Thursday, September 29, 2011

സ്നേഹവീട്

അനിയാ ഒന്ന് നിന്നേ ...?

അയ്യോ ഇതാര് അണ്ണനോ.കണ്ടിട്ട് മനസിലായില്ലല്ലോ.ഇതെന്തോന്ന് ജുബ്ബ,കണ്ണാടി, സഞ്ചി ഇയാള്‍ ആരു സര്‍വകലാശാലയിലെ മണിയന്‍ പിള്ള രാജുവോ ?

അനിയാ അവസാനം എനിക്ക് മനസിലായി ഈ ബൂലോകത്ത് ജീവിക്കണമെങ്കില്‍ ബുദ്ധിജീവി ആയാല്‍ മാത്രമേ പറ്റു എന്ന് . അത് കൊണ്ട് എന്ന് മുതല്‍ ഒരു ബുദ്ധിജീവി ആയിട്ടെ എന്നിക്ക് വിശ്രമം ഉള്ളു. ശ്രീ മോഹന്‍ലാലിന്‍റെ അടിവസ്ത്രങ്ങള്‍ അദേഹത്തിന്റെ സിനിമകളുടെ ചൂണ്ടു പലകകള്‍ അഥവാ വിഭാഗ ബിംബങ്ങള്‍ (അതാണ് ഈ ബുദ്ധി ജീവികളുടെ ഒരു വാക്ക്) ആകുന്നത്‌ എങ്ങനെ എന്നൊരു പഠനത്തില്‍ ആണ് ഇപ്പോള്‍

ഛീ അണ്ണന്‍ എന്താ ഇങ്ങനെ വൃത്തികെട് പറയുന്നേ.

അനിയാ സംഗതി സത്യമാ. ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അദേഹം മുണ്ടിനകത്തു ധരിക്കുന്ന നിക്കര്‍ (വരയുള്ളതായാല്‍ തികഞ്ഞു) പുറത്തു കാണത്തക്ക രീതിയില്‍ കൈലിയോ,മുണ്ടോ മടക്കി കുത്തി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റുകളില്‍ കാണിച്ചിരിക്കുന്നത് എന്നിരിക്കട്ടെ.കാണികളായ നമ്മളോട് അദേഹം പറയാന്‍ ശ്രമിക്കുന്നത് ഇതു നരസിംഹം മോഡല്‍ ചിത്രമാണ് അത് കാണാന്‍ (സഹിക്കാന്‍ എന്ന് പറഞ്ഞാല്‍ ഞ്ഞാന്‍ ദിലീപ്/പ്രിത്വിരാജ് ഫാനാകും) തയ്യാറാകാന്‍ ആണ് ആ പടത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.എന്നാല്‍ പോസ്റ്ററില്‍ മോഹന്‍ലാല്‍ ഷര്‍ട്ടിന്‍റെ രണ്ടു ബട്ടണ്‍ തുറന്നിടുകയും അതിനകത്ത് കൂടി അദേഹം ധരിച്ചിരിക്കുന്ന ബനിയന്‍ ദൃശ്യം ആകുകയും ചെയ്യുന്നു എങ്കില്‍ ഉറപ്പിച്ചു കൊള്ളൂ സംഗതി കുടുംബ ചിത്രമാണ് എന്ന്.നിക്കറിനെ വന്നു വന്നു ജനത്തിന് ഭയങ്കര പേടിയായതിനാല്‍ അത് കണ്ടാല്‍ മിണ്ടാതിരിക്കയാണ് ബുദ്ധി.പക്ഷെ ബനിയന്‍ കണ്ടാല്‍ വിടരുത് കുസൃതിക്കാരനായ (?) പഴയ ലാലേട്ടനെ ദാണ്ടേ കളഞ്ഞു കിട്ടിയേ എന്ന് എന്നാര്‍ത്തു വിളിക്കുക എന്നതാണ് നമ്മുടെ കടമ .നമ്മുക്ക് നഷ്ട്ടമായി കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെ ....... ആ ഒരു ലൈന്‍. മനസ്സിലായോ ?

മനസിലായി അണ്ണന്‍ സ്നേഹ വീട് കണ്ടു അല്ലെ? അപ്പോള്‍ പിന്നെ നാട്ടിന്‍പുറത്തെ നന്മകളുമായി എന്ന് കൂടി പറയാമായിരുന്നു.സത്യന്‍ അന്തിക്കാടല്ലിയോ സംവിധാനം?

അനിയാ ചൈന ടൌണ്‍ എന്ന പരിപൂര്‍ണ വിനോദചിത്രത്തിന് ശേഷം പെരുമ്പാവൂര്‍ സാര്‍ വീണ്ടും നിര്‍മ്മിച്ച്‌ നമ്മെ ധന്യര്‍ ആക്കുന്ന ചിത്രമാണ് സ്നേഹവീട്.ഇന്നത്തെ ചിന്താവിഷയം എന്ന മുഴുനീള ഉപദേശ ചിത്രത്തിന് ശേഷം കുടുംബ ചിത്രങ്ങളുടെ സ്ഥിരം സംവിധായകന്‍ സത്യന്‍ അന്തിക്കാടും ലാലും ഒരുമിക്കുന്ന ചിത്രം എന്നൊരു ദുഷ്പേരും ഈ ചിത്രത്തിനുണ്ട്. സംഗീതം ഇളയ രാജാ.അഭിനയിക്കുന്നവര്‍ മോഹന്‍ലാല്‍,ഷീല,പദ്മപ്രിയ,ചെമ്പില്‍ അശോകന്‍,ശശി കലിംഗ,ഇന്നസെന്‍റ്,കെ പി എസ് സി ലളിത , ബിജു മേനോന്‍,ലെന അങ്ങനെ പോകുന്നു താര നിര

അതൊക്കെ ഇരിക്കട്ടെ അണ്ണന്‍ കഥയെ പറ്റി ഒന്ന് പറയാമോ ?

