Sunday, August 12, 2012

ലാസ്റ്റ് ബെഞ്ച്‌ (Last Bench : Malayalam Movie Review )

അനിയാ ഈ മലയാളത്തില്‍ അഥവാ മലയാള സിനിമയില്‍ ഏറ്റവും നന്നായി ചെലവാകുന്ന സംഗതി എന്താണ്?

അത് പിന്നെ .. ഭക്ഷണം അഥവാ രുചി,പ്രാദേശിക സ്ലാഗ് ,...... എതെതെങ്കിലും ആണോ ?

അല്ല എന്നാണ് ഞാന്‍ കരുതുന്നത്.

പിന്നെ എന്തോന്ന് ? ഓ.... കിട്ടി പോയി ..നിക്കറിട്ട നായകന്‍,മോഡുലാര്‍ അടുക്കള,ഫ്ലാറ്റ്,സ്മാര്‍ട്ട്‌ ഫോണ്‍,അവിഹിതം എതെല്ലമുള്ള ന്യൂജനറേഷന്‍ പാക്കേജ് അല്ലേ? അല്ലല്ലോ..........കിട്ടിപോയി .... പുതു മുഖങ്ങളെ വെച്ചുള്ള പ്രണയ കഥ .. ശരിയല്ലേ?

അനിയാ എന്‍റെ അഭിപ്രായത്തില്‍ എക്കാലത്തും വിറ്റു പോകുന്ന ഒരു സാധനമാണ് നോസ്ട്ടാല്ജിയ.നീ അവസാനം പറഞ്ഞ പുതുമുഖ പ്രണയ കഥയും വിറ്റു പോകാനുള്ള ഒരു കാരണം മേല്‍പ്പറഞ്ഞ വികാരമാണ് .മലയാളിയുടെ ഈ വികാരം ശരിക്കും ചര്‍ച്ച ചെയ്യ പ്പെടെണ്ട ഒന്നാണ്.തല്ക്കാലം കേരള കഫെ എന്ന ചിത്രത്തില്‍ എന്നെ ഒരു നിമിഷം ചിന്തിപ്പിച്ച സാധനം ദിലീപ് അഭിനയിച്ച നോസ്ട്ടാല്ജിയ എന്ന ഹ്രസ്വ ചിത്രം ആയിരുന്നു എന്ന് മാത്രം പറഞ്ഞേക്കാം.ബാക്കി പിന്നെ എപ്പോളെങ്കിലും .

അതൊക്കെ ശരി.ഇതൊക്കെ ഇവിടെ എന്നോട് പറയാനുള്ള കാരണം ?

അനിയാ യുവ /പുതുമുഖ (രണ്ടും ഞാനങ്ങു ഊഹിക്കുന്നതു ആന്നേ .ഇനി തെറ്റി പോയാല്‍ ക്ഷമിക്കണം ) ജിജു അശോകന്‍ (ഇതു രണ്ടു പേര്‍ അല്ല എന്നും സങ്കല്‍പ്പിക്കുന്നു) സംവിധാനം ചെയ്ത ലാസ്റ്റ് ബെഞ്ച്‌ എന്ന ചിത്രം കണ്ടത്തിന്‍റെ അനന്തര ഫലമാണ്‌ ഇത്രയും നേരം നമ്മള്‍ തമ്മില്‍ ഉണ്ടായ ഡയഗോളിന് പ്രചോദനം.

അങ്ങനെ ഒരു പടമോ? എപ്പോള്‍ ഇറങ്ങിയതാ.

അനിയാ, കഴിഞ്ഞ ആഴ്ച . ഇന്നലെയ കാണാന്‍ പറ്റിയത് എന്ന് മാത്രം . അഭിനേതാക്കള്‍ എല്ലാരും പുതു മുഖങ്ങള്‍ (കുറഞ്ഞ പക്ഷം എനിക്ക്) അങ്ങാടി തെരുവ് എന്ന തമിഴ് ചിത്രം കണ്ട പ്രേക്ഷകര്‍ക്ക്‌ അതിലെ നായകന്‍ മഹേഷിനെ ഓര്‍മയുണ്ടാകും അയാളെ കൂടാതെ ഈ ചിത്രത്തിലെ അഭിനേതാക്കളില്‍ അറിയാന്‍ സാധ്യതയുള്ളത് പഴയ തമിഴ് -മലയാള നടി സുകന്യ മാത്രമാണ് .

