Sunday, August 5, 2012

ടോട്ടല്‍ റീക്കാള്‍ -Total Recall

അനിയാ, നീ ആര്‍നോള്‍ഡ് ഷ്വാഷ്നാഗര്‍ അഭിനയിച്ച ടോട്ടല്‍ റീക്കാള്‍ കണ്ടിട്ടുണ്ടോ ?

ഇല്ല അണ്ണാ,ടെര്‍മിനേറ്റര്‍ ഒന്നും രണ്ടും മൂന്നും ഒക്കെ കണ്ടിട്ടുണ്ട്.എന്ത് ചോദിച്ചത് ?

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ അങ്ങനെ ഒരു പടം ഇറങ്ങിയിട്ടുണ്ട്. ഷാരണ്‍ സ്റ്റോണ്‍ ഒക്കെ അഭിനയിച്ച സിനിമയാണ് .

ബേസിക് ഇന്‍സ്റ്റിന്‍ക്ക്റ്റ് ഷാരണ്‍ സ്റ്റോണ്‍ അല്ലെ അണ്ണാ ?

ഉം...അതൊക്കെ നല്ല നിശ്ചയമാണ്.അത് തന്നെ ആള്.

ആ പടത്തിന് ഇപ്പൊ എന്ത് സംഭവിച്ചു അണ്ണാ ? വീണ്ടും ഡി വി ഡി കണ്ടോ ?

ഇല്ല. രതിനിര്‍വേദം, ചട്ടക്കാരി ഇതൊക്കെ നമ്മള്‍ റീമേക്ക് ചെയ്തില്ലേ ? അത് പോലെ സായിപ്പും ഈ പടം റീമേക്ക് ചെയ്തു.

അരവിന്ദ് ശിവശങ്കരനും,ഷാരണ്‍ സ്റ്റോണും തന്നെ അണ്ണാ പുതിയ പടത്തിലും ?

അല്ലഡാ . ഇതില്‍ കോളിന്‍ ഫെരല്‍,കേറ്റ് ബെക്കന്‍സില്‍ എന്നിവരാണ് ആര്‍നോള്‍ഡ്,ഷാരണ്‍ സ്റ്റോണ്‍ എന്നിവര്‍ പണ്ട് ചെയ്ത വേഷങ്ങള്‍ ചെയ്തിരിക്കുന്നത് .

ഇവരൊക്കെ ആര് അണ്ണാ?

കോളിന്‍ ഫെരല്‍ അലക്സാണ്ടര്‍,ഫോണ്‍ ബൂത്ത്‌,മയാമി വൈസ് അങ്ങനെ കുറെ പടങ്ങള്‍ ഉണ്ട്.അതിലൊക്കെ അഭിനയിച്ച കക്ഷിയാണ് .അണ്ടര്‍വേള്‍ഡ് സീരിസ് ആണ് കേറ്റ് ബെക്കന്‍സില്‍ന്റെ ഏറ്റവും പ്രശസ്തമായ (വാണിജ്യ ) സിനിമകള്‍

എന്തരോ എന്തോ.പക്ഷെ സായിപ്പല്ലേ? കിടിലമായിരിക്കും.അല്ലെ അണ്ണാ ?

അനിയാ.സായിപ്പായത് കൊണ്ട് ഞാന്‍ കാണുന്ന ഏക ഗുണം എന്താണ് എന്ന് അറിയാമോ?

പറയണം
കാശ് മുടക്കി ഈ പടം കണ്ടിട്ട്,വല്യ ഗുണം ഇല്ല എന്ന് സ്വതന്ത്രമായിട്ട് പറഞ്ഞാല്‍ കോളിന്‍ ഫെരല്‍ ഫാന്‍സ്‌ അസോസിയേഷന്‍കാരും ഓണ്‍ലൈന്‍ ഓല പീപ്പികളും ഞാന്‍ കരിയര്‍ ഏതാണ്ട് തീരാറായ ആര്‍നോള്‍ഡ് ഷ്വാഷ്നാഗറിനെ എങ്ങനെയും രക്ഷിച്ചെടുക്കാന്‍ നടക്കുകയാണ് എന്ന് പറയില്ല.

