Thursday, September 1, 2011

മങ്കാത്ത

അണ്ണാ ....

ങ്ങാ, നീ രാവിലെ തന്നെ ഇങ്ങു പോന്നോ? ഞാന്‍ കരുതി ഇനി കുറെ ദിവസത്തേക്ക് നിന്നെ ഈ ഏരിയയില്‍ കാണാന്‍ കിട്ടില്ല എന്ന് .

അണ്ണാ,കാര്യം പ്രണയത്തിന് ഞാന്‍ എഴുതിയ റിവ്യൂവിന്റെ പേരില്‍ എന്നെ വെട്ടാന്‍ ഓടിച്ചതാണെങ്കിലും,നിങ്ങള്‍ എനിക്ക് എന്‍റെ സ്വന്തം ജേഷ്ഠനെ പോലെ അല്ലെ ?

മാത്രമല്ല,പുതിയ വല്ല പടത്തിന്റെയും നിരൂപണവുമായി അല്ലാതെ കാളകൂടത്തിന്റെ പടി കടക്കരുത് എന്ന് മുതലാളി പറഞ്ഞും കാണും അല്ലെ ?

അക്കാര്യത്തില്‍ നിങ്ങളെ ഒരു തവണ എങ്കിലും ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഞാന്‍ മങ്കാത്ത നേരിട്ട് പോയി കാണാന്‍ ശ്രമിച്ചതാണ് അണ്ണാ .

സുപ്പര്‍ താരങ്ങളുടെ പടത്തിനു ഓസിനു ടിക്കറ്റ് കിട്ടുമ്പോലെ ഇതിന് കിട്ടാന്‍ വകുപ്പില്ല അല്ലെ ?

തന്നെ അണ്ണാ.ഒരു രണ്ടു തിയറ്ററിനുള്ള ആളുണ്ട് അവിടെ.അടുക്കാന്‍ പറ്റിയില്ല .

ഇങ്ങനെ ആള്‍ക്കൂട്ടം ഒരു മലയാള സിനിമക്ക് കാണാന്‍ കൊതിയാവുന്നില്ലേ ചെല്ലാ ?

അങ്ങനെ വല്ലതും കൊതിച്ചാല്‍ നമ്മുടെ കഞ്ഞിയില്‍ പാറ്റ വീഴില്ലേ അണ്ണാ.അതൊക്കെ പോട്ടെ.നിങ്ങള്‍ മങ്കാത്ത കണ്ടോ ?

കണ്ടഡേ

ഒരു ലോക്കല്‍ വിവരണം ഇങ്ങു തന്നാല്‍ ....

ഉം...ഡേ , പടത്തിന് കുറച്ചു നീളം കൂടുതലാണ് . രണ്ടേ മുക്കാല്‍ മണികൂര്‍ അടുപ്പിച്ചുണ്ട് സംഭവം .

അപ്പം പൊളി തന്നെ അല്ലേ ?

നീ പൊടിക്ക് അടങ്ങ്‌. ഞാന്‍ മുഴുവന്‍ പറയട്ടെ . ആവശ്യമില്ലാത്ത ഒരു രണ്ടു മൂന്നു പാട്ടുകളും , ഒന്നോ രണ്ടോ സീനുകളും ഒഴിവാക്കുകയോ , വെട്ടോ ചുരുക്കുകയോ ചെയ്തു രണ്ടര മണികൂര്‍ ആക്കിയിരുന്നെങ്കില്‍ , അടുത്ത കാലത്ത് കണ്ട കൊള്ളാവുന്ന ഒരു മസാല ത്രില്ലര്‍ എന്ന് മങ്കാത്തയെ വിളിക്കാം

ബില്ല പോലെ നല്ല സ്റ്റൈല്‍ ഒക്കെ ഉണ്ടോ അണ്ണാ ?

