജ്   എന്ന ചിത്രം ഇഷ്ടപ്പെട്ട ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ ചിത്രവും ഇഷ്ടപ്പെട്ടെക്കാം . എനിക്ക് ആ ചിത്രം ഇഷ്ടപ്പെട്ടു എന്നതിനാൽ  (കുറവുകൾ ഇല്ലെന്നല്ല )  ഈ ചിത്രവും ബോർ അടിക്കാതെ കാണാൻ കഴിഞ്ഞു

Sunday, October 21, 2012

അയാളും ഞാനും തമ്മില്‍ (Ayalum njanum thammil : Review )

ലോ.... ലയാളും ഞാനും തമ്മില്‍


മനസിലായില്ല

അല്ല അണ്ണാ അങ്ങനെ ഏതാണ്ട് പടം ഇറങ്ങിയില്ലേ?   മഹാപാപി.... ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന പടത്തെ പറ്റിയാണോ ഈ പറയുന്നേ?

ഓ അത് തന്നെ

ശ്രീ പ്രേം പ്രകാശ്‌ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് . ബോബി സഞ്ജയ്‌ കഥ തിരകഥ അഭിനേതാക്കള്‍ പ്രതാപ്‌ പോത്തന്‍ , പ്രിത്വിരാജ് , നരേന്‍ , സംവൃത സുനില്‍ , രമ്യ നമ്പീശന്‍ , റീമ കല്ലിങ്ങല്‍, സുകുമാരി , അനില്‍ മുരളി അങ്ങനെ പോകുന്നു .സംഗീതം ഔസേപ്പച്ചന്‍

കഥ ..?

ഈ ചിത്രം പറയുന്നത് രവി തരകന്‍ (പ്രിത്വിരാജ്) എന്ന യുവ ഡോക്റ്ററും സാമുവല്‍ എന്ന സീനിയര്‍ ഡോക്റ്ററും ആയുള്ള ബന്ധത്തിന്റെ കഥയാണ്.ഒപ്പം ആ ബന്ധത്തിന്‍റെ കയറ്റ ഇറക്കങ്ങളില്‍ കൂടി തികച്ചും  കെയര്‍ ഫ്രീ ആയി ജീവിച്ചിരുന്ന രവി തരകനില്‍ കാലക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളും.ഏറ്റവും ചുരുക്കത്തില്‍  പറഞ്ഞാല്‍ ഇതാണ് ഈ ചിത്രത്തിന്‍റെ കഥ.

 ഇത്രയെ ഉള്ളോ ?

അനിയാ ആദ്യമായി ഇതൊരു സാരോപദേശ കഥയല്ല. നമ്മുടെ ലാലേട്ടനും രഞ്ജി
ത്തും  ചെയ്തത് പോലെ സമൂഹത്തെ മൊത്തത്തില്‍ ഉപദേശിച്ചു ഒരു വഴിക്കകാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചു എന്ന് തോന്നുന്നില്ല .മറിച്ചു രവി തരകന്‍ എന്ന മനുഷ്യന്‍ കേന്ദ്ര ബിന്ദു ആയ കഥയിലൂടെ ജീവിതം അയാളുടെ സീനീയര്‍ ആയ സാമുവെല്‍ ഉള്‍പ്പെടുന്ന ചുറ്റുപാടുകള്‍ അയാളെ പഠിപ്പിക്കുന്നതും അതൊക്കെ അയാളില്‍ ക്രമേണെ വരുത്തുന്ന മാറ്റങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . മെഡിക്കല്‍ കോളേജില്‍ ഉഴപ്പി നടന്നു കോപ്പിയടിയും, കൂടെ പഠിക്കുന്ന സൈനു (സംവൃത സുനില്‍) വുമായുള്ള പ്രണയവും സുഹൃത്തുക്കളായ വിവേകും (നരേന്‍), ബാബുജിയും ഒക്കെ  ആയി  അടിച്ചു  പൊളിച്ചു  നടന്ന  കോളേജ്  ജീവിതത്തിനു  ശേഷം  നിര്‍ബന്ധിത  ഗ്രാമീണ  സേവനത്തിനായി  മുന്നാറില്‍   എത്തുമ്പോള്‍  അവിടെ തന്‍റെ ജോലി ഒരു സേവനമായി കാണുന്ന ഡോക്ടര്‍ സമുവലിനെയാണ് (പ്രതാപ്‌ പോത്തന്‍ ) രവി തരകന്‍ കണ്ടു മുട്ടുന്നത് .


അവിടെ ചെല്ലുമ്പോള്‍ അവിടുത്തെ ജനങളുടെ കഷ്ട്ടപ്പാട് കണ്ടു രവി ആകെ മാറി ഒരു നല്ല ഡോക്ടര്‍ ആയി മാറുന്നു ഇതല്ലേ സംഭവം?

അതല്ലേ ഞാന്‍ പറഞ്ഞതു . ഈ ചിത്രത്തില്‍ എല്ലാവരും തികച്ചും സ്വാഭാവികമായാണ് നില കൊള്ളുന്നത്‌ .രവി തരകന്‍ എന്ന മനുഷ്യന്‍ ഒരിക്കലും നായക ഗുണങ്ങള്‍   ഉള്ള ഒരു മനുഷ്യനല്ല കുറഞ്ഞ പക്ഷം സിനിമയുടെ അവസാനം വരെ എങ്കിലും അയാള്‍ തികച്ചും ഒരു സാധാരണ മനുഷ്യനാണ് . തന്‍റെ പ്രണയം തകര്‍ക്കുന്ന പുരുഷോത്തമാനോടുള്ള പെരുമാറ്റത്തിലും , സുഹൃത്തായ സുപ്രിയയുമായി പ്രണയത്തില്‍ അകാതിരിക്കുന്നതിലും ഒക്കെ അയാളില്‍ കാണുന്നത് ആ സാധാരണ മനുഷ്യനെയാണ്‌.
പിന്നെ തിരകഥ ഒരുക്കിയിരിക്കുന്ന രീതി , ഫ്ലാഷ് ബാക്കിലൂടെ കഥ പറയുന്ന രീതി ക്ലാസ്സ്‌ മേറ്റ്ല്‍ ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ ചിത്രത്തില്‍ നമുക്കൊരിക്കലും ആവര്‍ത്തന  വിരസത തോന്നിക്കില്ല. (
ഒരു രോഗി മരിച്ച കേസില്‍ എല്ലാരും തേടുന്ന ഡോ രവി  തരകനെ അന്വേഷിക്കുന്നതിനിടയിലാണ് ഫ്ലാഷ് ബാക്കിലൂടെ അയാളുടെ കഥ ഇതള്‍ വിരിയുന്നത് )പ്രണയം തകരുമ്പോളും, സമുവലുമായി അകലുബോളും അങ്ങനെ ആ ചിത്രത്തിലെ ഓരോ സംഭവത്തിലും തികച്ചും  സ്വാഭാവികമായി ആണ് ആ കഥാപാത്രം മാത്രമല്ല  മറ്റെല്ലാ കഥാപത്രങ്ങളും പെരുമാറുന്നത്.തീര്‍ച്ചയായും അത് തിരകഥ ക്രിത്തുക്കളുടെ വിജയമാണ്.നല്ല ഗാനങ്ങള്‍ നല്ല ചായാഗ്രഹണം എന്നിവയും എടുത്തു പറയേണ്ടതാണ്‌


എന്നാലും ആ ജവാന്‍ ഓഫ് വെള്ളിമാലയിലെ സാമൂഹ്യ പ്രസക്തി .. അത് ഈ ചിത്രത്തില്‍ കുറവല്ലേ ?

മന്ത്രി മണല്‍ മാഫിയ നടത്തി കാശുണ്ടാക്കുന്ന , എഞ്ചിനീയര്‍ ചോര്‍ച്ച റെക്കോര്‍ഡ്‌ ചെയ്ത ടേപ്പ് കാണിക്കുമ്പോള്‍ രാജി വെച്ച് അറസ്റ്റ് വരിക്കുന്ന സാമൂഹ്യ പ്രസക്തി അല്ലെ ? അത് കുറവാ അനിയാ. നീ ക്ഷമി .

ശരി അതൊക്കെ ക്ഷമിക്കാം അഭിനയം അതാണല്ലോ സംഗതി . അവിടെ പ്രിത്വിരാജ് എന്തായാലും മോശമായി കാണും എനിക്ക് ഉറപ്പല്ലേ . സുപ്പെര്‍ താരങ്ങളുടെ മറ്റേ അനായാസമായ ശൈലി അത് കിട്ടാന്‍ എന്ത് ചെയ്യും ?


അനിയാ ഈ അഭിനയം അളക്കാനുള്ള ത്രാസ് ഒന്നും ഇതു വരെ കണ്ടു പിടിക്കാത്തത് കൊണ്ട് പറയട്ടെ . ഈ ചിത്രം പ്രിത്വിരാജ് എന്ന നടന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ് . തന്‍റെ കരിയരിലെ മികച്ച ചിത്രങ്ങളുടെ  കൂട്ടത്തില്‍ ഒന്നായി ഇതിനെ ഈ നടന് നിസംശയം എണ്ണാവുന്നതാണ് .ഓരോ ജീവിതാനുഭവങ്ങളിലൂടെ മാറ്റം വരുന്ന രൂപത്തിലും ശരീരഭാഷയിലും ഉള്ള ചെറിയ കാര്യങ്ങള്‍ പോലും നന്നായി ഒരുക്കാന്‍ ആ നടനും ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും ശ്രദ്ധിച്ചു . വ്യകതിത്വം ഇല്ലാത്ത ഒരു കഥാപാത്രം പോലും എല്ലാ എന്നതാണ് എനിക്ക് തോന്നിയ മറ്റൊന്ന്


എന്നാലും പ്രണയത്തില്‍ പരാജയപ്പെടുന്ന നായകന്‍ നിസഹായനായി പെങ്കൊച്ചിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രംഗം ഒരിക്കലും ഒരു നായക കഥാപാത്രത്തിന് ചേര്‍ന്നതല്ല .

അല്ലെടെ സത്യത്തില്‍ ആ രംഗം ചെയ്യേണ്ടത് ഇങ്ങനെയാണ് നായകന്‍ കൂളായി ആ യാഥാസ്ഥിതിക മുസ്ലിം തറവാടിന്‍റെ പൂമുഖത്തേക്ക് കയറി ചെല്ലുന്നു . ചുറ്റും നോക്കുന്നു . എന്നിട്ട് പറയുന്നു .
"നിങ്ങള്ക്ക്  ഇവിടെ   എല്ലാമുണ്ട് പക്ഷെ സ്നേഹം മാത്രം ഇല്ല. എന്‍റെ വീട്ടില്‍ സ്നേഹം ടണ്‍ കണക്കിന് വെറുതെ കിടക്കുന്നു .നിങ്ങള്‍ കുട്ടിയെ എന്‍റെ കൂടെ വിട് ആ സ്നേഹം മുഴുവന്‍ ഞാന്‍ അവള്‍ക്കു തിന്നാന്‍ കൊടുക്കാം " ഈ ഡയലോഗ് കഴിയുന്നതും ഓ അങ്ങനെയയിരുന്നോ കാര്യങ്ങള്‍ എന്നാ ഭാവത്തില്‍ വീട്ടുകാര്‍ വഴിമാറി കൊടുക്കുന്നു .നായകന്‍ നായികയുമായി സ്ലോ മോഷനില്‍ പോകുന്നു . എങ്ങനെയുണ്ട് ഇതു പോരേടാ ? നീയടക്കം സകല നാറികളും തകര്‍പ്പന്‍ എന്നെഴുതി ഒലത്തിയ ഒരു സിനിമയിലെ രംഗമാണ് .അത് പോലെ മതിയോ ?

അപ്പോള്‍ ചുരുക്കത്തില്‍ ....

ഈ വര്‍ഷം ഇറങ്ങിയ താര ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് . ഇനി അങ്ങനെ അല്ല എങ്കില്‍ ഈ വര്‍ഷം ഇറങ്ങിയ നല്ല ചിത്രങ്ങളില്‍ ഒന്ന്. ആര്‍പ്പു വിളികളോ ആഘോഷങ്ങളോ  ഇല്ലാതെ സമാധാനമായി സ്വസ്ഥമായി കണ്ടു വരാവുന്ന ഒരു നല്ല ചിത്രം.ഈ ചിത്രം കാണുന്നു എങ്കില്‍ കഴിയുമെങ്കില്‍ ആദ്യം മുതലേ കാണണം . ആദ്യ രംഗങ്ങള്‍ മിസ്സ്‌ ചെയാതിരുന്നാല്‍ നന്ന്

Sunday, September 16, 2012

മോളി ആന്‍റി റോക്സ് (Molly Aunty Rocks : Review )



നവ യുഗ സിനിമയുടെ അപ്പുപ്പനായ പാസ്സഞ്ചര്‍ (passenger ) സംവിധാനം ചെയ്ത ശ്രീ രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന മോളി ആന്‍റി റോക്സ് എന്ന ചിത്രം ..........

അണ്ണാ. ഒന്ന് നിന്നേ..... നവയുഗ സിനിമയുടെ അപ്പുപ്പനോ? അതെന്തോന്നു ?

അനിയാ, മേല്‍പ്പറഞ്ഞ ചിത്രമാണ് നവയുഗ സിനിമയുടെ അപ്പുപ്പന്‍ എന്നും ട്രാഫിക്‌ അതിന്റെ അച്ഛനും ആണെന്നാണ് എന്‍റെ എളിയ വിശ്വാസം .പിന്നെ സന്തതികളും അവിഹിത സന്തതികളും ഒക്കെയായി ഒത്തിരി നമ്മുടെ മുന്നിലൂടെ വന്നു പോയത്.

വലിയ വാചകം ഒന്നും വേണ്ട നിങ്ങളുടെ പഠനം ഒക്കെ കയ്യില്‍ വെച്ചിട്ട് സിനിമയെ പറ്റി പറഞ്ഞെ .....

