അനിയാ.....
നിങ്ങള്‍ എത്തിയോ?എത്തിയിട്ട് ഒന്ന് വിളിക്ക പോലും ചെയ്തില്ലല്ലോ.എപ്പോള്‍ എങ്ങോട്ടാ? വല്ല സിനിമക്കും ആയിരിക്കും അല്ലെ? ഇവിടിപ്പോള്‍ അന്യ ഭാഷാ ചിത്രങ്ങളുടെ ബഹളം അല്ലെ...എതിനാ?
അനിയാ ഈ വീട്ടിലേക്കുള്ള വഴി ....................
ദൈവമേ .. ഒരാഴ്ച മാറി നിന്നപ്പോളെ സ്വന്തം വീട്ടിലേക്കുള്ള വഴി ഓര്‍മയില്ലേ?. എനിക്കപ്പോഴേ തോന്നി ഇങ്ങനെ തുടര്‍ച്ചയായി മലയാള സിനിമ കണ്ടാല്‍ എന്തേലും ഒക്കെ സംഭവിക്കും എന്ന്.പിന്നെ സംഗതി എന്‍റെ ചോറിന്റെ കാര്യം കൂടി ആയതു കൊണ്ട് ഞാന്‍ മിണ്ടിയില്ല എന്നെ ഉള്ളു.
എടാ നീ അടക്കമുള്ള മലയാളി നാറികള്‍ (സിനിമ പ്രേമികള്‍ എന്ന് വായിച്ചോ) നല്ല സിനിമ മരിച്ചു എന്നും പറഞ്ഞു ഇരുപത്തി നാലു മണിക്കൂറും മുതലകണ്ണീര്‍ ആണ്.ടി പി ദാസന് വേണ്ടി എഴുതി തകര്‍ത്ത പകുതി എങ്കിലും മലയാളി മാന്യന്മാര്‍ ആ സിനിമ കാശു കൊടുത്തു സിനിമാശാലയില്‍ പോയി കണ്ടിരുന്നെങ്കില്‍ ആ ചിത്രമൊക്കെ രക്ഷപ്പെട്ടേനെ.എന്നിട്ട് കണ്ടവനോക്കെ വോട്ടെടുപ്പ് നടത്തിയാല്‍ മികച്ച ചിത്രം ടി പി ദാസന്‍ (ഒരു കോടി ഇരുപത്തി അഞ്ചു ലക്ഷം വോട്ട് !!!!) . പോട്ടെ പരസ്യം ഇല്ലെങ്കില്‍ ഇവനൊന്നും നല്ല ചിത്രം ഉണ്ടാക്കില്ല എന്നിരിക്കട്ടെ.ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രമോ? ദേശീയ പുരസ്‌കാരം പോലും നേടിയ ആ ചിത്രം എത്ര മലയാളികള്‍ സിനിമാശാലയില്‍ പോയി കണ്ടു? ശരി അതിനു താര മൂല്യം ഇല്ലാത്തത് കൊണ്ടാണ് എന്ന് പറഞ്ഞാല്‍ കഴിഞ്ഞ ആഴ്ച ഇറങ്ങിയ വീട്ടിലേക്കുള്ള വഴി എന്ന ചിത്രമോ ...
അങ്ങനെ ഒരു പടം ഇറങ്ങിയോ? എപ്പോള്‍? ആരാ അതിന്‍റെ ആള്‍ക്കാര്‍?
അനിയാ സൈറ എന്നാ ചിത്രം എടുത്ത ഡോ.ബിജു ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.അഭിനയിക്കുന്നത് പ്രിത്വിരാജ് , ഇന്ദ്രജിത്ത്,മാസ്റ്റര്‍ ഗോവര്‍ദ്ധന്‍,ധന്യ മേരി വര്‍ഗീസ്,ലക്ഷ്മി പ്രിയ തുടങ്ങിയവരാണ് .
