Friday, September 7, 2012

ഒഴിമുറി (Ozhimuri : Review )


മലയാളത്തിലെ പ്രത്യേകിച്ചു മലയാള സിനിമകളിലെ കാലഹരണപ്പെട്ട ബിംബ സാന്നിധ്യം വെളിവാക്കുന്നത് ഭീതിജനകമായ വര്‍ത്തമാന കാല യാഥാര്‍ത്യങ്ങളുടെ പാര്‍ശ്വവല്ക്കരിക്കപെട്ട നിത്യജീവിത നൈര്യന്തര്യങ്ങളില്‍ കൂടിയുള്ള മലയാള മനസ്സിന്‍റെ .......

അനിയാ നീ സിനിമ വിട്ടോടെ? ഇതെന്തോന്ന് പാര്‍ട്ടി സന്ദേശമോ ?

അല്ല അണ്ണാ ഇതു ഫ്രീലാന്‍സിംഗ് കറിയാച്ചന്‍ അറിയണ്ട .നമ്മുടെ അണലി സാറിന് തിരക്കായതിനാല്‍ കൊലയാളി പത്രത്തിലെ വിഷം കുത്തി വെക്കല്‍ പരിപാടി ഒന്ന് ചെയ്യാമോ എന്ന് ചോദിച്ചു. നമുക്കെന്തു? പച്ചരിയല്ലേ കാര്യം.ഒരു പിടി പിടിച്ചു നോക്കാം എന്ന് കരുതി .

അതിരിക്കട്ടു ഇതെന്തോന്ന് ? ഏതു സിനിമ?

അങ്ങനെ ഒന്നുമില്ല.ഇതൊക്കെ ഏതു സിനിമക്കും ഉപയോഗിക്കാം.ഇപ്പോള്‍ ഉപയോഗിക്കാന്‍ പോകുന്നത് കടമുറി എന്ന ചിത്രത്തിന് വേണ്ടിയാണു.അങ്ങനെ ഏതാണ്ട് പടം ഇറങ്ങി ഇല്ലായിരുന്നോ ഇന്നലെ ?

കടമുറിയോ ? ..... എടാ മഹാപാപി..... ഒഴിമുറി. വന്നു വന്നു നീ പോസ്റ്റര്‍ പോലും വായിക്കാതെ ആയോ പരിപാടി?

കളയണ്ണാ. ഇതിനൊക്കെ ആര്‍ക്കു നേരം ? നിങ്ങള്‍ കണ്ടോ സംഗതി ?

കണ്ടെടെ.തലപ്പാവ് എന്ന ചിത്രത്തിന് ശേഷം ശ്രീ മധുപാല്‍ ഒരുക്കുന്ന അഥവാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒഴിമുറി.പി എന്‍ വി അസോസിയേറ്റ്സിന്‍റെ ബാനെറില്‍ പി‍ എന്‍ വേണുഗോപാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തിരകഥ - സംഭാഷണം അങ്ങാടി തെരുവ്,നാന്‍ കടവുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരകഥ എഴുതിയ ജയമോഹനാണ്.ചായാഗ്രഹണം അഴഗപ്പന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് ബിജിബാല്‍ ആണ്.അഭിനേതാക്കള്‍ ലാല്‍ ,ശ്വേതമേനോന്‍,മല്ലിക,ആസിഫലി,ഭാവന,ജഗദീഷ്,ഗോപകുമാര്‍,കൊച്ചു പ്രേമന്‍....

അസിഫലിയോ ? ആ അഹങ്കാരിയെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇഷ്ട്ടമല്ല .ഒരു ബഹുമാനമില്ലാത്തവന്‍ ........

കളയനിയാ,ഈ സെക്കന്റ്‌ ഷോ എന്ന മഹോത്തരമായ ചലച്ചിത്രകാവ്യം ഇറങ്ങുന്നതിന്‍റെ തൊട്ടു തലേ ദിവസമല്ലിയോ അന്ന് വരെ തങ്ക കുടമായിരുന്ന ആസിഫലി എന്ന നടന്‍ അഹങ്കാരിയും,വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തവനും,ക്രിക്കറ്റ്‌ കളിക്കാത്തവനും ഒക്കെ ആയി മാറിയത്.ഇതൊക്കെ അങ്ങനെ വന്നും പോയും ഇരിക്കും വിടെടെ.