നിങ്ങള് അതിനിടക്ക് ആളില്ലാത്ത പോസ്റ്റിലോട്ടു പന്ത് തട്ടാതെ.അപ്പൊ പടം കൊള്ളൂലെ?

ഒരു സാധാരണയില്‍ താഴെ നിലവാരമുള്ള ഇംഗ്ലീഷ് ആക്ഷന്‍ പടം എന്ന് പറയാം.

അണ്ണാ,എന്നെ പോലെ ഒരു നിരൂവണ സിംഗത്തിനോട് പറയുമ്പോ ഇങ്ങനെ പരത്തി പറയാതെ . വിശദമായിട്ട് പറയണം .
ഡാ ...ആര്‍നോള്‍ഡിന്റെ പഴയ സിനിമയും,ഇതും ഒക്കെ ശരിക്കും വീ ക്യാന്‍ റിമംബര്‍ ഇറ്റ്‌ ഫോര്‍ യു ഹോള്‍സെയില്‍ എന്നൊരു ചെറുകഥയില്‍ നിന്നും പ്രചോദനം ഉത്ക്കൊണ്ട് നിര്‍മിച്ച സിനിമകളാണ്.ആര്‍നോള്‍ഡിന്റെ സിനിമ അന്നത്തെ കാലത്ത് നല്ല പുതുമയായിരുന്നു.സയന്‍സ് ഫിക്ഷനും ,കഥയിലെ സസ്പെന്‍സും ഒക്കെ.പക്ഷെ പുതിയ ടോട്ടല്‍ റീക്കാള്‍ ആ സസ്പെന്‍സ് ഒന്നും ഇല്ലാത്ത ഒരു സാധാരണ പടമാണ്

കഥ ഒന്ന് തന്നെയല്ലേ? അപ്പൊ പിന്നെ എന്തര് സസ്പെന്‍സ് ?

നീ ഓഷ്യന്‍സ് ഇലവന്‍ കണ്ടിട്ടുണ്ടോ ?

ഞാന്‍ ആ ടൈപ്പ് ഒന്നും അല്ല.

ഡാ അങ്ങനെ ഒരു പടമുണ്ട്.അറുപതുകളില്‍ അതെ പേരില്‍ ഇറങ്ങിയ ഒരു പടത്തിന്റെ റീമേക്ക്.പക്ഷെ പുതിയ പടത്തില്‍ കഥയിലൊക്കെ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി കിടിലമാക്കി ഇറക്കിയ പടമാണ്

ഈ പുതിയ ടോട്ടല്‍ റീക്കാളില്‍ അങ്ങനെ ഒന്നും ഇല്ലേ ?

പഴയ പടത്തില്‍ നിന്നും ഇതിനുള്ള പ്രധാന മാറ്റങ്ങള്‍ രണ്ടാണ്. പഴയ സിനിമയില്‍ കഥ നടക്കുന്നത് ഭൂമിയിലും, ചൊവ്വയിലുമാണ്.പുതിയ സിനിമയില്‍ കഥ മൊത്തം ഭൂമിയില്‍ വെച്ച് തന്നെ നടക്കുന്നു.രണ്ടാമത്തെ മാറ്റം പ്രധാന കഥാപാത്രമായ ഡഗ്ളസ് ക്വൈഡ് വില്ലനാണോ,നായകനാണോ എന്നൊരു സംശയം സിനിമ തീര്‍ന്നാല്‍ പോലും കാണികളില്‍ നില്‍ക്കുന്ന തരത്തിലായിരുന്നു പഴയ സിനിമയുടെ കഥ.പുതിയത് കുറെക്കൂടെ നേരെ വാ നേരെ പോ ലൈനില്‍ ആക്കി ആ ഒരു സസ്പെന്‍സ് ഇല്ലാതാക്കി.

