ജയ് വേതാളം ചാനലിലേക്ക് ഏവര്‍ക്കും സ്വാഗതം എന്ന് നമ്മുടെ അതിഥി ആയി എത്തിയിരിക്കുന്നത് മലയാളത്തില്‍ എന്നല്ല ആഗോള പ്രശസ്തനായ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍ ഡോ. പ്രേക്ഷകനാണ്. തന്റെ വിലയേറിയ സമയത്തില്‍ കുറച്ചു ജയ് വേതാളം ചാനല്‍ പ്രേക്ഷകരുമായി പങ്കിടാന്‍ തയാറായ അദ്ദേഹത്തോട് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തെ നമുക്ക് സ്വാഗതം ചെയ്യാം.സ്വാഗതം പ്രേക്ഷകന്‍
.
ശരി തങ്ങള്‍ അടുത്തിടെ കണ്ട ഒരു ചിത്രത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ ഞങ്ങളുടെ കാണികളുമായി പങ്കു വയ്ക്കുന്നതില്‍ എന്തെങ്കിലും വിരോധം ...?
ഒരു വിരോധവും ഇല്ല. ഇന്നലെ ഞാന്‍ കണ്ട ചിത്രമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്
വളരെ നല്ലത് പ്രേക്ഷകന്‍ . നമുക്കറിയാം മലയാള സിനിമയില്‍ മാറ്റത്തിന്റെ കാഹളം വിളി ഉയര്‍ത്തിയ സംവിധായകരില്‍ പ്രമുഖനായ വി കെ പ്രകാശ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ......
പോന്നു കൊച്ചെ മലയാള സിനിമയില്‍ മാറ്റത്തിന്റെ കാഹളം വിളി കാരണം ചെവിതല കേള്‍ക്കാന്‍ വൈയ്യാത്ത അവസ്ഥയാണ് ഇന്നു. ഫഹദ് ഫാസിലിന്റെ നിക്കര്‍ കാഹളം വിളി ഒരു വശത്ത് ,അനൂപ് മേനോന്റെ വക വേറെ വിളി,അമല്‍ നീരദിന്റെ സ്ലോ മോഷന്‍ കാഹളം വേറൊരിടത്ത്.വന്നു വന്നു ജോഷി പോലും കാഹളം മുഴക്കുവാന്നോ എന്നാ സംശയം . എല്ലാത്തിനും മുകളില്‍ രഞ്ജിത് വക സാരോപദേശ പെരുമ്പറ. . എല്ലാരും ഭയങ്കര വാശിക്ക് ആണെന്നേ. എന്നാ പറയാനാ?
പ്രേക്ഷകന്‍ , നമ്മള്‍ വിഷയത്തില്‍ നിന്ന് വ്യതി ചലിക്കുന്നു.ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ അതെ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷ വാനോളം ഉയരുന്നത് തികച്ചും സ്വാഭാവികമാണല്ലോ . ഈ ചിത്രത്തിലും ജയസൂര്യ , അനൂപ് മേനോന്‍ , വി കെ പ്രകാശ് , തെസ്നി ഖാന്‍ എന്നിവരെ കൂടാതെ ഭാവന (അതിഥി താരം), ഹണി റോസ്, സൈജു കുറുപ്പ്, പി ബാലചന്ദ്രന്‍ , ജയചന്ദ്രന്‍ (ഗായകന്‍) , ദേവി അജിത് , ബാബു നമ്പൂതിരി , സുകുമാരി , ജനാര്‍ദ്ദനന്‍ , കൊച്ചു പ്രേമന്‍ , അരുണ്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് . ഇതൊന്നും പോരെങ്കില്‍ അനൂപ് മേനോന്‍ എഴുതുന്നു . എന്ത് സംഭവിച്ചാലും ഞങ്ങള്‍ പ്രതീക്ഷിക്കും. അല്ല പിന്നെ...
കുട്ടി ആവേശപ്പെടെണ്ട .റിലാക്സ്... ശരി പ്രതീക്ഷിച്ചു കൊള്ളൂ. ഞാന്‍ വേണ്ട എന്ന് പറഞ്ഞില്ലല്ലോ ?
