Showing posts with label ജയറാം. Show all posts
Showing posts with label ജയറാം. Show all posts

Saturday, November 26, 2011

നായിക (മലയാള സിനിമയുടെ ഒരു കസ്തൂരി മണമേ!!)

മലയാള സിനിമ തിരിച്ചു വന്നേ.............................

എന്തുവാടെ കിടന്നു കൂവുന്നെ .

അണ്ണന്‍ ഇങ്ങനെ നടന്നോ മലയാള സിനിമ തിരിച്ചു വന്നത് അറിഞ്ഞില്ലേ?

അപ്പോള്‍ ? എവിടെ വെച്ച് ? ഓ.. ഈ വാചകം ... അതേതോ സിനിമാ പോസ്റ്റെറില്‍ ‍ കണ്ടതാണല്ലോ.പിടി കിട്ടി
ജയരാജിന്‍റെ നായിക എന്ന ചിത്രത്തെ പറ്റിയല്ലേ നീ പറഞ്ഞു വന്നേ

പിന്നെ അല്ലാതെ, മലയാള സിനിമയില്‍ മലയാളിയുടെ എന്നത്തേയും ഏറ്റവും വലിയ രണ്ടാമത്തെ ദൌര്‍ബല്യമായ (ഒന്നാമത്തെ ദൌര്‍ബല്യം ഏതെങ്കിലും രീതിയില്‍ അന്യന്‍റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കല്‍ ആണല്ലോ.) നോസ്ടല്ജിയയിലാണ് മലയാളത്തിന്‍റെ rtd ആസ്ഥാന ബുദ്ധിജീവിയായ (പ്രസ്തുത ഉദ്യോഗം ഇപ്പോള്‍ വഹിക്കുന്നത് നമ്മുടെ താടി ആണെന്നാണ് എന്‍റെ അറിവ്) ശ്രീ ജയരാജ്‌ ആഞ്ഞു തൊഴിച്ചിരിക്കുന്നത്.

അനിയാ അങ്ങേരുടെ കഴിഞ്ഞ തൊഴി (ദി ട്രെയിന്‍) ഇതിനു മുന്നില്‍ ഒന്നുമല്ലെടെ.ഈ പടത്തെ പറ്റി....

ഒരു മിനിറ്റ് അണ്ണാ.ഇനി മേലാല്‍ പടത്തെ പറ്റി എഴുതുവാണേല്‍ ഒന്നുകില്‍ അശ്ലീലം (ദ്വയാര്‍ധം കൊണ്ട് ഒപ്പിക്കാം ) അല്ലെങ്കില്‍ വര്‍ഗീയ ബിംബ അപഗ്രഥനം അതിനും പറ്റിയില്ലേല്‍ സിനിമയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തു കൊണ്ടുള്ള ഒരുമാതിരി ആന പിഞ്ഞാണ കടയില്‍ കേറിയ മാതിരി ഉള്ള ബൌധിക സാധനം ഇതില്‍ ഏതേലും ഇല്ലാതെ സാധനവും കൊണ്ട് കാളകൂടത്തിന്‍റെ പടി ചവിട്ടണ്ട എന്നാ പുന്നുസ് മുതലാളി പറയുന്നേ .

അനിയന്‍ അവസാനം പറഞ്ഞത് മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തില്‍ ടോം ക്രുയിസ് നടത്തുന്ന അടിച്ചു മാറ്റല്‍ കാണുമ്പോള്‍ പ്രഭു എന്ന ചിത്രത്തില്‍ നമ്മുടെ ജയന്‍ മ്യുസിയത്തില്‍ നടത്തുന്ന മോഷണവും,ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ക്ലൈമാക്സ്‌ പാവം നസീര്‍ അഭിനയിച്ച വനദേവത (സ്വര്‍ഗം താണിറങ്ങി വന്നതോ .. എന്ന പാട്ടുള്ള പടം ) എന്ന ചിത്രത്തിന്റെ അവസാനവും .ശബ്ദ് എന്ന ഹിന്ദി ചിത്രം രചന എന്ന പാവം പടത്തെയും ഓര്‍മിപ്പിക്കുന്നു എന്നുമുള്ള ലൈനല്ലേ

കറക്റ്റ് ഇതല്ലേ സിനിമയുടെ അതിരുകള്‍ക്കപ്പുറം നില്‍ക്കുന്ന നിരൂപണം ഇനി ഞാനേറ്റു അണ്ണന്‍ ബാക്കി പറഞ്ഞോ


അനിയാ പണ്ട് ട്വന്റി ട്വന്റി എന്നാ ചിത്രം നേടിയ വിജയം കണ്ടു അതേ സംഗതി ഒരു ബൌധിക കുപ്പിയില്‍ കയറ്റി വില്‍ക്കാന്‍ നമ്മുടെ താടി രഞ്ജിത് കേരള കഫെ എന്ന ചിത്രത്തിലൂടെ ഒരു ശ്രമം നടത്തിയിരുന്നു.മോഹന്‍ലാല്‍ എന്ന നടന്‍ പ്രസ്തുത സംരംഭത്തില്‍ നിന്ന് ഒഴിവായത്തോടെ ചീറ്റി പോയ ആ ശ്രമത്തിന്റെ തനിയാവര്‍ത്തനമാണ് ഈ ചിത്രം. ഇല നക്കുന്നവന്‍റെ ചിറി നക്കുന്നവന്‍ എന്ന് പറഞ്ഞ പോലെ നമ്മുടെ ബൌധിക താടി എടുത്ത തിരകഥ എന്ന ബൌധിക സോപ്പ് ഒപ്പറയെ വേറൊരു കുപ്പിയില്‍ അടച്ചു മലയാളിയുടെ നോസ്ടല്ജിയയെ ഇളക്കി കാശുണ്ടാക്കുക എന്നതാകണം ഈ ചിത്രത്തിന്‍റെ നിര്‍മാണ ലക്‌ഷ്യം.

അണ്ണാ കാടു കേറാതെ സിനിമയുടെ കഥ .....

അങ്ങനെ വലിയ കഥ എന്ന് പറയാന്‍ മാത്രം ഒന്നും ഈ ചിത്രത്തില്‍ ഉണ്ടെന്നു പറയാന്‍ പറ്റില്ല പഴയ കാലത്തേ മലയാള സിനിമയില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന കുറെ സംഭവങ്ങള്‍ ഇതില്‍ കാണിച്ചിട്ടുണ്ട്.സത്യന്‍റെ ബ്ലഡ്‌ ക്യാന്‍സര്‍,അത് ആരെയും അറിയിക്കാതെ അഭിനയം തുടരുന്നത്,നസീര്‍ ഷീല ബന്ധം,വിജയ ശ്രീയുമായി ബന്ധപ്പെട്ടു പൊന്നാപുരം കോട്ട എന്ന ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് ഉണ്ടായ പ്രശ്നങ്ങള്‍,വിജയ ശ്രീ എന്ന നടിയുടെ ദുരൂഹമരണത്തിനു പിന്നിലെ കിംവദന്തികള്‍ തുടങ്ങിയ അര്‍ധവും പൂര്‍ണവുമായ സത്യങ്ങള്‍ അഥവാ സത്യങ്ങളുടെ വേര്‍ഷനുകള്‍ കൂട്ടി കെട്ടി ഒരു മന്ദ ബുദ്ധി ഫോര്‍മാറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു മിമിക്സ് പരേഡാണ് ഒറ്റവക്കില്,എന്‍റെ അഭിപ്രായത്തില്‍ ഈ ചിത്രം

ഇനി ഈ ചിത്രത്തില്‍ സംവിധായകനും തിരകഥകൃത്തും എടുത്തിട്ടുള്ള ജമ്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം . മിക്ക സംഭവങ്ങളും (ക്ലൈമാക്സ്‌) ഒഴികെ,പറയുന്നത് മനസ്സിനു സമനില തെറ്റിയ ഒരു പഴയ നടിയുടെ ഓര്‍മകളാണ് .(അത് ശരിയാകണം എന്നില്ലല്ലോ ) പിന്നെ ഈ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന ആനന്ദന്‍ എന്ന നടന്‍ പ്രേംനസീര്‍ എന്ന നടന്‍റെ (വികൃത ) അനുകരണമാണ്.എന്നാല്‍ സിനിമയില്‍ ഒന്ന് രണ്ടിടത്തു പ്രേം നസീര്‍ എന്ന പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട് .അത് പോലെ ഷീല, സത്യന്‍ ഇവരെ ഒക്കെ പരാമര്‍ശിച്ചു ജാമ്യം നേടുന്നുണ്ട് .

ഈ ചിത്രത്തില്‍ ഏറ്റവും ലോജിക്ക് ആയുള്ള സംഗതി എന്താണെന്നു വെച്ചാല്‍ നമ്മുടെ നടന്‍ മമ്മൂട്ടിയോ ലാലോ പോലെയുള്ള ഒരാള്‍ പദ്മശ്രീയോ മറ്റോ വാങ്ങാനായി വരുമ്പോള്‍ ഏതോ ദരിദ്രവാസി പോലീസില്‍ പോയി ഇയാള്‍ പണ്ട് ഒരു കൊലപാതകത്തിന് ചരട് വലിച്ചു എന്ന് പറഞ്ഞാല്‍ (വെറുതെ പറയുന്നു.വേറെ തെളിവൊന്നും ഇല്ല) ഉടന്‍ പോലീസ് പാഞ്ഞെത്തി യു ആര്‍ അണ്ടര്‍ അറസ്റ്റ് എന്ന് പറയുന്ന ഒരു രംഗം ഒന്ന് ആലോചിച്ചു നോക്കു. അത്ര ബാലിശമായാണ് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ ഉണ്ടാക്കി വെച്ചിരിക്കുന്നത് . (പാവം സന്തോഷ്‌ പണ്ഡിറ്റ്‌നെ എല്ലാവര്ക്കും പുച്ഛവും!!!)

അനിയാ മലയാളിക്ക് ഒത്തിരി നല്ല സിനിമകള്‍ തന്ന ദാമോദരന്‍ മാഷിന്‍റെ (അദേഹത്തിന്റെ അങ്ങാടി ഒക്കെ പോലുള്ള ഒരു ചിത്രം കൊണ്ടുവന്ന മാറ്റത്തിന്‍റെ പത്തിലൊന്ന് കൊണ്ടുവന്നിട്ടു നമ്മുടെ ആസ്ഥാന താടി ഗീര്‍വാണം വിട്ടിരുന്നേല്‍ സഹിക്കാമായിരുന്നു !) മകള്‍ ആണ് എന്നുള്ള ഒറ്റകാരണം കൊണ്ട് ഈ ചിത്രത്തിന് തിരകഥ എഴുതിയ ദീദി ദാമോദരനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. എങ്കിലും സഹോദരി .. കടയില്‍ ചെന്ന് സാധനം ചോദിക്കുമ്പോള്‍ ഞാനൊന്നു തപ്പട്ടെ എന്ന് പറയുന്ന കടക്കാരനോട് ആരെ എന്ന മറുചോദ്യം ചോദിപ്പിക്കുന്നത് കഷ്ടമല്ലേ (ആദ്യത്തത് കേട്ടില്ലങ്കിലോ എന്ന് കരുതി ആകണം പിന്നൊരിക്കല്‍ ആവര്‍ത്തിക്കുന്നുണ്ട് സംഗതി )?പിന്നെ സാമാന്യ ബോധം.ഗ്രേസി എന്ന കഥാപാത്രം ജീവിക്കുന്നത് അവരുടെ ചെറുപ്പകാലത്താണ് .പിന്നെ എന്തിനാ ആ കാലത്തേ കുറിച്ചറിയാന്‍ പഴയ പട്ടു കേള്‍പ്പിക്കലും അന്തരീക്ഷം പുന സൃഷ്ട്ടിക്കലും ഒക്കെ ?

നടന്‍ ജയറാമിനോടു പ്രേംനസീറിനെ അനുകരിച്ചു ഒരു മുഴുനീള കഥാപാത്രം ചെയ്യാന്‍ പറയുന്നതും ഒരു മുഴുക്കുടിയന്‍ അര ബോധത്തില്‍ ഒരു മദ്യപാനിയായി തന്നെ അഭിനയിക്കാന്‍ വാശിക്ക് ശ്രമിക്കുന്നത് പോലെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.മുറപ്പെണ്ണ് എന്ന ചിത്രത്തില്‍ ഉള്ള ഒരു രംഗം അത് പോലെ ഈ ചിത്രത്തില്‍ പുനരാവിഷ്ക്കരിച്ചിട്ടുണ്ട് . ഒന്ന് കാണേണ്ടത് തന്നെയാണ് സംഗതി.സൌണ്ട് ട്രാക്ക് ഒറിജിനല്‍ തന്നെ ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ ഭാഗ്യം.ഇവരുടെ ഒക്കെ വിചാരം ഈ നടന്മാരോക്കെ സിനിമയില്‍ കാണുന്നപോലെ ആണ് ജീവിതത്തിലും പെരുമാറുന്നത് എന്നാണോ? (ജയന്‍ ഒക്കെ വീട്ടില്‍ ചെന്ന് ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍ മല്‍പ്പിടിത്തം നടത്താമായിരുന്നു എന്ന് അമ്മയോടൊക്കെ പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കിക്കേ !!) ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ചിത്രത്തില്‍ ജയറാം കാണിക്കുന്നതാണ് ശരിക്കും ദിലീപിനെ പോലുള്ളവര്‍ എന്ത് ചെയ്താലും തെറി കേള്‍ക്കുന്ന സംഗതി അതായിത് മിമിക്രി

ഇത്രയും ചെയ്തു നമ്മെയൊക്കെ സഹായിച്ച സ്ഥിതിക്ക് സംവിധായകന്‍ ശ്രീ ജയരാജിന് ഏറ്റവും ചുരുങ്ങിയത് രണ്ടു കാര്യങ്ങള്‍ കൂടി ചെയ്യാമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.ഒന്ന് ശാരദ അഭിനയിച്ച ഗ്രേസിയുടെ വയസായ കാലം കെ ആര്‍ വിജയ എന്ന നടിക്ക് കൊടുക്കാമായിരുന്നു.രണ്ടു മമത മോഹന്‍ദാസ്‌ ചെയ്ത അലീന എന്ന പത്രപ്രവര്‍ത്തകയുടെ വേഷം സബിത ജയരാജിന് കൊടുക്കാമായിരുന്നു.ഈ ചിത്രത്തില്‍ കൊടുത്ത പോലെ ഒരു ചെറിയ വേഷത്തില്‍ ഒതുക്കരുതയിരുന്നു (എന്താണെന്നറിയില്ല ശശി കലിംഗയെ പോലെ എനിക്ക് പേടിയുള്ള ഒരു നടിയാണ് അവര്‍).ഇങ്ങനെ പോയാല്‍ ജയരാജ്‌ ആസ്ഥാന ബുദ്ധിജീവി പട്ടം തിരിച്ചു പിടിക്കാന്‍ വലിയ താമസം കാണുന്നില്ല . അദേഹം അകെ മനസിലാക്കേണ്ടത് വിവാദങ്ങള്‍ ഉണ്ടാക്കി ഈ സിനിമക്ക് എങ്ങനെ പരമാവധി ആളെ കേറ്റാം എന്നതാണ്.ബാക്കി ഇവിടത്തെ പ്രബുദ്ധരായ മലയാളി സിംഹങ്ങള്‍ നോക്കിക്കൊള്ളും .