ഓ ..മനസിലായി ലവന്‍ അഭിനയിച്ച ആര്‍ട്ട് പടം .... ഇതിനു നിരൂവണം ചെയ്യാന്‍ എന്നികരുടെയും സഹായം വേണ്ട . പടം വലിയുന്നു,ഇഴയുന്നു,കാണികളില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല (പടം കണ്ടാലല്ലേ വല്ല വികാരവും ഉണ്ടാകു!) . പ്രിത്വിരാജ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിമ്മിഷ്ട്ടപ്പെടുന്നു,കഥാപാത്രം പ്രിത്വിരാജ്ന്‍റെ ഉള്ളിലിരുന്നു വീര്‍പ്പു മുട്ടുന്നു , നിലവിളിക്കുന്നു,പൊട്ടിക്കരയുന്നു.സംവിധായകനെ പത്തു തരവഴി കൂടെ പറഞ്ഞാല്‍ പൂര്‍ത്തിയായി.ഇതല്ലേ അണ്ണാ ഉദാത്തമായ നിരൂപണം?
തന്നെടെ തന്നെ . ഈ പടം വേറെ ആരു കണ്ടില്ല എങ്കിലും മലയാള സംവിധായകന്‍ ശ്രീ ബ്ലെസി കണ്ടിരുന്നെങ്കില്‍ എന്ന് എനിക്ക് ആഗ്രഹം ഉണ്ട്.അദേഹം അവസാനമായി എടുത്ത,ഭ്രമരം എന്ന ചിത്രം ഇറങ്ങുന്നതിനു മുന്‍പ് അദേഹം പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഇവയാണ് .
1.മലയാളത്തില്‍ ആദ്യമായി നായക കഥാപാത്രത്തിന്‍റെ പേര് പറയാത്ത ചിത്രം (ആ പറഞ്ഞത് തെറ്റാണു.വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന കാന്തവലയം എന്ന സിനിമയില്‍ ജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഒരിടത്തും പറയുന്നില്ല )
2.മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി .
മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും ഒരു അവകാശ വാദങ്ങളും ഇല്ലാതെ മര്യാദക്ക് എടുക്കുന്നത് എങ്ങനെ ആണ് എന്ന് ഈ ചിത്രം കണ്ടാല്‍ അദേഹത്തിന് മനസ്സില്‍ ആയേക്കും.
അണ്ണാ നിങ്ങള്‍ ഇങ്ങനെ കാടു കേറാതെ കഥയെ പറ്റി പറയാമോ .
ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു മലയാളി ഡോക്ടര്‍ (പ്രിത്വിരാജ്),അയാളുടെ ചികിത്സയില്‍ കഴിയുന്ന,തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തു,പരിക്ക് പറ്റി മരിക്കാറായ (മരിക്കുന്ന) തീവ്രവാദി വനിത (ലക്ഷ്മി പ്രിയ ).അവരുടെ അപേക്ഷ അനുസരിച്ച് അവരുടെ കുട്ടിയെ അവന്‍റെ അച്ഛന്റെ അടുത്ത് എത്തിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു ഡോക്ടര്‍.കുട്ടിയുടെ അച്ഛന്‍ ഇന്ത്യന്‍ജിഹാദ് എന്ന തീവ്രവാദസംഘടനയുടെ തലവനായ താരിഖ് എന്ന ഭാരത സര്‍ക്കാര്‍ തേടുന്ന ഒരാളാണ്.ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തി അവിടെ നിന്നും കുട്ടിയുമായി രാജസ്ഥാന്‍,ലഡാക്ക് എന്നീ സ്ഥലങ്ങളിലൂടെ നീളുന്ന യാത്രയിലൂടെ കഥ പുരോഗമിക്കുന്നു.ഈ ഡോക്റെരുടെ പണ്ട് കുടുംബം (ഭാര്യയും കുട്ടിയും )കൊല്ലപ്പെട്ടത് ഇതേ താരിഖ് ആസൂത്രണം ചെയ്ത ഒരു ബോംബ് സ്ഫോടനത്തിലൂടെയാണ്.
മനസിലായി .. അപ്പോള്‍ നമ്മുടെ ഡോക്റെരുടെ ലക്‌ഷ്യം ഈ കുട്ടിയെ ഉപയോഗിച്ച് തീവ്രവാദി നേതാവിനെ കണ്ടെത്തി സ്വന്തം കുടുംബത്തെ കൊന്നതിനു പകരം ചോദിക്കുക എന്നതാണ് അല്ലെ ?