ശരി കഥ തിരകഥ സംവിധാനം എല്ലാം രഞ്ജിത് ശങ്കര്‍ തന്നെയാണ്.രേവതി,പൃഥ്വിരാജ്,ലക്ഷ്മിപ്രിയ,കൃഷ്ണകുമാര്‍,കെ പി എസ് സി ലളിത എന്നിവര്‍ അഭിനേതാക്കളുടെ നിരയില്‍ ഉണ്ട് .കേരളത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് സകുടുംബം അമേരിക്കയില്‍ പോയി അവിടെ ജീവിക്കുന്ന മോളിയും (രേവതി)ഭര്‍ത്താവു ബെന്നിയും (ലാലു അലക്സ്‌).ഒരു പ്രത്യേക സാഹചര്യത്തില്‍ തന്‍റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നഷ്ട്ടപെടതിരിക്കാന്‍ നാട്ടിലെത്തി പണ്ട് ജോലി ചെയ്ത ബാങ്കിന്‍റെ ഒരു ഗ്രാമപ്രദേശത്തുള്ള ശാഖയില്‍ ജോയിന്‍ ചെയ്യുകയാണ് മോളി.സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും , ഇഷ്ടമുള്ളതൊക്കെ ചെയ്യാനും അങ്ങനെ കുറെ കാലം അമേരിക്കയില്‍ ജീവിച്ച ഒരു നവയുഗ എന്‍ ആര്‍ ഐ മാതാവാണ് മോളി ആന്റി എന്ന് പറയാം കുടുംബ സുഹൃത്തുക്കളായ രാജേഷ്‌ (കൃഷ്ണ കുമാര്‍) ഉഷ (ലക്ഷ്മി പ്രിയ) ദമ്പതികളാണ് മോളിയുടെ അയല്‍പക്കക്കാരും സഹായികളും. ബാങ്കിലെ എല്ലാവരുമായും മോളിക്ക് നല്ല ബന്ധമാണ്.ബന്ധുകള്‍ക്കിടയില്‍ മോളിയെ പറ്റി ചില്ലറ കുശുമ്പും മുറുമുറുപ്പും ഒക്കെ ഉണ്ടെങ്കിലും അതൊന്നും അവര്‍ കാര്യം ആക്കുന്നില്ല .കുടുംബ സ്വത്തു വില്‍പ്പനയും വിരമിക്കല്‍ പരിപാടിയും കഴിഞ്ഞു തിരിച്ചു അമേരിക്കയിലേക്ക് പോകാന്‍ തയ്യാര്‍ എടുക്കുമ്പോളാണ് ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് അവര്‍ക്ക് മുപ്പതിനായിരം രൂപ അടയ്ക്കാന്‍ ഉള്ള നോട്ടീസ് കിട്ടുന്നത്.അതിന്‍റെ വിവരങ്ങള്‍ തിരക്കാനായി ഇന്‍ കം ടാക്സ്‌ ഓഫീസില്‍ എത്തുന്ന മോളിയോടു അവിടുത്തെ ഉദ്യോഗസ്ഥന്‍ അടയ്കേണ്ട തുകയുടെ പകുതി കൈകൂലി ചോദിക്കുന്നു.കുപിതയായ മോളി അയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുന്നു.പിന്നെ മോളിക്ക് കിട്ടുന്നത് ഒന്‍പതു ലക്ഷം രൂപ നികുതി അടയ്ക്കാനുള്ള നോട്ടിസ് ആണ്.വീണ്ടും ഓഫീസില്‍ എത്തുന്ന മോളി ഇന്‍കം ടാക്സ് കമ്മിഷണര്‍ പ്രണവ് റോയ് (പ്രിത്വിരാജ്)മായി ഉടക്കുന്നു.കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതോടെ ബെന്നിയും നാട്ടിലെത്തുന്നു.കുടുംബം വഴിയും പള്ളി വഴിയും നോക്കിയിട്ടും മോളിയും പ്രണവും തമ്മിലുള്ള വഴക്ക് തീരാതെ ആകുമ്പോള്‍ ഒടുവില്‍ പ്രശ്നങ്ങള്‍ തീരാന്‍ അഡ്വ സലീമിനെ (മാമുക്കോയ) സമീപിക്കുന്ന തോടെ ബോയിംഗ് ബോയിങ്ങില്‍ ജഗതി പറയുന്നത് പോലെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് .....

കേട്ടിട്ട് സംഗതി വലിയ കുഴപ്പം ഇല്ലല്ലോ അണ്ണാ .അപ്പ പടം കൊള്ളാം എന്ന് തന്നേ?

അനിയാ എനിക്ക് ഇനി സംസരിക്കാനുള്ളത് ശ്രീ രഞ്ജിത്ത് ശങ്കറിനോടാണ്.സുഹൃത്തേ താങ്കളുടെ ഈ ചിത്രത്തിന് പ്രധാനമായും രണ്ടു പോരായ്മകള്‍ ഉള്ളതായാണ് എനിക്ക് തോന്നുന്നത്.ആദ്യായി ചിത്രത്തിന്‍റെ ഒന്നാം പകുതി.മോളി മാമന്‍ എന്ന അമേരിക്കന്‍ ‍ റിട്ടേണ്‍ഡു വനിതയെയും അവരുടെ സ്വഭാവ വിശേഷങ്ങളെയും വരച്ചു കാണിക്കാന്‍ ഉപയോഗിക്കുന്നു. അതല്‍പ്പം നീണ്ടു പോയി എന്നത് ഇരിക്കട്ടെ.ശരിക്ക് ഉള്ള കഥ തുടങ്ങുന്നത് മോളി മാമ്മന് ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് നോട്ടീസ് കിട്ടുന്നത് മുതല്‍ ആണല്ലോ.അത് മുതല്‍ തങ്ങള്‍ വളരെയധികം സമയം ചിലവാക്കി കെട്ടി പൊക്കിയ മോളി മാമന്‍ എന്നാ മധ്യ വയക്സ്കയായ ലോകം കണ്ടിട്ടുള്ള , തനിക്കെന്താണ് വേണ്ടത് എന്ന് തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ ചിന്തിക്കുന്ന അതനുസരിച്ച് ജീവിക്കുന്ന സ്ത്രീയില്‍ നിന്നും അന്തവും കുന്തവും ഇല്ലാത്ത ഒരു ദുര്‍വാശിക്കാരി ആയി മാറുകയാണ് അവര്‍.പ്രത്യേകിച്ചു പ്രണവ് റോയിയുമായി ഉണ്ടാകുന്ന ആദ്യ കൂടി കാഴ്ച മുതല്‍. ഉദാഹരണമായി ആദ്യ നോട്ടീസ് കിട്ടുമ്പോള്‍ ഒരു നല്ല സി എ ക്കാരനെ സമീപിച്ചു ഇതിനു എന്ത് ചെയ്യാം എന്ന് ചോദിക്കുകയാണ് ആദ്യം ആരും ചെയ്യുന്നത് . കുടുംബ സുഹൃത്തുക്കള്‍ അത് മോളിയോടു പറയുന്നുമുണ്ട് . പക്ഷെ മോളി മാമ്മന് സംഗതി നേരിട്ടറിയണം.(അതും അമേരിക്കയില്‍ പോകാന്‍ വിമാനം കയറാന്‍ നില്‍ക്കുമ്പോള്‍ ) ശരി അറിഞ്ഞോട്ടെ,അവിടെ എത്തുമ്പോള്‍ ഉദ്യോഗസ്ഥന്‍ കൈകൂലി ചോദിക്കുന്നു.മോളി മാമന്‍ ഞെട്ടി തെറിക്കുന്നു.(എന്ത് ...? കൈക്കൂലിയോ ..... ഇവര്‍ ചുരുങ്ങിയത് ഒരു ഇരുപതു കൊല്ലം എങ്കിലും ഭാരതത്തില്‍ അല്ലെ ജീവിച്ചത്?) ശരി അത് തെറ്റാണു എന്ന് തോന്നുന്നു എങ്കില്‍ അവര്‍ ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥന്‍റെ മേലധികാരിക്ക് പരാതി നല്‍കുക എന്നതാണ് അല്ലെങ്കില്‍ നോട്ടില്‍ മഷി പുരട്ടി പിടിക്കുന്ന വിജിലന്‍സിന്‍റെ സഹായം തേടുക എന്നതാണ്.അല്ലാതെ എന്നെ ഒരുത്തന്‍ ബസില്‍ വെച്ച് തോണ്ടി എന്ന മട്ടില്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടുക എന്നാ മണ്ടത്തരം അടിസ്ഥാന വിദ്യാഭ്യാസം പോലും ഉള്ളവര്‍ ചെയ്യില്ല എന്ന് ഞാന്‍ കരുതുന്നു.ശരി അതും പോകട്ടെ.ഇതെല്ലാം പോകട്ടെ പിന്നീടു ഒന്‍പതു ലക്ഷം അടയ്ക്കാന്‍ പറയുന്ന നോട്ടിസുമായി വരുന്ന മോളി ആന്റി നികുതി വെട്ടിപ്പ് നടത്തി എന്നത് വ്യക്തമായി തെളിയിക്കപ്പെടുമ്പോള്‍ അവര്‍ വെറുതെ നിന്ന് കണാ കുണ ന്യായം പറയുകയാണ്.അവിടം മുതല്‍ അവസാനം വരെ യാതൊരു വ്യക്തിത്വവും ഇല്ലാത്ത ഒരു സ്ത്രീ ആയി മോളി ആന്റി എന്ന കേന്ദ്ര കഥാപാത്രം തുടരുന്നു.ഏറ്റവും കഷ്ട്ടം ഈ സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും തികച്ചും സ്വാഭാവികമായാണ് പെരുമാറുന്നത്.മോളിയുടെ ഭര്‍ത്താവായ ബെന്നി പോലും പ്രണവ്മായി ആദ്യം സംസാരിക്കുന്ന രംഗം വിട്ടാല്‍ (ആ ടെന്നീസ് കോര്‍ട്ടിലെ രംഗം.സംഗതി പരമ ബോറായി പോയി) ഒഴിവാക്കിയാല്‍ ഒരു അനുസരണയുള്ള ഭര്‍ത്താവു എന്ന നിലയില്‍ തികച്ചും സ്വാഭാവികമായി ആണ് പെരുമാറുന്നത്.

അത് നില്‍ക്കട്ടെ.ഈ ചിത്രത്തില്‍ ചില അപ്രധാന കഥാപാത്രങ്ങള്‍ക്കും വിചിത്രമായ പേരുകള്‍ നല്‍കുന്നത് വഴി എന്താണ് ഉദേശിക്കുന്നത് (ഉദാഹരണം ഒരു സീനില്‍ വരുന്ന ഫ്ലെമിഗ് രാജ് എന്ന പയ്യന്‍ ) ? വിവാഹ മോചനം നേടിയ ഒരച്ചനെ കാണിക്കുന്നത് വഴി കാണികളെ ചിരിപ്പിക്കാന്‍ ആണോ അതോ വര്‍ധിച്ചു വരുന്ന വിവാഹ മോചനത്തെ കളിയാക്കനാണോ ഉദ്ദേശിച്ചേ ?

ഇനി ക്ലൈമാക്സ്‌.ശരിക്കും മോളിയെ ഒരു സ്മാര്‍ട്ട്‌ ആയ ഒരു മധ്യവര്‍ഗ കുടുംബനാഥ ആയി കാണിച്ചിട്ട് ബോധ പൂര്‍വ്വം നടത്തിയ നികുതി വെട്ടിപ്പ് പിടിക്കും എന്നും വേറെ വഴി ഇല്ല എന്നാകുമ്പോള്‍ ഒടുവില്‍ പണ്ട് എപ്പോളോ ആരോ ചെയ്ത (അല്ലെങ്കില്‍ പണ്ട് എന്നോ ചെയ്ത) ചാരിറ്റി സ്വന്തം പേരിലാക്കി മാധ്യമ പ്രചരണം വഴി ഒരു സെലിബ്രിറ്റി ആയി മാറുകയും.അതോടെ ലോക്കല്‍ ഇന്‍കം ടാക്സ് വകുപ്പിനു അവരെ തൊടാന്‍ പറ്റാതെ ആകുകയും അവസാനം ഇളിഭ്യരായി നില്‍ക്കുന്ന പ്രണവിനും കൂട്ടര്‍ക്കും മുന്നിലൂടെ കൂള്‍ ആയി അമേരിക്കയ്ക്ക് പോകുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരു പക്ഷെ ടൈറ്റിലുകള്‍ എഴുതി കാണിക്കുമ്പോള്‍ പശ്ചാത്തലമായി കാണിച്ച കാര്‍ട്ടൂണുകള്‍ക്ക് ഒരു അര്‍ഥം ഉണ്ടാകുക മാത്രമല്ല സിനിമയുടെ പേരിനും ഒരു അര്‍ഥം ഉണ്ടാകുക എന്നതിനോടൊപ്പം ചിത്രം ഒരു മികച്ച ആക്ഷേപഹാസ്യ ചിത്രം എങ്കിലും ആയേനെ എന്നാണ് എന്‍റെ അഭിപ്രായം.ഇനി വേറൊരു രീതി അമേരിക്കയില്‍ നിന്ന് തിരിച്ചു വന്നു ബാങ്കില്‍ ചേരുന്ന മോളി,അവരുടെ വിടപറയല്‍ പ്രസംഗത്തില്‍ നടത്തുന്ന സാരോപദേശം പ്രവത്തിയിലൂടെ കാണിച്ചു കൊടുത്തു (കസ്റ്റമേഴ്സ് നോട് പെരുമാറുന്ന രീതി,ജോലിയോടുള്ള സമീപനം അങ്ങനെയുള്ള കാര്യങ്ങള്‍ ) മൊത്തത്തില്‍ നന്നാക്കുന്ന സാമ്പ്രദായിക രീതി സത്യന്‍ അന്തികാടിന്‍റെ ഗിരി പ്രഭാഷണം ആക്കാതെ എടുത്താല്‍ പോലും ഇതിലും നന്നായേനെ

നേരത്തെ പറഞ്ഞതിന് ഉദാഹരണമായി പെട്ടന്ന് തോന്നുന്നത് ആദ്യ നോട്ടീസ് കിട്ടുബോള്‍ കുടുംബ സുഹൃത്തിന്റെ പ്രതികരണം തികച്ചും സ്വാഭാവികമാണ് . വഴക്ക് കൂടുമ്പോള്‍ പ്രണവ് പറയുന്നത് നോക്കു,നിങ്ങളുടെ അമേരിക്കയില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷ ഇതിലും വളരെ വലുതാണ് (സത്യം,ബ്ലേഡ് എന്ന ഹിറ്റ്‌ സീരീസ്‌ ചിത്രങ്ങളിലെ നായകന്‍ പോലും ഈ കുറ്റത്തിനു ജയിലില്‍ ആണെന്ന് ശ്രീനി എപ്പോളോ പറഞ്ഞത് ഓര്‍ക്കുന്നു ),അമ്മായി അമ്മയുടെ പെരുമാറ്റം,കുടുംബത്തിലെ മറ്റു ബന്ധുക്കളുടെ സമീപനം,(ആകെ കല്ല്‌ കടിയായി തോന്നിയത് ഓഫീസില്‍ ഒരാള്‍ക്ക് പോലും ഇവരോട് ഒരു അസൂയ ഇല്ല എന്നിടത്താണ്) ഇങ്ങനെ നോക്കിയാല്‍ മോളി എന്ന കഥാപാത്രം ഒഴികെ ബാക്കി എല്ലാരും ഈ ഭൂമിയില്‍ തന്നെ ഉള്ളവര്‍ ആണെന്ന് പറയേണ്ടി വരും .(ഇതൊരിക്കലും രേവതി എന്ന നടിയെ പറ്റിയല്ല മറിച്ചു മോളി എന്ന കഥാപാത്രമാണ് ഇവിടെ വിഷയം)

