Thursday, September 27, 2012

ഹസ്ബന്‍സ് ഇന്‍ ഗോവ (Review :Husbands in Goa)

ഭാരതത്തില്‍ ഏറ്റവും വിശ്വസിക്കാവുന്ന ഭര്‍ത്താക്കന്മാര്‍ ആരാണ് അഥവാ എവിടെയാണ് ഉള്ളത് ?

അങ്ങനെ ചോദിച്ചാല്‍ ....., ഇക്കാലത്ത് ഒക്കെ ആരെയാ അണ്ണാ കണ്ണടച്ച്  വിശ്വസിക്കുന്നെ? ഇവിടെ നിയമവും സദാചാര പോലീസും ഒക്കെ ഉള്ളത് കൊണ്ട് കാര്യങ്ങള്‍ ഒരു വിധം നടന്നു പോകുന്നു.

എടാ അറിയില്ല എങ്കില്‍ അത് പറയണം ഇങ്ങനെ കിടന്നു തപ്പാന്‍ നീ ആരു ചാനല്‍ റിപ്പോര്‍ട്ടര്‍ ആണോ ?

ശരി അറിയില്ല .പറഞ്ഞേ കേള്‍ക്കട്ടെ

അനിയാ, നമ്മുടെ ഭാരതത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും വിശ്വസിക്കാവുന്ന ഭര്‍ത്താക്കന്മാരുള്ളത് കൃഷ്ണ പൂജപ്പര എഴുതി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ആണ്. എല്ലാവനും മുടിഞ്ഞ ആക്രാന്തം ആണെങ്കിലും അടിസ്ഥാനപരമായി  ഭാര്യമാരെ ഭയങ്കര സ്നേഹം ആയതു കൊണ്ട് എന്ത് സാഹചര്യം ഉണ്ടായാലും ഒന്നും ചെയ്യില്ല. ഇനി കറങ്ങി തിരിഞ്ഞു വല്ല കാള്‍ഗേളോ,ബാര്‍ ഡാന്‍സറോ മറ്റോ തടഞ്ഞാലോ അവള്‍ ഇങ്ങനെ ഉള്ളവരെ ഒരു പാഠം പഠിപ്പിക്കാന്‍ ശപഥം എടുത്തു ഇറങ്ങിയ പരമ പുണ്യവതിയും ആയിരിക്കും. സംശയം ഉണ്ടെങ്കില്‍ ഹാപ്പി ഹസ്ബന്‍സ് എന്ന ചിത്രത്തിലെ ഭാര്യയെ വെട്ടിച്ചു മറ്റു പെണ്ണുങ്ങളുമായി പഞ്ചാര അടിക്കാന്‍ വേണ്ടി മാത്രം പെടാ പാട് പെടുന്ന ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തെയും ലോകത്തെ സകല ആക്രാന്തം പിടിച്ച ഭര്‍ത്താക്കന്മാരെയും പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയ പരമ പുണ്യവതിയായ റീമ കല്ലിങ്കല്‍ അവതരിപ്പിച്ച കഥാപാത്രത്തെയും  നോക്കിയാല്‍ മതി.  എനിക്കാകെ  അറിയാനുള്ളത്  ഇവര്‍  വിവാഹിതര്‍ ആയാല്‍ എന്ന  പടം  ഇവര്‍  എവിടുന്നു  പൊക്കി   എന്ന്  മാത്രമാണ്  .കുഞ്ഞളിയന്‍  സ്വന്തം സൃഷ്ടിയാണ് എന്ന് ഞാന്‍ നൂറു വട്ടം സമ്മതിക്കാം.പ്രസ്തുത ചിത്രത്തിന്‍റെ നിലവാരം കണ്ടാല്‍ അത് ആര്‍ക്കും മനസിലാകും

നിങ്ങള്‍ ഇങ്ങനെ കാടു കേറാതെ കാര്യം പറയാമോ ?