ശരി തല്ക്കാലം വിട്ടു. ഈ പടം എങ്ങനെ അവാര്‍ഡ്‌ പടമാണോ ?

എന്തോന്നെടെ ഇതു? നല്ല പടമാണോ ഇഷ്ടപെട്ടോ എന്ന് ചോദിക്കെടെ.നീയൊക്കെ നിരൂപകരല്ലേ ?

തന്നെ അണ്ണന്‍ കാര്യം പറയണം .

അനിയാ ഈ പഴയ തിരുവിതാംകൂറിന് കീഴില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ തമിഴ്നാടിനു കീഴില്‍ വരുന്നതുമായ നഗര്‍കോവില്‍ കന്യാകുമാരി പോലുള്ള അതിര്‍ത്തി പ്രദേശമാണ് പശ്ചാത്തലം.ഈ ഒഴി മുറി എന്ന് പറയുന്നത് ആ കാലത്തേ നായര്‍ സമുദായത്തില്‍ നിലവിലിരുന്ന നിയമപരമായ വിവാഹമോചന രീതി ആണ്.തെക്കന്‍ തിരുവിതാംകൂറില്‍ ആണ് ഈ സമ്പ്രദായം പ്രധാനമായി നിലവില്‍ ഇരുന്നത് എന്നാണ് എനിക്ക് മനസിലായത് (അല്ലെങ്കില്‍ ക്ഷമിക്കണേ).അന്‍പത്തി അഞ്ചാം വയസ്സില്‍ ഭര്‍ത്താവായ താണു പിള്ള (ലാല്‍)യില്‍ നിന്നും ഒഴി മുറി വാങ്ങാനെത്തുന്ന മീനാക്ഷി (മല്ലിക)യില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്.കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ താണുപിള്ളയുടെ വക്കീലിന്‍റെ ജൂനിയര്‍ ആയ ബാലാമണിയില്‍ (ഭാവന) നിന്നാണ് കഥ തുടങ്ങുന്നത്.ഈ ഒഴിമുറി കേസ് എടുക്കുന്ന ബാലയ്ക്ക് തുടക്കത്തില്‍ പഴയ നായര്‍ ആചാരങ്ങളും മറ്റും തികച്ചും വിചിത്രമായി തോന്നുന്നു.താണുപിള്ള - മീനാക്ഷി ദമ്പതിമാരുടെ മകനായ ശരത്തുമായി (ആസിഫലി) അടുക്കുന്ന ബാല അയാളിലൂടെ താണുപിള്ളയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു.ശരത്തിനും അച്ഛനോട്,കുട്ടിക്കാലം മുതലുള്ള കര്‍ക്കശമായ പെരുമാറ്റം മൂലം,വെറുപ്പാണ്..താണുപിള്ളയുടെയും മീനാക്ഷിയുടെയും ദാമ്പത്യത്തിന്‍റെ എടുകളിലൂടെ കടന്നു പോകുമ്പോള്‍ തന്നെ അയാളുടെ അച്ഛന്‍ ശിവന്‍പിള്ള ചട്ടമ്പിയെയും (ലാല്‍) അമ്മ കാളിപിള്ള അമ്മച്ചിയെയും (ശ്വേത മേനോന്‍) കാണുന്നു അഥവാ ബാലയിലൂടെ ആ കഥാപാത്രങ്ങള്‍ അന്നത്തെ നായര്‍ സമുദായത്തിലെ സാമൂഹ്യ ജീവിതം ഇതൊക്കെ നമുക്ക് മുന്നിലെത്തുന്നു.ശരത്തും ആയിട്ടാണ് സംഭാഷണം എങ്കിലും കഥ മുന്നോട്ടു മുന്നോട്ടു പോകുന്നത് പൂര്‍ണമായും താണുപിള്ളയുടെ വീക്ഷണ കോണില്‍ കൂടെയാണ്.