തോക്കിനകത്തു കേറി വെടി വെച്ചാല്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തും.ആദ്യം സിനിമയെ പറ്റി പറയാം.ചെന്നൈ 600028, സരോജ, ഗോവ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത വെങ്കട്ട് പ്രഭുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജ, ചിത്രം നിര്‍മിച്ചിരിക്കുന്നത് അല്‍പ്പകാലം മുന്‍പ് തമിഴ് സിനിമ ലോകം അടക്കി ഭരിച്ചിരുന്ന സണ്‍ ഗ്രൂപ്പ്‌ ആണ് . അഭിനേതാക്കള്‍ അജിത്ത്,അര്‍ജുന്‍,തൃഷ,ലക്ഷ്മി റായി,പ്രേംജി അമരന്‍ പിന്നെ പലരുടെയും പേര് എനിക്കറിയില്ല കഥാപാത്രങ്ങളുടെ പേര് ഉപയോഗിച്ച് നീ തടി തപ്പിക്കോ എന്താ ?

ശരി. ബാക്കി ..

പറയാം വിനായക് മഹാദേവന്‍ (അജിത്ത്)എന്ന സസ്പെന്‍ഷനില്‍ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്.(വിജയ്‌ ചിത്രങ്ങളില്‍ കാണുന്നത് പോലെയുള്ള ഒരു രംഗത്തിലൂടെയാണ്‌ നായകനെ ആദ്യം കാണിക്കുന്നത്).മുംബയില്‍ ഉള്ള ഇയാള്‍ അവിടുത്തെ ബെറ്റിംഗ് ലോബിയുമായി അടുത്ത ബന്ധം ഉള്ള അറുമുഖ ചെട്ടിയാര്‍ എന്നയാളിന്റെ മകളായ സഞ്ജനയും (തൃഷ)ആയി പ്രണയത്തിലാണ്.ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയെ തുടര്‍ന്ന് ബെറ്റിംഗ് ലോബിയെ ഒതുക്കാനായി പ്രിദ്ധ്വിരാജ് (അര്‍ജുന്‍)എന്ന ഉദ്യോഗസ്ഥന്റെ നേത്രുത്വത്തില്‍ ഒരു സംഘം രൂപീകരിക്കപ്പെടുന്നു. സഞ്ജന വഴി ചെട്ടിയാരെ പരിചയപ്പെടുകയും അയാളുടെ സിനിമാ തീയറ്റെറിന്‍റെ മറവില്‍ നടക്കുന്ന ചൂതാട്ട കേന്ദ്രം,മറ്റു ബിസ്നെസ്സുകള്‍ എന്നിവയെ പറ്റി കൂടുതല്‍ മനസിലാക്കുന്നു.ചെട്ടിയാരുടെ കൂടെ പ്രവര്‍ത്തിക്കുന്ന സുമന്ത്,ചെറുകിട ബാറുടമ മഹത്,സ്ഥലം പോലീസ് ഇന്‍സ്പെക്ടര്‍ ഗണേഷ് (അശ്വിന്‍),കമ്പ്യൂട്ടര്‍ വിദഗ്തന്‍ പ്രേം (പ്രേംജി അമരന്‍ ) എന്നിവരോടൊത്ത് വിനായക് ഐ പി എല്‍ ഫൈനലിന് ഉള്ള ബെറ്റിങ്ങിനു വേണ്ടി എത്തുന്ന 500 കോടി രൂപയുടെ ഡോളര്‍ മോഷ്ട്ടിക്കാന്‍ ഉള്ള ശ്രമത്തില്‍ പങ്കാളി ആകുന്നു.പ്ലാന്‍ വിജയകരമായി നടപ്പാക്കുന്ന അവര്‍ മോഷണ മുതല്‍ ഒരിടത് ഒളിച്ചു വെച്ചിട്ട് ബഹളം അടങ്ങാന്‍ കാത്തിരിക്കുന്നു .ചെട്ടിയാരുടെ സംഘവും പ്രിദ്ധ്വിരാജിന്‍റെ പോലീസ് സംഘവും ഇവരെ തിരയുന്നുണ്ട് .പിന്നീടു പണം ഒറ്റയ്ക്ക് കൈക്കലാക്കാന്‍ ഇവര്‍ നടത്തുന്ന കുതികാല്‍ വെട്ടുകളിലൂടെ കഥ പുരോഗമിക്കുന്നു.പ്രത്യകിച്ചും അവസാന ഇരുപതു മിനിട്ടുകള്‍ ട്വിസ്ട്ടിന്റെ എട്ടു കളിയാണ്‌.പിന്നെ പണം മോഷ്ട്ടിക്കുന്ന രംഗങ്ങള്‍ കുറച്ചു കൂടി പിരി മുറുക്കം സൃഷ്ട്ടിക്കുന്നത് ആക്കാമായിരുന്നു. എല്ലാം പ്ലാന്‍ പോലെ നടക്കുന്നത് ഇത്തരം ചിത്രങ്ങളില്‍ ബോര്‍ ആണ് എന്നാണ് എന്റെ വിശ്വാസം . ജെയിംസ് ഹാര്‍ഡിലി ചെയ്സ് കഥകള്‍ ഇതിനു മാതൃക അക്കാവുന്നവ ആയിരുന്നു.