എന്നാല്‍ ചുരുക്കത്തില്‍ ഈ ചിത്രം നല്‍കുന്ന സന്ദേശം എന്താ? ഒരു സന്ദേശം ഇല്ലാതെ എങ്ങനാ ഒന്ന് പറഞ്ഞു അവസാനിപ്പിക്കുന്നത്? ഒന്നുമല്ലേല്‍ ഞാന്‍ സ്ഥാലം ബുധിജീവിയല്ലേ അണ്ണാ? എന്‍റെ ആരാധകര്‍ ......?

അനിയാ എനിക്ക് മനസിലായ സന്ദേശം പഴയ കാലത്തേ പ്രമുഖ നിര്‍മ്മാതാക്കള്‍ പലരും (അവിടെയും ജാമ്യമുണ്ട്.രൂപം ഒരാളുടെയും സാഹചര്യങ്ങള്‍ വേറൊരു ആളുടെയും ആണ് കാണിച്ചിരിക്കുന്നത് സിദ്ദിക് അവതരിപ്പിക്കുന്ന സ്ട്ടീഫന്‍ മുതലാളി എന്ന പഴയ നിര്‍മാതാവിന് ) സിനിമക്ക് ഒത്തിരി സംഭാവന നല്‍കിയിട്ടുണ്ട് എങ്കിലും സ്വഭാവം മഹാവഷളായിരുന്നു എന്നും എന്നാല്‍ ഇപ്പോളത്തെ നിര്‍മ്മാതാക്കള്‍ (പറഞ്ഞു വരുമ്പോള്‍ ജയരാജും ഒരു നിര്‍മ്മാതാവാണല്ലോ)വലിയ സംഭാവന ഒന്നും തന്നിട്ടില്ലങ്കിലും സ്വഭാവം സൊക്കതങ്കം ആണ് എന്നതാണ് .

ചുരുക്കത്തില്‍ ..

കൂറ...

Monday, May 9, 2011

സീനിയേഴ്സ്

നമസ്ക്കാരം മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ് വേതാളം ചാനല്‍ അവതരിപ്പിക്കുന്ന ഇന്നത്തെ സിനിമ എന്നാ പരിപാടിയിലേക്ക് സ്വാഗതം . ഇന്നു നമ്മോടൊപ്പം ഉള്ളത് ബൂലോകത്തെ നവസിനിമയുടെ കണ്‍ കണ്ട ദൈവം , കോടികളുടെ ആരാധനാ പാത്രം, ബ്ലോഗ്ഗര്‍മാരുടെ ബ്ലോഗ്ഗര്‍, ഇതൊക്കെയും ,അതിലേറെയുമായ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍ ഡോ.പ്രേക്ഷകനാണ്.സ്വാഗതം പ്രേക്ഷകന്‍ .

പ്രേക്ഷകന്‍ : നന്ദി

ആദ്യമായി മലയാള സിനിമ മുന്നോട്ടു പോകണം ഇന്നു ശക്തമായി വാദിക്കുന്ന താങ്കള്‍ ഇന്നത്തെ സിനിമയില്‍ കാണുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?

പ്രേക്ഷകന്‍ : മലയാള സിനിമ മുന്നോട്ടു പോകുന്നില്ല എന്നത് വെറും ഒരു കുപ്രചരണം മാത്രമാണ് .മുന്നോട്ടു കുതിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിന്‍ ആണ് മലയാള സിനിമ

ഇത്ര ഉറപ്പിച്ചു പറയാന്‍ താങ്കള്‍ക്ക് എങ്ങനെ സാധിക്കും? ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാമോ ?

പ്രേക്ഷകന്‍ : ഏതാണ്ട് ഒരു പത്തു വര്‍ഷം മുന്‍പ് ആണെന്ന് തോന്നുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ അഭിനയിച്ച താണ്ടവം എന്നൊരു ചിത്രം ഇറങ്ങി.അന്ന് ആ ചിത്രത്തിലെ നായകനായ ലാല്‍ നായിക കിരണിനെ നോക്കി "ഈ കൊച്ചു എവിടെ ഗ്യാപ്പ് കണ്ടാലും വണ്ടി കേറ്റും" എന്നോ മറ്റോ പറഞ്ഞു പോലും.ആ കാലത്ത് പൊതുജനം ചില്ലറ പുകില്‍ വല്ലതും ആണോ ആ ചിത്രത്തെ കുറിച്ച് ഉണ്ടാക്കിയത്.രണ്ടു ദിവസം മുന്‍പ് ഇറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്ന തവള തമ്പി എന്ന കഥാപാത്രം രാത്രി ചെറുപ്പക്കാരിയായ ഒരു വനിതാ അധ്യാപികയെ ഫോണ്‍ ചെയ്തു പറയുന്നത് "ടീച്ചറെ ഞാന്‍ കമ്പിയാ,സോറി തമ്പിയാ" എന്നാണ് .ഇതു മലയാള സിനിമയുടെ,സിനിമ പ്രേക്ഷകരുടെ മുന്നേറ്റം അല്ലെ ?

ശരി നമുക്ക് ആ സിനിമയിലേക്ക് വരാം. ചിത്രത്തെ കുറിച്ച് ചില വിവരങ്ങള്‍ ...

പ്രേക്ഷകന്‍ : പോക്കിരി രാജാ എന്ന ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സീനിയേഴ്സ് കഥ തിരകഥ രചിച്ചു നമ്മെ ധന്യര്‍ ആക്കിയിരിക്കുന്നത് സച്ചി സേതു ജോടിയാണ്.ഡബിള്‍സ് എന്ന കുടുംബ - സഹന ചിത്രത്തിന് ശേഷം (സഹനത്തിന്റെ വിജയം എന്നു ആ ചിത്രത്തിന്റെ പോസ്റ്ററില്‍ ഈയിടെ കണ്ടു !!) ഒരു വിജയം കണ്ടേ അടങ്ങു എന്ന വാശിയിലാണ് തിരക്കഥാകൃത്തുക്കള്‍ . ഇതിനായി ആവണം സിബി ഉദയകൃഷ്ണന്‍ മാതൃകയില്‍ ഒരു കൂറ ചിത്രം അവതരിപ്പിച്ചു വിജയം കണ്ടെത്തുക എന്ന ആശയം ആരാണ് അവര്‍ക്ക് കൊടുത്തത് എന്നറിയില്ല. എന്നാല്‍ കൂറ സ്ക്രിപ്റ്റ് എഴുതാന്‍ സിബി ഉദയന്‍ ടീമിന്റെ അടുത്ത് എത്താനുള്ള കഴിവില്ലാത്ത സച്ചി സേതു അതിനു ശ്രമിക്കുമ്പോള്‍ ഒരുമാതിരി മാര്‍ക്കോസ് (ഗായകന്‍) എം ജി ശ്രീകുമാറിനെ അനുകരിച്ചു പാടാന്‍ ശ്രമിക്കുന്നത് പോലെയുണ്ട് . ഒരു ദ്വയാര്‍ഥ പ്രയോഗം പോലുമില്ലാതെ തികച്ചും സ്വഭാവികമായി കൂറ തിരകഥകള്‍ എടുക്കുന്ന സിബി ഉദയ കൃഷ്ണന്‍മാരോട് മത്സരിക്കുന്നത് ബുദ്ധിയല്ല എന്നു സച്ചി സേതുമാര്‍ക്ക് മനസിലായി കാണണം.

കുറച്ചു കൂടി വിശദമായി പറയാമോ?

പ്രേക്ഷകന്‍ : ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ജയറാം , മനോജ്‌ കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ , ബിജു മേനോന്‍ എന്നിവരാണ്‌ . ഒപ്പം പത്മപ്രിയ,അനന്യ,മീര നന്ദന്‍,രാധ വര്‍മ,ജ്യോതിര്‍മയി,ജഗതി,വിജയരാഘവന്‍,സിദ്ദിക്,ഷമ്മി തിലകന്‍ എന്നിവരും ഉണ്ട്. ഇതിന്റെ കഥ തുടങ്ങുന്നത് ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാതെ ആത്മഹത്യ ചെയുന്ന ഒരാളില്‍ നിന്നും അതിനു സാക്ഷി ആകുന്ന അയാളുടെ മകനില്‍ നിന്നും ആണ് .(1981 ). പിന്നെ കഥ നേരെ ചെന്ന് നില്‍ക്കുന്നത് 1996 ലെ മഹാരാജാസ് കോളേജ് ഡേ ആഘോഷത്തിലാണ്‌ സുഹൃത്തുക്കളായ പപ്പു (ജയറാം ),റെക്സ് (കുഞ്ചാക്കോ ),മുന്ന (മനോജ്‌ കെ ജയന്‍),ഫിലിപ് ഇടിക്കുള (ബിജു മേനോന്‍) എന്നിവരും ലക്ഷ്മി (മീര നന്ദന്‍)ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടകം.(പേടിക്കരുത് മീര നന്ദന്‍ ഒഴികെ ഉള്ള ആരുടെയും മുഖം കാണിക്കുന്നില്ല .മാസ്കിലാണ് എല്ലാരും ).നാടകം കഴിഞ്ഞു പിന്നീടു കാണുന്നത് ഒരു ഒഴിഞ്ഞ കോളേജ് മൂലയില്‍ കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്ന ലക്ഷ്മിയെയാണ് .കുറ്റം നാല്‍വര്‍ സംഘത്തിന്‍റെ തലയില്‍ വീഴും എന്നാകുമ്പോള്‍ ആ കൂട്ടത്തിലെ അനാഥനും നല്ലവനുമായ പപ്പു എന്ന പത്മനാഭന്‍ കുറ്റം ഏറ്റെടുക്കുന്നു.ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് നഷ്ടപ്പെട്ടത് തനിക്കു മാത്രം ആണെന്ന് മനസിലാകുന്നത് ( ഇതു ആ കഥാപാത്രം പറയുന്നതാണ്).ശിക്ഷ കഴിഞ്ഞെത്തുന്ന പപ്പു കൊലയാളിയെ കണ്ടു പിടിക്കാന്‍ തീരുമാനിക്കുന്നു.അതിനായി കൂട്ടുകാരോട് ഒരിക്കല്‍ കൂടി അതേ കോളേജില്‍ പി ജി ക്ക് ചേരാനുള്ള ആശയം അവതരിപ്പിക്കുന്നു.കുടുംബവും പ്രാരാബ്ദങ്ങ ഉള്ള സുഹൃത്തുക്കള്‍ ആദ്യം മടിക്കുന്നെങ്കിലും ഒടുവില്‍ സുഹൃത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തീരുമാനിക്കുന്നു.അങ്ങനെ വീണ്ടും കോളേജ് വിദ്യാര്‍ഥികള്‍ ആകുന്ന അവരുടെ കോളേജ് ജീവിതത്തിന്റെയും യഥാര്‍ഥ കൊലപാതകിയെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളുടെ അവതരണവുമായി ചിത്രം മുന്നോട്ടു പോകുന്നു .

ഒരു നിമിഷം പ്രേക്ഷകന്‍,ഈ കഥയുടെ ത്രെഡ് നന്നായി തോന്നുന്നല്ലോ.കോമഡി,സസ്പെന്‍സ്,ഇമോഷന്‍ എല്ലാം ചേര്‍ന്ന് ഒരു നല്ല സിനിമക്കുള്ള എല്ലാ സ്കോപ്പും ഉണ്ടല്ലോ.

പ്രേക്ഷകന്‍ : എന്ത് പറയാനാ? ഈ സിനിമ ഇത്രക്ക് വൃത്തികേടക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റ്‌ തിരകഥ കൃത്തുക്കള്‍ക്കാണ്. പാവം വൈശാഖ്, അദേഹത്തിന് ഇപ്പോളും സൂപ്പര്‍ തിരക്കഥാകൃത്തുക്കള്‍ എഴുതി വെച്ചിരിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ സഹായിക്കാനേ അറിയൂ. ഈ ചിത്രത്തിന് ഒരു ഭയങ്കര സസ്പന്‍സ് ഉണ്ടെന്നാണ് വെപ്പ് .ഒരു വിധം ബോധം ഉള്ളവന് ആദ്യ ഒരു മണികൂര്‍ കഴിയുമ്പോള്‍ സംഗതി കിട്ടും. കൊലപാതകിയെ പിടിക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു അതേ കോളേജില്‍ വരുമ്പോള്‍ ന്യായമായും മനസിലാക്കേണ്ടത് കൊലപാതകി ഇപ്പോളും അവിടെ ഉണ്ട് എന്നു പപ്പുവിനും കൂട്ടുകാര്‍ക്കും അറിയാം എന്നാണ് . അതെങ്ങനെ മനസിലായി ? ചുരുങ്ങിയ പക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം അതേ പോലെ ഒരു കൊലപാതകം അവിടെ നടക്കുകയും അതില്‍ നിന്നും കൊലപാതകി അവിടെ തന്നെ ഉണ്ട് എന്നും മനസിലാക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി ഭേദം ആയേനെ .(പിന്നെ ഉള്ള ഒരു വഴി അവര്‍ പഠിച്ച ബാച്ച്ന്‍റെ ഒരു റീയൂണിയന്‍ സംഘടിപ്പിക്കുക എന്നതാണ് (അപ്പോള്‍ സംഗതി ക്ലാസ്മേറ്റ്സ് ആയി കിട്ടുകയും ചെയും ))
ഇങ്ങനെ പറയാന്‍ ആണെങ്കില്‍ ഒരു നൂറു ലോജിക്കല്‍ പ്രശ്നങ്ങള്‍ ഈ ചിത്രത്തില്‍ കാണാം . അതൊക്കെ പോട്ടെ, അവിടെ ഇപ്പോളും ഉണ്ട് എന്നു ഒരു ഉറപ്പും ഇല്ലാത്ത കൊലയാളിയെ പിടിക്കാന്‍ പണ്ട് നടന്ന അതേ കാര്യങ്ങള്‍ വീണ്ടും അവതരിപ്പിക്കുക, മര്യാദക്ക് നടന്ന ഒരു പെങ്കൊച്ചിനെ പരീക്ഷണം നടത്താന്‍ വേണ്ടി അടി പൊളി ആക്കി മാറ്റി അതേ കോളേജില്‍ ഇറക്കുക ഈ ജാതി ബുദ്ധി വല്ല വിനയന്‍ ചിത്രത്തില്‍ ആണ് കണ്ടിരുന്നതെങ്കില്‍ അയാളെ വിളിക്കുമായിരുന്ന തെറി ..... ഹോ ഓര്‍ക്കാന്‍ പോലും വയ്യ.