കഥ എങ്ങനെ? പുതുമയുണ്ടോ ?പുതുമ ഇല്ലാത്ത ഒന്നും ഞങ്ങള്‍ പ്രബുദ്ധരായ മലയാള പ്രേക്ഷകര്‍ സ്വീകരിക്കില്ല.അപകടകരമായ ഒരു സന്ദേശവും അടങ്ങിയിട്ടില്ല എന്ന ഉറപ്പു വേറെയും വേണം അല്ല പിന്നെ ....

പൊന്നനിയാ,ഇതു നേരത്തെ പറഞ്ഞ നൊസ്ട്ടാല്‍ജിയ കച്ചവടം അടിക്കാനുള്ള മറ്റൊരു എളിയ ശ്രമം മാത്രമാണ് .കഥ ഇപ്രകാരം.സ്കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്ന പരമ ഉഴപ്പന്‍മാരായ നാലു പേര്‍ വളര്‍ന്നു വലുതായി ഇതില്‍ ഒരാളുടെ കല്യാണത്തിന് വേണ്ടി വീണ്ടും ഒത്തു കൂടാനായി വരുന്നു.ഈ യാത്രക്കിടയില്‍ ഇവരുടെ ഓര്‍മ്മകളിലൂടെ ഫ്ലാഷ് ബാക്ക്.(അത് പോലും ഫ്ലാറ്റ് ആയി അങ്ങ് പറഞ്ഞു പോകുകയാണ്.ഇടവേള വരെ പോകുന്ന ആ ഭാഗം നാല് ഭാഗങ്ങളാക്കി നാലു പേരുടെ വീക്ഷണത്തില്‍ പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ).ഇടവേള വരെ പോകുന്ന ഈ സ്കൂള്‍ ജീവിത തിരിഞ്ഞു നോട്ടത്തില്‍ സാധാരണ ഒരു അധ്യാപക - വിദ്യാര്‍ഥി ചിത്രത്തില്‍ സംഭവിക്കുന്നതില്‍ കൂടുതല്‍ ഒന്നും നടക്കുന്നില്ല.പഠിക്കാത്ത പിള്ളേര്‍ അവരെ നന്നാക്കാന്‍ ശ്രമിക്കുന്ന കുട്ടികളില്ലാത്ത ടീച്ചര്‍.ശത്രുവായ ടീച്ചറെ കോണി പടിയില്‍ നിന്നും തള്ളിയിട്ടു പ്രതികാരം ചെയുന്ന ശിഷ്യന്മാര്‍.ആശുപതിയില്‍ കാല് തെറ്റി വീണതാണ് എന്ന് പറഞ്ഞു ശിഷ്യന്മാരെ പശ്ചാത്താപ വിവശരാക്കി നന്നാക്കുന്ന ടീച്ചര്‍.ബാലചന്ദ്രന്‍ ചുള്ളികാടിന്‍റെ ചിദംബര സ്മരണകള്‍ എന്ന ലേഖന സമാഹാരത്തിലെ ഒരു കഥ മുഖം പൊള്ളി വികൃതമായ ഷാഹിനയുടെ കഥ ഈ ചിത്രത്തിലെ ഒരു ത്രെഡ് ആണ്.(ഉദിഷ്ട്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയ്ക്ക് ചുള്ളിക്കാടിനു ഒരു റോളും കൊടുത്തിട്ടുണ്ട്‌.സ്കൂളിലെ ഒരു സാറായി)

എന്നിട്ട് .....