കഥ പുരോഗമിക്കുമ്പോള്‍,അഥവാ പലരുടെ വീക്ഷണത്തിലൂടെ കഥ പുരോഗമിക്കുമ്പോള്‍,ഒരു കറ തീര്‍ന്ന വില്ലനില്‍നിന്നും ഒരു സാധാരണ മനുഷ്യന്‍റെ നന്മ തിന്മകള്‍ എല്ലാം ഉള്ള ഒരു മനുഷ്യനായി താണുപിള്ള നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു.ഈ മാറ്റം ശരത്തിനോടൊപ്പം കാണികള്‍ക്കും അനുഭവപ്പെടുന്നു എന്നിടത്താണ് ഈ ചിത്രത്തിന്‍റെ പിന്നണിക്കാരുടെ വിജയം. എനിക്ക് ഈ സിനിമയില്‍ അതിശയകരമായി തോന്നിയത് ഈ ചിത്രത്തിന്‍റെ തിരകഥ എഴുതിയത് അങ്ങാടിത്തെരു,നാന്‍ കടവുള്‍ പോലുള്ള ചിത്രങ്ങള്‍ എഴുതിയ അതെ ആളാണ് എന്നുള്ളതാണ് (മലയാള സിനിമക്ക്, തമിഴന്‍ അയാള്‍ ഗൌണ്ടാര്‍ ആയാലും,തേവര്‍ ആയാലും,ചെട്ട്യാര്‍ ആയാലും വേറെ എന്ത് കുന്തമായാലും വെള്ള ഷര്‍ട്ട്‌,വെള്ള മുണ്ട്,കുറെ സ്വര്‍ണ്ണ മാലകള്‍,കൊമ്പന്‍ മീശ, സ്ഥിരം വാചകങ്ങള്‍ എന്നിങ്ങനെ ഉള്ള ഒരു ഫോര്‍മാറ്റിനു അപ്പുറം ചിന്തിക്കാന്‍ കഴിയുന്നില്ല എന്നത് ഇരിക്കട്ടെ).തനി തമിഴ് സംസ്കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന മേല്‍പ്പറഞ്ഞ രണ്ടു ചിത്രങ്ങള്‍ എഴുതിയ അതെ മനുഷ്യന്‍ ഈ ചിത്രത്തില്‍ മലയാള തമിഴ് സംസ്കാരങ്ങള്‍ കൂടി കുഴഞ്ഞു കിടക്കുന്നിടത്തെ കഥ നന്നായി പറഞ്ഞു പോയിരിക്കുന്നു എന്നാണ് എന്‍റെ അഭിപ്രായം.ഒപ്പം തന്നെ തന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയുന്ന മധുപാലും തന്‍റെ ജോലി അഭിനന്ദനനീയമായി തന്നെ ചെയ്തിരിക്കുന്നു .അല്ലെങ്കിലും ചിലപ്പോള്‍ ഒക്കെ ഈ തമിഴന്‍ നമ്മളെ ഇങ്ങോട്ട് വന്നു വിസ്മയിപ്പിച്ചുകളയും (അവന്‍റെ സ്വന്തം നാട്ടില്‍ ഇരുന്നു വിസ്മയിപ്പിക്കുന്നത് വേറെ) പിച്ച വെച്ച് നടകുന്നകാലത്ത് ഉണരൂ എന്ന സിനിമ എടുത്ത മണിരത്നം ആണ് പെട്ടന്ന് ഓര്‍മ്മ വരുന്ന ഒരു ഉദാഹരണം.നമ്മള്‍ തിരിച്ചു വിസ്മയിപ്പിക്കുനതാകട്ടെ മൌനം സമ്മതം എടുത്തും !!!

അല്ല അങ്ങനെ പറഞ്ഞാല്‍ ....

