Showing posts with label വിനീത് ശ്രീനിവാസന്‍. Show all posts
Showing posts with label വിനീത് ശ്രീനിവാസന്‍. Show all posts

Thursday, July 12, 2012

തട്ടത്തിന്‍ മറയത്ത് ( ഹൂറിയല്ലിത് വെറും ജിന്‍ )

ഡാ .. നിക്കെടാ അവിടെ ... എന്നെ വെറുതെ ഓടിക്കരുത്

അണ്ണന്‍ ആ ഉലക്ക ഒന്ന് താഴെയിട്ടെ. അല്ലാതെ ഞാന്‍ നിക്കുകേല . അല്ല പിന്നെ

എടാ മഹാപാപി നീ ഏതാണ്ട് ഹൂറിയാണ്‌ തേങ്ങാ കുലയാണ് എന്നൊക്കെ പറഞ്ഞിട്ടല്ലേ ഞാന്‍ ആ പടത്തിനു പോയി തല വെച്ചേ ?

അത് കൊണ്ടിപ്പം എന്നാ പറ്റിയെന്നാ ഇതിയാന്‍ ഈ പറയുന്നേ .ഉമ്മച്ചി കുട്ടിയെ പ്രേമിച്ച നായര് പയ്യന്‍റെ കഥ.ഹോ എന്തൊരു പടമായിരുന്നു . എത്രയും വിപ്ലവകരമായ . പുതുമയുള്ള പടം . പോരാത്തതിനു പ്രേമിച്ചവര്‍ക്ക് കുളിര് , പ്രേമിക്കാത്തവര്‍ക്ക് നഷ്ട്ടബോധം അങ്ങനെ പോകില്ലേ സംഗതി.ഈ വിനീത് ശ്രീനിവാസന്‍ ഒരു സംഭവം തന്നെ .

അതേടാ. മേലാല്‍ ഇത്തരം ഉഡായിപ്പുകളെ വഴിത്തി പാടി എന്റെ മുന്നില്‍ വന്നാല്‍ നിന്നെ പിടിച്ചു കെട്ടിയിട്ട് ഞാന്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബും , കഥാ സംവിധാനം കുഞ്ചാക്കോയും ൫൧ ഇഞ്ചിന്റെ ടീവിയില്‍ തുടര്‍ച്ചയായി കാണിക്കും. ഒരാഴ്ചത്തേക്ക്.

അമ്മോ!!! അപ്പൊ നിങ്ങക്ക് ഈ പടവും പിടിച്ചില്ലേ?

മലയാളം അല്ലേഡേ ഞാന്‍ പറയുന്നത് ? എന്നാ കേട്ടോ.വെറും ഉഡായിപ്പ് പടം

ചുമ്മാ അങ്ങനെ പറയാതെ കാര്യാ കാരണങ്ങള്‍ കൂടി പറഞ്ഞേ,കേക്കട്ടെ ?

അനിയ , പതിവില്ലാതെ നീ ഈ പടം കാശ് മുടക്കി കയറി കണ്ടു എന്ന് എനിക്കറിയാം. അതുകൊണ്ട് ചിലപ്പോള്‍ നിനക്ക് ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒരു പക്ഷെ ഒരു പൊടിക്ക് കൂടുതല്‍ മനസിലാകും.

നിന്നേ ,നിന്നേ. നിരൂപകനായ ഞാന്‍ പതിവില്ലാതെ ഒരു പടം കണ്ടു എന്ന് മതി.കാശ് എന്റെ പട്ടി മുടക്കും. അണ്ണാ ഫാന്‍സ്‌ , ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി,ഫേസ്ബുക്ക്‌ ജാള്‍റയടി സംഘം അങ്ങനെ ഓസിന് ടിക്കറ്റ് കിട്ടാനുള്ള ആയിരം വഹികള്‍ ഇക്കാലത്ത് ഉണ്ട് .നിങ്ങളെക്കൊണ്ട് കൊള്ളില്ലത്തത് കൊണ്ടാ.

ആയിക്കോട്ടെ . ഏതിനും നീ പടം കണ്ടല്ലോ.

പിന്നെ, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ

ശോ , എനിക്ക് വയ്യ .എന്നിട്ട് നിനക്ക് പടം ഇഷ്ട്ടപ്പെട്ടോ?

കലക്കന്‍ പടമല്ലേ.

കാരണം ?

വിനീത് ശ്രീനിവാസന്റെ കെട്ടുറപ്പുള്ള തിരക്കഥ , സംവിധാനം .പിന്നെ അഭിനേതാക്കളുടെ തകര്‍പ്പന്‍ പ്രകടനം , ഉഗ്രന്‍ ക്യാമറ , പിന്നെ സുപ്പര്‍ ഹിറ്റ്‌ പാട്ടുകള്‍ . അങ്ങനെ എന്തെല്ലാം ഉണ്ട് ഈ പടത്തില്‍. അണ്ണാ ,മര്യാദയ്ക്ക് പോയിരുന്നു പടം കാണുകയാണേല്‍ എനിക്കും ഇതൊക്കെ മനസിലാകും,കേട്ടാ ?

നീ നിരൂപക രക്ഷസ്സ് തന്നെ ചെല്ലാ. സമ്മതിച്ചു. പക്ഷെ നീ പറഞ്ഞ ഈ ഉജ്ജ്വല ഘടങ്ങളെ കുറിച്ച് സ്വപ്പം സംശയങ്ങള്‍ ഉണ്ട് . ഒന്ന് തീര്‍ത്തു തരുവോ ?

പിന്നെന്ത്. ചുമ്മാ ഓരോന്നായിട്ട് ഇങ്ങോട്ട് ചോദിക്കണം . ഇപ്പം തീര്‍ത്ത്‌ തന്നൂന്ന് ചോദിച്ച പോരെ ?

ശരി.കെട്ടുറപ്പുള്ള തിരക്കഥയില്‍ നിന്നും തുടങ്ങാം.സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കാത്ത സന്ദര്‍ഭങ്ങള്‍ , ചക്ക് പോലെയാണ് എന്ന് പറഞ്ഞിട്ട് കൊക്ക് എന്ന് തോന്നിക്കാത്ത കഥാപാത്രങ്ങളും ഉള്ള സാധനമാണ് ഈ കെട്ടുറപ്പുള്ള തിരക്കഥ എന്നാണ് എന്റെ അറിവ് .ശരിയല്ലേ ?

അതിപ്പോ സാമാന്യ ബുദ്ധി എന്നത് ആപേക്ഷികമല്ലേ അണ്ണാ ? സുപ്പര്‍മാന്റെ സിനിമ കാണുമ്പൊള്‍ അത് ചിലപ്പോള്‍ നമുക്ക് സാമാന്യ ബുദ്ധി ഒക്കെ മാറ്റി വെച്ച് കാണേണ്ടി വരില്ലേ ?

നീ പുത്തകം നോക്കി കളി പഠിച്ചിട്ടു തന്നല്ലോഡേ ?

എന്റെ ബുദ്ധിപൂര്‍വ്വമായ മറുപടി കേട്ടിട്ട് എന്ത് തോന്നുന്നു ?

സന്തോഷം തോന്നുന്നു. ഞാന്‍ പറയാന്‍ വന്ന കാര്യം നിന്റെ തലയില്‍ കയറ്റാന്‍ ഇതിലും നല്ല ഉദാഹരണം വേറെ ഇല്ല.
ഡേ, സുപ്പര്‍മാന്റെ കഥ പറയുന്ന സിനിമ കാണുമ്പോള്‍, സിനിമയുടെ തുടക്കത്തില്‍ പ്രകാശത്തിന്റെ വേഗത്തില്‍ പറക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്ന സുപ്പര്‍മാന്‍ വില്ലനുമായി ഇടി കൂടാന്‍ പോകുമ്പോള്‍ പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ ടാക്സി പിടിച്ച്, ട്രാഫിക് ബ്ലോക്കില്‍ ഒക്കെ പെട്ട് അങ്ങേത്തുന്ന സീനുകള്‍ ആ സിനിമയില്‍ ഉണ്ടെങ്കില്‍ അതല്ലേ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കല്‍?

തന്നെ, തന്നെ .അതും നമ്മുടെ തട്ടവും ആയിട്ട് എന്ത് ബന്ധം ? അങ്ങനെ നമ്മുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ഒരു സീനോ , കഥാപാത്രമോ ഈ സിനിമയില്‍ ഉണ്ടോ ?

ലാവിഷ്.ഉദാഹരണം നായികയുടെ കഥാപാത്രം

ഹായ് ,കലക്കന്‍ നായിക അല്ലെ . ഇഷ തല്‍വാര്‍. കാണാന്‍ എന്താ ഭംഗി!!!

അത് ന്യായം.ഞാന്‍ പറഞ്ഞത് ഇഷാ തല്‍വാര്‍ ഈ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചാണ്.
കോണ്‍വെന്റ് സ്കൂളില്‍ പഠിച്ചു എന്ന് പറയപ്പെടുന്ന ,ഗിറ്റാര്‍ വായിക്കുന്ന , നട്ടപാതിരാ നേരത്ത് സിക്സ് പാക് ഇംതിയാസിന്റെ (ആളെ നേരെ സിനിമയില്‍ കാണിക്കുന്നില്ല ) വീട്ടില്‍ ഗാന മേളയുടെ റിഹേര്‍സലിന് പോയിയിട്ട് തിരികെ വീട്ടിലേക്കു പോകുന്ന വഴി , നടുറോട്ടില്‍ ഇറങ്ങി നായകനെയും കാണുന്ന പെണ്ണ്. ഇതാണല്ലോ ആദ്യ പകുതി ,അല്ലെങ്കില്‍ നായകനായ വിനോദിനോടുള്ള പ്രേമം തുടങ്ങുന്നതിന് മുന്‍പുള്ള ആയിഷ ?

തന്നെ. നല്ല ബോള്‍ഡ് ക്യാരക്ടര്‍ അല്ലെ ?

