Showing posts with label latest malayalam movie review. Show all posts
Showing posts with label latest malayalam movie review. Show all posts

Monday, January 14, 2013

ഐസക് ന്യുട്ടന്‍ s / o ഫിലിപ്പോസ് (Issac Newton s /o Philipose Review )


അണ്ണാ .. ഇന്നു ഏതെങ്കിലും പടം ......


നിന്നെ എന്താ ഈ വെള്ളിയാഴ്ച കാണാത്തത് എന്ന് ഓര്‍ത്തതെ ഉള്ളു ഞാന്‍ .

പിന്നെ..... തള്ളല്ലേ ശനിയാഴ്ച രാവിലെ ഐശ്വര്യമായി സംഗതി വാങ്ങാന്‍ വന്ന ഞാന്‍ കണ്ടത് പൂട്ടി കിടക്കുന്ന വീടാ .. എന്നിട്ടാ ...

ക്ഷമിച്ചു കള അനിയാ . ഓരോ ആവശ്യങ്ങള്‍ ..

നിങ്ങള്‍ക്കിത് പറയാം.ലോകത്താകമാനം എന്‍റെ ചിത്ര വിദ്വേഷം   എന്ത് പറയുന്നു എന്ന് കാതോര്‍ത്തിരിക്കുന്ന ലക്ഷോപലക്ഷം വായനക്കാരോട് ഞാനെന്തു പറയും ?

അതിനു നീ സ്ഥിരമായി പ്രത്യേകിച്ചു ഒന്നും പറയാറില്ലലോ അനിയാ

നിങ്ങളോട് എത്ര പറഞ്ഞാലും ഒരു നിരൂപകന്‍റെ ധര്‍മ സങ്കടങ്ങള്‍ മനസ്സിലാകില്ല .ട്രെന്‍റ്നു അനുസരിച്ച് പോയില്ല എങ്കില്‍ കട പൂട്ടിയത് തന്നെ .അതിരിക്കട്ടെ ഏതു പടമാ കണ്ടേ ?


ശ്രീ മുരളീധരന്‍ നിര്‍മിച്ച,  ഐസക് ന്യുട്ടന്‍  s / o ഫിലിപ്പോസ് എന്ന സിനിമ
അഭിനയിക്കുന്നവര്‍  ലാല്‍ , നെടുമുടി വേണു , അഭിനയ , റ്റിനി ടോം,ധര്‍മജന്‍ , ചെമ്പില്‍ അശോകന്‍ , ശശി കലിംഗ തുടങ്ങിയവരാണ് . സംവിധാനം വി ബോസ്സ് (Bosse ശരിക്കും ബോസ്സേ എന്നാണ് വായിക്കേണ്ടത് ) ഹരിഷും ഉണ്ണിയും ചേര്‍ന്ന് കഥ എഴുതിയിരിക്കുന്നു . സംഗീതം ബാജിബാല്‍

കഥ ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ .ഒരു ധനിക കുടുംബത്തിലെ പെണ്‍കുട്ടി സാറയുമായി ഒളിച്ചോടി കല്യാണം കഴിക്കുന്ന പാവപ്പെട്ട മൈക്ക്  സെറ്റുകാരന്‍   ഫിലിപ്പോസ്സില്‍  നിന്നും കഥ തുടങ്ങുന്നു .പ്രസവത്തോടെ മരിച്ച സാറയുടെ അവസാന ആഗ്രഹം (എന്ന് കൃത്യമായി പറയുന്നില്ല ) പോലെ മകനെ പഠിപ്പിച്ചു വലിയ ഒരാള്‍ ആക്കണം എന്നാണ് ഫിലിപ്പോസിന്‍റെ  മോഹം എന്നാല്‍  മകന്‍ ഐസക് ന്യൂട്ടന്‍  ആകട്ടെ പഠിക്കാന്‍ തീരെ മോശവും .ഒടുവില്‍ കുറഞ്ഞത്‌  പത്താം  ക്ലാസ്സ്‌ എങ്കിലും പാസ്സാക്കുക എന്ന മിനിമം ആഗ്രഹവുമായി ന്യൂട്ടനെ (ലാല്‍ ) പതിനേഴാമത്തെ പ്രാവശ്യവും പത്താം ക്ലാസ്സ്‌  പരീക്ഷ എഴുതിക്കാന്‍ വരുന്നിടതാണ് സിനിമ ട്ടൈയിറ്റിലുകള്‍ക്ക് ശേഷം ആരംഭിക്കുന്നത്  . സുഹൃത്തായ ഔസേപ്പിന്‍റെ (ടി ജി രവി)  മകള്‍ ആനിയു (അഭിനയ)  മായുള്ള കൊച്ചിലെ പറഞ്ഞുറപ്പിച്ച വിവാഹം പോലും പത്താം ക്ലാസ്സ്‌ പാസ്സാകാതെ നടത്തികൊടുക്കില്ല എന്ന വാശിയിലാണ് പീലിയാശന്‍ എന്ന ഫിലിപ്പോസ്.ന്യൂട്ടന്‍റെ സന്തഹ സാഹചരികളായി റ്റിനി ടോമും ധര്‍മമജനും  എത്തുന്നു 

ഇവിടുന്നു അങ്ങോട്ട്‌ പിന്നെ കഥ പോകുന്നത് സ്ഥിരം ട്രക്കിലൂടെയാണ് . ഗ്രാമത്തില്‍ കൂട്ടുകാരെ പോലെ കഴിയുന്ന അപ്പനും മകനും.അവിടുത്തെ ലോക്കല്‍ ശത്രുക്കളുമായി മല്ലടിച്ചും പരസ്പരം ഇണങ്ങിയും പിണങ്ങി യും സന്തോഷമായി കഴിയുമ്പോള്‍ വില്ലന്‍ വരുന്നു . അയാള്‍ക്ക് ആനിയെ കെട്ടണം . അതിനുള്ള തന്ത്രങ്ങള്‍ . അപ്പനും മകനും തെറ്റുന്നു . മകന്‍ കള്ള കേസില്‍ അകത്താകുന്നു .ഒടുവില്‍ പതിവ് പോലെ എല്ലാ സത്യവും അറിയുന്ന ഒരാള്‍ (ദൈവത്തെയല്ല . സിനിമയില്‍ അഭിനയിക്കുന്ന ഒരാളുടെ കാര്യമാ പറഞ്ഞത് !!!) ഉള്ളത് കൊണ്ട് മാത്രം എല്ലാം ശുഭമായി അവസാനിക്കുന്നു .


അപ്പോള്‍ മൊത്തത്തില്‍ ....

മര്യാദക്ക് എടുത്തിരുന്നു എങ്കില്‍ തൊമ്മനും മക്കളും എന്ന ചിത്രത്തെക്കാളും മികച്ച ഒന്നാകുമായിരുന്ന സംഗതി,സകലരും പണി പഠിച്ചു വന്നപ്പോള്‍ മോശപ്പെട്ട ഒരു  പപ്പി അപ്പച്ചാ ആയി മാറി എന്നതാണ് സത്യം.നെടുമുടി വേണു, ലാല്‍  കോംബിനേഷന്‍ പൊതുവേ  എനിക്ക് ഇഷ്ട്ടമാണ് . ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ ഞാനത് ആസ്വദിച്ചതും ആണ് .(ആ ചിത്രത്തില്‍ ശ്രീ മമ്മൂട്ടി ഒഴികെ എല്ലാവരും നന്നായി എന്ന് പറഞ്ഞാല്‍ അത് എന്‍റെ ഏതാണ്ട് പക കൊണ്ടാണ് എന്ന് പറയപ്പെടും എന്നതിനാല്‍  അത് പറയുന്നില്ല.  സന്തോഷമായല്ലോ ).എന്നാലും കഴിവുള്ള രണ്ടു നടന്മാരെ ഇങ്ങനെ പാഴാക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നത് സ്വാഭാവികം.പിന്നെ നമ്മളെ വിസ്മയിപ്പിക്കുന്നത് അഭിനയ എന്ന നടിയാണ് .(ഞാന്‍ അവരുടെ ആദ്യ ചിത്രമാണ് കാണുന്നത് ) മൂകയും ബധിരയുമായ ഒരു വ്യക്തിയായിട്ടും ആ പരിമിതികളെ എല്ലാം മാറി കടന്നു ആ നടി തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കി (എടുത്തു മറിച്ചു അഭിനയിക്കാന്‍ മാത്രം ഒന്നും ഈ ചിത്രത്തില്‍ ഇല്ല എന്നിരിക്കെ ).ഗാനങ്ങള്‍ ശരാശരി . ടി ജി രവിയെ പോലുള്ള നടന്മാരെ കൊണ്ട് പോലും അശ്ലീലം പറയിപ്പിക്കുന്നത് സഹതാപാര്‍ഹമാണ് (പ്രായം ആണ് ഉദേശിക്കുന്നത് . മുന്‍കാല കര്‍മ്മങ്ങള്‍ അല്ല !!) .

അപ്പോള്‍ ചുരുക്കത്തില്‍


നേരത്തെ പറഞ്ഞത് തന്നെ. ഒരു മാതിരി അവിഞ്ഞ പപ്പി അപ്പച്ചാ.അത് സഹിച്ചവര്‍ പോലും പാട് പെടും എന്ന് ചുരുക്കം 

Tuesday, December 25, 2012

ഡാ തടിയാ... (Daa Thdiyaa Review)

ഒരു സിനിമ കാണാന്‍  പോകുമ്പോള്‍  മുന്‍ധാരണകള്‍ പാടില്ല എന്നാണ്  നിരൂപക മതം . ശരി തന്നേടെ ?

എന്നോടാണോ അണ്ണാ ചോദ്യം ?


പിന്നല്ലാതെ . അറിയാമെങ്കില്‍ പറയെടെ പറഞ്ഞു വരുമ്പോള്‍ നീയല്ലേ നിരൂപക സിംഹം .

ഈ പറഞ്ഞത് ഒരിക്കലും പാടില്ലാത്തതാണ്. മുന്‍ധാരണകള്‍ ഉണ്ടെങ്കില്‍ അത് സിനിമാ ശാലയ്ക്ക് പുറത്തു വെച്ചിട്ട് വേണം പടം കാണാന്‍ കേറാന്‍.  അതിരിക്കട്ടെ ഇപ്പോള്‍ ചോദിയ്ക്കാന്‍ കാരണം .

അല്ല ശ്രീ ആന്‍റ്റോ നിര്‍മ്മിച്ച്‌, നമ്മുടെ ന്യൂ ജെനഷന്‍ സിനിമയുടെ ഉപജ്ഞാതാക്കളില്‍ ഒരാളും പ്രമുഖനുമായ ശ്രീ അഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ കാണാന്‍ പോകുമ്പോള്‍ എനിക്കതുണ്ടയിരുന്നോ എന്നൊരു സംശയം .

മനസിലായില്ല വിശദമാക്കാമോ ? ഇതെന്തോന്ന് ....... നോണ്‍ ലീനിയര്‍ അഭിപ്രായമോ? അണ്ണനും ട്രെന്റ് പിടിച്ചു തുടങ്ങിയോ?

അടങ്ങേടെ . മലയാളത്തില്‍ എന്‍റെ ഓര്‍മ്മയില്‍ മലയാളികളുടെ അപകര്‍ഷതയെ സിനിമയില്‍ കച്ചവടം ചെയ്തു വിജയിച്ചതില്‍ പ്രമുഖന്‍ ശ്രീനിവാസനാണ്.അതിനു ശേഷം ഈ സിനിമയുടെ റ്റൈറ്റില്‍,പോസ്റ്റര്‍ ഇവയൊക്കെ കണ്ടപ്പോള്‍ അതേ  സാധ്യതയെ ഉപയോഗിക്കാനുള്ള ബുദ്ധിപൂര്‍വ്വമായ ഒരു ശ്രമം എന്നാണ് എനിക്ക് തോന്നിയത് . പ്രത്യേകിച്ചും ലിബറലൈസേഷന്‍ കാലഘട്ടത്തിലെ കോളയും ബര്‍ഗറും വാരി വിഴുങ്ങി , ദേഹം അനക്കാതെ കുടവയറും തടവി ശരീരം നോക്കുന്നവനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഇന്നത്തെ ബഹു ഭൂരിപക്ഷം വരുന്ന മലയാളി സമുഹത്തില്‍ ഇത്തരം ഒരു സിനിമക്കുള്ള വിപണന സാധ്യത ഒരുത്തനെങ്കിലും തിരിച്ചറിഞ്ഞല്ലോ എന്നൊരു ആശ്വാസത്തിലാണ് സിനിമക്ക് പോയത്.

എന്നിട്ട് എന്ത് പറ്റി? ഇഷ്ടപെട്ടില്ലേ ?


അനിയാ ഒത്തിരി സാദ്ധ്യതകള്‍ ഉണ്ടായിരുന്ന ഒരു വിഷയത്തെ തികച്ചും നിസ്സാരമായി അഥവാ സില്ലി ആയി സമീപിച്ചു എന്നാണ് എനിക്ക് തോന്നിയത് .കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ചതിക്കപ്പെടുന്ന പെണ്ണിന്‍റെ പ്രതികാര കഥ സത്യന്‍ കാലം മുതല്‍ ഉള്ളതാണ് (ഒരു പെണ്ണിന്‍റെ കഥ എന്നാണ് ഓര്‍മ്മ ) അതെ സാധനം കൈയടക്കത്തോടെ അവതരിപ്പിക്കുമ്പോള്‍ ആണ് 22 f കോട്ടയം ഉണ്ടാകുന്നതു . അതെ പോലെ ഒരാളുടെ വൈകല്യം (മിക്കവാറും മന്ദ ബുദ്ധി  /നിഷ്ക്കളങ്കത ) പ്രേമം അഭിനയിച്ചു മുതലെടുക്കുകയും ഒടുവില്‍ അത് മനസ്സിലാക്കി നായകന്‍ തിരിച്ചടിക്കുന്നതും നേരത്തെ പറഞ്ഞത്രയും പഴക്കമുള്ള പ്രമേയം തന്നെയാണ് . ഇവിടെ  വൈകല്യം പൊണ്ണത്തടി ആകുന്നു എന്ന് മാത്രം.വലിച്ചു നീട്ടിയ ഒന്നാം പകുതി കൂടെയാകുമ്പോള്‍ തികഞ്ഞു .തടിയനായ ലൂക്ക് ജോണ്‍ പ്രകാശ്‌ (ശേഖര്‍ മേനോന്‍) ന്‍റെ ജീവിതത്തിലേക്ക് ആന്‍ മേരി താടിക്കാരന്‍ (ആന്‍ അഗസ്റ്റിന്‍ ) കടന്നു വരുന്നതോടെയാണ് കഥ തുടങ്ങുന്നത്.(ലൂക്കായുടെ കസിന്‍റെ വീക്ഷണത്തിലൂടെ ആണ് കഥ പറയാന്‍ ശ്രമിച്ചിട്ടുള്ളത്) .അത് വരെ ഒരിക്കലും തീരാത്ത ഒരു കഥാപത്രങ്ങളെ പരിചയപ്പെടുതലുണ്ട് .തടി കുറയ്ക്കാനായി വൈദ്യ ക്ലിനിക്കിലെ ഒരു നിശ്ചിത കാലത്തെ പ്രോഗ്രാമിന് ചേരാന്‍ ആന്‍ പ്രേരിപ്പിക്കുന്നതോടെ ലൂക്ക് അവിടെ ചേരുന്നു .സ്ഥാപനം നടത്തുന്ന രാഹുല്‍ വൈദ്യര്‍ (നവീന്‍ പോളി ). അവിടത്തെ ചിട്ടകളുമായി മുന്നോട്ടു പോകാന്‍ കഴിയാതെ ആകുമ്പോള്‍ ലൂക്ക് അവിടുന്ന് ചാടി വീട്ടില്‍ എത്തുന്നു ആനീനെ കാണാന്‍ എത്തുന്ന ലൂക്ക് രാഹുലിനെ അവിടെ കണ്ടു ഞെട്ടുന്നു . അപ്പോളാണ് ആന്‍ വൈദ്യ ക്ലിനിക്കിന്‍റെ മാര്‍ക്കെറ്റിംഗ് വിഭാഗത്തിലാണ്   എന്നറിയുന്നെ  .പോരാത്തതിനു ആനും രാഹുലും പ്രണയത്തിലും..മനസ്സു തകര്‍ന്ന ലൂക്ക് കുടുംബ പാര്‍ട്ടി ആയ പ്രകാശ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന് നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നഗര പിതാവാകുന്നു (മേയര്‍ ). പിന്നങ്ങോട്ട് ലൂക്കിന്‍റെ പ്രതികാരമാണ് രാഹുല്‍ വൈദ്യര്‍ക്കെതിരെ.എന്തിനാണ് ഈ പ്രതിക്കാരം എന്ന് മനസിലാകുന്നില്ല.അവര്‍ക്ക് രണ്ടു പേര്‍ക്കും ഇഷ്ടമാണ്.പിന്നെ ലൂക്കിന് എന്താ പ്രശനം?  (സാമൂഹ്യമായി ചിന്തിച്ചാല്‍  ഇതിന്‍റെ ഒരു വലിയ രൂപമാണ്‌ പ്രേമ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ വീട്ടില്‍ കേറി വെട്ടുന്ന പുതിയ ട്രെന്‍റ് !!!)



സമൂഹത്തെ പറ്റി പറഞ്ഞപ്പോളാ ഓര്‍മ്മ വന്നേ .അതല്ലല്ലോ സംഗതി അണ്ണാ മികച്ച സാമൂഹ്യ പ്രസക്തി ഉള്ള സന്ദേശം ഉള്ള ചിത്രം എന്നാണല്ലോ കേട്ടത് . അതിനെ പറ്റി ....


അനിയ ഒരു നിമിഷം നമുക്ക് നേരത്തെ പറഞ്ഞ കഥയില്‍ ആന്‍ വൈദ്യ ക്ലിനിക്കിലെ മാര്‍ക്കെറ്റിംഗ് ആണ് ചെയുന്നത് എന്ന് മറക്കാം . അവള്‍ പറയുന്നതില്‍ എന്താണ് തെറ്റ്? ലൂക്കിന് തടി വളരെ കൂടുതലാണ് അത് രോഗങ്ങളെ ക്ഷണിച്ചു വരുത്തും ഈ തടി കുറക്കണം ഇതു ആരോഗ്യത്തിന്‍റെ ലക്ഷണമല്ല മറിച്ചു അനാരോഗ്യത്തിന്‍റെ ലക്ഷണമാണ് എന്നൊക്കെ.(ഇവിടുത്തെ സകല ആരോഗ്യ മാസികകളും   ഡോക്ടര്‍മാരുടെ  പേര് വെച്ച് പ്രസിദ്ധീകരിക്കുന്ന  ലേഖനങ്ങളില്‍  ഏതൊക്കെ തന്നെയല്ലേ പറയുന്നേ  !!!). കൊച്ചിലെ നല്ല തടിച്ചി ആയിരുന്ന അവള്‍ തടിയൊക്കെ കുറച്ചിട്ടാണ് ഇതൊക്കെ പറയുന്നത് എന്ന് കൂടി ഓര്‍ക്കണം.ശരി ഇനി വൈദ്യ ക്ലിനിക്‌ . അവിടത്തെ പ്രോഗ്രാം മുഴുവന്‍ ആക്കാന്‍ നില്‍ക്കാതെ ഓടി പോയിട്ട് ലൂക്ക് അതിനെ പറ്റി എന്ത് പറയുന്നതിനും പ്രസക്തി ഇല്ല എന്നതാണ് സത്യം. എന്നാല്‍ കഷ്ട്ടപ്പെട്ടു അത് മുഴുവിച്ചിട്ടു ഗുണം കിട്ടിയില്ല എന്ന് പറയുന്നതിന് കുറച്ചു കൂടി ന്യായീകരണം ഉണ്ടായിരുന്നേനെ.പിന്നെ ഒരു സംശയം വൈദ്യയില്‍ ഈ പരിപാടിക്ക് വരുന്ന ബാക്കി തടിയന്മാരെ എല്ലാം ആന്‍ പ്രേമം അഭിനയിച്ചു കൊണ്ടുവന്നത് ആണോ ആവൊ ? പിന്നെ രാഹുല്‍ ചെയുന്നു എന്ന് പറയുന്ന കാര്യങ്ങള്‍  ഹോര്‍ലിക്ക്സ് (അതോ കോമ്പ്ലാണോ) കഴിച്ചാല്‍ നിങ്ങളുടെ കുട്ടികള്‍ ഉയരം വെയ്ക്കും എന്ന പരമ സത്യം നമ്മെ നിത്യവും കാണിക്കുന്നത് അത്രയും ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.പിന്നെ മാര്‍ക്കറ്റിംഗ്. നിങ്ങളെ സമീപിക്കുന്ന ഓരോ മാര്‍ക്കറ്റിംഗ് എക്സ്സിക്യുട്ടിവും നിങ്ങളെ നന്നാക്കാന്‍ ആണ് വരുന്നത് എന്നാണോ കരുതുന്നത് ?