ആയിരുന്നേനെ.ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നത് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ആയിരുന്നെകില്‍.ഇവിടെ അതല്ല സംഭവിക്കുന്നത്.അതൊക്കെ നീ നേരില്‍ പോയി കണ്ടാല്‍ മതി.പിന്നെ ഒരു യാത്ര ചിത്രം അഥവാ റോഡ് മൂവി എന്നാല്‍, നിന്ന് മൂത്രം ഒഴിക്കുന്ന സൂപ്പര്‍താര നായകന്‍റെ അടുത്ത് ഇരുന്നു മുകളിലേക്ക് നോക്കി ഹോ ഉഗ്രന്‍ ..എന്ന് പറയുന്നതല്ല എന്ന് ഒരു മലയാളിക്ക് മനസിലാക്കി കൊടുക്കാന്‍ കുറഞ്ഞ പക്ഷം ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാലും സ്വന്തം കുടുംബത്തെ നശിപ്പിച്ച ഒരാളിന്‍റെ കുട്ടിയെ അയാളെ ഏല്‍പ്പിക്കാന്‍ പാട് പെടുന്നു എന്നൊക്കെ പറഞ്ഞാല്‍ .....
അനിയാ,നമ്മള്‍ ജീവിക്കുന്ന ഈ ലോകത്ത് നന്മ വളരെ കുറവാണു എന്നത് സമ്മതിക്കുന്നു എന്ന് വെച്ചിട്ട് ലോകത്ത് ആര്‍ക്കെങ്കിലും നന്മ ഉണ്ടായി പോയാല്‍ അത് അവിശ്വസിനീയം എന്ന് പറയുന്നത് കഷ്ടമല്ലേ? പിന്നെ നായകന്‍ എന്തിനായി ഇതു ചെയുന്നു എന്ന് ഒരു ഘട്ടത്തില്‍ വ്യക്തമായി അയാള്‍ പറയുന്നുമുണ്ട്.
എന്നാല് ആ ബാലതാരവും നായകനും തമ്മിലുള്ള ആത്മ ബന്ധം ..... പിന്നെ ആ പയ്യന്‍ പരമ ബോര്‍ ആയി എന്നൊക്കെ ആണല്ലോ വലിയ സാറന്മാര്‍ പറയുന്നേ ..
എടേ ഈ സിനിമയുടെ ഉദേശം അഥവാ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് യാത്രക്കിടയില്‍ രൂപപ്പെടുന്ന പയ്യനും ഡോക്റെരും ആയുള്ള ആത്മ ബന്ധത്തെ പറ്റി ആണെന്ന് എനിക്ക് തോന്നിയില്ല.അങ്ങനെ ഉണ്ടയിക്കോണം എന്ന് വാശി പിടിക്കുന്നിടതാണ് നൂറു വട്ടം കണ്ട ചിത്രങ്ങളുടെ തനിയാവര്‍ത്തനം ഉണ്ടാകുന്നതു.പിന്നെ ആ ബാല താരം.. കാഴ്ച എന്ന ചിത്രത്തിലെ ബാല താരം എത്ര നന്നായോ അത്രയും തന്നെ നന്നായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.
ശരി ബാല താരത്തെ വിടാം.ബാക്കിയുള്ളവര്‍ പ്രത്യേകിച്ച് പ്രിത്വിരാജ് പരമ ബോര്‍ ആയിട്ടുണ്ടാകുമല്ലോ അല്ലേ?
ഈ സിനിമയില്‍ ഔട്ട് ഓഫ് പ്ലേസ് എന്ന് ഒരു കഥാപാത്രത്തെ പോലും എനിക്ക് തോന്നിയില്ല. പ്രിത്വിരാജിനു മറ്റൊരു നല്ല സിനിമയുടെ ഭാഗം ആയതില്‍ അഭിമാനിക്കാം.