അതല്ല ഇവിടുത്തെ ചോദ്യം ഞാന്‍ അതിലേക്കു വരുകയാണ് . ഈ ചിത്രം തികച്ചും സമ്മിശ്ര പ്രതികരണം ആണ് ഉണര്‍ത്തിയിട്ടുള്ളത് എന്നാണ് അറിയുന്നത് . ചിലര്‍ ഇതിനെ ബോള്‍ഡ് എന്ന് വിശേഷിപ്പിക്കുമ്പോള്‍ ചിലര്‍ ഇതിനെ അശ്ലീലം എന്നാണ് പറയുന്നത് .
കൊച്ചേ അടിസ്ഥാനപരമായി ഇതു രണ്ടിന്റെയും അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്. ഈ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ലോഡ്ജിന്‍റെ കഥയാണ് പറയുന്നത് . കൊച്ചിയിലുള്ള ട്രിവാന്‍ഡ്രം ലോഡ്ജ് , അവിടെ താമസിക്കുന്ന കുറെ മനുഷ്യര്‍.അവിടെ സ്ഥിരം ജോലിയില്ലാത്ത അഥവാ എന്തെങ്കിലും ജോലി ഒക്കെ ചെയ്തു ജീവിക്കുന്ന അബ്ദുവുണ്ട് (ജയസൂര്യ ), ഒരു ലോക്കല്‍ സിനിമ വാരികയുടെ ലേഖകനായ ഷിബു വെള്ളായണിയുണ്ട് (സൈജു കുറുപ്പ് ). അഭിനയ മോഹവുമായി വന്നെത്തിയ സതീശന്‍ ഉണ്ട് . വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ , 999 സ്ത്രീകളെ പ്രാപിച്ച , 1000 മത്തെതു ഒരു യുണി ഫോം ധരിച്ച വനിതാ പോലീസുകാരി ആയിരിക്കണം എന്നതാണ് ആഗ്രഹം എന്ന് പറഞ്ഞു നടക്കുന്ന കോര (പി ബാലചന്ദ്രന്‍ ) ഉണ്ട് . അവിടുത്തെ ഏറ്റവും പഴയ താമസക്കാരനായ പിയാനോ അധ്യാപകനായ ആര്‍തര്‍ റെല്‍ട്ടന്‍ (ജനാര്‍ദ്ദനന്‍ ) ഉണ്ട് . ഈ ലോഡ്ജിലെ താമസക്കാരിയും പാചകക്കാരിയും ആയ പെഗ്ഗി (സുകുമാരി) ഉണ്ട് . അങ്ങനെ പലരും . മിക്കവരും അമര്‍ത്തിപ്പിടിച്ച ലൈംഗിക ദാഹവുമായി കഴിയുന്നവരാണ് . അവരുടെ ഒക്കെ ഇടയിലേക്കാണ് വിവാഹമോചിതയും ചെറുപ്പക്കാരിയും ആയ ധ്വനി (ഹണി റോസ്) തന്റെ നോവല്‍ എഴുതാനായി താമസത്തിന് എത്തുന്നത്.ലോഡ്ഗിനു പുറത്തു ഇതിന്റെ ഉടമസ്ഥന്‍ രവിശങ്കര്‍ (അനൂപ് മേനോന്‍ ) , അയാളുടെ മാനേജര്‍ കൊച്ചു പ്രേമന്‍ , മകനുമായി പിണങ്ങി ചായക്കട നടത്തി ജീവിക്കുന്ന രവിയുടെ അച്ഛന്‍ (ജയചന്ദ്രന്‍ ), ആ നഗരത്തിലെ വേശ്യയായ കന്യക (തെസ്നി ഖാന്‍ ) , ഒരു പിമ്പ് ആയ തങ്ങള്‍ (തൂവാന തുമ്പി കളിലെ കഥാപാത്രം. ബാബു നമ്പൂതിരി ) എങ്ങനെ കുറെ പേര്‍ ഉണ്ട് രവിശങ്കറിന്റെ മരിച്ചു പോയ ഭാര്യ മാളവികയായി ഭാവന എത്തുന്നു .