ഒരു ചെറിയ തമാശ കൂടി പറഞ്ഞു നിര്‍ത്തട്ടെ പണ്ട് പണ്ട് മലയാളത്തിലെ ഇന്നുള്ള എല്ലാ കുഴപ്പത്തിനും കാരണക്കാരനായ ഷാജി കൈലാസ് എന്നൊരു മനുഷ്യന്‍ ഉണ്ടായിരുന്നു . അങ്ങേര്‍ സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലെര്‍ ചിത്രത്തില്‍ ഒരു രംഗം.വക്കീലായ നായികയെ പോലീസ് ഉന്നത ഉദ്യോഗസ്ഥനായ നായകന്‍ കോടതി മുറ്റത്ത്‌ വെച്ച് പരസ്യമായി കാരണത്തടിക്കുന്നു. കോടതിയോ വനിതാ കമ്മിഷനോ ഏതാണ്ട് കേസ് എടുക്കുന്നു.വിചാരണ ചെയ്യപ്പെടുമ്പോള്‍ നായകന്‍ കൂളായി കുറ്റം സമ്മതിക്കുന്നു എന്നിട്ട് പറയുന്നു എനിക്ക് അതിനുള്ള അധികാരം ഉള്ളത് കൊണ്ടാണ് അടിച്ചതു കാരണം പണ്ട് ഞങ്ങള്‍ ലൈന്‍ ആയിരുന്നു (ഇപ്പോള്‍ അല്ല). ഇതു കേട്ടതും വിചാരണ ചെയ്യുന്നവര്‍ അയ്യോ സോറി ഞങ്ങള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞു നിരുപാധികം മാപ്പ് പറഞ്ഞു ലാലേട്ടനെ വിട്ടയക്കുന്നു.ചുരുക്കമാ സോന്നാല്‍ ചെയ്ത കുറ്റകൃത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത വേറൊരു സംഭവത്തിന്റെ പേരില്‍ പ്രതിയെ വെറുതെ വിടുന്നു എന്നതാണ് മേല്പറഞ്ഞ സംഭവത്തില്‍ കാണുന്നത് . അങ്ങനെ തന്നെ അല്ലെ രഞ്ജിത് താങ്കളുടെ ഈ ചിത്രത്തിലും? ഇനി അവസാനം കോടതിയില്‍ മോളി നടത്തുന്ന പ്രഭാഷണം നോക്കു എന്ത് ബോറന്‍ ആണ് ആ രംഗം.ഈ നാട്ടില്‍ സ്വകാര്യമായി ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ എന്താ പ്രശ്നം? ഒന്നുമില്ല എന്നതല്ലേ സത്യം? അത് പോലെ ഈ നാട്ടില്‍ നികുതി കൊടുക്കുന്നവനു ഒരു തേങ്ങയും കിട്ടുന്നില്ല എന്നത് സത്യം.പക്ഷെ നികുതി വെട്ടിക്കുന്ന ഒരാള്‍ അത് പറയുമ്പോള്‍ അത് ഒരു നയീകരണത്തിന് അപ്പുറം ഒന്നുമാകുന്നില്ല.

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന് ശേഷം ഇത്രയും സമയം എടുത്തു ചെയ്ത ഒരു ചിത്രം എന്ന നിലയ്ക്ക് നോക്കിയാല്‍ വളരെ മോശം എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ വിഷമം ഒരൊറ്റ ആളുടെ അല്ലെങ്കില്‍ ഒരൊറ്റ കഥാപാത്രസൃഷ്ട്ടിയുടെ പാളിച്ച മൂലം ഒരു ചിത്രം മൊത്തത്തില്‍ മോശമാവുന്നു എന്നതിലാണ്. മൊത്തത്തില്‍ എന്തോന്ന് റോക്ക്സ് ????

Sunday, February 5, 2012

സെക്കന്റ്‌ ഷോ (Second Show )

അണ്ണാ ഇതു വളരെ മോശം ... അയ്യം എന്ന് തന്നെ പറയാം

എന്തുവാടെ രാവിലെ ?

മലയാള സിനിമയില്‍ മാറ്റത്തിന്‍റെ ടൊര്‍ണാഡോ വീശി അടിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം.മലയാള സിനിമയില്‍ വല്ലപ്പോഴും സംഭവിക്കുന്ന മഹാ അത്ഭുതം,പുതിയ താരോദയം ഇതൊക്കെ സംഭവിച്ചിട്ടും നിങ്ങള്‍ ഒരുമാതിരി .. കുരങ്ങു ചത്ത കുറവനെ കൂട്ട് ഇങ്ങനെ.....കഴിഞ്ഞ വര്‍ഷം ട്രാഫിക്‌ ഈ വര്‍ഷം ദാ സെക്കന്റ്‌ ഷോ

അനിയാ നില്‍.നീ ഇല്ല നമ്മുടെ പുതിയ നായകന്‍ സുപ്പര്‍ താരം ഡോക്ടര്‍ മമ്മൂട്ടിയുടെ മകന്‍ അഭിനയിച്ച പടത്തെ പറ്റി തന്നെ അല്ലെ ഈ പറയുന്നേ? എന്തായിരുന്നു ആ പയ്യന്‍റെ പേര് നിക്കര്‍ സല്‍മാനോ ദുഷ്ടന്‍ സല്‍മാനോ അങ്ങനെ ഏതാണ്ട് അല്ലേ ?

ഇതെന്തോന്ന് അണ്ണാ? നിങ്ങള് പത്രം വായിക്കാറില്ലേ .മകന് സുപ്പര്‍ താര സന്തതി എന്ന യാതൊരു പരിഗണനയും നല്‍കി പോകരുത് എന്ന സുപ്പര്‍ താരം വക കര്‍ശനമായ താക്കീതിനെ സാഹസികമായി മറികടന്നു ഇവിടുത്തെ മാധ്യമങ്ങള്‍ കുറച്ചു ദിവസമായി അദേഹത്തിന്‍റെ വിശേഷങ്ങള്‍ കാന്ധം കാന്ധമായി വിളമ്പുക അല്ലായിരുന്നോ? പേര് ദുല്‍ക്കര്‍ സല്‍മാന്‍ വീട്ടില്‍ ചാലു മോനെ എന്ന് വിളിക്കും.പിന്നെ ഈ പടം,ദയവായി നിങ്ങള്‍ പുതുമുഖ നായകന്‍ പയ്യനെ കേറി സുപ്പര്‍ താരം മമൂട്ടിയുമായി കേറി
താരതമ്യപ്പെടുതരുത്.

അനിയാ മമ്മൂട്ടി എന്ന നടനെ മര്യാദക്കുള്ള ഏതൊരു പുതുമുഖ നടനുമായി താരതമ്യപ്പെടുത്തിയാലും പുതുമുഖത്തിന്‌ മാര്‍ക്ക് കൂടുതല്‍ ആയിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ശ്രീ മമ്മൂട്ടി അടിയൊഴുക്കുകള്‍,ആവനാഴി എന്നെ ചിത്രങ്ങള്‍ ആകുന്ന കാലത്താണ് അദേഹം അഭിനയിക്കുമല്ലോ എന്നൊരു സംശയം പോലും കാണികള്‍ക്ക് വരുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ,അത് വരെ അദേഹം അഭിനയിച്ചു തകര്‍ത്തിരുന്നത് ആര്‍ക്കും ചെയ്യാമായിരുന്ന ചിത്രങ്ങളോ (പെട്ടി കുട്ടി സീരീസ്‌ ) അല്ലെങ്കില്‍ അഭിനയിച്ചു കുളമാക്കിയ ചിത്രങ്ങളോ (പടയോട്ടം, തൃഷ്ണ പോലുള്ളവ) ആണ്.(ഈ പറഞ്ഞ എല്ലാ ചിത്രങ്ങളും റീലീസ് കാലത്ത് തീയറ്റെറില്‍ പോയി കണ്ട ആളാണ് ഈയുള്ളവന്‍.) പടയോട്ടം എന്ന ചിത്രം ഇപ്പോള്‍ സി ഡി ഇറങ്ങിയിട്ടുണ്ട് വാങ്ങി കണ്ടു നോക്കണം ആ ചിത്രത്തില്‍ ശ്രീ മമൂട്ടി ഒഴികെ എല്ലാരും (മുതിര്‍ന്ന താരങ്ങളായ നസീര്‍,മധു,ഗോവിന്ദന്‍കുട്ടി തുടങ്ങി അന്നത്തെ ഇളമുറക്കാരായ മോഹന്‍ലാലും (അതൊരു കാലം !!) ശങ്കറും വരെ) നന്നായിട്ടുള്ള ചിത്രമാണ്.

ശരി ശരി ..എന്നാലും പയ്യന്‍ നമ്മുടെ അഹങ്കാരി നായകന്മാരെ പോലെയല്ല. ഇത്ര നല്ല സെറ്റപ്പില്‍ നിന്ന് വന്നിട്ട് ഇത്ര എളിയ ഒരു ലോഞ്ച് .. അത് കണ്ടാല്‍ തന്നെ അറിയില്ലേ പയ്യന്‍ വിനയവാനും നല്ല സിനിമയെ സ്നേഹിക്കുന്നവനും.പോരാത്തതിനു പയ്യന്‍ സിനിമയെ പറ്റി,അഭിനയത്തെ പറ്റി ഒക്കെ ശാസ്ത്രീയമായി പഠിച്ചിട്ടൊക്കെ തന്നെയാണ് ഈ പണിക്കിറങ്ങിയത്. പിന്നെ ഒന്നുമല്ലേലും ഇതൊരു നവയുഗ സിനിമയല്ലേ ?

എടാ, സ്ഥലം അഹങ്കാരി എന്ന സ്ഥാനം പ്രിഥ്വിരാജില്‍ നിന്നും ഇന്നലെ വരെ സല്‍ഗുണ സബന്നന്‍ ആയിരുന്ന ശ്രീ ആസിഫലിയിലേക്ക് നീങ്ങുന്നത്‌ കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതിയതാ ഈ സല്‍മാന്‍ വരാറായി എന്നത് (പറഞ്ഞു വരുമ്പോള്‍ ആസിഫലി ആണല്ലോ ഏറ്റവും ഇളയ താരം).പിന്നെ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത പേര്,കുറ്റി താടി നായകന്‍,വേറെ ഒന്ന് രണ്ടു താടികള്‍,ചെലവു കുറക്കാന്‍ കൊണ്ട് വന്ന കൈയില്‍ പിടിക്കാവുന്ന ക്യാമറ(ചാപ്പാ കുരിശുകാര്‍ കൈയ്യില്‍ കാശില്ലാതെ ഗതികേട് കൊണ്ട് ഉപയോഗിച്ച ആ ഐറ്റം) ,ക്രമം തെറ്റിച്ച കഥ പറച്ചില്‍(നോണ്‍ ലീനിയര്‍ കഥാകഥന സംവിധാനം കണ്ട് പിടിച്ചവന്റെ ആത്മാവ് കല്ലറയില്‍ കിടന്ന് മലയാളം സിനിമയുടെയും ചാലു മോന്റെയും ഡാഡിക്ക് വിളികാതിരുന്നാല്‍ ആത്മാക്കള്‍ ഇല്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് ഉറപ്പിച്ചോ ),പിന്നെ അവിയല്‍ പോലെ ഒരു ബാന്‍ഡ്,ഒരല്‍പം മീഡിയ കുഴല്‍ ഊത്തു എത്രയും ചേര്‍ന്നാല്‍ നവയുഗ സിനിമ ആകുമോ അനിയാ ?

അണ്ണാ പ്ലീസ് കാടു കേറല്ലേ.അത് നമുക്ക് പിന്നൊരിക്കല്‍ ചര്‍ച്ച ചെയ്യാം.ഇപ്പോ പടത്തെ പറ്റി .... പുതുമുഖ സംവിധായകന്‍ , ബാക്കി പിന്നണി പ്രവര്‍ത്തകര്‍,നടീ നടന്‍മാര്‍ ... എന്നിട്ടും.

ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഥവാ അങ്ങനെ അവകാശപ്പെട്ടിരിക്കുന്നത്,തിരക്കഥ പണിതു പണി പഠിക്കാന്‍ എത്തിയിരിക്കുന്നത് ശ്രീ വിനുവിശാലാണ്, ക്യാമറ പപ്പു, സംഗീതം എന്ന പേരില്‍ ഒച്ചപ്പാട് ഉണ്ടാക്കുന്നത് റെക്സ് വിജയന്‍.സുരുക്കമാ ശൊന്നാല്‍ അറിയുന്ന മുഖങ്ങള്‍ ബാബുരാജ്,രോഹിണി,കുഞ്ചന്‍ എന്നിവരേ എന്‍റെ ഓര്‍മയില്‍ ഉള്ളു .

ഇനി കഥ..... മഴയുള്ള ഒരു രാത്രി ഒരു ബസ്‌ സ്റ്റോപ്പ്.അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന ഹരിലാല്‍ എന്ന ലാലു (സല്‍മാന്‍) അവിടെ കണ്ട മറ്റൊരു ആളോട് തന്‍റെ ജീവിതകഥ പറയുന്നിടത്താണ് തുടക്കം .അവിടെ തന്നെ കല്ല്‌ കടിയാണ്.മറ്റേ ആള്‍ക്ക് സംസാരിക്കാന്‍ തീരെ താല്പര്യം ഇല്ല. അങ്ങേരെ ബലമായി തന്‍റെ ഫ്ലാഷ് ബാക്ക് കേള്‍പ്പിക്കയാണ് നായകന്‍.(സംഗതി പുതുമയ്ക്ക് വേണ്ടി ആകണം.മിണ്ടാതിരിക്കുന്ന നായകനോട് ഇടിച്ചു കേറി സംസാരിച്ചു കഥ പറയിക്കുന്നത് പഴമയല്ലേ)

ഒന്ന് വെറുതെ ഇരുന്നേ അണ്ണാ , പ്രേമവും,പ്രതികാരവും ,സ്നേഹവും,കുടുംബ ബന്ധങ്ങളുടെ ഹൃദയ സ്പര്‍ശിയ മുഹൂര്‍ത്തങ്ങളും ഇട കലര്‍ത്തി ആസ്വാദനത്തിന്‍റെ വേറിട്ട വഴികളിലൂടെ ഓടുന്ന ഈ ചിത്രം വ്യക്തിത്വം ഉള്ള കഥാപാത്രങ്ങളുടെ ഉന്തും തള്ളും ഉള്ള ഒരു സിനിമയാണ് എന്ന് ഏതു കണ്ണ് പൊട്ടനും അറിയാമല്ലോ .