അങ്ങനെ തോന്നിയാ ? അങ്ങനെയാണേല്‍ നായകനെ പ്രേമിച്ച് തുടങ്ങിക്കഴിഞ്ഞ് വലിയുപ്പായും , ഉപ്പയും വെള്ളിയാഴ്ച്ച പള്ളിയില്‍ പോയിക്കഴിഞ്ഞ് ഒരു മണികൂര്‍ നേരം മാത്രം വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തേക്ക് ഇറങ്ങാന്‍ സ്വാതന്ത്ര്യമുള്ള ആയിഷ ആരെഡേ , ആദ്യ പകുതുയിയിലെ ലവളുടെ ഇരട്ടയാ ?

അല്ല ... ആലോചിച്ചാല്‍ , അവരുടെ പ്രേമം അപ്പോഴേക്കും വീട്ടില്‍ അറിഞ്ഞിട്ടില്ലേ ? അത് കൊണ്ടാകും ?

എങ്ങനെ അറിഞ്ഞു എന്ന് ? വിനോദ് ആയിഷയെ കാണാന്‍ ചെല്ലുന്ന സീനില്‍ ആയിഷയുടെ വലിയുപ്പയുടെ ആളുകള്‍ അവരുടെ എതിര്‍ പാര്‍ട്ടിക്കാരനാണ് എന്ന് പറഞ്ഞാണ് വിനോദിനെ എടുത്തിട്ട് ചളുക്കുന്നത്. ആയിഷ ജനാലക്കു അടുത്ത് നില്‍ക്കുന്നത് ശ്രീനിവാസന്‍ മാത്രമേ കാണുന്നുള്ളൂ .

ശ്രീനിവാസന്‍ രാമുവിനോട് പറഞ്ഞതാകും എങ്കിലോ ? അപ്പൊ ആയിഷക്കു വീട്ടില്‍ നിയന്ത്രണങ്ങള്‍ വന്നൂടെ ?

സ്വന്തം പെണ്‍കുട്ടികള്‍ക്ക് തന്റെ തന്നെ സഹോദരന്‍ കാരണം അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങള്‍ /വിലക്കുകള്‍ ഇതിലൊക്കെ മനസ്സ് വല്ലാണ്ട് വിഷമിച്ച് നടക്കുന്ന ഒരു മനുഷ്യനായിട്ടാണ് ശ്രീനിവാസന്റെ കഥാപാത്രത്തെ കാണിക്കുന്നത്. അപ്പൊ അങ്ങനെയുള്ള കാട്ടുപോത്തായ സഹോദരനോട് അയാള്‍ സ്വന്തം മകളെ പറ വെയ്ക്കുമോ ?അങ്ങനെ ചെയ്‌താല്‍ അവസാനം അയാള്‍ അടിക്കുന്ന ഡയലോഗിന്റെ മുഴുവന്‍ ഗ്യാസും ആ പാരയില്‍ തീര്‍ന്നില്ലേ ? ഇനി അങ്ങനെ പാര വെച്ചാല്‍ തന്നെ , സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ/മത സംഘടനയുടെ നേതാവായ രാമു , അന്യ മതസ്ഥനെ പ്രേമിക്കുന്ന അനന്തിരവളെ ഒറ്റയ്ക്ക് വീട്ടില്‍ ആക്കിയിട്ട് (ഒരു വാച്ച്മാന്‍ പോലും ഇല്ലാത്ത ഗേറ്റ് കാണിക്കുന്നുണ്ട് ) പള്ളിയില്‍ പോകുമോ ?

നിങ്ങള്‍ ഇങ്ങനെ തുടരെ തുടരെ ചോദ്യം ചോദിച്ചാല്‍ മനുഷ്യന്‍ വിഷമിച്ച് പോകുമല്ലോ ? ഓരോന്നായിട്ട് ചോദിക്ക് .

നീ വിഷമിക്കണ്ട . ആട്ടെ തത്കാലം ഞാന്‍ നിന്നോട് ഞാന്‍ എഴുതിയ ഒരു കഥ പറയാം. അത് കേട്ടിട്ട് നീ എങ്ങനെ ഉണ്ടെന്ന് പറ.മിനിമം വിനീത് ശ്രീനിവാസനോ , ഞാനോ നല്ല കഥാകാരന്‍ എന്ന് പറഞ്ഞാല്‍ മതി .

ശരി ...അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്യ്.അപ്പോഴേ വിനീത് മോന്റെയൊക്കെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാകു.

ശരി. ആദ്യമേ പറഞ്ഞേക്കാം , കഥ സാങ്കല്‍പ്പികമാണ്‌

ഓ ശരി .പറയണം .
കഥ തുടങ്ങുന്നത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലാണ്. ലോക്കപ്പില്‍ കിടക്കുന്ന യുത്ത് കോണ്ഗ്രസ് അംഗം മുസ്തഫയെ പോലീസുകാര്‍ ആദ്യം ഇടിക്കുന്നു.പിന്നെ തലശേരിക്കരനായ എസ ഐ പ്രേമാനന്ദന്‍ വന്ന് പോലീസുകാരെ പിടിച്ച് മാറ്റി രാജുവിനോട് ഒരു പ്രകോപനവുമില്ലാതെ അവന്റെ കഥ പറയാന്‍ ആവശ്യപ്പെടുന്നു .മുസ്തഫ സ്റ്റേഷനില്‍ എത്തിയത് ഭയങ്കര രാഷ്ട്രീയ ഭാവിയുള്ള ബി ജെ പിക്കാരനായ ബിസിനസ്‌മാന്‍ രാമസ്വാമിയുടെ വീട്ടില്‍ രാത്രില്‍ മതില് ചാടി ചെന്നതിനാണ് . പ്രേമാനന്ദന്റെ അവശ്യ പ്രകാരം മതില് ചാടി മുസ്തഫ സ്വന്തം കഥ പറയുന്നു .കൊച്ചിലെ മുതല്‍ നെറ്റിയില്‍ ചന്ദനമിട്ട പെണ്ണുങ്ങള്‍ വീക്നെസ് അയ മുസ്തഫ ഒരു കല്യാണ പാര്‍ട്ടിയില്‍ വെച്ച് സാവിത്രി എന്ന പെണ്‍കുട്ടിയെ കാണുന്നു (ഓടി വന്ന് ഇടിച്ച് തള്ളിയിട്ടു ആശുപത്രിയില്‍ ആക്കുന്നു ). പിന്നെ പെണ്ണിനെ അശുപത്രീല് കാണാന്‍ ചെല്ലുന്ന മുസ്തഫ , അതെ ആശുപത്രിയിലുള്ള ഒരു കൊച്ചു പെണ്‍കുട്ടിയുടെ സഹായത്തോടെ രഹസ്യ ഭാഷയില്‍ എഴുത്തെഴുതാന്‍ പഠിക്കുകയും ആ ഭാഷയിലൂടെ സാവിത്രിയോട് ഐ അം സോറി പറയുകയും ചെയുന്നു (തമ്മില്‍ കാണുന്നില്ല.ശ്രദ്ധിക്കണം ഈ രഹസ്യ ഭാഷയിലെ കത്തുകള്‍ കഥയില്‍ വളരെ പ്രധാനമാണ് ). പിന്നെ സാവിത്രി രാമസ്വാമിയുടെ അനിയന്റെ മകളാണ് എന്ന് മുസ്തഫ അറിയുന്നു. മുസ്തഫ അംഗമായ യൂത്ത് കോണ്ഗ്രസ് അംഗങ്ങള്‍ രാമസ്വാമിയുടെ വകയായ ചവറു സംസ്കരണ ശാല പൂട്ടിക്കാനുള്ള സമരത്തിലും. അതൊന്നും കണക്കാക്കാതെ മുസ്തഫ സാവിത്രിയെ പ്രേമിക്കാന്‍ തീരുമാനിക്കുന്നു. അവള്‍ പിയാനോ വായന മത്സരത്തില്‍ പങ്കെടുക്കുന്ന യൂത്ത് ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ വേണ്ടി തെയ്യം പഠിക്കുന്ന മുസ്തഫ യൂത്ത്ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് സാവിത്രിയെ ആദ്യമായി പരിചയപ്പെടുന്നു. പിന്നെ അവളുടെ പിന്നാലെ നടക്കുന്ന മുസ്തഫ , സാവിത്രിയുടെ കോളേജിലെ ഗായകനും സിക്സ്പാക്കുമായ അഞ്ജനേയനും സാവിത്രിയും തമ്മില്‍ നല്ല സുഹൃത്തുക്കളാണ് എന്നും അഞ്ജനേയന് സാവിത്രിയെ പൊടി നോട്ടമുണ്ട് എന്നും അറിയുന്നു. മുസ്തഫ , അവന്റെ നിലവാരം വെച്ച് സാവിത്രിയെ വിളിച്ച് അഞ്ജനേയന്‍ ഫ്രാഡ് ആണെന്നും , മയക്കു മരുന്നിന് അടിമയാണ് എന്നുമൊക്കെ പാര പണിയാന്‍ ശ്രമിക്കുന്നു .അത് കേട്ട പാടെ സാവിത്രി അഞ്ജനേയന്റെ വീട്ടില്‍ ഗാനമേളയുടെ റിഹേര്‍സലിന് പോവുകയും , പാതിരാത്രി അഞ്ജനെയന്റെ കൂടെ തന്നെ കാറില്‍ പോകുന്ന രംഗം മുസ്തഫയെ വിളിച്ച് വരുത്തി കാണിക്കുകയും ചെയ്യുന്നു . സഹികെട്ട മുസ്തഫ സാവിത്രിയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തോടെ അവളുടെ കോളേജില്‍ എത്തുന്നു. അവിടെ വെച്ച് മുസ്തഫയെ തനിക്ക്‌ ഇഷ്ടമാണ് എന്ന ഞെട്ടിപിക്കുന്ന സത്യം സാവിത്രി തുറന്നു പറയുന്നു.അഷ്ടിക്ക് വകയില്ലാത്ത , പ്ലസ്‌ ടൂ കഷ്ടിച്ച് പാസായ , കണ്ടാല്‍ മുഗാമ്പോയ്ക്ക് താടകയില്‍ ഏഴാം മാസം ഉണ്ടായ പുത്രനെ പോലെയിരിക്കുന്ന മുസ്തഫയുടെ ഗുണഗണങ്ങള്‍ തന്നെ ഹഠാ ആകര്‍ഷിക്കുന്നു എന്ന് പെണ്ണ് എഴുത്തിലൂടെ (രഹസ്യ ഭാഷ) അറിയിക്കുന്നു ,മാത്രമല്ല കൊന്വേന്റ്റ് സ്കൂളില്‍ പഠിച്ചു , പിയാനോ വായിക്കുന്ന , പാതിരാത്രി അഞ്ജനേയന്റെ വീട്ടില്‍ ഗാനമേളക്ക് പോകുന്ന കുട്ടി ശരിക്കും പറഞ്ഞാല്‍ യാഥാസ്ഥിതികമായ ഒരു ബ്രാഹ്മണ ഇല്ലത്തില്‍ അമ്മയുടെ മരണശേഷം സ്നേഹം കിട്ടാതെ,വലിയച്ഛനായ രാമസ്വാമിയുടെ കര്‍ശന നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്നവളാണ് എന്ന സത്യം മുസ്തഫ വലിയ താമസമില്ലാതെ മനസിലാക്കുന്നു.രാമസ്വാമിയുടെ അനിയന്‍(പെണ്ണിന്റെ അച്ഛന്‍) വായില്‍ കമ്പിട്ടുകുത്തിയാലും മിണ്ടാത്ത സ്വഭാവക്കാരനും .
രാമസ്വാമിയുടെ ചവറു ഫാക്ടറിക്ക് എതിരെ നടക്കുന്ന സമരത്തെ പൊളിക്കാന്‍ അങ്ങേരും , അനിയനും കൂടി ഒരു രഹസ്യ യോഗത്തിന് പോകുന്ന രാത്രി മുസ്തഫ സാവിത്രിയെ കാണാന്‍ രാമസ്വാമിയുടെ വീട്ടില്‍ എത്തുന്നു (കൊച്ചും, ചേച്ചിയും അച്ഛനും ഒക്കെ രാമസ്വാമിയുടെ കൂടെയാണ് താമസം. പതിനെട്ട് കഴിഞ്ഞ സ്പോട്ടില്‍ കൊച്ചിന്റെ ചേച്ചിയെ എവനെയോ കൊണ്ട് കെട്ടിച്ച് ഡിവോര്‍സ് ആക്കി കൈയ്യില്‍ കൊടുത്ത രാമസ്വാമിക്ക്‌ നോ ഫാമിലി. രാഷ്ട്രീയം , ഫാക്ടറി ,അനിയന്റെ മക്കളെ ആചാരം പഠിപ്പിക്കല്‍ ...ഇതിനായി ഉഴിഞ്ഞു വെച്ച തയാഗ പൂര്‍ണ്ണമായ ഒരു ജീവിതം ). രഹസ്യ യോഗത്തില്‍ വിവരം ചോര്‍ത്താന്‍ മുസ്തഫയുടെ സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമം രാമസ്വാമി കണ്ടു പിടിക്കുന്നു, യോഗം പിരിച്ചു വിടുന്നു. യോഗത്തിന്റെ കാര്യം മുസ്തഫയോട് പറഞ്ഞ അതെ സുഹൃത്തുക്കള്‍ യോഗം കലങ്ങുന്നതും , രാമസ്വാമിയും അനിയനും പ്രതീക്ഷിച്ചതിലും നേരത്തെ വീട്ടിലേക്ക് തിരിക്കുന്നതും ഒളിഞ്ഞിരുന്ന് കാണുന്നുണ്ട്. പക്ഷെ കഥ ആവശ്യപ്പെടുന്നതനുസരിച്ച് അവര്‍ ആ വിവരം മാത്രം മുസ്തഫയെ അറിയിക്കുന്നില്ല. രാമസ്വാമിയും ,അനിയനും ആളുകളും വീട്ടില്‍ എത്തുന്നു ,മുറ്റത്ത് വയിന്നോക്കി നില്‍ക്കുന്ന മുസ്തഫയെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞു ചവിട്ടിക്കൂട്ടി പോലീസില്‍ ഏല്‍പ്പിക്കുന്നു. പക്ഷെ രാമസ്വാമിയുടെ അനിയന്‍ മാത്രം ജനാലയിലൂടെ മുസ്തഫയെ പ്രണയത്തോടെ നോക്കി നില്‍ക്കുകയും , അവനിട്ട് ചളുക്ക്‌ കിട്ടുമ്പോള്‍ കരയുകയും ചെയ്യുന്ന സാവിത്രിയെ കാണുന്നു. പക്ഷെ അയാള്‍ ഒന്നും മിണ്ടുന്നില്ല