അതൊക്കെ മനസിലായി, പ്രേക്ഷകന്‍ അപ്പോളും നമ്മുടെ ചോദ്യം അവശേഷിക്കുന്നു ഈ ചിത്രം ......
ഈ ചിത്രത്തിന്റെ പശ്ചാത്തലം വളരെ നന്നായിട്ടുണ്ട് . വ്യക്തിഗതമായി നോക്കിയാല്‍ ഓരോ സീനുകളും നല്ലതാണു ( അനൂപ് മേനോന്‍ 'അഭിനയിക്കുന്ന ' രംഗങ്ങളെ ദയവായി ഒഴിവാക്കുക ) .രവിശങ്കര്‍ - ധ്വനി ഉള്‍പ്പെടുന്ന രംഗങ്ങളില്‍ ഇത്രയധികം ക്ലോസ് അപ്പ് ഷോട്ടുകള്‍ കാണുന്നവരെ അലോസരപ്പെടുത്തും (സത്യമായും എനിക്കീ ഷോട്ടുകളെ പറ്റി കാര്യമായി ഒന്നും അറിയില്ല . എന്നിട്ട് പോലും എനിക്കിങ്ങനെ തോന്നിയെങ്കില്‍ അത് സംവിധായകന്റെ പരാജയമാണ് ). അനൂപ് മേനോനെ ഈ ചിത്രത്തോടെ പാവപ്പെട്ടവരുടെ മോഹന്‍ലാല്‍ എന്ന് വിളിക്കാം എന്ന് തോന്നുന്നു .അനൂപ് മേനോന്‍ ഒഴികെ ബാക്കി എല്ലാ അഭിനേതാക്കളും അവരവരുടെ വേഷം നന്നായി ചെയ്തു എന്നാണ് എന്റെ അഭിപ്രായം.ജയസൂര്യ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു . ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ഏതാണ്ട് അതേ ടീം തന്നെ ഒരുമിക്കുന്ന ഈ ചിത്രത്തെ പ്രസ്തുത ചിത്രവുമായി താരതമ്യം ചെയുന്നതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല. ബ്യൂട്ടിഫുള്‍ എന്ന ചിത്രം ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരു കഥയും ഒപ്പം വിവാദം ആയേക്കാവുന്ന കുറെ സംഭാഷണവും ചേരുന്നതാണ് .ഈ സംഭാഷണം ഒന്നും ഇല്ലെങ്കിലും ആ കഥയ്ക്ക് ഒരു കുഴപ്പവും വരില്ല എന്നതാണ് സത്യം. പക്ഷെ ചിത്രം ചര്‍ച്ച ചെയ്യപെടില്ല എന്ന് മാത്രം.ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ നിന്നും ഈ ലോഡ്ജില്‍ എത്തുമ്പോള്‍ നേരത്തെ പറഞ്ഞ രീതിയില്‍ ഉള്ള സംഭാഷണങ്ങള്‍ കൂടികയും കഥ എന്നത് ഒരു ഉള്ളിത്തോലിയുടെ കനത്തില്‍ ആകുകയും ചെയ്യുന്നു .ആണുങ്ങള്‍ മാത്രം താമസിക്കുന്ന ലോഡ്ജില്‍ ഒരു ചെറുപ്പക്കാരി വന്നു താമസിക്കുക എന്നൊക്കെ പറഞ്ഞാല്‍ കുറച്ചു കഷ്ട്ടമല്ലേ എന്നത് പോലെയുള്ള കാര്യങ്ങള്‍ തല്ക്കാലം നമുക്ക് മറക്കാമെങ്കിലും ചുരുക്കത്തില്‍ പറഞ്ഞാല്‍ പെണ്‍കുട്ടി കൊള്ളാം പക്ഷെ പെങ്ങളായി പോയി എന്ന് പണ്ടാരോ പറഞ്ഞ പോലെയുണ്ട് .