അല്ല പ്രേക്ഷകന്‍ ഇതൊരു തമാശ ചിത്രമല്ലേ ഹാസ്യ രംഗങ്ങള്‍ ഈ ചിത്രത്തില്‍ എങ്ങനെയുണ്ട് ?

നേരത്തെ പറഞ്ഞ മാതിരിയുള്ള തമ്പി കമ്പി തമാശകള്‍ ഈ ചിത്രത്തില്‍ ഇഷ്ടം പോലെ കാണാം . കുട്ടികളെ കൊണ്ട് പോലും അത്തരം വൃത്തികെട്ട ശ്രമം നടത്തുന്നു എന്നതാണ് മറ്റു ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തെ വേര്‍തിരിക്കുന്ന ഘടകം . ഒരു ഐറ്റം ഡാന്‍സ് ഈ ചിത്രത്തിനുള്ളില്‍ തിരുകി കയറ്റാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും പെടുന്ന പാട് കണ്ടാല്‍ ചിരി വരും.ഫാന്‍സി സ്റ്റോര്‍ലെ കച്ചവടം നന്നായി പോകാനായി ഭര്‍ത്താവു കടയില്‍ വരുന്ന പെണ്ണുങ്ങളുമായി കൊഞ്ചി കുഴയുന്നത് കണ്ടു ആസ്വദിക്കുന്ന ഭാര്യ (മുന്ന - ഫാത്തിമ ),പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി പിന്‍ഭാഗം കുലുക്കി നടത്തുന്ന മാര്‍ഗം കളി , നായകന്മാരുടെ ലേഡീസ് ഹോസ്റ്റല്‍ മതില് ചട്ടം, അടിവസ്ത്രത്തോട്‌ ഇടിക്കുളക്കുള്ള താല്പര്യ കുറവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ (അങ്ങേരുടെ ഭാര്യ (ജ്യോതിര്‍മയി)മകനോട്‌ (ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന പയ്യന്‍)പറയുന്നതായാണ് കാണിക്കുന്നത്.( അമ്മയ്ക്കും മകനും പറയാന്‍ കണ്ട വിഷയമേ )). ഇങ്ങനെ കുറെയധികം തമാശകള്‍ ഈ ചിത്രത്തിലുണ്ട്.

അഭിനയമോ?

ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും നന്നായതായി തോന്നിയത് ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടിക്കുള എന്ന കഥാപാത്രമാണ് .നല്ലത് എന്നു പറയാവുന്ന എല്ലാ തമാശകളിലും ഈ നടന്‍റെ / കഥാപാത്രത്തിന്‍റെ സാന്നിധ്യം കാണാം .തൊട്ടു പുറകില്‍ കുഞ്ചാക്കോ ബോബന്‍ ഉണ്ട് .അദേഹം തന്റെ കഥാപാത്രം ഒട്ടും വൃത്തികേടാക്കാതെ അവതരിപ്പിച്ചു എന്നതാണ് സത്യം .ഇടയ്ക്കിടെ ബോറാക്കുന്ന മനോജ്‌ കെ ജയനെക്കാളും ചാക്കോച്ചന്‍ വിജയിക്കുന്നത് അവിടെയാണ്. ഏറ്റവും ബോര്‍ ആരാണ് എന്ന ചോദ്യത്തിന് ജയറാമോ സുരാജോ എന്ന സംശയം കാണികളുടെ മനസ്സില്‍ ഏറെ കാലം നില്‍ക്കും.ജയറാമിന് ഉള്ള ഒരു സവിശേഷത അദേഹം പന്ത്രണ്ടു കൊല്ലം ജയിലില്‍ കിടന്നിട്ടു വന്നാലും. ഒരു മാസം വിദേശത്ത് സുഖ വാസത്തിനു പോയി വന്നാലും ഒരു പോലെ ഇരിക്കും (രൂപത്തില്‍ ,ഭാവത്തില്‍ , ശരീര ഭാഷയില്‍ , പെരുമാറ്റത്തില്‍) എന്നതാണ് .കൊലപാതകി ആണ് എന്നു അകെ കൂടി സംശയം ഒരു നാലോ അഞ്ചോ പേരെയാണ്.അവരില്‍ നിന്നും കൊലപാതകിയെ തിരിച്ചറിയുമ്പോള്‍ അദേഹം ഞെട്ടുന്ന ഒരു ഞെട്ടല്‍ !!! ആരും ഞെട്ടി പോകും അത് കണ്ടാല്‍.

ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ അവധിക്കാലത്ത്‌ ആഘോഷം ആയ മറ്റൊരു സിനിമയുടെ പടപ്പുറപ്പാടാണ് . ഇതുവരെ അവധി ആഘോഷിക്കാനായി ബുദ്ധിയും ലോജിക്കും മാത്രം വീട്ടില്‍ വെച്ച് വന്നാല്‍ മതിയെങ്കില്‍ ഇതോടെ അതിനൊപ്പം നാണവും മാനവും കൂടെ വീട്ടില്‍ വെച്ചിട്ട് തികച്ചും ഫ്രീ ആയി (ടിക്കറ്റ്‌ എടുക്കാതെ എന്നല്ല) ചിത്രം കണ്ടു ആഘോഷിക്കു.ഇത്ര സംത്രപ്തരായ പ്രേക്ഷകരെ നമ്മള്‍ ഇതു വരെ കണ്ടിട്ടുണ്ടാകില്ല . ഇത്തരം ചിത്രങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടം സഹൃദയര്‍ ആണ് മലയാളികള്‍ എന്ന തിരിച്ചറിവാണ് ഈ ചിത്രം . പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ക്ക്‌ എല്ലാ ആശംസകളും.

നന്ദി നമസ്കാരം

Friday, April 15, 2011

ചൈന ടൌണ്‍ ( China Town )

ഡോക്ടര്‍ നമസ്കാരം ....

ഇതാര് അണ്ണനോ വരണം വരണം എത്ര നാളായി കണ്ടിട്ട് , ഇതാരാ കൂടെ?

ഡോക്ടര്‍ , ഇവന്‍ നവയുഗ പ്രതിഭ ,യുണിവേര്സല്‍ ബ്ലോഗ്ഗര്‍,ഡോക്ടര്‍ പ്രേക്ഷകന്‍.ഇവനെ ഒന്ന് പരിശോധിച്ച് മനോ രോഗി ആണെന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കണം ഡോക്ടര്‍.അല്ലെങ്കില്‍ ഇവനെ സൂപ്പര്‍ താര ആരാധകര്‍ തല്ലി കൊല്ലും .

ഇയാളെ കണ്ടിട്ട് കുഴപ്പം ഒന്നും ഉള്ളതായി തോന്നുന്നില്ലല്ലോ . ആകട്ടെ എന്താ കയ്യിലൊരു ഫയല്‍?

ഇവന്‍റെ പേരില്‍ കൊടുക്കാന്‍ ഞാന്‍ എഴുതിയ നിരൂപണം ആണ് സര്‍ .

അപ്പോള്‍ ഇയാള്‍ നിരൂപകനാണ് അല്ലെ എങ്കില്‍ സാരമില്ല . മലയാള സിനിമ നിരൂപകന്മാര്‍ക്ക് വേണ്ടി ഉള്ള പ്രത്യേക പാക്കേജ് ഈ ആശുപത്രിയുടെ പ്രത്യേകതയാണ് .ഒരു രണ്ടു മാസത്തെ പാക്കേജ് .കറന്റ്‌ ബില്‍ അല്ലാതെ വേറെ കാശൊന്നും വാങ്ങാറില്ല. ഇതൊരു സേവനമായാണ് ഈ ഹോസ്പിറ്റല്‍ കാണുന്നത്.

ഡോക്ടര്‍ പതുക്കെ പറ . തന്തക്കു പറഞ്ഞാല്‍ പോലും ഇവന്‍ സഹിക്കും . പക്ഷെ നേരത്തെ പറഞ്ഞ വക്കുണ്ടല്ലോ (നിരൂപകന്‍) അത് വിളിച്ചാല്‍ പിന്നെ നാലു ദിവസം ചങ്ങലക്കിടെണ്ടി വരും .

ആകട്ടെ ഇതു പടത്തിന്റെ നിരൂപണമാണ് കൈയില്‍ ?

പുതിയ പടം ചൈനാ ടൌണ്‍.ഇതു ഇനി ഫാന്‍സ്‌ അസോസിയേഷന്‍ അപ്പീസില്‍ കൊണ്ട് കൊടുത്തു സീല്‍ വാങ്ങി വേണം പ്രസിദ്ധീകരിക്കാന്‍ .

ഒന്ന് വായിച്ചേ.... കേള്‍ക്കട്ടെ

ആശീര്‍വാദ് ഫിലിംസ് ന്‍റെ ബാനെറില്‍ മലയാള സിനിമയുടെ ഓസ്കാര്‍ രവിചന്ദ്രന്‍ (രവി സര്‍ കഷമിക്കണം )എന്നറിയപ്പെടുന്ന ശ്രീ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ മഹത്തായ ചിത്രം നിര്‍മിച്ചിരിക്കുന്നത് .ലവ് ഇന്‍ സിങ്ങപൂര്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ (?) ചിത്രത്തിന് ശേഷം റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരകഥ,സംവിധാനം എന്നിവ ചെയ്തു മലയാളികളെ വീണ്ടും അനുഗ്രഹീതര്‍ ആക്കിയിരിക്കുന്നു . ഒരു തികഞ്ഞ entertainer എന്ന് വിളിക്കാവുന്ന ഈ ചിത്രം വെറും ഒരു തമാശ ചിത്രം മാത്രമായി കാണരുത് . പകയുടെ,പ്രേമത്തിന്‍റെ,ത്യാഗത്തിന്‍റെ, സൌഹൃതത്തിന്റെ,കുടുംബ ബന്ധങ്ങളുടെ,തന്ത്രങ്ങളുടെ അങ്ങനെ നിരവധി സാധനങ്ങളുടെ സമാഹാരമായ ഒരു മ്യുസിക്കല്‍ ത്രില്ലെര്‍ action കോമഡി ചിത്രമാണ് ഇതു.അഭിനയ കലയുടെ ചക്രവര്‍ത്തി അയ ശ്രീ മോഹന്‍ ലാലിന്‍റെ അഭിനയമാണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് .

അണ്ണാ എന്ന് വിളിച്ച വായ കൊണ്ട് വേറെ ഒന്നും വിളിപ്പിക്കല്ലേ.എടൊ ഒരു സൂപ്പര്‍ താര ചിത്രത്തെ കുറിച്ച് വേറൊന്നും പറയാനില്ലാത്തത്‌ കൊണ്ടല്ലേ ഈ ഹൈ ലൈറ്റ് ഇറക്കുന്നത്‌ ? അതാകുമ്പോള്‍ പിന്നെ ആര്‍ക്കും അളക്കാന്‍ പറ്റില്ലല്ലോ . ഇത്ര കിലോ അഭിനയിച്ചു എന്ന്. സൂപ്പര്‍ താര ചിത്രം ആകുമ്പോള്‍ അഭിനയം ഹൈ ലൈറ്റ് ആകുന്നതിന്റെയും അല്ലാത്തവര്‍ അഭിനയിക്കുമ്പോള്‍ ഏക പോരയ്മ്മ അഭിനയം മോശം ആകുന്നതിന്റെയും രഹസ്യം വേറൊന്നല്ലല്ലോ.അതിരിക്കട്ടെ ഈ ചിത്രം, അതിന്‍റെ കഥ മുതലായ സംഗതികള്‍ ...... അങ്ങനെ വല്ല സംഗതികളും ഒക്കെ ഉണ്ടോടെ ?

ഹും ഉണ്ടോന്നു? എന്നാ പിടിച്ചോ.കഥ തുടങ്ങുന്നത് എണ്‍പതുകളില്‍ നാലു സുഹൃത്തുക്കള്‍,(മോഹന്‍ലാല്‍ (താടി വെച്ചത്)) , ശങ്കര്‍ , ഷാനവാസ്‌,പിന്നെ ഒരാള്‍.നല്ലവരും സല്‍ഗുണ സമ്പന്നരും ആയ ഇവര്‍ ഗോവയില്‍ ഒരു കാസിനോ നടത്തി മാന്യമായി ജീവിക്കുന്നു .

നിന്നേ ഇവരൊക്കെ നല്ലവരും സല്‍ഗുണരും ആണെന്ന് പടത്തില്‍ പറയുന്നുണ്ടോ?

ഇല്ല പക്ഷെ ഒരു പലചരക്ക് കട നടത്തി കൊണ്ട് പോകുന്നത് പോലെ കാസിനോ നടത്തി ജീവിക്കുന്നവരെ നല്ലവര്‍ എന്നല്ലേ പറയാന്‍ പറ്റു. പ്രത്യേകിച്ചും ശത്രുക്കള്‍ ഉള്ളപ്പോള്‍ . അതെന്തോ ആകട്ടെ . അവരുടെ സൌഹൃതം തെളിയിക്കാന്‍ ഒരു ഗാനം തുടക്കത്തില്‍ തന്നെ കാണിക്കുന്നുണ്ട് . അത് കഴിയുമ്പോളേക്കും വില്ലന്‍ ഗൌഡ (ഗജ്നിയിലെ വില്ലന്‍ റാവത്ത്) ലാല്‍ അടക്കം നമ്മള്‍ അറിയുന്ന മൂന്ന് പേരെയും തട്ടുന്നു (ചുമ്മാ കേറി വന്നു കത്തി കേറ്റുന്നു).കുട്ടികള്‍ പല വഴിക്കാകുന്നു .കാലം കടന്നു പോകുന്നു. ഇന്നില്‍ കഥ തുടങ്ങുന്നു.സകറിയ (ജയറാം),മാത്തുകുട്ടി (ലാലേട്ടന്‍),ബിനോയ്‌ (ദിലീപ്) എന്നിവരാണ്‌ കുട്ടികള്‍ .ഞെട്ടിയില്ലേ ഡോക്ടര്‍ ?