അമ്മുകുട്ടിയമ്മ (ഷീല) എന്ന അമ്മയും അവരുടെ അജയന്‍ (മോഹന്‍ലാല്‍) ആണ് ഈ ചിത്രത്തിലെ പ്രധാന കഥാ പാത്രങ്ങള്‍.ചെന്നയിലും , മുബയിലും ഒക്കെ പണിയെടുത്തു അവിടെ നിന്ന് ഗള്‍ഫിലെത്തി അവിടെ നിന്നും കാശുകാരനായി മടങ്ങി , നാട്ടില്‍ കുറെ നെല്‍പ്പാടങ്ങള്‍,കമുക്,ചക്ക,വാഴ തുടങ്ങിയ കൃഷി ഒക്കെ നടത്തി (ചെയിച്ചു) സുഖിമാനായി ജീവിക്കുകയാണ് അജയന്‍.(ഇതൊക്കെ ചെയ്യുന്നവന് ഇന്നത്തെ കേരളത്തില്‍ ഇങ്ങനെ ജീവിക്കാന്‍ പറ്റുമോ എന്നാ ചോദ്യം കണ്ടിട്ടാകണം ഇരുമ്പ് പണിയായുധങ്ങള്‍ ഉണ്ടാക്കുന്ന ഒരു ചെറിയ യുണിറ്റ് വാങ്ങുന്നതായി കാണിക്കുന്നുണ്ട് (സത്യന്‍റെ ഒരു ബുദ്ധിയെ !!)) അയല്‍ക്കാര്‍ ചെത്തുകാരന്‍ ചെമ്പില്‍ അശോകനും ഭാര്യയും മകള്‍ പദ്മപ്രിയയും .കൊച്ചു പ്ലസ്‌ ടു കഴിഞ്ഞു മുഖത്ത് ഒരു കുട്ട പവ്ഡറും ഇട്ടു കുടുംബ ശ്രീ യുണിട്ടില്‍ സോപ്പ് ഉണ്ടാക്കുന്നു ( അല്ലാത്തപ്പോള്‍ പവ്ഡര്‍ കുറവാണു). ലാലേട്ടനെ വേണേല്‍ പ്രേമിക്കാം എന്നൊരു ലൈന്‍ . ഈ മൂക പ്രണയമേ ....അത് തന്നെ .മറ്റൊരു അയല്‍ക്കാരന്‍ കരിം കണ്ണന്‍ മത്തായി (ഇന്നസെന്‍റ്).മകള് (ലെന) അന്യജാതികാരന്‍ പോലീസ്കാരനോട് (ബിജു മേനോന്‍) ഒത്തു ഒളിച്ചോടി പോയതിന്‍റെ വിഷമം ഉള്ളിലൊതുക്കി ജീവിക്കുന്നു. പിന്നെ ബ്ലെസിയുടെ പ്രണയത്തിന്റെ കാര്യം പറഞ്ഞത് പോലെ ഈ സിനിമയില്‍ എല്ലാവര്ക്കും എല്ലാരോടും സ്നേഹമാണ് .അത് പിന്നെ ചിത്രം തന്നെ സ്നേഹ വിരുന്നാണല്ലോ!!!.(വല്ലതും പറഞ്ഞു പോയാല്‍ നീ നാട്ടിന്‍ പുറത്തു പോയി നോക്കെടാ അവിടെ സ്നേഹം ഇങ്ങനെ പതഞ്ഞു ഒഴുകുന്നത്‌ കാണാം എന്ന് പറയും)

ശരി ശരി കഥയെ പറ്റി എന്തെങ്കിലും .....

ഇങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ആ സ്നേഹ വീട്ടിലേക്കു കുറച്ചു കൂടി സ്നേഹവുമായി ഒരു പയ്യന്‍ കാര്‍ത്തിക് (രാഹുല്‍ പിള്ള) വരുന്നു.താന്‍ അജയന്റെ മകന്‍ ആണെന്ന് അവകാശപ്പെട്ടാണ് പയ്യന്‍ വരുന്നത്.തെളിവായി അജയന്‍റെ ചെറുപ്പകാലത്തെ ഫോട്ടോ പയ്യന്റെ കൈയിലുണ്ട്.അജയന്‍ കുറ്റം നിഷേധിക്കുന്നു.എങ്കിലും പയ്യനും തന്‍റെ മകനെ പോലെ ഇഡടലിയുടെ കൂടെ സാംബാര്‍ ആണ് ഇഷ്ട്ടം എന്നാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കുന്ന അമ്മുകുട്ടിയമ്മ പയ്യനെ കൊച്ചു മകനായി സ്വീകരിക്കുന്നു.ആരോപണങ്ങള്‍ കേട്ട് മടുത്തു അജയന്‍ ഏതാണ്ട് ചിത്രം തീരാന്‍ കുറച്ചു സമയം കൂടെ ബാക്കിയുള്ളപ്പോള്‍ പയ്യന്‍റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ചെന്നയ്ക്ക് തിരിക്കുന്നു (അത് വരെ കാണികള്‍ക്ക് സ്നേഹം പല രൂപത്തില്‍ ഒഴുകുന്നത്‌ കാണാം ) അവിടെ ചെന്ന് പഴയ സുഹൃത്തായ സെയ്ത് അലവിയെ (മമ്മുക്കോയ) കാണുമ്പോളാണ് ഈ പയ്യനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍ അറിയുന്നത്.ഈ പയ്യന്‍റെ അമ്മ ഒരു എക്സ്ട്രാ നടി ആയിരുന്നു.കാര്‍ത്തിയുടെ അച്ഛന്‍ ആരെന്നു ആരോടും അവര്‍ പറഞ്ഞിട്ടില്ല . ഒറ്റയ്ക്ക് മകനെ വളര്‍ത്തിയ അവര്‍ ഒരു ദിവസം ഷൂട്ടിംഗ്ഗിനിടയില്‍ അപകടത്തില്‍ പെട്ട് മരിച്ചു.അരുമില്ലതായ കാര്‍ത്തി ആത്മഹത്യക്ക് തുനിഞ്ഞപ്പോള്‍ സെതലവി പയ്യനെ സമാധാനിപ്പിക്കാനായി ഇയാളാണ് നിന്‍റെ അച്ഛന്‍ എന്ന് പറഞ്ഞു അജയന്‍റെ പഴയ ഫോട്ടോയും സ്ഥലവും പറഞ്ഞു വിടുകയായിരുന്നു (സ്ഥലം പറഞ്ഞു എന്ന് പറയുന്നില്ല . അല്ലാതെ ഒരു പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ white ഫോട്ടോയും പിടിച്ചു കേരളം അങ്ങോളം ഇങ്ങോളം അന്വേഷിച്ചാണ് പയ്യന്‍ ഇവിടെ എത്തിയത് എന്നാണോ ഉദേശിക്കുന്നത് എന്നറിയില്ല. എന്തായാലും നല്ല ബെസ്റ്റ് സുഹൃത്ത്‌ !!! എന്തായാലും സത്യന്‍റെ അയല്‍പക്കത്ത്‌ ഒന്നും ആരും അനാഥന്‍ ആയതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാന്‍ ഇടയകാതിരിക്കട്ടെ ഇടയാല്‍ തന്നെ ശ്രീ സത്യന്‍ ആ വിവരം അറിയാതിരിക്കട്ടെ എന്നൊരു പ്രാര്‍ഥന മാത്രമേ എനിക്കുള്ളൂ !!! ) സത്യങ്ങള്‍ എല്ലാം അറിയുന്ന അജയന്‍ സെയ്തു അലവിയെയും കൂട്ടി നാട്ടില്‍ എത്തുകയും ക്ലൈമാക്സില്‍ ഇയാള്‍ പറഞ്ഞപ്പോളാണ് എനിക്ക് എല്ലാ സത്യവും മനസിലായത് വരൂ മകനെ എന്ന് പറഞ്ഞു പയ്യനെ മകനായി സ്വീകരിച്ചു അമ്മയും മകനും കൊച്ചു മകനും സ്നേഹവീടിന്‍റെ ഉമ്മറത്ത്‌ വന്നിരുന്നു ഗിത്താര്‍ വായിച്ചു ഗാനമേള നടത്തുന്നതോടെ ചിത്രം അവസാനിക്കുന്നു . ഡേ..... ഡേ എണീക്കെടെ.

സോറി അണ്ണാ. അപ്പോള്‍ നമ്മള്‍ എവിടെ ആയിരുന്നു? നാട്ടിന്‍ പുറം, കൃഷി , സ്നേഹം,പയ്യന്‍,....

അനിയാ,നിന്നെ ഞാന്‍ കുറ്റം പറയില്ല.കടുത്ത ആരാധകര്‍ക്ക് പോലും ഈ സംഗതി താങ്ങാന്‍ പാടാണ്.ഈ പാവം കൊച്ചു നിത്യ മേനോനെ ഒക്കെ വിലക്കുന്നതിനു പകരം അമ്മയോ,അച്ഛനോ,മക്ടയോ,ഉണ്ടയോ,ആരെങ്കിലും ഈ സത്യന്‍ അന്തിക്കാടിനെ തിരകഥ എഴുതുന്നതില്‍ നിന്നും ഒന്ന് വിലക്കിയിരുന്നെകില്‍ മലയാള സിനിമ അത്രയെങ്കിലും രക്ഷപ്പെട്ടേനെ.

അത്രക്ക് മോശമാണോ അണ്ണാ ?

നീ പോയി നേരില്‍ കണ്ടു നോക്ക്.എടേ തമിഴ്നാട്ടില്‍ ജീവിച്ചു പഠിച്ചു വളര്‍ന്നു പയ്യന്‍ . അവന്‍ പാടുന്ന പട്ടു കേള്‍ക്കണം . ജനനീ , ജന്മഭൂമീ എന്നാ ലൈനിലാണ് പാട്ട് പോകുന്നത്.പിന്നെ പടം സത്യന്‍ അന്തികാടിന്റെ ആയതു കൊണ്ടും നാട്ടിന്‍ പുറം ആയതു കൊണ്ടും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു നാനോ ആണ് ഓടിക്കുന്നത്. നനോക്കാര്‍ക്ക് ഈ രംഗം പരസ്യത്തിനു ഉപയോഗിക്കാവുന്നതാണ്.(ഒരു രംഗത്ത് പോലും ശ്രീ ലാല്‍ ആ കാറില്‍ കയറുന്നതോ ഇറങ്ങുന്നതോ ആയി കാണിക്കുന്നില്ല എന്നത് ഇനി കാണുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്).പിന്നെ ഇന്നത്തെ ചിന്ത വിഷയം എന്നാ ചിത്രത്തിലൂടെ പറയുന്ന ഒരു സത്യന്‍ വക ലോക തത്വം വീണ്ടും ഒരിക്കല്‍ കൂടി ഈ ചിത്രത്തില്‍ ആവര്‍ത്തിക്കുന്നു .(നിങ്ങളുടെ തലയില്‍ തേങ്ങ വീഴുകയോ പമ്പ് കടിക്കുകയോ മറ്റോ ചെയ്താലേ നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടായ ഒരു പ്രശനം തീരു :പറഞ്ഞത് ഞാനല്ല ചിന്താ വിഷയം കണ്ടു ജയകൃഷ്ണന്‍ എഴുതിയതാണ് ).ഇവിടെ ബിജു മേനോനും ആയുള്ള മത്തായിയുടെ പ്രശ്നം തീര്‍ക്കാന്‍ ബിജു മേനോന്‍ -ലെന ദമ്പതികളുടെ കുട്ടികളെ സ്കൂള്‍ ബസ്‌ മറിഞ്ഞു ആശുപത്രിയില്‍ ആക്കുന്നുണ്ട്‌.