പ്രേക്ഷകന്‍ ഇതൊരു പ്രശസ്തമായ ചാനല്‍ ആണ് എവിടെ വന്നു താങ്കളുടെ കൂതറ നിലവാരത്തില്‍ ഉള്ള അഭിപ്രായങ്ങള്‍ പറയുന്നതിനൊപ്പം ബൌധിക തലത്തില്‍ ഈ സിനിമയെ ഒന്ന് കാണാമോ? നിങ്ങള്ക്ക് അറിയുന്ന പണിയേ അല്ല അത് എന്നറിയാം എന്നാലും ....
കൊച്ചു ഇപ്പോള്‍ പറഞ്ഞ വാചകത്തില്‍ പോലും കൂതറ എന്ന വാക്കും അതിലെ നിലവാരക്കുറവും ഇല്ലെ ?
ഉണ്ടായിരിക്കാം പക്ഷെ ഞാന്‍ പറയുമ്പോള്‍ അത് ലാലേട്ടന്റെ അമ്മിഞ്ഞയും നിങ്ങള്‍ പറഞ്ഞാല്‍ ബാച്ചിലര്‍ പാര്‍ട്ടിയിലെ തത്തയുടെ കഥയും ആണെന്ന് മാത്രം. .പറഞ്ഞ കാര്യം ചെയ്താല്‍ മതി ഹേ. വെറുതെ ഷൈന്‍ ചെയ്യാതെ.
ഈ ബൌധിക തലം എന്ന് പറഞ്ഞാല്‍ ചിത്രത്തിലെ കഥാപത്രങ്ങളുടെ ജാതി സെന്‍സസ് എടുത്തു അകത്തു ഒളിച്ചിരിക്കുന്ന സന്ദേശം ഡി കോഡ് ചെയ്തു എടുക്കുന്ന ഒരു തരം സൂത്രവിദ്യ ആയിട്ടുണ്ട് ഈ കാലത്ത് (ഈ ബുദ്ധി ജീവികളുടെ ഓരോ ഗതികേടേ!!) . അതല്ലാതെ ഒരു സാധാരണ മനുഷ്യനായി നോക്കിയാല്‍ നോക്കിയാല്‍ ഈ ചിത്രത്തില്‍ മുടിഞ്ഞ സത്യസന്ധത മാത്രമേ കാണാന്‍ കഴിയു .നമ്മുടെ സമൂഹത്തിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം പഴയ ജന്മി കുടിയാന്‍ കാലഘട്ടത്തില്‍ നിന്നും എത്ര മാറി അഥവാ എത്ര പുറകോട്ടു പോയി എന്ന് ഈ ചിത്രം വരച്ചു കാട്ടുന്നു. രവിശങ്കര്‍ എന്ന സമ്പന്നനെ തല്ക്കാലം ഒന്ന് മാറ്റി നിര്‍ത്തിയാല്‍, അബ്ദു ആദ്യം ജോലി ചെയ്യുന്ന സ്പായില്‍ പോലും വരുന്ന സമ്പന്നരായ ആവശ്യക്കാര്‍ക്ക് അവരുടെ എല്ലാ ശാരീരിക ആവശ്യങ്ങളും അനായാസം സാധിച്ചു കിട്ടുന്നു എന്നതിന് വ്യക്തമായ സൂചനകളുണ്ട് . എന്തിനു രവിശങ്കറിന്റെ സ്കൂള്‍ വിദ്യാര്‍ഥി ആയ മകന് പോലും ക്ലാസ്സ് മേറ്റിനെ വളച്ചെടുക്കാന്‍ കഴിയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ അബ്ദുവിനാകട്ടെ ഒരു വേശ്യയെ പ്രാപിക്കാന്‍ പോലും അവളെയും കൊണ്ട് സ്ഥലം അന്വേഷിച്ചു നാട് മുഴുവന്‍ ഓടേണ്ടി വരുന്നു . എന്നിട്ട് പോലും നടക്കുന്നുമില്ല . ഈ കാലഘട്ടത്തില്‍ ജാതി മത രാഷ്ട്രീയ വിശ്വാസങ്ങള്‍ എല്ലാം അപ്രസക്തം ആണെന്നും മറിച്ചു ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വിഭാഗങ്ങള്‍ മാത്രമേ ഉള്ളു എന്നതും ഈ ചിത്രത്തില്‍ ഊന്നി പറയുന്ന കാര്യങ്ങളില്‍ ഒന്നാണ് .