കഥ എന്തര് അണ്ണാ? നിരൂവിക്കുമ്പം അത് നാല് പേര് ചോദിച്ചാ പറയണ്ടേ ?

ഡേ കഥ നടക്കുന്നത് രണ്ടായിരത്തി എണ്‍പത്തിനാലിലാണ് . മൂന്നാം ലോക മഹായുദ്ധം കഴിഞ്ഞ് ലോകം മുഴുവന്‍ പണ്ടാരമടങ്ങി. മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റിയ രണ്ട് രാജ്യങ്ങള്‍ മാത്രമേ ലോകത്ത് ഉള്ളു .യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബ്രിട്ടനും പിന്നെ കോളനി എന്നൊരു രാജ്യവും (ഇപ്പോഴത്തെ ഓസ്ട്രേലിയയുടെ മാപ്പാണ് ഈ കോളനി എന്ന് പറഞ്ഞ് കാണിക്കുന്നത് ).ബ്രിട്ടന്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം.കോളനി പാവങ്ങളുടെ രാജ്യം.കോളനിയിലെ ജനങ്ങള്‍ ബ്രിട്ടനില്‍ പോയി പണിയെടുത്താണ് ജീവിക്കുന്നത്.രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള ഏക കെ എസ് ആര്‍ ടീ സി ബസ്‌ ഭൂമിക്കടിയില്‍ കൂടി ഇവിടെ മുങ്ങി അവിടെ പൊങ്ങുന്ന ഒരു ലിഫ്റ്റ്‌ ആണ്.ദി ഫാള്‍ എന്ന് വിളിക്കുന്ന ഒരു സാധനം