ഇടവേളക്കു തൊട്ടു മുന്‍പ് വരെ കാര്‍ത്തി എന്ന പയ്യനോട് തികഞ്ഞ വെറുപ്പ്‌ പ്രകടിപ്പിക്കുന്ന പദ്മപ്രിയ , ഇടവേള കൊണ്ട് നിര്‍ത്തുന്ന സമയത്ത് അജയന്‍റെ ജീപ്പില്‍ കയറി ഹൈറേഞ്ചിലുള്ള കൃഷി സ്ഥലത്തേക്ക് പോകുന്ന കര്‍ത്തിയെ കണ്ടു സന്തോഷവതിയായി ടാറ്റാ പറയുന്നതൊക്കെ എന്തിനാണാവോ ? ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരു നൂറു പാളിച്ചകള്‍ ഈ അനുഭവ സമ്പന്നനായ സംവിധായകന്‍ പടച്ചു വിട്ട സൃഷ്ടിയില്‍ കാണാം.ഇങ്ങേര്‍ക്ക് തിരകഥക്കുള്ള സംസ്ഥാന അവാര്‍ഡ്‌ ഏതോ വര്ഷം കൊടുത്തപ്പോള്‍ തന്നെ എനിക്ക് തോന്നിയതാ ഇങ്ങേര്‍ ഇനി ഈ പണി സ്ഥിരമാക്കും എന്ന്.നമുക്കൊക്കെ ഇത്രയും കിട്ടിയാല്‍ പോരെടെ .

അത് സത്യം തന്നെ . അതിരിക്കട്ടെ അഭിനയം .. അതല്ലേ നമുക്ക് അറിയേണ്ടത് ?

അനിയാ ഈ നടി മീര ജാസ്മിന്‍ സത്യന്‍ ചിത്രങ്ങളില്‍ നിന്ന് പോയി തുടങ്ങിയപ്പോള്‍ സത്യത്തില്‍ എന്നിക്കൊരു ആശ്വാസം തോന്നിതുടങ്ങിയതായിരുന്നു . അച്ചുവിന്റെ അമ്മ ഒഴികെയുള്ള എല്ലാ സത്യന്‍ ചിത്രങ്ങളിലും അവരെ സഹിക്കാന്‍ എന്നിക്ക് പാടായിരുന്നു . പക്ഷെ പറഞ്ഞിട്ടെന്താ പിടിച്ചതിലും വലുതാ അളയില്‍ ഇരിക്കുന്നത് എന്ന അവസ്ഥയിലാണ് ഈ ചിത്രത്തിലെ ഷീലയുടെ അഭിനയം. പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളിലെ "കൊച്ചു മുതലാളി ളി ളി ളി .........ളി " ലൈന്‍ അഭിനയം ആണ് ഇപ്പോളും ആ നടി കാഴ്ച വൈക്കുന്നത് എന്നാണ് എന്നിക്ക് തോന്നിയിട്ടുള്ളത് . പിന്നെ ഉള്ളത് മഹാ നടനായ ലാലേട്ടന്‍.ദോഷം പറയരുതല്ലോ അദ്ദേഹം ഈ ചിത്രത്തില്‍ ഒന്ന് അഭിനയിക്കാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട് .നല്ല കാലത്ത് അനായാസമായി ചെയ്തിരുന്ന സംഗതികള്‍ ഇന്നു പരമാവധി ശ്രമിച്ചിട്ട് പോലും നടക്കുന്നില്ല എന്നത് തികച്ചും ദുഖകരമാണ്. പൊതുവേ എല്ലാ ചിത്രങ്ങളിലും തടിയനായി തോന്നിക്കുന്ന ബിജു മേനോന്‍ ഈ ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ വലിയ തടി തോന്നിക്കുന്നില്ല എന്നത് വേറൊരു സത്യം.ബാക്കി ആര്‍ക്കും പ്രത്യേകിച്ച് പുതിയതായി ഒന്നും ചെയ്യാനില്ല കാരണം മിക്ക സന്ദര്ഭാഗലും പല സത്യന്‍ ചിത്രങ്ങളും നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ളത് തന്നെയാണ്.

ഈ ചിത്രം കണ്ടു കൊണ്ടിരുന്നപ്പോള്‍ ഏറ്റവും സഹതാപം തോന്നിയത് തീയറ്റെറില്‍ ഉണ്ടായിരുന്ന ശ്രീ മോഹന്‍ലാല്‍ ആരാധകര്‍ എന്നു തോന്നിപ്പിക്കുന്ന കുറെ ആള്‍ക്കാരോടാണ്. ലാലേട്ടന്‍ കുട്ടുകാരോട് വെടി പറയുമ്പോള്‍ പഴയ പട്ടാളക്കാര്‍ പറയുന്ന പോലെ തന്‍റെ സ്ത്രീ സംബന്ധമായ സാഹസങ്ങള്‍ വിവരിക്കുമ്പോള്‍ അതായിത് ഞാന്‍ ഇഷ്ട്ടം പോലെ സ്ത്രീകളെ അനുഭവിച്ചിട്ടുണ്ട് എന്നര്‍ഥം വരുന്ന ഡയലോഗുകള്‍ അടിക്കു ബോള്‍ ഈ സംഘം തകര്‍ത്തു കൈയടിക്കുന്നത് അവരുടെ ഗതികെടാനെന്നു ഞാന്‍ വിശ്വസിക്കുന്നു

അപ്പോള്‍ ചുരുക്കത്തില്‍ ....