അപ്പോള്‍ ഇടവേളയോടെ ഓര്‍മ്മകള്‍ ഒക്കെ കഴിഞ്ഞു,(സ്കൂള്‍ ജീവിതം കഴിയുന്നതോടെയാണ്‌ ഫ്ലാഷ്ബാക്ക് തീരുന്നത്) കഥ ഇന്നില്‍ തിരിച്ചെത്തുന്നു.പറയാന്‍ മറന്നു.ഈ സംഘത്തിലെ അങ്ങാടി തെരുവ് നായകന്‍ മഹേഷിനു അതേ ക്ലാസ്സില്‍ പുതിയതായി പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ഭയങ്കര പ്രേമം.അതെ ക്ലാസ്സിലെ തന്നെ മനു ആന്റണി എന്ന പഠിപ്പിസ്റ്റ് പാര വെച്ച് കുളമാക്കുന്നു.അങ്ങനെ പ്രേമം പോട്ടിയവന്‍റെ കല്യാണത്തിന്നു ആണ് ഇവരെല്ലാം വരുന്നത്.(പറയുമ്പോള്‍ എല്ലാം പറയണമല്ലോ.ആ പാര വെച്ച മനുവിനോട് പ്രേമം പോട്ടിയവനെക്കാലും കലിപ്പ് ലവന്‍റെ സുഹൃത്തിനാണ് !!!). ഇനിയാണ് അനിയാ കഥ പുതിയൊരു വഴിത്തിരിവിലേക്ക് ഒടിഞ്ഞു കേറുന്നത്.(ഇനിയങ്ങോട്ട് ഇതു നിമിഷവും ഞെട്ടാന്‍ തയ്യാറായി വേണം മുന്നോട്ടു പോകാന്‍ )