ഹ പറഞ്ഞു തീരട്ടെ അനിയാ ഈ ചിത്രം ശരിക്കും താരതമ്യം ചെയ്യേണ്ടത് ഇവിടുത്തെ നിരൂപക ലോകം ഭയങ്കര സംഭവം ആണെന്ന് വാഴ്ത്തുന്ന പാലേരി മാണിക്യം എന്ന സിനിമയും ആയി ആണ് എന്ന് എനിക്ക് തോന്നുന്നു.പാലേരി മാണിക്യം എന്ന ചിത്രത്തില്‍ എന്തൊക്കെ ഇല്ലയോ അതെല്ലാം ഈ ചിത്രത്തില്‍ ഉണ്ട് എന്ന് ഒറ്റവാക്കില്‍ പറയാം.അക്കാലത്തെ സാമൂഹ്യജീവിതം , തലമുറകളിലൂടെ അതിനു വരുന്ന മാറ്റം.മാറ്റങ്ങള്‍ക്കൊപ്പം തന്നെ മാറാതെ നില്‍ക്കുന്ന ഘടകങ്ങള്‍,പച്ചയായ മനുഷ്യര്‍ ഇതല്ലാം പാലേരി മാണിക്യത്തില്‍ മഷിയിട്ടു നോക്കിയാല്‍ കാണാതെ ഇരിക്കുമ്പോള്‍ ഇവയെല്ലാം ഈ ചിത്രത്തില്‍ മിഴിവോടെ ഒഴിമുറി എന്ന ചിത്രത്തില്‍ കാണാം.പതിഞ്ഞ താളത്തില്‍ പോകുന്നു എങ്കിലും തികച്ചും എനിക്ക് ആസ്വാദ്യകരമായി തോന്നിയ ചിത്രം.

എന്നാലും ഈ തെക്കൊട്ടൊക്കെ എന്തോന്ന് സംസ്കാരം അതെല്ലാം വടക്കല്ലേ?

പെട്ടന്ന് ഓര്‍മ വരുന്ന ഒരു ഉദാഹരണം പറഞ്ഞോട്ടെ ബ്രിട്ടിഷുകാര്‍ക്ക് അവരുടെ രാജ കുടുംബത്തോടുള്ള ബഹുമാനം പ്രസിദ്ധമാണ് . അതിനെ ബാക്കി എല്ലാരും മാനിക്കുന്നു.അതേ ബഹുമാനം രാജാവിനോട് കാണിക്കുന്ന തിരുവനന്തപുരംകാരനോട് നമുക്ക് പരമ പുച്ഛവും.ഇത്രയല്ലേ ഉള്ളു അനിയാ സംഗതികള്‍.ഇതു പറഞ്ഞത് തിരുവനതപുരംകാരന്‍ അഥവാ തെക്കന്‍ ഭയങ്കര സംഭവം ആണെന്ന് തെളിയിക്കാനല്ല മറിച്ചു,മറ്റേതൊരു ജനസമുഹത്തെയും പോലെ അവന്‍റെ സംസ്കാരത്തിലും നല്ലതും ചീത്തയും ഉണ്ട് എന്നതാണ്.ഈ ചിത്രത്തില്‍ നന്നായി എനിക്ക് തോന്നിയ മറ്റൊരുഘടകം ആരുടെയും പക്ഷം പിടിക്കാതെ,ഒന്നിനെയും മഹത്വവല്ക്കരിക്കാതെ കഥപറഞ്ഞു പോകുന്ന രീതിയാണ്‌.

അപ്പോള്‍ അഭിനയമോ ?