ഇവിടെ കഥയുടെ ഇടവേള .

അണ്ണാ ....ഈ കഥ ...

മിണ്ടരുത് ...ബാക്കി കൂടി കേള്‍ക്കെടാ .അങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തുന്ന മുസ്തഫയുടെ കരളലിയിക്കുന്ന കദന കഥ കേട്ട് എസ ഐ പ്രേമാനന്ദനും , വട്ടിയൂര്‍കാവ് പോലീസ് സ്റ്റേഷനിലെ സകല ജന മൈത്രി പോലീസുകാരും മുസ്തഫയെ സഹായിക്കും എന്ന് തിരിവഞ്ചിയൂര്‍ രാധാകൃഷ്ണനെ പിടിച്ച് ആണയിടുന്നു. ജോലിയും കൂലിയും , വലിയ പഠിപ്പും ഇല്ലാത്ത മുസ്തഫയെ സഹായിക്കാന്‍ അവര്‍ അവനെക്കൊണ്ട് ഹെല്‍മറ്റ് കച്ചവടം തുടങ്ങിക്കുന്നു. അവന്‍ ഹെല്‍മറ്റ് തട്ട് വെയ്ക്കുന്നിടത്തോക്കെ പോലീസ് ചെക്കിംഗ് ,ആളുകളെ കൊണ്ട് നിര്‍ബന്ധമായി ഹെല്‍മെറ്റ്‌ വാങ്ങിപ്പിക്കല്‍. അങ്ങനെ മുസ്തഫ നല്ലൊരു തുക കാശായി ഉണ്ടാക്കുന്നു, ആ കാശ് കൊണ്ട് സ്വന്തമായി ചന്ദനം , ജപമാല, രുദ്രാക്ഷം എന്നിവ വില്‍ക്കുന്ന ഒരു കട (പേര് പൂജാ വേള്‍ഡ് ) തുടങ്ങുന്നു.ഇതിനിടെ മുസ്തഫയുടെ സുഹൃത്തുക്കള്‍ സാവിത്രിയുടെ അമ്മാവന്റെ മകനായ അനന്തുവിനെ മുസ്തഫ -സാവിത്രി പ്രണയം സഫലമാക്കാനുള്ള ഹംസമായി തിരഞ്ഞെടുക്കുന്നു. മുസ്തഫയുടെ പെങ്ങള്‍ ഫാത്തിമയെ ലൈന്‍ അടിക്കുന്ന അനന്തു റെഡിയായി ആ പണി ഏറ്റെടുക്കുന്നു . പിന്നെ ലവനാണ് ലവര്‍ക്കിടയില്‍ രഹസ്യ ഭാഷയിലുള്ള കത്തുകള്‍ കൈമാറുന്നത്.
കടയുടെ ഉത്ഘാടനം സാവിത്രിയുടെ സൌകര്യ പ്രകാരം വെള്ളിയാഴ്ച്ച ഉച്ചക്ക് രാമസ്വാമിയും ,അനിയനും ഉച്ച പൂജ തൊഴാന്‍ പോകുന്ന സമയത്ത് വെയ്ക്കുന്നു . കാരണം അപ്പോള്‍ മാത്രമേ ആ കുട്ടിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കു . കടയുടെ ഉത്ഘാടനത്തിനു ശേഷം മുസ്തഫയും , സുഹൃത്തുമായി മുഴുവന്‍ കറുത്ത ഗ്ലാസ് ഇട്ട വണ്ടിയില്‍ വീട്ടിലേക്ക് തിരികെ പോകുന്ന സാവിത്രിയെ ആ നാട്ടിലെ ചില ബ്രാഹ്മണര്‍ കാണുന്നു .മുസ്തഫയുടെ കൂടെ രാമസ്വാമിയുടെ ഇല്ലത്തെക്കുട്ടി കാറില്‍ പോകുന്നത് സഹിക്കാനാവില്ല എന്ന് പറയുന്ന അവര്‍ മുസ്തഫയുടെ സുഹൃത്തായ സുപ്രു അയ്യര്‍ കാറില്‍ നിന്നുമിറങ്ങി അവരുടെ തന്തക്കു വിളിക്കുമ്പോള്‍ 'അല്ലെങ്കിലും ഞങ്ങളുടെ റോള്‍ കഴിഞ്ഞു .നിങ്ങള്‍ പോയിക്കൊള്ളു ഞങ്ങള്‍ രാമസ്വാമിയെ വിളിച്ച് വിവരം പറയാം ' എന്ന മട്ടില്‍ പിന്‍വാങ്ങുന്നു. വിവരമറിയുന്ന രാമസ്വാമി സാവിത്രിയെ ഉലക്കക്ക് അടിക്കുന്നു .അതിനിടെ ചവര്‍ ഫാക്ടറിയുടെ സംഭരണ ടാങ്ക് തകര്‍ന്ന് കുറെ നാട്ടുകാര്‍ ആശുപത്രിയിലാകുന്നു .കുപിതരായ യൂത്ത് കോണ്ഗ്രസ്കാര്‍ രാമസ്വാമിയുടെ അനിയനെ വഴിയിലിട്ടു ചവിട്ടുന്നു, മുസ്തഫ അയാളെ രക്ഷിക്കുന്നു.മുസ്തഫയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഉള്ള ശ്രമങ്ങള്‍ ,മുസ്തഫയുടെ സുഹൃത്തും,പഴയ കോണ്‍ഗ്രസ്സുകാരന്റെ മകനുമായ മനോജ്‌ ആ ശ്രമങ്ങളെ ഡയലോഗ് അടിച്ച് തോല്‍പ്പിക്കുന്നു.