ഇനി ഈ പറയുന്ന ഘോഷപ്പെട്ട സന്ദേശം നിങ്ങള്‍ക്ക് അമിത ഭാരമോ, പ്രമേഹമോ, പൊണ്ണത്തടിയോ ഉണ്ടെന്നിരിക്കട്ടെ ,ആരെങ്കിലും മധുരം കഴിക്കരുത് എന്നോ ഭാരം കുറയ്ക്കണം എന്നോ പറയുകയാണെങ്കില്‍ അത് മൈന്‍ഡ് ചെയുകയെ വേണ്ട .നിങ്ങളുടെ മനസ്സ് നല്ലതായാല്‍ വേറെ ഒരു പ്രശ്നവും ഇല്ല .(വേണമെങ്കില്‍ ഞാന്‍ ഇങ്ങനെയാണ് ഭായീ എന്നാ വരികള്‍ മൂളുകയുമാവം !!).ഇത്ര മനോഹരമായ സന്ദേശം നല്‍കിയതിനു ഒരു ടാക്സ് ഫ്രീ കൊടുക്കാമോ പ്ലീസ് ..........അഡനാന്‍  സാമി  മുതല്‍ നമ്മുടെ മലയാളത്തിലെ നൂലുണ്ട വരെ ഉള്ളവര്‍ തടി കുറച്ച കഥകള്‍ വായിച്ചിട്ടുണ്ട് . അവരെല്ലാം വളരെയധികം കഷ്ട്ടപെട്ടിട്ടാണ് ഈ സംഗതി സാധിച്ചത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . അവര്‍ക്ക്  ചുമ്മാ ഈ ഞാന്‍ ഇങ്ങനാണ്  ഭായി  എന്ന് പാടാന്‍ തോന്നാത്തത് കൊണ്ട്  ഇന്നു   ആരോഗ്യവാന്മാരായി ജീവിക്കുന്നു .ചുരുക്കത്തില്‍, ഈ  ചിത്രത്തില്‍  എന്തെങ്ങിലും  സന്ദേശം ഉണ്ടെങ്കില്‍  അതു  തികച്ചും തെറ്റും സമൂഹത്തെ ദോഷമായി ബാധിക്കുന്നതുമായ ഒരു സന്ദേശമാണ് തരുന്നത് എന്നാണ് എന്‍റെ  അഭിപ്രായം

 ഒത്തിരി പഴുതുകള്‍ ഉള്ള  ഒരു  തിരകഥ‍ ആണ്   ഈ ചിത്രത്തിന്‍റെ പ്രധാന ദൌര്‍ബല്യം . ശരിക്കും പറഞ്ഞാല്‍ ഒരു നാടക നടനെ രണ്ടു കൊല്ലം പൂട്ടിയിട്ടിട്ടു ഒരാളും അന്വേഷിക്കുന്നില്ല .അല്ലെങ്കില്‍  അയാളുടെ പടം വെച്ച് പരസ്യം കൊടുത്തിട്ട് ആരും തിരിച്ചറിയുന്നില്ല എന്നൊക്കെ പറയുന്നത് സത്യത്തില്‍  കാണികളെ പരിഹസിക്കലാണ് . ഈ ഒരു സാധനം ഒഴിച്ചാല്‍  രാഹുല്‍  വൈദ്യര്‍  എന്ന കഥാപാത്രത്തിന് എതിരെ ഒന്നും തന്നെ പറയാനില്ല ഈ ചിത്രത്തില്‍. (തടി  കുറയാനുള്ള  തൈലങ്ങള്‍  വരെ  ഇറങ്ങുന്ന  ഈ  കാലത്ത്  എന്തൊക്കെ  പറയാമായിരുന്നു എന്ന് കൂടി ആലോചിക്കണം ) .ചുരുക്കത്തില്‍ നാടക നടനെ  രണ്ടു കൊല്ലം പൂട്ടി ഇടുന്നതിനു  പകരം വിദേശത്ത് എങ്ങാനും ഒരു ജോലി കൊടുത്തിരുന്നു എങ്കില്‍  അല്ലെങ്കില്‍ പ്രസ്തുത നടന്‍റെ കുറച്ചു മേക്ക്  അപ്പ്‌ ഉള്ള പടം പരസ്യത്തിനു   ഉപയോഗിച്ചിരുന്നു എങ്കില്‍  രാഹുല്‍  തികച്ചും സേഫ്  ആയേനെ . രാഹുലിനെ പോലെ ബിസ്നെസ്സ് സെന്‍സുള്ള ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ ഒരു ആന മണ്ടത്തരം കാണിക്കും എന്ന് പറയുന്നത് ആ കഥാപാത്രത്തിന്‍റെ മുഴുവന്‍ സാധ്യതതകളെയും ഇല്ലാതാക്കുന്നു .

ബാക്കി ഉള്ളവരുടെ അഭിനയമോ ?

നായകന്‍ ശേഖര്‍ മേനോന്‍ അയാളുടെ റോള്‍ നന്നാക്കിയിട്ടുണ്ട് . ഒരു പുതു മുഖം എന്ന നിലയ്ക്ക് പ്രത്യേകിച്ചും . അമേരിക്കയിലും മറ്റും പോയി  അഭിനയം പഠിച്ചു വന്ന നമ്മുടെ ലോക്കല്‍ സല്‍മാന്‍ ഖാനും, ഫഹദ് ഫാസിലും ഒക്കെ ഈ നടന്‍റെ ആരാധകര്‍ ആണ് എന്ന് പറയുന്നതില്‍  അതിശയോക്തി ഒന്നും ഞാന്‍ കാണുന്നില്ല . പൊതുവെ അഭിനയിച്ചു കുളമാക്കാറുള്ള  ആന്‍  അഗസ്റ്റിന്‍  പോലും അവരുടെ വേഷം വൃത്തിയായി ചെയ്തിട്ടുണ്ട് ഒഴിവാക്കാമായി രുന്നത്  ജയരാജ് വാര്യരുടെ  വി എസ്  അനുകരണമാണ് .നവീന്‍ പോളിയുടെ രാഹുല്‍ വൈദ്യര്‍ നിഷാന്ത് സാഗര്‍ പോലുള്ള ഒരു നടന്‍ ചെയുന്നത് ആയിരുന്നു നല്ലത് എന്നാണ് എന്‍റെ അഭിപ്രായം .ജോക്കര്‍ എന്ന ചിത്രത്തിലെ നല്ല പ്രകടനത്തിന് ശേഷം ഈ നടന്‍ കാര്യമായി ഉപയോഗിക്കപെട്ടില്ല എന്നത് സത്യമാണ് .നവീന്‍ പോളി പക്വത കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ ആവശ്യമില്ലാത്ത ഒരു മസില്‍ പിടിത്തം തോന്നിക്കുന്നു.ശ്രീരാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കോമാളിത്തരം കുറച്ചു ഒരല്‍പം കൂടി സീരിയസ് ആയി അവതരിപ്പിക്കാമായിരുന്നു 

അപ്പോള്‍ ചുരുക്കത്തില്‍ ....

തന്നെ തന്നെ അനുകരിക്കാതെ ... തുറന്ന മനസോടെ, യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു പ്രമേയത്തെ സമീപിച്ചാല്‍ നമുക്ക് ഈ സംവിധായകനില്‍ നിന്നും ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കാനായെക്കും . അല്ലെങ്കില്‍ നല്ല പ്രമേയങ്ങളെ എടുത്തു നശിപ്പിച്ച ഒരു സംവിധായകന്‍ എന്ന പേരില്‍ ആയിരിക്കും അഷിഖ് അബു എന്ന വ്യക്തി ഭാവിയില്‍  അറിയപ്പെടുക .ഇനിയും ചുരുക്കിയാല്‍..... തടിയന്‍ പോര 

Wednesday, December 5, 2012

പോപ്പിന്‍സ്‌ (Poppins :Movie Review )

അനിയാ നീ ഈ  സിനിമാ രംഗത്തെ വലിയ സംഭവമല്ലേ ? രണ്ടു പേരുടെ ഫോണ്‍ നമ്പര്‍ നീ വിചാരിച്ചാല്‍ കിട്ടുമോ ?

അല്ല അതിപ്പോള്‍      .......ആരുടെ നമ്പര്‍ ആണ്  വേണ്ടത് ?

നമ്മുടെ സംവിധായകരായ സത്യന്‍ അന്തികാടിന്‍റെയും  പിന്നെ നമ്മുടെ സംവിധായകന്‍ രഞ്ജിത്തിന്‍റെയും . എന്താ നടക്കുമോ ?

ദാ ......നിങ്ങള്‍ വീണ്ടും തുടങ്ങി .....അല്ലെങ്കിലേ നിങ്ങള്‍ക്ക് രഞ്ജിത്തിനോട് എന്തോ കലിപ്പ് ഉണ്ടെന്നാ  ജന സംസാരം . പിന്നെയും എന്തിനാ അങ്ങേരെ തെറി പറയുന്നേ ?

അനിയാ അടങ്ങേടെ ഇതു തെറി പറയാനല്ല .നേരത്തെ പറഞ്ഞ രണ്ടു പേരെയും ഒരു സിനിമ കാണാന്‍ വരുന്നോ എന്ന് ചോദിക്കാനാ?

ഏതു  സിനിമയാ ?

നമ്മുടെ വി കെ പ്രകാശ്‌ സംവിധാനം ചെയ്ത പുതിയ ചിത്രം പോപ്പിന്‍സ്‌ .

ഓഹോ........ ന്യൂ ജനറേഷന്‍  പടം ? എങ്ങനെയുണ്ട് ? ഫഹദ് ഫാസില്‍, നിക്കര്‍ , അവിഹിതം, അനൂപ്‌ മേനോന്‍, ബ്ലൂ ടൂത്ത് , ലാപ്‌ ടോപ്പ് , കോഫി മഗ്  ബോള്‍ഡ് ആയി അശ്ലീലം പറയുന്ന  ന്യൂ  ജനറേഷന്‍  സ്ത്രീകള്‍  ഇതെല്ലാം കൃത്യമായി ഇല്ലേ ?അതോ ഇതു ഒരു ദിവസം പല കഥകള്‍ എന്ന ലൈനോ ?  ഇതൊക്കെ  കാണിച്ചു ഇതു പോലെ പടമെടുക്കെടാ എന്ന് പറയാനല്ലേ ഇവരെ വിളിക്കുന്നത്‌ .അവര്‍ അവര്‍ക്ക് ഇഷ്ട്ടമുള്ളത് പോലെ പടമെടുത്തോട്ടെ ഇയാള്‍ക്ക് അതിനെന്താ ? ചുമ്മാതാണോ ആള്‍ക്കാര്‍ ഓരോന്ന് പറയുന്നേ ?

അനിയ വീണ്ടും അടങ്ങേടെ.നീ ഇപ്പോള്‍  പറഞ്ഞ ഒരു സംഗതിയും ഈ ചിത്രത്തില്‍ ഇല്ല . പിന്നെ മേല്‍പ്പറഞ്ഞ രണ്ടു പേരെ ഇതൊന്നു കാണിക്കണം എന്നാ ആഗ്രഹം ഉള്ളത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് .വ്യത്യസ്തമായ കുറെ കഥകള്‍  ഒരു സിനിമയായി ഒരുക്കുന്ന രീതി ആദ്യം അവതരിപ്പിച്ചത് കേരള കഫെയില്‍    ആയിരുന്നു .(സംഗതി ഞാന്‍ കാണുന്നത് 20-20 ഒരു ബൌധിക ഫോര്‍മാറ്റില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം ആയിരുന്നു എന്നാണ് .ശ്രീ മോഹന്‍ലാല്‍  അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ ആ സാധ്യത തീര്‍ന്നു ). സത്യന്‍ അന്തിക്കാട്‌ ആകട്ടെ ഇന്നത്തെ ചിന്ത വിഷയം എന്നാ ചിത്രത്തിലൂടെ വൈവാഹിക ജീവിതത്തില്‍  പാലിക്കേണ്ട  കാര്യങ്ങളെ കുറിച്ച് രണ്ടര മണിക്കൂര്‍ ലാലിനെ കൊണ്ട് ഗിരി പ്രഭാഷണം നടത്തിച്ച  ആളും (എപ്പോള്‍ ആയിരുന്നേല്‍  ആ പടത്തിനു  ഒരു ടാക്സ്  ഫ്രീ കൂടെ ഒപ്പിക്കാമായിരുന്നു .ആ .. പോയ ബുദ്ധി ...ആന പിടിച്ചാല്‍  ....). ഇവരെ രണ്ടു പേരെയും ഈ പരിപാടികള്‍ എങ്ങനെ വൃത്തിയായി ചെയ്യാം എന്ന് കാണിച്ചു കൊടുക്കാം എന്ന് കരുതിയാ  വിളിക്കാം എന്ന് കരുതിയേ  .


അപ്പോള്‍ പടം കൊള്ളാമോ . അല്ല കുടുംബമായി പോയി കാണാന്‍ .....

അനിയാ നീ ട്രിവാന്‍ഡ്രം ലോഡ്ജ് അല്ലെ പറയുന്നത്? ആ പടം കുട്ടികളും ഒത്തു കാണാന്‍ പാടാണ് എന്ന് ഞാന്‍ സമ്മതിക്കാം .മുതിര്‍ന്ന ആരുടെ കൂടെയും പോയി കാണാവുന്ന കാര്യമേ ഉള്ളു എന്നാണ് എന്‍റെ അഭിപ്രായം. ദിവസവും വീടുകാരുടെ മുന്നിലിരുന്നു പത്രം വായിക്കാമെങ്കില്‍ ഈ പടമൊക്കെ സുഖമായി കാണാം . അത് വിട് നീ എന്നെ കാട്ടിലോട്ടു  കേറ്റാതെ . ഈ ചിത്രം ... പരസ്യങ്ങളില്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്.ചിരിപ്പിക്കുകയും ഒപ്പം കുറച്ചു ചിന്തിപ്പിക്കുകയും ചെയ്യുന്ന  ഒരു ചിത്രം .

അഭിനേതാക്കള്‍ .....?

ശങ്കര്‍ രാമകൃഷ്ണന്‍, മൈഥിലി, ഇന്ദ്രജിത്ത് , പദ്മപ്രിയ, ജയസൂര്യ , മേഘ്നരാജ് , കുഞ്ചാക്കോ ബോബന്‍, നിത്യ മേനോന്‍, ആന്‍ അഗസ്റ്റിന്‍ , സിദ്ദിക്,തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഓരോരുത്തരും അവരവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.കുറെ കൊച്ചു കൊച്ചു കഥകള്‍, അവയൊക്കെ കൂടി ഹരി (ശങ്കര്‍ രാമകൃഷ്ണന്‍ ) എന്നൊരു സംവിധായക മോഹിയായ മനുഷ്യന്‍റെ ആശയങ്ങളും സ്വപ്നങ്ങളും ചിന്തകളും ഒക്കെയായി കൂട്ടിക്കെട്ടി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.സ്ത്രീ പുരുഷ ബന്ധങ്ങളിലെ വിവിധ ഘടകങ്ങള്‍ ഓരോ കഥയിലൂടെയും അവലോകനം ചെയ്യപ്പെടുകയാണ്. തും  സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങള്‍ക്ക് എതിരെ ഒരു കാഹളം വിളി എന്ന പോലുള്ള ഒരു അവകാശവാദവും ഇല്ലാതെ .

  പക്ഷെ ആ ആന്‍ അഗസ്റ്റിന്‍ ,സിദ്ദിക് ഭാഗം എനിക്ക്  തീരെ ദഹിച്ചില്ല എന്തിനായിരുന്നു അത് ?

അനിയാ  ഇതാണ് മലയാള സിനിമ നിരൂപണ ലോകത്തെ പല തന്തക്കു പിറന്ന സ്വഭാവം .(അശ്ലീലം ക്ഷമിക്കുക ). നേരത്തെ പറഞ്ഞ കേരള കഫെയില്‍ ബ്രിഡ്ജ് വിട്ടാല്‍  പിന്നെ നിനക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ/കഥ ഏതായിരുന്നു ?

ചോദിക്കാനുണ്ടോ നമ്മുടെ സുപ്പര്‍ താരം  അഭിനയിച്ച സാധനം (ഒടുക്കത്തെ വഴിയൊ യാത്രയുടെ അവസാനമോ ഏതാണ്ട് ) . തകര്‍പ്പന്‍ അല്ലായിരുന്നോ ? എന്താ ചോദിച്ചേ ?


അനിയാ അതും ഈ പറഞ്ഞ സാധനവും തമ്മില്‍ എന്താ വ്യത്യാസം? കഫെയില്‍ ലാല്‍ ജോസ് (ആണെന്നാണ് ഓര്‍മ്മ ) പറയുന്ന കഥ ഒരുമാതിരി എന്‍റെ പോസ്റ്റ്‌ മാതിരി കണ്ട കാട്ടിലൊക്കെ കേറിയിറങ്ങി ഒരു കഥ പറഞ്ഞു തീര്‍ക്കുമ്പോള്‍ .തികച്ചും ലളിതമായി അതെ സംഗതി ഈ കഥയില്‍ പറഞ്ഞിട്ടില്ലേ ?ഒന്ന് കൂടി .വ്യത്യസ്തമായ ഒരു നല്ല സിനിമ എടുക്കാനുള്ള ഒരു ആത്മാര്‍ത്ഥമായ ശ്രമം ഈ ചിത്രത്തിന് പിന്നില്‍ കാണാം. നന്ദിയുണ്ട് പ്രകാശേട്ടാ ഒരായിരം നന്ദി.ഒപ്പം തിരകഥ ഒരുക്കിയ ജയപ്രകാശിനും

അല്ല അപ്പോള്‍ കഥയെ പറ്റി  ഒന്നും പറഞ്ഞില്ലല്ലോ .

എന്ത് പറയാനാ അനിയാ എനിക്ക് ഒരുമാതിരി എല്ലാ കഥകളും ഇഷ്ട്ടപ്പെട്ടു . ഇങ്ങനത്തെ  സിനിമകളുടെ കഥ പറയുന്നതാണ് ശരിയല്ലാത്തത്  എന്നാണ് എന്‍റെ  എളിയ  അഭിപ്രായം

അപ്പോള്‍ ചുരുക്കത്തില്‍   .....