സത്യന്‍ അന്തിക്കാട്‌ തോണ്ണൂര്കള്‍ക്ക് ശേഷം എടുത്ത ഏറ്റവും മോശം ചിത്രം എന്നു ഇതിനെ നിസംശയം പറയാം എന്നു ഞാന്‍ കരുതുന്നു . ഈ ചിത്രം ഇങ്ങനെ ആക്കിയതിന്റെ ഒന്നാം പ്രതി തീര്‍ച്ചയായും ഒരു വികല സൃഷ്ടിയും ആയി എത്തിയ ശ്രീ സത്യന്‍ തന്നെയാണ്.നന്ദിയുണ്ട് മാഷെ ഒരായിരം നന്ദി .മലയാളികള്‍ക്ക് കുറെ നല്ല സിനിമകള്‍ തന്ന ഒരു പഴയ നല്ല നടന്‍റെ പുക മുഴുവന്‍ കണ്ടേ നിര്‍ത്താവൂ.അല്ലെങ്കില്‍ തന്നെ അദ്ദേഹത്തിന് സ്വയം ഇല്ലാത്ത ആത്മാര്‍ത്ഥത വേറെ ആര്‍ക്കു ഉണ്ടായിട്ടു എന്ത് കാര്യം ?

26 comments:

  1. ഒരേ യാത്രക്കാരെയും കൊണ്ട് സ്ഥിരം ഒരേ റൂട്ടില്‍ ഓടുന്ന ബസ്സാണ് ഇപ്പോള്‍ സത്യന്റെ സിനിമ, ആ യാത്രക്കിടയില്‍ അല്ല്പം നാടന്‍ കാഴ്ചകള്‍ കാണാം എന്നല്ലാതെ വേറെ പ്രത്യേകതയൊന്നുമില്ല, പക്ഷെ, ഇതേ റൂട്ടില്‍ ഇനിയും വണ്ടി വിട്ടുകൊണ്ടിരുന്നാല്‍ കയറുവാന്‍ ആളുണ്ടാവില്ല എന്ന് 'സ്നേഹവീട്' സ്റ്റാന്‍ഡില്‍ പിടിക്കുമ്പോഴെങ്കിലും സത്യന്‍ അന്തിക്കാടിന്‌ മനസിലാവുമെന്ന് കരുതാം.

    റിവ്യൂ എഴുതുമ്പോള്‍ പടത്തിന്റെ കഥയുടെ ഒരു രത്നച്ചുരുക്കം ആകാം, ചില പ്രധാന സീനുകളുമാവാം. പക്ഷെ ക്ലൈമാക്സ് പറയരുത്. കാരണം പടം കാണാത്തവര്‍ അനേകം പേരുണ്ടാകും

    ReplyDelete
  2. സത്യം ! അന്തിക്കാട്!

    ReplyDelete
  3. മലയാളികള്‍ക്ക് കുറെ നല്ല സിനിമകള്‍ തന്ന ഒരു പഴയ നല്ല നടന്‍റെ പുക മുഴുവന്‍ കണ്ടേ നിര്‍ത്താവൂ.... ഇത് കലക്കി ...
    സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയ ചില സംശയങ്ങള്‍ തന്നെയാണ് തങ്ങളും ഇവിടെ എഴുതിയിരിക്കുന്നത്..

    പിന്നെ നാനോ കാറില്‍ ലാലേട്ടന്‍ പല തവണ കയറുന്നുണ്ട്.. അമ്മയുടെ കൂടെ ഗുരുവായൂര്‍ക്ക് പോവുന്നതും, പയ്യനേം കയറ്റി ഹോസ്പിറ്റലില്‍ പോവുന്നതും നാനോ കാറിലാണ് എന്നാണ് എന്റെ ഓര്മ..സത്യന്‍ അന്തിക്കാട്‌ തിരക്കഥ എഴുതുന്നത്‌ മാത്രമല്ല , ഇളയ രാജയേം കൂടി ഉപെഷിക്കണം...
    ഒരു കാര്യം പറയാണ്ട് വയ്യ ... ഈ സിനിമ എടുത്തിരിക്കുന്ന സ്ഥലങ്ങള്‍ കിടിലം...

    ReplyDelete
  4. സാദിക്ക് ,ഈ ചിത്രത്തിലെ ഏറ്റവും മോശം ഘടകം ഇതിന്റെ കഥയും ക്ലൈമാക്സുംഉം ആണ്. അത് കൊണ്ടാണ് അത് വിശദീകരിക്കുന്നത്. അപൂര്‍വ രാഗം എന്ന പോലെ കഥ പറഞ്ഞാല്‍ ചിത്രം കാണാന്‍ ഒരു രസവും ഇല്ലാതാക്കുന്ന ചിത്രങ്ങളുടെ കഥ പറഞ്ഞിട്ടില്ല എന്നോര്‍ക്കുമല്ലോ.

    പിന്നെ നാനോ കാര്‍ ,ലാലേട്ടന്‍ കാറില്‍ കയറാന്‍ ഡോര്‍ തുറന്ന് പിടിച്ച് നില്‍ക്കുന്ന രംഗങ്ങള്‍ ,പിന്നെ ഓടിച്ചു പോകുന്നതിന്റെ ഷോട്ടുകള്‍ ഇതൊക്കെ ചിത്രത്തില്‍ ഉണ്ട്.പക്ഷെ അകത്തേക്ക് കയറുന്നതും ,ഇറങ്ങുന്നതുമായ ഒരു സീന്‍ പോലും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ , സത്യമായിട്ടും പടം കണ്ടിറങ്ങുന്ന വഴി ഞാന്‍ നാനോ ബുക്ക്‌ ചെയ്തേനെ

    ReplyDelete
  5. "പക്ഷെ അകത്തേക്ക് കയറുന്നതും ,ഇറങ്ങുന്നതുമായ ഒരു സീന്‍ പോലും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ , സത്യമായിട്ടും പടം കണ്ടിറങ്ങുന്ന വഴി ഞാന്‍ നാനോ ബുക്ക്‌ ചെയ്തേനെ"
    ഈ പറഞ്ഞത് ഒത്തിരി ഇഷട്ടായിട്ടാ....