അജിത്ത് അല്ലെ നായകന്‍? അപ്പോള്‍ അയാള്‍ക്ക് ഈ ചിത്രത്തില്‍ ഈ പണം അടിച്ചു മാറ്റാന്‍ എന്തെങ്കിലും കാരണം വേണമല്ലോ ? അമ്മയുടെ രോഗം,സൌജന്യ മെഡിക്കല്‍ കോളേജ് കെട്ടല്‍ അങ്ങനെ എന്തെങ്കിലും ?

ഈ ചിത്രത്തില്‍ എന്തൊക്കെ പാളിച്ചകള്‍ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സംഗതി അനാവശ്യമായ ന്യായീകരണങ്ങള്‍ കൊടുത്തിട്ടില്ല എന്നതാണ്.അജിത്തിന് കുറെ അധികം കാശുണ്ടാകുന്നത് ഇഷ്ടമാണ് എന്ന ലളിതമായ സംഗതിയാണ് ഇതിനു അയാളെ പ്രേരിപ്പിക്കുനത്.തൃഷയും ആയുള്ള നായകന്‍റെ പ്രേമ ബന്ധത്തില്‍ പോലും അങ്ങനെ ഒരു ഏച്ചു കെട്ടല്‍ ഇല്ല എന്നത് സന്തോഷകരമാണ്

അപ്പോള്‍ അജിത്ത് വില്ലനാണോ ?

ഈ കഥ കേട്ടിട്ട് നിനക്ക് എന്ത് തോന്നുന്നു? എന്തായാലും ഏച്ചു കെട്ടലായ ഒരു ന്യായീകരണം ഈ ചിത്രത്തില്‍ ഒരിടത്തും ഇല്ല. ലോജിക്കല്‍ അയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടു പോലും ഈ ഒരു സംഗതി എനിക്കീ ചിത്രത്തില്‍ നന്നായി തോന്നി.

അപ്പോള്‍ സംഗതി കിടിലം എന്ന് പറയാമോ?