ഈ ചിത്രത്തില്‍ മോശമായത് ആസിഫലിയും ഭാവനയും ആണെന്ന് പറഞ്ഞാല്‍ സത്യമായും അത് അവരുടെ കുറ്റം കൊണ്ടാണ് എന്ന് ധരിക്കരുത്.അത്രയ്ക്ക് അന്യായം ആയാണ് ലാല്‍,ശ്വേത മേനോന്‍,മല്ലിക (ചെറിയ വേഷത്തില്‍ വരുന്ന നന്ദുവും ഒരൊറ്റ സീനില്‍ വരുന്ന ഗോപകുമാറും പോലും) അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കുറ്റം പറയാന്‍ ആണെങ്കില്‍ ബാലയും ശരത്തുമായുള്ള സംഭാഷണത്തില്‍ ഇടയ്ക്കിടെ ലോക്കല്‍ സ്ലാഗ് വരികയും ഇടയ്ക്ക് ഇല്ലാതിരിക്കുകയും ചെയുന്നത് ഒരു കല്ല്‌ കടിയാകുന്നു (ഒരു പക്ഷെ അത് സംവിധായകന്‍ പുതുതലമുറയുടെ മാറ്റം കാണിക്കാന്‍ ശ്രമിച്ചതാകാം എന്ന് കരുതുന്നു). എന്നാല്‍ ബാക്കി ആരുടെയും സംഭാഷണത്തില്‍ ആ പ്രശ്നം ഇല്ല എന്നിടത്താണ് ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാകാന്‍ കാരണം. സുരാജിനെ പോലയുള്ളവര്‍ വികൃതവല്‍ക്കരിച്ച തിരുവനന്തപുരം ഭാഷ ഈ ചിത്രത്തില്‍ ഭംഗിയായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.പാലേരി മാണി ക്യത്തിനും സാള്‍ട്ട് ആന്‍ഡ്‌ പെപ്പറിനും ഒക്കെ അവാര്‍ഡ്‌ കൊടുക്കാമെങ്കില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ശ്വേതാമേനോന് രണ്ടു അവാര്‍ഡ്‌ എങ്കിലും കൊടുക്കേണ്ടി വരും.ലാല്‍,ശ്വേതാ എന്നിവരുടെ വസ്ത്രാലങ്കാരം,മെയ്‌ക്കപ്പ് എന്നിവയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു . ഇവരുടെ ഓരോരുത്തരുടെയും ജീവിതഘട്ടങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ (വസ്ത്രം ,ശരീര ഭാഷ , രൂപം എന്നിവയിലൊക്കെ ) ശരിക്കും കണ്ടു പഠിക്കേണ്ടതാണ്.(കുറഞ്ഞ പക്ഷം പുതിതായി ഈ രംഗത്ത് വരാന്‍ ആഗ്രഹിക്കുന്നവര്‍ എങ്കിലും).ജഗദീഷ് മാത്രമാണ് കുറച്ചു ബോര്‍ ആയി തോന്നിയത്

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍

ഈ വര്‍ഷത്തില്‍ ഇറങ്ങിയ നല്ല ചിത്രങ്ങളില്‍ ഒന്ന് .ഈ സിനിമയിലെ മികച്ച ഘടകങ്ങളായി എനിക്ക് തോന്നിയവ : തിരകഥ-സംഭാഷണം,സംവിധാനം, ലാല്‍ - ശ്വേതമേനോന്‍ -മല്ലിക എന്നിവരുടെ അഭിനയം , വസ്ത്രാലങ്കാരം,മെയ്‌ക്കപ്പ്.മാര്‍ക്കൊക്കെ നീ തന്നെ ഇട്ടോ.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : മായാമോഹിനിയും,തട്ടത്തിന്‍ മറയത്തും,ഉസ്താദ്‌ ഹോട്ടലും ഒക്കെ അരങ്ങു തകര്‍ക്കുന്ന ഈ കാലത്ത് ഇതു പോലെ ഒരു കൊച്ചു ചിത്രം എത്ര കാലം തീയട്ടറില്‍ തുടരും എന്നറിയില്ല.ഒരു നല്ല ചിത്രം കാണണം എന്നുള്ളവര്‍ വേഗം കണ്ടില്ല എങ്കില്‍ മോസര്‍ബെയര്‍ കനിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം .

12 comments:

  1. പ്രേക്ഷകന്‍ നല്ലത് പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇന്ന് പോയി കണ്ടത് , താപ്പാനയും , രണ് ബേബി രണും കണ്ട വിഷമം ഇപ്പോള്‍ ആണ് മാറിയത്, മധുപാല്‍ നന്നായി ഡയറക്റ്റ് ചെയ്തിരിക്കുന്നു പീരീഡ്‌ ഫിലിം അല്ലെ , അഴപ്പന്റെ ക്യാമറ സാധാരണ നല്ല പ്രകൃതി ദൃശ്യങ്ങള്‍ കാണുന്നതാണ് ഇത് നാഞ്ചി നാടായിട്ടും അത്ര ലാന്ഡ് സ്കേപ് തോന്നിയില്ല കോടതി മുറിയും പഴയ തറവാടും ഒക്കെ ആയിട്ടാണോ എന്തോ?

    ആസിഫ് അലി ഭാവന ജോഡി എനിക്കിഷ്ടമല്ല പക്ഷെ അവര്‍ വെറുപ്പിക്കാതെ ചെയ്തിരിക്കുന്നു , ലാലിനോട് സാമ്യം കാണിക്കാന്‍ ആയിരിക്കാം ആസിഫ് അലിയെ മീശ എടുപ്പിച്ചത് , പോസ്റര്‍ കണ്ടപ്പോള്‍ തോന്നി പാവം പയ്യന്‍ ആക്കാന്‍ ആണെന്ന് , ലാല്‍ ഓവര്‍ ആക്റ്റ് ആകാതെ മധുപാല്‍ നോക്കി അവിടെ ആണ് ഡയറക്ടര്‍ എന്നാ നിലയില്‍ മധുപാലിന്റെ വിജയം, നിഴല്‍ കുത്തിനെക്കാള്‍ കൊള്ളാം, അടൂരിന്റെ പടം കൃത്രിമം ആയി തോന്നിയപ്പോള്‍ ഇവിടെ സ്വാഭാവികം തന്നെ

    പിന്നെ അവസാനം ഉള്ളി തൊലിച്ച പോലെ ആയത് എനിക്കിഷ്ടപ്പെട്ടില്ല ,ഒഴിമുറിയുടെ കാരണം . സിനിമ കൊള്ളാം , ഇന്ന് കൃപയില്‍ കണ്ടു , ബാല്‍ക്കണി ഫുള്‍ ആയിരുന്നു

    സീറ്റുകള്‍ പലപ്പോഴും തല മറയുന്നവ ആണ് ഈ തിയെടരില്‍ , നാല്‍പ്പതു രൂപ കിടന്ന ബാല്‍ക്കണി ഇപ്പോള്‍ അറുപാതായി, ഗണേശ കുമാരാന്റെ പരിഷ്കാരം , ടോയല്ടില്‍ ടെട്ടോള്‍ ഒഴിക്കുന്നതല്ലാതെ കാണാന്‍ കംഫര്‍ട്ട് ഇല്ലാതെ ഇങ്ങിനെ ചാര്‍ജു കൂട്ടാന്‍ എല്ലാവര്ക്കും സഹായം ചെയ്തു കൊടുത്തു , കൈരളി രണ്ടാക്കി ഇനി വരുമ്പോള്‍ എന്താകുമോ എന്തോ? അച്ഛന്‍ പിള്ള എത്രയോ ഭേദം എന്ന് ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങി എന്ന് മന്ത്രി ഓര്‍ത്താല്‍ കൊള്ളാം

    ഗണേശ കുമാറിന് ആദ്യം തന്നെ താങ്ക്സ് കൊടുതിടുണ്ട് എന്നാല്‍ സ്പിരിടിനു കൊടുത്തപോലെ ഈ പടത്തിനും ടാക്സ് ഫ്രീ കൊടുക്കുകയാണെങ്കില്‍ ഈ പടം പത്തു പേര്‍ കൂടി കാണും , സ്പിരിടിനു ടാക്സ് ഫ്രീ കൊടുക്കാമെങ്കില്‍ ഇതിനു നൂറു തവണ കൊടുക്കാം

    ReplyDelete
  2. ബ്ലോഗില്‍ ഫോട്ടോ കൊടുത്തത് നന്നായിരിക്കുന്നു...കുറച്ചും കൂടി മാറ്റങ്ങള്‍ ആകാവുന്നതാണ്....