    ഞാനും ശ്രദ്ധിച്ചു വണ്ടിയില്‍ കയറുന്നാതായിട്ടു ഒരു സീന്‍ ചിത്രത്തില്‍ ഇല്ല എന്ന് തന്നെയാണ് എന്റെ ഓര്മ

    ReplyDelete
  6. അല്ല നിനക്കെന്തിന്റെ കുഴപ്പമാ .മോഹന്‍ലാല്‍ നാനോയില്‍ കയറിയലെ നിനക്കിഷ്ടപ്പെടു.ബുള്ളറ്റില്‍ കയറുന്നുണ്ട് .അത് നീ കണ്ടില്ലേ .നിനക്കൊരു വിചാരമുണ്ട് നീ ഭയങ്കര ബ്ലോഗ്ഗര്‍ ആണെന്ന് .എനിക്ക് തോന്നുന്നത് ഇതില്‍ അനോണിയായി കമന്റിടുന്നത് നീ തന്നെ ആയിരിക്കും .ഈ കമന്റ്‌ നീ പബ്ലിഷ് ചെയ്യില്ലായിരിക്കും .എന്നാലും പറയുകയാ നീ ഒരുപാടു ചീപ്പാകുന്നു .നിനക്കോ അഭിനയിക്കാന്‍ കഴിവില്ല .എന്നാലും ഒരു വിധം തെറ്റില്ലാത്ത പടം കണ്ടാലും നീ വെറുതെ വിടില്ല .

    ReplyDelete
  7. ഇനിയെത്ര പടം കൂടി പ്രേക്ഷകര്‍ സഹിക്കേണ്ടി വരുമോ ആവോ ? എന്തായാലും വിരലില്‍ എണ്ണാന്‍ മാത്രം പടങ്ങളേ ഇനി സഹിക്കേണ്ടി വരൂ ..അതിനു മുന്‍പ് വണ്ടി സ്റ്റാന്റില്‍ കേറിയാല്‍ മലയാളികളുടെ ഭാഗ്യം !!!

    ReplyDelete
  8. “”എങ്കിലും പയ്യനും തന്‍റെ മകനെ പോലെ ഇഡടലിയുടെ കൂടെ സാംബാര്‍ ആണ് ഇഷ്ട്ടം എന്നാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കുന്ന അമ്മുകുട്ടിയമ്മ പയ്യനെ കൊച്ചു മകനായി സ്വീകരിക്കുന്നു.“”

    അഹ്ഹഹഹാഹഹ്!! അത് തകര്‍ത്തു. :) :)

    അസഹനീയമായ പടം.

    (എങ്കിലും ആ ക്ലൈമാക്സിനെ റിവ്യൂവില്‍ എടുത്തെഴുതിയത് ശരിയല്ല എന്ന് തന്നെ എന്റെ പക്ഷം. ക്ലൈമാക്സ് മോശമോ സസ്പെന്‍സ് ഇല്ലാത്തതോ ആകട്ടെ, ഒരു നിരൂപണത്തിന്റെ/ആസ്വാദനക്കുറിപ്പിന്റെ മിനിമ മര്യാദ, അതും സിനിമ റിലിസായ അടുത്ത ദിവസങ്ങളില്‍ അതിന്റെ മുഴുവന്‍ കഥയും വിവരിക്കാതിരിക്കുക എന്ന് തന്നെയാണ്.ഇനി അഥവാ വിവരിക്കുമെങ്കില്‍ ഒരു വാണിങ്ങ് ടൈറ്റില്‍ കൊടുത്തോ അക്ഷരങ്ങളെ നിറം കുറച്ചോ കൊടുക്കുന്നതല്ലേ ഉചിതം?)

    ReplyDelete
  9. ഈ സത്യന്‍ അന്തിക്കാടിനെ തിരകഥ എഴുതുന്നതില്‍ നിന്നും ഒന്ന് വിലക്കിയിരുന്നെകില്‍ മലയാള സിനിമ അത്രയെങ്കിലും രക്ഷപ്പെട്ടേനെ.

    പ്രേക്ഷകന് കൈ കൊടുത്തിരിക്കുന്നു അവനവനു പറ്റുന്ന പണിയെ ചെയ്യാവു കഥയെഴുത്ത് സത്യന് പറ്റിയ പണിയല്ല ഇതിങ്ങനെയേ വരൂ എന്ന് എനിക്ക് പണ്ടേ അറിയാം തന്റെ പഴയ പടങ്ങള്‍ ക്ഷീരബല ആവര്തിക്കുകയാണീ സം വിധായകന്‍ ഇതൊക്കെ കാണുമ്പോള്‍ പണ്ട് വിജയിച്ച പടങ്ങളുടെ ക്രെഡിറ്റ് ശ്രീനിവാസനും രഖു നാഥ് പലെരിക്കും ഒക്കെ അല്ലെ കൊടുക്കേണ്ടത് എന്നും സംശയിക്കുന്നു

    ReplyDelete
  10. തിരക്കഥയില്‍ നിന്നല്ല സിനിമയില്‍ നിന്നെ അന്തിക്കാടിനെ വിലക്കണം...