കോളനിയില്‍ നിന്നും ബ്രിട്ടനില്‍ പോയി പണിയെടുത്ത് ജീവിക്കുന്ന ഒരു സാധാരണ ഫാക്ടറി തൊഴിലാളിയാണ് ഡഗ്ളസ് ക്വൈഡ് (കോളിന്‍ ഫെരല്‍). ജീവിതം ബോര്‍ അടിക്കുമ്പോള്‍ ഭാവനകള്‍ ശരിക്കുള്ള ഓര്‍മകളായി തലച്ചോറില്‍ കയറ്റി വിടുന്ന റീക്കാള്‍ എന്ന കമ്പനിയില്‍ അയാള്‍ പോകുന്നു. ഫാന്റ്സികള്‍ ശരിക്കുള്ള അനുഭവങ്ങള്‍ ആക്കി കൊടുക്കുന്ന ആ കമ്പനിയില്‍ ഡഗ്ളസ് തനിക്കായി ഒരു സീക്രട്ട് എജെന്റിന്റെ ഭാവന തിരഞ്ഞെടുക്കുന്നു.പക്ഷെ റീക്കാള്‍ കമ്പനിക്കാര്‍ ആരുടെയെങ്കിലും തലച്ചോറില്‍ എന്തെങ്കിലും ചെയും മുന്‍പ് സാധാരണ നടത്തുന്ന ടെസ്റ്റില്‍ ഡഗ്ളസ് പരാജയപ്പെടുന്നു.റീക്കാള്‍ കമ്പനിക്കാര്‍ ഡഗ്ളസ് ശരിക്കും ഒരു രഹസ്യാന്വേഷണ എജെന്റ് ആണ് എന്ന് പറഞ്ഞ് അയാളെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ അപ്പോഴേക്കും പോലീസ് ആ സ്ഥലത്ത് എത്തുന്നു. തുടര്‍ന്നുണ്ടാവുന്ന ഏറ്റുമുട്ടലില്‍ കമ്പനിയുടെ ആളുകളെ എല്ലാം പോലീസുകാര്‍ കൊല്ലുന്നു.അവര്‍ ഡഗ്ളസ്നെ അറസ്റ്റ് ചെയാന്‍ ശ്രമിക്കുമ്പോള്‍ താന്‍ പോലും അറിയാതെ കിടിലം സ്റ്റണ്ട് നടത്തി ഡഗ്ളസ് അവരെയെല്ലാം തട്ടുന്നു. അവിടുന്ന് രക്ഷപ്പെട്ട് അയാള്‍ വീട്ടില്‍ എത്തുമ്പോള്‍ ഏഴ് വര്‍ഷങ്ങളായി സ്വന്തം ഭാര്യ എന്ന് കരുതിയിരുന്ന ലോറി (കേറ്റ് ബെക്കന്‍സില്‍) അയാളെ കൊല്ലാന്‍ ശ്രമിക്കുന്നു.പിന്നെ അങ്ങോട്ട്‌ നിലം തൊടാതെയുള്ള ഓട്ടം , ബ്രീട്ടനിലെ ഭരണാധികാരി കൊഹാഗന്‍ കോളനിയിലെ ജനങ്ങളെ ഒക്കെ തട്ടി ആ സ്ഥലം പിടിച്ചെടുക്കാന്‍ നടത്തുന്ന റിയാല്‍ എസ്റ്റ്റ്റ് മാഫിയാ ശ്രമങ്ങള്‍, അതിനെ ചെറുക്കന്‍ ശ്രമിക്കുന്ന വിപ്ലവകാരികളുടെ സംഘം,മെലനി (ജെസ്സിക്ക ബേല്‍) എന്ന യുവതി ഇവരൊക്കെ ഡഗ്ളസ്ന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു . താന്‍ ഡഗ്ളസ് അല്ല കാള്‍ ഹ്യൂസര്‍ എന്ന ബ്രിട്ടന്‍ന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആണെന്ന് അയാള്‍ തിരിച്ചറിയുന്നു. കോളനി പിടിച്ചെടുക്കുന്നതില്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ വിജയിക്കുമോ,ഡഗ്ളസ് അഥവാ കാള്‍ ഹ്യൂസര്‍ കൊഹീഗന്റെ കൂടെ നില്‍ക്കുമോ അതോ വിപ്ലവകാരിയായ മത്തിയാസിന്റെ (ബില്ലി നെയ്‌ ) കൂടെയോ? ലോറിയോ അതോ മെലനിയോ? കാള്‍ ഹ്യൂസര്‍ ആയിരുന്ന മനുഷ്യന്‍ ഓര്‍മ്മ നഷ്ടപ്പെട്ട് എങ്ങനെ ഡഗ്ളസ് ആയി? ഈ ചോദ്യങ്ങള്‍ക്ക് ഒക്കെ ഉള്ള ഉത്തരങ്ങള്‍ തുടര്‍ന്നുള്ള ഓട്ടം, അടി , ഇടി , വെടി, ചതി ഇതിനിടയില്‍ നമുക്ക് കിട്ടുന്നു .ഒപ്പം ക്യാപ്പിറ്റലിസം,സാമ്പത്തിക ചൂഷണം എന്നിവയ്ക്ക് ഒക്കെ എതിരെയുള്ള സന്ദേശവും.നിന്റെ ഗുരു അണലി ഷാജിയുടെ കുഷ്ഠ മനസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ദി ഫാള്‍ ന്യൂനപക്ഷ കോണകത്തിന്റെ വാല്‍ ചവിട്ടി പിടിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ബിമ്പങ്ങളുടെ പ്രതീകമാണ്.പിന്നെ ഈ സിനിമയില്‍ ആകെയുള്ള വ്യത്യാസം അണലി സാധാരണ നാല് പുക കഞ്ചാവിന്റെ ധമ്മില്‍ പറയുമ്പോലെ അജ്മല്‍ കസബിനെ വില്ലനാക്കി എടുക്കുന്ന സിനിമ മൊത്തം മുസ്ലീങ്ങളുടെ മുകളിലേക്കുള്ള കുതിരകയറ്റം ആകുന്നു എന്ന ആ ലൈന്‍ അല്ല.സത്യത്തില്‍ സാമ്പത്തിക ചൂഷണം,ചെറുത്ത് നില്‍പ്പ് ഇതൊക്കെ ഈ സിനിമയില്‍ കൊണ്ടു വരാന്‍ അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്എന്നതാണ്

രക്തസാക്ഷികള്‍ സിന്ദാബാദ് !!!