ഇതു പറയുമ്പോള്‍ എന്നെ തെറ്റിദ്ധരിക്കല്ലേ ഇല്ലാത്തവനെ "ഉണ്ടാക്കുന്ന" ഇടതു പക്ഷ പാര്‍ട്ടികളില്‍ പോലും ഈ സംഗതി പല രൂപത്തില്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഒരു അവസ്ഥ വിശേഷത്തിന്റെ ഗുണം കാശില്ലാത്തവന്‍ അത് ഏതു വിധേനെ ഉണ്ടാക്കിയാലും അയാള്‍ക്ക് ഈ സമൂഹത്തില്‍ മാന്യത കിട്ടും എന്നതാണ് . ഉദാഹരണമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ അബ്ദു കൊണ്ട് പോയ അതേ വേശ്യയുമായി പോകുന്ന ഷിബു വെള്ളായണിയെ നോക്കു. അയാള്‍ അവിടെ എന്തിനാണ് വന്നത് എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ അയാള്‍ക്ക് ഒരു ബുദ്ധിമുട്ടും അവിടെ ഉണ്ടാകുന്നില്ല . ഇനി രവിശങ്കറിനെ നോക്കു. അയാളുടെ അമ്മ ഒരു വേശ്യയിരുന്നു എന്ന് അയാളുടെ അച്ഛന്‍ തന്നെ പറയുന്നു . പക്ഷെ കശുണ്ടായപ്പോള്‍ വേശ്യ എന്ന പദം കാസനോവ എന്നായി മാറുന്നു. ഇനി രവിയുടെ അമ്മ നേടിയെടുത്തതെല്ലാം നശിപ്പിച്ചിട്ടാണ് മരിച്ചത് എങ്കിലോ? അപ്പോള്‍ അവരുടെ സ്ഥാനം വേശ്യ എന്നതായി തന്നെ തുടരും.ഇനി രവിശങ്കറിന്റെ അമ്മയുടെ ജീവിതത്തെ എതിര്‍ക്കുകയും അതില്‍ നിന്ന് ഒഴിഞ്ഞു സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന അയാളുടെ അച്ഛന്‍ പോലും കഷ്ട്ടകാലം വന്നാല്‍ ഉപയോഗിക്കാനായി അതിലൊരു ഭാഗം അപഹരിച്ചു വയ്ക്കുന്നു .ആദ്യം എനിക്ക് സംഗതി എച്ച് കേട്ടലായി തോന്നി എങ്കിലും മലയാളിയുടെ തനി സ്വഭാവത്തെയാണ് അത് കാണിക്കുന്നത് എന്ന് പിന്നീടു തോന്നി .ഒരു പക്ഷെ അത് അവതരിപ്പിച്ച രീതി മോശമായത് കൊണ്ടാകണം ഏച്ചുകേട്ടലായി തോന്നുന്നത് .പിന്നെ ധ്വനിയും കൂട്ടുകാരി സറീനയും തികഞ്ഞ പ്രായോഗിക വാദികളായ ഈ തലമുറയിലെ സ്ത്രീകളാണ് . അതിങ്ങനെ വീണ്ടും വീണ്ടും കാണിച്ചു യാഥാസ്ഥിതികരായ ആണുങ്ങളെ ചൊറിയാം എന്നതിനപ്പുറം ഒന്നുമില്ല. പക്ഷെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ പ്രവീണയും ആയുള്ള സംസാരം പോലെ മുഴച്ചു നില്‍ക്കുന്നില്ല എന്ന് മാത്രം.