ശരിക്കും......... ഞാന്‍ ഇതു തീരെ പ്രതീക്ഷിച്ചില്ല ? എന്നിട്ട്

പഴയ നാലു സുഹൃത്തുക്കളില്‍ രക്ഷപ്പെട്ട നാലാമന്‍ ഗോമസ് (ക്യാപ്റ്റന്‍ രാജു) ഈ മൂന്ന് പേരെയും കണ്ടെത്തി ഗോവയില്‍ വിളിച്ചു വരുത്തുന്നു പിന്നെ ഇവരെ പറ്റി ഒരു വാക്ക്. ലാലേട്ടന്‍ ,പ്രത്യേകിച്ചു ജോലി ഒന്നും ഇല്ല അഥവാ ഗുണ്ട പണി ആണ് ജോലി.നന്നാക്കാനായി അടുപ്പമുള്ള (പ്രേമമല്ല തെറ്റിദ്ധരിക്കരുത് ) റോസമ്മ (കാവ്യ) ഇയാളെ ധ്യാന കേന്ദ്രത്തില്‍ നിര്‍ത്തിയിരിക്കയാണ്. ബിനോയ്‌ , ഇയാളും ജീവിക്കാന്‍ എന്താ ചെയുന്നത് എന്നറിയില്ല .പ്രേമമാണ് (ഏതു പെണ്ണിനെ കണ്ടാലും) അകെ കാണിക്കുന്ന അഥവാ അറിയുന്ന പണി.(ഗുണ്ട പണി പോലെ ഇതും ഒരു ജോലി ആയി സ്വീകരിക്കപ്പെട്ടു കഴിഞ്ഞോ ആവൊ?). ജയറാം ,അത് തികഞ്ഞ നിഗൂടതയാണ് പോക്കറ്റ്‌ അടിക്കാരനും , കാര്‍ ബ്രോക്കെര്‍ ഉം ഒക്കെ ആണെന്ന് പറയപ്പെടുന്ന ജയറാമിനെ കണ്ടാല്‍ പറയുകയും ചെയ്യും ഇതൊക്കെ ആണെന്ന്.തന്‍റെ സമ്പാദ്യമായ കാസിനോ ഇവര്‍ മൂവരും ചേര്‍ന്ന് നടത്തണം എന്ന ആഗ്രഹം അറിയിക്കുന്നു .എഴുതി കൊടുക്കാം എന്ന് പറയുന്നെകിലും പടം തീരുന്ന വരെ അത് ചെയുന്നില്ല . ഈ പറഞ്ഞതെല്ലാം വിട്ടു .അഥവാ സഹിച്ചു (ഇപ്പോളത്തെ മലയാളം സിനിമയല്ലേ , സൂപ്പര്‍ താരങ്ങള്‍ അല്ലെ ). അങ്ങനെ അവര്‍ ഗോവയില്‍ എത്തി .പിന്നെ ഇവര്‍ തമ്മിലുള്ള ചെറിയ തമാശകളും പാരയും പ്രേമവും ഒക്കെയായി ആദ്യ പകുതി . പിന്നെ ദോഷം പറയരുതല്ലോ ഒന്നാം പകുതിയുടെ ഏറ്റവും വലിയ ആകര്‍ഷണം ശ്രീ ലാലേട്ടന്‍ അവതരിപ്പിക്കുന്ന തികച്ചും മാദകമായ ഒരു സംഘടന രംഗമാണ് .(ക്ഷമിക്കണം പക്ഷെ ശരീരം മുഴുവന്‍ തുള്ളി തുളുമ്പുന്ന ആ സംഘട്ടനത്തെ വിശേഷിപ്പിക്കാന്‍ വേറെ ഒരു വാക്ക് കിട്ടുന്നില്ല.എഴുപതുകളില്‍ ജയമാളിനിയും അനുരാധയും ഒക്കെ ശരീരം കുലുക്കി കളിക്കുന്ന ക്യബാരെ നൃത്തം ആണ് എന്നിക്ക് അത് കണ്ടപ്പോള്‍ ഓര്‍മ വന്നത് .ശരീരം നോക്കാത്ത ഇയാള്‍ക്ക് ഈ കയ്യില്ലാത്ത ബനിയനും,നിക്കറും ഇട്ടു അടികൂടെണ്ട വല്ല കാര്യവും ഉണ്ടോ?).പിന്നെ മൂന്ന് പേരില്‍ രണ്ടു നായികാ മാരും ലാലേട്ടന്റെ പിന്നാലെയാണ്. ഒന്നാം പകുതി അവസാനിക്കുനതിനു മുന്‍പ് വില്ലന്‍ ഗൌഡ ഇവരെ കാണുകയും അച്ഛനെ പോലെ ഇരിക്കുന്ന മാത്തുകുട്ടിയെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുകയും ചെയുന്നു (പിന്നെ അദേഹം ആരെയും കൊന്നിട്ടില്ല എന്ന് തോന്നുന്നു).തന്‍റെ ബിസ്നെസ്സ് (മയക്കു മരുന്ന് ) ഒറ്റി കൊടുക്കുന്നത് ഗോമസ് അന്നെന്നു മനസിലാക്കി ഗൌടര് എല്ലാത്തിനെയും കള്ള കേസ് ല്‍ കുടുക്കി ഭീഷണിപ്പെടുത്തി എല്ലാ സ്വത്തും എഴുതി വാങ്ങുന്നു .മൂന്ന് ദിവസം കഴിഞ്ഞാല്‍ (election കഴിഞ്ഞാല്‍ ) എല്ലാത്തിനെയും തട്ടും എന്ന് പ്രഖ്യാപിക്കുന്നു.അങ്ങനെ ഇനി എന്തെകിലും ഒക്കെ സംഭവിക്കും എന്ന് തോന്നിപ്പിക്കുന്ന (ആരാധകര്‍ക്ക് ) ഒന്നാം പകുതി അവസാനിക്കുന്നു .പറയാന്‍ മറന്നു സി വി എന്നാ ഒരു തമാശ ഗുണ്ട നേതാവായി സുരാജ് അവതരിക്കുന്നു .(അവതര ഉദ്ദേശം പതിവ് പോലെ കാണികളുടെ ക്ഷമ പരീക്ഷിക്കുക എന്നത് തന്നെ )


അതിനു ശേഷം .....

നിറുത്തെടാ തെണ്ടികളെ ..........

ഡേ പ്രേക്ഷകാ നീ .. നിനക്ക് ബോധം വന്നോടെ ?

ഉണ്ടെങ്കില്‍ ഞാന്‍ ഈ ജാതി പടത്തിനു ഒക്കെ പോകുമോ? ഇനി ഞാന്‍ പറയാം, ഗൌടയും മാത്തുകുട്ടിയും പിള്ളേരും ആയുള്ള ബുദ്ധിയും ശക്തിയും ഉപയോഗിച്ചുള്ള പോരാട്ടം രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക്‌ കിട്ടുന്നത് . കുടിച്ചു കുന്തം മറിയുന്ന താരങ്ങള്‍,രേന്ജിനി ഹരിദാസും സുരാജും ഒക്കെ കൂടിയുള്ള താരങ്ങളുടെ സംഘ ഗാനം/നൃത്തം ,ലാല്‍ ഏട്ടന്റെ അമ്മെനെഷ്യം, ഒരു സുമോ ഗുസ്തിക്കാരന്റെ (പുള്ളി അന്നെങ്കില്‍ ശവമടക്കിനു പോയാലും മത്സരത്തിനു ഉപയോഗിക്കുന്ന അടിവസ്ത്രം പോലത്തെ സാധനം മാത്രമേ ധരിക്കു!!!) ഭാവാഭിനയം . കാവ്യാ മാധവന്‍ തന്‍റെ തടിച്ചുരുണ്ട ശരീരവുമായി നല്ല കിടിലം ഫിഗര്‍ ഉള്ള ബാക്കി രണ്ടു നയികമാരോടോത്തു നടത്തുന്ന സംഘ നൃത്തം മുതലായവ ആസ്വദിക്കാം .അവസാനം ഒരിക്കലും അവസാനിക്കാത്ത ഒരു സംഘട്ടനത്തിനു (ഇതു പോലെ ഒന്ന് ഇതിനു മുന്‍പ് കണ്ടത് താന്തോന്നി എന്നാ പടത്തിലാണ് ) ശേഷം ലാലേട്ടന്‍ ബുദ്ധി ഉപയോഗിച്ച് (ഇനി അതിന്‍റെ കുറവ് വേണ്ട ) ഗൌടയെ അകത്താക്കുന്നു . ശുഭം

അപ്പോള്‍ പറഞ്ഞു വന്നത് ..

മലയാള സിനിമയില്‍, സൂപ്പര്‍ താര ചിത്രങ്ങളില്‍ കഥ തിരകഥ എന്നിവ ഒരു അടംബരമാണല്ലോ .( സൂപ്പര്‍ താരങ്ങള്‍ ലളിത ജീവിതത്തില്‍ വിശ്വസിക്കുന്നവരും) .പിന്നെ ഈ ചിത്രത്തില്‍ ജയറാമും ദിലീപും മിമിക്രി , സ്കിറ്റ് എന്നിവയില്‍ ആരാണ് മുന്നില്‍ എന്നാ കാര്യത്തില്‍ മത്സരിക്കുന്നു .ലാലേട്ടന്‍ സുമോ ഗുതിക്കാരനായ താരവുമായി ഭാവാഭിനയത്തില്‍ മത്സരിക്കുന്നു .നായികമാര്‍ക്കും വില്ലനും ചരിത്രപരമായ ദൌത്യങ്ങള്‍ അല്ലാതെ വേറെ ജോലി ഒന്നും ഇല്ല. ഈ ചിത്രത്തിന്റെ രണ്ടാം പകുതി കുറ്റവാളികളെ സത്യം പറയിക്കാന്‍ ഉപയോഗിക്കാവുന്നതാണ് (എന്തിന്ന ഈ നാര്‍ക്കോ ടെസ്റ്റ്‌ ഒക്കെ നടത്തി വിവാദം ഉണ്ടാക്കുന്നേ ).അദ്ദേഹത്തിന്റെ നൃത്തം എങ്ങനെ പോയാല്‍ ഉടനെ മറ്റേ താരത്തിന്റെ പ്രസശ്തമായ കലാ രൂപത്തിനോട് അടുത്ത് കൊണ്ടിരിക്കുന്നു

അപ്പോള്‍ അഭിനയം ?

ഒന്ന് പോടെ തമാശ പറയാതെ. ഈ ചിത്രത്തില്‍ ആകെയുള്ളത് സ്റ്റേജ് ഷോ കളില്‍ കാണിക്കുന്ന തരം തമാശകള്‍ ആണ് . ഏതൊക്കെ ആണ് അഭിനയം എങ്കില്‍ സുരാജും ,ജയറാമും ,ദിലീപും അഭിനയിച്ചു തകര്‍ക്കുന്നു.ലാല്‍ എന്ത് ചെയുന്നു എന്ന് ചോദിക്കരുത് . ഫാന്‍സ്‌ എന്നേ തല്ലും . സ്വല്‍പ്പം കാവ്യയുടെ ഭാവാഭിനയം ഉണ്ട് (പേടിക്കണ്ട കുറച്ചേ ഉള്ളു )

ചുരുക്കത്തില്‍ പറഞ്ഞാല്‍ ...

സഹോദരങ്ങളെ .. ഈ ചിത്രവും ഒരു പക്ഷെ കോടികള്‍ വാരിയേക്കാം. ലോകത്തുള്ള എല്ലാ കേന്ദ്രങ്ങളിലും റീ ലി സ് ചെയ്തു കോടികള്‍ നേടിയേക്കാം . പക്ഷെ ഈ ചിത്രം നിലവാരം ഇല്ലാത്തതും തല്ലി പൊളിയും ആണ് എന്ന് എന്റെ അഭിപ്രായം. കൂടുതല്‍ ഈ നിലവാരത്തില്‍ ഉള്ള ചിത്രങ്ങള്‍ ഇറങ്ങും (അതും പൊതു ജനം കൊതിക്കുന്നത് ഇതാണ് എന്ന പേരില്‍ ) എന്നല്ലാതെ ഇങ്ങനത്തെ ചിത്രങ്ങളുടെ പ്രസ്ക്തിയിലും വിജയത്തിലും മറ്റൊന്നും ഞാന്‍ കാണുന്നില്ല

Saturday, February 12, 2011

മേക്കപ്പ്മാന്‍ (makeup man )

അനിയാ,......

ഹാ അണ്ണനോ നിങ്ങളെ എന്താ കാണാത്തത് എന്ന് ഓര്‍ക്കുവായിരുന്നു.ഈ ആഴ്ച പുതിയ പടം ഒക്കെ ഇറങ്ങിയത്‌ അറിഞ്ഞില്ലേ ?

അറിഞ്ഞല്ലോ . അതിരിക്കട്ടെ നീ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ . എന്തേലും കുഴപ്പം തോന്നുനുണ്ടോ ?

ഇങ്ങേരെന്താ മണിച്ചിത്ര താഴിലെ പപ്പുവും ഞാന്‍ സണ്ണി ഡോക്ട്ടെരും ആണോ ഇങ്ങനെ ചോദിയ്ക്കാന്‍? ഇതെന്തു പറ്റി?

അനിയാ എനിക്ക് 2011 ല്‍ ഇറങ്ങിയ ഒരു പടവും ഇതു വരെ മോശമായി തോന്നുന്നില്ല മാസം ഒന്നരയയില്ലെടെ ?

അപ്പോള്‍ നിങ്ങള്‍ rase കണ്ടു അല്ലെ ? ആ പോസ്റ്റര്‍ കണ്ടപ്പോലെ ഓര്‍ത്തതതാ നിങ്ങള്‍ ഇപ്പോള്‍ കൊടിയും പിടിച്ചു എത്തുമെന്ന് .അതിരിക്കട്ടെ rase എങ്ങനെയുണ്ട് ? തകര്‍പ്പന്‍ ആണോ ?

അനിയാ ഞാന്‍ കണ്ടത് race അല്ല ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്മാന്‍ എന്നാ പടമാടെ കണ്ടത് .

ഓ ഇതാണോ നല്ല പടം? ആ ജയറാമും ഷീല കൌറും (മായ ബസാര്‍ , തതോന്നി ) അഭിനയിക്കുന്ന പടമല്ലേ .പിന്നെ സ്ഥിരം കൊമാളികളും നാണമില്ലല്ലോ ഈ പടമൊക്കെ കാണാന്‍ . ഇതൊക്കെ പൊട്ടുമെന്ന് ഉറപ്പല്ലേ ?