    ReplyDelete
  11. സത്യന്‍ അന്തിക്കാട്‌ നാളെത്തന്നെ പൊയി ഒരു ആക്ഷന്‍ സിനിമ ചെയ്യണം എന്നോ , അമല്‍ നീരദ്‌ മോഡല്‍ ചിത്രം ചെയ്യണം എന്നോന്നും ..അല്ല .ഏറ്റവും അവസാനമായി അദ്ദേഹത്തിന്റെ തിരക്കഥകള്‍ നന്നായി എഴുതിയ രഞ്ജന്‍ പ്രമൊദിനെ എങ്കിലും അറ്റ്‌ ലീസ്റ്റ് ഉപയോഗിക്കാമായിരുന്നു ..എന്തൊരു അസ്വാഭാവികതയാണ് ..ഇതിലെ സംഭാഷണങ്ങള്‍ക്ക് ..ഹോ സഹിക്കാന്‍ പ്രയാസം ..അമ്മയും മകനും ആണെന്ന് കാണിക്കാന്‍ ..അച്ഛനും മകനും ആണെന്ന് കാണിക്കാന്‍ നാട്ടിലെങ്ങും കാണാത്ത ഇത്തരം വര്‍ത്താനങ്ങള്‍ ചുമ്മാ അങ്ങ് കുത്തി ഇറക്കുന്ന പണി കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണുന്നു ..ഇദ്ദേഹം ഇതൊക്കെ എത്ര നന്നായാണ് തന്റെ പഴയ നല്ല ചിത്രങ്ങളില്‍ ചെയ്തിരിക്കുന്ന്നത് (അത് തിരക്കഥ വേറെ ഉള്ളവര്‍ ആയിരുന്നു എന്നത് വിസ്മരിക്കുന്നില്ല )..അപ്പൊ ചുരുക്കി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളുടെ മേന്മ ആ തിരക്കഥാകൃത്ത്‌ക്കളുടെ മാത്രം കഴിവ് ആയിരുന്നു എന്ന് അടിവരയ്യിടുന്നതാന് ഈ സിനിമ

    ReplyDelete
  12. "(ഒരു രംഗത്ത് പോലും ശ്രീ ലാല്‍ ആ കാറില്‍ കയറുന്നതോ ഇറങ്ങുന്നതോ ആയി കാണിക്കുന്നില്ല എന്നത് ഇനി കാണുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്)"

    തെറ്റ്. പശ്ചാത്തല സംഗീതം മാത്രമുള്ള ഒരു ഭാഗത്ത് മോഹന്‍ലാല്‍ കാറില്‍ കയറി ഇരിക്കുന്ന ഒരു സീനുണ്ട്.

    ReplyDelete
  13. ഇന്നലെ ഈ റിവ്യൂ കണ്ടിരുന്നേല്‍ രണ്ടര മണിക്കൂര്‍ പശുതിന്നു പോകില്ലായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. വാവിട്ട വാക്കും കണ്ട പടവും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ....

    ”എങ്കിലും പയ്യനും തന്‍റെ മകനെ പോലെ ഇഡടലിയുടെ കൂടെ സാംബാര്‍ ആണ് ഇഷ്ട്ടം എന്നാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കുന്ന അമ്മുകുട്ടിയമ്മ പയ്യനെ കൊച്ചു മകനായി സ്വീകരിക്കുന്നു.“

    :))
    പണ്ട് ഒരു പടത്തില്‍ തന്റെ കയ്യിലിരിക്കുന്ന മാലയുടെ പകുതി ജയന്റെ കയ്യില്‍ കണ്ടാണ്‌ ലവന്‍ തന്റെ അനിയനാനെന്നു നസീര്‍ മനസിലാക്കുന്നത്‌ എന്ന് കേട്ടിട്ടുണ്ട്. അതൊക്കെ എന്ത് ഫേദം.....

    ReplyDelete
  14. ഇതില്‍ കൂടുതലൊന്നും ഈ പടത്തിനെപ്പറ്റി പറയാനില്ല ..... കഷ്ടകാലത്തിനു ഇന്നലെ പടം കണ്ടു ......... ഭീകരം തന്നെ അണ്ണാ ഭീകരം .......

    "തന്റെ പടം നല്ലതാണേലും ചീത്ത ആണേലും പോയി കണ്ടു കളയാം എന്ന് ഒരു കൂട്ടം പ്രേക്ഷകര്‍ വിശ്വസിക്കുന്നു" എന്ന് സത്യന്‍ അണ്ണന്‍ കഴിഞ്ഞ ദിവസം ഒരു വാരികക്കായി മൊഴിഞ്ഞത് ഞാന്‍ വായിച്ചു .... അത് ഇനിയും ഉണ്ടാവണേല്‍ സത്യമായിട്ടും ആരും ഈ പടം കാണരുത് .... പടത്തിന്റെ ക്ലൈമാക്സ്‌ ഈ പോസ്റ്റില്‍ എഴുതിയത് ആ സത്കര്‍മത്തിനായിട്ടാനെന്നു ഞാന്‍ കരുതുന്നു .....

    സത്യന്‍ അണ്ണാ ... പെട്ടി പൂട്ടാന്‍ സമയമായി ... ഞങ്ങളെക്കൊണ്ട് തന്നെ പൂട്ടിക്കരുത് .......

    ഈ പടത്തില്‍ അന്തിക്കാട്‌ തരുന്ന ഉപദേശം : നിന്റെ ഒരു ഫോട്ടോ എടുത്താല്‍ അത് എല്ലാവരെയും കാണിച്ചിട്ട് കയ്യില്‍ തന്നെ വയ്ക്കുക .... സ്നേഹത്തിന്റെ പുറത്ത് ഒരു കോപ്പി കൊടുത്താല്‍ ഭാവിയില്‍ നിനക്കും ഒരു തന്തയാവേണ്ടി വന്നേക്കാം ....

    ReplyDelete
  15. ഹി ഹി
    ബസ്സിന് ഒരേ റൂട്ടിലോടാനല്ലേ പെര്‍മിറ്റുള്ളത് സാദ്ദിക്കേ... എന്നും ഒരേ റൂട്ടിലോടുന്നെന്ന് കരുതി നാളെ മറ്റൊരു റൂട്ടില്‍ ഓടിക്കാന്‍ പറ്റില്ലല്ലോ

    ഈ സത്യന്‍ അന്തിക്കാടിനെ തിരകഥ എഴുതുന്നതില്‍ നിന്നും ഒന്ന് വിലക്കിയിരുന്നെകില്‍ മലയാള സിനിമ അത്രയെങ്കിലും രക്ഷപ്പെട്ടേനെ.