ലളിതം സുന്ദരം ....






Sunday, November 18, 2012

തീവ്രം (Theevram : review )

അനിയാ വെറുതെ പറയുകല്ല ഈ തീവ്രം എന്നത് ഒരു സിനിമയല്ല

പിന്നെ എന്താ എന്താ അട്ടക്കഥയോ,
ദഫ്  മുട്ടോ, മാര്‍ഗം കളിയോ ?

നീ ഒരു മാതിരി പരിഹാസം അടിക്കരുത് . സംഗതി ഒരു അനുഭവമാണ്‌ . Experience തീവ്രം എന്നല്ലേ പോസ്റ്ററില്‍ പോലും ഏഴുതി വെച്ചിരിക്കുന്നത്.

 അതും കണ്ടു അല്ലേ .നന്നായി . ഇനി നിങ്ങളുടെ അഭിപ്രായം കൂടെ ഒന്ന് പറഞ്ഞാല്‍ ഉപകാരമായി .രൂപേഷ് പീതാംബരന്‍ എന്നാ പുതുമുഖ സംവിധായകന്‍ ആണ് ഈ ചിത്രം ഒരുക്കീയിരിക്കുന്നതു. ഓര്‍മ്മ ശരിയാണെങ്കില്‍ ഇദേഹം ലാസ് ജോസിന്‍റെ മറ്റൊരു സംവിധാന സഹായി ആയിരുന്നു .മലയാളികളുടെ പുതിയ രോമാഞ്ചവും കുടുംബപരമായി ഹിറ്റ്‌ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച പാരമ്പര്യം മാത്രമുള്ള ആളും സര്‍വോപരി അഹങ്കാരം എന്ന വാക്ക് കേട്ടിട്ട് പോലും ഇല്ലാത്ത നവയുഗ നായകന്‍ ചാലു മോന്‍ അഭിനയിക്കുന്ന ആദ്യ ആക്ഷന്‍  ചിത്രമല്ലേ സംഭവം അതുന്നും പറഞ്ഞു സമയം കളയണ്ട.വിഷയത്തിലേക്ക് കടന്നേ  വേഗം.

അനിയാ ആദ്യമായി , ഈ സിനിമയെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്ത‍ ഈ സിനിമക്ക് രണ്ടു പ്രത്യേകതകളാണ് ഉള്ളത് ആദ്യത്തേത് ചാലുമോന്‍ ആദ്യമായി ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രസ്തുത നടന്റെ ആദ്യത്തെ ആക്ഷന്‍ ചിത്രം ആണ് ഇതു എന്നതും ആണ് .( സത്യമായും ഇതു ഞാന്‍ പറഞ്ഞതല്ല മുന്‍ നിര മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ കൊട്ടി ഘോഷിച്ചത് പറഞ്ഞെന്നെ ഉള്ളു ) .

അതിനിപ്പം എന്ത് ഉണ്ടായി എന്നാ ഈ പറയുന്നേ ?


ആദ്യം പറഞ്ഞത് ശരിയാണ് നായകന്റെ പേര് ഹര്‍ഷവര്ധന്‍ എന്ന് തന്നെ പിന്നെ ആക്ഷന്‍ പോയിട്ട് അതിന്റെ ഒരു മൂഡ്‌ പോലും ഈ ചിത്രത്തില്‍ ഇല്ല . അതിനു ഞാന്‍ സംവിധായകനോട് എന്നും കടപ്പെട്ടിരിക്കും (തുമ്പിയെ കൊണ്ടു കല്ലെടുപ്പികാത്ത നല്ല മനസ്സിന്.ഇനി ഈ ചിത്രം ഭയങ്കര ത്രില്ലര്‍ ആണെന്ന പ്രചരണം വൈകാതെ തന്നെ തുടങ്ങും) .

മതി എങ്ങനെ കാടും പടലും തല്ലാതെ കഥയെ പറ്റി പറയാമോ


പിന്നെന്താ സിനിമ തുടങ്ങുന്നത് ഒരു ഹോട്ടലില്‍ യുവമിഥുനങ്ങളില്‍ നിന്നാണ് . ഇവര്‍ ഉടനെ വിവാഹിതര്‍ ആകാന്‍ പോകുന്നവര്‍ ആണെന്ന് സംസാരത്തി ല്‍ നിന്നും നമുക്ക് മനസിലാകുന്നു . പെങ്കൊച്ചിനു തീരെ താല്പര്യം ഇല്ലാത്ത മട്ടിലാണ്‌ ഇരുപ്പു. പോരാത്തതിനു പറ പറാ മെസ്സേജ് അയക്കലും . ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ പെട്ടന്ന്‌ കൊച്ചിന് വിമാനം ലാന്‍ഡ്‌ ചെയുന്നത് കാണണം . അത് കാണാനായി രണ്ടു പേരും കൂടി വിജനമായ ഒരു  സ്ഥലത്ത്  നില്‍ക്കുമ്പോള്‍ പെട്ടന്ന് ഒരാള്‍ ബൈക്കില്‍ നിന്ന് വന്നു പയ്യനെ തലക്ക്കടിച്ചു വീഴ്ത്തുന്നു. പെട്ടന്ന് തന്നെ ബൈക്കില്‍ വന്ന വേറൊരുത്തന്‍ അടിച്ചവന്‍റെ  മേല്‍ ചാടി വീണു ആക്രമിച്ചു ഓടിക്കുന്നു , ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ തലക്കടി കൊണ്ട പ്രതിശ്രുത വരന്‍ മരിക്കുന്നു .

ഹോ കിടിലം തുടക്കമാണല്ലോ അണ്ണാ . എനിക്ക് കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു . ഇതു സംഭവം ന്യൂ ജനറെഷന്‍ തന്നെ . എന്നിട്ട് .......

എന്നിട്ട്... കുന്തം!!! നമ്മള്‍ വിചാരിക്കും ഇതെന്തോ സിനിമയുടെ മര്‍മ പ്രധാനമായ ഭാഗമാണെന്നു . ഈ കാണിച്ചതിന് സിനിമയുമായുള്ള ആകെ ബന്ധം അലക്സാണ്ടര്‍ (ശ്രീനിവാസന്‍ ) എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മിടുക്ക് കാണിക്കുക എന്നതിന് മാത്രമാണ് .ആദ്യമേ പറഞ്ഞോട്ടെ ശവം കണ്ടാല്‍ തല കറങ്ങി വീഴുന്ന മനുഷ്യനാണ് ഇദ്ദേഹം (ആ സമയത്തുള്ള ഗോഷ്ട്ടി മമ്മൂട്ടിയുടെ നൃത്തം പോലെ മലയാളിക്ക് ഒരു ശീലം ആയി പോയത് കൊണ്ട് നമുക്ക് സഹിക്കാം ) .ഇനി അദ്ദേഹം ബുദ്ധിപരമായി ഈ കേസ് അന്വേഷിക്കുന്നത് എങ്ങനെ എന്ന് കാണാം .ആദ്യമായി അടിച്ചവനെ അന്വേഷിച്ചു കണ്ടു പിടിക്കുന്നു .പക്ഷെ അവന്‍ കുറ്റം സമ്മതിക്കുന്നില്ല . എന്ത് ചെയ്യും ? അവിടെയാണ് ബുദ്ധി . പ്രതിശ്രുത വധുവിനെ വേറൊരു മുറിയില്‍ ഇരുത്തിയിട്ട് ഇയാള്‍ നേരെ ചെന്ന് പിടിയില്‍ ആയവനോട് പറയുന്നു അവള്‍ എല്ലാം ഏറ്റു പറഞ്ഞു .അത് കൊണ്ട് അവള്‍ രക്ഷപെട്ടു നിന്റെ കാര്യം പോക്കാണെന്നു . അതോടെ പിടിയിലയവാന്‍ പൊട്ടിത്തെറിച്ചു ആ ....മോള്‍ പറഞ്ഞിട്ടാ ഞാനിതൊക്കെ ചെയ്തതു എന്ന് വിളിച്ചു പറയുന്നു (ബുദ്ധി ബുദ്ധി ..കണ്ടല്ലോ ).

ശരി ഇനി കഥ തുടങ്ങുന്നു . നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ അയാള്‍ സ്ഥിരമായി ഒരു വിവാഹിതയായ സ്ത്രീയെ ഓഫീസില്‍ വിടുകയും വിളിച്ചു കൊണ്ട് പോകുകയും ചെയ്യുന്നു .അയാള്‍ ആകെ ചെയ്യുന്ന തെറ്റ് ആ സ്ത്രീ ഇറുകിയ വസ്ത്രങ്ങള്‍ക്ക് അകത്തു വീര്‍പ്പു മുട്ടുന്ന ശരീര ഭാഗങ്ങളെ അവരറിയാതെ നോക്കുന്നു എന്നതാണ് (അത് പിന്നെ മനുഷ്യനല്ലേ പോരെങ്കില്‍ മലയാളിയും !!!) .ഒരു ദിവസം പെട്ടന്ന് അത്യാവശ്യമായി വീട്ടില്‍ എത്താനായി ഓട്ടോയില്‍ കേറുന്ന അവര്‍ക്ക് പെട്ടന്ന് എത്തണം എന്ന് പറയുന്നു .ഡ്രൈവര്‍ മറ്റൊരു വഴി ഉണ്ടെന്നും ശകലം ദൂരകൂടുതല്‍ ഉണ്ടെങ്കിലും തിരക്ക് കുറവായത് കൊണ്ട് പെട്ടന്ന് ഓടിച്ചെത്താം എന്ന് പറയുന്നു ആ വഴിക്ക് പോകുന്നു .വഴി ആകെ വിജനം പെങ്കൊച്ചു പേടിച്ചിരിക്കുന്നു  .വഴിയില്‍ പെട്ടന്ന് ടയര്‍ പഞ്ചര്‍ ആകുന്നതോടെ പെങ്കൊച്ചു വണ്ടിയില്‍ നിന്ന് ചാടി ഓടുന്നു .ഡ്രൈവര്‍ പുറകെ മാഡം എന്ത്  പറ്റി എന്നും ചോദിച്ചു . പെട്ടന്ന് ഒരാള്‍ പുറകില്‍ നിന്ന് വന്നു ഡ്രൈവറെ അടിച്ചു വീഴ്ത്തുന്നു .അത് തീര്‍ന്നു


ഡാ വരുന്നു അടുത്ത സീനില്‍ നായകന്‍ ചാലു മോന്‍. അദേഹം ഒരു പിയാനോ ടീച്ചര്‍ ആണ് .നമ്മെ ആദ്യം കാണിക്കുന്നത് .നേരത്തെ കണ്ട ഡ്രൈവറിനെ കെട്ടിവലിച്ചു വീട്ടില്‍ കൊണ്ട് വന്നു പൂടിയിട്ടു  മയക്കു മരുന്ന് കൊടുത്തു ബോധം കെടുത്തി നഖം പറിച്ചെടുക്കുക,പല്ല് പിഴുതു എടുക്കുക തുടങ്ങിയ പരിപാടികള്‍ നിര്‍വഹിക്കുന്നതാണ് . ഇതെല്ലാം ചെയ്യുമ്പോള്‍ തികച്ചും അദേഹത്തിന്‍റെ നിര്‍വികാരമായ മുഖം കാണുമ്പോള്‍ ഞാന്‍ സത്യമായും വിചാരിച്ചത് ഇയാള്‍ ഏതോ കോള്‍ഡ്‌ blooded  കൊലപാതകി ആയിരിക്കും എന്നാണ് .സംഗതി അദേഹത്തിന്‍റെ കൂള്‍ ആയ അഭിനയം ആയിരുന്നു എന്ന് പിന്നെയാണ് മനസിലായത് . പ്രേമിച്ചാലും ,ഭാര്യയെ ആരേലും കൊന്നാലും,അതിനു  പ്രതികാരം ചെയ്താലും ഒക്കെ കൂള്‍ !!!!രണ്ടു ദിവസം കഴിഞ്ഞു ഓട്ടോ ഡ്രൈവറുടെ ഭാര്യ ഭര്‍ത്താവിനെ കാണാനില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ വരുന്നു . തൊട്ടു പുറകെ തന്‍റെ  ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചു,ആ ഓട്ടോയില്‍  പേഴ്സും മറ്റും നഷ്ട്ടപെട്ടു എന്ന പരാതിയുമായി നേരത്തെ ഓട്ടോയില്‍ കയറുകയും ഓടുകയും ചെയ്ത പെങ്കൊച്ചും ഭര്‍ത്താവു ഡോക്റെരും എത്തുന്നു (ഇതു എന്തിനായിരുന്നു എന്ന് സിനിമ കഴിയുന്ന വരെ എനിക്ക് മനസിലായില്ല ).അന്വേഷണം ബുദ്ധിമാനായ ശ്രീനിവാസന്‍ ..ആദ്യം തന്നെ ഈ ഡോക്ടറും അപ്പുറത്ത് ഡ്രൈവറിന്‍റെ പല്ല് പറിച്ചു കളിക്കുന്ന ഹര്‍ഷവര്ധന ചാലു മോനും സുഹൃത്തുക്കള്‍ ആണെന്ന് നമുക്ക് മനസിലാക്കി തരുന്നുണ്ട് . പിന്നെ നമുക്ക് അകെ അറിയേണ്ടത് എന്തിനാണ് ഈ പല്ല് പറി എന്ന് മാത്രമാണ്.

          രണ്ടാം പകുതി മൊത്തം ആ ചോദ്യത്തിനുള്ള ഉത്തരമാണ് . ഒരു സംഗീത സംവിധായകന്‍ ആകാന്‍ വേണ്ടി മെഡിക്കല്‍ പഠനം ഉപേക്ഷിച്ച സംഗീത പ്രേമിയായ ചാലു മോന്‍, കാമുകി നാട്ടിന്പുറത്തുകാരിയായ നായിക മായ (രൂപത്തിലും ശരീരഭാഷയിലും ആ നാട്ടിന്‍ പുറത്വം തെളിഞ്ഞു കാണാം !!!!)  തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന മായയുടെ അച്ഛനും മറ്റു ബന്ധുക്കളും ഇവരെല്ലാം ചേര്‍ന്ന് രണ്ടാം പകുതി സമ്പന്നം ആക്കുന്നു , (ഇതെല്ലാം കണ്ടു നമ്മുടെ ചാലു മോനെ പോലെ കൂള്‍ ആയി ഇരിക്കാന്‍ പറ്റിയെങ്കില്‍ എന്ന് സത്യമായും ആശിച്ചു പോയി അനിയാ !!!!). ഇവരുടെ മത്സരിച്ചുള്ള  പ്രകടനം പ്രകടനം കഴിഞ്ഞു യുവ മിഥുനനങ്ങള്‍ വിവാഹിതര്‍ ആകുന്നു . പ്രതിഭാശാലിയായ ഭര്‍ത്താവിനു അവസരം തേടാന്‍  വേണ്ടി മായ ഒരു കാള്‍ സെന്‍റ്ററില്‍  ജോലിക്ക് പോകുന്നു.അവിടത്തെ ഒരു ഡ്രൈവ റുമായി ഉടക്കില്‍ ആകുന്നു .മായ പരാതിപ്പെടുന്നതോടെ ഡ്രൈവര്‍ ഭയങ്കര കലിപ്പ് . ഒരു ദിവസം മായയെ പറ്റിച്ചു ഒരു വിജന സ്ഥലത്ത് കൊണ്ട് പോയി തല്ലി കൊല്ലുന്നു.(മറ്റേ കാള്‍ സെന്‍റ്റര്‍ ജീവനക്കാരിയെ ടാക്സി ഡ്രൈവര്‍ കൊന്ന സംഭവം . ഇവിടെ  കമ്പനി സ്റ്റാഫ്‌ ആണ് ഡ്രൈവര്‍ എന്നും ഓര്‍ക്കണം ). പിന്നെ നായകനും സുഹൃത്തും മത്സരിച്ചു ഒരു ദുഖിക്കലുണ്ട് .നായകന്‍റെ ദുഃഖം തികച്ചും കൂള്‍ ആയതിനാല്‍ കൂട്ടുകാരന്‍ (ഡോക്ടര്‍ ) ദുഃഖം ' മരിച്ചു ' അഭിനയിച്ചു കാണിക്കുമ്പോള്‍ നായകനെക്കാള്‍ സങ്കടം ഇവനാണോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികം മാത്രം !!!!

അന്വേഷണം അപ്പോളും ബുദ്ധിമാനായ ശ്രീനിവാസന് .ഡ്രൈവര്‍ കൊലപാതകവും കഴിഞ്ഞു പിറ്റേന്ന് മുതല്‍ മിടുക്കനായി ഓഫീസില്‍ വരുന്നത് കൊണ്ട് കേസ് എളുപ്പത്തില്‍ കഴിയുന്നു . അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുന്നു ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാളെ ജയിലിലെ നല്ല നടപ്പിനും പിന്നെ ഇയാളുടെ കുടുംബത്തിന്‍റെ ദേനീയ സ്ഥിതിയെ പറ്റി  വന്ന ടി വി പരിപാടിയും കാരണം ശിക്ഷ ഇളവു ചെയ്തു വിടുന്നു.അയാള് നാട്ടുകാര്‍ പിരിവെടുത്തു കൊടുത്ത ഓടോയും ഓടിച്ചു കുടുംബം നോക്കി കഴിയുന്നു .ഇയാളോട് ചെയ്യുന്ന പ്രതികാരമാണ് ആദ്യ പകുതിയില്‍ കണ്ടത്.

 എന്നിട്ട് .....?


എന്നിട്ട് എന്തോന്ന് ....? ശരീര ഭാഗങ്ങള്‍ കിട്ടുന്നു പക്ഷെ തെളിവൊന്നും ഇല്ലാത്തത് കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല അത്രെ .ബുധുമാനായ ശ്രീനിവാസന്‍ പോലും തോല്‍വി സമ്മതിച്ചു കഴിയുമ്പോള്‍ എന്തരോ ഒരു തട്ട് പൊളിപ്പന്‍ പറ്റും കൂടെ കാണിച്ചു എ ഫിലിം ബൈ രൂപേഷ് പീതാംബരന്‍ എന്ന് എഴുതി കാണിച്ചതും വായിച്ചു കഴിഞ്ഞാല്‍ വല്ലതും ബാക്കി ഉണ്ടേല്‍ ഇറങ്ങി പോകാം

അല്ല ബാക്കി


എന്തോന്ന് ബാക്കി ഈ സിനിമയില്‍ എല്ലാരോടും മോശമയെ അഭിനയിക്കാവു എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടോ എന്ന് സംശയം ഉണ്ട് . (അല്ലെങ്കില്‍ ചാലു മോന്‍ മികച്ചു നിന്നു എന്ന് എഴുതാന്‍ പറ്റില്ലല്ലോ ).നായികാ ശിഖ നായര്‍ ആണെങ്കില്‍ ഒരു ഗ്രാമീണ കഥാപാത്രമായി ജീവിക്കയാണ് ഈ ചിത്രത്തില്‍ .നായികയുടെ അച്ഛനും (ശ്രീ കുമാര്‍ ) ബന്ധുക്കളും കുറഞ്ഞത്‌ രണ്ടു ഓസ്കാറിനു അഭിനയിച്ചിട്ടുണ്ട്


അല്ല ചുരുക്കത്തില്‍ പറഞ്ഞാല്‍ .....