യൂത്ത് കോണ്ഗ്രസ്സിന്റെ പ്രതിഷേധം കാരണം കരുത്തനായ രാമസ്വാമി ഡല്‍ഹിയിലേക്കു കുടുമ്പസമേതം താമസം മാറാന്‍ തീരുമാനിക്കുന്നു . വിവരമറിയുന്ന മുസ്തഫ രാത്രി സാവിത്രിയെ വിളിച്ച് ഇറക്കി കൊണ്ട് പോകാന്‍ ശ്രമിക്കുന്നു.പക്ഷെ മുസ്തഫയെ രാമസ്വാമി തട്ടും എന്ന് ഭയന്ന് സാവിത്രി പോകുന്നില്ല. പിറ്റേ ദിവസം കഥയില്‍ ട്വിസ്റ്റ്‌ . രാവിലെ എല്ലാവരെയും വിളിച്ച് കൊണ്ട് ഡല്‍ഹിക്ക് പോകാന്‍ റെഡിയാകുന്ന രാമസ്വാമിക്ക്‌ നേരെ അയാളുടെ അനിയന്‍ പൊട്ടിത്തെറിക്കുന്നു . തന്റെ മകള്‍ അവളുടെ ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കും എന്നും , പെണ്ണിന്റെ വിശുദ്ധിയുടെ അടയാളമായിട്ടാണ് ചന്ദനം ഉപ്പയോഗിക്കേണ്ടത് അല്ലാതെ സ്വപ്നങ്ങളെ മൂടാനല്ല എന്നും പ്രഖ്യാപിക്കുന്നു . ശരി അനിയാ ,എന്നാല്‍ ഞാന്‍ പോയിട്ട് കത്തയക്കാം എന്ന മട്ടില്‍ അന്ന് വരെ ഉപയോഗിച്ചിരുന്ന കറുത്ത അമ്പാസിഡര്‍ കാര്‍ അനിയന് കൊടുത്ത് (അതോ വിറ്റോ- കഥയില്‍ ഇത് നമ്മള്‍ വ്യക്തമാക്കില്ല ) ഒരു ഇന്നോവയില്‍ കയറി രാമസ്വാമി യാത്രയാകുന്നു. പിന്നെ കുറച്ചു നേരം നാട്ടുകാര്‍ എല്ലാം കൂടി മുസ്തഫയെ അന്വേഷിച്ചുള്ള നടപ്പ്. ഒടുക്കം കടല്‍പാലത്തിന്റെ തുഞ്ചത്ത് ചെറുക്കനെ കണ്ടെത്തുന്നു. അത്തര്‍ മന്‍സിലില്‍ ഇബ്രാഹിം ഹാജിയുടെ (മുസ്തഫയുടെ വാപ്പ) വീട്ടില്‍ ഒരു പൂജ മുറി ഉണ്ടാക്കാന്‍ സൌകര്യം ഉണ്ടാകുമോ എന്ന് ചോദിച്ച് സാവിത്രി മുസ്തഫയുടെ കഴുത്തില്‍ തൂങ്ങുന്നു.

ലാസ്റ്റ് സീനില്‍ മുസ്തഫ പണ്ട് കുട്ടിക്കാലത്ത് ചന്ദനം തൊട്ട ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടിട്ട് അവളെ തെന്റെ ഭാര്യയായി കിട്ടണേ എന്ന് പടച്ചോനോട് പറഞ്ഞിരുന്നു എന്നും (ഈ സീന്‍ ആദ്യവും കാണിക്കും ) ആ കുട്ടി തെന്നെയാണ് സാവിത്രി എന്നും പറയുന്നു . ശുഭം .കഥയുടെ പേര് ചന്ദനത്തിന്റെ സുഗന്ധം , എങ്ങനെയുണ്ട് അനിയാ ?

വിവരക്കേടിന്റെ എട്ടു കളി തന്നെ അണ്ണാ കഥയില്‍ . നിങ്ങളൊക്കെ വിനീത് ശ്രീനിവാസന്റെ കൈയ്യില്‍ നിന്നും പിച്ച വാങ്ങണം.
ഉറപ്പാണോ ?

അതെ, എന്താ സംശയം

ഡേ ...ചന്ദനത്തിന്റെ ഗന്ധം മാറ്റി തട്ടത്തിന്‍ മറയത്ത് എന്നാക്ക്. മുസ്തഫയെ വിനോദും , സാവിത്രിയെ ആയിഷയും ആക്ക്. രാമസ്വാമിയെ അബ്ദുറഹ്മാന്‍ ആക്ക്, ആയിഷയുടെ അച്ഛനെ വപ്പയാക്ക് , പൂജ വേള്‍ഡ് പര്‍ദ്ദ വേള്‍ഡ് ആക്ക് . . അനന്തൂനെ അബ്ദുള്ള എന്നും , സുപ്രുവിനെ ഫൈസി എന്നും അഞ്ജനേയനെ ഇംതിയാസ് എന്നും വിളിച്ചോ . കഥ നടക്കുന്നത് തലശേരിയില്‍ , എസ ഐ പ്രേംകുമാര്‍ (നമ്മുടെ പ്രേമാനന്ദ് ) തിരുവനന്തപുരംകാരനും. ചവറു ഫാക്ടറി - ലെതര്‍ ഫാക്ടറി . യൂത്ത് കോണ്ഗ്രസ് -കമ്യൂണിസ്റ്റ് സംഘടന ,ബി ജെ പി- മുസ്ലീം ലീഗ് (അത് പോലെ ഒന്ന് ).പിയനോക്ക് പകരം ഗിറ്റാര്‍, തെയ്യത്തിന് പകരം ദഫ്മുട്ട്. ഇബ്രാഹിം ഹാജിയുടെ പുരയിലെ പൂജാ മുറിക്ക് പകരം ഗോപാലന്‍ മാഷുടെ വീട്ടില്‍ നിസ്കാര പായ് ഇത്രയുമായാല്‍ ചന്ദനത്തിന്റെ ഗന്ധം മാറിയാ ?

അണ്ണാ ...താത്വികമായി നോക്കിയാല്‍ അത് ശരിയാണ് .പക്ഷെ അങ്ങനെ റാഡിക്കലായുള്ള ഒരു മാറ്റമല്ല ഇവിടെ വേണ്ടത് .

നീ മാറ്റണ്ട .പക്ഷെ ഈ കോപ്പിലെ കഥയും സന്ദര്‍ഭങ്ങളും കെട്ടുറപ്പുണ്ട് എന്ന പേരില്‍ നിന്റെ ഓണ്‍ലൈന്‍ കമ്യൂണിറ്റിയിലെ തലക്കകത്ത് കാറ്റ് മാത്രമുള്ള അവന്മാര്‍ക്ക് വിളമ്പിയാല്‍ മതി

ഒക്കെ , തിരക്കഥ വിട് .സംവിധാനത്തിന് നമുക്ക് ഒരു എട്ടു മാര്‍ക്ക് ?

നൂറിലാ ? അത് തന്നെ കൂടുതലാടാ

ആക്കല്ലേ അണ്ണാ .സംവിധാനത്തിന് എന്താ കുഴപ്പം?

ചുരുക്കി പറഞ്ഞാല്‍ അറുപതുകളില്‍ പോലും തേഞ്ഞ പ്രമേയമായ ഒരു കഥയെടുത്ത് രണ്ടായിരത്തി പന്ത്രണ്ടിലെ ന്യൂ ജനറേഷന്‍ പാക്കേജില്‍ ഇറക്കാന്‍ ശ്രമിച്ച്, ഓലപ്പുരക്ക് നെറോലാക്ക് പെയിന്റടിച്ച് നശിപ്പിച്ച അവസ്ഥ.ഓലപ്പുരയുടെ ഭംഗി പോവുകയും ചെയ്തു , നെറോലാക്ക് എല്ലാം കൂടി ഓലയില്‍ ഒട്ടിപ്പിടിച്ചു വൃത്തികെട് ആവുകയും ചെയ്തു .ഇതാണ് സംവിധാനം

അഭിനയം നന്നയിട്ടില്ലേ ?

ദോഷം പറയരുതല്ലോ .നിവിന്‍ പോളി ആ പയ്യനോട് ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട് .പക്ഷേ ഇങ്ങനെ ഒരു ഉഡായിപ്പ് കഥയില്‍ അയാള്‍ എന്ത് ചെയ്യാന്‍ ? പിന്നെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന പോലീസുകാരനായി മനോജ്‌ കെ ജയന്‍ സുരാജിനെ അനുകരിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുന്നുണ്ട് .
ശ്രീനിവാസന്‍ കറണ്ട് അടിച്ചാല്‍ പോലും ഭാവം വരാത്ത മുഖവുമായി നാലച്ചു സീനുകള്‍ വന്ന് പോകുന്നു. രാമു വിനീത് ശ്രീനിവാസന്‍ ആവശ്യപ്പെട്ട വില്ലത്തരങ്ങള്‍ കാണിക്കുന്നു , നാട് ടു വിട്ടു പോകുന്നു.ആല്ലാതെ പിന്നെ പടത്തിന്റെ ആദ്യ പകുതി മുഴുവന്‍ അങ്ങേരുടെ വീട്ടില്‍ തന്നെ താമസിച്ച് , ഗിറ്റാര്‍ വായന , പാതിരാത്രി ഗാനമേള റിഹേര്‍സല്‍ എന്നൊക്കെ പറഞ്ഞ് പാറി പറന്നു നടക്കാന്‍ നായികയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന അങ്ങേര്‍ പെട്ടെന്ന് കയറി നായികയെ അടിക്കാനും ചവിട്ടാനും ഒക്കെ തുടങ്ങുന്നതിനെ എന്ത് പറയണം ? നായിക, കാണാന്‍ കൊള്ളാം...നോ സ്കോപ്പ് ഫോര്‍ ഫാവാഭിനയം .. അത് നമ്മുടെ ഭാഗ്യം ?