അനിയാ ഒരു പടം ആദ്യ ദിവസം മുതല്‍ വിജയമാണെന്നും പരാജയമാണെന്നും വാദിക്കുന്നവരോട് എനിക്ക് സഹതാപമേ ഉള്ളൂ.നമുക്ക് ഇഷ്ടപ്പെട്ട ഒരു പടം വിജയിച്ചാല്‍ അത് നമ്മുടെ വിജയം ആണെന്നും പരാജയപെട്ടാല്‍ അത് നമ്മുടെ പരാജയം ആണെന്നും ചിന്തിച്ചു തുടങ്ങുന്നിടതാണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നമ്മള്‍ ആദ്യം തോല്‍ക്കുന്നത് . ഒരു പന്നപടം അഥവാ നമുക്ക് ഇഷ്ടപ്പെടാത്ത ഒരു ചിത്രം മഹാ വിജയം ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു സ്വയം വിശ്വസിച്ചു നമ്മള്‍ ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത് ? നമ്മെ തന്നെ .

അണ്ണാ വിട്ടു കള. ഇതിന്റെ കാര്യം പറ .

രജപുത്ര ഫിലിംസ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുനത് .ചോക്ലേറ്റ് എന്ന ചിത്രത്തില്‍ ഷാഫിയോടൊപ്പം കൂടിയ സച്ചി - സേതു ആണ് ഇതിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് .സംഗീതം വിദ്യാസാഗര്‍..

ശരി പിന്നെ ....

അനിയാ,ബിസ്നെസ്സ് പൊളിഞ്ഞു അകെ കടത്തിലായ ബാലു അഥവാ ബാലചന്ദ്രന്‍ (ജയറാം) കാമുകി സൂര്യ (ഷീല കൌര്‍ )കല്യാണ തലേന്ന് ഒളിച്ചോടി കല്യാണം കഴിക്കുന്ന ഇവര്‍ക്ക് മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിന്നമാകുന്നു ബാലുവിന്റെ സുഹൃത്തും production controler മായ കിച്ചുവിനെ (സുരാജ് ) അഭയം പ്രാപിക്കുന്ന ഇവരെ,കിച്ചുവിന്റെ സംവിധായകന്‍ സിദ്ധാര്‍ധനും (സിദ്ദിക് )നിര്‍മാതാവും (ജനാര്‍ധനനും) അവര്‍ തിരയുന്ന,പുതുമുഖ നായിക ആകാന്‍ വന്നതാണെന്ന് തെറ്റിദ്ധരിക്കുന്നു.അപ്രതീക്ഷിതമായി നായികയായി തിരഞ്ഞെടുക്കപ്പെടുന്ന സൂര്യ , തല്‍കാലം അങ്ങനെ തുടരാന്‍ തീരുമാനിക്കുന്നു .വിവാഹകാര്യം പറയാത്തതിനാല്‍ ബാലു സൂര്യയുടെ മേക്കപ്പ്മാനായി അഭിനയിച്ചു അവിടെ കൂടുന്നു. ബാലു കാശു കൊടുക്കനുള്ളവരില്‍ പ്രധാനി കുന്തക്കാരന്‍ വറീതും (ജഗതി) ഗുണ്ടകളും പുറത്തുണ്ട്.സിനിമയുടെ ചിത്രീകരണം പുരോഗമികുന്നതോടെ ബാലു -സൂര്യ മാരില്‍ ഉണ്ടാകുന്ന അകല്‍ച്ച,സിദ്ധാര്‍തന് സൂര്യയോട്‌ തോന്നുന്ന അടുപ്പം,പിണങ്ങി പിരിയുന്ന സൂര്യയുമായി അടുക്കാനുള്ള ബാലുവിന്റെ ശ്രമങ്ങള്‍ ഒടുവില്‍ കോടതിയില്‍ വെച്ചുള്ള ഒത്തു ചേരല്‍ അങ്ങനെ പോകുന്നു പടം .

ഛെ ഇതാണോ പടം . ഇതിലെവിടെ പുതുമ അണ്ണാ ?

അനിയാ ഇതു അടുത്ത ബെന്‍ഹര്‍ ആണെന്ന് ഇവിടെ ആരും പറയുന്നില്ല.ഇതു കണ്ടിട്ട് റാഫി മെക്കാര്‍ടിന്‍ പണ്ടെങ്ങോ എഴുതി വെച്ച വണ്ണ്‍ ലൈന്‍ എടുത്തു സേതു-സച്ചിയെ കൊണ്ട് എഴുതിപ്പിച്ചത് ആകാനാണ് സാധ്യത. ഇങ്ങനത്തെ ഒരു കഥ (പറഞ്ഞു പഴകിയ എന്നത് തന്നെ) വലിയ ബോര്‍ ആകാതെ എടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഷാഫിയുടെ വിജയം.കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മറ്റൊരു മേരിക്കുണ്ടൊരു കുഞ്ഞാട് ആയേനെ ഈ ചിത്രം.അതിന്റെ ഉത്തരവാദികള്‍ പ്രധാനമായും സച്ചി സേതുമാരാണ്

അതെന്താ അങ്ങനെ പറഞ്ഞത് ?

വലിയ കുഴപ്പമില്ലാതെ പറഞ്ഞു വെച്ച ഒന്നാം പകുതി (രാവിലെ വന്നു ഉടനെ വീട്ടില് ജപ്തി നടക്കും, കുടുംബം തെരുവില് നില്ക്കും എന്ത് ചെയ്യും , എന്ന് ചോദിക്കുന്ന സുഹുത്തിനോടു വാടാ നമുക്ക് ഇപ്പോള് തന്നെ ഐഡിയ സ്റ്റാര് സിങ്ങര് മത്സരത്തിനു പോകാം എന്ന് പറയുന്ന കൂടുകാരന്റെ സ്നേഹത്തിന്റെ കഥ പറയുന്ന സിനിമയൊക്കെ (അഥവാ അതിലെ പുതുമ ) തൊണ്ട തൊടാതെ വിഴുങ്ങിയ മലയാളി ഈ ചിത്രത്തിന്റെ ഒന്നാം പകുതി തകര്ത്തു എന്ന് പറയേണ്ടി വരും !!!),രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള് വലിച്ചില് അനുഭവപ്പെടുന്നു .അതിന്റെ പ്രധാന കാരണം തിരകഥയിലെ ശക്തിയില്ലയിമ ആണ് .രണ്ടാം പകുതിയിലാണ് ഈ നായികാ നായകന്മാര്‍ തമ്മിലുള്ള അകല്‍ച്ച തുടങ്ങുന്നത് .ഇതിന്റെ കാരണം നായകന്റെ കോംപ്ലെക്സ് ആണോ നായികയുടെ കരിയര്‍ മോഹങ്ങള്‍ ആണോ അതോ സംവിധയകന് നായികയോട് തോന്നുന്ന അടുപ്പമോ ഏതാണെന്ന് (പ്രധാന ഉത്തരവാദി ആരാണെന്നു)കൃത്യമായി പറയാന്‍ രണ്ടാം പകുതിയില്‍ കഴിയുന്നില്ല.ഫലം എല്ലാവരുടെ പ്രവര്‍ത്തികള്‍ക്കും ന്യായീകരണം കൊടുക്കേണ്ടി വരുന്നു.ഇതു കൊണ്ടാകണം രണ്ടാം പകുതി കുറച്ചു വലിഞ്ഞു പോയത് എന്നതാണ് എന്റെ അഭിപ്രായം.പിന്നെ ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ട ഒരു നിമിഷം,സൂര്യ ഡയലോഗ് പഠിക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്ന ബാലുവിന്റെ പ്രതികരണം എങ്ങനെ "നീ ഇങ്ങനെയാണ് ഡയലോഗ് പറയാന്‍ പോകുന്നതെങ്കില്‍ (കാണികളുടെ നേരെ കൈ ചൂണ്ടി ) തീയറ്ററില്‍ കൂവാന്‍ വേണ്ടി മാത്രം വന്നിരിക്കുന്ന കുറെ പേരുണ്ട് അവന്മാര്‍ കൂവി നാറ്റിച്ചു കളയും. " പറഞ്ഞു നിര്‍ത്തിയതും തീയറ്ററില്‍ ഒന്നടങ്കം കയ്യടി !!!!!! ഇത്രയെങ്കിലും പ്രതികരിക്കണം എങ്കില്‍ എത്ര അസഹിനീയം ആണ് സംഗതി എന്ന് ഊഹിക്കാമല്ലോ.

ശരി അത് നില്കട്ടെ . നമ്മുടെ പ്രിത്വിരാജോ, കുഞ്ചാക്കോ ബോബനോ ഒക്കെ ഇതില്‍ ഉണ്ടല്ലോ . അവരെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ .

അനിയാ സിനിമ ഷൂട്ടിംഗ് പശ്ചാത്തലം ആകുന്ന കഥയ്ക്ക് കുറച്ചു സിനിമ താരങ്ങള്‍ ഒക്കെ വേണ്ടേ?കുഞ്ചാക്കോ ബോബനും,പ്രിത്വിയും ഒക്കെ അവരായി തന്നെ അഭിനയിക്കുന്നു .കാര്യമായി ഒന്നും ചെയാനില്ല.സംവിധായകന്‍ ചെയ്ത നല്ലൊരു കാര്യം ഈ ചിത്രത്തില്‍ ജയറാമിന്റെ പ്രണയ ഗാന രംഗങ്ങള്‍ ചേര്‍ത്തില്ല എന്നതാണ് പകരം ഗാനങ്ങള്‍ പ്രിത്വിക്കും ചാക്കോച്ചനും വിട്ടു കൊടുത്തിരിക്കുന്നു.അവര്‍ സംഗതി നന്നായി ചെയ്തിടുണ്ട് താനും . അതില്‍ തന്നെ കുഞ്ചാക്കോയുടെ ഗാന നൃത്ത രംഗം,കുംഭ കുലുക്കി തുള്ളുന്ന, മലയാളത്തിലെ മമ്മൂടി ഒഴികെയുള്ള അപ്പൂപ്പന്‍ താരങ്ങള്‍ക്ക് ഡാന്‍സ് എന്ന സംഭവം നിര്‍ത്താന്‍ പ്രേരിപ്പിക്കും എന്ന് കരുതുന്നു .(മമ്മൂടി ചെയുന്നത് ഡാന്‍സ് ആണെന്ന് ഞാന്‍ കരുതുന്നില്ല അത് മറ്റെന്തോ ഭീകര കലാരൂപമാണ്‌ !!!)

ശരി ശരി അതിരിക്കട്ടെ അഭിനയം ... നവരസങ്ങള്‍ .. എല്ലാം ഉണ്ടല്ലോ അല്ലെ ?

എഴിച്ചു പോടാ അവിടുന്ന് . അവന്റെ ഒരു നവ രസം .. ഉള്ള രസം കൊണ്ട് പറ്റുമെങ്കില്‍ കണ്ടാല്‍ മതി ഷീല കൌര്‍ നന്നായിട്ടുണ്ട് .(ഇതു വരെ ഒരു ചിത്രത്തിലും അവര്‍ ഭേദം എന്ന് പോലും എനിക്ക് തോന്നിയിട്ടില്ല) ,ജയറാം പാവം പറ്റുന്നത് പോലെ നന്നായി അഭിനയിച്ചു (തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു രസിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടില്ല !!) .ഏറ്റവും അത്ഭുദം സുരജിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍ . ഒപ്പം സലിം കുമാറിനെയും അഴിച്ചു വിട്ടിടില്ല .ജഗതി നന്നായി എന്ന് പറയുന്നത് രഞ്ജിത് മിടുമിടുക്കനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന് പറയുന്നത് പോലെയാണ് (രണ്ടിലും ഒരു പുതുമയും ഇല്ല !!).സംവിധായകനായി സിദിക് നന്നായിട്ടുണ്ട് . ജഗദീഷ് ബോറായി എന്നത് വന്നു വന്നു ഒരു പുതുമ അല്ലാതായിട്ടുണ്ട്.പിന്നെ ചിത്രത്തിലെ ആദ്യ രംഗങ്ങള്‍,മാതൃക പോലീസ് സ്റ്റേഷന്‍ നെ കളിയാക്കിയിട്ടുള്ള രംഗങ്ങള്‍ നന്നായി എന്നാണ് എന്റെ അഭിപ്രായം.നായകന്റെ ഇപ്പോളത്തെ അവസ്ഥ അധികം വലിച്ചു നീട്ടാതെ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്
.

അപ്പോള്‍ ചുരുക്കത്തില്‍ ?

കുഞ്ഞാടിനോളം എത്താത്ത മറ്റൊരു കുഞ്ഞാട്.സ്ഥിരം കഥയാണെങ്കിലും തിരകധയില്‍ ഒരല്‍പം കൂടി ശ്രദ്ധി ചിരുന്നേല്‍ മറ്റൊരു നല്ല വിജയം ആകാമായിരുന്ന ചിത്രം. എന്നാലും അത്യാവശ്യം കാണാം.വിജയിക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ ഞാന്‍ ആള്‍ അല്ല

Wednesday, January 26, 2011

കുടുംബശ്രീ ട്രാവല്‍സ് (Kudumbasree Travels )

പുതുമകള്‍ക്ക് വേണ്ടി ദാഹിക്കുന്ന ദാഹിക്കുന്ന മലയാള സിനിമക്ക് ഒരു നീരുറവ പോലെ ഹാസ്യവും ആകാംഷയും ഒരു പോലെ കൂട്ടി ചേര്‍ത്ത് നിര്‍മ്മിച്ച ഈ ചിത്രം ......

എന്തുവാടെ നല്ലൊരു റിപബ്ലിക് ദിനം ആയിട്ടു മലയാളിയുടെ ദേശീയ വിനോദമായ വെള്ളമടി തുടങ്ങാതെ എഴുതി തള്ളുന്നത്?

അണ്ണാ നിങ്ങള്‍ പറഞ്ഞപ്പോള്‍ ആണ് എന്‍റെ കണ്ണ് തുറന്നത് ഒരു ബുജി ലൈന്‍ ല്‍ മാത്രമേ പിടിച്ചു നില്ക്കാന്‍ പറ്റു ഈ രംഗത്ത് .അല്ലെങ്കിലും മലയാളികള്‍ക്ക് ബുദ്ധി ജീവി എന്ന് പറഞ്ഞാല്‍ പണ്ടേ ഒരു ബഹുമാനമാ.

എടാ ഉള്ളവനോട് ഇല്ലാത്തവന് ഉള്ള ബഹുമാനം ലോകാരംഭം മുതല്‍ ഉള്ളതാ . അതിരിക്കട്ടെ നീ ഇതു ചിത്രത്തെ കുറിച്ചാ ഈ കാച്ചുന്നെ...