കല്യാണത്തിന്‍റെ ഭാഗമായി നാല്‍വര്‍ സംഘം വിവാഹ തലേന്ന് വൈകിട്ടെന്താ പരിപാടിയില്‍ മുഴുകുന്നു.ഫിറ്റ്‌ ആയിക്കഴിഞ്ഞു എല്ലാവനും ഒടുക്കത്തെ നൊസ്ട്ടാല്‍ജിയ.എല്ലാവരും കൂടി രാത്രി അവരുടെ പഴയ സ്കൂളിലെ ക്ലാസ്സ്‌ റൂമിലേക്ക്‌ പോകുന്നു.അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ കല്യാണ ചെറുക്കന് പഴയ കാമുകിയെ ഇപ്പോള്‍ കാണണം (വെറുതെ അവള്‍ സന്തോഷമായി ജീവിക്കുനത് കണ്ടാല്‍ മതി).മഹേഷും,മഹേഷിന്‍റെ പ്രേമം പോട്ടിയതില്‍ മഹേഷിനെക്കാള്‍ കലിപ്പുള്ള ആളും കൂടി പഴയ നായികയുടെ വീടിലേക്ക്‌ നീങ്ങുന്നു (സമയം അര്‍ദ്ധ രാത്രി .നേരെ നൂല് പിടിച്ച പോലെയാണ് പോകുന്നത്).അവിടെ ചെന്ന് മഹേഷ്‌ തുറന്നു കിടന്ന പിന്‍ വാതിലിലൂടെ അകത്തു കയറി ഇരിക്കുമ്പോളാണ് നായികയുടെ ഭരത്താവ് ഒരു സംശയ രോഗി കം സാഡിസ്റ്റ് ആണെന്ന് മനസിലാക്കുന്നത്‌ (ഞെട്ടല്‍ 1).ഉടനെ ഭര്‍ത്താവിനെ അടികൊടുത്തു പിടിച്ചു കെട്ടിയിട്ടു നായികക്ക് പുതിയൊരു ജീവിതം ഓഫര്‍ ചെയ്യുന്നു.ആ വന്‍ ഓണം - റംസാന്‍ ഓഫര്‍ സ്വീകരിച്ചു നായിക പെട്ടിയുമായി ഇറങ്ങുന്നു. നേരെ റെയില്‍വേ സ്റ്റേഷന്ലേക്ക് .
ഇതിനിടെ നായകന്‍റെ കൂടെ വന്നവന്‍ ലക് ഷ്യം ഇല്ലാതെ അലയുമ്പോള്‍ പഴയ മനു കാറില്‍ വരുന്നു പഴയ തെറ്റിന് മാപ്പപേക്ഷിക്കുന്നു.ഒടുവില്‍ വഴിയില്‍ കണ്ട ബസ്‌സ്റ്റോപ്പില്‍ കിടന്നുറങ്ങുന്ന കൂട്ടുകാരന്‍ രാവിലെ എഴുനെല്‍ക്കുംപോളാണ് അത് മരിച്ചു പോയ മനുവിന്‍റെ സ്മാരകമായി ഉണ്ടാക്കിയ ബസ്‌സ്റ്റോപ്പ്‌ ആണ് എന്ന് മനസിലാക്കുന്നത്‌ (ഞെട്ടല്‍ 2 ) . (പഴയ ക്ലാസ്സ്‌ മേട്ടിനെ ഒന്ന് ഇംപ്രസ് ചെയ്യാന്‍ ആകണം പ്രേതം കിടിലം കാറില്‍ തന്നെ ഇറങ്ങിയത്‌ !!!).മൂന്നാമത്തെ കഥാപാത്രം വഴിയില്‍ വെച്ച് മുഖം പൊള്ളിയ ഷാഹിനയെ കണ്ടു ചുള്ളികാടിന്‍റെ കഥ പൂര്‍ത്തിയാക്കുന്നു(ഇവിടെ കഥ വായിച്ചിട്ടില്ലത്തവര്‍ക്ക് ഞെട്ടാം).അവസാനത്തവന്‍ (ഇയാളാണ് പണ്ട് ടീച്ചറെ തള്ളിയിട്ടത്‌ ) നേരെ ടീച്ചറിന്‍റെ വീടിലേക്ക്‌ വെച്ച് പിടിക്കുന്നു.അവിടെ ടീച്ചറും അവരുടെ സഹായി ആയി പണ്ട് അതെ സ്കൂളില്‍ ജോലി ചെയ്ത ഒരാളുമാണ് താമസം.രാത്രി പ്രേതമായി വന്നു പേടിപ്പിച്ചു അവസാനത്തവനെ കോണിപ്പടിയില്‍ നിന്ന് ചുമ്മാ തള്ളിയിട്ടു സഹായി പകരം വീട്ടുന്നു.ഒപ്പം ഒരു ഞെട്ടിക്കുന്ന സത്യവും .(ദേ പിന്നെയും ഞെട്ടല്‍) പണ്ട് തള്ളിയിടുമ്പോള്‍ ഒരിക്കലും ഗര്‍ഭിണി ആകാത്ത ടീച്ചര്‍ (അവരെ മച്ചി എന്ന് വിളിച്ചു കളിയാക്കുന്നുണ്ട് ) അന്ന് രാവിലെ ഗര്‍ഭിണി ആയിരുന്നു.ആ വീഴ്ചയോടെ അവരുടെ ഗര്‍ഭപത്രം പോയി ഒപ്പം ഭര്‍ത്താവും ഉപേക്ഷിച്ചു പോയി.(ഇതിലും ടീച്ചര്‍നെക്കാളും കലിപ്പ് സഹായിക്കാണ് !!! അത് വരെ അയാളാണ് ഇവരുടെ ഭര്‍ത്താവു എന്നാണ് ഞ്ഞാന്‍ കരുതിയത്‌ ).പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ കല്യാണ ചെറുക്കനെ കാണാതെ അന്വേഷിച്ചു കൂട്ടുകാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു .അവരുടെ സംസാരത്തില്‍ നിന്നും ഇന്നാണ് ഇവന്‍റെ കല്യാണം എന്ന് എന്ന് മനസിലാക്കുന്ന നായികാ ആത്മഹത്യക്ക് ഒരുങ്ങുന്നു എങ്കിലും സംവിധായകന്‍ തക്ക സമയത്ത് രംഗതെത്തി യു സില്ലി സ്റ്റുപ്പിഡ് ഗേള്‍ എന്ന് തുടങ്ങി രണ്ടു അലക്ക് അലക്കുമ്പോള്‍ കൊച്ചു പരിപാടി മാറ്റി വെച്ച് നായകന് ഒരു മംഗളവും നേര്‍ന്നു തിരിച്ചു പോകുന്നു.എല്ലാം കണ്ടു ബോധിച്ച സുഹൃത്ത് സംഘം ഹാപ്പി ആയി തിരിച്ചു പോകുന്നു .