ആണോ? ശരി . എന്നാ ഇതാണ് മേല്‍ പറഞ്ഞ സംഭവം,

എന്ത് തൊഴിലും ചെയ്തു (പ്രധാനമായും മണല്‍ മാഫിയക്ക് ലോഡ് കടത്തി കൊടുക്കുന്ന ഭരിച്ച പണി.ബാക്കി സമയം വെള്ളമടിയും തമാശയും) ജീവിക്കാന്‍ പാട്പെടുന്ന ലാലുവും സുഹൃത്തുക്കളും. ഇവര്‍ ചാവേര്‍ വാവച്ചന്‍ (ബാബുരാജ്‌ ) എന്ന പലിശക്കാരന്‍റെ ഗുണ്ട സംഘത്തില്‍ വണ്ടി സി സി പിടിക്കാന്‍ ചേരുന്നു.

ഈ ചാവേര്‍ വാവച്ചന്‍,പിന്നെ ചാവേര്‍ അന്തോണി എന്നെ ഇരട്ട വേഷം ബാബുരാജ്‌ വ്യത്യസ്തമായി ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് കേട്ടല്ലോ ഉള്ളതാണോ?

അനിയാ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രത്തിന് മുന്‍പ് ബാബുരാജ്‌ തുടക്കത്തില്‍ വന്നു നായകന്‍റെ കൈയില്‍ നിന്നും കിട്ടാനുള്ളത് വാങ്ങി പോകുന്ന കഥാപത്രങ്ങളെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്.പ്രസ്തുത ചിത്രത്തിന് ശേഷം അദേഹം എന്ത് കാണിച്ചാലും നമ്മള്‍ ചിരിച്ചു കൊള്ളണം എന്ന അലിഖിത നിയമം ഉള്ളതിനാല്‍ ഇതില്‍ അദേഹം ഒരു കോമാളി വില്ലനെ ആണ് അവതരിപ്പിക്കുന്നത്. അദേഹത്തിന്‍റെ ചേട്ടന്‍ ചാവേര്‍ അന്തോണി എന്ന ഭീകരഗുണ്ട ഒരിക്കല്‍ ഒരു പയ്യന്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഹൃദയസ്തംഭനം വന്നു മരിച്ചു പോലും.ആ പയ്യനെ തേടി കഴിഞ്ഞ പത്തിരുപതു കൊല്ലമായി പ്രതികാരദാഹിയായി നടക്കുകയാണ് അദേഹം.
നീണ്ട കാലത്തിനു ശേഷം ആ പയ്യനെ കിട്ടിയ വാവച്ചന്‍ ആശുപത്രിയില്‍ ആസന്ന മരണനായി കിടക്കുന്ന വലുതായ പയ്യനെ മാലപ്പടക്കം ചുറ്റി പൊട്ടിച്ചു കൊല്ലുന്നു.എന്നാല്‍ ആളു മാറി വാവച്ചന്‍ കൊല്ലുന്നത് അന്താരാഷ്ട്ര അധോലോക നേതാവായ വിഷ്ണുബുദ്ധന്‍ (സുരേഷ് ബെറി) എന്നയാളിന്‍റെ വലം കൈയെ ആണ് .(ഇത്ര വലിയ അധോലോക രാജാവിന്‍റെ വലം കൈ കിടക്കുന്നത് വേറെ കുറെ സാധാരണ രോഗികളുടെ കൂടെ !!).കുപിതനായ അധോലോക രാജാവ്‌ വാവച്ചനെ തട്ടുകയും നായകന്‍റെ വീരപരാക്രമം കണ്ടു സന്തുഷ്ടനായി അവരെ സംഘത്തില്‍ എടുക്കുകയും ചെയ്യുന്നു.(കൂട്ടത്തില്‍ പറഞ്ഞോട്ടെ ആക്ഷന്‍ രംഗങ്ങള്‍ തികച്ചും ബോറായി ആണ് ചിത്രീകരിച്ചിരിക്കുന്നത്,കാസനോവ പോലും ഇതിലും ഭേദം!!).ഇനി ആദ്യത്തെ വഴിത്തിരിവ് . കൂട്ടത്തില്‍ ഒരുത്തന്‍ നമ്മുടെ ബുദ്ധ രാജാവിന്‌ കൊടുകേണ്ട,മയക്കു മരുന്ന് വിറ്റു കിട്ടിയ കാശുമായി മുങ്ങുന്നു .നിവര്‍ത്തി ഇല്ലാതെ നായകനും സംഘവും കാശു വാങ്ങാന്‍ വരുന്ന രാജാവിന്‍റെ മകന്‍ സിദ്ധുവിനോട് (പാവം രാജാവ്‌ വേറെ ആരെയും വിശ്വാസം ഇല്ലാത്തത് കൊണ്ടാകണം പ്രീഡിഗ്രി പരുവത്തിലുള്ള മകനെയാണ് ഈ പരിപാടിക്ക് വിടുന്നത്).പോയി പണി നോക്കാന്‍ പറയുന്നു. രാജാവ്‌ സ്വാഭാവികമായും ഗുണ്ടകളെ വിടുന്നു.അവരുമായി ഉന്തും തള്ളും കഴിഞ്ഞു കുത്തും കൊണ്ട് ഓടുന്ന വഴിക്ക് തിരിഞ്ഞു നിന്ന് നായകന്‍ ബുദ്ധ രാജ ഗുണ്ടകളോട് ഇതിനു നിന്നോടൊക്കെ പകരം ചോദിക്കും എന്ന് വിളിച്ചു പറയുന്നുണ്ട് (അലറുന്നു എന്നാകണം സ്ക്രിപ്റ്റില്‍ പയ്യന്‍ അലറുന്നതുമുണ്ട്.പക്ഷെ പൂച്ച ഗര്‍ജ്ജിക്കുന്നു എന്ന് പറഞ്ഞത് പോലെയാണ് സംഭവം . എത്ര ശ്രമിച്ചാലും മ്യാവു തന്നെ ഫലം ). എന്തിനാണ് പകരം ചോദിക്കുന്നത് എന്ന് പടം തീരുന്നത് വരെ മനസിലായില്ല പാവം ബുദ്ധന്‍ !!!ഇതിനിടയില്‍ എപ്പോളോ നായകന്‍റെ അമ്മാവന്‍റെ (കുഞ്ചന്‍) മകളുമായി (നായിക ഗൌതമി നായര്‍) നായകന്‍റെ പ്രേമം വേറൊരു വഴിക്ക് (ആ ട്രാക്ക് അധികമില്ല.പാട്ടുമില്ല ഭാഗ്യം )

സംഘം നാട് വിട്ട് വേറൊരു സ്ഥലത്ത് ചെന്ന് ചായക്കട ഒക്കെ ഇട്ടു സമധാനമായി ജീവിക്കുമ്പോള്‍,അവരുടെ തന്നെ കൈയില്‍ ഇരുപ്പു കൊണ്ട് ബുദ്ധന്‍ ഇവരുടെ സ്ഥലം അറിയുകയും കട കത്തിക്കുകയും ചെയ്യുന്നു .കുപിതരായ സംഘം തിരിച്ചടിച്ചു ബുദ്ധന്‍റെ ബിസിനസ്‌ ചുമ്മാ പോയി പിടിച്ചടക്കുന്നു. ബുദ്ധന്‍റെ അധോലോകം സെക്കണ്ട് കൊണ്ട് പിടിച്ചടക്കി നായകന്‍ അധോലോക രാജാവായി ഒരു ഇരിപ്പുണ്ട്.കാണേണ്ടതാണ് സംഗതി.(പഴയ കടപ്പുറം സിനിമകളില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന കൊച്ചു മുതലാളി കഥാപാത്രത്തിന്റെ നൊസ്റ്റാള്‍ജിയ ആ ഇരുപ്പ് കണ്ടാല്‍ ഉറപ്പ്).അധോലോക രാജാവായി കഴിഞ്ഞു നായകന്‍ അസുരവിത്തില്‍ പാവം ആസിഫലി ചെയുന്നതെല്ലാം ചെയുന്നു കോട്ടും ഇട്ടു പെണ്ണുങ്ങള്‍ ഉള്‍പ്പെടുന്ന അധോലോക സംഘവുമായി നടക്കുക (ദോഷം പറയരുതല്ലോ ആരും കുട പിടിക്കുന്നില്ല ) ഇത്യാദി സംഗതികള്‍ .

അവസാനം തീരെ അനങ്ങാതെ ഇരുന്നാല്‍ മോശമല്ലേ എന്ന് കരുതി ബുദ്ധന്‍ നായകന്‍റെ സുഹൃത്ത്‌ കുരുടിയെ കൊല്ലുന്നു (മരിച്ചു കഴിഞ്ഞു നായകന്‍ മഴ പെയ്യുന്ന ആകാശത്തേക്ക് നോക്കി ഒരു അലര്‍ച്ച ഉണ്ട് !! ആരാധകര്‍ക്ക് കൈയടിക്കാം,വിവരമുള്ളവന് സ്വന്തം തലക്കും അടിക്കാം) അടുത്ത രംഗത്തില്‍ ബുദ്ധനു മുന്നില്‍ നായകന്‍ ഷേവ് ചെയ്തു കൊടുക്കാന്‍ ഇരിക്കുന്നത് പോലെ ഇരിക്കുന്നതാണ്.രണ്ടു പേരുടെയും മുഖം നിര്‍വികാരം (കണ്ടോ പുതുമ !!) നായകന്‍ ഉത്ഘാടനത്തിന് നാട മുറിക്കുന്നത് പോലെ ബുദ്ധന്‍റെ കഴുത്ത് മുറിക്കുന്നു.ബുദ്ധന്‍ നിര്‍വികാരമായി ചാകുന്നു.(ബുദ്ധം ശരണം ഗച്ചാമി എന്നൊരു ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൂടെ കൊടുക്കാമായിരുന്നു !! ചുമ്മാ ഒരു ഇതിനു )

അവിടെ കഥ തീരുമോ ?

എവിടെ ?ഇനിയല്ലേ ട്വിസ്റ്റ്‌ . ബുദ്ധന്‍ മരിച്ച ഉടനെ നായകനും സംഘത്തിനും ഒപ്പം കഞ്ചാവ് കടത്തലിന് കൂടു നിന്നിരുന്ന (പണ്ട് ബുദ്ധന്റെ സഹായി ആയിരുന്ന) കോണ്‍സറ്റബിള്‍ സച്ചിദാനന്ദന്‍ 'പറ്റിച്ചേ !!! ഞാന്‍ അണ്ടര്‍കവര്‍ കമീഷണര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആണേ !!! എന്ന് കൂവിക്കൊണ്ട് നായകന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു .നായകനെ തട്ടി ഉള്ളെ ആക്കുന്നു .അഞ്ചു വര്‍ഷങ്ങള്‍ അകത്തു കിടക്കുന്ന നായകന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി കഞ്ഞിയും പയറും ചമ്മന്തിയുമായി തന്നെ കാത്തിരിക്കുന്ന മമ്മിയെ കാണാന്‍ പോകുന്ന വഴിക്കാണ് , വഴിയില്‍ കണ്ട ഏതോ ഒരുത്തനോട്‌ ഫ്ലാഷ് ബാക്ക് ഭാണ്ഡം അഴിക്കുന്നത് .ആ വഴിയില്‍ കണ്ട ഏതോ ഒരുത്തന്‍ ബുദ്ധന്റെ മകന്‍ പഴയ പ്ലസ്‌ ടൂ പയ്യന്‍ പറഞ്ഞു വിട്ട കൊട്ടേഷന്‍ പാര്‍ട്ടിയാണ് എന്നത് ഒടുക്കത്തെ ട്വിസ്റ്റ്‌ .അയാളുടെ വെടിയേറ്റ്‌ പെരുവഴിയില്‍ വീഴുന്ന നായകന്റെ കൈ അനങ്ങുന്നിടത്ത് പ്രേക്ഷകരുടെ കഷ്ടകാലത്തിന് ഈ പടം ഓടിയാല്‍ രണ്ടാം ഭാഗം ഇറക്കും എന്ന ഭീഷണിയോടെ പടം തീരുന്നു

ഇനി നീ പറഞ്ഞ വ്യക്തിത്വം ഉള്ള കുറെ കഥാപാത്രങ്ങള്‍.

നായകന്‍ : പുഞ്ചിരിച്ചാലും പല്ല് ഞെരിച്ചാലും ഒരേ ഭാവം മുഖത്ത് വരുന്ന നടന്‍ .സ്ഥിരമായി ഒന്നോ രണ്ടോ ഭാവം. അഭിനയത്തിന് പ്രത്യേക ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു വന്നു എന്നത് ശരിയാണെങ്കില്‍ വളരെ മോശപ്പെട്ട ഒരു നടന്‍ എന്ന് പറയേണ്ടി വരും,(രക്ഷപ്പെടാതെ പോയ പുതു മുഖങ്ങളെ എടുത്താല്‍ കൂടി,ഉദാഹരണമായി നമ്മള്‍ എന്ന ചിത്രത്തിലെ ജിഷ്ണുവും സിദ്ധാര്‍ദ്ധനും പോലും ഇതിലും എത്രയോ ഭേദം !!!)

നായിക : പ്രേമിച്ചാലും,പേടിച്ചാലും,നാണിച്ചാലും,വികരഭാരിതയായാലും,നായകനെ കളഞ്ഞു വേറെ കെട്ടിയാലും ഒരൊറ്റ ഭാവം ആണ് മുഖത്ത്.

നായകന്‍റെ അമ്മ (രോഹിണി ) : കവിയൂര്‍ പൊന്നമ്മയുടെ ചെറുപ്പം വേര്‍ഷന്‍

കുരുടി /നെല്‍സണ്‍ (സണ്ണി വെയിന്‍ ) : പഴശിരാജയില്‍ ശരത് കുമാര്‍ അവതരിപ്പിച്ച കുങ്കന്‍ കലക്കി എന്നതിന് കാരണമായി എനിക്ക് തോന്നിയത് ബാക്കിയുള്ളവര്‍ അത്രക്ക് ബോര്‍ ആയി എന്നതാണ് . സംഗതി ഇവിടെയും അത് തന്നെ . കഷ്ടിച്ച് സഹിക്കാം ഉള്ളതില്‍ ഭേദം.