പറയാനെന്തോന്നു  അനിയാ? നമ്മുടെ പ്രിയദര്‍ശന്‍ സാറു ഹിന്ദിയില്‍ (മലയാളത്തിലും ?)  ചെയ്യുന്ന  അതേ  കലാ  പരിപാടി തന്നെയാണ്  ഇവരും ചെയ്യുന്നത്. ഉറവിടം അജ്ഞാതമായ, വിജയം കൈവരിച്ച , ഇവര്‍  വിവാഹിതര്‍  ആയാല്‍ എന്ന  സിനിമക്ക്  ശേഷം  വന്‍  വിജയം  കൈവരിച്ച ഹാപ്പി ഹസ്ബന്സ്  എന്ന ചിത്രത്തെ ഇവിടുത്തെ മാധ്യമ ലോകം പുല്ലു പോലെ അവഗണിക്കുകയും .പിന്നീടു വന്ന ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിന്‍റെ പരാജയം ഒരു ആഘോഷം ആക്കുകയും ചെയ്തത് നമുക്ക്  അറിയാമല്ലോ.  ഒറിജിനല്‍   അയ കുഞ്ഞളിയന്‍  എടുത്തു  പണി  മേടിച്ചു  പിടിച്ചു  വീണ്ടും  പഴയ  ഹാപ്പി  ഹസ്ബന്‍സിനെ  തിരിച്ചു  കൊണ്ട്  വന്നിരിക്കയാണ്‌  ഈ ചിത്രത്തില്‍ . ഫോര്‍ ഫ്രണ്ട് സ് , കുഞ്ഞളിയന്‍  എന്നിവയുടെ  പുതിയ  പതിപ്പുകള്‍ വരാന്‍ ഇരിക്കുന്നത്തെ ഉള്ളു എന്ന് ചുരുക്കം  

അല്ല ഇതിന്‍റെ കഥ ?


ഇത്രയും പറഞ്ഞിട്ടും നിനക്ക്  മനസ്സിലായില്ലേ?  ഭാര്യമാരുടെ  പീഡനം  സഹിച്ചു  കഴിയുന്ന  മൂന്ന്  ചെറുപ്പക്കാരായ  ഭര്‍ത്താക്കന്മാര്‍ ഓരോ കള്ളം പറഞ്ഞു ഗോവയില്‍ പോയി പത്തു ദിവസം അടിച്ചു പൊളിച്ചു കഴിയാന്‍ പ്ലാന്‍ ചെയ്യുന്നു .വഴിയില്‍ വെച്ച് കണ്ടു മുട്ടുന്ന കുറച്ചു  സീനിയര്‍  അയ ഒരാള്‍ ഇവരോടൊപ്പം ചേരുന്നു.ഗോവയില്‍ എത്തുന്ന ഇവര്‍ എത്തിപ്പെടുന്ന കുരുക്കുകളും അവയില്‍ നിന്നും ഇങ്ങനെ രക്ഷപ്പെടുന്നു എന്നുമാണ് ഈ സാരോപദേശ ചിത്രം പറയുന്നത്. ഒറിജിനല്‍ മസ്തി എന്ന ചിത്രം ആണെന്നാണ് ഓര്‍മ്മ .(പഴയ ഹാപ്പിയുടെ ഒറിജിനല്‍  നോ എന്‍ട്രി എന്ന ചിത്രമാണല്ലോ ).