പാട്ടുകള്‍ ,ക്യാമറ എന്നിവയെങ്കിലും .

പാട്ടുകള്‍ കേള്‍ക്കാന്‍ കൊള്ളാം ,പടത്തില്‍ ബോറാണ് . ക്യാമറ തിരക്കേടില്ല.

അപ്പൊ ഈ പടത്തില്‍ കൊള്ളാവുന്ന ഒന്നും ഇല്ലാ എന്നാണ് നിങ്ങള്‍ പറയുന്നത് ?

നിവിന്‍ പോളി നല്‍കുന്ന പ്രതീക്ഷ ഒഴിച്ച് ഒന്നുമില്ല.

ഛെ, എന്നാലും മലയാളത്തിലെ ബുദ്ധിമാനായ കഥാകാരന്‍ ശ്രീനിവാസന്റെ മകന്റെ പടത്തിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ ?

എന്താടാ പറഞ്ഞാല്‍ ? ശ്രീനിവാസന്റെ അല്ലേ മോന്‍ , എന്റെ അല്ലല്ലോ ? പിന്നെ ഞാന്‍ ടിക്കറ്റിന് കൊടുത്ത കാശ് നഷ്ടമായത് ഇവരാരും തിരിച്ചു തരില്ലല്ലോ ?

എന്നാലും ശ്രീനിവാസന്‍ ...

അനിയാ, ശ്രീനിവാസന്‍ കുറേക്കാലം സത്യന്‍ അന്തിക്കാട്‌ -മോഹന്‍ലാല്‍ ടീമിനെ വിറ്റ് കഞ്ഞി കുടിച്ചു .പിന്നെ പൊക്കം , ബുദ്ധി , സൌന്ദര്യം ഇതൊന്നും ഇല്ലാത്തതില്‍ മലയാളിക്ക് ഉള്ള അപകര്‍ഷതാ ബോധം (ശ്രീനിവാസന് ഈ അപകര്‍ഷതാ ബോധം സ്വന്തമായി ഉണ്ടോ എന്ന് ഉറപ്പിച്ച് പറയാന്‍ ഞാന്‍ ആളല്ല ) വടക്കുംനോക്കി യന്ത്രം മുതല്‍ വിറ്റ് കാശാക്കി .ഓവറായി പാവം പാവം രാജകുമാരനില്‍ ഒക്കെ എത്തിയപ്പോള്‍ ,മലയാളിക്ക് മടുത്തു .അടങ്ങു വേലായുധ പറഞ്ഞു. നായകനായുള്ള കത്തിക്കല്‍ അതോടെ കുറെക്കാലത്തേക്ക് ഇല്ലായിരുന്നു . ഇപ്പൊ അങ്ങേരുടെ മോനും ശ്രമിക്കുന്നത് മലയാളിയുടെ സ്വന്തം കുറവുകളില്‍ ഉള്ള അപകര്‍ഷതാ ബോധം മറച്ചു വെയ്ക്കാനുള്ള ശ്രമത്തെ വിറ്റ് കാശാക്കാന്‍ തന്നെയാണ്. പഠിത്തം , കാശ് , സൌന്ദര്യം ഇതൊന്നും ഇല്ലാത്ത നായകന് കാശുള്ള വീട്ടിലെ മൊഞ്ചത്തി പെണ്ണിനെ പുല്ലു പോലെ കിട്ടും എന്ന പ്രതീക്ഷയാണ് വിനീത് ശ്രീനിവാസന്‍ മുന്നോട്ട് വെയ്ക്കുന്നത് എന്ന് മാത്രം (വടക്കുംനോക്കിയില്‍ പോലും ശ്രീനിക്ക് സുന്ദരിയായ പാര്‍വ്വതി യെ ഭാര്യയായി കിട്ടിയില്ലേ ?- അപകര്‍ഷതാ ബോധം ഒക്കെ നായകന് ഉണ്ടെങ്കിലും കരിവിളക്കും നെയ്‌ വിളക്കും തന്നെ അതും )

ആ പ്രതീക്ഷ ഇന്നത്തെ യുവജനങ്ങള്‍ക്ക്‌ കൊടുക്കുന്നത് തെറ്റാണോ ?

അനിയാ,ഇന്നത്തെ കാലത്ത് ഒരു പെണ്ണും പഠിത്തം , കാശ് , സൌന്ദര്യം ഇതൊന്നും ഇല്ലാത്ത തട്ടത്തിന്‍ മറയത്തിലെ നായകനെ പോലുള്ള ഒരുത്തനെ ടൈം പാസിന് പോലും പ്രേമിക്കില്ല. അങ്ങനെ പ്രേമിക്കും എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞത് കേട്ട് നിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയിലെ കൂതറകള്‍ ആരെങ്കിലും ,മൊഞ്ചുള്ള പെണ്ണിനെ നോക്കി കാശുള്ള വീടിന്റെ മതില് ചാടിയാല്‍ ഫലം സിനിമയില്‍ കാണിക്കുന്ന ജനമൈത്രി പോലീസ് സ്റ്റേഷന്‍ ആവില്ല .പകരം ജനമൃതി പോലീസ് സ്റ്റേഷന്‍ ആകും. അത്രേയുള്ളൂ

എന്നാലും ഞാന്‍ റിവ്യൂ എഴുതുമ്പോള്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ എന്ന ചില്ലറ രസക്കേട് ഒഴിവാക്കിയാല്‍ പടം ഏഴാം ബഹറിലെ ഹൂറിയാണ്‌ എന്നേ എഴുത്ത് അണ്ണാ . വിനീത് മോനെ അങ്ങനെ ഞാന്‍ കൈവിടില്ല

അപ്പൊ ഞാന്‍ പറഞ്ഞ പോയന്റുകള്‍ ഒക്കെ തെറ്റാണ് എന്നാണോ ?

അല്ല .പക്ഷെ അതൊന്നും ഞാന്‍ വെട്ടം കാണിക്കില്ല. വെറുതെ ഏതെങ്കിലും തെണ്ടിക്ക് എവിടേലും വെച്ച് ഞങ്ങള്‍ ജാള്‍റകളുടെ ഉത്തരം മുട്ടിക്കാനുള്ള വടി ഞാന്‍ തന്നെ കൊടുക്കണോ ? അത് വേണ്ട .

ശരി.എന്നാ പോണ പോക്കില്‍ ഇതൂടെ കേട്ടോ. നീ പറഞ്ഞല്ലോ ജനമൈത്രി പോലീസ് നായകനെ സഹായിക്കുന്നു എന്നത് ചില്ലറ രസക്കേടാണ് എന്ന് ?

അതെ ?

ഡാ , അവരുടെ സഹായമല്ലേ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ? പകരം ആദ്യമേ മനോജ്‌ കെ ജയന്‍ നായകനെ ചവിട്ടിക്കൂട്ടി , ജയില്‍ ഇടിഞ്ഞാലും പുറത്തു വരാത്ത നാല് കേസും ചാര്‍ജു ചെയ്‌താല്‍ , ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും നായകനെ തള്ളി പറയാനാണ് സാധ്യത. തട്ടതിന്‍ മറയത്ത് എന്ന പേര് അതോടെ തല്ലി മയ്യത്താക്കി എന്ന് മാറ്റേണ്ടി വരുകയും കഥ ആദ്യത്തെ പത്തു മിനിറ്റില്‍ തീരുകയും ചെയുമോ?

അത് സംഭവിക്കും.

അങ്ങനെയാണെങ്കില്‍ , കഥയുടെ ആധാരശില ഈ ജനമൈത്രി പോലീസ് അല്ലേ ? അത് തന്നെ ഒരു ഉഡായിപ്പ് ഫീല്‍ കാണുന്നവര്‍ക്ക് നല്‍കുമ്പോള്‍ , ബാക്കി പടം നീ പറഞ്ഞത് പോലെ എങ്ങനെയാടാ ഹൂറിയാകുന്നത്, വൃത്തികെട്ടവനെ ?

അണ്ണാ, നിങ്ങള്‍ ശവത്തില്‍ കുത്തരുത്.

Saturday, July 16, 2011

ചാപ്പാ കുരിശ് (Chappa Kurishu )

പുതുമ പുതുമ ......

എന്താടാ റാംജിറാവ് ലെ പാട്ടൊക്കെ പാടി പോകുന്നത് .

നിങ്ങളെ കാണാന്‍ തന്നെ ഇറങ്ങിയതാ അണ്ണാ . ഫിലിംസ്റ്റാര്‍നെ കുറിച്ച് പറഞ്ഞല്ലോ.പുതിയ സിനിമയുടെയും പുതുമയുടെയും കടുത്ത ആരാധകനായ നിങ്ങള്‍ ചാപ്പാ കുരിശു എന്നാ നവയുഗ സിനിമ കണ്ടില്ലേ.കാളകൂടം , ചിത്ര വിദ്വേഷം,മലയാള സിനിമയുടെ ബൂലോക നിരുപണ പ്രപഞ്ചം ഇവയെല്ലാം യുണി വേര്സല്‍ ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകന്‍ എന്ത് പറയുന്നു എന്നറിയാനായി കാത്തിരിക്കുന്നു . അതിരിക്കട്ടെ അണ്ണാ എന്തുവാ ഈ ചാപ്പാ കുരിശു?ആ പേരില്‍ തന്നെ ഇല്ലെ ഒരു പുതുമ ?