നായകന്‍റെ അമ്മാവന്‍ (കുഞ്ചന്‍ ) : പഴയ പ്രിയദര്‍ശന്‍ സിനിമകളില്‍ ഉള്ള,ദരിദ്രരായ നായകനെയും അമ്മയെയും പുറം തള്ളുകയും നായകന് നല്ല ജോലി കിട്ടി എന്നറിയുമ്പോള്‍ മകളെ കെട്ടിച്ചു കൊടുക്കാന്‍ മുട്ടി നില്‍ക്കുകയും ചെയുന്ന മന്ദബുദ്ധി കഥാപാത്രം.

ചാവേര്‍ വാവച്ചന്‍ : നേരത്തെ പറഞ്ഞ വ്യത്യസ്ത കഥാപാത്രം.കാണുമ്പോള്‍ തന്നെ ചിരിച്ചു തുടങ്ങിക്കോണം

വില്ലന്‍ : ഇങ്ങേരെ പറ്റി എന്ത് പറയാന്‍ ?.പാവം മനുഷ്യന്‍ !!! ഒരു അധോലോക രാജാവിനും ഇത്ര ഗതികേട് വരാതിരിക്കട്ടെ.സ്വന്തം മോനെ ഇടി കൊടുത്ത് അവന്റെ വസ്ത്രവും സെല്‍ ഫോണും ഒക്കെ പിടിച്ച് പറിച്ച നായകന്റെയും കൂട്ടുകാരുടെയും ഹോട്ടലിനു തീ വെയ്പ്പിക്കുന്ന വില്ലന്‍ അത് കഴിഞ്ഞ ഉടന്‍ ചെയ്യുന്നത് മോന്റെ സെല്‍ ഫോണിലേക്ക് വിളിച്ച് 'മോനെ നമ്മുടെ കഞ്ചാവ് ലോറി മണക്കാട് ജങ്ങ്ഷന്‍ കഴിയാറായി .നിന്റെ ഒരു കണ്ണ് വേണം' എന്ന് പറയുകയാണ്‌ .ആ വിവരം വില്ലന്റെ മകന്റെ ഫോണിലൂടെ കേട്ട ശഷമാണ് നായകന്‍ ആ കഞ്ചാവ് ലോറി പിടിച്ച്, കച്ചവടമടിച്ചു വലിയ ആളാകുന്നത്.പിന്നെ നായകന്‍ ഒരാഴ്ച ലോക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ബോധമില്ലാതെ കിടകുമ്പോള്‍ ,നായകന് ബോധം തെളിഞ്ഞ ശേഷം കൊള്ളാന്‍ ആളെ വിടാം എന്ന് കരുതി പുള്ളി വെറുതെ ഇങ്ങനെ കസേരയില്‍ കാലും കയറ്റി ഇരിക്കും .സിനിമയില്‍ അങ്ങേരുടെ സീനുകള്‍ ഒട്ടുമുക്കാലും ഈ ഇരുപ്പ് തന്നെയാണ് ,അവസാനം ആ കസേരയില്‍ തന്നെ ഒരു ചെറു വിരല്‍ പോലുമാനക്കാതെ ഷേവ് ചെയ്യാന്‍ ഇരുന്നു കൊടുകുമ്പോലെ നായകന് തന്നെ കൊല്ലാന്‍ പാകത്തിന് പുള്ളി ഇരുന്നു കൊടുക്കുന്നതുമുണ്ട്

സച്ചി എന്ന പോലീസുകാരന്‍ : മുംബൈ മാര്‍ച്ച്‌ 21 എന്ന ചിത്രത്തിലെ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനു ശേഷം ഇത്രയും സങ്കീര്‍ണമായ കഥാപാത്രം മലയാളത്തില്‍ ആദ്യം . ഒര്‍ജിനല്‍ കഞ്ചാവ് കടത്ത്കാരെ പിടിക്കാന്‍ വരുന്ന പുള്ളിയുടെ ഹോബി അണ്ടര്‍കവറായി നിന്ന് പഴയ അധോലോക രാജാവിന്റെ ഗുണ്ടകളെയും വഴിയെ പോകുന്നവരെയും ഒക്കെ വലിയ കള്ളക്കടത്തുകാര്‍ ആകാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുക,അവര്‍ക്ക് കാറും കോട്ടും സ്യൂട്ടും,കൂളിംഗ് ഗ്ലാസും,സ്ലോമോഷനും ഒക്കെ ആയതിന് ശേഷം അവരെ അറസ്റ്റ് ചെയുക എന്നതുമാണ്‌ .തീര്‍ത്തും സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രം തന്നെ.അല്ലെ ?

പിന്നെയുള്ളത് സിനിമയുടെ തുടക്കത്തില്‍ മഴയത്ത് ബസ്‌ സ്റ്റോപ്പില്‍ നായകന്‍ പരിചയപ്പെടുകയും ഇടിച്ച് കയറി സ്വന്തം കഥ മുഴുവന്‍ വിളമ്പുകയും ചെയ്യുന്ന കഥാപാത്രം.മുഴുവന്‍ കഥ കേട്ട ശേഷം കൊട്ടേഷന്‍ തൊഴിലാളിയായി മാറി നായകനെ വെടിവെച്ച് വീഴ്ത്തുന്ന ഈ കഥാപാത്രം പ്രേക്ഷരുടെ തന്നെ ഒരു പ്രതിനിധിയാണ് .പടം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെ എന്താങ്ങിലും ഒക്കെ ചെയ്യാന്‍ തോന്നിപ്പോയി

മിനിമം തിരക്കഥയില്‍ എങ്കിലും ഒരു പുതുമ ഇല്ലേ അണ്ണാ ?

പിന്നെ,ഒന്നുമിലെങ്കിലും മമ്മി ഈസ്‌ മമ്മി കാമുകി ഈസ്‌ കാമുകി .മമ്മി വില്‍ ആള്‍വേസ് ലവ് ചാലു മോന്‍ ബട്ട്‌ കാമുകി വില്‍ ആള്‍വേസ് ലവ് പണം,കോട്ട് സ്യൂട്ട് ആന്‍ഡ്‌ ബെന്‍സ് കാര്‍ എന്ന മഹത്തായ സന്ദേശം തരുന്നു എന്നൊരു പുതുമയെങ്കിലും പറയാം.

അനിയാ ,കുറച്ചു കാലം മുന്‍പ് ഗോവിന്ദന്‍ കുട്ടി എന്നൊരുത്തന്‍ ത്രീ ചാര്‍സോബീസ് എന്നൊരു പടം സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചിരുന്നു .ഇതേ കഥ,ഇതേ സന്ദര്‍ഭങ്ങള്‍ (വില്ലനും,അണ്ടര്‍കവറും ഒഴികെ).അതില്‍ മോഷണം,ഇതില്‍ കഞ്ചാവ് കടത്ത്.ഒടുക്കം എല്ലാം ഒന്ന് പോലെ തീരുന്നു.ആ നിലവാരം മാത്രമുള്ള ഒരു കൂറ പടം .അതാണ്‌ സെക്കണ്ട് ഷോ.

ഒരു വത്യാസം ഉണ്ട് അണ്ണാ

എന്തോന്നടെ ?

ഗോവിന്ദന്‍കുട്ടിയുടെ ഡാഡിയുടെ പേര്‍ സുപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി എന്ന് അല്ലല്ലോ .ടന്‍ ട ഡാങ്ങ് !!!

അത് ന്യായം .ആ ഒരു ഒറ്റ കാരണം കൊണ്ട് ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ ഗോവിന്ദന്‍ കുട്ടി ചെയ്തപ്പോള്‍ ങ്ങേ ഹേ !!! , ചാലു മോന്‍ ചെയ്തപ്പോള്‍ ഓ ഹോ !!!, അല്ലെഡേ ?

അതാണ്‌ പോയന്റ് .അണ്ണാ,നിങ്ങള്‍ ഒന്ന് ശ്രമിച്ചാല്‍ സോഷ്യല്‍ മീഡിയ രംഗത്തെ ആധുനിക കുഴലൂത്ത് കമ്മറ്റിയുടെ ചെയര്‍മാന്‍ ആകാം

വേണ്ടഡാ.ഇപ്പോ തന്നെ നീയും,ബാക്കി കുറെ കിടിലങ്ങളും ആ കര്‍മ്മം ഭംഗിയായി ചെയുന്നുണ്ടല്ലോ.അത് അങ്ങനെ തന്നെ പോട്ടെ .ചാലു മോന്‍,പ്രണവ് മോന്‍,ഇവരുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍,അത് കഴിയുമ്പോള്‍ അവര്‍ അവരുടെ
ഡാഡിമാരോടോത്തും,മറ്റവന്‍റെ ഡാഡിയോടോത്തും,അവര്‍ ഒരുമിച്ചും പിന്നെ അവരുടെ മോന്‍മാരോട് ഒന്നിച്ചും മലയാള സിനിമയില്‍ പുതുമയുടെ മാലപടക്കം പൊട്ടിക്കുമ്പോള്‍ ഇവര്‍ക്കൊക്കെ കുഴല്‍ ഊതാന്‍ നിങ്ങള്‍ തന്നെ ധാരാളം.

Tuesday, August 30, 2011

തേജാഭായി ആന്‍ഡ്‌ ഫാമിലി

മലയാള സിനിമയുടെ മഹാ ആചാര്യന്‍ ശ്രീ പ്രിയദര്‍ശന്‍റെ വത്സല ശിഷ്യനും വിന്‍റ്റര്‍,ക്രേസി ഗോപാലന്‍ എന്നീ സിനിമകളുടെ സംവിധായകനുമായ ശ്രീ ദീപു കരുണാകരന്‍ അണിയിച്ചൊരുക്കുന്ന......

എന്തുവാടെ ഇതു മൈതന പ്രസംഗമോ? അതോ .....

അണ്ണാ പുതിയ പടം ഇറങ്ങിയത്‌ അറിഞ്ഞില്ലേ? നിങ്ങളെ പോലെ ആരെങ്കിലും ഒക്കെ കണ്ടു വന്നു അഭിപ്രായം പറഞ്ഞിട്ട് വേണം എന്നിക്ക് ചിത്ര വിദ്വേഷത്തില്‍ എഴുതി കാളകൂടം അന്തി പത്രത്തെ ഒരു വഴിക്കാക്കാന്‍ . അതിനു മുന്‍പ് ഒരു തുടക്കം എഴുതി വെച്ചാല്‍ പണി എളുപ്പമായില്ലേ ?

ആയെടാ ആയി ഇപ്പോള്‍ ഏതു സിനിമയെ പറ്റിയാ നിന്‍റെ കത്തിക്കല്‍ ?

അത് ഇതു വരെ മനസിലായില്ലേ? ഇന്നല്ലേ മലയാള സിനിമാ നിരൂപക ലോകം ആകാംഷയോടെ കാത്തിരുന്ന തേജാഭായി ആന്‍ഡ്‌ ഫാമിലി എന്ന ചിത്രം ഇറങ്ങുന്നെ? മോശം തന്നെ അണ്ണാ

എടാ ഞാന്‍ നിന്നെ പോലെ പടം കാണാതെ കണാ കുണ എന്ന് അവിടെയും,ഇവിടെയും,എവിടെയും തൊടാതെ അഭിപ്രായം പറയാറില്ല. പ്രസ്തുത ചിത്രം സര്‍വ ധൈര്യവും സംഭരിച്ചു ആണെങ്കിലും പോയി കണ്ടിട്ട് വരുന്ന വഴിയാണ് ഇതു.

പിന്നേ ... ഇതിനെന്തിന്നാ ഇത്ര ധൈര്യം? അണ്ണന്‍ അല്ലെങ്കിലേ പ്രിത്വിരാജ് ആരാധകന്‍ എന്നറിയപ്പെടുന്ന ആളാണല്ലോ?

അനിയാ പ്രിയന്‍ സാറിന്‍റെ മറ്റൊരു ശിഷ്യന്‍ ശ്രീ മുരളി നാഗവള്ളി അണിയിച്ചൊരുക്കിയ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന പടം ഇപ്പോളും ഒരു പേടി സ്വപ്നം ആയി എന്നെ വേട്ടയാടുകയാണ് .പോരാത്തതിനു ദീപു കരുണാകരനെ അദ്ദേഹത്തിന്‍റെ അവസാന ചിത്രത്തിന് ശേഷം പേടിക്കേണ്ട ഒരാളായാണ് ഞാന്‍ കാണുന്നത്.പോരാത്തതിനു ആക്ഷന്‍ വേഷങ്ങളില്‍ വരാറുള്ള പ്രിത്വിരാജ് അഭിനയിക്കുന്ന തമാശ ചിത്രം,കൂടെ അഭിനയിക്കുന്നത് സുരാജ് ,സലിം കുമാര്‍,ജഗദീഷ് തുടങ്ങിയവര്‍.പേടിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം അനിയാ?

തികച്ചും ന്യായം . ഇതൊന്നും കണ്ടു പേടിക്കാത്ത ധൈര്യശാലികളെ പേടിപ്പിക്കാന്‍ പ്രിത്വിരാജ് പഴയ ജഗ്ഗു മോഡല്‍ വിഗ്ഗും ഒരു ഗിത്താറും പിടിച്ചു നില്‍ക്കുന്ന പോസ്റ്ററും നാട് നീളെ ഒട്ടിച്ചിട്ടുണ്ടല്ലോ. ഉയിര് പേടിയുള്ളവന്‍ പടത്തിനു കേറുമോ ? നിങ്ങളെ സമ്മതിക്കാതെ വയ്യ . അതിരിക്കട്ടെ ഈ ചിത്രത്തിന്റെ കഥ, മറ്റു വിവരങ്ങള്‍...

നേരത്തെ പറഞ്ഞല്ലോ സംവിധാനം ദീപു കരുണാകരന്‍.കഥയും തിരകഥയും അദേഹം തന്നെയാണ് .സംഗീതം ദീപക് ദേവ് അഭിനേതാക്കള്‍ നേരത്തെ പറഞ്ഞവര്‍ കൂടാതെ അഖില (കാര്യസ്തന്‍ ഫെയിം ),നെടുമുടി,ജഗതി,ഇന്ദ്രന്‍സ്,തലൈ വാസല്‍ വിജയ്‌ , കൊച്ചു പ്രേമന്‍,ബിന്ദു പണിക്കര്‍,മഞ്ജു പിള്ള മുതല്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഷക്കീല പോലും ഉണ്ട് ഈ ചിത്രത്തില്‍.മലേഷ്യയിലും തിരുവനന്തപുരത്തും ആയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്

ശരി ഇനി കഥ.....