കിടിലം ആക്കാമായിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി.ഒരു സൂപ്പര്‍ താരം തന്‍റെ ചിത്രത്തില്‍ വരുന്നത് കൊണ്ടാകണം സംവിധായകന്‍റെ ശ്രദ്ധ കഥയിലും കഥാപാത്രങ്ങളിലും പകരം നായകനില്‍ കേന്ദ്രീകരിക്കുന്നത് പോലെ തോന്നി.പക്ഷെ അജിത്ത് എന്ന താരത്തെ /നടനെ ഈ ചിത്രത്തിന് വേണ്ടി എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതില്‍ വലിയവരെന്നു പറയുന്ന നമ്മുടെ പല സംവിധയകരെകാളും മൂന്നാമത്തെയോ നാലാമത്തെയോ ചിത്രം എടുക്കുന്ന ഈ യുവ സംവിധായകന്‍ ഭേദം ആണെന്ന് പറയാതെ വയ്യ.
സംഗീതത്തില്‍ ഉള്ള താല്പര്യം ആകണം ഈ ചിത്രത്തില്‍ പോലും പാട്ടുകള്‍ തിരുകി കയറ്റാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.നല്ലൊരു എഡിറ്റര്‍ ഉണ്ടായിരുന്നെകില്‍ മുന്‍പ് പറഞ്ഞ പോലെ പാട്ടുകള്‍ ഒഴിവാക്കി,ഒരു പക്ഷെ പല രംഗങ്ങളുടെയും ദൈര്‍ഖ്യം കുറച്ചു ഒരു മികച്ച ത്രില്ലര്‍ ആക്കാമായിരുന്നു ഈ ചിത്രം.പലയിടത്തും രക്ഷപെടാന്‍ ശ്രമിക്കുന്ന നായകനും കൂട്ടരും അവിടെയെത്തി വെടി വെപ്പ് തുടങ്ങുന്ന ചെട്ടിയാരുടെ ഗുണ്ടകള്‍ പുറകെ എത്തി വെടി വെപ്പില്‍ പങ്കു ചേരുന്ന പ്രിഥ്വിരാജിന്‍റെ പോലീസ് സംഘം എന്ന പാറ്റെണ്‍ ആവര്‍ത്തിക്കപ്പെടുന്നത് ഒഴിവാക്കാമായിരുന്നു .പ്രിഥ്വിരാജും വിനായക്മായുള്ള ഫോണ്‍ സംഭാഷണം രസകരമായി തോന്നി.കഥ കേള്‍ക്കുമ്പോള്‍ ബെറ്റിംഗ് മാഫിയ ഇതില്‍ ഒരു സുപ്രധാന സ്ഥാനത്തു ഉണ്ട് എന്ന് തോന്നും എങ്കിലും ആ പ്രതീതി ചിത്രത്തില്‍ ഒരിടത്തും വരുന്നില്ല

ശരി അപ്പോള്‍ അഭിനയമോ?

അജിത്ത് തന്‍റെ കഴിഞ്ഞ രണ്ടു മൂന്ന് ചിത്രങ്ങളിലെ ഉറക്കം തൂങ്ങി പ്രകടനം പാടെ ഒഴിവാക്കിയിട്ടുണ്ട് ഈ ചിത്രത്തില്‍. അദേഹത്തിന്റെ ആരാധകര്‍ക്ക് അതോരഘോഷം ആക്കാനുള്ള ചേരുവകള്‍ സംവിധായകന്‍ അദേഹത്തിന്റെ രീതിയില്‍ ചേര്‍ത്തിട്ടുണ്ട്.അര്‍ജുന്‍ തന്‍റെ റോള്‍ ഭംഗിയാക്കി.അജിത്തിന് തടിയും അര്‍ജുനു പ്രായവും ഒരല്‍പം കൂടുതല്‍ തോന്നുന്നില്ലേ എന്നൊരു സംശയം മാത്രം ബാക്കി.എന്ന് കരുതി ആക്ഷന്‍ രംഗങ്ങളില്‍ അതൊരു പ്രശ്നം ആകുന്നില്ല രണ്ടാള്‍ക്കും.അജിത്ത് എന്ന സുമുഖനായ നടന്‍ ക്ലീന്‍ ഷേവ് ചെയ്തു യുണിഫോര്‍മില്‍ കാണിക്കുമ്പോള്‍ പരമ ബോറാണ് എന്ന് കൂടി പറഞ്ഞോട്ടെ.നായികമാര്‍ ഈ ചിത്രത്തില്‍ തികച്ചും അനാവശ്യമാണ്.ഇതും പാട്ട് പോലെ വെങ്കട്ട് പ്രഭുവിന് ഈ ചിത്രത്തില്‍ ഒഴിവാക്കാവുന്ന ഒന്നാണ്.വിളയാട് മങ്കാത്ത എന്ന ഗാനം നന്നായി ചിത്രീകരിച്ചിട്ടുണ്ട് .കാണികളെ ഇളക്കി മറിക്കാന്‍ ഉദ്ദേശിചിട്ടുള്ളതാണ് സംഗതി.