ഇന്ദ്രജിത്തും ബാക്കി നടീ നടന്മാരും (പലരുടെയും പേര് അറിയില്ല ) അവരവരുടെ വേഷം ഭംഗിയാക്കി .എന്ന് കരുതി ഈ ചിത്രത്തില്‍ കുറവുകള്‍ ഇല്ല എന്നല്ല.നന്നാക്കാം ആയിരുന്ന കുറച്ചു സംഗതികള്‍ ഈ ചിത്രത്തില്‍ എനിക്ക് തോന്നിയത് പ്രധാനമായും ഈ യാത്രയില്‍ വഴി മുട്ടി നില്‍ക്കുന്ന (ഇനി എങ്ങോട്ട് പോകണം എന്നറിയാതെ ആകുന്ന) അവസ്ഥ ഒരിടത്തും നായകന് നേരിടേണ്ടി വരുന്നില്ല. എനിക്ക് തോന്നിയ മറ്റൊരു നല്ല കാര്യം കുറെ കാര്യങ്ങള്‍ സംവിധായകന്‍ നമുക്ക് വിട്ടു തരുന്നു എന്നതാണ്.അവസാനം വിശാലമായ ഒരു താഴ്വരത്തിലൂടെ പന്ത് തട്ടി നടന്നു നടന്നു ഒരു പൊട്ടു പോലെയാകുന്ന കഥാപാത്രങ്ങളെ , അവര്‍ക്കെന്തു സംഭവിക്കും എന്ന് ചിന്തിപ്പിക്കാന്‍ കാണികളെ തോന്നിപ്പിക്കുന്നത്,നാളെ ഇവനും അച്ഛനെ പോലെ ഒരു തീവ്രവാദി ആയാലോ എന്ന ചോദ്യം ഇവിടെയൊക്കെ സംവിധായകന്‍ ഉത്തരം നമ്മുടെ ചിന്തക്ക് വിട്ടുതരുന്നു.
എന്തായാലും കൃത്യമായ ഉത്തരങ്ങള്‍ ഇല്ലാത്തത് ഈ ചിത്രത്തിന്‍റെ പരാജയം തന്നെ അല്ലേ.
നാട്ടിലെത്തുന്ന ഡോക്റ്ററെ തീവ്രവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു,തീവ്രവാദിയെ പിടികൂടി എന്ന പത്രവാര്‍ത്തയുടെ ക്ലോസ് അപ്പില്‍ സിനിമ നിര്‍ത്തിയെങ്കില്‍ നിനക്ക് സമാധാനം ആകുമായിരുന്നോ? അതോ ആ പത്ര വാര്‍ത്തയില്‍ ഡോക്റ്റര്‍ നു ഒരു മുസ്ലിം പേരും കൊടുത്തു,ഈ നാട്ടില്‍ ഒരു മുസ്ലിം നല്ലത് ചെയ്താലും അവനു തീവ്രവാദി എന്നാണ് പേര് എന്ന മഹത്തായ സന്ദേശം കൂടി കൊടുത്തു വര്‍ഗീയ വിഷം കുത്തി വൈക്കണോ ?
അല്ല .. അങ്ങനെയല്ല
എടാ, ഈ ചിത്രത്തിലും ആദമിന്‍റെ മകന്‍ അബുവിലും ഒക്കെ വളരെ പോസിറ്റീവ് ആയ ഒരു സന്ദേശം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സന്ദേശം എന്നതില്‍ ഉപരി ഈ ചിത്രങ്ങളിലെ നന്‍മ കാണുമ്പോള്‍ എവിടെയെങ്കിലും ഒക്കെ നന്മയും സ്നേഹവും ഒക്കെ കാണും എന്നൊരു നേരിയ പ്രത്യാശ ഉളവാക്കുന്ന സന്തോഷം ഏതൊക്കെ ആവാം എനിക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ കാരണം.