കഥ തുടങ്ങുന്നത് മലേഷ്യയില്‍ ആണ്. അവിടുത്തെ അധോലോക രാജാവാണ് തേജാഭായ് എന്നറിയപ്പെടുന്ന റോഷന്‍ വര്‍മ (പ്രിത്വിരാജ്).കഥ തുടങ്ങുമ്പോള്‍ മലേഷ്യയിലെ വി ഗ്രൂപ്പ്‌ എന്ന വ്യവസായ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കൈയ്യേറാന്‍ കര്‍ത്താ എന്ന മറ്റൊരു വ്യവസായിയെ (സുമന്‍) സഹായിക്കുന്ന തേജാഭായിയെയും സംഘത്തെയും ആണ് കാണിക്കുന്നത്, വി ഗ്രൂപ്പിന്റെ മുതലാളി ഗോപിനാഥ്നെ (അശോകനെ) വിരട്ടി ലക്‌ഷ്യം നേടുന്ന തേജാ,അവിടുത്തെ ഒരു സംഭവം ആണെന്ന് നമുക്ക് മനസിലാകുന്നു.(ഇതു നമ്മളെ മനസ്സിലാക്കി തരാനാണ് ആദ്യത്തെ പത്തു മിനിട്ട് ഉപയോഗിച്ചിരിക്കുന്നത്).ഇങ്ങനെ കഴിയുന്ന നായകന്‍ അവിടെ തന്നെയുള്ള ഒരു പെണ്‍കുട്ടിയില്‍ ആകൃഷ്ട്ടന്‍ ആകുന്നു.വേദിക (അഖില) എന്ന ഈ കുട്ടിയുടെ ഇഷ്ട്ടം പിടിച്ചു പറ്റാന്‍ ഇയാള്‍ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വെച്ച് ഒരു സാധാരണക്കാരനായി അഭിനയിച്ചു അടുക്കുന്നു.അവളെ പോലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരന്‍ ആണെന്ന് നടിക്കുന്നു.എന്നാല്‍ സംഗതി വിവാഹത്തോട് അടുക്കുമ്പോള്‍ വേദികയുടെ അച്ഛന് കുടുംബ പാരമ്പര്യമുള്ള, യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ഒരു കുടുംബത്തിലെക്കെ മകളെ വിവാഹം ചെയ്തു അയയ്ക്കു എന്ന വാശിയും പോരാത്തതിനു വേദികയുടെ അച്ഛന്‍ ദാമോദര്‍ ജി (തലൈവാസല്‍ വിജയ്‌) തന്‍റെ അധ്യാത്മിക ഗുരുവായ വശ്യവചസ് (സുരാജ്) പറയുന്നത് പോലെയേ എന്തും ചെയ്യുവത്രെ .വശ്യവചസിനെ പൊക്കുന്ന തേജാ ഭായ് അയാളെ വിരട്ടി കൂടെ നിര്‍ത്തുന്നു. അയാള്‍ വഴി വേദികയുടെ അച്ഛന് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തേജാ (റോഷന്‍ എന്ന പേരില്‍ ) വശ്യവചസും ഒത്തു നാട്ടില്‍ എത്തുകയും ഒരു കുടുംബം സെറ്റ് അപ്പ്‌ ചെയ്യുകയും ചെയ്യുന്നു (ജഗതി ,ബിന്ദു പണിക്കര്‍,ജഗദീഷ് ,മഞ്ജു പിള്ള,കൊച്ചു പ്രേമന്‍,കൊളപുള്ളി ലീല , സലിം കുമാര്‍ തുടങ്ങിയവര്‍ ) .അനാഥനായ തേജാഭായ് ,തട്ടി കൂട്ടി ഉണ്ടാക്കിയ ഈ കുടുംബത്തെ കാണിച്ചു വേദികയുടെയും അവളുടെ അച്ഛന്റെയും വിശ്വാസം അര്‍ജിക്കാനും വിവാഹം നടത്താനും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ഓ അപ്പോള്‍ ഒരു പുതുമയും ഇല്ലാത്ത കഥ അല്ലെ ?

നൂറു ശതമാനം ശരി.സ്ലാപ്സ്റ്റിക്ക് കോമഡി എന്ന് പറയപ്പെടുന്ന,ക്രേസി ഗോപാലന്‍ എന്ന സിനിമയുടെ അതെ ഫോര്‍മാറ്റില്‍ ആണ് ഈ ചിത്രവും എടുത്തിരിക്കുന്നത്. ദീപു കരുണാകരന്‍ എന്ന സംവിധായകന്‍ തന്‍റെ ഗുരുവില്‍ (പ്രിയന്‍) നിന്നും വേണ്ടാത്തത് പലതും പഠിച്ചിട്ടുണ്ട് എന്നും വേണ്ടത് പലതും പഠിച്ചിട്ടില്ല എന്നും പറയേണ്ടി വരും.

മനസിലായില്ല ഒന്ന് വിശദമാക്കാമോ ?

അനിയാ,ജഗതി എന്ന നടനെ മലയാളത്തില്‍ വേണു നാഗവള്ളി കഴിഞ്ഞാല്‍ നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് പ്രിയന്‍. ലാലിനോപ്പമോ ഒരു പക്ഷെ അതില്‍ കൂടുതലോ പ്രിയന്‍റെ പല ടോം ആന്‍ഡ്‌ ജെറി / ഫലിത ബിന്ദു ചിത്രങ്ങളെ ജനപ്രിയം ആക്കുന്നതില്‍ ജഗതി വഹിച്ച പങ്കു ദീപു മനസിക്കിയിട്ടില്ല എന്നതിന് തെളിവാണ് ക്രേസി ഗോപാലന്‍ എന്ന ചിത്രം പോലെ ഇതിലും ജഗതി ഉപയോഗിക്കപ്പെടാതെ പോകുന്നത് . എന്നാല്‍ പ്രിയന്‍ ചിത്രങ്ങളിലെ കൂട്ടയടിയെ ഓര്‍മിപ്പിക്കുന്ന ഒരു രംഗം ഈ ചിത്രത്തിലും ഉണ്ട് (എല്ലാ കഥാപാത്രങ്ങളും പങ്കെടുക്കുന്നില്ല ഭാഗ്യം !!) വെട്ടം എന്ന ചിത്രത്തില്‍ പോലും ഇങ്ങനത്തെ രംഗങ്ങള്‍ ജനത്തിന് മടുത്തു എന്ന് തെളിഞ്ഞതാണ് (ഇനി അറബി ഒട്ടകത്തില്‍ ഇതു വീണ്ടും കാണേണ്ടി വരുമോ ആവൊ ??) . ഈ ചിത്രത്തിലെ ജഗതി,ജഗദീഷ്,ചാലി പാല ഇങ്ങനെ കുറെ പേര്‍ പങ്കെടുക്കുന്ന രംഗം തീയറ്റര്‍ ഉടമകള്‍ എങ്കിലും മുറിച്ചു മാറ്റും എന്നാശിക്കാം.പോരാത്തതിനു പ്രിയന്‍ ചിത്രങ്ങളെ പോലെ തന്നെ വേണമെങ്കില്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കാവുന്ന പഴുതുകള്‍ ഉള്ള ഒരു തിരകഥയാണ് തയാറാക്കിയിരിക്കുന്നത് .(മകളെ കല്യാണം കഴിക്കുന്ന പയ്യന്‍റെ കുടുംബ പാരമ്പര്യത്തെ കുറിച്ച് പോലും തല നാരിഴ കീറി നോക്കുന്ന അച്ഛന്‍ മകളെ കല്യാണത്തിന് മുന്‍പ് അമ്മാവന്റെ കൂടെയാണെങ്കിലും കാമുകന്‍റെ വീട്ടില്‍ പോയി താമസിക്കാന്‍ വിടുമോ എന്ന ചോദ്യം പോലെ) പക്ഷെ ഈ ചിത്രത്തില്‍ സുരാജും സലിം കുമാറും ഒക്കെ സഹിക്കാവുന്ന വിധത്തിലാണ് എന്നതാണ് നല്ലൊരു കാര്യം.(സുരാജിന്‍റെ ചില തമാശകളും സലിം കുമാര്‍ മഹാഭാരതം കഥ വെച്ച് നായകന്‍റെ കുടുംബ ചരിത്രം പറയുന്നതും പോലുള്ള പല രംഗങ്ങളും ഒക്കെ തെറ്റില്ലാതെ ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം).നായിക അഖില നന്നാകാന്‍ കുറച്ചു അധികം മുന്നോട്ടു പോകേണ്ടി ഇരിക്കുന്നു (ശരത് ആയിരുന്നെങ്കില്‍ 'സംഗതികള്‍' കുറച്ചു കൂടി മുഖത്ത് വരുത്താന്‍ ശ്രമിക്കണം എന്ന് പറയാം).ബാക്കി തമാശക്കാരെല്ലാം (ചെറിയൊരു രംഗത്ത് വരുന്ന ഭീമന്‍ രഘു ഉള്‍പ്പെടെ ) നമ്മെ ചിരിപ്പിക്കാന്‍ മരിച്ചു ശ്രമിക്കുന്നു.ഇടവേളക്കു തൊട്ടു മുന്‍പ് വരുന്ന നെടുമുടി വേണുവും പ്രേമയും കഥ വേറൊരു വഴിക്ക് കൊണ്ട് പോകും എന്ന് കരുതി എങ്കിലും ഭാഗ്യവശാല്‍ അങ്ങനെ ഉണ്ടായില്ല (സംവിധായകന്‍റെ ഔചിത്യത്തിനു നന്ദി )


അതൊക്കെ അവിടെ ഇരിക്കട്ടെ പ്രധാന കാര്യം പറഞ്ഞിലല്ലോ ? നായകന്‍ ..? പ്രിത്വിരാജ് ..കഥ പത്രം അയാളുടെ ഉള്ളില്‍ കിടന്നു നടത്തുന്ന വീര്‍പ്പു മുട്ടല്‍ , ഗ്യാസ് ട്രബിള്‍, പുളിച്ചു തികട്ടല്‍.. ഇവയോക്കെയോ?

അനിയാ പ്രിഥ്വിരാജ് എന്ന നടന്‍ തന്‍റെ റോള്‍ ഭംഗിയായി ചെയ്തു എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. ഒരു മധുര കിനാവിന്‍ ... എന്ന പഴയ ഗാനം റീ മിക്സ്‌ ചെയ്തിരിക്കുന്നതില്‍ പോലും പ്രിത്വിരാജ് നന്നായിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടി ഇരിക്കുന്നു (പോസ്റ്റിലെ ജഗ്ഗു വിഗ്, ഗിത്താര്‍ രംഗം). വൃത്തികേടായി എന്ന് പറയാവുന്ന ഒരു രംഗം പോലും ആ നടന്‍ ഈ ചിത്രത്തില്‍ ചെയ്തിട്ടില്ല എന്ന് പറഞ്ഞാല്‍ നീ ഞെട്ടുമോ ?

മം പിന്നേ... അണ്ണന്‍ ഇതല്ലേ പറയു . ചുമ്മാതാണോ ഇയാളെ പ്രിഥ്വിരാജ് ആരാധകനായി മുദ്രകുത്തുന്നത് ?

അനിയാ അതവിടെ നില്‍ക്കട്ടെ . സത്യസന്ധമായി പറഞ്ഞാല്‍.മമ്മൂട്ടി ഡാന്‍സ് ഡാന്‍സ് (മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച പഴയ ഹിറ്റ്‌ ചിത്രം ) പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നതിലും,ദിലീപ്/ ജയറാം ഒരു ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിലും.മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി അഭിനയിക്കുന്നതിലും (പഴയ കഥയല്ല ഇന്നത്തെ കാര്യം ആണ് പറഞ്ഞത് ) സുരേഷ് ഗോപി ഒരു കുടുംബ കഥയില്‍ അഭിനയിക്കുന്നതിലും നന്നായി പ്രിത്വിരാജ് ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം .

ഒന്നും മനസിലായില്ല വ്യക്തമാക്കണം .

ഇത്രേ ഉള്ളെടെ. ഒരു നടന് പറ്റില്ല എന്ന് പൊതുവേ വിശ്വാസമുള്ള ഒരു വിഭാഗത്തില്‍ പെട്ട പടം ചെയ്യുന്ന കാര്യമാണ് പറഞ്ഞത് .മേല്‍ പറഞ്ഞ മേഖലകളില്‍ കഴിഞ്ഞ കുറച്ചു നാളായി മറ്റു നടന്‍മാര്‍ നടത്തിയ പാഴ് ശ്രമങ്ങളെകാളും വിജയിച്ചു പ്രിഥ്വിരാജിന്‍റെ ഈ ശ്രമം എന്നാണ് എന്നിക്ക് തോന്നിയത് .

അപ്പോള്‍ ചുരുക്കത്തില്‍ ....

ഇന്നത്തെ നിലവാരം വെച്ച്, സ്ലാപ്സ്റ്റിക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന എന്നാല്‍ സീനിയേര്‍സ് , ത്രീ കിങ്ങ്സ് എന്നിവയെ പോലെ അശ്ലീലവും , ബാലരമ തമാശകളും അധികം ഇല്ലാത്ത കണ്ടിരിക്കാവുന്ന ഒരു പടം . ഇത്രയും പോരെഡേ .

മതിയണ്ണാ .ധാരാളം .അല്ലെങ്കില്‍ തന്നെ പടത്തിന്‍റെ പോസ്റ്റര്‍ പോലും നേരെ കാണാതെ , വല്ലവനും ഒക്കെ കഷട്പ്പെട്ടു പടം കണ്ടിട്ട് എഴുതിയത് അപ്പാടെ പൊക്കി വക്കും മൂലയും ചുരണ്ടി പൈയിന്റ്റ് മാറ്റി നിരൂപണം എഴുതുന്ന കൂതറകള്‍ ഉള്ള ഈ നാട്ടില്‍ , അണ്ണന്‍ എനിക്ക് തരുന്ന എക്സ്ക്ലൂസിവുകള്‍ വെച്ചു ഞാന്‍ അലക്കി പൊളിച്ച് അലറില്ലേ ?

നന്നായി വാ . എന്നാ വേഗം .ചെല്ല്

Sunday, August 28, 2011

വെണ്ണ്‍ശംഖുപോല്‍

അനിയാ....