അണ്ണാ കിരണ്‍ എന്നാ പുതുമുഖ(ആണെന്ന് തോന്നുന്നു )സംവിധായകന്‍ ചെയ്ത (ചല്ലറ ചെയ്തു വല്ലതും ആണോ അത്?) കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രമാണ് എന്ന് എന്‍റെ വിഷയം. നിങ്ങളീ പുതു മുഖ സംവിധായകര്‍ എന്നൊക്കെ കേട്ടാല്‍ ചാടി വീഴുന്നത് അന്നല്ലോ. എന്ത് പറ്റി? കണ്ടില്ലേ ?

എടേ രണ്ടു മൂന്ന് ദിവസമായി കാണണം എന്ന് കരുതുന്നു.പക്ഷെ പോസ്റ്റര്‍ കാണുമ്പോള്‍ തന്നെ മനസ് മടുത്തു പോകുന്നു.ആ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആള്‍ക്ക് പണ്ട് എപ്പോളോ നിര്‍മ്മാതാവോ സംവിധായകനോ കാശു കടം വാങ്ങിയത് തിരിച്ചു കൊടുക്കാന്‍ ഉണ്ടെന്നു തോന്നുന്നു.അതിന്റെ കൂടെ നടന്‍ ജയറാമിന്റെ മീശ വടിച്ച മുഖത്തിന്റെ ക്ലോസപ്പ് കൂടെ ആകുമ്പോള്‍ സംഗതി തികഞ്ഞു .അവസാനം ധൈര്യം കിട്ടിയത് ഇന്നലെയാണ് .

എന്നിട്ട്

മൈത്രി വിഷന്റെ ബാനെര്‍ ല്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയറാം , ഭാവന , ജനാര്‍ദ്ദനന്‍ , ജഗതി , ശ്രീകുമാര്‍ , കെ പി എസ് സി ലളിത , രാധിക (ക്ലാസ്സ്‌മേറ്റ്‌) , ശ്രീകുമാര്‍ , കോട്ടയം നസീര്‍ ,മാമുകോയ, കല്പന,മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഹാ ഇങ്ങനെ വലിച്ചു നീട്ടാതെ . ഇതൊക്കെ പോസ്റ്റര്‍ കണ്ടാല്‍ അറിയില്ലേ? പടം എങ്ങനെ ഉണ്ട് . അത് പറയു ?
ഈ പടം എങ്ങനെ സെന്‍സര്‍ ബോര്‍ഡ്‌ കടന്നു എന്നറിയില്ല .കാരണം തീവ്രവാദികള്‍ക്ക് മാര്‍ഗരേഖ ആയി ഉപയോഗിക്കാവുന്ന കുറച്ചു തന്ത്രങ്ങള്‍ ഈ ചിത്രത്തില്‍ കാണിക്കുന്നുണ്ട് .നാളെ ഏതെങ്കിലും ഒരു തീവ്ര വാദി ഈ ചിത്രം കണ്ടു ഇതിലെ മാര്‍ഗം ഉപയോഗിച്ച് ഒരു ആക്രമണം നടത്തിയാല്‍ ഈ ചിത്രം മാത്രമായിരിക്കും അതിനു ഉത്തരവാദി .

ഓഹോ എന്ന് വെച്ചാല്‍ ....

അനിയ ഞാന്‍ ഒരു തീവ്രവാദി ആണെന്ന് ഇരിക്കട്ടെ ഒരു നഗരത്തില്‍ എനിക്ക് ബോംബ്‌ സ്‌ഫോടനം നടത്തണം എന്നിരിക്കട്ടെ .എന്താണ് കോമണ്‍ സെന്‍സ് ഉണ്ടെങ്കില്‍ ഞാന്‍ ചെയേണ്ടത് (അഥവാ ഈ ലോകം മുഴുവന്‍ നടക്കുന്നത് ).ഒരു പെട്ടിയില്‍ സ്ഫോടക വസ്തു വെച്ച് ഞാന്‍ അത് ഒരു തിരക്കുള്ള പൊതു സ്ഥലത്ത് വെച്ചിട്ട് മുങ്ങുന്നു .സമയം ആകുമ്പോള്‍ സംഗതി പൊട്ടുന്നു.ഇത്തരം പഴഞ്ജന്‍ പരിപാടികള്‍ക്ക് പകരം ഈ ചിത്രത്തില്‍ തുടക്കത്തില്‍ തന്നെ തീവ്രവാദികള്‍ ചെയ്യുന്നത് ഇപ്രകാരം ആണ്.
1 )നഗരത്തിലെ പോലീസ് കമ്മിഷ്ണരെ തട്ടി കൊണ്ട് പോകുക .
2 )അതെ സമയം അയാളുടെ കേരളത്തിന്‌ പുറത്തു പഠിക്കുന്ന മകളെയും (രാധിക) തട്ടി എടുക്കുക
3 )അച്ഛനെ തട്ടി കളയും എന്ന് ഭീഷണിപ്പെടുത്തി ബോംബ്‌ അടങ്ങിയ പെട്ടി കള്ളനോട്ടുകള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മകളെ ഏല്‍പ്പിക്കുക
4 )പെട്ടിയുമായി രണ്ടു മൂന്ന് ദിവസം നഗരത്തിലൂടെ കറങ്ങാന്‍ അനുവദിച്ച ശേഷം വേണ്ട സ്ഥലത്ത് പെട്ടി വെച്ചിട്ട് പോകാന്‍ പറയുക .
5 ) അതിനു ശേഷം തീവ്രവാദികള്‍ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് ബോംബ്‌ പൊട്ടിക്കുന്നു
എങ്ങനെയുണ്ട് ? ഇതെങ്ങാനും വല്ല തീവ്രവാദിയും കണ്ടാല്‍ ഓര്‍ക്കാന്‍ വയ്യാ......

അപ്പോള്‍ ഇതു അന്‍വര്‍ പോലെ തീവ്രവാദത്തെ കുറിച്ച് ഉള്ള പടമാണോ ? പോസ്റ്റര്‍ കണ്ടപ്പോള്‍ ഒരു തമാശ ചിത്രം പോലെയാണ് തോന്നിയത് ...

നീ ധ്രിതി പിടിക്കാതെ.തമാശ ഒക്കെ വരുന്നതെ ഉള്ളു .ഇതൊക്കെ ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ടിനുള്ളില്‍ കഴിയും .ക്യാമറ നേരെ ഇതൊന്നും അറിയാതെ നിഷ്കളങ്കര്‍ മാത്രം തിങ്ങി പാര്‍ക്കുന്ന ഒരു നാട്ടിന്‍പുറത്തേക്കു.(കഷ്ടകാലത്തിനു നിങ്ങള്‍ നമവശേഷം ആയിക്കൊണ്ടിരിക്കുന്ന ബോധം ഉള്ള മലയാളീ എന്ന വര്‍ഗത്തില്‍ പെട്ടവന്‍ ആണെങ്കില്‍ ഈ നിഷ്കളങ്കന്‍ എന്ന വാക്ക് മരമണ്ടന്‍ മാര്‍ എന്ന് വായിക്കുക ).അവിടെ അവിവാഹിതനായ അരവിന്ദ ചാക്യാര്‍ (ജയറാം) അമ്മാവന്‍ ചാച്ചു (ജഗതി)തന്‍റെ മകളെ അരവിന്ദന്‍ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ദിവസവും അരവിന്ദന്റെ തറവാട്ടില്‍ കയറി ഇറങ്ങുന്നു.അരവിന്ദനും മാതാപിതാകള്‍ക്കും (ശ്രീകുമാര്‍,ലളിത)ഇതിനോട് താല്പര്യം ഇല്ലെന്നു പറഞ്ഞിട്ടും അദേഹം പരിപാടി അവസാനിപ്പിക്കുന്നില്ല .അരവിന്ദന് പെണ്‍കുട്ടി സുന്ദരിയും സുശീലയും ആയാല്‍ പോര നങ്ങ്യാര്‍ കൂത്തും അറിഞ്ഞിരിക്കണം പോലും (ഇതൊക്കെ ഏതു കാലത്തേ കഥാ പത്രങ്ങള്‍ ആണവോ?).ഗ്രാമത്തില്‍ വേറെ ഒത്തിരി നിഷ്കളങ്കന്‍ ഉണ്ട്.അതൊക്കെ പോയി നേരില്‍ കണ്ടാല്‍ മതി . എല്ലാവരും നിങ്ങളെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.(ഇതിലും ഭേദം ഇക്കിളി ഇടാന്‍ രണ്ടു പേരെ ഓരോ കസേരയിക്കും അടുത്ത് നിര്‍ത്തുക ആയിരുന്നു ).അവസാനം അരവിന്ദന് എല്ലാ താല്പര്യങ്ങളും ഒത്തു ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു .നഗരത്തില്‍ അത്യാവശ്യം പോഷ് ആയി ജീവിക്കുന്ന അശ്വതി (ഭാവന). അവരുടെ കുടുംബത്തിനു എന്തോ വഴിപാട് ഉണ്ടായിരുന്നുവത്രേ പട്ടിക്കാട്ടില്‍ നിന്ന് വരുന്ന,മീശയില്ലാത്ത ഒരു ചാക്യാര്‍ക്ക് മോളെ കെട്ടിച്ചു കൊടുത്തു കൊള്ളാം എന്ന് (സംഗതി അങ്ങനെ അല്ല .അത് പോലെ എന്തോ ആണ്).അശ്വതിക്കും അവളെ കെട്ടാന്‍ നടക്കുന്ന ഒരു മുറ ചെറുക്കന്‍ ഉണ്ട് .അശ്വതിക്ക് അരവിന്ദനെ പ്രഥമ ദ്രിഷ്ട്യാ ഇഷ്ടപ്പെടുന്നു .(ഈ പ്രഥമ ദ്രിഷ്ട്യാ കേസ് ഉണ്ടെന്നു പറയുന്ന പോലെ). കല്യാണം തീരുമാനിക്കുന്നു .കല്യാണത്തിനായി എറണാകുളത്തേക്ക് ആ നിഷ്കളങ്ക ഗ്രാമം മുഴുവന്‍ ഒരു ബസില്‍ കയറി കൊച്ചിയിലേക്ക് തിരിക്കുന്നു. ആ ബസിന്റെ പേരാണ് കുടുംബ ശ്രീ ട്രാവല്‍സ്.ആ യാത്രയുടെ കരള്‍ അലിയിപ്പിക്കുന്ന കദന കഥയാണ് ഈ ചിത്രം എന്ന് വേണേല്‍ പറയാം.

അപ്പോള്‍ സംഭവം റോഡ്‌ മൂവി ആണല്ലേ?

നീ എങ്ങനെ വേണേല്‍ വിളിച്ചോ.യാത്രക്കിടയില്‍ ബോംബ്‌ പെട്ടിയുമായി കമ്മിഷ്നരുടെ മകള്‍ ഈ ബസില്‍ കേറുന്നു. എറണാകുളത്തു എത്തുന്ന അരവിന്ദനും സംഘവും മുഹൂര്‍ത്തം തെറ്റിയതിനാല്‍ ലോഡ്ജില്‍ താമസിക്കുന്നു . രണ്ടാമതൊരു മുഹൂര്‍ത്തം കണ്ടു പിടിച്ചു കെട്ടാന്‍ പോകുമ്പോള്‍ കല്യാണം മുടക്കാനായി,താലി കെട്ടാന്‍ മണ്ഡപത്തില്‍ നില്‍ക്കുന്ന അരവിന്ദന്റെ പിന്‍ഭാഗത്ത്‌ ആരും കാണാതെ (?) മയക്കുമരുന്ന് കുത്തി വയ്ക്കുന്നു.(കോമഡി ആണ് എവിടെ ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു . കുത്തു കൊള്ളുന്ന ജയറാമിന്റെ ഭീകര ഭാവ അഭിനയം വേറെ).ഇനി മൂന്നാമത്തെയും അവസാനത്തെയും ആയ ഒരേ ഒരു മുഹൂര്‍ത്തം കൂടെയേ ഉള്ളു. ആ മുഹൂര്‍ത്തത്തില്‍ എങ്കിലും കല്യാണം നടക്കുമോ ? ബോംബ്‌ പൊട്ടുമോ ? തട്ടി കൊണ്ട് വരപ്പെട്ട കമ്മിഷനര്‍ രക്ഷപ്പെടുമോ ?കാണികള്‍ക്ക് വീട്ടില്‍ പോകാമോ ? ഇങ്ങനെയുള്ള ഉദ്വേഗ ജനകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഇന്നു തന്നെ കാണുക ഈ വിനോദ ത്രില്ലെര്‍ കുടുംബ റോഡ്‌ മൂവി ...........

അപ്പോള്‍ പറഞ്ഞു വരുന്നത്

മോഹന്‍ലാലിനു വാമനപുരം ബസ്‌റൂട്ട് എന്ന ചിത്രം എന്തായിരുന്നോ അതാണ് ജയറാമിന് ഈ ചിത്രം .മീശ ഇല്ലാത്തത് കൊണ്ടാകണം സ്ഥിരമായി വയറിളക്കം ബാധിച്ച ഒരാളുടെ ഭാവമാണ് (അഥവാ അങ്ങനെയാണ് എന്നിക് തോന്നിയത്) ജയറാമിന് ഈ ചിത്രത്തില്‍ (മീശ ട്രിം ചെയ്യുക ആയിരുന്നു ഭേദം).പിന്നെ ദോഷം പറയരുതല്ലോ ഭാവന കാണാന്‍ നന്നായിട്ടുണ്ട് .അന്യ ഭാഷയില്‍ അഭിനയിക്കുന്നതിന്റെ ഗുണം ആകണം ക്യാമറക്ക് മുന്നില്‍ തികച്ചും ഫ്രഷ്‌ ആയി പ്രത്യക്ഷപെടാന്‍ ഈ നടിക്ക് കഴിയുന്നു .
സംവിധാനം ലോകോത്തരം .കഥാ തിരക്കഥ എന്നിവയെ പറ്റി ഇതിനകം വായനക്കാര്‍ക്ക്‌ ഒരു ഊഹം കിട്ടിയിട്ടുണ്ടാകുമല്ലോ

ചുരുക്കത്തില്‍ പറഞ്ഞാല്‍ ........

കഴിയുമ്പോള്‍ സന്തോഷം തോന്നുന്ന ഒരു ചിത്രം .കഴിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ നിന്നും ഉണ്ടാകുന്ന സന്തോഷം ആണെന്ന് മാത്രം .