അനിയാ ചാപ്പാ എന്താണ് എന്ന് എനിക്ക് വലിയ പിടിയില്ല നീയടക്കം ബൂലോകത്തുള്ള ഉള്ള കുറേ കുരിശുകളെ ചുമക്കേണ്ടി വരുന്നു എന്നുള്ളതാണ് പഴയ കാലത്തേ ഒരു പീഡന (ഉപദ്രവിക്കുക എന്ന അര്‍ഥത്തില്‍ കാണുക. അടുത്തിടയായി ഈ വാക്കിന്റെ അര്‍ഥത്തില്‍ സമൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്)ഉപകരണം എന്ന അറിവ് കൂടാതെയുള്ള പരിചയം .ഹെഡ് ഓര്‍ ടെയില്‍ എന്നതിന് പകരം മധ്യ കേരളത്തില്‍ എവിടെയോ ഉപയോഗിക്കുന്ന വാക്കാണ്‌ പോലും ഇതു .(മര്യാദക്ക് ഹെഡ് ഓര്‍ ടെയില്‍ എന്ന് പേരിട്ടിരുന്നെങ്കില്‍ എത്ര ലളിതവും അര്‍ദ്ധവത്തും ആയേനെ എന്ന് ആരോര്‍ക്കാന്‍ ?)

അണ്ണാ, തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . നിങ്ങളുടെ ഈ നേരെ വാ നേരെ പോ എന്ന രീതി ഇക്കാലത്ത് പറ്റിയതല്ല.ഒരു നിരൂപകന് അംഗീകാരം വേണമെങ്കില്‍ ഒരു ബൌധിക ലൈന്‍ ആണ് നല്ലത് .അണ്ണന് അങ്ങനെ ഒന്ന് നോക്കികൂടെ ? എനിക്കും ഒരു ഉപകാരം ആയേനെ

മേല്‍പ്പറഞ്ഞ ലൈന്‍ ഇങ്ങനെ അണോടെ?ഒന്ന് കേട്ട് നോക്ക് .നമ്മുടെ സമൂഹത്തില്‍ പല നിലകള്‍ അഥവാ ഗ്രേഡുകള്‍ ഉണ്ടല്ലോ . അവയൊക്കെ എന്നും പല രൂപത്തില്‍ നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു അഥവാ ഉണ്ട് എന്നാണ് എന്‍റെ വിശ്വാസം.താഴത്തെ നിലയില്‍ ഉള്ള ഒരുത്തന് എന്ന് മുകളിലത്തെ നിലയില്‍ ഉള്ളവനോടുള്ള അസൂയ അഥവാ അമര്‍ഷം ഏതൊക്കെ പണ്ടേ ഉള്ളതാണ്. ഇതിനൊക്കെ മേലെ അവനെ ഭരിക്കുന്നത്‌ താന്‍ മോശക്കാരനാണ് എന്ന അപകര്‍ഷത ബോധം ആണ്.നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു തെരഞ്ഞെടുപ്പു പോലും നേരിട്ടിട്ടു ഇല്ല എന്ന് പറയുമ്പോള്‍ അദേഹം നേടിയ ഡിഗ്രികളുടെ കണക്കു പറയുന്നത് ഈ മനോഭാവം ആണെന്ന് ആണ് പലപ്പോഴും തോന്നിയിട്ടുള്ളത്.താഴെക്കിടയില്‍ ജീവിക്കുന്ന ഒരാള്‍ സാഹചര്യവശാല്‍ ഉയര്‍ന്ന നിലയില്‍ ഒള്ള ഒരാളെ വരച്ച വരയില്‍ നിര്‍ത്താനുള്ള ഒരു അവസരം ലഭിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കുകയും അതിലൂടെ തന്നിലെ അധമബോധത്തെ മറികടക്കുകയും ചെയ്യുന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ തന്തു. ഇതു പറഞ്ഞിരിക്കുന്നത് രണ്ടു കഥാ പത്രങ്ങളെ ഉപയോഗിച്ചാണ്‌. അന്‍സാരി (വിനീത് ശ്രീനിവാസന്‍ ) . പാവപ്പെട്ടവന്‍ . ഒരു നവയുഗ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയുന്നു.ബസില്‍ പോയി വരുന്നു.കൂടെ ജോലി ചെയുന്ന നഫീസയുമായി (നിവേദിത) അടുപ്പം (അവരുടെ കാഴ്ചപ്പാടില്‍ അത് പ്രേമമാകാം). അടുത്തത് അര്‍ജുന്‍,ഉന്നത വര്‍ഗം.അര്‍ജുനന് അന്‍സാരിക്ക് ഉള്ളതെല്ലാം ഉണ്ട് പക്ഷെ വളരെ കൂടുതല്‍ ആണെന്ന് മാത്രം. ഡ്രൈവര്‍ ഓടിക്കുന്ന കാറില്‍ ഓഫീസില്‍ പോകുന്ന,സമ്പന്നയായ പ്രതിശ്രുത വധു ആന്‍ (റോമ)യും ഓഫീസിലെ സ്റ്റാഫും കാമുകിയുമായ സോണിയ (രമ്യ നമ്പീശന്‍ ),ലക്ഷങ്ങളുടെയും കോടികളുടെയും constraction ബിസിനസ്‌ എന്നിവയെല്ലാം തന്നെ ഇവരുടെ ഫോണുകള്‍ പോലെ രണ്ടു ക്ലാസ്സില്‍ പെട്ടത് ആണ്.(അര്‍ജുന്‍ വിലപിടിച്ച ഐ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അന്‍സാരി റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് കൂട്ടി കെട്ടിയ,പലപ്പോഴും അപ്രതീക്ഷിതമായി ബാലെന്‍സ് തീരുന്ന സാധാരണ ഫോണ്‍ ആണ് ഉപയോഗിക്കുന്നത് ).

അപ്പോള്‍ കിടിലന്‍ പടം എന്നു ധൈര്യമായി പറഞ്ഞോട്ടെ .

എടേ നീ ഈ തോക്കില്‍ കേറി വെടി വെക്കല്ലേ. പശ്ചാത്തലം ഒക്കെ തകര്‍ത്തു . പിന്നെ കഥ പോകുന്നത് ഇപ്രകാരം. ആനുമായുള്ള കല്യാണം നിശ്ചയിച്ചത് അറിയുന്ന സോണിയ തനി ഭാരതീയ വനിതയായി പൊട്ടിത്തെറിക്കുന്നു.അവളെ സമാധാനിപ്പിക്കാനായി അര്‍ജുന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ ഒരല്‍പം ഭീഷണിയുടെ സ്വരത്തില്‍ തങ്ങളുടെ ശാരീരിക ബന്ധം പകര്‍ത്തിയ ഒരു ക്ലിപ്പ് തന്‍റെ മൊബൈലില്‍ ഉള്ളത് കാണിക്കുന്നു.തുടന്നു തികച്ചും യാദ്രിസ്ചികമായി ആ മൊബൈല്‍,വേറൊരു ആവശ്യത്തിനു അവിടെ എത്തുന്ന,അന്‍സാരിക്ക് കിട്ടുകയും ചെയുന്നു.

ഇതു വരേക്കും സംഗതികള്‍ ഒരു വിധം ഓ കെ ആണ്‌. പിന്നെ അങ്ങോട്ട്‌ നമ്മള്‍ കാണുന്നത് തിരകഥ ക്രിത്തുക്കളായ സമീര്‍ താഹിറും ഉണ്ണിയും പിന്നെ ഫോണ്‍ കിട്ടിയ അന്‍സാരിയും എന്ത് ചെയ്യണം എന്നറിയാതെ ഉഴലുന്ന കാഴ്ചയാണ്. പ്രധാനപെട്ട സംഗതികള്‍ (നേരത്തെ പറഞ്ഞ സംഗതികള്‍ കൂടാതെ അദ്ദേഹത്തിന്റെ പ്രൊജക്റ്റ്‌ സംബന്ധമായ സുപ്രധാന വിവരങ്ങള്‍ കൂടി ആ ഫോണില്‍ ഉണ്ട് ) ഉള്ള ഫോണ്‍ നഷ്ട്ടപ്പെടുന്ന,അത് തിരിച്ചു കിട്ടാന്‍ ശ്രമിക്കുന്ന അര്‍ജുന്‍ പിന്നീടു അങ്ങോട്ട്‌ ഒരു തികഞ്ഞ മന്ദ ബുദ്ധിയെ പോലെയാണ് പെരുമാറുന്നത് . അന്‍സാരി തുടക്കം മുതല്‍ അവസാനം വരെ നല്ലവന്‍ ആയിരിക്കണം എന്ന സംവിധായക - തിരകഥ ക്രിത്തുകളുടെ വാശി സംഗതികള്‍ ഒരു വഴിക്കും പോകില്ല എന്ന അവസ്ഥയില്‍ എത്തിക്കുന്നു .സിനിമ കാണാന്‍ പോകുന്ന പ്രേക്ഷ കരുടെ പ്രതീക്ഷ മറ്റൊരു ട്രാഫിക്‌ കൂടെ ആകുമ്പോള്‍ ദുരന്തം പൂര്‍ണമാകുന്നു .

അതെന്തിന്നാ അണ്ണാ ഈ പ്രേക്ഷകര്‍ മറ്റൊരു ട്രാഫിക്‌ പ്രതീക്ഷിക്കുന്നെ? അവര്‍ക്ക് ഇതു വേറൊരു സിനിമയായി കണ്ടു കൂടെ ?

ഇതു പണ്ട് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന ചിത്രം എടുത്ത പോലെയാണല്ലോ.ഡോണ്‍ എന്ന പേര്,അതിലെ പഞ്ച് ഡയലോഗുകള്‍ , അതിലെ ഹിറ്റ്‌ ഗാനങ്ങള്‍ ഇതെല്ലാം എടുത്തിട്ട് ഇതിനെ പഴയ ഡോണ്‍ ചിത്രവുമായി താര തമ്യ പ്പെടുതരുത് എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ? From the producer of Traffic‌ എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇല്ല പോസ്റ്റിലും കാച്ചിയിട്ടു, ആ സിനിമയിലുള്ള കുറെയധികം താരങ്ങളെ വെച്ച് പടം ഇറക്കുമ്പോള്‍ പിന്നെ ഇത്തിക്കര പക്കി എന്ന നസീര്‍ ചിത്രം പോലൊന്ന് പ്രതീക്ഷിച്ചു വേണോ ജനം പോകാന്‍.