അണ്ണാ നിങ്ങള്‍ ഇവിടെ ഒക്കെ ഉണ്ടോ? കുറച്ചു നാളായി പുതിയ പടം ഒന്നും ഇറങ്ങാതെ കിടക്കുന്നത് കൊണ്ട് ഇപ്പോള്‍ സാമൂഹിക പ്രശ്നങ്ങളില്‍ ആണ് കണ്ണ്.അതിനു നിങ്ങളെ വന്നു കണ്ടിട്ട് എന്ത് ചെയ്യാനാ? അതാ അങ്ങോട്ട്‌ ഇറങ്ങാത്തത് . ബ്ലെസി സാറിന്‍റെ പ്രണയവും തെജാഭായിയും ഇറങ്ങിയാല്‍ ഉടന്‍ കാണണം എന്ന് കരുതി ഇരിക്കയായിരുന്നു.ഇപ്പോള്‍ അണ്ണാ ഹസാരെ,ലോകപാലം,പത്മനാഭന്‍ ,വി എസ്,പായിസപ്പാത്രം ഇതൊക്കെ അല്ലെ ചൂടുള്ള വിഷയങ്ങള്‍?

അതെ അതെ ഇതൊക്കെ കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത സാദാ മലയാളിയുടെ അവസ്ഥയില്‍ തന്നെയാണ് ഞാനും . അതിരിക്കട്ടെ നീ അശോക്‌ ആര്‍ നാഥ് എന്നൊരാളെ പറ്റി കേട്ടിടുണ്ടോ?

അല്ല അങ്ങനെ ചോദിച്ചാല്‍ .... എവിടെയോ കേട്ടിടുള്ളത് പോലെ ?

അനിയാ ഈ പ്രണയം എന്ന് പറഞ്ഞു കേള്‍ക്കുന്ന സാധനം പോലെ മുന്‍പൊരു പരീക്ഷണം നടന്നിരുന്നു. മിഴികള്‍ സാക്ഷി എന്ന പേരില്‍ അറിയപ്പെടുന്ന,സൂപ്പര്‍ താരം അഥിതി താരമായി എത്തി അഭിനയത്തിന്റെ എന്തരോ കീഴടക്കുന്ന പരിപാടി അന്നേ തുടങ്ങിയതാ.പകല്‍ നക്ഷത്രങ്ങള്‍ എന്ന മറ്റൊരു ലോക ക്ലാസ്സിക്‌ കണ്ടത് കൊണ്ട് ആണോ എന്തോ ഈ പടത്തിനു കയറാന്‍ ധൈര്യം വന്നില്ല.

ശരി അത് നില്‍ക്കട്ടെ . ഇവിടെ ഇപ്പോള്‍ ഇതൊക്കെ പറയാന്‍ ......?

കാര്യം ഉണ്ടെടെ . മിഴികള്‍ സാക്ഷി എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീ അശോക്‌ ആര്‍ നാഥ് ഒരുക്കിയ അടുത്ത ചിത്രത്തിന് ഇന്നലെ തല വെച്ചതെ ഉള്ളു . വെണ്ണ്‍ശംഖുപോല്‍ എന്നതാണ് സംഭവം .അഭിനേതാക്കള്‍ സുരേഷ് ഗോപി,ജ്യോതിര്‍മയി,മീര നന്ദന്‍ ,മനോജ്‌ കെ ജയന്‍,അനൂപ്‌ മേനോന്‍,കൊച്ചു പ്രേമന്‍,മുരളി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഒരു നിമിഷം .. ഈ മുരളി എന്നത് നമ്മുടെ മരിച്ചു പോയ നടന്‍ മുരളി തന്നെ അല്ലേ? 2009 പകുതിയോടെ അന്തരിച്ച ആ നടനൊക്കെ അഭിനയിക്കണം എങ്കില്‍ ഇതു കുറച്ചു പഴയ പടം ആയിരിക്കണം.അല്ലേ ?

ആണെന്നെന്നു ആണ് എനിക്കും തോന്നുന്നെ.സുരേഷ് ഗോപിയുടെ രൂപമൊക്കെ കണ്ടിട്ട് കിച്ചാമണി എന്നൊരു സിനിമ ഇറങ്ങിയ കാലത്ത് പിടിച്ച പടം ആണെന്ന് തോന്നുന്നു. എന്തായാലും കുറച്ചു കാലം പെട്ടിയില്‍ ഇരുന്ന ഈ ചിത്രം ഇപ്പോള്‍ ആണ് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്‌ .

ശരി ആയിക്കോട്ടെ ബാക്കി വിവരങ്ങള്‍ ......

സംവിധാനം പറഞ്ഞല്ലോ അനില്‍ മുഖത്തല ആണ് കഥ എഴുതിയത് എന്ന് എവിടെയോ കണ്ടു.(ഈ നശിച്ച ട്രാഫിക്‌ ബ്ലോക്ക്‌ കാരണം ഒന്ന് രണ്ടു മിനിറ്റ് വൈകുന്നത് കാരണം ആ ഭാഗം പലപ്പോഴും വിട്ടു പോകുന്നു.തെറ്റാണെങ്കില്‍ അനില്‍ ഒന്ന് ക്ഷമിക്കണം . എനിക്കെതിരെ ദയവായി മാനനഷ്ട്ട കേസ് കൊടുക്കരുത്!!!) പിന്നെ കഥ.നന്ദന്‍ (സുരേഷ് ഗോപി) ഒരു പത്രപ്രവര്‍ത്തകനാണ് (കേരളത്തില്‍ അല്ല).വാര്‍ ജെര്‍ണലിസ്റ്റ് എന്ന രീതിയില്‍ പ്രശസ്തന്‍ ആണ് അഥവാ ആയിരുന്നു നന്ദന്‍.ഭാര്യ ഇന്ദു (ജ്യോതിര്‍മയി) അനുജത്തി അച്ചു (മീരാനന്ദന്‍).രണ്ടു കുട്ടികള്‍ .കഥ ആരംഭിക്കുമ്പോള്‍ നന്ദന് എന്തോ മാരക രോഗമാണ് .കുറച്ചു കാലം കൂടിയേ ജീവിതം ഉള്ളു എന്ന അവസ്ഥയിലാണ്.എന്നാല്‍ ഇതു വീട്ടിലോ വീട്ടുകാരെയോ അറിയിക്കാതെ മൂന്ന് വര്‍ഷമായി നാട്ടില്‍ പോലും പോകാതെ ചികിത്സയില്‍ കഴിയുകയാണ് അയാള്‍.ഒടുവില്‍ സഹോദരി അച്ചുവിന്‍റെ വിവാഹത്തിനായി നാട്ടില്‍ എത്തുകയാണ് നന്ദന്‍.ആദ്യപകുതി മുഴുവന്‍ രോഗം കുടുംബത്തിന്‍റെ മുന്നിലും നാട്ടുകാര്‍ക്ക്‌ മുന്നിലും മറച്ചു വെക്കാനുള്ള നന്ദന്‍റെ തത്രപ്പാടും രണ്ടാം പകുതി രോഗവിവരം അറിഞ്ഞു സിനിമയില്‍ അഭിനയിക്കുന്ന എല്ലാ കഥാപത്രങ്ങളും (നായകന്‍ ഉള്‍പ്പെടെ)ഒഴുക്കുന്ന കണ്ണീരും ആണ്.അവസാനം ദൈവം നടത്തിക്കൊടുക്കുന്ന ഒരു ദയാവധത്തിലൂടെ നന്ദനെയും കാണികളെയും ദുരിതത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നു.

ഓഹോ അപ്പോള്‍ ...

അനിയാ ഒന്നാമത് പതുക്കെ പോകുന്ന ഒരു കഥ . അതിനു അനുയോജ്യമായ ട്രീറ്റ്‌മെന്‍റ് നല്‍കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. പൊതുവേ സംഭാഷണം നീട്ടി പറയുന്ന സുരേഷ് ഗോപിയോട് (രോഗിയായത് കൊണ്ടാകണം ) നിര്‍ത്തി നിര്‍ത്തി വാചകങ്ങള്‍ പറയാന്‍ കൂടി പറഞ്ഞാലോ? സത്യത്തില്‍ സുരേഷ് ഗോപിയുടെ തടി കണ്ടാല്‍ അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ട് ഉണ്ടായ എന്തോ രോഗമാണ് ഇയാള്‍ക്ക് എന്നേ പറയു.(ചിത്രത്തില്‍ പല സ്ഥലത്തും,ശരീരം തളര്‍ന്നു വീഴുന്ന,നായകനെ എഴുനേല്‍ക്കാന്‍ സഹായിക്കുന്ന ഭാര്യയെയും മക്കളെയും കാണിക്കുമ്പോള്‍ പുറകില്‍ നിന്നും കേട്ട കമന്റ്‌ "ഇത്ര വലിയ ഒരു സാധനം പൊക്കി മാറ്റുന്നത് യുണിയന്‍കാര്‍ കണ്ടിരുണേല്‍ നോക്ക് കൂലി ചോദിച്ചേനെ" !!!)ജ്യോതിര്‍മയി അവതരിപ്പിക്കുന്ന ഇന്ദുവിന് വെറുതെ ഒരു ഭാര്യയിലെ ഗോപികയുടെ മുഖമാണ് (ഒരാള്‍ നാട്ടിലെ ഒരു സാധാരണ ഇടത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റൊന്ന് ഒരു മെട്രോ നഗരത്തില്‍ ജോലി ചെയുന്ന പ്രശസ്തനായ പത്രപ്രവര്‍ത്തകനും ആണെന്ന് ഓര്‍ക്കുക). നിന്ന നില്‍പ്പില്‍ അഭിനയിക്കാന്‍ ശേഷി ഉള്ള മനോജ്‌ കെ ജയനും അനൂപ്‌ മേനോനും നായകന്റെ കണീര്‍ ഒഴുക്കുന്ന ഉപഗ്രഹങ്ങള്‍ മാത്രം ആയതു കൊണ്ട് വലിയ ഉപദ്രവം ചെയ്യുന്നില്ല.മലയാള സിനിമയില്‍ കുറെ കാലമായി കാണാതിരുന്ന പൊയ്സണ്‍ എന്നെഴുതിയ കുപ്പിയിലെ സാധനം കുടിച്ചു ആത്മഹത്യാ ചെയ്യാന്‍ ശ്രമിക്കുന്ന നായകനെ കണ്ടപ്പോള്‍ എന്തോ ഒരു നോസ്ടാല്‍ജിക് ഫീലിംഗ് !!!.മുരളിയുടെ കഥാപാത്രം (നായകന്‍റെ വലിയച്ചന്‍)തീര്‍ത്ഥാടനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ സ്ക്രീനില്‍ എത്തി കുറച്ചു തത്വജ്ഞാനം വിളമ്പി പോകുന്നു .

അപ്പോള്‍ സംവിധായകന്‍ പൂര്‍ണ പരാജയം ആയി എന്ന് ധൈര്യമായി പറയാമോ?

എന്ന് തന്നെ ആണ് അവസാനം വരെ എനിക്കും തോന്നിയത്.പക്ഷെ രണ്ടാം പകുതി മുതല്‍ "എന്നെ ഒന്ന് കൊന്നു തന്നു ഈ ദുരിതം അവസാനിപ്പിക്കാമോ?" എന്ന് നായകനും കാണികളും ഒരു പോലെ ചിന്തിക്കുന്നത് സംവിധായകന്‍റെ ഒരു മികവല്ലേ എന്നൊരു സംശയം.അവസാനം ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ (ദൈവം നടത്തുന്ന ദയാവധം ).. അതാണ് സംഭവം ...പറഞ്ഞു രസം കളയുന്നില്ല . എന്നെങ്കിലും ടി വി യില്‍ എങ്കിലും ഈ പടം വന്നാല്‍ ദയവായി അതെങ്കിലും മിസ്സ്‌ ചെയ്യല്ലേ . അത്രക്ക് തകര്‍പ്പനാണ്

ഈ ചിത്രത്തെ കുറിച്ച് പോസ്റ്ററില്‍ വായിച്ചതു 100% ഫാമിലി entertainer,ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചിത്രം ... ഇത്യാദി.ഇനി വെള്ളി നക്ഷത്രം പോലുള്ള വാരികകളില്‍ വന്ന സ്തുതി.നന്ദന്‍റെ രോഗവിവരം ഭാര്യയും മക്കളും അറിഞ്ഞതിനു ശേഷമുള്ള സങ്കീര്‍ണവും സംഭവബഹുലവും അയ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത് ...
അനിയാ നീ പറ ഇവനൊക്കെ എതിരെ ശരിക്കും കോടതിയില്‍ പോകേണ്ടതല്ലേ ?

ശരി അപ്പോള്‍ ചുരുക്കത്തില്‍ .....

നല്ല ചിത്രം എടുക്കണം എന്ന ആഗ്രഹം നല്ലതാണു .എന്നാല്‍ അത് ഒരു ബാധ പോലെ മനുഷ്യ മനസ്സില്‍ പടര്‍ന്നു കയറുകയും ഒരു വാശിയായി വളരുകയും ചെയുമ്പോള്‍ ആകണം ഒരു പക്ഷെ ഇങ്ങനത്തെ ചിത്രങ്ങള്‍ ഉണ്ടാകുന്നതു

Saturday, July 16, 2011

ചാപ്പാ കുരിശ് (Chappa Kurishu )

പുതുമ പുതുമ ......

എന്താടാ റാംജിറാവ് ലെ പാട്ടൊക്കെ പാടി പോകുന്നത് .

നിങ്ങളെ കാണാന്‍ തന്നെ ഇറങ്ങിയതാ അണ്ണാ . ഫിലിംസ്റ്റാര്‍നെ കുറിച്ച് പറഞ്ഞല്ലോ.പുതിയ സിനിമയുടെയും പുതുമയുടെയും കടുത്ത ആരാധകനായ നിങ്ങള്‍ ചാപ്പാ കുരിശു എന്നാ നവയുഗ സിനിമ കണ്ടില്ലേ.കാളകൂടം , ചിത്ര വിദ്വേഷം,മലയാള സിനിമയുടെ ബൂലോക നിരുപണ പ്രപഞ്ചം ഇവയെല്ലാം യുണി വേര്സല്‍ ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകന്‍ എന്ത് പറയുന്നു എന്നറിയാനായി കാത്തിരിക്കുന്നു . അതിരിക്കട്ടെ അണ്ണാ എന്തുവാ ഈ ചാപ്പാ കുരിശു?ആ പേരില്‍ തന്നെ ഇല്ലെ ഒരു പുതുമ ?