തികച്ചും അമേച്വര്‍ എന്ന് പറയാവുന്ന ഒരു ചിത്രം.ഈ രൂപേഷ് പീതാംബരന്‍ നമ്മുടെ ലാല്‍ ജോസിന്‍റെ അസിസ്റ്റന്റ്‌ എന്ന് വായിച്ചു. ഈ ജവാന്‍ ഓഫ് വെള്ളിമലയും ഇതു പോലെ ലാല്‍ ജോസിന്‍റെ സംവിധാന സഹായി ആയിരുന്ന ആളാണ് എന്നാണ് ഓര്‍മ്മ . എനിക്കാകെ ശ്രീ ലാല്‍ ജോസിനോടും മമ്മുട്ടിയോടും ചോദിയ്ക്കാന്‍ ഒരേ ഒരു ചോദ്യം മാത്രം . ഇതു പോലെ ഇനി എത്രയെണ്ണം കൂടി സ്റ്റോക്ക്‌ ഉണ്ട് ?

വാല്‍ കഷ്ണം : ഈ ചിത്രം പറയുന്നത് ഇന്ത്യയിലെ ശിക്ഷ നിയമങ്ങള്‍ അപര്യാപ്തമാണ് ഇവിടെയൊക്കെ അറബി രാജ്യങ്ങളിലെ പോലുള്ള നിയമങ്ങള്‍ നടപ്പാക്കണം എന്നാണ് .അറബി അവിടെ നില്‍ക്കട്ടെ അപര്യാപ്തത എന്ന സംഗതിയോടു എനിക്കും യോജിപ്പുണ്ട് (ദിവസവും പത്രം വായിക്കുന്ന ഏതൊരു സാധാരണക്കാരനും യോജിക്കും എന്നാണ് വിശ്വാസം )  .പക്ഷെ ആ ചിത്രത്തില്‍ കാണിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ ഒരാളെ തിരുത്താന്‍ തികച്ചും പര്യാപ്തമാണ് എന്നല്ലേ ? ഈ വൈരുധ്യമാണ് ഈ സിനിമയെ ഒരു കോപ്രായം ആക്കി മാറ്റുന്നത് എന്ന് തോന്നുന്നു


Friday, September 28, 2012

പുതിയ തീരങ്ങള്‍ (Review :Puthiya Theerangal)


അല്ല ഇതെവിടന്നു വരുന്നു ? ഈ ആഴ്ചയിലെ പുതിയ വിശേഷങ്ങള്‍ .....?

എന്തോന്ന് വിശേഷമെടെ? വന്നു വന്നു മൂത്രമൊഴിക്കാന്‍ പോലും നികുതി കൊടുകേണ്ടി  വരുമെന്നാ തോന്നുന്നേ .അങ്ങനെ ജീവിച്ചു പോകുന്നു

അണ്ണാ വെറുതെ വെയിറ്റ്  ഇടാതെ കാര്യം പറഞ്ഞേ. നിങ്ങള്‍ നമ്മുടെ  സത്യന്‍  അന്തിക്കാട്‌  സംവിധാനം  ചെയ്ത  പുതിയ  തീരങ്ങള്‍  കണ്ടിട്ട്  വരുന്ന  വഴിയാണ്  ശരിയല്ലേ ?  പടമെങ്ങനെ എന്ന് പെട്ടന്ന് പറഞ്ഞേ. കാളകൂടം പ്രസ്സില്‍ കേറാന്‍ ഇനി നിമിഷങ്ങളെ ബാക്കിയുള്ളൂ . സംഗതി ഓടുന്നത് തന്നെ എന്‍റെ ചിത്രവിദ്വേഷം എന്ന കോളം കൊണ്ടാണ് എന്നാണ് ഞാന്‍ മുതലാളിയെ പറഞ്ഞു വിശ്വസിപ്പിചിരിക്കുന്നത് .ജീവിക്കാനുള്ള ഓരോ പാടുകളെ ...
                                    അനിയാ, നീ വെറുതെ കേറി സത്യന്‍ അന്തിക്കാട്‌ എന്ന് മാത്രംപറയല്ലേ ജനം പേടിച്ചു പോകും . ഒരു സഹിക്കാവുന്ന ഭാഗ്യദേവത ഒഴിച്ചാല്‍ ചില്ലറയാണോ അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിന് ശേഷം അങ്ങേര നമ്മളെ വെറുപ്പിച്ചിരിക്കുന്നത്.  അവസാനത്തെ  സ്നേഹ വീട് പോലും ഊ .........ജ്വലം അല്ലായിരുന്നോ . അത് കൊണ്ട് ഈ ചിത്രത്തിന് തിരകഥ സത്യന്‍ അല്ല എന്നതാണ് പ്രധാന ആകര്‍ഷണം എന്ന് പറയേണ്ട് വരും. എന്തൊക്കെയായാലും  ശക്തമായ  പൊതു  ജനാഭിപ്രായം   മാനിച്ചു  അദേഹം  പ്രസ്തുത  കലാപരിപാടി  (തിരകഥ രചന )  നിര്‍ത്തിയതില്‍ ഒരു  മലയാളി പ്രേക്ഷകന്‍  എന്ന  നിലയില്‍  എനിക്ക്  സന്തോഷം ഉണ്ട് .  നന്ദിയുണ്ട്  സത്യാ  ഒരായിരം നന്ദി . ഇവിടെ പ്രസ്തുത  കൃത്യം  നിര്‍വഹിച്ചിരിക്കുന്നത്  ബെന്നി  പി  നായരമ്പലമാണ്. . ക്യാമറ  വേണു,  സംഗീതം  ഇളയരാജ ,  അഭിനേതാക്കള്‍ നിവിന്‍പോളി , നമിതപ്രമോദ്,  നെടുമുടി  വേണു, ഇന്നസെന്‍റ്റ് ,ധര്‍മ്മജന്‍ , ചെമ്പില്‍ അശോകന്‍ തുടങ്ങിയര്‍  അഭിനയിക്കുന്നു .സത്യന്‍  അന്തിക്കാട്‌  ആദ്യമായി   കടലോര  പശ്ചാത്തലത്തില്‍  ഒരു  ചിത്രം  സംവിധാനം ചെയുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത (അതൊരു പ്രത്യേകത ആണെങ്കില്‍ ).

മതി അണ്ണാ വാചകമടി പടത്തിലോട്ടു വന്നേ ...

                              ദാ വന്നല്ലോ  ഒരു കടപ്പുറം, അമ്മയില്ലാത്ത ഒരു പെണ്‍കുട്ടി താമര പത്തു പതിമൂന്നു വയസയതോടെ അവളെ വീട്ടില്‍ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാന്‍  ഇഷ്ടം   അല്ലാത്തത്  കൊണ്ട്  അച്ഛന്‍ ശങ്കരന്‍ (സിദ്ദിക്) പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ ഒപ്പം കൊണ്ട് പോകാന്‍ തുടങ്ങി . ഒരു ദിവസം കടലില്‍ പോയ അയാള്‍ മടങ്ങി വരാതെ ആകുന്നതോടെ തികച്ചും അനാഥ ആകുന്നു താമര .ഏഴ് എട്ടു കൊല്ലങ്ങള്‍ക്ക് ശേഷം കഥ തുടങ്ങുന്നു . ഇന്നു താമര (നമിത പ്രമോദ്) ആ കടപ്പുറത്ത് ഒറ്റയ്ക്ക് ജീവിക്കുന്നു. പുരുഷന്മാരോടൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചാണ്  അവളും  ജീവിക്കുന്നത്.  അയല്‍ക്കാരും  സുഹൃത്തുകളും  ഒക്കെയാണ്  ഇന്നു  അവള്‍ക്കു  തുണ . പ്രധാനമായും  അച്ഛന്‍റെ  സുഹൃത്തായ ഉണ്ണി കണ്ടന്‍റെ (ചെമ്പില്‍  അശോകന്‍ )  മകന്‍  മോഹനന്‍ (നിവിന്‍  പോളി ) , നാടക  നടനായ  ആലപ്പി   അപ്പച്ചന്‍  (സിദ്ധാര്‍ധ് ശിവ പുതുമുഖം) ,ധര്‍മജന്‍  തുടങ്ങിയവരാണ് .  അവിടുത്തെ  പള്ളി വികാരി  മൈക്കിള്‍  അച്ചനായി  ഇന്നസെന്‍ന്റ്റ്  വരുന്നു .മറ്റൊരു പ്രധാന കഥാപത്രം മോളി എന്ന നടി അവതരിപ്പിക്കുന്ന  വെറോണിക്കയാണ്. ലോക്കല്‍  തമാശ  (ചിലതൊക്കെ  നിലവാരം  ഇല്ലാത്തത്  എന്നു  പറയാം ) കളിലൂടെ  തുടങ്ങുന്ന ചിത്രം ഒരു വഴിത്തിരുവില്‍  എത്തുന്നത്‌  താമരക്ക്‌  കടലില്‍  നിന്ന്  മുങ്ങിച്ചകാറായ ഒരാളെ (നെടുമുടി വേണു) കിട്ടുന്നതോടെയാണ് .ആശുപത്രിയില്‍  ആക്കുകയും  പിന്നീടു വീട്ടില്‍ കൊണ്ട്  വരുകയും  ചെയ്യുന്ന   ഇയാളുടെ  സംരക്ഷണ  ചുമതല  താമര  സസന്തോഷം ഏറ്റെടുക്കുന്നു .എന്നാല്‍   പലപ്പോഴും  ഇയാളുടെ  വിചിത്രമായ പെരുമാറ്റം  താമരക്കും സുഹൃത്തുക്കള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.കുമാരപ്പണിക്കര്‍ എന്നും കുര്യന്‍ പൌലോ എന്നും മാറി മാറി പേരും മറ്റു വിവരങ്ങളും പറയുകയും ചെയ്യുന്ന ഇയാള്‍ ശരിക്കും ആരാണ് എങ്ങനെ കടലില്‍ പെട്ടു പലപ്പോഴും വിചിത്രം എന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ എന്ത് കൊണ്ട് പെരുമാറുന്നു എന്നാ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തലാണ് രണ്ടാം പകുതിയിലെ കഥ .

അല്ല അതൊക്കെ ശരി അപ്പോള്‍ ഈ ചിത്രം കൊള്ളാം എന്നാണോ പറഞ്ഞു വരുന്നേ ?
അനിയാ, സത്യന്‍റെ അച്ചുവിന്‍റെ അമ്മയും, ബെന്നിയുടെ മേരിക്കുണ്ടൊരു കുഞ്ഞാടും എടുത്താല്‍ രണ്ടിലും പ്രധാന കഥ പാത്രങ്ങള്‍ ഒരല്‍പം അസ്വഭാവികമായി പെരുമാറുന്നവരാണ് .ഉര്‍വശി അച്ചുവിനോട് അവളുടെ അച്ഛന്‍ ആരാണെന്നു പറയാത്തത് സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു അവിഹിതമോ പ്രണയ വഞ്ചനയോ ആണ് . അത് പോലെ   മേരിക്കുണ്ടൊരു കുഞ്ഞാടിലെ  ബിജു മേനോന്‍. ഈ രണ്ടു കഥാപാത്രങ്ങളുടെയും പെരുമാറ്റത്തിന് കൃത്യമായ വിശദീകരണം , അതും നമ്മള്‍ പ്രതീക്ഷിക്കാത്ത ഒന്ന്, തരുന്നു എന്നിടത്താണ് മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ വിജയിക്കുന്നത് . അതെ സ്ഥലത്ത് തന്നെയാണ് പുതിയ തീരങ്ങള്‍ പരാജയപ്പെടുന്നത് . ഇതിലെ ക്ലൈമാക്സ്‌ ,അങ്ങനെ സംഭവിച്ചു കൂടെ എന്നു ചോദിച്ചാല്‍ സംഭവിക്കാം എന്നു തന്നെയാണ് ഉത്തരം.പക്ഷെ ക്ലൈമാക്സ്‌ തികച്ചും ഒരു മാതിരി തട്ടി കൂട്ട് പോലെയാണ് എനിക്ക് തോന്നിയത് .ഒരു പക്ഷെ അവതരണ രീതിയാകാം കാരണം  . താമരയും , മൈക്കിള്‍ അച്ചനും, ആലപ്പി അപ്പച്ചനും ഇമ്മാനുവലിനെ തേടി പോകുന്നത് മുതല്‍ (ഒരു അവസാന 15 - 20  മിനിട്ടുകളുടെ കാര്യമാണ് ഈ പറയുന്നേ) കഥയുടെ പാളം തെറ്റുന്നു അഥവാ അത് വരെ ഉണ്ടായിരുന്ന സ്വാഭാവികത നഷ്ട്ടപ്പെടുന്നു.സത്യത്തില്‍ കുറച്ചു കൂടി കെട്ടുറപ്പുള്ള ഒരു അവസാനം ആയിരുന്നെകില്‍ തുടക്കത്തിലേ ചില്ലറ പാളിച്ചകള്‍ പോലും നമുക്ക് മറക്കാന്‍ പറ്റിയേനെ .(ഉദാഹരണമായി താമരക്ക്‌ പതിമൂന്നു വയസുള്ളപ്പോള്‍  പയറു പോലെ പണിയെടുത്തു കൊണ്ടിരുന്ന ചെമ്പില്‍ അശോകന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഏഴ്  കൊല്ലം  കഴിയുമ്പോള്‍  കുഴിമടിയനായി  കാണിക്കുന്നതും.കുളിച്ചു  പൌഡര്‍  ഇട്ടു  ഉറങ്ങാന്‍  കിടക്കുന്നത് പോലുള്ള തമാശകളുമൊക്കെ ) .

അപ്പോള്‍ തല്ലിപ്പൊളി പടം അല്ലെ അണ്ണാ?

അല്ല അനിയാ ഈ അവസാനത്തെ കുറച്ചു മിനിട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ , തികച്ചും ആസ്വാദ്യകരമാണ് ഈ ചിത്രം. നേരത്തെ  പറഞ്ഞത് പോലെയുള്ള ചില്ലറ അലോസരങ്ങള്‍ ഉണ്ടെങ്കില്‍ പോലും  ക്ലൈമാക്സ്‌ വരെ (അഥവാ അതിനു തൊട്ടു മുന്‍പ് വരെ)  ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഇതു. കടപ്പുറത്തെ എല്‍സമ്മ ആകുന്ന നായികയും, അത് പോലെ കടപ്പുറത്തെ  മനസ്സിനക്കരയിലെ ജയറാം ആകുന്ന നിവിന്‍ പോളിയും അടിസ്ഥാന കഥയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാടുമായുള്ള  സാമ്യവും  ഒന്നും  നമ്മെ  ബോര്‍ അടിപ്പിക്കില്ല  എന്നിടത്താണ്  ഈ സിനിമയുടെ ശക്തി ..സത്യന്‍  തന്‍റെ  സ്ഥിരം  ടീമിന്‍റെ  സ്ഥാനത്ത്  വേറൊരു ടീമിനെ രൂപ്പപെടുത്തി  എടുക്കുന്നതിന്‍റെ  ലക്ഷണങ്ങള്‍  കാണാനുണ്ട് . ഭാഗ്യവശാല്‍  മിക്കവാറും  നല്ല  നടീ നടന്‍മാര്‍  ആണ് ഈ പുതിയ ഗ്രൂപ്പില്‍ എന്നത്  സന്തോഷകരം. സിദ്ധാര്‍ത് ശിവ  അവതരിപ്പിച്ച  ആലപ്പി അപ്പച്ചന്‍ എന്ന നടന്‍  നിവിന്‍  പോളിയെക്കാള്‍  നന്നായതായി തോന്നി .വെറോണിക്ക ആയി വരുന്ന മോളി എന്ന നടിയുടെ പ്രകടനം ആണ് എടുത്തു പറയേണ്ട മറ്റൊന്ന് .പുതുമുഖ നായിക വലിയ പതര്‍ച്ച  ഇല്ലാതെ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നു പറയുമ്പോളും വര്‍ഷങ്ങളായി കടലില്‍ പോയി മീന്‍ പിടിച്ചു വരുന്ന ഒരു സ്ത്രീയില്‍ കാണേണ്ട പാരുഷ്യം തീരെ ഇല്ല എന്നു പറയേണ്ടി വരും (റെഫര്‍ കന്മദം) . വലിയ പെര്‍ഫോര്‍മന്‍സ് സീനുകള്‍ ഒന്നും ഇല്ലാത്തത് കൊച്ചിന്റെ ഭാഗ്യം .(പിന്നെ   ആദ്യ  ചിത്രം  നോക്കിയാല്‍ നവ്യ  മുതല്‍ ഇങ്ങു ആന്‍ അഗസ്റ്റിന്‍ വരെ വലിയ  കുഴപ്പം ഇല്ലായിരുന്നു എന്നാണ് ഓര്‍മ്മ) പറഞ്ഞു വരുമ്പോള്‍ ആ കൊച്ചിന് സുമലതയുടെ ഒരു ലുക്ക്‌  ഉണ്ടോ എന്നു സംശയം (ശ്രീനി പറയുന്നേ 70 സുമലതയും 30  കനിഹയും ആണെന്നാണ് ).നിവിന്‍ പോളിയും തന്‍റെ റോള്‍ മര്യാദക്ക് ചെയ്തു .നെടുമുടി വേണുവാണ് ഈ  ചിത്രത്തിലെ നായകന്‍ .മലയാള സിനിമ നെടുമുടിയോട് നീതി കാണിച്ചില്ല എന്ന തോന്നല്‍ ഉള്ളത് കൊണ്ടാണോ എന്നറിയില്ല വല്ലപ്പോഴും കൂടി  ആ നടന് ഒരു നല്ല റോള്‍ കിട്ടുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. വല്ലപ്പോഴും  വരുന്ന ഒരു  ധനമോ, വീണ്ടും  ചില  വീട്ടു  കാര്യങ്ങളോ  ഒക്കെ  അല്ലാതെ എവിടെയാണ് നമ്മള്‍ ആ നടനെ ഉപയോഗിച്ചിട്ടുള്ളത് ?ആ  നടന്‍ തന്‍റെ റോള്‍ നന്നായി ചെയ്തു എന്നു പറയുന്നത് വെറും ഭംഗി വാക്കായി പോകും . ഇളയരാജയുടെ സംഗീതവും വേണുവിന്റെ ക്യാമറയും അത് പോലെ തന്നെ

അപ്പോള്‍ ചുരുക്കത്തില്‍ .......
                      സത്യന്‍ അന്തിക്കാടിന്‍റെ സമീപകാല  സാരോപദേശ ചിത്രങ്ങള്‍ വെച്ച് നോക്കിയാല്‍ വളരെ വളരെ ഭേദപ്പെട്ട ചിത്രം. അവസാന രംഗങ്ങള്‍ കുറച്ചു കൂടി  മനസിരുത്തി ചെയ്തിരുന്നു  എങ്കില്‍  ഒരു  പക്ഷെ  ഈ  വര്‍ഷത്തെ  നല്ല  സിനിമകളില്‍  ഒന്നായേനെ  എന്ന്  പറയാവുന്ന ചിത്രം 
 



Sunday, September 23, 2012

ട്രിവാന്‍ഡ്രം ലോഡ്ജ് (Trivandrum Lodge : Review )


ജയ് വേതാളം ചാനലിലേക്ക്  ഏവര്‍ക്കും  സ്വാഗതം  എന്ന് നമ്മുടെ അതിഥി ആയി എത്തിയിരിക്കുന്നത് മലയാളത്തില്‍ എന്നല്ല ആഗോള പ്രശസ്തനായ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍   ഡോ.  പ്രേക്ഷകനാണ്. തന്റെ വിലയേറിയ സമയത്തില്‍ കുറച്ചു ജയ് വേതാളം ചാനല്‍ പ്രേക്ഷകരുമായി പങ്കിടാന്‍ തയാറായ അദ്ദേഹത്തോട് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തെ നമുക്ക് സ്വാഗതം ചെയ്യാം.സ്വാഗതം പ്രേക്ഷകന്‍
.
ശരി തങ്ങള്‍ അടുത്തിടെ കണ്ട ഒരു ചിത്രത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ ഞങ്ങളുടെ കാണികളുമായി പങ്കു വയ്ക്കുന്നതില്‍ എന്തെങ്കിലും വിരോധം ...?