ഇപ്പോളാണ് ഓര്‍ത്തത്‌ അജിത്തിന്‍റെ പേരായിരിക്കും ഈ മങ്കാത്ത എന്നാണ് ഞാന്‍ കരുതിയത്‌.എന്താ ഈ വാക്കിന്റെ അര്‍ഥം ?

അനിയാ എനിക്ക് മനസിലായത് ഇതു ഏതാണ്ട് പന്നി മലര്‍ത്തു പോലെയുള്ള ചൂത് കളിയുടെ വിഭാഗത്തില്‍ പെടുന്ന ഒരു ചീട്ടു കളിയാണ്‌ എന്നാണ്.

അപ്പൊ പടം എങ്ങനെയുണ്ട് എന്ന് എഴുതണം അണ്ണാ? . ദൈവതിരുമകള്‍ക്ക് ഞാന്‍ എഴുതിയത് പോലെ വിക്രം തകര്‍ത്തു. കഥാപാത്രം യാഥാര്‍ത്ഥ്യത്തിന്റെ തപോഭൂവില്‍ നിന്നും എത്രത്തോളം മാറി നില്‍ക്കുന്നോ അത്രത്തോളം അഭിനയത്തില്‍ വിക്രം പോക്രിത്തരം കാണിച്ചിട്ടുണ്ട് എന്ന് പറയാം .ആ ഒരു ലൈന്‍ പോരെ ഇതിനും ?

ഡേ ,നീ ഈ എഴുതി വെയ്ക്കുന്നതിന്റെ അര്‍ത്ഥം മിനിമം നിനക്കെങ്കിലും മനസിലാവാറുണ്ടോ ?

ഇല്ല അണ്ണാ

നിന്‍റെ ആ വിനയം. അതാണ്‌ പോയന്റ് . ഡേ , മങ്കാത്തയെ നീ അങ്ങനെ കൊല്ലണ്ടാ . അനാവശ്യമായ പാട്ടുകള്‍ , ഒന്ന് രണ്ടു സീനുകള്‍ എന്നിവ കൊണ്ട് പടത്തിന് ഒരല്‍പ്പം നീളം കൂടുതലാണ്. പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ ചിന്ന പ്രശ്നങ്ങളും . ഇതൊക്കെയാണെങ്കിലും ഒരു മസാല എന്റര്‍ടെയ്നര്‍ എന്ന നിലയ്ക്ക് മങ്കാത്ത ബോറടിപ്പിക്കില്ല . തിയറ്ററില്‍ പോയി ഒരു തവണ കാണാം . ഒന്ന് കൂടി ട്രിം ആക്കി എടുത്തിരുന്നെങ്കില്‍ ഡി വി ഡി വാങ്ങി വെച്ച് വീണ്ടും വീണ്ടും കാണാവുന്ന ഒരു മികച്ച ത്രില്ലര്‍ ആയേനെ പടം

3 comments:

  1. Just watched the movie yesterday. Went with lot of expectations. But got bore while watching movie. Looks like premji is the hero. Ventat prabhu prooves he doesnt know the screen play. Editing is below average.

    ReplyDelete
  2. ഇടക്കൊന്നും ഒന്നും മനസ്സിലാകാതെ പോകുന്നു ഈ പടം

    ReplyDelete