അനിയാ ചാപ്പാ എന്താണ് എന്ന് എനിക്ക് വലിയ പിടിയില്ല നീയടക്കം ബൂലോകത്തുള്ള ഉള്ള കുറേ കുരിശുകളെ ചുമക്കേണ്ടി വരുന്നു എന്നുള്ളതാണ് പഴയ കാലത്തേ ഒരു പീഡന (ഉപദ്രവിക്കുക എന്ന അര്‍ഥത്തില്‍ കാണുക. അടുത്തിടയായി ഈ വാക്കിന്റെ അര്‍ഥത്തില്‍ സമൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്)ഉപകരണം എന്ന അറിവ് കൂടാതെയുള്ള പരിചയം .ഹെഡ് ഓര്‍ ടെയില്‍ എന്നതിന് പകരം മധ്യ കേരളത്തില്‍ എവിടെയോ ഉപയോഗിക്കുന്ന വാക്കാണ്‌ പോലും ഇതു .(മര്യാദക്ക് ഹെഡ് ഓര്‍ ടെയില്‍ എന്ന് പേരിട്ടിരുന്നെങ്കില്‍ എത്ര ലളിതവും അര്‍ദ്ധവത്തും ആയേനെ എന്ന് ആരോര്‍ക്കാന്‍ ?)

അണ്ണാ, തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . നിങ്ങളുടെ ഈ നേരെ വാ നേരെ പോ എന്ന രീതി ഇക്കാലത്ത് പറ്റിയതല്ല.ഒരു നിരൂപകന് അംഗീകാരം വേണമെങ്കില്‍ ഒരു ബൌധിക ലൈന്‍ ആണ് നല്ലത് .അണ്ണന് അങ്ങനെ ഒന്ന് നോക്കികൂടെ ? എനിക്കും ഒരു ഉപകാരം ആയേനെ

മേല്‍പ്പറഞ്ഞ ലൈന്‍ ഇങ്ങനെ അണോടെ?ഒന്ന് കേട്ട് നോക്ക് .നമ്മുടെ സമൂഹത്തില്‍ പല നിലകള്‍ അഥവാ ഗ്രേഡുകള്‍ ഉണ്ടല്ലോ . അവയൊക്കെ എന്നും പല രൂപത്തില്‍ നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു അഥവാ ഉണ്ട് എന്നാണ് എന്‍റെ വിശ്വാസം.താഴത്തെ നിലയില്‍ ഉള്ള ഒരുത്തന് എന്ന് മുകളിലത്തെ നിലയില്‍ ഉള്ളവനോടുള്ള അസൂയ അഥവാ അമര്‍ഷം ഏതൊക്കെ പണ്ടേ ഉള്ളതാണ്. ഇതിനൊക്കെ മേലെ അവനെ ഭരിക്കുന്നത്‌ താന്‍ മോശക്കാരനാണ് എന്ന അപകര്‍ഷത ബോധം ആണ്.നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു തെരഞ്ഞെടുപ്പു പോലും നേരിട്ടിട്ടു ഇല്ല എന്ന് പറയുമ്പോള്‍ അദേഹം നേടിയ ഡിഗ്രികളുടെ കണക്കു പറയുന്നത് ഈ മനോഭാവം ആണെന്ന് ആണ് പലപ്പോഴും തോന്നിയിട്ടുള്ളത്.താഴെക്കിടയില്‍ ജീവിക്കുന്ന ഒരാള്‍ സാഹചര്യവശാല്‍ ഉയര്‍ന്ന നിലയില്‍ ഒള്ള ഒരാളെ വരച്ച വരയില്‍ നിര്‍ത്താനുള്ള ഒരു അവസരം ലഭിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കുകയും അതിലൂടെ തന്നിലെ അധമബോധത്തെ മറികടക്കുകയും ചെയ്യുന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ തന്തു. ഇതു പറഞ്ഞിരിക്കുന്നത് രണ്ടു കഥാ പത്രങ്ങളെ ഉപയോഗിച്ചാണ്‌. അന്‍സാരി (വിനീത് ശ്രീനിവാസന്‍ ) . പാവപ്പെട്ടവന്‍ . ഒരു നവയുഗ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയുന്നു.ബസില്‍ പോയി വരുന്നു.കൂടെ ജോലി ചെയുന്ന നഫീസയുമായി (നിവേദിത) അടുപ്പം (അവരുടെ കാഴ്ചപ്പാടില്‍ അത് പ്രേമമാകാം). അടുത്തത് അര്‍ജുന്‍,ഉന്നത വര്‍ഗം.അര്‍ജുനന് അന്‍സാരിക്ക് ഉള്ളതെല്ലാം ഉണ്ട് പക്ഷെ വളരെ കൂടുതല്‍ ആണെന്ന് മാത്രം. ഡ്രൈവര്‍ ഓടിക്കുന്ന കാറില്‍ ഓഫീസില്‍ പോകുന്ന,സമ്പന്നയായ പ്രതിശ്രുത വധു ആന്‍ (റോമ)യും ഓഫീസിലെ സ്റ്റാഫും കാമുകിയുമായ സോണിയ (രമ്യ നമ്പീശന്‍ ),ലക്ഷങ്ങളുടെയും കോടികളുടെയും constraction ബിസിനസ്‌ എന്നിവയെല്ലാം തന്നെ ഇവരുടെ ഫോണുകള്‍ പോലെ രണ്ടു ക്ലാസ്സില്‍ പെട്ടത് ആണ്.(അര്‍ജുന്‍ വിലപിടിച്ച ഐ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അന്‍സാരി റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് കൂട്ടി കെട്ടിയ,പലപ്പോഴും അപ്രതീക്ഷിതമായി ബാലെന്‍സ് തീരുന്ന സാധാരണ ഫോണ്‍ ആണ് ഉപയോഗിക്കുന്നത് ).

അപ്പോള്‍ കിടിലന്‍ പടം എന്നു ധൈര്യമായി പറഞ്ഞോട്ടെ .

എടേ നീ ഈ തോക്കില്‍ കേറി വെടി വെക്കല്ലേ. പശ്ചാത്തലം ഒക്കെ തകര്‍ത്തു . പിന്നെ കഥ പോകുന്നത് ഇപ്രകാരം. ആനുമായുള്ള കല്യാണം നിശ്ചയിച്ചത് അറിയുന്ന സോണിയ തനി ഭാരതീയ വനിതയായി പൊട്ടിത്തെറിക്കുന്നു.അവളെ സമാധാനിപ്പിക്കാനായി അര്‍ജുന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ ഒരല്‍പം ഭീഷണിയുടെ സ്വരത്തില്‍ തങ്ങളുടെ ശാരീരിക ബന്ധം പകര്‍ത്തിയ ഒരു ക്ലിപ്പ് തന്‍റെ മൊബൈലില്‍ ഉള്ളത് കാണിക്കുന്നു.തുടന്നു തികച്ചും യാദ്രിസ്ചികമായി ആ മൊബൈല്‍,വേറൊരു ആവശ്യത്തിനു അവിടെ എത്തുന്ന,അന്‍സാരിക്ക് കിട്ടുകയും ചെയുന്നു.

ഇതു വരേക്കും സംഗതികള്‍ ഒരു വിധം ഓ കെ ആണ്‌. പിന്നെ അങ്ങോട്ട്‌ നമ്മള്‍ കാണുന്നത് തിരകഥ ക്രിത്തുക്കളായ സമീര്‍ താഹിറും ഉണ്ണിയും പിന്നെ ഫോണ്‍ കിട്ടിയ അന്‍സാരിയും എന്ത് ചെയ്യണം എന്നറിയാതെ ഉഴലുന്ന കാഴ്ചയാണ്. പ്രധാനപെട്ട സംഗതികള്‍ (നേരത്തെ പറഞ്ഞ സംഗതികള്‍ കൂടാതെ അദ്ദേഹത്തിന്റെ പ്രൊജക്റ്റ്‌ സംബന്ധമായ സുപ്രധാന വിവരങ്ങള്‍ കൂടി ആ ഫോണില്‍ ഉണ്ട് ) ഉള്ള ഫോണ്‍ നഷ്ട്ടപ്പെടുന്ന,അത് തിരിച്ചു കിട്ടാന്‍ ശ്രമിക്കുന്ന അര്‍ജുന്‍ പിന്നീടു അങ്ങോട്ട്‌ ഒരു തികഞ്ഞ മന്ദ ബുദ്ധിയെ പോലെയാണ് പെരുമാറുന്നത് . അന്‍സാരി തുടക്കം മുതല്‍ അവസാനം വരെ നല്ലവന്‍ ആയിരിക്കണം എന്ന സംവിധായക - തിരകഥ ക്രിത്തുകളുടെ വാശി സംഗതികള്‍ ഒരു വഴിക്കും പോകില്ല എന്ന അവസ്ഥയില്‍ എത്തിക്കുന്നു .സിനിമ കാണാന്‍ പോകുന്ന പ്രേക്ഷ കരുടെ പ്രതീക്ഷ മറ്റൊരു ട്രാഫിക്‌ കൂടെ ആകുമ്പോള്‍ ദുരന്തം പൂര്‍ണമാകുന്നു .

അതെന്തിന്നാ അണ്ണാ ഈ പ്രേക്ഷകര്‍ മറ്റൊരു ട്രാഫിക്‌ പ്രതീക്ഷിക്കുന്നെ? അവര്‍ക്ക് ഇതു വേറൊരു സിനിമയായി കണ്ടു കൂടെ ?

ഇതു പണ്ട് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന ചിത്രം എടുത്ത പോലെയാണല്ലോ.ഡോണ്‍ എന്ന പേര്,അതിലെ പഞ്ച് ഡയലോഗുകള്‍ , അതിലെ ഹിറ്റ്‌ ഗാനങ്ങള്‍ ഇതെല്ലാം എടുത്തിട്ട് ഇതിനെ പഴയ ഡോണ്‍ ചിത്രവുമായി താര തമ്യ പ്പെടുതരുത് എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ? From the producer of Traffic‌ എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇല്ല പോസ്റ്റിലും കാച്ചിയിട്ടു, ആ സിനിമയിലുള്ള കുറെയധികം താരങ്ങളെ വെച്ച് പടം ഇറക്കുമ്പോള്‍ പിന്നെ ഇത്തിക്കര പക്കി എന്ന നസീര്‍ ചിത്രം പോലൊന്ന് പ്രതീക്ഷിച്ചു വേണോ ജനം പോകാന്‍.

അല്ല അങ്ങനെ ചോദിച്ചാല്‍ ...

അനിയാ,ഈ ചിത്രത്തില്‍ അന്‍സാരിയുടെ റോള്‍ ചെയ്യേണ്ടത് വിനായകനെ പോലെയുള്ള ഒരു നടന്‍ ആണ്‌ എന്നാണ് എനിക്ക് തോന്നിയത് (ബിഗ്‌ ബി,ജാക്കി മുതലായ അമല്‍ നീരദ് ചിത്രങ്ങളില്‍ വന്നിട്ടുള്ള ആളാണ് കക്ഷി.പേരിത് തന്നെ ആണെന്നാണ് എന്‍റെ വിശ്വാസം) വിനീത് ശ്രീനിവാസന്‍ന്റെ കുറ്റി താടിയും എണ്ണ മിഴുക്കുള്ള മുഖവും കാണിച്ചാല്‍ സാധാരണക്കാരന്‍ ആയി എന്ന ധാരണ തിരുത്തപ്പെടേണ്ട ഒന്നായാണ് എന്നിക്ക് തോന്നുന്നേ.ഇടവേള ആകുന്ന സമയത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓട്ടോയില്‍ കയറി പോകുന്ന അന്‍സാരി ഫോണിലുള്ള ക്ലിപ്പ് കണ്ടെന്നും അത് ഉപയോഗിച്ച് അര്‍ജുനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനാണ് പരിപാടി എന്ന് കരുതുന്ന പ്രേക്ഷകര്‍ പിന്നെയും അന്‍സാരിയുടെ മന്ദ ബുദ്ധി കളി കണ്ടു കൂവിയില്ലെങ്കില്‍ അല്ലെ അതിശയിക്കേണ്ടത് ?അര്‍ജുന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് അറിയുമ്പോള്‍ സോണിയ തികഞ്ഞ ഭാരത സ്ത്രീ ആയി മാറുന്നത് (അതു വരെ സോണിയ തികഞ്ഞ ഒരു മെട്രോ വനിതയെ പോലെയാണ് പെരുമാറുന്നത്) തികച്ചും സിനിമാറ്റിക് ആയി തോന്നി.അത് പോലെ തന്നെ ക്ലിപ്പ് റെക്കോര്‍ഡ്‌ ചെയ്തു കഴിഞ്ഞു ഡിലീറ്റ് ചെയ്യണോ വേണ്ടേ എന്ന് ആലോചിക്കുന്ന അര്‍ജുന്‍. എന്ന് വെച്ചാല്‍ അയാള്‍ക്ക് സോണിയയെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ഒരു ഉദ്ദേശവും ഇല്ല എന്നും വെറും രസത്തിനാണ് ഷൂട്ട്‌ ചെയ്തത് എന്നും നമ്മളെ ബോധിപ്പിക്കുക എന്നതാവും ഉദേശം.

ചിത്രം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കേട്ട ഒരു കമന്റ്‌ രസമായി തോന്നി . "നല്ല നാലു തല്ലു കിട്ടിയാല്‍ തീരുന്ന പ്രശനമേ ഇവന് ഉള്ളായിരുന്നു എങ്കില്‍ അത് ആദ്യമേ കൊടുത്തിട്ട് നമ്മളെ വിട്ടു കൂടായിരുന്നോ " .

അപ്പോള്‍ അഭിനയം ...?

അനിയാ വിനീത് ശ്രീനിവാസന്‍ പിച്ചക്കാരന്‍ ആയി അഭിനയിച്ചാലും അംബാനിയുടെ മകന്‍ ആയി അഭിനയിച്ചാലും ഒരു പോലെ ഇരിക്കും എന്നാണ് ഞാന്‍ ഇതു വരെ കണ്ട ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കിയത്‌ .ഫഹദ് തന്‍റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു (കഥാപാത്രം ഇങ്ങനെയായത് അങ്ങേരുടെ കുറ്റം അല്ലല്ലോ ).ഭാവിയിലെ നവയുഗ സിനിമകളില്‍ ഉപയോഗിക്കാവുന്ന ഒരാള്‍ ആണെന്ന് തോന്നുന്നു ഫഹദ് എന്ന നടന്‍ . റോമയ്ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല (ഫോണ്‍ വിളിച്ചു പരിഭവം പറയുന്നത് ഒഴിച്ചാല്‍ ) രമ്യ നമ്പീശന്‍ , നിവേദിത എന്നിവര്‍ അവരുടെ റോള്‍ നന്നാക്കി .

ചുരുക്കത്തില്‍ ...

സംവിധായകനും തിരകഥകൃത്തും ഒഴികെ മിക്കവരും നന്നായ പടം .