ശരി ബുദ്ധി അത്ര മതി .. ഇനി ഒരു കാര്യം തൂവാനത്തുമ്പികളിലെ തങ്ങള്‍ എന്ന കഥാപത്രത്തെ പുനര്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു വികാരം . പ്രത്യേകിച്ചു ജയകൃഷ്ണനെ പറ്റിയുള്ള പരാമര്‍ശം .. അതൊക്കെ
തിരകഥയുടെ മൊത്തത്തിലുള്ള ഒരു ബലക്കുറവു മറച്ചു വെക്കാന്‍ ആകണം അങ്ങനെ ഒരു പഴയ കഥാപാത്രത്തെ ഇതില്‍ കൊണ്ട് വന്നത് . തൂവാനതുമ്പികള്‍ എന്ന ചിത്രത്തിന്റെ മൂലകഥ എടുത്ത ഉദകപ്പോള എന്ന നോവലില്‍ തന്നെ ശിഷ്യനായ ആന്റപ്പന്‍ പുതിയ രീതികളുമായി വളര്‍ന്നു വരുമ്പോള്‍ തകരുന്ന പഴയ രീതിക്കാരന്‍ തങ്ങളെ കാണിച്ചിട്ടുണ്ട് .അയാള്‍ ഇപ്പോളും ത്രിശൂര്‍ വിട്ടു കൊച്ചിയില്‍ എത്തി വെളുത്ത ഷര്‍ട്ടിന്റെ കൈമടക്കില്‍ കാശും തിരുകി പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഇടനാഴിയില്‍ ചുറ്റി തിരിയുന്നു എന്ന് പറഞ്ഞാല്‍ സാധാരണക്കാരനെ പരിഹസിക്കലല്ലേ പ്രകാശ്/ അനൂപേ?
അതൊക്കെ നില്‍ക്കട്ടെ അപ്പോള്‍ ഈ ചിത്രത്തെ പറ്റി ഒറ്റ വാചകത്തില്‍ .....
പൂര്‍ണമായ ഒരു കഥയുടെ അഭാവം , അനൂപ് മേനോന്‍റെ സംഗതികള്‍ എന്നിവയ്ക്ക് നേരെ കണ്ണടച്ചാല്‍ പ്രായപൂര്‍ത്തി ആയവര്‍ക്ക് ആസ്വദിച്ച് കാണാവുന്ന ചിത്രം .തല്‍ക്കാലം ഇത്രയും പോരെ?
മതി മതി നമ്മുടെ സമയം കഴിയാറായി . ഞങ്ങളുടെ പ്രേക്ഷകരോട് എന്തെങ്കിലും പ്രത്യേകമായി ........
കള്ളു ഷാപ്പുകള്‍ അടച്ചു പൂട്ടി കൂടെ എന്ന് ചോദിക്കുന്ന നിയമ സംവിധാനങ്ങളുടെയും . ഡീസ്സല്‍ ധനവാന്മാരുടെ കാറുകളില്‍ മാത്രം ഉപയോഗിക്കുന്നവ ആണെന്നും അതിന്റെ വില വര്‍ധന സാധാരണക്കാരനെ ബാധിക്കില്ല എന്നും പ്രസ്താവന ഒരു ഉളുപ്പും ഇല്ലാതെ ഇറക്കുന്ന ഭരണ കര്‍ത്താക്കളുടെയും ഈ നാട്ടില്‍ , വരും കാലത്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ പ്രസക്തം ആയേക്കാം . നമുക്ക് അപ്പോളും അച്യുതാനന്ദന്‍ - പിണറായി , സവര്‍ണ്ണ ഫാസിസം vs ന്യുനപക്ഷ തീവ്രവാദം മുതലായവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ന ഹൈ ടെക് വിനോദങ്ങളില്‍ മുഴുകി ജീവിക്കാം .യഥാര്‍ത്ഥ വിജയികളുടെ പോട്ടിച്ചിരികള്‍ക്ക് നേരെ കാതുകള്‍ അടച്ചു പിടിച്ചു നമുക്ക് അവസാന ശ്വാസം വരേക്കും പൊരുതാം . തോല്‍ക്കുകയും തോല്പ്പിക്കപ്പെടുകയും ചെയ്യുന്നത് നമ്മള്‍ തന്നെയാകുമ്പോള്‍ പിന്നെ എന്ത് പേടിക്കാന്‍ ?