ഒരു വിരോധവും ഇല്ല. ഇന്നലെ ഞാന്‍ കണ്ട ചിത്രമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്

വളരെ നല്ലത് പ്രേക്ഷകന്‍ . നമുക്കറിയാം മലയാള സിനിമയില്‍ മാറ്റത്തിന്റെ കാഹളം വിളി ഉയര്‍ത്തിയ സംവിധായകരില്‍ പ്രമുഖനായ വി കെ പ്രകാശ്‌ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ......

പോന്നു കൊച്ചെ  മലയാള സിനിമയില്‍ മാറ്റത്തിന്‍റെ കാഹളം വിളി കാരണം ചെവിതല കേള്‍ക്കാന്‍ വൈയ്യാത്ത അവസ്ഥയാണ് ഇന്നു. ഫഹദ് ഫാസിലിന്റെ നിക്കര്‍ കാഹളം വിളി ഒരു വശത്ത് ,അനൂപ്‌ മേനോന്റെ വക വേറെ വിളി,അമല്‍ നീരദിന്റെ സ്ലോ മോഷന്‍ കാഹളം വേറൊരിടത്ത്.വന്നു വന്നു ജോഷി പോലും കാഹളം മുഴക്കുവാന്നോ എന്നാ സംശയം . എല്ലാത്തിനും മുകളില്‍ രഞ്ജിത് വക സാരോപദേശ പെരുമ്പറ.  . എല്ലാരും ഭയങ്കര വാശിക്ക് ആണെന്നേ. എന്നാ പറയാനാ?

പ്രേക്ഷകന്‍ , നമ്മള്‍ വിഷയത്തില്‍ നിന്ന് വ്യതി ചലിക്കുന്നു.ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ അതെ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷ വാനോളം ഉയരുന്നത് തികച്ചും സ്വാഭാവികമാണല്ലോ . ഈ ചിത്രത്തിലും ജയസൂര്യ , അനൂപ്‌ മേനോന്‍ , വി കെ പ്രകാശ്‌ , തെസ്നി ഖാന്‍ എന്നിവരെ കൂടാതെ ഭാവന (അതിഥി താരം), ഹണി റോസ്, സൈജു കുറുപ്പ്, പി ബാലചന്ദ്രന്‍ , ജയചന്ദ്രന്‍ (ഗായകന്‍)  , ദേവി അജിത്‌ , ബാബു നമ്പൂതിരി , സുകുമാരി , ജനാര്‍ദ്ദനന്‍ , കൊച്ചു പ്രേമന്‍ , അരുണ്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് . ഇതൊന്നും പോരെങ്കില്‍ അനൂപ്‌ മേനോന്‍ എഴുതുന്നു . എന്ത് സംഭവിച്ചാലും ഞങ്ങള്‍ പ്രതീക്ഷിക്കും. അല്ല പിന്നെ...

കുട്ടി ആവേശപ്പെടെണ്ട .റിലാക്സ്... ശരി പ്രതീക്ഷിച്ചു കൊള്ളൂ. ഞാന്‍ വേണ്ട എന്ന് പറഞ്ഞില്ലല്ലോ ?

അതല്ല ഇവിടുത്തെ ചോദ്യം ഞാന്‍ അതിലേക്കു വരുകയാണ് . ഈ ചിത്രം തികച്ചും സമ്മിശ്ര പ്രതികരണം ആണ് ഉണര്‍ത്തിയിട്ടുള്ളത്‌  എന്നാണ് അറിയുന്നത് . ചിലര്‍ ഇതിനെ ബോള്‍ഡ് എന്ന്  വിശേഷിപ്പിക്കുമ്പോള്‍ ചിലര്‍ ഇതിനെ അശ്ലീലം എന്നാണ് പറയുന്നത് .

കൊച്ചേ അടിസ്ഥാനപരമായി ഇതു രണ്ടിന്റെയും അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്. ഈ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ലോഡ്ജിന്‍റെ  കഥയാണ് പറയുന്നത് . കൊച്ചിയിലുള്ള ട്രിവാന്‍ഡ്രം ലോഡ്ജ് , അവിടെ താമസിക്കുന്ന കുറെ മനുഷ്യര്‍.അവിടെ സ്ഥിരം ജോലിയില്ലാത്ത അഥവാ എന്തെങ്കിലും ജോലി ഒക്കെ ചെയ്തു ജീവിക്കുന്ന അബ്ദുവുണ്ട് (ജയസൂര്യ ), ഒരു ലോക്കല്‍ സിനിമ വാരികയുടെ ലേഖകനായ ഷിബു വെള്ളായണിയുണ്ട് (സൈജു കുറുപ്പ് ). അഭിനയ മോഹവുമായി വന്നെത്തിയ സതീശന്‍ ഉണ്ട് . വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ , 999  സ്ത്രീകളെ പ്രാപിച്ച , 1000 മത്തെതു ഒരു യുണി ഫോം ധരിച്ച   വനിതാ പോലീസുകാരി ആയിരിക്കണം എന്നതാണ് ആഗ്രഹം എന്ന് പറഞ്ഞു നടക്കുന്ന കോര (പി ബാലചന്ദ്രന്‍ ) ഉണ്ട് . അവിടുത്തെ ഏറ്റവും പഴയ താമസക്കാരനായ പിയാനോ അധ്യാപകനായ ആര്‍തര്‍ റെല്‍ട്ടന്‍ (ജനാര്‍ദ്ദനന്‍ ) ഉണ്ട് . ഈ ലോഡ്ജിലെ താമസക്കാരിയും പാചകക്കാരിയും ആയ പെഗ്ഗി (സുകുമാരി) ഉണ്ട് . അങ്ങനെ പലരും . മിക്കവരും അമര്‍ത്തിപ്പിടിച്ച ലൈംഗിക ദാഹവുമായി  കഴിയുന്നവരാണ് . അവരുടെ ഒക്കെ ഇടയിലേക്കാണ്‌ വിവാഹമോചിതയും ചെറുപ്പക്കാരിയും ആയ ധ്വനി (ഹണി റോസ്) തന്റെ നോവല്‍ എഴുതാനായി താമസത്തിന് എത്തുന്നത്.ലോഡ്ഗിനു പുറത്തു ഇതിന്റെ ഉടമസ്ഥന്‍ രവിശങ്കര്‍ (അനൂപ്‌ മേനോന്‍ ) , അയാളുടെ മാനേജര്‍ കൊച്ചു പ്രേമന്‍ , മകനുമായി പിണങ്ങി ചായക്കട നടത്തി ജീവിക്കുന്ന രവിയുടെ അച്ഛന്‍ (ജയചന്ദ്രന്‍ ), ആ നഗരത്തിലെ വേശ്യയായ കന്യക (തെസ്നി ഖാന്‍ ) , ഒരു പിമ്പ് ആയ തങ്ങള്‍ (തൂവാന തുമ്പി കളിലെ കഥാപാത്രം. ബാബു നമ്പൂതിരി ) എങ്ങനെ കുറെ പേര്‍ ഉണ്ട് രവിശങ്കറിന്റെ മരിച്ചു പോയ ഭാര്യ മാളവികയായി ഭാവന എത്തുന്നു  .

അതൊക്കെ മനസിലായി, പ്രേക്ഷകന്‍ അപ്പോളും നമ്മുടെ ചോദ്യം അവശേഷിക്കുന്നു ഈ ചിത്രം ......

ഈ ചിത്രത്തിന്റെ പശ്ചാത്തലം വളരെ നന്നായിട്ടുണ്ട് . വ്യക്തിഗതമായി നോക്കിയാല്‍ ഓരോ സീനുകളും നല്ലതാണു ( അനൂപ്‌ മേനോന്‍ 'അഭിനയിക്കുന്ന ' രംഗങ്ങളെ ദയവായി ഒഴിവാക്കുക ) .രവിശങ്കര്‍ - ധ്വനി ഉള്‍പ്പെടുന്ന രംഗങ്ങളില്‍ ഇത്രയധികം ക്ലോസ് അപ്പ്‌ ഷോട്ടുകള്‍ കാണുന്നവരെ അലോസരപ്പെടുത്തും (സത്യമായും എനിക്കീ ഷോട്ടുകളെ പറ്റി കാര്യമായി ഒന്നും  അറിയില്ല . എന്നിട്ട് പോലും എനിക്കിങ്ങനെ തോന്നിയെങ്കില്‍ അത് സംവിധായകന്റെ പരാജയമാണ് ). അനൂപ്‌ മേനോനെ ഈ ചിത്രത്തോടെ പാവപ്പെട്ടവരുടെ മോഹന്‍ലാല്‍ എന്ന് വിളിക്കാം  എന്ന് തോന്നുന്നു .അനൂപ്‌ മേനോന്‍ ഒഴികെ ബാക്കി എല്ലാ അഭിനേതാക്കളും അവരവരുടെ വേഷം നന്നായി ചെയ്തു എന്നാണ് എന്റെ അഭിപ്രായം.ജയസൂര്യ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു . ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ഏതാണ്ട് അതേ ടീം തന്നെ ഒരുമിക്കുന്ന ഈ ചിത്രത്തെ പ്രസ്തുത ചിത്രവുമായി താരതമ്യം ചെയുന്നതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല. ബ്യൂട്ടിഫുള്‍ എന്ന ചിത്രം ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരു കഥയും ഒപ്പം വിവാദം ആയേക്കാവുന്ന കുറെ സംഭാഷണവും ചേരുന്നതാണ്  .ഈ സംഭാഷണം ഒന്നും ഇല്ലെങ്കിലും ആ കഥയ്ക്ക്‌ ഒരു കുഴപ്പവും വരില്ല എന്നതാണ് സത്യം. പക്ഷെ ചിത്രം ചര്‍ച്ച ചെയ്യപെടില്ല എന്ന് മാത്രം.ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ നിന്നും ഈ ലോഡ്ജില്‍ എത്തുമ്പോള്‍ നേരത്തെ പറഞ്ഞ രീതിയില്‍ ഉള്ള സംഭാഷണങ്ങള്‍ കൂടികയും കഥ എന്നത് ഒരു ഉള്ളിത്തോലിയുടെ കനത്തില്‍ ആകുകയും ചെയ്യുന്നു .ആണുങ്ങള്‍ മാത്രം താമസിക്കുന്ന ലോഡ്ജില്‍ ഒരു ചെറുപ്പക്കാരി വന്നു താമസിക്കുക എന്നൊക്കെ പറഞ്ഞാല്‍ കുറച്ചു കഷ്ട്ടമല്ലേ എന്നത് പോലെയുള്ള കാര്യങ്ങള്‍   തല്ക്കാലം നമുക്ക് മറക്കാമെങ്കിലും ചുരുക്കത്തില്‍ പറഞ്ഞാല്‍ പെണ്‍കുട്ടി കൊള്ളാം പക്ഷെ പെങ്ങളായി പോയി എന്ന് പണ്ടാരോ പറഞ്ഞ പോലെയുണ്ട്  .

പ്രേക്ഷകന്‍ ഇതൊരു പ്രശസ്തമായ ചാനല്‍ ആണ് എവിടെ വന്നു താങ്കളുടെ  കൂതറ  നിലവാരത്തില്‍ ഉള്ള  അഭിപ്രായങ്ങള്‍ പറയുന്നതിനൊപ്പം ബൌധിക തലത്തില്‍ ഈ സിനിമയെ ഒന്ന് കാണാമോ? നിങ്ങള്ക്ക് അറിയുന്ന പണിയേ അല്ല  അത് എന്നറിയാം എന്നാലും ....

കൊച്ചു ഇപ്പോള്‍ പറഞ്ഞ വാചകത്തില്‍ പോലും കൂതറ എന്ന വാക്കും അതിലെ നിലവാരക്കുറവും ഇല്ലെ ?

ഉണ്ടായിരിക്കാം പക്ഷെ ഞാന്‍ പറയുമ്പോള്‍ അത് ലാലേട്ടന്റെ അമ്മിഞ്ഞയും നിങ്ങള്‍ പറഞ്ഞാല്‍ ബാച്ചിലര്‍ പാര്‍ട്ടിയിലെ തത്തയുടെ  കഥയും ആണെന്ന് മാത്രം. .പറഞ്ഞ കാര്യം ചെയ്താല്‍ മതി ഹേ. വെറുതെ ഷൈന്‍ ചെയ്യാതെ.

ഈ ബൌധിക തലം എന്ന് പറഞ്ഞാല്‍ ചിത്രത്തിലെ കഥാപത്രങ്ങളുടെ ജാതി സെന്‍സസ് എടുത്തു അകത്തു ഒളിച്ചിരിക്കുന്ന സന്ദേശം ഡി കോഡ് ചെയ്തു എടുക്കുന്ന ഒരു തരം സൂത്രവിദ്യ ആയിട്ടുണ്ട് ഈ കാലത്ത് (ഈ ബുദ്ധി ജീവികളുടെ ഓരോ ഗതികേടേ!!) . അതല്ലാതെ ഒരു സാധാരണ മനുഷ്യനായി നോക്കിയാല്‍  നോക്കിയാല്‍ ഈ ചിത്രത്തില്‍  മുടിഞ്ഞ സത്യസന്ധത മാത്രമേ കാണാന്‍ കഴിയു .നമ്മുടെ സമൂഹത്തിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം പഴയ ജന്മി കുടിയാന്‍ കാലഘട്ടത്തില്‍ നിന്നും എത്ര മാറി  അഥവാ എത്ര പുറകോട്ടു പോയി എന്ന് ഈ ചിത്രം വരച്ചു കാട്ടുന്നു. രവിശങ്കര്‍ എന്ന സമ്പന്നനെ തല്ക്കാലം ഒന്ന് മാറ്റി നിര്‍ത്തിയാല്‍, അബ്ദു ആദ്യം ജോലി ചെയ്യുന്ന സ്പായില്‍ പോലും വരുന്ന സമ്പന്നരായ ആവശ്യക്കാര്‍ക്ക് അവരുടെ എല്ലാ ശാരീരിക ആവശ്യങ്ങളും അനായാസം  സാധിച്ചു കിട്ടുന്നു എന്നതിന് വ്യക്തമായ സൂചനകളുണ്ട് . എന്തിനു രവിശങ്കറിന്റെ സ്കൂള്‍ വിദ്യാര്‍ഥി ആയ മകന് പോലും ക്ലാസ്സ്‌ മേറ്റിനെ വളച്ചെടുക്കാന്‍ കഴിയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ അബ്ദുവിനാകട്ടെ  ഒരു വേശ്യയെ  പ്രാപിക്കാന്‍ പോലും അവളെയും കൊണ്ട്  സ്ഥലം അന്വേഷിച്ചു നാട് മുഴുവന്‍ ഓടേണ്ടി വരുന്നു . എന്നിട്ട് പോലും നടക്കുന്നുമില്ല . ഈ കാലഘട്ടത്തില്‍ ജാതി മത രാഷ്ട്രീയ വിശ്വാസങ്ങള്‍ എല്ലാം അപ്രസക്തം ആണെന്നും മറിച്ചു ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വിഭാഗങ്ങള്‍ മാത്രമേ ഉള്ളു എന്നതും ഈ ചിത്രത്തില്‍ ഊന്നി പറയുന്ന കാര്യങ്ങളില്‍ ഒന്നാണ് .ഇതു പറയുമ്പോള്‍ എന്നെ തെറ്റിദ്ധരിക്കല്ലേ ഇല്ലാത്തവനെ "ഉണ്ടാക്കുന്ന" ഇടതു പക്ഷ പാര്‍ട്ടികളില്‍ പോലും ഈ സംഗതി പല രൂപത്തില്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഒരു അവസ്ഥ വിശേഷത്തിന്റെ ഗുണം കാശില്ലാത്തവന്‍ അത് ഏതു വിധേനെ ഉണ്ടാക്കിയാലും അയാള്‍ക്ക് ഈ സമൂഹത്തില്‍ മാന്യത കിട്ടും എന്നതാണ് . ഉദാഹരണമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ അബ്ദു കൊണ്ട് പോയ അതേ വേശ്യയുമായി പോകുന്ന ഷിബു വെള്ളായണിയെ നോക്കു. അയാള്‍ അവിടെ എന്തിനാണ് വന്നത് എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ അയാള്‍ക്ക് ഒരു ബുദ്ധിമുട്ടും അവിടെ ഉണ്ടാകുന്നില്ല . ഇനി രവിശങ്കറിനെ നോക്കു. അയാളുടെ അമ്മ ഒരു വേശ്യയിരുന്നു എന്ന് അയാളുടെ അച്ഛന്‍ തന്നെ പറയുന്നു . പക്ഷെ കശുണ്ടായപ്പോള്‍ വേശ്യ എന്ന പദം കാസനോവ എന്നായി മാറുന്നു. ഇനി രവിയുടെ അമ്മ നേടിയെടുത്തതെല്ലാം നശിപ്പിച്ചിട്ടാണ് മരിച്ചത് എങ്കിലോ?  അപ്പോള്‍ അവരുടെ സ്ഥാനം വേശ്യ എന്നതായി തന്നെ തുടരും.ഇനി രവിശങ്കറിന്റെ അമ്മയുടെ ജീവിതത്തെ എതിര്‍ക്കുകയും അതില്‍ നിന്ന് ഒഴിഞ്ഞു സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന അയാളുടെ അച്ഛന്‍ പോലും കഷ്ട്ടകാലം വന്നാല്‍ ഉപയോഗിക്കാനായി അതിലൊരു ഭാഗം അപഹരിച്ചു വയ്ക്കുന്നു .ആദ്യം എനിക്ക് സംഗതി  എച്ച് കേട്ടലായി തോന്നി എങ്കിലും മലയാളിയുടെ തനി സ്വഭാവത്തെയാണ്‌ അത് കാണിക്കുന്നത് എന്ന്  പിന്നീടു തോന്നി .ഒരു പക്ഷെ അത് അവതരിപ്പിച്ച രീതി മോശമായത് കൊണ്ടാകണം ഏച്ചുകേട്ടലായി തോന്നുന്നത് .പിന്നെ ധ്വനിയും കൂട്ടുകാരി സറീനയും തികഞ്ഞ പ്രായോഗിക വാദികളായ ഈ തലമുറയിലെ സ്ത്രീകളാണ് . അതിങ്ങനെ വീണ്ടും വീണ്ടും കാണിച്ചു യാഥാസ്ഥിതികരായ  ആണുങ്ങളെ ചൊറിയാം എന്നതിനപ്പുറം ഒന്നുമില്ല. പക്ഷെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ പ്രവീണയും ആയുള്ള സംസാരം പോലെ മുഴച്ചു നില്‍ക്കുന്നില്ല എന്ന് മാത്രം.