ഇനി മറ്റു കാര്യങ്ങള്‍ ആണ് അറിയേണ്ടത് എങ്കില്‍ എഡിറ്റിംഗ് നന്നായിട്ടുണ്ട് .ഒട്ടും ഇഴച്ചില്‍ തോന്നാത്ത രീതില്‍ ചിത്രം ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്.ക്യാമറ (സംഗതി ഞാനൊരു ഫോട്ടോഗ്രാഫി വിദഗ്തന്‍ ഒന്നുമല്ലെകില്‍ കൂടി) വളരെ നന്നായിട്ടുണ്ട് .ഗാനങ്ങള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മാന്യമായി ഒതുങ്ങി നില്‍ക്കുന്നു.ഇങ്ങനത്തെ ചിത്രങ്ങള്‍ ഒക്കെ സലിം കുമാറിന്‍റെയും പ്രിത്വിരാജ് ന്‍റെയും ഒക്കെ ഔദാര്യം കൊണ്ട് വെളിച്ചം കാണേണ്ടി വരുന്നു എന്നത് ശരിക്കും പറഞ്ഞാല്‍ മലയാള സിനിമക്ക് അഭിമാനിക്കവുന്നതാണോ എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതാണ്.
എന്നാലും നായകനെയും കുട്ടിയേയും ഒരു സ്ഥലത്ത് എത്തിച്ചിട്ട് തരിഖ്‌നു അവിടെയെത്തി ഇവരെ കണ്ടാല്‍ പോരെ എന്ന് ചോദിച്ചാലോ ?
ചോദിക്കാമല്ലോ പക്ഷെ അങ്ങനെ ചോദിക്കുന്നവര്‍.ശിക്കാര്‍ എന്ന സിനിമയില്‍ വിപ്ലവകാരിയുടെ ഭാര്യ ഭര്‍ത്താവിന്റെ മരണശേഷം നായകന്‍റെ വീട്ടില്‍ എത്തി,നേരെ മുന്‍പില്‍ നിന്ന്,അയാളെ മകനെ കാണിച്ചു കൊടുത്തു പ്രതികാരം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ട് അവിടെ വെച്ച് തന്നെ സ്വയം വെടി വെച്ച് ആത്മഹത്യ ചെയുന്നതിന് പകരം ആ തോക്ക് കൊണ്ട് നായകനെ കാച്ചിയാല്‍ പോരായിരുന്നോ എന്ന് ചോദിക്കാത്തത് എന്ത് കൊണ്ട് എന്ന് കൂടി പറഞ്ഞാല്‍ ഉപകാരം
അപ്പോള്‍ ചുരുക്കത്തില്‍ .....
ഇത്രയും പറഞ്ഞിട്ട് നിനക്ക് ഒന്നും മനസിലായില്ല എങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല.പോടാ പോ.ഒരു നാള്‍ വരും കാത്തിരിക്ക വരുന്നുണ്ടല്ലോ തേജാ ഭായ്,കാസനോവ,മരുമകന്‍,വെനീസിലെ അപ്പുപ്പന്‍ .......
മലയാളി മാന്യന്മാര്‍ ആ സിനിമ കാശു കൊടുത്തു സിനിമാശാലയില്‍ പോയി കണ്ടിരുന്നെങ്കില്‍ ആ ചിത്രമൊക്കെ രക്ഷപ്പെട്ടേനെ....
ReplyDeleteനല്ല വിവരണം....
ഈ പടത്തില്‍ ഇംഗ്ലീഷ് ആണൊ പൃഥ്വി പരയുന്നത്? അതുകൊണ്ടാണോ മന്ദബുദ്ധിയായ അവന്‍റെ ഭാര്യ അവനു മാത്രമേ ഇംഗ്ലീഷ് അറിയുള്ളൂ എന്ന് പറഞ്ഞത്?
ഡല്‍ഹീന്ന് കേരളത്തിലേക്ക് വന്ന് പിന്നെ രാജസ്ഥാന്‍ വഴി എന്തിന് ലഡാക്കിലേക്ക് പോയി?
ReplyDeleteപിന്നെ പൃഥ്വിരാജ് കഥാപാത്രത്തില്‍ വീര്‍പ്പുമുട്ടുന്ന കാര്യം അത് ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി
ഈ പോസ്റ്റില്‍ മുഴുവന്‍ അങ്ങോരെ പറയുന്നത് പോലെ ഫീലി...
അതോ ഇതും സാള്‍ട്ട് & പെപ്പറിലെ സംവിധായകനുമായി ഉള്ള യാദൃശ്ചികമായ സാമ്യം മാത്രമാണോ? ങേ?
"മന്ദബുദ്ധിയായ അവന്‍റെ ഭാര്യ"
ReplyDeletePathetic..