ജയ് ഹിന്ദ്
പ്രിയ 'പ്രേക്ഷകാ', ഏതു പടത്തെക്കുറിച്ച് പറഞ്ഞാലും നല്ലതോ ചീത്തയോ എന്ന് കൃത്യമായി പറയാറുള്ള താങ്കള്‍ 'ട്രിവാണ്ട്രം ലോഡ്ജി'ന്റെ കാര്യത്തില്‍ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നത് പോലെ (പ്രകാശ് അനൂപ് ടീമിനെ കണ്ടപ്പോള്‍ 'പ്രേക്ഷക'ന്റെ മുട്ടിടിക്കുന്നതായും) തോന്നുന്നു... പ്രകാശ് - അനൂപ് ടീമിന്റെ മുന്‍ ചിത്രവുമായി ഒരു താരതമ്യം നടത്തി രക്ഷപെടാന്‍ ശ്രമിക്കുന്നതുപോലെ....അങ്ങനെ ഒരു താരതമ്യം തന്നെ അടിസ്ഥാനമില്ലാത്തതാണ്...സൂപ്പര്‍താരചിത്രങ്ങളെക്കുറിച്ച് പറയുമ്പോലെ തന്നെ നെഞ്ച് വിരിച്ചു പറയൂ പടം ഒന്നുകില്‍ കൊള്ളത്തില്ല അല്ലെങ്കില്‍ നന്നായി എന്ന്....! :)
ReplyDeleteറിവ്യൂ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് വേണമെങ്കില്‍ കാണാവുന്ന ഒരു പടം എന്നാണ്. പ്രത്യേകിച്ച് നല്ലതെന്നോ ചീത്തയെന്നോ പറയണ്ട കാര്യം ഇല്ലെന്നു തോന്നുന്നു. ഗുണവും ദോഷവും പറഞ്ഞിട്ടുണ്ടല്ലോ. അശ്ലീലം കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നവന് നഷ്ടം ഉണ്ടാക്കാത്ത പടമാണെന്ന് ഉറപ്പായില്ലേ :-)...
Deleteഞാന്‍ ഇതിനെ അശ്ലീലം എന്നാണ് പറയുന്നത്.താങ്കള്‍ പറഞ്ഞത് പോലെ ഈ സംഭാഷണം ഒന്നും ഇല്ലെങ്കിലും കഥയ്ക്ക് ഒരു കുഴപ്പവും വരില്ല എന്നതാണ് എനിക്കും തോനുന്നത്
ReplyDeleteഈ സിനിമ എനിക്ക് ഒട്ടും ഇഷ്ട്ടപെട്ടില്ല.. അതില്‍ സെക്സ് ന്‍റെ അതി പ്രസരം ഉള്ളത് കൊണ്ട് എന്നും വേണമെങ്കില്‍ പറയാം, പക്ഷെ ഇത് രണ്ടാം പകുതിയിലെ എച്ചുകൂട്ടലുകള്‍ കാണുമ്പോള്‍ ആണ് ഈ സിനിമയെ വെറുത്തു പോകുന്നത്! കഥാകൃത്ത് ഉദേശിച്ച ഒരു ഫീല്‍ കൊണ്ടുവരാന്‍ ഈ സിനിമയിലൂടെ സാധിച്ചിട്ടില്ല.. മാത്രമല്ല വ്യക്തമായ ഒരു കഥ ഇല്ലാതെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമ എന്ന കോണ്‍സെപ്റ്റ് ഒക്കെ നല്ലതാണ്.. എപ്പോള്‍? ആ സിനിമയില്‍ ഒരു ഫീല്‍ വരുമ്പോള്‍.. ഇവിടെ അതില്ല
അമല്‍ നീരദ് പറഞ്ഞാല്‍ കമ്പി അനൂപ് മേനോന്‍ പറഞ്ഞാല്‍ ദിവ്യം.