    ReplyDelete
  3. Today i have seen this film.Very very very very good.

    ReplyDelete
  4. Good review and good film. But please do not compare British people with Trivandrum Pillechans...

    ReplyDelete
    Replies
    1. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മരിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആളുകള്‍,ജാതി മതഭേദമന്യേ സ്വമേധേയാ കടകള്‍ അടച്ചു ദുഖാചരണം നടത്തുന്നത് നേരില്‍കണ്ട ഒരാള്‍ എന്ന നിലയ്ക്ക് പറഞ്ഞോട്ടെ ഇതു ഒരു ബ്രിട്ടിഷ്കാരന്‍ ചെയ്യുന്നത് കണ്ടാല്‍ ആദരവോടെ അല്ലെ നമ്മള്‍ പ്രതികരിക്കു? ഈ മനോഭാവത്തെ പറ്റിയാണ് ഞ്ഞാന്‍ പറഞ്ഞത്.പോസ്റ്റില്‍ പറഞ്ഞത് പോലെ ഇതു തിരുവിതാകൂര്‍കാരെ വാഴ്ത്താന്‍ ഉദ്ദേശിച്ചു ഉള്ളതല്ല മറിച്ചു ഒരേ കാര്യം രണ്ടു രീതിയില്‍ പ്രതികരിക്കപ്പെടുന്നതു കണ്ടത് കൊണ്ട് എഴുതി എന്ന് മാത്രം

      Delete
    2. ഇനി ഇതൊക്കെ പടച്ചുവിടുന്ന പ്രേക്ഷകന്റെ ഫോട്ടം എന്നാണോ ഒന്ന് കാണുവാന്‍ പറ്റുന്നെ...? അതിന് വേണ്ടി കാത്തിരിക്കുന്ന ഒരുപാട് "സുഹൃത്തുക്കള്‍" ഉള്ള കാര്യം പ്രേക്ഷകന്‍ ചേട്ടന്‍ എന്താ ഓര്‍ക്കാത്തത് ..?

      Delete
  5. yes..superb movie...
    njaanum preshakanteyum,face bookil murali gopy udeyum review kandathukond maathramaanu ee film nu kayariyathu..lal ne ithrayadhikam upayogichitulla mattoru director undaavilla..urappaanu..ithrayum kazhivukal ulla lal enthinaanu cobra polulla komalitharathinu koottu nilkunnathu ennu manasilaavunnilla..oru pakshe superstar preenanam aayirikkum :)

    asif bhavana enik athraku ishtamaayilla..oru pakshee asif nu pakaram adhikam star value illatha oru payyane vachu cheythirunnel kurachu koodi nannayene .. (enthayaalum aasif nte kottu maakry fans kaar aarum thanne ee padam kaanan vannitilla ennu urappayirunnu)

    njaanum kripa theatre il aanu padam kande..matinee show aarunnu..kure film field il ulla aalkar undayirunnu..balcony almost full aayirunnu...

    ivide chilavar parayunnapole ithu thiruvithamkooru kaare pokkan vendiyulla padam aanennu eniku thonnunnilla..angne aanel mikka padangalum kochikaare pokkan ullathanennu parayendy vannene ;)

    i can giv 4.2/5 points

    ReplyDelete
    Replies
    1. ഇത് തിരുവനന്തപുരംകാരെ പൊക്കാനുള്ള പടം അല്ല, മറിച്ച് സംബന്ധം,ബഹുഭർതൃത്വം, മരുമക്കത്തായം, തുടങ്ങിയ നായർ അനാചാരങ്ങളെ വെള്ളപൂശാനുള്ള അപനിർമിതിയാണ് ഈ ചിത്രം. ചരിത്രാവബോധമുള്ള കേരളീയ സമൂഹം ഇത്തരം പാഴ്ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകതന്നെ ചെയ്യും..