അല്ല അങ്ങനെ ചോദിച്ചാല്‍ ...

അനിയാ,ഈ ചിത്രത്തില്‍ അന്‍സാരിയുടെ റോള്‍ ചെയ്യേണ്ടത് വിനായകനെ പോലെയുള്ള ഒരു നടന്‍ ആണ്‌ എന്നാണ് എനിക്ക് തോന്നിയത് (ബിഗ്‌ ബി,ജാക്കി മുതലായ അമല്‍ നീരദ് ചിത്രങ്ങളില്‍ വന്നിട്ടുള്ള ആളാണ് കക്ഷി.പേരിത് തന്നെ ആണെന്നാണ് എന്‍റെ വിശ്വാസം) വിനീത് ശ്രീനിവാസന്‍ന്റെ കുറ്റി താടിയും എണ്ണ മിഴുക്കുള്ള മുഖവും കാണിച്ചാല്‍ സാധാരണക്കാരന്‍ ആയി എന്ന ധാരണ തിരുത്തപ്പെടേണ്ട ഒന്നായാണ് എന്നിക്ക് തോന്നുന്നേ.ഇടവേള ആകുന്ന സമയത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓട്ടോയില്‍ കയറി പോകുന്ന അന്‍സാരി ഫോണിലുള്ള ക്ലിപ്പ് കണ്ടെന്നും അത് ഉപയോഗിച്ച് അര്‍ജുനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനാണ് പരിപാടി എന്ന് കരുതുന്ന പ്രേക്ഷകര്‍ പിന്നെയും അന്‍സാരിയുടെ മന്ദ ബുദ്ധി കളി കണ്ടു കൂവിയില്ലെങ്കില്‍ അല്ലെ അതിശയിക്കേണ്ടത് ?അര്‍ജുന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് അറിയുമ്പോള്‍ സോണിയ തികഞ്ഞ ഭാരത സ്ത്രീ ആയി മാറുന്നത് (അതു വരെ സോണിയ തികഞ്ഞ ഒരു മെട്രോ വനിതയെ പോലെയാണ് പെരുമാറുന്നത്) തികച്ചും സിനിമാറ്റിക് ആയി തോന്നി.അത് പോലെ തന്നെ ക്ലിപ്പ് റെക്കോര്‍ഡ്‌ ചെയ്തു കഴിഞ്ഞു ഡിലീറ്റ് ചെയ്യണോ വേണ്ടേ എന്ന് ആലോചിക്കുന്ന അര്‍ജുന്‍. എന്ന് വെച്ചാല്‍ അയാള്‍ക്ക് സോണിയയെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ഒരു ഉദ്ദേശവും ഇല്ല എന്നും വെറും രസത്തിനാണ് ഷൂട്ട്‌ ചെയ്തത് എന്നും നമ്മളെ ബോധിപ്പിക്കുക എന്നതാവും ഉദേശം.

ചിത്രം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കേട്ട ഒരു കമന്റ്‌ രസമായി തോന്നി . "നല്ല നാലു തല്ലു കിട്ടിയാല്‍ തീരുന്ന പ്രശനമേ ഇവന് ഉള്ളായിരുന്നു എങ്കില്‍ അത് ആദ്യമേ കൊടുത്തിട്ട് നമ്മളെ വിട്ടു കൂടായിരുന്നോ " .

അപ്പോള്‍ അഭിനയം ...?

അനിയാ വിനീത് ശ്രീനിവാസന്‍ പിച്ചക്കാരന്‍ ആയി അഭിനയിച്ചാലും അംബാനിയുടെ മകന്‍ ആയി അഭിനയിച്ചാലും ഒരു പോലെ ഇരിക്കും എന്നാണ് ഞാന്‍ ഇതു വരെ കണ്ട ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കിയത്‌ .ഫഹദ് തന്‍റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു (കഥാപാത്രം ഇങ്ങനെയായത് അങ്ങേരുടെ കുറ്റം അല്ലല്ലോ ).ഭാവിയിലെ നവയുഗ സിനിമകളില്‍ ഉപയോഗിക്കാവുന്ന ഒരാള്‍ ആണെന്ന് തോന്നുന്നു ഫഹദ് എന്ന നടന്‍ . റോമയ്ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല (ഫോണ്‍ വിളിച്ചു പരിഭവം പറയുന്നത് ഒഴിച്ചാല്‍ ) രമ്യ നമ്പീശന്‍ , നിവേദിത എന്നിവര്‍ അവരുടെ റോള്‍ നന്നാക്കി .

ചുരുക്കത്തില്‍ ...

സംവിധായകനും തിരകഥകൃത്തും ഒഴികെ മിക്കവരും നന്നായ പടം .

Sunday, July 18, 2010

മലര്‍വാടി ആര്‍ട്സ് ക്ലബ്‌

ഡേ ഇതു വളരെ മോശമാണ്..

എന്തോന്ന്

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ ശ്രീനിവാസന്റെ മകന്‍, ബഹുമുഖ പ്രതിഭ വിനീത് ശ്രീനി വാസന്‍ ഒരുക്കിയ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ ഇറങ്ങിയിട്ട് ദിവസം മൂന്നായി.നിന്റെ ഭാവം നീ എന്തോ നിരൂപകന്‍ ആകും എന്നാണല്ലോ .പിന്നെ എന്തെടെ നീ ഒരക്ഷരം പോലും പറയാത്തത് ആ പടത്തെ പറ്റി.

സംഗതി ഇന്നലെയാ കണ്ടത് . മുടിഞ്ഞ മഴ .

ശരി ,പടം എങ്ങനെയുണ്ട് ? ഈ ചിത്രത്തോടെ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമ ഹോര്‍ലിക്ക്സ് കഴിച്ച കുട്ടിയെ പോലെ ഓടി നടക്കും എന്നാണല്ലോ സാറന്മാര്‍ പറയുന്നേ ശരി തന്നെടെ ?

പോന്നു സഹോദരാ,ഗ്രാമം,സൌഹൃതം,പുതു മുഖങ്ങള്‍ എന്നീ കാര്യങ്ങള്‍ വേണം എന്ന് ആദ്യമേ തീരുമാനിച്ചു കഴിഞ്ഞാണ് സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയത് എന്നാണ് പടം കാണുമ്പോള്‍ തോന്നുന്നത്. മനശ്ശേരി എന്നൊരു ഗ്രാമം (ഉത്തര കേരളത്തില്‍ ) .അവിടെ കാര്യമായ പണിയൊന്നും ഇല്ലാത്ത അഞ്ചു ചെറുപ്പക്കാര്‍ . ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുറെ പ്രശ്നങ്ങള്‍ .കോമാളി വില്ലന്മാരായി ജഗതി ,സിറാജ് (എല്ലാ സിനിമകളിലും കാണിക്കുന്ന സ്ഥിരം സാധനങ്ങള്‍ തന്നെയാണ് ഇതിലും സിറാജ് കാണിക്കുന്നത് .വിനീത് ശ്രീനിവാസന്റെ പടത്തില്‍ ആകുമ്പോള്‍ ഒരു കുഴപ്പവും ഇല്ല !!) പിന്നെ കഥ പറയുമ്പോള്‍ എന്ന സിനിമയിലെ അതേ റോളും ആയി കോട്ടയം നസീര്‍ എന്നിവര്‍ അഭിനയിക്കുന്നു.പിന്നെ കാണികളെ ഹരം കൊള്ളി ക്കാന്‍ ആകണം നല്ലവനായ, തമാശക്കാരന്‍ (ഈ കഥ പത്രം പറയുന്നത് ഒക്കെ തമാശ അന്നെങ്കില്‍ ) ആയ ഒരു പലിശക്കാരന്‍ (ബ്ലേഡ്) ആയി ശ്രീനിവാസന്‍ അഥിതി താരം ആയി എത്തുന്നുണ്ട്.( ആ ഒരു കുറവേ ഉണ്ടായിരുന്നുള്ളു . അതും തീര്‍ന്നു ).ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ പറഞ്ഞാല്‍ റോക്ക് ഓണ്‍ എന്ന പടത്തിന്റെ one ലൈന്‍ അഥവാ ബേസ് തീം എടുത്തു തമിള്‍ നാട്ടിലെ ന്യൂ generation സിനിമകളുടെ ട്രക്കില്ലുടെ മലയാള ഗ്രാമീണ വിശുദ്ധി എന്ന പഴഞ്ചന്‍ കുപ്പിയില്‍ നിറച്ചിരിക്കുന്നു . ഇതാണ് സഹോദരാ സത്യത്തില്‍ സംഭവം.

എടേ നീ ഇങ്ങനെ കത്തി കേറാതെ നിനക്കെന്ത ഇഷ്ടപെടാതെ പോയത് അത് പറ,വെറുതെ യുവ പ്രതിഭകളെ കുറ്റം പറയാതെ .

മൊത്തത്തില്‍ സിനിമക്ക് ഒരു ameture ലുക്ക്‌ ആണുള്ളത്.അത് സഹിക്കാം . ഈ സിനിമയില്‍ വ്യക്തിത്വം ഉള്ള എത്ര കഥാപത്രങ്ങള്‍ ഉണ്ട്? നെടുമുടി വേണു ഒക്കെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ നമ്മള്‍ക്ക് മിമിക്രി സ്റ്റേജ്കളില്‍ പോലും കണ്ടു മടുതതാണ്‌.

എടെ എന്നാലും ഒരു പുതു മുഖ സംവിധായകന്‍ എന്ന നിലയക്ക്‌ .....