Friday, October 29, 2010

ഫോര്‍ ഫ്രണ്ട്സ് (4 friends)

മുളക് പാടം ഫിലിംമസ് അവതരിപ്പിക്കുന്ന മുളകുപാടം ടോമിച്ചന്‍ നിര്‍മ്മിക്കുന്ന ......

അണ്ണന്‍ എന്താ ചാനലില്‍ വാര്‍ത്ത‍ വായിക്കാന്‍ പോകുന്നോ? അതോ അതിനു പഠിക്കുന്നോ?

അനിയാ, സ്വന്തം അഭിപ്രായം വ്യക്തമായി (അത് എന്ത് തന്നെ ആയാലും ) പറയുന്ന ഒരു ബ്ലോഗ്‌ ആയിരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ സാധനം ആരംഭിച്ചത്.പക്ഷെ ഈ നാട്ടിലെ പ്രബുദ്ധരായ താര ആരാധകര്‍ അതിനു സമ്മതിക്കും എന്ന് തോന്നുന്നില്ല .

അതിത്ര പറയാന്‍ എന്തിരിക്കുന്നു? സമാധാനമായി ഒരു പടം കാണാന്‍ പോലും ഇവനൊന്നും സമ്മതിക്കില്ല .പിന്നെയല്ലേ അഭിപ്രായം പറയുന്നത് . അതൊക്കെ (പടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ കൂവുന്നതും ബഹളം വൈക്കുന്നതും ) അവരുടെ അവകാശം ആണെന്നല്ലേ ഒരു ആരാധക മാന്യന്‍ പറഞ്ഞിട്ട് പോയത് .

അപ്പോള്‍ കാശു കൊടുത്തു പടം കാണാന്‍ കേറുന്ന മറ്റുള്ളവരോ? അവനൊന്നും ഒരു അവകാശവും ഇല്ലെ ? ഇതു ഒരുമാതിരി നോക്ക് കൂലി പോലെ അല്ലെ? എന്നാല്‍ പോട്ടെ ഇവനൊക്കെ ധൈര്യം ഉണ്ടോ തമിഴ് നടന്‍ വിജയ്‌ പോലെയുള്ള ഒരു നടന്റെ മൂന്നാം കിട ചിത്രം ഇറങ്ങുമ്പോള്‍ പോലും ചെന്ന് ഈ പരിപാടി ഇറക്കാന്‍? ചെന്നാല്‍ മതി.മടുത്തെടെ എനിക്ക്.

അതൊക്കെ വിട്ടേ അണ്ണാ. കാര്യം പറ ഫോര്‍ ഫ്രണ്ട്സ് എങ്ങനെയുണ്ട് ?

ഈ വര്‍ഷത്തെ താര ചിത്രങ്ങളില്‍ (ജയറാം താരം ആണ് എന്നാണ് എന്റെ വിശ്വാസം ) ഏറ്റവും വലിയ വിജയം ആയ ഹാപ്പി ഹസ്ബന്‍സ് എന്ന ചിത്രത്തിന്റെ പിന്നണി കാരായ സജി സുരേന്ദ്രനും,കൃഷ്ണ പൂജപ്പരയും വീണ്ടും ഒത്തു ചേരുന്ന ചിത്രമാണ് ഫോര്‍ ഫ്രണ്ട്സ് .കഴിഞ്ഞ ചിത്രത്തിലേത് പോലെ നായകനിരയില്‍ ജയറാമും,ജയ സൂര്യയും ഉണ്ട് പുതിതായി കുഞ്ചാക്കോ ബോബനും.നായിക ആയി മീരാ ജാസ്മിന്‍ . അഥിതി താരമായി കമലഹാസ്സനും അഭിനയിക്കുന്നുണ്ട് .സലിംകുമാര്‍,സുരാജ് ,സരയു,ലാലു അലക്സ്‌,സീമ എന്നിവര്‍ മറ്റു നടീ നടന്മാരില്‍ പെടുന്നു.സംഗീതം ജയചന്ദ്രന്‍ . ഇതാണ് സംഗതി ചുരുക്കത്തില്‍ .

ഹ....... എത്രയും പറഞ്ഞു നിര്‍ത്തിയാലോ . കഥ , അഭിനയം , പിന്നെ മാര്‍ക്ക്... ഇതൊക്കെ വേണ്ടേ .....

കഥ പറഞ്ഞാല്‍ ......... വ്യവസായ പ്രമുഖനായ റോയ് (ജയറാം ),കൊട്ടേഷന്‍ തൊഴിലാളി ആയ (ഗുണ്ട എന്നൊന്നും ഇപ്പോള്‍ പറഞ്ഞു കൂടാ )അമീര്‍ (ജയ സൂര്യ). കോളേജ് കുമാരന്‍ അമീര്‍ (കുഞ്ചാക്കോ) മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഗൌരി (മീര) എന്നിവര്‍ ആണ് ഈ ചിത്രത്തിലെ നാലു സുഹൃത്തുക്കള്‍.തികച്ചും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഇവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരുമിച്ചു കൂടുന്നതും പിന്നീടു അവര്‍ക്കിടയില്‍ സൌഹൃതം വളരുന്നതും പിന്നീടു അവര്‍ ഒരുമിച്ചു ജീവിതത്തില്‍ മുന്നോട്ടു നീങ്ങുനതും ആണ് ചിത്രത്തിന്റെ പ്രമേയം.

ഹോ അപ്പോള്‍ പതിവ് രീതിയില്‍ ഒരു തമാശ ചിത്രം തന്നെ അല്ലെ ?

അതാണ് ഞാനും പ്രതീക്ഷിച്ചത് .പക്ഷെ നേരത്തെ പറഞ്ഞ ഈ പ്രത്യേക സാഹചര്യം എന്നത് ഇവര്‍ എല്ലാവരും കാന്‍സര്‍ രോഗികള്‍ ആണെന്നും അതിനുള്ള ചികിത്സക്ക് വരുന്ന ആശുപത്രിയില്‍ വെച്ചാണ്‌ പരിചയപ്പെടുന്നത് എന്നും ആയാലോ ?

അപ്പോള്‍ ...

ഇവര്‍ നാലു പേരും കാന്‍സര്‍ രോഗികള്‍ ആണ് . മൂന്നു പേര്‍ക്കും (കുഞ്ചാക്കോ ഒഴികെ ) ഈ വിവരം നേരത്തെ അറിയുന്നവരാണ് . അത് മറച്ചു വെച്ച് രഹസ്യമായി ചികിത്സിച്ചു പോരുന്നവരാണ്‌ റോയ് യും അമീറും .ഗൌരി അവിടെ admitted ഉം കുഞ്ചാക്കോ പുതിതായി വരുന്ന ആളും ആണ് . അവിടെ വെച്ച് പരിചയപ്പെടുകയും സൈഹൃതത്തില്‍ ആകുകയും ചെയ്യുന്ന ഇവര്‍ ബാക്കിയുള്ള കാലം ആശുപത്രി മുറിയില്‍ ഒതുങ്ങാതെ ലോകം ചുറ്റി കാണാനും ഇഷ്ടം ഉള്ളതൊക്കെ ചെയ്യാനുമായി യാത്ര തിരിക്കുന്നു .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വല്ല തമിഴിലെയും പുതിയ പിള്ളേര്‍ക്ക് സംവിധാനം ചെയ്യാന്‍ കൊടുത്തിരുന്നേല്‍ പൊളിച്ചു അടുക്കി തരുമായിരുന്ന സംഭവം.

അതെന്താ സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പരയും മോശക്കരാണോ ?

എന്ന് പറയുന്നില്ല . പക്ഷെ കുറെയെങ്കിലും പ്രേക്ഷകര്‍ കണ്ട രണ്ടു ചിത്രങ്ങളിലെ അണിയറക്കാര്‍ എന്ന നിലയ്ക്ക് പ്രേക്ഷകര്‍ തങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുനത് എന്ന് തിരിച്ചറിയാനും അതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് കൊടുക്കാന്‍ ആഗ്രഹിക്കുനതെങ്കില്‍ അത് എന്താണെന്നു ചിത്രത്തിന്റെ പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് പരമാവധി എത്തിക്കുക എന്നതല്ലേ ചെയേണ്ടത്. അത് എത്രത്തോളം നന്നായി ചെയ്തിട്ടുണ്ട് എന്ന് എനിക്ക് സംശയം ഉണ്ട്.പകരം കമലഹാസ്സന്‍ അഭിനയിക്കുന്ന ചിത്രം എന്ന രീതിയിലുള്ള പ്രചരണം ആണ് കാണുന്നത് .

അതിരിക്കട്ടെ പിന്നെ എന്ത് സംഭവിക്കുന്നു ? യാത്ര തുടങ്ങിയിട്ട് ....

അവിടെയല്ലേ സംഗതി.പിന്നെ ഒന്നും സംഭവിക്കുന്നില്ല .അകെ സംഭവിക്കുന്നത്‌ അവരെല്ലാം കൂടി മലേഷ്യക്ക് പോകുന്നു . വിമാന തവത്തില്‍ വച്ച് കമലഹാസ്സനെ കാണുന്നു.മലേഷ്യയില്‍ എത്തി സൂര്യയുടെ പഴയ കാമുകിയെ (സരയു) കാണുന്നു.(അവള്‍ പൊയ് പണി നോക്കാന്‍ പറയുന്നു ).പിന്നെ ശൂ എന്നൊരു ക്ലൈമാക്സ്‌ ഉം

എന്നാലും ഈ കാന്‍സര്‍ പിടിച്ചു മറിക്കാന്‍ കിടക്കുന്നവര്‍ എല്ലാം കൂടി ലോക പര്യടനത്തിനു പോകുക എന്ന് ഒക്കെ പറഞ്ഞാല്‍ ....

അവിടെയാണ് സംവിധായകന്‍ ബുദ്ധിപൂര്‍വ്വം കമലഹാസ്സനെ കൊണ്ട് വന്നിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. പത്തു വര്‍ഷം കാന്‍സര്‍മായി മല്ലടിച്ച് നിരവധി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച സത്യനെ പോലെയുള്ള ഒരു നടന്റെ കാര്യം അത് നേരില്‍ കണ്ട വേറൊരു നടനില്‍നിന്നും കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകരില്‍ വിശ്വസിനീയത ഉളവാക്കാന്‍ സഹായിച്ചേക്കും.
ചിത്രത്തിന്റെ തുടക്കം തന്നെ ഷോലേ എന്നാ ചിത്രത്തിലെ യെ ദോസ്തി ...... എന്ന പാട്ട് റീ മിക്സ്‌ ചെയ്തു കാണിച്ചു കൊണ്ടാണ്.(ഈ മഹാ പാപത്തിനു ജയചന്ദ്രന് ദൈവം മാപ്പ് തരട്ടെ !).എനിക്ക് കേടായ കാസ്സെറ്റ്‌ ല്‍ നിന്നും ആ പാട്ട് കേള്‍ക്കുന്നത് പോലെയാണ് തോന്നിയത് .മറ്റു പാട്ടുകള്‍ കഷ്ടിച്ചു സഹിക്കാം എന്നാണ് തോന്നുന്നത് .

അപ്പോള്‍ അഭിനയം ?

അത് ചോദിക്കാനുണ്ടോ ? സാക്ഷാല്‍ മീര ജാസ്മിന്‍ ഉള്ളപ്പോള്‍ വേറെ ആരു അഭിനയിച്ചാല്‍ ഏല്‍ക്കും? ഓരോ ഫ്രെയിമിലും അഭിനയിച്ചു തകര്‍ക്കുകല്ലേ പുള്ളിക്കാരി. കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ ഗുണവും ഇല്ല ദോഷവും ഇല്ല എന്ന രീതിയില്‍ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . ജയറാം ഈ ചിത്രത്തില്‍ കാണിക്കുന്ന നിലവാരത്തില്‍ ഉള്ള ഒരു പണക്കാരന്‍ ആയ റോയിയെ അവതരിപ്പിക്കാന്‍ (ആരാധകര്‍ കഷമിക്കുക )പോര.(കാണിക്കുന്ന നിലവാരം ഹെലികോപ്റെരില്‍ വന്നിറങ്ങി ലിമോസിന്‍ കയറി പോകുന്ന ഒരാളായാണ്).ആകെ ഭേദം ജയസൂര്യയാണ്. സിദ്ദികു കഴിഞ്ഞാല്‍ make up , appearence എന്നിവയില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കുന്ന നടന്മാരില്‍ ഒരാള്‍ ജയസൂര്യയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . കോമഡി രംഗങ്ങളില്‍ ഉള്ള നല്ല ടൈം മിംഗ് ഈ നടനെ ചിത്രത്തില്‍ സഹായിക്കുന്നുണ്ട്. സലിം കുമാര്‍,സുരാജ് എന്നിവര്‍ പതിവ് വളിപ്പുകളും ആയി രംഗത്തുണ്ട്.ആരോ ഈ ചിത്രത്തിലെ നടന്മാര്‍ക്ക് സൌജന്യമായി വിഗ് കൊടുത്തോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . ഗണേശന് വരെ ഉണ്ട് അരോചകമായ ഒരു വിഗ് !!!!

പിന്നെ ഇങ്ങനെ ഒരു ചിത്രം എടുക്കുമ്പോള്‍ .ഞങ്ങള്‍ ഒരു കഥ പറയാം എന്ന മട്ടിലുള്ള തുടക്കത്തിനും , ആദ്യമേ എല്ലാരും കാന്‍സര്‍ രോഗികള്‍ ആണെന്നുള്ള സത്യം പറയുന്നതിനും പകരം അവസാനത്തോട് അടുപ്പിച്ചു ഇതൊക്കെ പറഞ്ഞിരുന്നെങ്കില്‍ രണ്ടാം പകുതി കുറെ കൂടി നന്നായേനെ . പിന്നെ രണ്ടു ചിത്രം വിജയിച്ചു എന്ന് വെച്ച് സജി സുരേന്ദ്രനും ഇല്ലെ പരിമിതികള്‍ !!!