ശരി ബുദ്ധി അത്ര മതി .. ഇനി ഒരു കാര്യം തൂവാനത്തുമ്പികളിലെ തങ്ങള്‍ എന്ന കഥാപത്രത്തെ പുനര്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു വികാരം . പ്രത്യേകിച്ചു ജയകൃഷ്ണനെ പറ്റിയുള്ള പരാമര്‍ശം .. അതൊക്കെ

തിരകഥയുടെ മൊത്തത്തിലുള്ള ഒരു ബലക്കുറവു മറച്ചു വെക്കാന്‍ ആകണം അങ്ങനെ ഒരു പഴയ കഥാപാത്രത്തെ ഇതില്‍ കൊണ്ട് വന്നത് . തൂവാനതുമ്പികള്‍ എന്ന ചിത്രത്തിന്റെ മൂലകഥ എടുത്ത ഉദകപ്പോള എന്ന നോവലില്‍ തന്നെ ശിഷ്യനായ ആന്റപ്പന്‍ പുതിയ രീതികളുമായി വളര്‍ന്നു വരുമ്പോള്‍ തകരുന്ന പഴയ രീതിക്കാരന്‍  തങ്ങളെ കാണിച്ചിട്ടുണ്ട് .അയാള്‍ ഇപ്പോളും ത്രിശൂര്‍ വിട്ടു കൊച്ചിയില്‍ എത്തി വെളുത്ത ഷര്‍ട്ടിന്റെ കൈമടക്കില്‍ കാശും തിരുകി പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഇടനാഴിയില്‍ ചുറ്റി തിരിയുന്നു എന്ന് പറഞ്ഞാല്‍ സാധാരണക്കാരനെ പരിഹസിക്കലല്ലേ പ്രകാശ്‌/ അനൂപേ?

അതൊക്കെ നില്‍ക്കട്ടെ അപ്പോള്‍ ഈ ചിത്രത്തെ പറ്റി ഒറ്റ വാചകത്തില്‍ .....

പൂര്‍ണമായ ഒരു കഥയുടെ അഭാവം  , അനൂപ്‌ മേനോന്‍റെ സംഗതികള്‍ എന്നിവയ്ക്ക് നേരെ കണ്ണടച്ചാല്‍ പ്രായപൂര്‍ത്തി ആയവര്‍ക്ക് ആസ്വദിച്ച് കാണാവുന്ന ചിത്രം .തല്‍ക്കാലം ഇത്രയും പോരെ?

മതി മതി നമ്മുടെ സമയം കഴിയാറായി . ഞങ്ങളുടെ പ്രേക്ഷകരോട് എന്തെങ്കിലും പ്രത്യേകമായി ........

കള്ളു ഷാപ്പുകള്‍ അടച്ചു പൂട്ടി കൂടെ എന്ന് ചോദിക്കുന്ന നിയമ സംവിധാനങ്ങളുടെയും . ഡീസ്സല്‍ ധനവാന്മാരുടെ കാറുകളില്‍ മാത്രം ഉപയോഗിക്കുന്നവ ആണെന്നും അതിന്റെ വില വര്‍ധന സാധാരണക്കാരനെ ബാധിക്കില്ല എന്നും  പ്രസ്താവന ഒരു ഉളുപ്പും ഇല്ലാതെ ഇറക്കുന്ന ഭരണ കര്‍ത്താക്കളുടെയും ഈ നാട്ടില്‍ , വരും കാലത്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ പ്രസക്തം ആയേക്കാം . നമുക്ക്  അപ്പോളും അച്യുതാനന്ദന്‍ - പിണറായി , സവര്‍ണ്ണ ഫാസിസം vs ന്യുനപക്ഷ  തീവ്രവാദം  മുതലായവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ന ഹൈ ടെക് വിനോദങ്ങളില്‍ മുഴുകി ജീവിക്കാം .യഥാര്‍ത്ഥ വിജയികളുടെ പോട്ടിച്ചിരികള്‍ക്ക് നേരെ കാതുകള്‍ അടച്ചു പിടിച്ചു നമുക്ക് അവസാന ശ്വാസം വരേക്കും പൊരുതാം . തോല്‍ക്കുകയും തോല്പ്പിക്കപ്പെടുകയും ചെയ്യുന്നത്  നമ്മള്‍ തന്നെയാകുമ്പോള്‍ പിന്നെ എന്ത് പേടിക്കാന്‍ ?


ജയ് ഹിന്ദ്‌



Friday, September 21, 2012

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം (Bhoopadathil ellatha oridam : Review )




അനിയാ , ഈ മലയാള സിനിമ രംഗത്ത്‌ പുതു മുഖങ്ങള്‍ കുറവാണു എന്നൊരു പരാതി നിനക്കുണ്ടോ ? അല്ലെങ്കില്‍ ഉടനെ തന്നെ ക്ലാസ്സിക്‌ ആക്കാന്‍ പോകുന്ന മലയള സാഹിത്യത്തില്‍ നിന്നും നല്ല കൃതികള്‍ സിനിമ ആക്കുന്നില്ല എന്നുള്ള പരാതി .....?

അത് പിന്നെ ... അങ്ങനെ ചോദിച്ചാല്‍ ....പുതുമുഖങ്ങളുടെ കാര്യം എടുത്താല്‍   ഈ തമിഴ് സിനിമ  ഒക്കെ നോക്കുമ്പോള്‍  ഇവിടെ കുറച്ചു  കുറവല്ലേ സംഗതി. അതിരിക്കട്ടെ എപ്പോള്‍ ഇതു ചോദിയ്ക്കാന്‍ കാര്യം ? അണ്ണന് ഈ പരാതി ഇല്ലേ?

ഉണ്ടായിരുന്നു . ഇന്നലെ രാത്രി ഒന്‍പതരയോടെ ആ രണ്ടു  പരാതികളും തീര്‍ന്നു . ഇനി കുറച്ചു കാലത്തേക്ക് ഉണ്ടാകും എന്ന് തോന്നുന്നില്ല .


അല്ല അങ്ങനെ പെട്ടന്ന് തീരാന്‍ എന്തെങ്കിലും വിശേഷിച്ചു ....?

സാഹിത്യകാരന്‍ സേതു എഴുതിയ ദേശത്തിന്‍റെ വിജയം എന്ന ചെറുകഥ ആധാരമാക്കി ജോ ചാലിശ്ശേരി തിരകഥ എഴുതി സംവിധാനം ചെയ്ത ഡേവിഡ്‌ കാച്ചിപള്ളി നിര്‍മ്മിച്ച സര്‍വോപരി ശ്രീനിവാസന്‍ , നെടുമുടി വേണു , ഇന്നസെന്‍റ്, നവീന്‍ പോളി ,സുരാജ് ,ശശി കലിംഗ , രാജശ്രീ , ഇനിയ  എന്നിവരൊക്കെ അഭിനയിച്ചു നമ്മെ ധന്യര്‍ ആക്കിയ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രം കണ്ടതോടെയാണ് എന്‍റെ ഈ വക സകല പരാതികളും തീര്‍ന്നത്.

അതും കണ്ടോ എന്നാല്‍ സിനിമയെ പറ്റി കുറച്ചു .....

വട്ടണ്ണാത്ര എന്നൊരു ഗ്രാമം . അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ട്‌ എഴുത്തച്ഛന്‍ (നെടുമുടി), ഇന്‍സ്പെക്ടര്‍ ഇടിക്കുള (ഇന്നസെന്‍റ് ) , പ്രതിപക്ഷ നേതാവ് സുഗുണന്‍ (സുരാജ് ) എന്നിവരുടെ കോമഡിയോടെ ചിത്രം ആരംഭിക്കുന്നു . (ഒരു മാതിരി പ്രഭാതം പൊട്ടിവിരിഞ്ഞു എന്നൊക്കെ പറയുന്ന പോലെ) .മറ്റൊരു സ്ഥലത്ത് നിന്നും ആ ഗ്രാമത്തിലെ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന മാധവന്‍ കുട്ടിയാണ് (ശ്രീനിവാസന്‍) കേന്ദ്ര കഥാപാത്രം. ഭാര്യയും (രാജശ്രീ) കുട്ടികളും നാട്ടിലാണ്.ഇയാളുടെ സുഹൃത്താണ്‌ നവീന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രം (പേര് മറന്നു.നമുക്ക്  ഇയാളെ വാസു എന്ന് വിളിക്കാം ).വാസുവിന്‍റെ കാമുകിയും മാധവന്‍ കുട്ടിയുടെ പാര്‍ട്ട്‌ ടൈം പാചകക്കാരിയും ആണ് ഭാമ (ഇനിയ) . മദ്യപാനിയായ  അച്ഛന്‍ (ശശി കലിംഗ ) ഉള്ളതുകാരണം ഭാമ സ്വന്തം കല്യാണം സ്വയം ഉണ്ടാക്കുന്ന കാശു കൊണ്ട് നന്നായി നടത്തും എന്ന വാശിയിലാണ്. ഇത്രയും വ്യക്തമായോ?  ഇനിയാണ് കഥ എന്ന് ആരോപിക്കപ്പെടുന്ന സാധനം ആരംഭിക്കുന്നത്.

അങ്ങനെ ഇരിക്കെയാണ് ആ ഗ്രാമത്തെ മൊത്തം ഞെട്ടിച്ച ഒരു സംഭവം ഉണ്ടാകുന്നത്
. അവിടുത്തെ ഒരു പണമിടപാട് സ്ഥാപനത്തില്‍ പട്ടാപകല്‍ മോഷണം നടക്കുന്നു .
വളരെ നാളുകള്‍ കൂടിയാണ് ആ നാട്ടില്‍ മോഷണം നടക്കുന്നത് . പഞ്ചായത്ത്
പ്രസിഡണ്ട്‌ രാജി വെക്കണം എന്നാ ആവിശ്യവുമായി പ്രതിപക്ഷം രംഗത്ത്
എത്തുന്നു. മുഖം രക്ഷിക്കാനായി ഈ കേസില്‍ മാധവന്‍ കുട്ടി കള്ളസാക്ഷി
പറയണം ഈ ആവശ്യവുമായി  പഞ്ചായത്ത് പ്രസിഡണ്ട്‌, ഇടിക്കുള എന്നിവര്‍
മാധവന്‍ കുട്ടിയെ വട്ടമിടുന്നു . സ്വതവേ കുറച്ചു പെടിത്തോണ്ടനായ  മാധവന്‍
കുട്ടി കള്ളസാക്ഷി പറഞ്ഞാല്‍ തടവ്‌ ശിക്ഷ ലഭിക്കും എന്ന് കൂടി കേള്‍ക്കുന്നതോടെ സാക്ഷി പറയാന്‍ വിസമ്മതിക്കുന്നു. ഇടവേള വരെ സാക്ഷി പറയുമോ .. ഇല്ല എന്നുള്ള കളിയാണ്‌ പ്രധാനമായും . ഇടവേള കഴിയുമ്പോള്‍ ഭാമയെ ആരാണ്ട് ബലാല്‍സംഗം ചെയ്യുന്നു.അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ആകുന്ന ഭാമ.ജനം വീണ്ടും ഇളകുന്നു . മാധവന്‍ കുട്ടിയോട് ഇതിനും സാക്ഷി പറയാന്‍ സമ്മര്‍ദ്ദം.വീണ്ടും വിസമ്മതം . ഒടുവില്‍ നാട്ടുകാര്‍ മാധവന്‍ കുട്ടിയെ വീട്ടു തടങ്കലില്‍ ആക്കുന്നു (കള്ള സാക്ഷി പറയാന്‍ !!) മാധവന്‍ കുട്ടിയെ പ്രതിപക്ഷ നേതാവ് രക്ഷപെടുത്തി ഒളിവില്‍ പാര്‍പ്പിക്കുന്നു.പക്ഷെ പ്രതിപക്ഷ നേതാവ് ഭരണം ഏല്‍ക്കുമ്പോള്‍ ഇതേ കള്ള സാക്ഷി പറയേണ്ടി വരും എന്നറിയുന്ന നായകന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നു .തക്ക സമയത്ത് അവിടെ എത്തുന്ന വാസു പ്രതിപക്ഷ നേതാവ് സുഗുണനുമായി ഗുസ്തി പിടിച്ചു ഒടുവില്‍ അയാളെ കുത്തി വീഴ്ത്തുന്നു.ഭാമയെ ബാലസംഗം ചെയ്തു എന്ന വിവരം മരിക്കുന്നതിനു മുന്‍പ് പുള്ളിക്കാരി വാസുവിനോട് പറഞ്ഞിരുന്നു എന്നും, അന്ന് മുതല്‍ പ്രതികാര ദാഹിയായി വാസു സുഗുണനെ ഒറ്റയ്ക്ക് കിട്ടാന്‍ നോക്കി നടക്കുകായിരുന്നു എന്നും നമ്മള്‍ അറിയുന്നു . ഒടുവില്‍ വാസുവിനെ കൊണ്ടുപോകാനായി പോലീസ് വരുമ്പോള്‍ ഇയാള്‍ അല്ല കൊന്നത് എന്ന കള്ള സാക്ഷി പറയാനായി മാധവന്‍ കുട്ടി പൊലീസിനോടൊപ്പം പോകുന്നതോടെ ഈ ചിത്രത്തിന് തിരശീല വീഴുന്നു .

അഭിനയം .. ഒക്കെ

അനിയാ . ഈ സിനിമക്ക് അടിസ്ഥാനമായ ചെറുകഥ ഞാന്‍ വായിച്ചിട്ടില്ല .
എങ്കില്‍ പോലും നാലോ അഞ്ചോ പേജുള്ള ഒരു ചെറുകഥ രണ്ടു മണിക്കൂര്‍ എങ്കിലും ഉള്ള ഒരു സിനിമ ആക്കുമ്പോള്‍ ആലോചിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഈ ചിത്രത്തില്‍ സംവിധായകന്‍ ആലോചിച്ചു കണ്ടില്ല . അതിനൊപ്പം പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലാത്ത അഭിനേതാക്കള്‍ കൂടി ആകുമ്പോള്‍ ദുരന്തം പൂര്‍ത്തിയാകുന്നു .
തമാശകള്‍ ആണെങ്കില്‍ നായകന്‍ കതകടച്ചു ഫാന്‍ തുടക്കാനായി സ്ടൂളില്‍ കേറുമ്പോള്‍ സ്റ്റൂള്‍  മറിഞ്ഞു വീഴുകയും  ഫാനില്‍ തൂങ്ങി പിടിച്ചു നില്‍ക്കുന്ന നായകന്‍റെ അന്തരീക്ഷത്തിലെ കാലുകള്‍ കണ്ടു ഭാര്യയും മക്കളും അയ്യോ  ഇങ്ങേരു തൂങ്ങി ചത്തേ എന്ന് നിലവിളിച്ചു ആളെ കൂട്ടുമ്പോള്‍ നായകന്‍ ഇളിഭ്യനായി ഇറങ്ങി വരുന്ന പോലുള്ള രംഗങ്ങളാണ്

ചുരുക്കത്തില്‍  പറഞ്ഞാല്‍ ....

മര്യാദക്ക് എടുത്തിരുന്നെങ്കില്‍ പഞ്ചവടിപ്പാലം കഴിഞ്ഞാല്‍ ഏറ്റവും
മികച്ച ആക്ഷേപ ഹാസ്യചിത്രം ആയേനെ ഇതു . എന്നാല്‍ ഈ ചിത്രത്തിലെ
പ്രവര്‍ത്തകരുടെ മികവു (പ്രധാനമായും സംവിധാനം തിരകഥ എന്നിവ നിര്‍വഹിച്ച
ജോ ചാല്ലിശ്ശേരി ) കാരണം സംഗതി ഒരുമാതിരി സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍
ചെയ്യുന്ന സിനിമ പ്രോജെകറ്റ്  പോലെയുണ്ട് ഈ ചിത്രം

തീയറ്റെറില്‍ നിന്ന് പോയ അല്ലെങ്കില്‍ പോകാറായ ഒരു ചിത്രത്തെ പറ്റി വിസ്തരിച്ചിട്ടു വലിയ കാര്യം ഒന്നും ഇല്ല എന്ന് അറിയാത്തത് കൊണ്ടല്ല .. പിന്നെ ഞാനൊരുത്തന്‍ അനുഭവിച്ച ദുരിതം പങ്കു വെച്ചില്ലങ്കില്‍ പിന്നെ എന്തോന്ന് ബാല്‍ക്കണി എന്തോന്ന് പ്രേക്ഷകന്‍ ?????  അല്ല പിന്നെ !!!

Friday, February 10, 2012

ഉന്നം (Unnam )

അണ്ണാ .. നില്‍ .. ഒരു നിമിഷം .

നിറുത്തിയെടെ.ഈ നാട്ടില്‍ സ്വന്തം അഭിപ്രായം പറഞ്ഞു എന്ന കുറ്റത്തിന് കുരിശില്‍ തറച്ചിരിക്കുന്ന എന്നോട് നിനകെന്താ പറയാനുള്ളത് ?

അണ്ണാ ചുമ്മാ സെന്റി അടിക്കാതെ.ആ second show എന്ന ചിത്രത്തെ പറ്റി വെച്ച് കാച്ചുമ്പോള്‍ ഓര്‍ക്കണമായിരുന്നു.ഒന്നുമല്ലെങ്കില്‍ സഹിക്കാവുന്ന ഒരു ചിത്രം എന്നെങ്കിലും കാച്ചിയാല്‍ പോരായിരുന്നോ ഇയാള്‍ക്ക്

അനിയാ, എന്‍റെ വിശ്വാസം ഇന്നത്തെ കാലത്ത് സഹിക്കാവുന്ന ഒരു മലയാള സിനിമ വന്നാല്‍,ഇന്നു ലോകത്തെ ഏറ്റവും ഗതികെട്ട വര്‍ഗമായ മലയാള പ്രേക്ഷകര്‍ ആ ചിത്രത്തെ ആര്‍ത്തിയോടെ പോയി കണ്ടു അതിനെ ഒരു വന്‍ വിജയം ആകും എന്നതാണ്. ഏറ്റവും അവസാനത്തെ ഉദാഹരണം കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ആണ് .ശരിക്കും പറഞ്ഞാല്‍ ശരാശരി നിലവാരം ഉള്ള സിനിമ എന്നു പറയാവുന്ന ആ ചിത്രം പോലും കുടുംബ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടത് ആകുന്നത്‌ ബാക്കി സിനിമകള്‍ അത്രക്ക് കൂറ ആകുന്നത്‌ കൊണ്ടല്ലേ?

അത് നമുക്ക് പിന്നെ തര്‍ക്കിക്കാം.അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍മ വന്നത് ഏതാണ്ട് അതെ ടീം (ലാല്‍,ശ്വേത,ആസിഫലി ) അണി നിരക്കുന്ന ഒരു ചിത്രം ഈ ആഴ്ച വരുന്നുണ്ടല്ലോ.ഉന്നം.സംഗതി കണ്ടായിരുന്നോ ?

കണ്ടു ഇന്നു പറഞ്ഞാല്‍ പോര.തികച്ചും സാഹസികമായി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സമ്മേളനം വക ചെങ്കടല്‍ (അങ്ങനെയേ പറയാവു ഇന്നു ഞങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം ഉണ്ട്.സംഗതി അവരുടെ സത്വമോ പ്രേതമോ എന്തോ ആണ് പോലും) നീന്തി കടന്നാണ് അനിയാ ഇന്നലെ ആ പടം കണ്ടത് .

ആണോ നന്നായി? എന്നാല്‍ ബാക്കി പറഞ്ഞേ വേഗം.അല്ലെങ്കിലെ ഞാന്‍ ഈയിടെയായി കുറച്ചു പതുക്കെയാണ് എന്നാ കാളകൂടം കറിയാച്ചന്‍റെ പരാതി.ഇങ്ങനെ പോയാല്‍ ചിത്ര വിദ്വേഷം പൂട്ടി ഞാനും വല്ല ജാതി സെന്‍സസ് പരിപാടിയും തുടങ്ങേണ്ടി വരും . പറയുമ്പോള്‍ എല്ലാം പറയണമല്ലോ അതിനാ ഇപ്പോള്‍ മുട്ടന്‍ മാര്‍ക്കറ്റ്‌.

നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ സെന്‍റ്റിമെന്റ്റല്‍ ഭീഷ്മാചാര്യന്‍ ശ്രീ സിബി മലയിലാണ്.സ്വാതി ഭാസ്കര്‍ ആണ് കഥ (പൊക്കിയിരിക്കുന്നത്).റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി ഈണം പകര്‍ന്നിരിക്കുന്നു അജയന്‍ വിന്‍സെന്റ് ചായാഗ്രഹണം കലാസംവിധാനം പ്രശാന്ത്‌ മാധവ്. അഭിനേതാക്കള്‍ നേരത്തെ പറഞ്ഞവരെ കൂടാതെ റീമ കല്ലുംഗല്‍,നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങിയവരാണ് .

ഒരു നിമിഷം...കഥ പൊക്കിയത് എന്നു വെച്ചാല്‍?ഏതെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ ചിത്രത്തിന്‍റെ പകര്പ്പാണോ ഈ ചിത്രം ? അല്ലെങ്കില്‍ ഇറാന്‍, സ്പാനിഷ്‌ .....

അടങ്ങേടെ ഇവന്‍ നമ്മുടെ ഹിന്ദിയില്‍ തന്നെ ഇറങ്ങിയ ജോണി ഗദ്ദാര്‍ എന്ന ചിത്രത്തിനെ അവലംബിച്ചു എടുത്ത പടമാണ്. പക്ഷെ പുതുമ ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ സംഗതി വൃത്തിയായി എഴുതി കാണിക്കുന്നുണ്ട് എന്നതാണ്.വന്നു വന്നു ഒള്ള കാര്യം പറയുന്നത് പോലും പുതുമ ആകുന്ന കാലം.ഇതേ സത്യസന്ധത ജോണി ഗദ്ദാര്‍ എന്ന ഈ ചിത്രത്തിന്‍റെ ഒര്‍ജിനലിലും കാണാം (ആ പടം തുടങ്ങുന്നത് തന്നെ വിജയ്‌ ‍ ആനന്ദിനും ജെയിംസ്‌ ഹാര്‍ഡി ചേസിനും നന്ദി പറഞ്ഞു കൊണ്ടാണ്). നമ്മുടെ കോക്ക്ടൈല്‍ എന്ന ചിത്രത്തിന്‍റെ ഒറിജിനല്‍ ഇന്നേ വരെ കണ്ടിട്ടില്ല എന്നു ഗീര്‍വാണം അടിക്കുന്ന അനൂപ്‌ മേനോന്‍ ഒക്കെ കണ്ടു പഠിക്കേണ്ട മാതൃകയാണിത് .

അണ്ണന്‍ കട്ടില്‍ നിന്നിറങ്ങി ചിത്രത്തിന്റെ കഥ ചുരുകത്തില്‍ ഒന്ന് ...

ബാന്ഗ്ലൂരില്‍ സി ഐയായ ബാലകൃഷ്ണയുടെ (ശ്രീനിവാസന്‍ ) കൈയ്യില്‍ അഞ്ചു കോടി രൂപയിലേറെ വിലയുള്ള മയക്കുമരുന്ന് യാദൃശ്ചികമായി വന്നു പെടുന്നതോടെയാണ്‌ കഥ തുടങ്ങുന്നത് . ആ മയക്കുമരുന്ന് വില്‍ക്കാന്‍ ബാലകൃഷ്ണ , മുംബൈ അധോലോകത്തിലെ പഴയ അംഗമായിരുന്ന തന്റെ സുഹൃത്ത് സണ്ണി അങ്കിളിന്റെ (ലാല്‍ ) സഹായം തേടുന്നു .രണ്ടര കോടി രൂപയ്ക്ക് ബാലകൃഷ്ണയുടെ കൈയ്യില്‍ നിന്നും ആ മയക്കുമരുന്ന് വാങ്ങാം എന്ന് സണ്ണി അങ്കിള്‍ സമ്മതിക്കുന്നു .അത്തരം ഇടപാടുകള്‍ എല്ലാം നിറുത്തി ഫോര്‍ട്ട്‌ കൊച്ചിയില്‍ സ്വസ്ഥമായി താമസിക്കുന്ന സണ്ണി അങ്കിള്‍ ബാലകൃഷ്നയെ സഹായിക്കാന്‍ വേണ്ടി മാത്രമല്ല വീണ്ടും അതിനു ഒരുങ്ങുന്നത് .അങ്കിളിന്റെ സുഹൃത്തുക്കള്‍ (സുഹൃത്തുക്കളുടെ മക്കളും) ആയ അലോഷി (അസിഫ് അലി ),ടോമി (പ്രശാന്ത് നാരായണന്‍ ),മുരുകന്‍ (നെടുമുടി വേണു ),ബഷീര്‍ (നൌഷി) എന്നിവരെ സാമ്പത്തികം ആയി സഹായിക്കുക എന്ന ഉദ്ദേശം കൂടി അങ്കിളിന് ഉണ്ട്.ആ അഞ്ചംഗ സംഘം ഓരോരുത്തരും അമ്പതു ലക്ഷം രൂപ വെയ്ച്ച് ഇട്ടു ബാലകൃഷ്ണയുടെ കയ്യില്‍നിന്നും മയക്കുമരുന്ന് വാങ്ങാന്‍ തീരുമാനിക്കുന്നു. രണ്ടര കോടി രൂപയുമായി ബഷീര്‍ ബംഗ്ലൂരെക്ക് യാത്ര തിരിക്കുന്നു. പക്ഷെ ബാന്‍ഗ്ലൂര്‍ എത്തുന്നതിനു മുന്‍പ് ബഷീര്‍ കൊല്ലപ്പെടുന്നു,രണ്ടര കോടി രൂപ കാണാതാകുന്നു.പിന്നെ അങ്ങോട്ട്‌ ചതികളുടെയും ,കൊലപാതകങ്ങളുടെയും ഒരു പരമ്പരയാണ് .

കിടിലം കഥയാണല്ലോ അണ്ണാ.

ജോണി ഗദ്ധാറിന്റെ കഥ കിടിലം തന്നെ ആയിരുന്നു അനിയാ

അത് മലയാളത്തില്‍ ആക്കിയത് നിങ്ങള്‍ക്ക് പിടിച്ചില്ലേ ?

ശ്രമത്തില്‍ സന്തോഷമേ ഉള്ളു അനിയാ

പിന്നെ എന്തര് ഒരു പുച്ഛം പോലെ ?

പുച്ഛം അല്ല അനിയാ .സങ്കടമാണ് .

അതെന്തരിനു സങ്കടങ്ങള് ?

നല്ലൊരു ത്രില്ലര്‍ അതേ പടി മലയാളത്തില്‍ എടുത്തപ്പോള്‍ സീരിയല്‍ നിലവാരത്തില്‍ ഉള്ള സെന്റി ,പിന്നെ മിസ്‌കാസ്റ്റിംഗ് ഇത്രയും കൊണ്ട്‌ നശിപ്പിച്ചത് കൊണ്ട്

തിരിഞ്ഞില്ല .സ്ഫുടമായി പറയീന്‍ .

അനിയ ജോണി ഗദ്ധാര്‍ എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകള്‍ രണ്ടാണ് .ഒന്ന് ഫിലിം നോയിര്‍ (ഈ ലോ കീ ലൈറ്റിംഗ് ഒക്കെ വെച്ച് പഴയ ക്ലാസിക് ക്രൈം ത്രില്ലറുകളുടെ അതേ ഫീലില്‍ കഥ പറയുന്ന രീതി. ബാക്ഗ്രൌണ്ട് മ്യൂസിക്കും ഒക്കെ ആ മൂഡിന് ചേരുന്ന തരത്തില്‍ ആയിരിക്കും ) രീതിയിലെ കഥ പറച്ചില്‍ .രണ്ടാമത്തത് പണം കാണാതാവുന്നത് തൊട്ട് ഓരോ സീനും പ്രേക്ഷകര്‍ക്ക്‌ തരുന്ന ഷോക്ക് . ഈ രണ്ടും ഉന്നത്തില്‍ ഇല്ല .കഥ പറയുന്ന രീതി അങ്ങ് പോട്ടെ എന്ന് വെയ്ക്കാം .പക്ഷെ ഇങ്ങനെ ഒരു ത്രില്ലറില്‍ ഈ പറഞ്ഞ ഷോക്ക് വാല്യൂ ഇല്ലെങ്കില്‍ അത് ഒരു നനഞ്ഞ പടക്കം പോലെ ആയി പോകും

അതെന്ത്,ഷോക്ക് വാല്യൂ ഇതില്‍ ഇല്ലാത്തത്? നിങ്ങള്‍ തന്നെ അല്ലെ പറഞ്ഞത് ജോണി അതേ പടി ആണ് ഉന്നം ആയത് എന്ന്.അതിലുള്ളത് ഇതില്‍ വന്നപ്പം കളവു പോയാ ?

കളവു പോയത് അല്ലടാ .സിബി മലയില്‍ സാര്‍ ചില സീനുകളില്‍ സ്വന്തം ബുദ്ധി, കഴിവ് എന്നിവ ഉപയോഗിച്ച് ചില കൂട്ടി ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട് .ഉദാഹരണത്തിന് ഇന്റര്‍വെല്‍ ആകുന്നതിനു തൊട്ട് മുന്‍പുള്ള സീനില്‍ ലാലും ആസിഫ് അലിയും മരിച്ച് കിടന്നുള്ള അഭിനയമാണ്.ആ സീന്‍ വലിച്ചു നീട്ടി,ആവശ്യമില്ലാത്ത കണ്ണ് തുറിക്കല്‍,ഞെട്ടല്‍,വികാര വിക്ഷോഭം എന്നിവ കൊണ്ട് കൊളമാക്കിയിട്ടുണ്ട്.പിന്നെയും ഉണ്ട് സിബി മലയില്‍ വക സംഭാവനകള്‍ .സണ്ണി എന്ന കഥാപാത്രത്തിന്റെ ഭാര്യയും അയാളും തമ്മില്‍ ഉണ്ട് എന്ന് പറയുന്ന അഭൌമമായ എന്തരോ ബന്ധം കാണിക്കാന്‍ സിബിയും സ്വാതി ഭാസ്ക്കറും കൂടി ചില സീനുകള്‍ എടുത്തു വെച്ചിട്ടുണ്ട്. അഭൌമം അല്ല നല്ല അശ്ലീലം ആണ് കാണികള്‍ക്ക് തോന്നുക (ആസിഫ് അലി കാപ്പി കൊണ്ട് വരുമ്പോള്‍ ലാല്‍ സ്വപ്നം കാണുന്ന സീന്‍ ഉദാഹരണം). ഈ പറഞ്ഞ അഭൌമ ബന്ധം രണ്ടോ മൂന്നോ സീനികളില്‍ നല്ല വൃത്തിയായി കാണികളുടെ മനസ്സില്‍ തൊടുന്ന രീതിയില്‍ ജോണി ഗദ്ധാറില്‍ ഉണ്ട്.(ഈ ചിത്രത്തില്‍ കുളമാക്കിയ പല രംഗങ്ങളും എങ്ങനെ നന്നായി എടുക്കാം എന്ന് ആണുങ്ങള്‍ കാണിച്ചു കൊടുത്താലും മനസിലാകില്ല എന്ന് പറഞ്ഞാല്‍ എന്ത് ചെയും ?)

ഓ അതിനിപ്പം എല്ലാ മലയാളികളും ജോണിയെ കണ്ടിട്ടില്ലല്ലോ അണ്ണാ .അത് കൊണ്ട് താരതമ്യം ഒന്നും അധികം ഉണ്ടാവില്ല .

അത് ഈ സിനിമക്ക് ഉഗ്രന്‍ പ്ലസ് ആയേനെ.ശരിക്കും പറഞ്ഞാല്‍ ജോണി ഗദ്ദാര്‍ എന്ന ചിത്രം മലയാളത്തില്‍ എടുക്കാന്‍ ഉള്ള തീരുമാനം തന്നെ തികച്ചും ബുദ്ധി പൂര്‍വ്വം ആണ് അത് പോലെ മണ്ടത്തരമായി പോയി ഇങ്ങനത്തെ ഒരു പടം എടുക്കാന്‍ സിബി മലയില്‍നെ ഏല്‍പ്പിക്കുന്നത് .എല്ലാവരെയും സഹായിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ജീവിക്കുന്ന അധോലോക അങ്കിള്‍ ആയി ലാലിന്റെ കഥാപാത്രത്തെ മാറ്റുക, ബാല്യകാല സഖി/കാമുകി ആയ അന്യന്റെ ഭാര്യ ,കല്യാണം കഴിഞ്ഞിട്ടും അവള്‍ സ്വമനസാലെ തന്റെ അടുത്തു വരുന്നതു വരെ അവളെ ഒന്ന് തോടുക പോലും ചെയില്ല എന്ന് ഭീഷ്മ ശപഥം എടുത്തു നടക്കുന്ന ഒരു ഹൈക്ലാസ് പിമ്പ് (ചീത്ത വിളിച്ചതല്ല ---കഥാപാത്രത്തിന്റെ ജോലി അതാണ്‌ ), കിരീടത്തിലെ സേതുമാധവന്‍ പറയ്ന്നത് പോലെ 'എനിക്ക് ജീവിക്കണം ' എന്ന മട്ടില്‍ ഡയലോഗ് അടിച്ച് ആളുകളെ കൊല്ലുന്ന ആസിഫ് അലിയുടെ കഥാപാത്രം ...അങ്ങനെ പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കുന്ന ഒത്തിരി ഐറ്റംസ് സിബി സാര്‍ ഈ പടത്തില്‍ വാരി വിതറിയിട്ടുണ്ട്\.അത് കൊണ്ട് ജോണി കാണാതെ പോയാലും നീ ധന്യനാകും .

അഭിനയം ...
ദോഷം പറയരുതല്ലോ അനിയാ .പ്രശാന്ത് നാരായണന്‍ കലക്കിയിട്ടുണ്ട് .പക്ഷെ അയാളുടെ കഥാപാത്രത്തിന്റെ സീരിയസ്നെസ് പലപ്പോഴും സിബി സാറും സ്വാതി ഭാസ്ക്കറും കൂടി നശിപ്പിച്ച് കൈയ്യില്‍ കൊടുക്കും .എന്നിട്ട് പോലും അയാളെ ഏല്‍പ്പിച്ച പണി അയാള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്

ബാക്കിയുള്ളവര്‍ ?

പറഞ്ഞല്ലോ മിസ്‌കാസ്റ്റിങ്ങിന്റെ എട്ട് കളിയാണ് ഈ പടത്തില്‍ . ഒന്നാമത്തെ എല്ലാവരെയും സഹായിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന അധോലോക അങ്കിള്‍ എന്ന കഥാപാത്രം കണക്കാണ് .അത് ലാല്‍ അവതിരിപ്പിക്കുക കൂടി ചെയുമ്പോള്‍ പൂര്‍ത്തിയായി .അങ്ങേര്‍ അഭിനയിച്ച് തുടങ്ങിയാല്‍ പിന്നെ വെടി വെച്ച് കൊന്നാല്‍ പോലും നിറുത്തൂലഡേ. പിന്നെയുള്ളത് ആസിഫ് അലി . രണ്ടു മിനിട്ട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രം ആരെയും കൊല്ലുന്ന ലോല ഹൃദയനായ അലോഷി എന്ന കഥാപാത്രത്തെ ആ പരുവത്തില്‍ ആക്കിയ (ഒര്‍ജിനല്‍ സൃഷ്ടിച്ചത് വേറെ ആണുങ്ങള്‍ ) സിബി ,സ്വാതി ഭാസ്കര്‍ എന്നീ മഹത്തുക്കള്‍ കാണികളെ കൊന്നു കൊല വിളിക്കുന്നതില്‍ എന്തെങ്കിലും കുറവ് വെച്ചിട്ടുണ്ടെങ്കില്‍ അത് ആസിഫ് സ്വന്തം ഭാവാഭിനയത്തിലൂടെ നികത്തുന്നുണ്ട് . നെടുമുടി വേണു , ശ്രീനിവാസന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങള്‍ക്ക് ഒട്ടും യോജിച്ചവര്‍ അല്ല . ശരിക്കും എന്റെ അഭിപ്രായത്തില്‍ നെടുമാടി വേണുവിന്റെ കഥാപാത്രം സിദ്ധിക്കും,ശ്രീനിവാസന്റെ കഥാപാത്രം ലാലും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ നന്നായേനെ .

അപ്പൊ ലാലിന്റെ കഥാപാത്രം ആര് ചെയ്യണമായിരുന്നു എന്നാ നിങ്ങള്‍ പറയുന്നത് ?

സുരേഷ് ഗോപി ആ കഥപാത്രത്തിനു യോജിച്ച ഒരാള്‍ ആയേനെ എന്നാണ് എനിക്ക് തോന്നുന്നത് പക്ഷെ സംവിധായകന്‍ അദേഹത്തെ മര്യാദക്ക് ഉപയോഗിക്കണം എന്ന് മാത്രം.ആ കഥാപാത്രത്തെ ശരിക്കും സിനിമയില്‍ ഉപയോഗിക്കേണ്ടത് എല്ലാവര്‍ക്കും ഭയം കലര്‍ന്ന ബഹുമാനം ഉള്ള ഒരാളായിട്ടാണ്.ലാല്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ ആ കഥാപാത്രത്തെ ചില്ലറയൊന്നുമല്ല ദുര്‍ബലമാക്കുന്നത്

മലയാള നവയുഗ പ്രതീക്ഷകള്‍ റീമാ കല്ലിങ്കല്‍,ശ്വേതാ മേനോന്‍ എന്നിവര്‍ എങ്ങനെ ?

അഭിനയത്തില്‍ കട്ടക്ക് കട്ട നില്‍ക്കും .ഒരു ഹാസ്യ വിഗ്ഗ് വെച്ച് റീമ സ്കോര്‍ ചെയ്യാന്‍ നടത്തുന്ന ശ്രമത്തെ നെടുമുടി വേണു മരിച്ച് കിടക്കുന്ന സീനിലെ ചക്രശ്വാസം വലിച്ചുള്ള അഭിനയം കൊണ്ട് ശ്വേത പ്രതിരോധിക്കുന്നുണ്ട് .പക്ഷെ ഒട്ടും വിട്ടു കൊടുക്കാതെ ആസിഫ് അലിയുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ 'എനിക്ക് മടുത്തു ...ഇനി വയ്യ 'തുടങ്ങിയ ക്ലീഷേകള്‍ വാരി വിതറി റീമ അഭിനയത്തിന്റെ കൂരമ്പുകള്‍ കാണികളില്‍ വര്‍ഷിക്കുന്നുണ്ട്.

അപ്പോള്‍ കഥാ ,തിരക്കഥാ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം കൂറ...ക്യാമറ ,സംഗീതം ഇതൊക്കെ ...