അല്ല ഈ പടം നല്ലതാണോ..അതോ ചീത്തയാണോ എന്ന് എവിടെയും പറഞ്ഞില്ല...അതോ പറയാന്‍ മറന്നതോ..?
ReplyDeleteസ്റ്റാന്‍ഡേര്‍ഡ് ഉള്ള റിവ്യൂ...വളരെ നന്നായിരിക്കുന്നു. തങ്ങള്‍ എന്ന കഥാപാത്രത്തെ തൂവാനത്തുമ്പികളിലെ കഥാപാത്രത്തിന്റെ പുനരവതാരമായി ഇറക്കിയിരിക്കുന്നത് തികച്ചും മോശമായി എന്ന് ഞാന്‍ കരുതുന്നു. പത്മരാജന്‍ പുകയായ സ്ഥിതിക്ക് ആരോടും ചോദിക്കണ്ടല്ലോ. ബാബു നമ്പൂതിരിക്ക് പൈസയ്ക്ക് വല്ലാതെ അത്യാവശ്യം വന്നിട്ടുണ്ടാകണം. രണ്ടാം വരവില്‍ പഴയതിന്‍റെ പേര് നിലനിര്‍ത്താന്‍ പറ്റിയ അല്ലെങ്കില്‍ പഴയതിനേക്കാള്‍ നന്നായ ഒരു കഥാപാത്രം പേരിനു പോലും ഉണ്ടായിട്ടില്ലേ? (അപ്പുക്കുട്ടന്‍- -മഹാദേവാദികള്‍, സേതുരാമേട്ടന്‍, ജോജി-നിശ്ചലാദികള്‍, എന്നിങ്ങനെ നീളുന്നു ...)
ReplyDeleteഅനൂപ് മേനോന്‍ പാവങ്ങളുടെ മോഹന്‍ ലാല്‍ , ഹാ അതെനിക്കിഷ്ടപ്പെട്ടു , പടം കണ്ടില്ല, പ്രേക്ഷകന്‍ പറഞ്ഞു ബര്‍ഫി കണ്ടു , മൂന്നാം പിറ വച്ച് നോക്കിയാല്‍ അത്രക്കൊന്നുമില്ല ഇടക്ക് വല്ലാതെ ഇഴഞ്ഞു പ്രിയങ്ക ചോപ്രയുടെ മോണ വല്ലാതെ വികൃതമായി അനുഭവപ്പെട്ടു , മൂന്നാം പിരയിലെ ശ്രീദേവി എവിടെ ഇവളൊക്കെ എവിടെ? അനൂപ് മേനോന്‍ അസഹ്യം തന്നെ , താന്‍ മോഹന്‍ലാലും പത്മരാജനും കൂടി ആണെന്ന് പുള്ളിക്കങ്ങു തോന്നിയാല്‍ നമ്മള്‍ക്കെന്ത് ചെയ്യാന്‍ പറ്റും?
ReplyDeleteAverage movie
ReplyDeleteതാനൊക്കെ എന്ത് പ്രേക്ഷകന്‍ ആണുടോ ?അനൂപ് മേനോന്റെ ആക്ടിംഗ് ശരിയില്ലന്നു പറഞ്ഞ താനേത് കാലത്തേ മനുഷ്യനാടോ? ഇത്ര കിടിലന്‍ തിരക്കഥയുള്ള ഒരു മൂവിയും ഈ അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയിട്ടില്ല .എല്ലാം പച്ചയ്ക്ക് പറയുന്നു എന്നല്ലാതെ ഒരു കുഴപ്പവും ഈ മൂവിക്ക് ഇല്ല .തനിക്കൊക്കെ കൊച്ചു പുസ്തകം വായിക്കാം അവര്‍ക്ക് പറയാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് ന്യായം ആണ്‌ടോ?
ReplyDelete