ഇത്ര സ്നേഹം കാണിക്കാന്‍ വരട്ടെ . കഴിഞ്ഞ വര്‍ഷം Passenger എന്നൊരു പടം ഇറങ്ങിയിരുന്നു .ഓര്‍മ്മയുണ്ടോ ആവൊ ?

ആ.... അതിനു ?

ഒരൊറ്റ അഭിപ്രായം മാത്രം പറഞ്ഞെ , ഈ കൊട്ടിഘോഷിക്കുന്ന മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്ന ചലച്ചിത്ര സംഭവത്തിന്‌ മേല്‍ പറഞ്ഞ പടത്തിന്റെ പകുതി നിലവാരം ഉണ്ടോ ?

അല്ല അത് പിന്നെ ഓരോ പടവും .. അങ്ങനെ നോക്കിയാല്‍ ....?

ഇല്ല എന്നുള്ളതാണ് സത്യം. പിന്നെ ആ ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസന്റെ മകന്‍ അല്ലല്ലോ.അല്ലെ ...

ശരി നീ അത് വിട്. ചിത്രത്തിന്റെ കാര്യം പറ.

തിരകഥ , ഈ ചിത്രത്തില്‍ സലിം കുമാറിനെ കാണിക്കുന്നത് കുറച്ചു ദൂരെ ഒരു സ്ഥലത്ത് ലൈറ്റ് ആന്‍ഡ്‌ സൌണ്ട് പണിക്കു പോകുമ്പോള്‍ കണ്ടു മുട്ടുന്ന ഒരു ചോട്ടാ തൊഴിലാളി നേതാവായാണ് . ആ പണി കഴിഞ്ഞു സംഘം നാട്ടിലെത്തിയിട്ടും എല്ലാ സീന്‍ലും സലിം കുമാറിനെ കാണാം . ഇയാള്‍ എല്ലാം ഉപേക്ഷിച്ചു ഇവരുടെ കൂടെ ഇറങ്ങി തിരിച്ചോ? ശരി അത് വിട്ടേ സന്തോഷ്‌ എന്ന കഥാപാത്രത്തെ വെള്ളയടിക്കാന്‍ സംവിധായകന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുനതാണ് . അവസാനം സന്തോഷിന്റെ സഹോദരി നേരിട്ടു സമര്‍പ്പിക്കുന്ന ഒരു സത്യവാങ്ങുമൂലത്തോടെ എല്ലാ തെറ്റി ധാരണയും അവസാനിക്കുന്നു.ക്ലൈമാക്സ്‌ ആദ്യം തന്നെ നമുക്ക് മനസിലാകും ഇതു എവിടെ ചെന്ന് നില്‍ക്കും എന്ന് . ഇനി മനസിലാകാത്ത മന്ദ ബുദ്ധികള്‍ വല്ലതും ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയാകണം ക്ലൈമാക്സില്‍ ടെന്‍ഷന്‍ (അനിശ്ചിതത്വം) ഉണ്ടാക്കാനുള്ള വലിയൊരു ശ്രമം തന്നെ നടക്കുന്നുണ്ട്.ചേട്ടാ ഇതെല്ലാം ഞാന്‍ സഹിക്കാം ആ പുരുഷു കാമുകിയെ വിളിച്ചിറക്കി കൊണ്ട് പോകാന്‍ വരുന്ന സീന്‍ ഉണ്ടല്ലോ അത് മാത്രം സഹിക്കാന്‍ എന്നോട് പറയല്ലേ .അത്രക്ക് കഠിനമാണ് സംഗതി.നമ്മുടെ വീട്ടില്‍ പോയിട്ട് അയല്പക്കത്തെ വീട്ടില്‍ ഒരുത്തന്‍ വന്നു ഈ ജാതി ഡയലോഗ് അടിച്ചാല്‍ വലിയ ഗ്രാമ നിഷ്കളംഗം ഒന്നും ഇല്ലാതെ തന്നെ നമ്മള്‍ ആരെങ്കിലും ഒക്കെ തന്നെ രണ്ടു കൊടുത്തു പോകും.പിന്നെ സൌഹൃതം ഉണ്ടെങ്കില്‍ അഥവാ നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ എന്ത് പ്രശ്നവും നേരിടാന്‍ കഴിയും എന്നതാണ് ഈ ചിത്രത്തിന്റെ കാതല്‍.അങ്ങനെ അല്ല എന്ന് തോന്നുനവന്മാരോട് നീയൊക്കെ ഗ്രാമങ്ങളില്‍ പോയി നോക്കെടാ അവിടെ ഇങ്ങനെ ഒക്കെയാണ് എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും പോയി നോക്കാന്‍ പറ്റുമോ ? അപ്പോള്‍ ചോദിച്ചവന്‍ ആരായി?മാതാ പിതാക്കള്‍ പ്രത്യേകിച്ചു പിതാവ് ഒന്ന് ആഞ്ഞു ശ്രമിച്ചാല്‍ പ്രായ പൂര്‍ത്തി ആയ മകന്റെ യേത് യമണ്ടന്‍ സൌഹൃതവും പൊളിഞ്ഞു പാളീസാകും എന്ന് കൂടി ഈ ചിത്രം കണ്ടാല്‍ മനസിലാക്കാം (സംഗതി വെറും സിമ്പിള്‍ രണ്ടു ഫോണ്‍ കാള്‍ വന്ന വിവരം പറയാതിരിക്കുക .പറയാന്‍ സാധ്യത ഉള്ള ഭാര്യയെയും മകളെയും വിരട്ടുക .കഴിഞ്ഞു സംഗതി ). അത് കള. ഈ ചിത്രത്തില്‍ ഈ കൂട്ടത്തില്‍ എല്ലാര്‍ക്കും സംഗീതത്തില്‍ താല്പര്യം ഉള്ളവരാണ് എന്നാണ് വെപ്പ് . പക്ഷെ കാശിനു ആവശ്യം വരുമ്പോള്‍ എടുത്തോണ്ട് ഇറങ്ങാന്‍ ആയുള്ള ഒരു സാധനം ആയെ സംഗീതം ഈ ചിത്രത്തില്‍ വരുന്നുള്ളൂ . മിനിമം ഒരു രണ്ടു നല്ല പാട്ടുകള്‍ എങ്കിലും പടത്തില്‍ ചേര്‍ക്കാമായിരുന്നു.കുട്ടുസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തമ്മില്‍ ഭേദം.ബാക്കി പുതു മുഖങ്ങള്‍ ഏതാണ്ട് മരം പോലെ നിന്ന് അഭിനയിക്കുകയാണ്.കഥയിലെ വഴിത്തിരിവുകള്‍ എന്ന് പറയാവുന്ന രംഗങ്ങള്‍ എന്താണ്ട് തല്ലി കൂട്ടി ഉണ്ടാക്കിയത് പോലെയുണ്ട്.ശശി കുമാര്‍ എന്ന തമിള്‍ നടന്‍ കാരണം ആകണം സൌഹൃദത്തിന്റെ കഥ പറയുമ്പോള്‍ മിനിമം രണ്ടു പേര്‍ക്കെങ്കിലും താടി ഒരു must ആയിട്ടുണ്ട്.

എടാ ഇതാ നീ ഒരു നിരൂപകന്‍ ആയിട്ടില്ല എന്ന് പറയുന്നത് . എടാ പുതുമയുള്ള കഥയും ക്ലൈമാക്സ്‌ ഉം ഒക്കെ മലയാള സിനിമയെ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു എന്ന് ഈയിടെ പത്രത്തില്‍ ഉണ്ടായിരുന്നല്ലോ വായിച്ചില്ലേ . പിന്നെ വെറുതെ അവിടെ കിടന്നോട്ടെ എന്ന് കരുതി ഈ വക സാധനങ്ങള്‍ ഇപ്പോളും സിനിമയില്‍ ചേര്‍ക്കുന്നു എന്ന് മാത്രം . ഇപ്പോള്‍ ശരിക്കും വേണ്ടത് കഥാകഥനത്തിന്‍റെ ശൈലിയും അര്‍ഥപൂര്‍ണതയുമാണ് .മേല്‍ പറഞ്ഞ സാധനം ഈ സിനിമയുടെ ഓരോ സീന്‍ലും ടണ്‍ കണക്കിന് കുത്തി നിറച്ചിട്ടുണ്ട് .അറിഞ്ഞു കൂടെങ്കില്‍ വിവരം ഉള്ളവര്‍ പറയുന്നത് കേട്ടൂടെ ?

അല്ല .... പറഞ്ഞത് മനസിലായില്ല .. എന്താ ഉദേശിച്ചത്‌ ?

ആ .. ആര്‍ക്കറിയാം .. ഇങ്ങനെ ഒക്കെയാണെന്ന് സാറന്മാര്‍ പറഞ്ഞാല്‍ അങ്ങനെ തന്നെ. ചോദിയ്ക്കാന്‍ നീ ആരെട ?മാത്രമല്ല പടം കണ്ടിറങ്ങുന്ന ആളുകള്‍ പൊട്ടി ചിരിച്ചു കൊണ്ടാണ് വരുന്നത് എന്നാണല്ലോ പറയുന്നത്.

അത് മിക്കവാറും അടുത്ത ഷോ കാണാന്‍ നില്‍കുന്നവരെ കണ്ടിട് ആകാന്‍ ആണ് സാധ്യത .

ശരി എന്തായാലും നീ പടം കണ്ടതല്ലേ . നിന്റെ ഒരു ചുരുങ്ങിയ വാചകത്തില്‍ ഉള്ള ഒരു അഭിപ്രായം ..?

എത്രയും പറഞ്ഞിട്ട് തനിക്കു മനസ്സില്‍ ആയില്ലെകില്‍ പറയാം വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ പോയി ഇരുന്നാല്‍ (വളരെ) കഷ്ടിച്ച് കണ്ടു കൊണ്ടിരിക്കാം എന്നതാണ് ഈ പടത്തിനു കൊടുക്കാവുന്ന ഏറ്റവും ഉദാരമായ അഭിപ്രായം