അല്ല ഒരല്‍പം വിശദമായി ........
അനിയാ, ചാര്‍ട്ടെര്‍ഡ്  അക്കൗണ്ട്‌ഡാന്റ് ആയ ഗോവിന്ദ്   (ജയസൂര്യ)  അയാളുടെ ഭക്തി ഭ്രാന്തിയായ ഭാര്യ അഭിരാമി (ഭാമ) , വക്കീല്‍  ആയ  ജെറി (ഇന്ദ്രജിത്ത് )  വീട്ടു  ജോലി  ചെയ്യാന്‍  ഇഷ്ടമല്ലാത്ത, എല്ലാ  ജോലിയും  ജെറിയെ   കൊണ്ട് ചെയ്യിക്കുന്ന  ഭാര്യ ടീന (റീമ കല്ലിങ്കല്‍ ),  ഇന്‍ടീറിയര്‍  ഡിസൈനര്‍ അര്‍ജുന്‍ (ആസിഫലി )  , ഭര്‍ത്താവിനെ  ഐ എ എസ്  എഴുതിച്ചു  പാസ്സാക്കാന്‍ പാടുപെടുന്ന അയാളുടെ ഭാര്യ വീണ (രമ്യ നബീശന്‍)   ഇവരാണ് മൂന്നു ദമ്പതികള്‍ .സണ്ണി എന്ന ഇവര്‍ ട്രെയിനില്‍ വെച്ച് പരിചയപ്പെടുന്ന ക്യാമറമാന്‍ (ലാല്‍) അയാളുടെ ഭാര്യ ആനി (പ്രവീണ) .ഗോവയിലെപോലീസ്  ഇന്‍സ്പെക്ടര്‍  ഇമ്രാന്‍ഖാനോ  , ജാവേദ്‌ മിയാന്‍ദാദോ  ആരാണ്ടു  ആയിട്ടു  കലഭവന്‍   മണിയും   വരുന്നു .പറയുമ്പോള്‍  എല്ലാം  പറയണമല്ലോ  നോസ്ടല്ജിയക്ക്‌   വേണ്ടിയാകണം  no 20 മദ്രാസ്‌  മെയിലില്‍  അഭിനയിച്ച  ടി ടി ആര്‍ നാടാര്‍  (ഇന്നസെന്റ്‌ )  ഈ ചിത്രത്തില്‍ പുനര്‍ അവതരിക്കുന്നു .(അത് പിന്നെ പിച്ചക പൂങ്കാവുകള്‍ റീ മിക്സ്‌ ചെയാന്‍ ആണെന്ന് കരുതാം .അല്ലാതെ പറ്റില്ലല്ലോ ഏതു?).

അല്ല സിനിമയെ പറ്റി .....


അനിയാ ഈ കൃഷ്ണ പൂജപ്പരയെ പറ്റി എനിക്ക് തോന്നിയിട്ടുള്ളത് ആദ്യ പകുതി ഒരു വിധം കുഴപ്പം ഇല്ലാതെ എഴുതി കൊണ്ട് പോകുന്ന ആള്‍ എന്നും (അതിനു കാരണം ലൈറ്റ് ആയ ആദ്യ പകുതിയും അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള അഭിനേതാക്കളും ആണ് എന്നത് ഇരിക്കട്ടെ ) എന്നാല്‍ രണ്ടാം പകുതി ആകുമ്പോള്‍ ടിയാന്‍റെ മൊത്തത്തില്‍ ഉള്ള നിയന്ത്രണം വിടുകയും സിനിമ അകെ മൊത്തം ചള കുളം ആകുകയും ചെയുന്നു എന്നതാണ് പൊതുവേയുള്ള അദേഹത്തിന്റെ രീതി . ഈ ചിത്രത്തിലും അതിനു വലിയ മാറ്റം ഒന്നും ഇല്ല. ആദ്യ പകുതി ചെറുതായി നമ്മെ ചിരിപ്പിച്ചു കടന്നു പോകുന്നു .അവിടെയും ചെയ്യാവുന്ന സംഗതികള്‍ / സാദ്ധ്യതകള്‍ ഇല്ല എന്നല്ല .ഉദാഹരണമായി ഒരാളെ ഐ ടി മേഖലയില്‍ നിന്നാക്കി അതിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കാവുന്ന ഒന്നായിരുന്നു . പിന്നെ പാചകവും ഭക്തിയും ശരി പഠിപ്പിക്കല്‍ കുറച്ചു കടന്നു പോയി കുറച്ചു കൂടി ജെനുവിന്‍ ആയ ഒരു പീഡന മുറ ആയിരുന്നു നല്ലത്.മൂന്നു ഭാര്യമാരും ഒരു മാതിരി കൃഷ്ണ പൂജപ്പര  പ്രത്യേകം പറഞ്ഞു ഏല്‍പ്പിച്ചതാണ് എന്ന ഭാവത്തില്‍ തികഞ്ഞ മന്ദ ബുദ്ധികളെ പോലെയാണ് ഭര്‍ത്താക്കന്മാരെ പീഡിപ്പിക്കുന്നത് !(മനസാക്ഷി കുത്തു കൊണ്ടാകണം അഭിരാമിക്ക് വിദ്യാഭ്യാസം കുറവാണു എന്നൊരു സൂചന ഉണ്ട് ) . ഭക്തിയും ,  ഐ റ്റി വനിതകള്‍ക്ക്  പൊതുവേ പാചകം  ചെയാനുള്ള  മടിയും  ഒക്കെ ചേര്‍ത്ത്  ഇവിടെയൊക്കെ കുറച്ചു ജെനുവിനിട്ടി കൊണ്ടുവന്നിരുന്നു എങ്കില്‍ നന്നായേനെ (ഒന്നുമില്ലേല്‍ പടം നാലഞ്ചെണ്ണം ആയില്ലേ സാറന്മാരെ.  എന്താടോ  നന്നാകാത്തെ!!! )