ഡാ,പൊടിക്ക് അടങ്ങ്‌.

അല്ല അണ്ണാ .അപ്പൊ സാമ്രാജ്യത്വ ശക്തികള്‍ക്ക് എതിരെയുള്ള ധീര വിപ്ലവകാരികളുടെ പോരാട്ടം ആണല്ലേ ഈ സിനിമ ?

എന്നാണ് വെയ്പ്പ്.പക്ഷെ ഒടുക്കം ഇത് സന്ദേശം നല്‍കാന്‍ എടുത്ത പടമാണോ അതോ ആക്ഷന്‍ പടമാണോ എന്ന് സംവിധായകന്‍ ലെന്‍ വൈസ്മാനും (അണ്ടര്‍വേള്‍ഡ് സീരിസ്,ഡൈ ഹാര്‍ഡ് സീരീസിലെ അവസാനത്തെ പടം ലിവ് ഫ്രീ ഓര്‍ ഡൈ ഹാര്‍ഡ് ഇതൊകെ സംവിധാനം ചെയ്ത കക്ഷി ),കണ്ടിരിക്കുന്ന നമ്മള്‍ക്കും മനസിലാവാത്ത അവസ്ഥയാണ് .മൊത്തത്തില്‍ സാമ്പാര്‍ ഉണ്ടാക്കി,കിച്ചടി എന്ന് പേരിട്ട് കരിഞ്ഞ അവിയല്‍ വിളമ്പിയ അവസ്ഥ.

അഭിനയം ?

ഡേ...ഇത് ഉനക്കേ കൊഞ്ചം ഒവറാ തെരിയലെ? എന്നാലും കേട്ടോ .നായകന്‍ കോളിന്‍ ഫെരല്‍ പഴയ പടം കണ്ടിട്ടുള്ളവര്‍ ആര്‍നോള്‍ഡുമായി താരതമ്യം ചെയ്യാത്ത രീതിയില്‍ വൃത്തിയായി തന്റെ രീതിയില്‍ ആ വേഷം ചെയ്തിട്ടുണ്ട്. കേറ്റ് ബെക്കന്‍സില്‍,ജെസ്സിക്ക ബേല്‍ എന്നിവര്‍ കാണാന്‍ കൊള്ളാവുന്ന ആളുകളാണ് .പക്ഷേ ആ ഒരു ഗ്ലാമര്‍ ഘടകം സിനിമയില്‍ അധികം ഇല്ല. അഭിനയം പണ്ടേ ഇല്ല.

അപ്പൊ ചുരുക്കത്തില്‍ ?

ഒരു ബിലോ ആവറേജ് തട്ടിക്കൂട്ട് സയന്‍സ് ഫിക്ഷന്‍ പടം.ആര്‍നോള്‍ഡിന്റെ ഒര്‍ജിനല്‍ സിനിമ തന്നെ ഇപ്പോഴും കിടിലം കുറ്റം സംവിധായകന്‍,തിരക്കഥ ഉണ്ടാക്കിയവര്‍ എന്നിവരില്‍ പൂര്‍ണ്ണമായും നിക്ഷിപ്തം.അഭിനേതാക്കള്‍ കഥ കണ്ടു ചാടി വീണതില്‍ ഒഴികെ മറ്റു കുറ്റങ്ങളില്‍ നിരപരാധികള്‍ . സംവിധായകന്റെ ഭാര്യ എന്ന നിലയ്ക്ക് കേറ്റ് ബെക്കന്‍സിന് പ്രത്യേക പരോള്‍ വേണേല്‍ അനുവദിക്കാം

No comments:

Post a Comment