      Delete
    2. വിശ്വംഭരന്‍ ഈ ചിത്രം കണ്ടതാണോ? ആണെന്ന് എനിക്ക് തോന്നുന്നില്ല . ഇനി കണ്ടിട്ടുണ്ടെങ്കില്‍ എല്ലാം ജാതീയമായി കാണുന്നതിന്‍റെ പ്രശനമാവാം എങ്ങനെ തോന്നുന്നതിന്‍റെ കാരണം .പോസ്റ്റില്‍ പറഞ്ഞത് പോലെ ഒന്നി ന്‍റെ യും പക്ഷം പിടിക്കാതെ ഒന്നിനെയും ന്യായീകരിക്കാതെ എല്ലാത്തിന്റെയും നല്ലതും ചീത്തയുമായ വശങ്ങളെ പറ്റി പറഞ്ഞു പോകുന്ന ഒരു സമീപനനമാണ് ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌.ബഹുഭതൃത്വംഎന്ന പ്രയോഗമേ തെറ്റല്ലേ? ഒരേ സമയം ഒന്നിലധികം ജീവിത പങ്ങളികള്‍ ഉള്ളതല്ലേ ബഹു ഭാര്യത്വം അല്ലെങ്ങില്‍ ബഹുഭതൃത്വം? എവിടെയാണ് ഈ ചിത്രത്തില്‍ അതൊക്കെ വളരെ മഹത്തരം ആയിരുന്നു എന്ന് പറയുന്നത്? കുറച്ചു നാള്‍ കഴിയുമ്പോള്‍ നമ്മുടെ നാട്ടില്‍ ലിവിംഗ് ടുഗെദര്‍ ഒക്കെ സാധാരണമാകുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന വിവാഹം എന്ന ചടങ്ങ് പോലും ഒരു അനാചാരം ആയി കണ്ടേക്കാം. സംബന്ധം,മരുമക്കത്തായം ഇതിന്‍റെ ഒക്കെ കാര്യം അത്രേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു .

      പിന്നെ ജനങ്ങള്‍ സ്വീകരിക്കുന്നതാണ് മഹത്തായ സിനിമ അഥവാ സോദേശ ചിത്രം എങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമ മായാമോഹിനി അല്ലെ ?

      Delete
  6. ഒഴിമുറി" - സംവിധായകന്റെ സിനിമ...ലാല്‍, ശ്വേത മേനോന്‍, മല്ലിക എന്നിവരുടെ ഉജ്ജ്വലമായ അഭിനയം...ആസിഫ് അലി പോലും മോശമാക്കിയില്ല...:-) ആദ്യ ഭാഗങ്ങളില്‍ ആസിഫ് അലിയും ഭാവനയും കൂടിയുള്ള സംഭാഷണങ്ങളിലൂടെയുള്ള കഥാവതരണം അല്പം അസ്വാഭാവികമായി അനുഭവപ്പെട്ടു. പക്ഷേ, ഒരു typical award film ആകാതെ നല്ല രീതിയില്‍ ആസ്വാദിക്കാവുന്ന, ഒഴിവാക്കരുതാത്ത ഒരു ചിത്രം. പക്ഷേ, തീയെറ്ററില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. :-(

    ReplyDelete
  7. ഒഴിമുറി" - സംവിധായകന്റെ സിനിമ...ലാല്‍, ശ്വേത മേനോന്‍, മല്ലിക എന്നിവരുടെ ഉജ്ജ്വലമായ അഭിനയം...ആസിഫ് അലി പോലും മോശമാക്കിയില്ല...:-) ആദ്യ ഭാഗങ്ങളില്‍ ആസിഫ് അലിയും ഭാവനയും കൂടിയുള്ള സംഭാഷണങ്ങളിലൂടെയുള്ള കഥാവതരണം അല്പം അസ്വാഭാവികമായി അനുഭവപ്പെട്ടു. പക്ഷേ, ഒരു typical award film ആകാതെ നല്ല രീതിയില്‍ ആസ്വാദിക്കാവുന്ന, ഒഴിവാക്കരുതാത്ത ഒരു ചിത്രം. പക്ഷേ, തീയെറ്ററില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. :-(

    ReplyDelete
  8. Moserbaer kaninju... not moserbaer exatly, bought the DVD (Movie Channel's) from Music World today

    ReplyDelete