കഴിഞ്ഞോ ? അതോ ഇനിയും ഉണ്ടോ ?

ഇല്ലെടെ ഇത്രയും തന്നെ.എന്ത് പോരെ ?

അല്ല അണ്ണാ.അപ്പോള്‍ ഇതു മറ്റൊരു കൂതറ ചിത്രം കൂടി എന്ന് പറഞ്ഞു കാച്ചിയാല്‍ പോരെ?

അതല്ലേ സങ്കടം ....ഒരു പുതു മുഖ സംവിധായകന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാഞ്ഞല്ല. പക്ഷെ തിരകഥ എന്ന സംഗതിയില്‍ ഒരല്‍പം കൂടി ശ്രദ്ധിച്ചു എങ്കില്‍ ഒരു പക്ഷെ ഇപ്പോളത്തെ നോണ്‍ ലീനിയര്‍ ന്യൂ ജനറെഷന്‍ ചിത്രങ്ങളുടെ നിരയില്‍ അവയില്‍ ഒക്കെ ഉണ്ട് എന്ന് ആരോപിക്കപ്പെടുന്ന ചേരുവകള്‍ പരമാവധി കുറവുള്ള ഒരു നല്ല ചിത്രം കൂടി വന്നേനെ.

എന്ന് വെച്ചാല്‍ .. ഒന്ന് വിശദം ആക്കാമോ ?

നേരത്തെ പറഞ്ഞ പോലെ ഫ്ലാറ്റ് ആയി പറയാതെ ഫ്ലാഷ് ബാക്ക് നാലു ഭാഗമാക്കി മാറ്റി നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കുക,ടീച്ചറുടെ സഹായി,കൂട്ടുകാരന്‍റെ പ്രേമം തകര്‍ത്തവനോടുള്ള ഒടുങ്ങാത്ത പക (തകര്‍ന്നവനില്ല അത്രയും ദേഷ്യം !!) ഇടവേളക്കു ശേഷം വെള്ളമടിച്ചു എന്ന പേരില്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുക,വൃത്തിയുള്ള ഒരവസാനം (അതായിത് ഈ ഒരു ദിവസത്തെ കൂടികാഴ്ച എല്ലാവരുടെയും ജീവിതം മാറ്റി മറിക്കുന്ന ഒരവസ്ഥ) എങ്ങനെ കുറച്ചു സാധനങ്ങള്‍ ശ്രദ്ധിച്ചിരുന്നു എങ്കില്‍ മികച്ച ഒരു ചിത്രം ആയേനെ ഈ ലാസ്റ്റ് ബെഞ്ച്‌.

അതിരിക്കട്ടെ ഇപ്പോള്‍ ഉള്ള സംഗതി .

കഷ്ട്ടിച്ചു ശരാശരി എന്ന് പോലും പറയാന്‍ പറ്റാത്ത ഒരു ചിത്രം

2 comments:

  1. നേരത്തെ പറഞ്ഞ പോലെ ഫ്ലാറ്റ് ആയി പറയാതെ ഫ്ലാഷ് ബാക്ക് നാലു ഭാഗമാക്കി മാറ്റി നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കുക,>>>>>എന്നിട്ടുവേണം പ്രേക്ഷകര്‍ വീണ്ടും സഹിക്കാന്‍...... ഒന്നുതന്നെ സഹിക്കാന്‍ പറ്റുന്നില്ല അപ്പോഴല്ലേ നാലണ്ണം..

    ReplyDelete
    Replies
    1. 1 * 4 അല്ല ഉദേശിച്ചത്‌ മറിച്ചു ഈ ഒരെണ്ണം നാലു ഭാഗമാക്കി നാലു പേരുടെ വീക്ഷണത്തില്‍ കാണിക്കുക എന്നതാണ് .

      Delete