    സത്യം അതാരെങ്കിലുമൊന്ന് ചെയ്തിരുന്നെങ്കില്‍

    ReplyDelete
  16. @HK ഈ പടത്തില്‍ അന്തിക്കാട്‌ തരുന്ന ഉപദേശം : നിന്റെ ഒരു ഫോട്ടോ എടുത്താല്‍ അത് എല്ലാവരെയും കാണിച്ചിട്ട് കയ്യില്‍ തന്നെ വയ്ക്കുക .... സ്നേഹത്തിന്റെ പുറത്ത് ഒരു കോപ്പി കൊടുത്താല്‍ ഭാവിയില്‍ നിനക്കും ഒരു തന്തയാവേണ്ടി വന്നേക്കാം ....

    കൊല....

    ReplyDelete
  17. ഇപ്രാവശ്യം സാമാന്യം തരക്കേടില്ലാതെ റിവ്യൂ എഴുതിയിരിക്കിന്നു .മോഹന്‍ ലാലിനെ മാക്സിമം താറടിക്കുക എന്നുള്ള നിങ്ങളുടെ ജീവിതാഭിലാശം സാമന്യം നന്നായി നിങ്ങള്‍ നിവര്‍ത്തിക്കുന്നുണ്ട് .സത്യന്‍ അന്തിക്കാടിന്റെ സമീപ കാലത്തിറങ്ങിയ ഏറ്റവും മോശം സിനിമ ഇതാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാവാന്‍ ഇടയില്ല .പക്ഷെ നിങ്ങള്‍ പറഞ്ഞ 1990 നു ശേഷം വന്ന ഏറ്റവും മോശം പടം ഇതാണെന്ന അഭിപ്രായത്തോടെ യോജിക്കാനാവുന്നില്ല . എന്നും നന്മകള്‍, കനല്‍കാറ്റ്,സ്നേഹ സാഗരം ,സമൂഹം ,സന്താനഗോപാലം...ഇതൊക്കെ അന്തിക്കാട് കാരന്റെ സിനിമകള്‍ തന്നെ . തിരക്കഥ മാത്രമല്ല ഒരു നല്ല സിനിമയ്ക്കു വേണ്ട ഒന്നും തന്നെ ഈ സിനിമക്ക് ഇല്ല . അടുത്ത സിനിമ മമ്മൂട്ടിയെ വെച്ചാണെന്ന് കേട്ടു. ചുവടു മാറ്റി പിടിച്ചില്ലേല്‍ ഇത് വരെ ഉണ്ടാക്കിയതൊക്കെ സംരക്ഷിക്കാന്‍ പാട് പെടേണ്ടി വരും .

    ReplyDelete
  18. എന്തായാലും സത്യന്‍റെ അയല്‍പക്കത്ത്‌ ഒന്നും ആരും അനാഥന്‍ ആയതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാന്‍ ഇടയകാതിരിക്കട്ടെ ഇടയാല്‍ തന്നെ ശ്രീ സത്യന്‍ ആ വിവരം അറിയാതിരിക്കട്ടെ എന്നൊരു പ്രാര്‍ഥന മാത്രമേ എനിക്കുള്ളൂ !!!


    ഹഹ..

    ReplyDelete
  19. താങ്കളെ ഞാൻ നമിച്ച്...!!!! 5 *
    ചിരിച്ച് ചിരിച്ച് തല വേദനിക്കുന്നു....!! :)))))
    അക്രമം......... പരാക്രമം..........!!:))

    ReplyDelete
  20. ഇങ്ങേര്‍ക്ക് തിരകഥക്കുള്ള സംസ്ഥാന അവാര്‍ഡ്‌ ഏതോ വര്ഷം കൊടുത്തപ്പോള്‍ തന്നെ എനിക്ക് തോന്നിയതാ ഇങ്ങേര്‍ ഇനി ഈ പണി സ്ഥിരമാക്കും എന്ന്.നമുക്കൊക്കെ ഇത്രയും കിട്ടിയാല്‍ പോരെടെ . :)))

    ReplyDelete
  21. കൊള്ളം സിനിമ കാണുന്നതിലുംരസം ഉണ്ട് .ഇത് വായിക്കാന്‍

    ReplyDelete
  22. -മലയാളികള്‍ക്ക് കുറെ നല്ല സിനിമകള്‍ തന്ന ഒരു പഴയ നല്ല നടന്‍റെ പുക മുഴുവന്‍ കണ്ടേ നിര്‍ത്താവൂ.അല്ലെങ്കില്‍ തന്നെ അദ്ദേഹത്തിന് സ്വയം ഇല്ലാത്ത ആത്മാര്‍ത്ഥത വേറെ ആര്‍ക്കു ഉണ്ടായിട്ടു എന്ത് കാര്യം- :-))))

    ReplyDelete
  23. ചിരിപ്പിച്ച് കൊല്ലും
    നിങ്ങളൊക്കെയാണ് ഈ പാവം സിനിമക്കാരെ തുലക്കുന്നത് :)

    ReplyDelete
  24. റിവ്യൂ നന്നായിട്ടുണ്ട് ... ഈയിടെ മലയാള ചിത്രങ്ങള്‍ അധികം കാണാത്തതിനാല്‍ ഇത് പോലെയുള്ള സംഗതികള്‍ സഹിക്കേണ്ടി വരുന്നില്ല .... രസകരമായി എഴുതി ... ആശംസകള്‍

    ReplyDelete
  25. സമാധാനം. ഈ റിവ്യൂ കണ്ടില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ആ പടം കാണാന്‍ ഞാനും പോയേനെ. എന്‍റെ 50 രൂപയും രണ്ടര മണിക്കൂറും ലാഭിക്കാന്‍ കാരണക്കാരനായ പ്രേക്ഷകന് നമോവാകം. :)

    ReplyDelete
  26. ഹ ഹ തകർത്തു....!!
    സത്യനന്തിക്കാടന്റെ കട പൂട്ടാറായെന്ന് തോന്നുന്നു :))

    ReplyDelete