അവസാനിപ്പിക്കുനതിനു മുന്‍പ് ഒരു വാക്ക് കൂടി മലയാളത്തില്‍ ഒരിക്കലും സാമ്പത്തിക മാന്ദ്യം വരും എന്ന് ഞാന്‍ കരുതുന്നില്ല . ഒന്നും ഇല്ലാതായാല്‍ നിങ്ങള്ക്ക് ചെയ്യാന്‍ രണ്ടു തൊഴിലുകള്‍ ഉണ്ട്.രാവിലെ ജാഥക്ക് പോകാം.ഉച്ച കഴിഞ്ഞാല്‍ സിനിമക്ക് കൂകാന്‍ കേറാം.ഹാപ്പി ഹസ്ബന്‍സ് പോലെ തന്നെ നിലവാരം ഇല്ലാത്ത ചിത്രം ആണ് ഇതെങ്കിലും എന്തെങ്കിലും പൊട്ട ഭാഗ്യം കൊണ്ട് ഇതെങ്ങാനും ഓടിപ്പോയല്ലോ എന്ന് ഭയന്നാകണം തുടക്കം മുതലേ കൂവല്‍ തൊഴിലാളികള്‍ ആക്റ്റീവ് ആണ് .(ക്ഷമിക്കണം ചിത്രത്തിന്റെ തുടക്കം മുതല്‍ ഒരു പ്രകോപനവും ഇല്ലാതെ കൂവുന്നവനെ എന്ത് വിളിക്കണം എന്ന് എനിക്കറിയില്ല ).കാശു കൊടുത്തു സിനിമ കാണാന്‍ വരുന്നവരുടെ നേരെ ഉള്ള ഈ കുതിര കേറ്റം എന്ന അഭ്യാസത്തിനു തെമ്മാടിത്തരം എന്നേ പറയാനാവു.ഇങ്ങനെ ബഹളം വെച്ച് ജനങ്ങളെ സിനിമാശാലകളില്‍ നിന്നും അകറ്റുന്ന സിനിമ പ്രേമികളോട് ഒരു വാക്ക് ഇങ്ങനെ പോയാല്‍ നിങ്ങള്ക്ക് കൂകാന്‍ അധിക കാലം മലയാള സിനിമ ഉണ്ടായെന്നു വരില്ല.ബഹളം വെച്ചത് കൊണ്ട് ചിത്രീകരിച്ചു കഴിഞ്ഞ ഒരു പടം മാറാന്‍ പോകുന്നില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്തു പോവുക എന്നതല്ലേ മാന്യമായ പരിപാടി?(ഇതൊക്കെ ആരോട് പറയാന്‍ ?)

Sunday, May 9, 2010

കഥ തുടരുന്നു

ഹോ അങ്ങനെ പണി തീര്‍ന്നു.

എന്ത് ജോലിയാ തീര്‍ന്നത് ഇത്ര ആശ്വസിക്കാന്‍ ?

ഈ ആഴ്ച ഇറങ്ങിയ അവസാന മലയാളം പടവും കണ്ടു തീര്‍ത്തു.അത്ര തന്നെ. ഇപ്പോളത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് ഇതൊരു ഭാരിച്ച ജോലി തന്നെ അണ്ണാ.

ഓഹോ അതിനനാണോ നീ കുറെ നേരമായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നത് ?

അല്ല അണ്ണാ ഞാന്‍ ആലോചിക്കുകയായിരുന്നു നമ്മള്‍ മലയാളികള്‍ ഒറ്റ സ്വരത്തില്‍ ചില കാര്യങ്ങള്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടും ഒരു പ്രയോജനവും ഇല്ലലോ എന്ന് .

എന്ന് വെച്ചാല്‍ ... ഒരു ഉദാഹരണം?

ഇനി ഉദാഹരണം പറഞ്ഞാലേ മാനസിലാക്കു. ദാ പിടിച്ചോ, മമ്മൂടിയോട് ഡാന്‍സ് ചെയ്യല്ലേ എന്നോ മോഹന്‍ലാലിനോട് തടി കുറയ്ക്കാമോ എന്നോ സത്യന്‍ അന്തികാടിനോട് തിരകഥ എഴുതല്ലേ എന്നോ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?

നീ അവസാനം പറഞ്ഞതില്‍ നിന്നും ഒന്ന് മനസിലായി നീ കഥ തുടരും കണ്ടു അല്ലെ ?

ഇന്നി അത് കുടെയെ ബാക്കി ഉണ്ടായിരുന്നുള്ളു .ഈ പടം, സത്യസന്ധമായി പറഞ്ഞാല്‍ മറ്റു രണ്ടു പടങ്ങളെകാളും ഭേദം ആണ് .പക്ഷെ അതിനു കാരണം ഈ ചിത്രത്തിന്റെ മികവല്ല മരിച്ചു മറ്റു ചിത്രങ്ങള്‍ മോശം ആയതു കൊണ്ടാണ് . പിന്നെ ഒരു ഗുണം ഉള്ളത് തിരക്കഥ മാത്രമാണ് ഇതിലെ വില്ലന്‍ എന്നതാണ്.

ഹാ.. നീ ഇങ്ങനെ കത്തി കേറാതെ കഥയെ പറ്റി ഒന്ന് പറയെടെ.

പറയാം മിശ്ര വിവാഹിതരായ യുവ ദമ്പതികള്‍ ഷാനവാസ്‌ - വിദ്യലക്ഷ്മി , അവര്‍ക്ക് ഒരു കുട്ടി.ബന്ധുക്കള്‍ ആരുടെയും പിന്തുണയില്ലാത്ത ഇവര്‍ നഗരത്തില്‍ ജീവിക്കുന്നു. ഒരു നാള്‍ ആളു മാറി ഒരു ഗുണ്ട സംഘം ഷാനവാസിനെ കൊലപ്പെടുത്തുന്നു. അനാഥര്‍ ആയി തീര്‍ന്ന വിദ്യക്കും കുട്ടിക്കും ആരും അഭയം നല്‍കുന്നില്ല. ഒടുവില്‍ നല്ലവനായ ഒരു ഓട്ടോ ഡ്രൈവര്‍ പ്രേമന്‍ (ജയറാം) അവരെ അയാളുടെ കോളനിയില്‍ എത്തിക്കുന്നു.അവിടെ എല്ലാവരും പ്രത്യേകിച്ചു ഒരു പ്രകോപനവും കുടാതെ അവരെ സ്നേഹിച്ചു പണ്ടാരം അടക്കുന്നു . അവര്‍ തിരിച്ചും അങ്ങനെ തന്നെ . ഇതിനിടെയാണ് വിദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്നെനും അവസാന പരീക്ഷക്ക്‌ മൂന്ന് നാല് മാസം കുടി ഉള്ളപ്പോള്‍ ആയിരുന്നു പഠിത്തം ഉപേക്ഷിച്ചത് എന്നും കോളനി വാസികള്‍ അറിയുന്നത്. ഉടനെ കോളനി വാസികള്‍ എല്ലാം ചേര്‍ന്ന് അവരുടെ ചീത്ത ശീലങ്ങള്‍ എല്ലാം ഉപേക്ഷിച്ചു കാശു സമ്പാദിച്ചു സമ്പാദിച്ചു .. വിദ്യയെ പഠിപ്പികുന്നു.ഏതാണ്ട് ഡോക്ടര്‍ ആയി കഴിയുമ്പോള്‍ ഷാനവാസ്‌ ഇന്റെ ബന്ധുക്കള്‍ കുട്ടിയെ ആവശ്യപ്പെട്ടു രംഗത്ത് വരുന്നു. അവരെ വിദ്യ അട്ടി ഓടിക്കുന്നു എങ്കിലും പ്രശ്നം വര്‍ഗീയം ആകുമോ എന്ന് ഭയന്ന് വിദ്യ സുഹൃത്തിന്റെ സഹായത്തോടെ കുവൈറ്റ്‌ല്‍ ഒരു ജോലി സംഘടിപ്പിച്ചു നാട് വിടുന്നു .കോളനി വാസികള്‍ നിറകണ്ണുകളോടെ യാത്ര അയക്കുന്നു. അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കി കൊള്ളാം എന്നും . പ്രേമനെ ഉടനെ ഗള്‍ഫിലേക്കും തന്റെ ജീവിതത്തിലേക്കും ക്ഷണിക്കും എന്ന ഉറപ്പും കൊടുത്തിട്ട് വിദ്യ യാത്രയാകുന്നു. കഥ തുടരും. എപ്പിടി ?

ഡേ ഇതെന്തോന്ന് സീരിയലോ ?

മിശ്ര വിവാഹിതരായ രണ്ടു പേരുടെ കഥ സത്യന്‍ മുന്‍പും പറഞ്ഞിട്ടുണ്ട് . സസ്നേഹം എന്ന ആ ചിത്രം ഇപ്പോളും കണ്ടു കൊണ്ടിരിക്കാവുന്നതാണ് . എന്നാല്‍ ഇതേ തീം കഥ തുടരുന്നു എന്നതില്‍ എത്തുമ്പോള്‍ സംഗതി വെറും കെട്ടി കാഴ്ച ആയി മാറുന്നു.യുക്തി ഭദ്രമായ തിരകഥ ഒരുക്കാന്‍ പ്രിയപ്പെട്ട സത്യന്‍ അന്തികാട് , നിങ്ങള്ക്ക് കഴിയില്ല . ഈ സത്യം നിങ്ങള്‍ മനസിലാക്കുമ്പോള്‍ ഞങ്ങള്‍ , മലയാള പ്രേക്ഷകര്‍ക്ക്‌ ഒരു പക്ഷെ കുറച്ചു നല്ല ചിത്രങ്ങള്‍ കിട്ടിയേക്കും.താങ്കള്‍ സ്വന്തമായി തിരകഥ രചിച്ച ചിത്രങ്ങള്‍ എല്ലാം ഗ്രഹലക്ഷ്മി, വനിതാ നിലവാരത്തില്‍ ഉള്ളതാണെന്ന് പറഞ്ഞാല്‍ അതൊരു സത്യം മാത്രം ആണ്.

അടങ്ങെടെ നിനകെന്താ പിടിക്കാതെ അത് പറ.

അണ്ണന്‍ തന്നെ ചോദിച്ചല്ലോ ഇതു സീരിയല്‍ കഥയാണോ എന്ന് . അതിനു പോലും കുറച്ചു ലോജിക് വേണ്ടേ . ഭര്‍ത്താവു മരിച്ചു പോയ, ബന്ധുക്കള്‍ ഇല്ലാത്ത, നഗരത്തില്‍ ജീവിക്കുന്ന ,വിദ്യാഭ്യാസം ഉള്ള ഒരു സ്ത്രീ ആദ്യം ശ്രമിക്കാവുന്നത് ഒരു ജോലി കിട്ടാനല്ലേ? ചെല്ലുന്നിടത്തെല്ലാം അവരോടു ജോലി വേണമെങ്ങില്‍ അവിഹിത ബന്ധം നടത്തണം എന്ന് ആവശ്യപ്പെടുന്നു എങ്കില്‍ (അങ്ങനെ ഒരു സംഭവം കാണിക്കുന്നുണ്ട്.പിന്നെ അവര്‍ ജോലിക്ക് ശ്രമിക്കുന്നുമില്ല) അവര്‍ക്കെന്തോ പ്രശ്നം ഉണ്ട് എന്നാണ് മന്സിലകേണ്ടത് .

ഈ കാലഘടത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീ പെട്ടന്ന് വിധവ ആയാല്‍,ജീവിക്കാന്‍ വേറെ വഴി ഇല്ലെങ്കില്‍ ഒന്ന് കണ്ടു പിടിക്കാന്‍ നോക്കുമോ അതോ മകളെയും കൊണ്ട് പാര്‍ക്കിലും റെയില്‍വേ പ്ലാറ്റ്ഫോംലും കഴിയുമോ?(അതും ഒരു ടെന്‍ഷന്‍ഉം ഇല്ലാതെ).

തന്നെ കല്യാണം കഴിച്ചത് കൊണ്ട് ഭാര്യക്ക്‌ ഒരു കുറവും വരരുത് എന്ന് നിര്‍ബന്ധം ഉള്ള നല്ലവനായ ഭര്‍ത്താവു,ഭാര്യയുടെ (പഠിക്കാന്‍ മിടുക്കി അയ) ഒരു മൂന്ന് നാല് മാസം കുടി കഴിഞ്ഞാല്‍ തീരുന്ന മെഡിസിന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാന്‍ പ്രേരിപ്പികാത്തത് എന്ത് കൊണ്ടാണാവോ?

നിങ്ങള്‍ ഒരു സ്ത്രീ ആണെങ്കില്‍,ദിവസവും പത്രം വായിക്കുന്ന ആളും ആണെങ്കില്‍,ഒരു പരിചയവും ഇല്ലാത്ത ഒരു ഓട്ടോ റിക്ഷ ഡ്രൈവര്‍ വിളിക്കുമ്പോള്‍ അയാളുടെ കൂടെ ഒരു കോളനിലേക് പോകുമോ? (പിന്നെ ആദ്യമേ സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ചതു കൊണ്ട് നന്മ മാത്രം നിറഞ്ഞ ഒരു കോളനി ലേക്കാണ് താന്‍ പോകുനതെന്ന് വിദ്യക്ക് അറിയാമായിരിക്കും!!)

മതിയെടെ.

തീര്‍ന്നില്ല ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരു നൂറു കുറ്റം പറയാം ഈ പടത്തില്‍. പിന്നെ അഭിനയം . അത് നടീ നടന്‍മാര്‍ അവര്‍ക്ക് പറ്റുന്നത് പോലെ ഒക്കെ ചെയ്തിട്ടുണ്ട്. സത്യന്റെ സ്ഥിരം നായികാ മീര ജാസ്മിന്‍ ഇല്ല എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം .മമത തെറ്റില്ലാതെ തന്റെ വേഷം ചെയ്തിടുണ്ട്.ജയറാം തന്റെ സ്ഥിരം ശൈലിയില്‍ തന്നെ.പാട്ടുകള്‍ ഭാഗ്യ ദേവതയുടെ അത്ര നന്നായില്ല എന്നാണ് തോന്നിയത്.

അപ്പോള്‍ ഇതു കാണാന്‍ പോകുന്നവരോട് ........

എന്ത് പറയാന്‍? അവരുടെ ഒക്കെ തലയില്‍ എഴുത്ത് . എനിക്ക് പറയാന്‍ ശ്രീ സത്യന്‍ അന്തികാടിനോട് മാത്രമേ ഉള്ളു . സര്‍,താങ്കള്‍ക്ക് ഇനിയും സമയം ഉണ്ട് .നല്ല ഒരു തിരകഥ കൃത്തിനെ കണ്ടു പിടിച്ചു ഒരു നല്ല സത്യന്‍ ചിത്രവുമായി വരിക .അതല്ല മൂക്കില്ലാത്ത ഈ മലയാള സിനിമ രാജ്യത്തു ഒരു മുറി മൂക്കന്‍ രാജാവായി തുടരാന്‍ ആണ് ഭാവമെങ്ങില്‍. .... മലയാള സിനിമയുടെ മറ്റൊരു ഗതികേടായി മാറാന്‍ താങ്കള്‍ക്ക് അധിക നേരം വേണ്ടി വരില്ല