തനി കൂതറ .ബഷീര്‍ എന്ന കഥാപാത്രത്തിനെ വേറെ ഒരാള്‍ രഹസ്യമായി പിന്തുടരുന്ന രംഗങ്ങള്‍ ക്യാമറമാന്‍ അയജന്‍ വിന്‍സെന്റ് മൊബൈല്‍ ക്യാമറ ഉപയോഗിച്ചെങ്കിലും ഇത്രയും മോശമായി സാഹചര്യത്തിന് യോജിക്കാത്ത രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. സീനുകളുടെ വലിച്ചില്‍ കണ്ടാല്‍ എഡിറ്റിംഗ് എന്ന ഒരു സാധനം ഈ പടത്തില്‍ നടന്നിട്ടുണ്ടെന്ന് അമ്മയാണെ ആരും പറയില്ല .പിന്നെ കലാസംവിധാനം ആണ് എടുത്തു പറയേണ്ട വേറെ ഒരു മേഖല .നാലു മേശ ,കസേരകള്‍,തലക്കുമുകളില്‍ പൊടി പിടിച്ച കളര്‍ ലൈറ്റ് ഇത്രയുമായാല്‍ ഗ്യാംബ്ലിംഗ് ക്ലബ് ആയി എന്ന് കാണികള്‍ വിശ്വസിക്കണം .ഇല്ലെങ്കില്‍ കലാ സംവിധായകന്‍ പ്രശാന്ത്‌ മാധവന്‍ ചിലപ്പോള്‍ പിണങ്ങും .സിനിമ മൊത്തം ഇത്തരത്തിലെ കലാ മേന്മ അങ്ങേര്‍ നില നിറുത്തുന്നുണ്ട്

ചുരുക്കത്തില്‍ ...

കൊള്ളാവുന്ന ഒരു കഥ /തിരക്കഥ എങ്ങനെ മലയാളത്തില്‍ അഡാപ്പ്റ്റ് ചെയ്തു നശിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉന്നം.നമുക്കൊക്കെ വൃത്തിയായി അഡാപ്പ്റ്റ് ചെയ്തു കോടികള്‍ വരുന്ന അഗ്നീപത്ത് പോലുള്ള ചിത്രങ്ങളെ നോക്കി കൊതി കെറുവ് പറയണേ പറ്റു എന്നതാണ് സത്യം

Saturday, December 17, 2011

വെനീസിലെ വ്യാപാരി

പിന്നേം...... പുതുമ ഛെ........ പഴമ ..അല്ല.... നോസ്ട്ടാല്‍ജിയ

എന്തുവാടെ പിച്ചും പേയും പറയുന്നേ നിനക്ക് വട്ടു പിടിച്ചോ ?

ഇല്ല അണ്ണാ ഞാന്‍ അന്നേ പറഞ്ഞില്ലേ സുബ്രമണ്യപുരത്തിന് നമ്മള്‍ മലയാളികള്‍ തക്ക മറുപടി വേണ്ട സമയത്ത് കൊടുക്കും എന്ന് . ഇതാ ആ മുഹൂര്‍ത്തം സമാഗതം ആയിരിക്കുന്നു.മലയാളത്തിന്‍റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ,അല്ലെങ്കില്‍ എന്തിനു കുറയ്ക്കുന്നു,ലോക സിനിമയുടെ തന്നെ അഭിമാനമായ ഡോക്ടര്‍ മമ്മൂട്ടി പന്ന പാണ്ടികള്‍ക്ക് ശക്തമായ ഒരു മറുപടി കൊടുത്തിരിക്കുന്നു.തന്‍റെ ഏറ്റവും പുതിയ ചിത്രമായ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലൂടെ.

എടാ നീ പടം കണ്ടോ ?

പിന്നെ, അങ്ങേരുടെ ഈ വര്‍ഷത്തെ നാലു പടപ്പുകളും കണ്ട ഞാന്‍ ഏതിനും കൂടെ തല വൈക്കണമെങ്കില്‍ എനിക്ക് നേരത്തെ പറഞ്ഞ പ്രശ്നം ആയിരിക്കണം വട്ട്. അല്ല ഇവരുടെ പടത്തെ പറ്റി അഭിപ്രായം പറയാന്‍ എപ്പോളും പോയി ഈ വക കോപ്രായം കണ്ടു അഭിപ്രായം പറയുക എന്ന പഴഞ്ചന്‍ രീതിയാണോ അണ്ണന്‍ ഉപയോഗിക്കുന്നത് . ആ പോസ്റ്റര്‍ ഒന്ന് നോക്കിയാല്‍ പോരെ ബാക്കി കമ്പ്ലീറ്റ്‌ മനസിലാവില്ലേ?

അതെങ്ങനെ അനിയാ? സത്യമായും എനിക്കാ പരിപാടി അറിയില്ല . ഒന്ന് പറഞ്ഞു തന്നാല്‍ ....

ഛെ ഇതു ശല്യമായല്ലോ.ആദ്യമായി ചെയ്യേണ്ടത് ദീപികയിലെയും മനോരമയിലെയും ഓണ്‍ ലൈന്‍ സിനിമ പേജ് പതിവായി വായിക്കുക എന്നതാണ്.കുറച്ചധികം ഗീര്‍വാണം സഹിക്കേണ്ടി വരും എന്നത് മാത്രമേ പ്രശ്നമുള്ളൂ.(ദീപികയിലെ മഹാപാപി അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രത്തിലെ ഏക ഹൈലൈറ്റ് ലാലിന്‍റെ അഭിനയം ആണെന്ന് എഴുതി കളഞ്ഞതു ഓര്‍മ വരുന്നു !!).അതില്‍ നിന്നും എണ്‍പതുകളില്‍ നടക്കുന്ന കഥ,ആലപ്പുഴ -കയര്‍ വ്യവസായ പശ്ചാത്തലം,കണ്ണും കണ്ണും എന്ന പാട്ട് (അങ്ങാടി,ജയന്‍ )റീമിക്സ്‌ ചെയ്തു ഉപയോഗിക്കുന്നു മുതലായ വിവരങ്ങള്‍ ലഭിക്കുന്നു.പിന്നെ എന്ത് പാട് ? പോസ്റ്റര്‍ നോക്കുക രണ്ടു നായികമാര്‍ (കാവ്യ,പൂനം ഭാജ്വാ) ന്യായമായും രണ്ടു പേരും സുമുഖ സുന്ദരനും അവിവാഹിതനും അയ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകനെ പ്രേമിക്കുന്നു.ഇതില്‍ ഒരാളെ അദേഹം ദയാപൂര്‍വ്വം തിരിച്ചു പ്രേമിക്കുന്നു.മറ്റെയാള്‍ വാശിക്ക് കാത്തിരിക്കുന്നു.പിന്നെ കണ്ണും കണ്ണും റീ മിക്സ്‌,ഡോക്ടര്‍ മമ്മുട്ടി അദേഹത്തിന്‍റെ ചെറുപ്പകാലത്ത് അഭിനയിച്ച ഒരു പ്രണയ രംഗത്തെ പറ്റി ഒരു സഹൃദയന്‍ പറഞ്ഞ അഭിപ്രായം ഇപ്രകാരം "പ്രേമപരവശയായി നൃത്തം ചെയുന്ന അമലയുടെ നാലു ചുറ്റും നടന്നു,ഒരു മാതിരി പഞ്ചായത്ത് ഓഫീസില്‍ നിന്നും വസ്തുവിന്‍റെ അതിര് അളക്കാന്‍ വന്ന ശിപായിയെ പോലെ,പ്രേമിക്കുന്ന ശ്രീ മമ്മൂട്ടി ........". ഈ മനുഷ്യനെ പിടിച്ചു അദേഹത്തിന്റെ വയസ്സ് കാലത്ത് ഇമ്മാതിരി ഒരു പാട്ടില്‍ അവതരിപ്പിച്ചാല്‍ സംഗതി എത്ര കുളമായി എന്ന് മാത്രം ചോദിച്ചാല്‍ പോരെ. മഹാബോറായി എന്ന് ധൈര്യമായി കാച്ചാം.പിന്നെയുള്ളത് വില്ലന്മാര്‍ .വിജയ രാഘവന്‍,സുരേഷ് കൃഷ്ണ സംവിധാനം ഷാഫി . അപ്പോള്‍ പിന്നെ ടെമ്പ്ലേറ്റ് മായാവി അല്ലെങ്കില്‍ ചട്ടമ്പിനാട്.ഇത്രയും ഒന്ന് പരത്തി എഴുതനാണോ നിങ്ങളീ പടം പോയി മൂന്നു മണിക്കൂര്‍ സഹിച്ചിരിക്കുന്നത്?

നീ പറഞ്ഞത് ന്യായം തന്നെടെ ആദ്യം ഇതിന്റെ കഥ ഒന്ന് കേള്‍ക്കു.പറഞ്ഞത് പോലെ എണ്പതുകളിലാണ് കഥ നടക്കുന്നത് . പവിത്രന്‍ എന്ന ചെറുപ്പക്കാരനായ (?) പോലീസുകാരനായി മമ്മൂട്ടി.സുന്ദരനും സല്‍ഗുണ സമ്പന്നനും അയ അദേഹത്തെ എസ പി (ജനാര്‍ദ്ദനന്‍ )യുടെ മകള്‍ മഹാലക്ഷ്മി (പൂനം) വാശിക്ക് കേറി പ്രേമിക്കുന്നു.നായകന് അങ്ങനെ ഒന്നും ഇല്ല പിന്നെ കൊച്ചിന് നിര്‍ബന്ധമാണേല്‍ ... എന്നൊരു ലൈന്‍.എസ് പി വിവരം അറിയുന്നു.പവിത്രനെ വല്ല കാസര്‍കൊടെക്കും സ്ഥലം മാറ്റുന്നതിന് പകരം അദേഹം ചെയുന്നത് സ്വന്തം കയ്യില്‍ നിന്നും ഒരു പതിനായിരം രൂപയും കൊടുത്തു പ്രമാദമായ അജയന്‍ കൊല കേസ് അന്വേഷിക്കാന്‍ രഹസ്യ പോലീസ് ആയി ഇയാളെ പറഞ്ഞു വിടുന്നു.മുന്‍പ് ഈ കേസ് അന്വേഷിക്കാന്‍ പോയവരൊക്കെ അവിടുന്ന് അടി മേടിച്ചിട്ടാണ് വന്നത് പോലും (വല്ല സ്വാതന്ത്ര്യം കിട്ടിയ സമയത്ത് വല്ലതും ആയിരുന്നെകില്‍ സഹിക്കാമായിരുന്നു).

കേസ് അന്വേഷണവുമായി ഒരു കച്ചവടക്കാരന്‍ ആയി ആ നാട്ടില്‍ ചെല്ലുന്ന പവിത്രന്‍ അജയന്റെ കുംടുംബവുമായി അടുക്കുന്നു അച്ഛന്‍ കാലടി (ജഗതി),സഹോദരി അമ്മു (കാവ്യ)തുടങ്ങിയവരാണ് മരിച്ചു പോയ അജയന്‍റെ (ബിജു മേനോന്‍)കുടുംബാംഗങ്ങള്‍ .പിന്നെ അവിടുത്തെ പ്രബലന്മാരായ ചുങ്കത്തറക്കാരും (വിജയരാഘവന്‍ , മകന്‍ സുരേഷ് കൃഷ്ണ),ആലിക്കോയയും (ശ്രീരാമന്‍ ).ഇതില്‍ അലിക്കോയ അജയനെ കൊന്നതിന് സംശയിക്കപ്പെടുന്ന ആളാണ്. ഇതിനു പുറമേ ഗള്‍ഫില്‍ നിന്നും വന്ന കമലാസനന്‍ (സലിം കുമാര്‍),ഉണ്ട പക്രു,ചന്ദ്രന്‍ പിള്ള (സുരാജ്) എങ്ങനെ വേറെയും കുറെ തമാശക്കാര്‍ കൂടിയുള്ളതാണ് ആ ഗ്രാമം.പതുക്കെ കേസ് അന്വേഷണത്തിന് വന്ന ഇയാള്‍ പോലീസ് ഉദ്യോഗം രാജി വെച്ച് വ്യാപാരത്തില്‍ മുഴുകുന്നു.ഇതിനിടെ അമ്മുവിന് സ്വാഭാവികമായും ഇയാളോട് പ്രേമം (അല്ലാതെ പിന്നെ) .ഇതിനിടെ മഹാലക്ഷ്മിയെ കല്യാണം കഴിക്കാനിരുന്ന പവിത്രന് അമ്മുവിനെ വിവാഹം കഴിക്കേണ്ടി വരുന്നു.പതിയെ പതിയെ ഒന്നൊന്നായി ബുദ്ധി ഉപയോഗിച്ച് കീഴടക്കി മുന്നേറുന്ന പവിത്രനെ ചുങ്കതറക്കാര്‍ ചതിയില്‍ പെടുത്തി സ്വത്തുക്കളെല്ലാം നഷ്ട്ടപ്പെടുത്തി കുത്ത് കേസില്‍ ജയിലില്‍ അയക്കുന്നു.

ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു തിരിച്ചെത്തുന്ന നായകന്‍ നാട്ടുകാരുടെയും അമ്മുവിന്‍റെയും വിശ്വാസം നേടിയെടുക്കാന്‍ സ്വന്തം നിലയ്ക്ക് അജയന്‍ കൊല കേസ് അന്വേഷിക്കാന്‍ തീരുമാനിക്കുന്നു . കയ്യില്‍ ഇഷ്ട്ടം പോലെ ബുദ്ധി സ്റ്റോക്ക്‌ ഉള്ളത് കൊണ്ട് പുഷ്പം പോലെ സംഗതി തെളിയിച്ചു എല്ലാം മംഗളം ആക്കുന്നു.

അണ്ണാ നിങ്ങള്‍ എങ്ങനെ പരത്തി പറയാതെ ഈ പടം എങ്ങനെയുണ്ട് എന്ന് ഒന്ന് പറഞ്ഞു തരാമോ ? എനിക്ക് ഞങ്ങളുടെ താത്വിക സിനിമ ബൌദ്ധികക്ഷുദ്ര ജീവിയായ അണലി ഷാജിയെ ജയ് വേതാളം ചാനല്‍ വക പരിപാടിക്ക് എത്തിക്കാന്‍ ഉള്ളതാ.

ഈ ചിത്രത്തിന്‍റെ ഒന്നാം പകുതി കണ്ണും കണ്ണും എന്ന പാട്ടില്‍ ഡോക്ടര്‍ മമ്മൂട്ടി കാണിക്കുന്ന വൃത്തികേടും,ഉടനീളം അദേഹം ചെറുപ്പക്കാരന്‍ ചമയാനുള്ള വെപ്രാളവും മാറ്റി നിര്‍ത്തിയാല്‍ എന്തേലും ആയി കൊണ്ട് പോട്ടെ എന്ന് കരുതാം.(കഷ്ടിച്ച് സഹിക്കാം എന്ന് വായിക്കുക). അതിന്‍റെ എന്തെങ്കിലും ക്രെഡിറ്റ്‌ ഉണ്ടെങ്കില്‍ അതിനു അര്‍ഹന്‍ തിരകഥ എഴുതിയ ശ്രീ ജെയിംസ്‌ ആല്‍ബര്ട്ട് ആണ് . എന്നാല്‍ രണ്ടാം പകുതി ആകുമ്പോള്‍ സംവിധായകന്‍ ഷാഫി തന്‍റെ വിശ്വരൂപം രൂപം പുറത്തെടുത്തു ആ ചിത്രത്തെ നശിപ്പിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌.സൂപ്പര്‍ താരം പ്രസ്തുത ശ്രമത്തിനു തന്നാല്‍ ആവുന്ന വിധം കൊഴുപ്പേകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

അപ്പോള്‍ അഭിനയം?

സുപ്പര്‍ താരങ്ങള്‍ കുറച്ചു കാലമായി അഭിനയിക്കാറില്ലല്ലോ അവര്‍ എന്ത് ചെയുന്നോ അതാണ്, അത് മാത്രമാണ് അഭിനയം എന്നാണല്ലോ ഇവിടത്തെ മാധ്യമ / ആരാധക / ബൂ ലോകങ്ങള്‍ ഒറ്റ സ്വരത്തില്‍ പറയുന്നത് . ബാക്കി ഉള്ളവരില്‍ പൂനം ബാജ്വയെ എന്തിനാണ് കൊണ്ട് വന്നിരിക്കുന്നത് എന്ന് മനസിലായില്ല .(ഒന്നാം പകുതിയില്‍ കണ്ണും കണ്ണും പാടാനും രണ്ടാം പകുതിയില്‍ കാമുകന്‍റെ ഭാര്യക്ക്‌ ലോണ്‍ കൊടുക്കാനും എന്നാണ് സംഗതിയുടെ ഉത്തരം ).കുറച്ചു നെഗറ്റീവ് ഷേഡ് ഒക്കെ കൊടുത്തു വൃത്തിയായി ചെയ്തിരുന്നേല്‍ നല്ല ഒരു സിനിമയായി മാറും ആയിരുന്ന സാധനമാണ്‌ ഈ പരുവത്തില്‍ അവതരിച്ചിരിക്കുന്നത് . ജഗതി,കാവ്യ,സുരാജ്,വിജയരാഘവന്‍,സുരേഷ് കൃഷ്ണ എന്നിവരൊക്കെ എന്തൊക്കെ ചെയ്യുമെന്ന് ഒരു അഞ്ചു മിനിട്ടിനകം വര്‍ഷത്തില്‍ ഒരു അഞ്ചു മലയാള പടം കാണുന്നവര്‍ക്ക് സുന്ദരമായി പറയാന്‍ പറ്റും

പിന്നെ ഒരൊറ്റ കാര്യം കൂടി കണ്ണും കണ്ണും എന്ന പാട്ടിന്‍റെ പേരും പറഞ്ഞു ഡോക്ടര്‍ മമ്മൂട്ടി കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടു ഞാന്‍ നമ്മുടെ പാവം നസീര്‍ സാറിനെ ഓര്‍ത്തു പോയി.ആ പാവം മനുഷ്യന്‍ ഇതേ പ്രായത്തില്‍ പ്രണയ രംഗങ്ങള്‍ അതി മനോഹരമായി കൈകാര്യം ചെയ്തപ്പോള്‍ നിനക്കൊക്കെ പുച്ഛം പരിഹാസം .... നീയൊക്കെ ഇത്രയും അനുഭവിച്ചാല്‍ പോരെടാ....

അപ്പോള്‍ ചുരുക്കത്തില്‍ .....

ശ്രീ മമ്മൂട്ടി ഈ ചിത്രത്തിന്റെ അവസാനം വില്ലനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് . അത് അദേഹത്തിന് തന്നെ അറം പറ്റാതെ ഇരിക്കണേ എന്നൊരു പ്രാര്‍ഥനയെ എനിക്കുള്ളൂ . ആ ഡയലോഗ് ഏതാണ്ട് ഇപ്രകാരമാണ് ..."കാശു വരും പോകും പക്ഷെ താന്‍ ഈ കാണിച്ചു കൂട്ടിയത് ഉണ്ടല്ലോ അതിനുള്ളത് മുഴുവന്‍ അനുഭവിച്ചേ താന്‍ പോകു ".എണ്പതു കളിലെ കഥ പറയുന്ന സംവിധായകരുടെ ശ്രദ്ധക്ക്, ഷൂട്ടിംഗ് ആവശ്യത്തിനു ഉള്ള ബെല്‍ ബോട്ടം പാന്‍റ്റ് ഇതൊന്നും പോരെങ്കില്‍ നായകന്‍ മുതല്‍ വഴി പോക്കര്‍ വരെ ആയി അഭിനയിക്കുന്ന ആള്‍ക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരേ തരം വിഗ്ഗുകള്‍ എന്നിവയ്ക്ക് ഷാഫി /മമ്മൂട്ടി എന്നിവരെ (പടത്തിന്റെ പ്രൊഡ്യൂസര്‍ക്ക് സുപ്പര്‍ താര ചിത്രത്തില്‍ എന്ത് വില? സംശയം ഉള്ളവര്‍ റെഫര്‍ വന്ദേമാതരം പ്രൊഡ്യൂസര്‍ ഹെന്രി ) സമീപിക്കുക ...........................................