പിന്നെ, ഇത്രയും പറഞ്ഞതെല്ലാം പാവം പിടിച്ച ഒന്നാം പകുതിയേ പറ്റിയാണ് . രണ്ടാം പകുതി ആകുമ്പോള്‍ സംവിധായകനും  തിരക്കഥാകൃത്തും തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുകയും അന്തവും കുന്തവും ഇല്ലാതെ സിനിമ പോയി  എവിടെയോ ചെന്ന് ഇടിച്ചു നില്‍ക്കുകയും ചെയ്യുന്നു. ശുഭം .ഇതിലും ഭേദം രണ്ടാംപകുതി ഒരു ത്രില്ലെര്‍ മോഡില്‍ പരീക്ഷിക്കുന്നതായിരുന്നു.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് എന്ന വാചകം  നമുക്ക് ഇതു പറയുമ്പോള്‍  തല്ക്കാലം മറക്കാം 

അപ്പോള്‍ അഭിനയം .....
ജയസൂര്യയും , ഇന്ദ്രജിത്തും അവരവരുടെ കഥാപാത്രങ്ങളെ നന്നാക്കിയപ്പോള്‍ ആസിഫലി അവര്‍ക്കൊപ്പം എത്താന്‍ പാടു പെടുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ലാല്‍  പതിവ് പോലെ . ബിജു മേനോനെ പോലൊരു നടനെ ഈ റോളില്‍ പരീക്ഷിക്കാവുന്നത് ആയിരുന്നു എന്ന് തോന്നുന്നു .  പ്രവീണയും  കലാഭവന്‍  മണിയും  ഒക്കെ  വന്നു  പോകുന്നു  എന്നതല്ലാതെ  വേറെ പണിയൊന്നും ഇല്ല.നായികമാര്‍ നേരത്തെ പറഞ്ഞത് പോലെ മൊത്തത്തില്‍ ഒരു മന്ദബുദ്ധി കളിയാണ്‌

അപ്പോള്‍ ചുരുക്കത്തില്‍ .....
ഉസ്താദ്‌ ഹോട്ടലും തട്ടത്തിന്‍ മറയത്തും ഒക്കെ വെറുതെ കണ്ടു  കൊണ്ടിരിക്കാം  എന്നഭിപ്രായപ്പെടുന്ന  ഒരു പ്രേക്ഷക സമൂഹത്തിനു ഇതൊന്നും വലിയ പ്രശ്നമാവില്ല എന്ന് കരുതുന്നു .എനിക്ക് മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ പോലെ തന്നെ ഇതും പാടായിരുന്നു അനിയാ, സത്യം


2 comments:

  1. ഒരിക്കല്‍ ചക്ക വീണു മുയല്‍ ചത്തു എന്ന് കരുതി... :((

    ReplyDelete
  2. Prekshaka - ticketinte vila kootiyit kure aayille.. update cheyy... 60 ;)

    ReplyDelete